ആരാധനക്രമ സംവാദങ്ങളില്‍ അനുരഞ്ജനം സാധ്യമാണോ?

ബെനഡിക്ട് പതിനാറാമന്‍ പാപ്പ നല്കുന്ന സൂചനകള്‍
ആരാധനക്രമ സംവാദങ്ങളില്‍ അനുരഞ്ജനം സാധ്യമാണോ?
ദൈവത്തിനു പ്രമുഖസ്ഥാനം നഷ്ട മാകുന്നതും ദൈവാനുഭവം അന്യവുമായ ആരാധനക്രമ ആഘോഷ ങ്ങള്‍ ആത്മാവില്ലാത്ത ശരീരം പോലെയാണ് എന്നും മാര്‍പാപ്പ പഠിപ്പിക്കുന്നു. അജപാലനനേട്ടങ്ങള്‍ മുന്നില്‍ നിറു ത്തുകയും ദൈവത്തിന് മുന്‍തൂക്കം കൊടുക്കുകയും ചെയ്തുകൊണ്ട് ദൈവാനുഭവത്തിലേക്കു നയിക്കുന്ന തായിരിക്കണം യഥാര്‍ത്ഥ ആരാധന ക്രമം.

ദിവംഗതനായ ബെനഡിക്ട് പതിനാറാമന്‍ പാപ്പ കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍ അദ്ദേഹത്തിന്റെ ആരാധനക്രമ സംബന്ധമായ ഗ്രന്ഥങ്ങളും, പ്രബോധനങ്ങളും കാലാതിവര്‍ത്തിയായി നില കൊള്ളുമെന്നത് തീര്‍ച്ചയാണ്. അവയെല്ലാം ക്രൈസ്തവസഭയ്ക്ക് ആരാധനക്രമ വിഷയങ്ങളിലെ വഴി വിളക്കായി എന്നും പ്രശോഭിക്കും.

ജര്‍മ്മനിയിലെ ബവേറിയയില്‍ ബാറോക് ശില്പചാരുതയില്‍ തീര്‍ത്ത 'സ്വര്‍ഗം ഭൂമിയിലിറങ്ങി വന്നതോ' എന്നു തോന്നിപ്പിക്കുന്ന വിധം കണ്ണഞ്ചിപ്പിക്കുന്ന ദൈവാലയങ്ങളിലെ പഴമയുടെയും പാരമ്പര്യത്തിന്റെയും സമ്പുഷ്ടമായ ആരാധനക്രമ ആഘോഷങ്ങളില്‍ ബാലനായിരിക്കുമ്പോള്‍തന്നെ ആകൃഷ്ടനായിരുന്നുവെന്ന് മാര്‍പാപ്പ പലപ്പോഴും ഏറ്റുപറഞ്ഞിട്ടുണ്ട്. ഗ്രിഗോറിയന്‍ സംഗീതത്തിന്റെ മാസ്മരികമായ താളലയങ്ങളുടെ അകമ്പടിയോടെയുള്ള വി. കുര്‍ബാനയും മറ്റു ആഘോഷങ്ങളും ഓരോ കാലത്തിനും തിരുനാളിനും അനുസരിച്ചുള്ള വര്‍ണ്ണാഭമായ തിരുവസ്ത്രങ്ങളും പ്രദക്ഷിണങ്ങളും ആത്മീയാനുഭവം പകര്‍ന്ന ദൈവിക നിമിഷങ്ങളായിരുന്നുവെന്നു പാപ്പ അയവിറക്കാറുണ്ട്. ഈ സ്വാധീനങ്ങളെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം തെളിഞ്ഞു നില്ക്കുന്നതായി കാണാം.

ആരാധനക്രമത്തെ പ്രണയിച്ച പാപ്പ

വി. കുര്‍ബാനയെ ഹൃദയംകൊണ്ട് സ്‌നേഹിച്ച പാപ്പയാണ് ബെനഡിക്ട് പതിനാറാമന്‍. ആരാധന ക്രമത്തെ പ്രണയിച്ച അതിബുദ്ധിമാനായ ദൈവശാസ്ത്ര പണ്ഡിതന്‍ എന്നറിയപ്പെടുന്ന ജോസഫ് റാറ്റ്‌സിംഗര്‍ എന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പ ആരാധന ക്രമ വിഷയങ്ങള്‍ക്കാണ് തന്റെ പ്ര ഭാഷണങ്ങളിലും പ്രബോധനങ്ങളിലും എഴുത്തുകളിലും ഗ്രന്ഥങ്ങളിലും മുഖ്യസ്ഥാനം നല്കിയിട്ടുള്ളത്. ആരാധനക്രമത്തിന്റെ ആത്മീയചൈതന്യത്തെ ആഴത്തില്‍ അറിയുവാനും അനുഭവിക്കുവാനും തപശ്ചര്യയോടെ ഉപാസിച്ച ആരാധനക്രമ താത്വികാചാര്യനാണ് ഈ പാപ്പ. ദൈവശാസ്ത്ര വിശ കലനത്തിന്റെ കൂര്‍മ്മബുദ്ധിയില്‍ ആരാധനക്രമ വിഷയങ്ങളെ ഹൃദയത്തിന്റെ ഭാഷയിലൂടെ സംവദിക്കാനും അവതരിപ്പിക്കാനും മാര്‍ പാപ്പ അതീവശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. ബുദ്ധിയുടെ തലത്തില്‍മാത്രം അവലോകനം ചെയ്ത് തീരുമാനങ്ങള്‍ എടുക്കേണ്ട വിഷയമല്ല ആരാധനക്രമം. അജപാലനനേട്ടങ്ങള്‍ മുന്നില്‍ നിറുത്തുകയും ദൈവത്തിന് മുന്‍തൂക്കം കൊടുക്കുകയും ചെയ്തുകൊണ്ട് ദൈവാനുഭവത്തിലേക്കു നയിക്കുന്നതായിരിക്കണം യഥാര്‍ത്ഥ ആരാധനക്രമം. ദൈവത്തിനു പ്രമുഖസ്ഥാനം നഷ്ടമാകുന്നതും ദൈവാനുഭവം അന്യവുമായ ആരാധനക്രമ ആഘോഷങ്ങള്‍ ആത്മാവില്ലാത്ത ശരീരം പോലെയാണ് എന്നും മാര്‍പാപ്പ പഠിപ്പിക്കുന്നു.

ആരാധനക്രമത്തിന്റെ ചൈതന്യം

ജോസഫ് കര്‍ദിനാള്‍ റാറ്റ്‌സിംഗര്‍ 2000-ല്‍ രചിച്ച 'ആരാധനക്രമത്തിന്റെ ചൈതന്യം' അതിപ്രൗഢമായ ഗ്രന്ഥമാണ്. ഈ പുസ്തക രചനയില്‍ അദ്ദേഹത്തെ ശക്തമായി സ്വാധീനിച്ചത് റൊമാനൊ ഗ്വാര്‍ദിനി എന്ന വൈദികന്‍ 1918-ല്‍ ജര്‍മ്മന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ച 'ആരാധനക്രമ ചൈതന്യം' എന്ന ഗ്രന്ഥമാണ്. അതുകൊണ്ടുതന്നെയാണ് കര്‍ദിനാള്‍ റാറ്റ്‌സിംഗര്‍, ഗ്വാര്‍ദിനിയുടെ പുസ്തകത്തിന്റെ പേരു തന്നെ സ്വീകരിച്ചത്. വി. കുര്‍ബാനയുടെ ആനന്ദത്തെക്കുറിച്ചും അത് വ്യക്തിപരമായ അനുഷ്ഠാനമല്ല സഭാസമൂഹത്തിന്റെ മുഴുവന്‍ അനുഷ്ഠാനമാണെന്നും ഉദ്‌ബോധിപ്പിച്ച ഗ്വാര്‍ദിനിയുടെ ഗ്രന്ഥം പത്തൊന്‍പതാം നൂറ്റാണ്ടില്‍ ആരംഭിച്ച ലിറ്റര്‍ജിക്കല്‍ മൂവ്‌മെന്റിനു വലിയ ഊര്‍ജം പകര്‍ന്നു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷമുളള ആരാധനക്രമ നവീകരണങ്ങളില്‍ പലതും കൗണ്‍സിലിന്റെ യഥാര്‍ത്ഥ ദര്‍ശനങ്ങളില്‍നിന്നും അകലെയാണെന്ന് കര്‍ദിനാള്‍ റാറ്റ്‌സിംഗര്‍ പരിതപിച്ചു. ദൈവശാസ്ത്ര പണ്ഡിതന്‍ എന്ന നിലയില്‍ യുവവൈദികനായിരുന്ന ജോസഫ് റാറ്റ്‌സിംഗര്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലും പങ്കെടുത്തിരുന്നു. 'ആരാധനക്രമത്തിന്റെ ചൈതന്യം' എന്ന ഗ്രന്ഥത്തിലൂടെ കര്‍ദിനാള്‍ റാറ്റ്‌സിംഗര്‍ കൗണ്‍സിലിന്റെ നവീകരണ ദര്‍ശനങ്ങളുടെ ആത്മാവിനെ കണ്ടെത്താനും ഒരു പുതിയ ലിറ്റര്‍ജിക്കല്‍ മൂവ്‌മെന്റിനു തുടക്കം കുറിക്കാനും ലക്ഷ്യം വയ്ക്കുന്നുണ്ട്.

ആരാധനക്രമത്തിന്റെ പരമമായ പ്രാധാന്യം അതു ദൈവത്തിന്റെ തന്നെ പ്രവൃത്തിയാണ്. അതിന്റെ ഉളളടക്കം ദൈവത്തിന്റെ രക്ഷാകരപ്രവൃത്തിയാണ്. ഈശോയിലൂടെ സാധ്യമാക്കിയ പിതാവായ ദൈവത്തിന്റെ രക്ഷാകരപ്രവൃത്തികള്‍ ആരാധനക്രമത്തില്‍ ആഘോഷിക്കുകയും അനുസ്മരിക്കുകയും സന്നിഹിതമാക്കുകയും ചെയ്യുന്നു. ഇത് അടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയുമാണ് അനുഷ്ഠിക്കപ്പെടുന്നത്. വി. കുര്‍ബാന രക്ഷാകരമായ കുരിശിലെ ബലിയര്‍പ്പണത്തിന്റെ ഓര്‍മ്മയാചരണവും പുനരവതരിപ്പിക്കലുമാണ്. ആരാധനക്രമത്തിന്റെ ആഘോഷങ്ങളില്‍ നിശ്ശബ്ദതയ്ക്കും വലിയ പ്രധാന്യമുണ്ടെന്നും ആരാധനക്രമം ശരിയായ രീതിയില്‍ ആന്തരികമായും ബാഹ്യമായും ആഘോഷിക്കുന്നതിനുള്ള അന്തരീക്ഷമാണ് സംജാതമാക്കേണ്ടതെന്നുമാണ് ബെനഡിക്ട് മാര്‍പാപ്പയുടെ ആഹ്വാനം.

സ്‌നേഹത്തിന്റെ കൂദാശ

ദിവ്യകാരുണ്യവര്‍ഷത്തിലാണ് ജോസഫ് കര്‍ദിനാള്‍ റാറ്റ്‌സിംഗര്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതും ബെനഡിക്ട് പതിനാറാമന്‍ എന്ന നാമം സ്വീകരിച്ചതും. ഈ ദിവ്യകാരുണ്യവര്‍ഷം സമാപിച്ചു കൊണ്ടുളള, ലോകമെമ്പാടുനിന്നും പങ്കെടുത്ത 250 മെത്രാന്മാരുടെ സിനഡിനു (2005 ഒക്‌ടോബര്‍ 2 മുതല്‍ 23 വരെ) നേതൃത്വം നല്‍കിയത് ബെനഡിക്ട് പതിനാറാമന്‍ പാപ്പയാണ്. ഈ സിനഡിനുശേഷം 2007 ഫെബ്രുവരി 22 നു മാര്‍പാപ്പ പ്രസിദ്ധീകരിച്ച അപ്പസ്‌തോലിക പ്രബോധനമാണ് 'സ്‌നേഹത്തിന്റെ കൂദാശ'. ഈ പ്രബോധന രേഖയിലൂടെ ആരാധനക്രമത്തെ നയിക്കുന്ന രണ്ടു പ്രധാന തത്വങ്ങളെക്കുറിച്ചു പാപ്പ പ്രതിപാദിക്കുന്നു: 'പ്രാര്‍ത്ഥനയുടെ നിയമവും വിശ്വാസത്തിന്റെ നിയമവും.' നാം എന്തു പ്രാര്‍ത്ഥിക്കുന്നു അതു നമ്മള്‍ വിശ്വസിക്കുന്നു, നാം എന്തു വിശ്വസിക്കുന്നു അതു നമ്മള്‍ പ്രാര്‍ത്ഥിക്കുന്നു. (അഞ്ചാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ അക്വിറ്റൈയിനിലെ പ്രോസ്പര്‍ എന്ന വൈദികനാണ് ഈ തത്വങ്ങള്‍ ആദ്യമായി അവതരിപ്പിച്ചത്). ഇതിനെ ആസ്പദമാക്കികൊണ്ട് വി. കുര്‍ബാനയെ ബന്ധപ്പെടുത്തി മൂന്നു കാര്യങ്ങള്‍ പാപ്പ പഠിപ്പിക്കുന്നുണ്ട്. വി. കുര്‍ബാന വിശ്വസിക്കേണ്ട രഹസ്യമാണ്, വി. കുര്‍ബാന ആഘോഷിക്കേണ്ട രഹസ്യമാണ്, വി. കുര്‍ബാന ജീവിക്കേണ്ട രഹസ്യമാണ്. ആയതിനാല്‍, പരിശുദ്ധ കുര്‍ബാന ആഴത്തില്‍ വിശ്വസിക്കേണ്ടതും ഭക്തിയോടെ പരികര്‍മ്മം ചെയ്യേണ്ടതും തീക്ഷ്ണതയോടുകൂടി ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതുമാണ്. വി. കുര്‍ബാനയിലുളള ഭാഗഭാഗിത്വം ക്രൈസ്തവരെ ക്രിസ്ത്യാനികളായി ജീവിക്കുവാന്‍ സഹായിക്കുക മാത്രമല്ല, ക്രിസ്തുവായി രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. കുര്‍ബാന ജീവിക്കുവാനുളളതാണ് എന്ന് പാപ്പ ഓര്‍മ്മപ്പെടുത്തുന്നു.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയോടൊപ്പം കര്‍ദിനാല്‍ റാറ്റ്‌സിംഗറും (പോപ്പ് ബനഡിക്ട് പതിനാറാമന്‍)
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയോടൊപ്പം കര്‍ദിനാല്‍ റാറ്റ്‌സിംഗറും (പോപ്പ് ബനഡിക്ട് പതിനാറാമന്‍)

ആരാധനക്രമ സംവാദങ്ങളില്‍ അനുരഞ്ജന മാതൃക

സഭാമാതാവിന്റെ ഹൃദയത്തില്‍ വിഭാഗീയതയുടെ നിഴലാട്ടങ്ങള്‍ ഉടലെടുക്കുമ്പോഴും സഭാഗാത്രത്തെ മുറിപ്പെടുത്തുന്ന ചേരിതിരിവുകള്‍ രൂപംകൊള്ളുമ്പോഴും അനുരഞ്ജനവും ഐക്യവും വീണ്ടെടുക്കുവാനും നിലനിറുത്തുവാനും സഭാ നേതൃത്വത്തിലുള്ളവര്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന ആത്മീയ കാഴ്ച്ചപ്പാടിന്റെ സാത്വികാചാര്യനാണ് ബെനഡിക്ട് പാപ്പ. ഇതിന്റെ ഉത്തമ ഉദാഹരണമാണ് 2007 ജൂലൈ 7-ാം തീയതി മാര്‍പാപ്പ പുറപ്പെടുവിച്ച 'സുമ്മോരും പൊന്തിഫിക്കും' എന്ന തിരുവെഴുത്ത്. ഇത് വളരെയധികം ചൂടുപിടിച്ച സംവാദങ്ങള്‍ക്കു കാരണമായപ്പോഴും ലത്തീന്‍ സഭയില്‍ ആരാധനക്രമ വിഷയത്തില്‍ സമാധാനവും തുറവിയും പുനഃസ്ഥാപിക്കുക എന്നതായിരുന്നു ഈ തിരുവെഴുത്തിന്റെ ലക്ഷ്യം.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യത്തിലും പ്രബോധനങ്ങളുടെ അടിസ്ഥാനത്തിലും ദൈവജനത്തിന്റെ അജപാലനപരവും കാലികവുമായ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ട് വി. പോള്‍ ആറാമന്‍ മാര്‍പാപ്പ ലത്തീന്‍ റീത്തിലെ ആരാധനക്രമത്തിലെ ഏതാനും ഗ്രന്ഥങ്ങള്‍ സമഗ്രമായി നവീകരിച്ചു പ്രാബല്യത്തില്‍ വരുത്തി. 1969-ല്‍ 'റോമന്‍ മിസ്സല്‍' പ്രസിദ്ധം ചെയ്തു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ തദ്ദേശീയഭാഷയില്‍ അവയെല്ലാം ലഭ്യമാക്കി. ലത്തീന്‍ സഭയില്‍ ലോകമെമ്പാടുമുള്ള മെത്രാന്മാരും വൈദികരും വിശ്വാസികളും വര്‍ധിച്ച സന്തോഷത്തോടെ അവയെല്ലാം സ്വീകരിച്ചു. ആരാധനക്രമ ആഘോഷങ്ങളില്‍ പുതിയ വസന്തം ഉദയം ചെയ്തു എന്ന പ്രതീതി ഉളവായി. ആ രാധനാസമൂഹത്തിന്റെ സജീവപങ്കാളിത്തത്തിനു പുത്തനുണര്‍വ് സംജാതമായി. ലോകമെമ്പാടുമുള്ള വൈദികര്‍ ജനങ്ങള്‍ക്കഭിമുഖമായിട്ടു കര്‍മ്മങ്ങള്‍ അര്‍പ്പിക്കുവാന്‍ ആരംഭിച്ചു. ലത്തീന്‍ ഭാഷയുടെ ഉപയോഗവും പഴയ ക്രമത്തിലുള്ള ആരാധനക്രമവും പാടെ ഉപേക്ഷിച്ചപോലെയായി.

കൗണ്‍സിലിനുശേഷമുള്ള ഈ വിപ്ലവകരമായ മാറ്റങ്ങളില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചുകൊണ്ട് പാരമ്പര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്നവര്‍ മുന്നോട്ടുവന്നു. പോള്‍ ആറാമന്‍ മാര്‍പാപ്പ ആരാധനക്രമ പാരമ്പര്യത്തെ വെട്ടിമുറിക്കുന്ന പരിഷ്‌കാരമാണ് നടപ്പിലാക്കിയിരിക്കുന്നത് എന്ന് അവര്‍ ആരോപിച്ചു.

ത്രെന്തോസ് സൂനഹദോസിന്റെ (1545-1563) ആഗ്രഹപ്രകാരം വി. പീയൂസ് അഞ്ചാമന്‍ പാപ്പ നവീകരിച്ച് 1570-ല്‍ പ്രസിദ്ധം ചെയ്തതും വിവിധ മാര്‍പാപ്പമാര്‍ കാലാനുസൃതമായി നവീകരിച്ചതും 1962-ല്‍ വി. ജോണ്‍ 23-ാമന്‍ മാര്‍പാപ്പ വീണ്ടും പുതുക്കിയതുമായ ആരാധനക്രമ ഗ്രന്ഥങ്ങളും പ്രത്യേകിച്ച് റോമന്‍ മിസ്സലും മാത്രമെ ഉപയോഗിക്കൂ എന്ന നിലപാട് അവര്‍ എടുത്തു. 1988-ല്‍ ഫ്രാന്‍സിലെ ആര്‍ച്ചുബിഷപ് ലെഫേബറിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം കത്തോലിക്കാ സഭയിലെ കൂട്ടായ്മയില്‍നിന്നും പുറത്തുപോയി. ആരാധനക്രമ വിഷയം കലഹത്തിന്റേതും വിഭാഗീയതയുടേതുമായി മാറി. പഴയ ക്രമത്തിലുള്ള ആരാധനക്രമ ഗ്രന്ഥങ്ങളും ലത്തീന്‍ ഭാഷയും പരമ്പരാഗതമായ ആചാരനുഷ്ഠാനങ്ങളും തിരുവസ്ത്രങ്ങളും കിഴക്കിനഭിമുഖമായ അര്‍പ്പണരീതിയുംതങ്ങളുടെ പൈതൃകവും സ്വത്വവുമാണെന്നവര്‍ ശഠിച്ചു. കത്തോലിക്കാസഭയുടെ കൂട്ടായ്മയില്‍ നില നിന്നിരുന്നവര്‍ക്കുപോലും അവയെ പാടേ ഉപേക്ഷിച്ചത് വേദനാജനകവും അസ്വീകാര്യവുമായിരുന്നു.

ഈ സാഹചര്യം മനസ്സിലാക്കിക്കൊണ്ട് പരമ്പരാഗതമായ ആരാധനക്രമ ആഘോഷങ്ങള്‍ക്കും ആചാരനുഷ്ഠാനങ്ങള്‍ക്കും സ്വതവേ താത്പര്യവും കൂറും പിന്തുണയും നല്‍കുന്ന യാഥാസ്ഥിതികനായ ബെനഡിക്ട് മാര്‍പാപ്പ 'സുമ്മോരും പൊന്തിഫിക്കും' എന്ന തിരുവെഴുത്തിലൂടെ ആരാധനക്രമ വിഷയത്തില്‍ അനുരഞ്ജനവും സമാധാനവും ഐക്യവും പുനഃ സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നതായി കാണാം. അപ്രകാരം ലത്തീന്‍ സഭയില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യത്തില്‍ വി. പോള്‍ ആറാമന്‍ മാര്‍പാപ്പ പ്രസിദ്ധീകരിച്ച ആരാധനക്രമ ഗ്രന്ഥങ്ങളും അര്‍പ്പണരീതിയും മറ്റും ഇനി മുതല്‍ സാധാരണ ക്രമവും (ordinary expression) വി. പീയൂസ് അഞ്ചാമന്‍ മാര്‍പാപ്പ മുതല്‍ വി. ജോണ്‍ 23-ാമന്‍ മാര്‍പാപ്പ ഉള്‍പ്പെടെ പ്രസിദ്ധം ചെയ്ത ആരാധനക്രമം അസാധാരണ ക്രമവും (extra ordinary expression) ആയി പ്രഖ്യാപിക്കപ്പെട്ടു. സഭയുടെ ആരാധനക്രമ രീതികളില്‍ പെട്ടെന്നുണ്ടായ മാറ്റങ്ങളില്‍ വേദനിക്കുന്നവര്‍ക്കു ആശ്വാസവും സംതൃപ്തിയും പ്രദാനം ചെയ്യുന്ന പരിഹാരമാര്‍ഗമാണ് ഇതിലൂടെ മാര്‍പാപ്പ ആഗ്രഹിച്ചത്. ആര്‍ച്ചുബിഷപ് ലെഫേബ്രിനോടൊപ്പം കത്തോലിക്കാ സഭയുടെ കൂട്ടായ്മയില്‍ നിന്നും അകന്നുപോയവരെ കൂടി തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യവും മാര്‍പാപ്പയുടെ മുന്നിലുണ്ടായിരുന്നു.

റോമന്‍ മിസ്സലിന്റെ രണ്ടു പതിപ്പുകളും വൈരുദ്ധ്യമല്ല പ്രകടിപ്പിക്കുന്നത്. ഒരേ സഭയില്‍ രണ്ടു റീത്തുകളായിട്ടല്ല ഇവയെ കാണേണ്ടതെന്നും രണ്ടു വിധത്തിലുള്ള ആരാധനക്രമരീതികളെ സഭാംഗങ്ങള്‍ തുറവിയോടെയും ബഹുമാനത്തോടെയും അംഗീകരിക്കുകയും സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യണമെന്നുമുള്ള ആഗ്രഹമാണ് 'സുമ്മോരും പൊന്തിഫിക്കും' എന്ന തിരുവെഴുത്തിലൂടെ പാപ്പ പ്രകടിപ്പിക്കുന്നത്. ലത്തീന്‍ റീത്തില്‍ ആരാധനക്രമ ഗ്രന്ഥങ്ങളുടെ രണ്ടു വിധത്തിലുള്ള ഉപയോഗം പരസ്പരം സഹായിക്കുകയും ധന്യമാക്കുകയുമാണ് ചെയ്യേണ്ടത്.

സഭയുടെ വിശ്വാസത്തിലും പ്രാര്‍ത്ഥനയിലും അനസ്യൂതം വളര്‍ന്ന മഹത്തായ പാരമ്പര്യത്തെയും നേട്ടങ്ങളെയും കാത്തുസൂക്ഷിക്കാന്‍ നമ്മള്‍ കടപ്പെട്ടിരിക്കുന്നു. ഓരോന്നിനും അതിന്റേതായ സ്ഥാനം നിര്‍വചിക്കപ്പെടണം. കൂടാതെ, സഭാനേതൃത്വത്തിന്റെ തീരുമാനപ്രകാരം ആരാധനക്രമ പാരമ്പര്യത്തിന്റെ ചരിത്രപര മായ വളര്‍ച്ചയിലും നിലനില്‍പിലും പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ പല വിഭാഗീയതകള്‍ക്കും അനിഷ്ടങ്ങള്‍ക്കും കാരണമാകും എന്നുകൂടി ബെനഡിക്ട് പാപ്പ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

കര്‍ത്താവിലേക്ക് തിരിയുക

പ്രധാനമായും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം ഉണ്ടായ ആരാധനക്രമനവീകരണ മൂവ്‌മെന്റുകളുടെ വ്യാപകമായി നടപ്പില്‍വന്ന അര്‍പ്പണരീതിയാണ് 'ജനാഭിമുഖം' (versus populum). എന്നാല്‍, ആരാധനക്രമത്തിന്റെ അര്‍പ്പണവേളയില്‍ കാര്‍മ്മികന്‍ എങ്ങോട്ടു തിരിഞ്ഞു നില്‍ക്കുന്നു എന്നുള്ളത് സീറോ മലബാര്‍ സഭയിലെന്നപോലെ പല പൗരസ്ത്യ സഭകളിലും ലത്തീന്‍ സഭയിലും വിവാദവിഷയമായി. കത്തോലിക്കാ സഭയിലെ എല്ലാ റീത്തുകളിലും ഏകദേശം നാലാം നൂറ്റാണ്ടു മുതല്‍ ആരാധനസമൂഹത്തോടൊപ്പം കാര്‍മ്മികനും (ad orientem) കിഴക്കോട്ട് അഭിമുഖമായിട്ടാണ് ദിവ്യബലി അര്‍പ്പണവും മറ്റു കൂദാശകളും പരികര്‍മ്മം ചെയ്തു പോന്നിരുന്നത്. കാരണം, കിഴക്കോട്ടു തിരിഞ്ഞുനിന്നു പ്രാര്‍ത്ഥിക്കുന്നത് ദൈവാഭിമുഖ്യമുള്ള പ്രാര്‍ത്ഥനയായി കരുതപ്പെട്ടു. എന്നാല്‍, 'ജനാഭിമുഖ' അര്‍പ്പണരീതി അള്‍ത്താരയുടെ ഒരു വശത്തു നില്‍ക്കുന്ന കാര്‍മ്മികന്‍ അതിന്റെ മറുഭാഗത്തു നില്‍ക്കുന്ന ജനത്തിന് അഭിമുഖമായി നില്‍ക്കുന്നതാണ്. സ്വര്‍ഗത്തിന്റെ പ്രതീകമായ മദ്ബഹയിലെ കര്‍ത്താവിന്റെ കബറിടവും മേശയുമായ ബലിപീഠത്തിന് (അള്‍ത്താരയ്ക്ക്) മുഖ്യസ്ഥാനം നല്‍കിക്കൊണ്ട് ദൈവജനം ഒരുമിച്ച് ദൈവത്തിന്റെ രക്ഷാകരപ്രവൃത്തികളില്‍ പങ്കാളികളാകുന്നു. വിശ്വാസത്തിന്റെ മഹാദാനമായ വി. കുര്‍ബാന, കര്‍ത്താവിന്റെ ബലിയും വിരുന്നുമാണെന്ന് ഏറ്റുപറഞ്ഞു കൊണ്ട് കാര്‍മ്മികനും ദൈവജനവും ഒരുമിച്ച് ദൈവത്തിനു ബലിയര്‍പ്പിക്കുന്നതാണ് ജനാഭിമുഖ കുര്‍ബാനയുടെ സവിശേഷത.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു മുന്‍പേതന്നെ 'ജനാഭിമുഖ' കുര്‍ബാന നിലവിലുണ്ടായിരുന്നു എന്നും അനുമാനിക്കാം. 1300-ല്‍ ബോനിഫസ് 8-ാമന്‍ മാര്‍പാപ്പയും 'ജനാഭിമുഖം' ബലിയര്‍പ്പിച്ചിരുന്നു എന്നു രേഖപ്പെടുത്തിയിരിക്കുന്നതായി കാണാം. വി. പത്രോസിന്റെ ബസിലിക്ക ഉള്‍പ്പെടെയുളള റോമിലെ പല ദൈവാലയങ്ങളിലും അള്‍ത്താര പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുകയും ബലിപീഠം ഭിത്തിയില്‍നിന്നും മാറി മധ്യഭാഗത്തു പ്രതിഷ്ഠിച്ചിരിക്കുന്നതും ദര്‍ശിക്കുമ്പോള്‍ 'ജനാഭിമുഖ'മായി കുര്‍ബാന അര്‍പ്പിക്കുന്ന പതിവ് നിലവിലുണ്ടായിരുന്നു എന്നും കരുതാം. കൂടാതെ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ജര്‍മ്മനിയിലെ സന്യാസസഭകളില്‍ ആരംഭിച്ച ലിറ്റര്‍ജിക്കല്‍ മൂവ്‌മെന്റ് ആരാധനക്രമ നവീകരണത്തിന്റെ ഭാഗമായി ദൈവജനത്തിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കാന്‍ 'ജനാഭിമുഖ' കുര്‍ബാനയാണ് അവതരിപ്പിച്ചത്.

'കിഴക്കിനഭിമുഖം' എന്ന പരമ്പരാഗത അര്‍പ്പണരീതിയും 'ജനാഭിമുഖം' എന്ന ജനപ്രീതിയുള്ള രീതിയും സഭയില്‍ വിവാദങ്ങള്‍ക്കും ചേരിതിരിവിനും കാരണമായിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞ പാപ്പയാണ് ബെനഡിക്ട് പതിനാറാ മന്‍. 'കിഴക്കിനഭിമുഖ'മായി അര്‍പ്പിക്കണം എന്ന രീതിക്ക് ഊന്നല്‍ നല്‍കിയാല്‍ പല ദൈവാലയങ്ങളുടെ അള്‍ത്താരകള്‍ക്ക് സ്ഥാനമാറ്റം വരുത്തണം. പല സ്ഥലങ്ങളിലും അത് അസാധ്യവുമാണ്. ആയതിനാല്‍ 'കിഴക്കിനഭിമുഖം', 'ജനാഭിമുഖം' എന്നതിനേക്കാള്‍ എങ്ങനെ അര്‍പ്പിച്ചാലും, 'കര്‍ത്താവിലേക്ക് തിരിയുക' എന്നതിനാണ് പ്രമുഖസ്ഥാനം കല്പിക്കേണ്ടത്. അനുരഞ്ജനത്തിന്റെ പാത തേടിക്കൊണ്ട് മാര്‍പാപ്പ പ്രായോഗികമായി നിര്‍ദേശിച്ചത് ഇപ്രകാരമാണ്: ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കുമ്പോഴും കാര്‍മ്മികനും സമൂഹത്തിനും കാണത്തക്ക രീതിയില്‍ ക്രൂശിതരൂപം ബലിപീഠത്തിലൊ, ബലിപീഠത്തിനരികിലൊ സ്ഥാപിക്കുക. ഇപ്രകാരം ചെയ്യുന്നതുവഴി കര്‍ത്താവിലേക്കാണ് തിരിയേണ്ടത് എന്നതിന് പ്രാധാന്യം ലഭിക്കും.

ഈ രണ്ടു വിധത്തിലുള്ള അര്‍പ്പണരീതികളും രണ്ടു വ്യത്യസ്ത റീത്തുകളായിട്ടല്ല പരിഗണിക്കേണ്ടത്. ഒരേ സഭയില്‍ തന്നെയുള്ള രണ്ട് വിധത്തിലുള്ള അര്‍പ്പണ രീതികളായിട്ടാണ് അവയെ മനസ്സിലാക്കേണ്ടത്. ഈ രണ്ട് അര്‍പ്പണ രീതികളും നിലനില്‍ക്കേണ്ടതാണ്. ഒന്ന് മറ്റൊന്നിനെ തമസ്‌കരിച്ചു കൊണ്ട് വിജയിക്കുന്നതിലല്ല കാര്യം. ഒന്ന് മറ്റൊന്നിനെ തുറവിയോടെ ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതിലൂടെയാണ് ആരാധനക്രമ സമാധാനം നിലനിറുത്തുന്നത്.

ആരാധനക്രമത്തിന്റെ ചരിത്രത്തില്‍ വളര്‍ച്ചയും പുരോഗതിയും ഉണ്ടായിട്ടുണ്ട്. എന്നാല്‍, കടുംവെട്ടും വിച്ഛേദവും പാടില്ല. അതു സംഭവിക്കാറുമില്ല. മുന്‍തലമുറ എന്താണു പരിപാവനം എന്നു കരുതിയത് ഇന്നത്തെ തലമുറയും അത് പാവനവും മഹത്തരവുമാണെന്ന് കരുതണം. അതു ഒറ്റയടിക്കു നിരോധിക്കുവാനോ ഗുണപ്രദമല്ലായെന്നു കരുതുവാനോ പാടില്ല. സഭയുടെ വിശ്വാസത്തിലും പ്രാര്‍ത്ഥനയിലും അനസ്യൂതം വളര്‍ന്ന മഹത്തായ പാരമ്പര്യത്തെയും നേട്ടങ്ങളെയും കാത്തുസൂക്ഷിക്കാന്‍ നമ്മള്‍ കടപ്പെട്ടിരിക്കുന്നു. ഓരോന്നിനും അതിന്റേതായ സ്ഥാനം നിര്‍വചിക്കപ്പെടണം. കൂടാതെ, സഭാനേതൃത്വത്തിന്റെ തീരുമാനപ്രകാരം ആരാധനക്രമ പാരമ്പര്യത്തിന്റെ ചരിത്രപരമായ വളര്‍ച്ചയിലും നിലനില്‍പിലും പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ പല വിഭാഗീയതകള്‍ക്കും അനിഷ്ടങ്ങള്‍ക്കും കാരണമാകും എന്നുകൂടി ബെനഡിക്ട് പാപ്പ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ആധുനിക കാലത്തെ സഭയിലെ പ്രത്യേകിച്ച് സീറോമലബാര്‍ സഭയിലെ ആരാധനക്രമ സംവാദങ്ങള്‍ക്ക് സൗമ്യനും ശാന്തശീലനും ആരാധനക്രമത്തിന്റെ വിശ്വസ്ത സ്‌നേഹിതനും വിഖ്യാത ദൈവ ശാസ്ത്രജ്ഞനുമായ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നല്‍കുന്ന അനുരഞ്ജനത്തിന്റെ പാഠം സ്വന്തമാക്കാം, സ്വായത്തമാക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org