വിശുദ്ധ കൊച്ചുത്രേസ്യയുടെ നാടകങ്ങള്‍: പ്രമേയവും കാലിക പ്രസക്തിയും

ഡോ. സെബാസ്റ്റ്യന്‍ വളര്‍കോട്ട്
വിശുദ്ധ കൊച്ചുത്രേസ്യയുടെ നാടകങ്ങള്‍: പ്രമേയവും കാലിക പ്രസക്തിയും
വിശുദ്ധ കൊച്ചുത്രേസ്യ എഴുതിയ നാടകങ്ങള്‍ നമുക്ക് അത്ര പരിചിതങ്ങളല്ല. 1893 മുതല്‍ 1897 വരെയുള്ള നാല് വര്‍ഷങ്ങളില്‍ എഴുതപ്പെട്ട എട്ടു നാടകങ്ങളാണ് കൊച്ചുത്രേസ്യയുടെ പേരിലുള്ളത്.

ആമുഖം

വിശുദ്ധ കൊച്ചുത്രേസ്യ എഴുതിയ നാടകങ്ങള്‍ നമുക്ക് അത്ര പരിചിതങ്ങളല്ല. 1893 മുതല്‍ 1897 വരെയുള്ള നാല് വര്‍ഷങ്ങളില്‍ എഴുതപ്പെട്ട എട്ടു നാടകങ്ങളാണ് കൊച്ചുത്രേസ്യയുടെ പേരിലുള്ളത്. 1992 ല്‍ ഫ്രഞ്ച് ഭാഷയില്‍ 'Recreations Pieuses' എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച നാടകങ്ങള്‍ ഫാ. പാട്രിക് മൂത്തേരില്‍ ഒ സി ഡി 'ഭക്തോല്ലാസങ്ങള്‍'എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. സംഗീത നാടകമായി മൂലഭാഷയില്‍ രചിക്കപ്പെട്ട നാടകങ്ങളുടെ ഗദ്യ രൂപത്തിലുള്ള വിവര്‍ത്തനമാണ് 'ഭക്തോല്ലാസങ്ങള്‍.'

ലിസ്യു കാര്‍മ്മലിലെ പ്രയോരമ്മയുടെ നാമഹേതുക തിരുനാള്‍, പ്രധാനപ്പെട്ട തിരുനാളുകള്‍, മറ്റ് ചില ആഘോഷങ്ങള്‍ എന്നീ വേളകളില്‍ അവതരിപ്പിക്കുന്നതിന് കൊച്ചുത്രേസ്യ എഴുതി തയ്യാറാക്കിയതാണ് ഈ ചെറു നാടകങ്ങള്‍. അതിനാല്‍ തന്നെ സാഹിത്യപരതയെക്കാള്‍ തെരേസയുടെ ആശയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നു. ഈ നാടകങ്ങളുടെ പ്രമേയവും അവതരണ ശൈലിയും സവിശേഷമാണ് എന്നു മാത്രമല്ല പ്രമേയങ്ങള്‍ ഈ കാലഘട്ടത്തിലും പ്രസക്തമായി നിലനില്‍ക്കുന്നു എന്നതും പ്രധാനമായി കാണേണ്ടതുണ്ട്.

നാടകങ്ങള്‍

  • 1. ജൊവാന്‍ ഓഫ് ആര്‍ക്കിന്റെ ദൗത്യം

  • 2. ജൊവാന്‍ ഓഫ് ആര്‍ക്കിന്റെ ദൗത്യ നിര്‍വഹണം

തെരേസയുടെ ആദര്‍ശ വനിതയായ 'ജൊവാന്‍ ഓഫ് ആര്‍ക്കി'നെ കേന്ദ്ര കഥാപാത്രമാക്കി കൊണ്ടുള്ള നാടകങ്ങളാണിത്.

നാടക വേദിയിലേക്കുള്ള തെരേസയുടെ പ്രവേശം 'ജൊവാന്‍ ഓഫ് ആര്‍ക്കിന്റെ ദൗത്യം' എന്ന ചെറു നാടകത്തിലൂടെയാണ്. 1894 ജനുവരിയില്‍ പ്രിയോരമ്മയുടെ നാമഹേതുക തിരുനാളിന് അവതരിപ്പിക്കുന്നതിനായി രചിച്ചതാണിത്. ഒരു ഇടയ ബാലികയുടെ ദേശസ്‌നേഹത്തിന്റെ പ്രകാശനം തെരേസ ഈ നാടകത്തിലൂടെ അനാവരണം ചെയ്യുന്നു. കൊച്ചുത്രേസ്യാ തന്നെയാണ് ഈ നാടകത്തില്‍ ജോവാന്റെ വേഷമിട്ടത്. അദൃശ്യനായ മിഖായേല്‍ മാലാഖയുടെയും വിശുദ്ധ കത്രീനയുടെയും വിശുദ്ധ മാര്‍ഗരറ്റിന്റെയും സംഭാഷണങ്ങളിലൂടെയാണ് നാടകം പുരോഗമിക്കുന്നത്.

ഫ്രാന്‍സിന്റെ രക്ഷയ്ക്കായി വാളെടുക്കാന്‍ പര്യാപ്തയായ, മനക്കരുത്തുള്ള പെണ്‍കുട്ടി ആയിരുന്നില്ല ജൊവാന്‍. പൂക്കളിറുത്തു നടന്ന ഇടയ ബാലികയുടെ കൈകളിലേക്ക് പടവാള്‍ നല്‍കുവാന്‍ മാനസികമായി തെരേസയും ഒരുങ്ങേണ്ടിയിരുന്നു. തെരേസയുടെ ബാല്യകാല ചിത്രമാണ് ജൊവാനില്‍ പ്രതിഫലിക്കുന്നത്. തെരേസ പ്രത്യേകം രൂപപ്പെടുത്തിയെടുക്കുന്ന സംഭാഷണങ്ങളിലൂടെ ദേശസ്‌നേഹത്തിന്റെ അഗ്നി ജൊവാനില്‍ ജ്വലിപ്പിക്കുമ്പോള്‍ അത് യഥാര്‍ത്ഥത്തില്‍ തെരേസയില്‍ തന്നെയാണ് സംഭവിക്കുന്നത് എന്ന് അനുവാചകര്‍ തിരിച്ചറിയുന്നു.

ദേശസ്‌നേഹത്തെ യേശു സ്‌നേഹവുമായും നിത്യതയുമായും കൂട്ടിച്ചേര്‍ക്കുന്ന തെരേസ അവിടം കൊണ്ട് അവസാനിപ്പിക്കുന്നില്ല. ജോവാന്റെ ദൗത്യത്തെ ദൈവരാജ്യ സംസ്ഥാപനവും സംരക്ഷണവും ആയി കൂടി ഉയര്‍ത്തിക്കാട്ടുന്നു. 'ആ ദൗത്യം നമ്മുടെ പ്രിയപ്പെട്ട ഫ്രാന്‍സിന്റെ വിശ്വാസം സംരക്ഷിക്കുക എന്നതും തിരഞ്ഞെടുക്കപ്പെട്ട നിരവധി ആളുകളെക്കൊണ്ട് സ്വര്‍ഗം നിറക്കുക എന്നതും ആണല്ലോ' (ഭക്തോല്ലാസങ്ങള്‍, p 34). ലക്ഷ്യം വ്യക്തിപരമായ നേട്ടമല്ലെന്നും സഹോദരങ്ങളെ ചേര്‍ത്തുനിര്‍ത്തി ദൈവരാജ്യാനുഭവത്തിലേക്കുള്ള പ്രവേശനമാണെന്നും വ്യക്തമാകുന്നു.

ഈ നാടകത്തിന്റെ രണ്ടാം ഭാഗത്ത് യേശുവിനു നേരിടേണ്ടിവന്ന തിരസ്‌കാരത്തിന്റെ വേദന ജൊവാന്റെ ജീവിതവുമായി തദാത്മ്യപ്പെടുന്ന ചിത്രങ്ങള്‍ പ്രത്യേകം സൃഷ്ടിച്ചെടുക്കുന്ന മുഹൂര്‍ത്തങ്ങളിലൂടെ മനോഹരമായി അനാവരണം ചെയ്യപ്പെടുന്നുണ്ട്.

  • 3. മാലാഖമാര്‍ ഉണ്ണിയേശുവിന്റെ തൊട്ടിക്ക് സമീപം

ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി യേശുവിന്റെ ജനനത്തെ ആസ്പദമാക്കി 1894 ല്‍ രചിച്ച നാടകമാണ് 'മാലാഖമാര്‍ യേശുവിന്റെ പുല്‍ത്തൊട്ടിക്ക് സമീപം' എന്ന പേരില്‍ ലഭ്യമായിട്ടുള്ളത്. തൊട്ടിയില്‍ ഉറങ്ങുന്ന ഒരു ദിവസം പ്രായമായ പൈതലിനോടുള്ള സംഭാഷണം ആയാണ് നാടകം എഴുതപ്പെട്ടിട്ടുള്ളത്. രക്ഷാകര പദ്ധതിയിലെ അഗ്രാഹ്യവും നിഗൂഢവുമായ ദൈവസ്‌നേഹത്തിന്റെ രഹസ്യങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണ് കൊച്ചുത്രേസ്യാ. 24 വയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് ഈ ദര്‍ശനങ്ങള്‍ എവിടെ നിന്ന് കിട്ടി എന്ന് വായനക്കാര്‍ അതിശയിക്കുക തന്നെ ചെയ്യും. വൈരുദ്ധ്യങ്ങളെ ഒരുമിച്ച് അവതരിപ്പിക്കുന്ന ഒരു പ്രത്യേക ശൈലി ഈ നാടകത്തിന്റെ രചനയില്‍ കാണാം. ഈ രചനാ ശൈലിയെ പരിചയപ്പെടുന്നതിന് നാടകത്തിലെ ഏതാനും ഡയലോഗുകള്‍ സഹായകമാകും. 'ഒരു ദിവസം മാത്രം പ്രായമുള്ള ഈ ശിശുവിനെ നീ കാണുക മുള്ളും കുരിശും കുന്തവും സ്‌നേഹത്താല്‍ അവ അവനെ തുള്ളിച്ചാടിക്കുന്നു' (ഭക്തോല്ലാസങ്ങള്‍, p 49). പീഡാസഹനത്തിന്റെ മുള്‍ക്കിരീടവും, ബലിയര്‍പ്പണത്തിന്റെ കുരിശും, അഗാധ സ്‌നേഹത്തിന്റെ പൂര്‍ണതയില്‍ കുന്ത മുറിപ്പാടിലെ അവസാന തുള്ളിയും ഒരു പരാമര്‍ശത്തിലൂടെ വിശദീകരിക്കപ്പെടുകയാണ്. രക്ഷാകര രഹസ്യങ്ങളിലെ ദൈവ ശാസ്ത്ര ബോധ്യങ്ങളാണ് ഇത്തരത്തില്‍ വസ്തുതകളെ മനോഹരമായി അവതരിപ്പിക്കാന്‍ തെരേസക്ക് വെളിച്ചമാകുന്നത്. എന്നാല്‍ തൊട്ടുചേര്‍ന്നുവരുന്ന പ്രസ്താവന സാധാരണ മനുഷ്യര്‍ക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. പീഡനങ്ങളുടെയും വേദനയുടെയും അവസ്ഥയില്‍ നിന്നുകൊണ്ട് ഒരു ദിവസം പ്രായമായ പൈതല്‍ തുള്ളി ചാടുന്നു. സഹനങ്ങളെയും ആഹ്ലാദ മുഹൂര്‍ത്തങ്ങളെയും ഇഴചേര്‍ത്ത് കെട്ടുന്ന പ്രതിപാദന രീതി തെരേസയുടെ ഒരു സവിശേഷത തന്നെയാണ്.

പിള്ളക്കച്ചകള്‍ കൊണ്ട് പൊതിഞ്ഞ് തൊട്ടിയില്‍ ഉറങ്ങുന്ന ഒരു ദിവസം പ്രായമായ പൈതലിനെ നോക്കി പറയുന്നു: 'നിന്റെ സ്‌നേഹം നിമിത്തം മരണത്തെ നീ സ്വപ്‌നം കാണുന്നു' (ഭക്തോല്ലാസങ്ങള്‍, p 48). സ്വപ്‌നങ്ങളെ സങ്കല്പങ്ങളുടെ ചിറകുകള്‍ അണിയിച്ചാണ് നമ്മള്‍ പറപ്പിക്കാറുള്ളത്. അതിനാല്‍ ഒരു ദിവസം പ്രായമായ കുട്ടിക്ക് കാണാന്‍ പറ്റിയ സ്വപ്‌നമല്ല മരണം. മനുഷ്യ സൃഷ്ടി മുതല്‍ രക്ഷയുടെ കുരിശുമരണം വരെ മുന്‍കൂട്ടി അറിയുന്ന ശിശുവാണ് തൊട്ടിയില്‍ ഉറങ്ങുന്നത് എന്ന് തെരേസക്ക് അറിയാം. രക്ഷാകര രഹസ്യത്തില്‍ നിറയുന്ന ദൈവിക സ്‌നേഹത്തിന്റെ വെളിപാട് തെരേസയില്‍ എത്ര ആഴത്തില്‍ ഇറങ്ങിയിരിക്കുന്നു എന്നതിലേക്കാണ് ഈ പ്രസ്താവന എത്തിനില്‍ക്കുന്നത്.

കൊച്ചുത്രേസ്യയുടെ കുടുംബ പശ്ചാത്തലവും അവളുടെ നാടക അവതരണ രീതിയുമായി കൂട്ടി വായിക്കേണ്ടതുണ്ട്. കുടുംബത്തിലെ ആഹ്ലാദം പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നവയായിരുന്നു നേരിടേണ്ടി വന്ന ദുരന്തങ്ങളും. കുടുംബാന്തരീക്ഷത്തിലെ സന്തോഷങ്ങളെ കാണുമ്പോഴും സങ്കടക്കടലിലേക്ക് താഴ്ന്നു പോകുന്ന നാലു സഹോദരങ്ങളുടെ മരണ മുഹൂര്‍ത്തങ്ങളും ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. ജീവനെയും മരണത്തെയും സംയമനത്തോടെ നോക്കി കാണുവാനും രചനകളിലൂടെ അവതരിപ്പിക്കുവാനും അത് അവളെ കെല്പുള്ളവളാക്കി. സെലിഗ്വെരിന്റെ രോഗാവസ്ഥയും, തെരേസയുടെ ആയയോടൊപ്പം ഉള്ള ജീവിതവും, ലൂയി മാര്‍ട്ടിന്റെ ജോലി സംബന്ധമായ യാത്രകളും മാനസിക സംഘര്‍ഷങ്ങളും കുടുംബ പ്രാരബ്ധങ്ങളും തെരേസയ്ക്കും സവിശേഷമായ ജീവിത ദര്‍ശനങ്ങള്‍ ലഭിക്കാന്‍ കാരണമായിട്ടുണ്ട്. സുഖത്തെയും ദുഃഖത്തെയും, മുള്ളിനെയും പൂവിനെയും, ആഹ്ലാദ മുഹൂര്‍ത്തങ്ങളെയും ദുരന്താവസ്ഥകളെയും, ജനനത്തെയും മരണത്തെയും എങ്ങനെയൊക്കെ മുഖാമുഖം നിര്‍ത്താമെന്നുള്ള കാഴ്ചപ്പാട് അതിനാല്‍ അനുഭവസിദ്ധമാണ് എന്നുവേണം കരുതാന്‍.

  • 4. യേശു ബഥാനിയായില്‍

കൊച്ചുത്രേസ്യാ രചിച്ച ഏറ്റവും ചെറിയ നാടകമാണ് 'യേശു ബഥാനിയായില്‍' എന്ന പേരിലുള്ളത്. ബഥാനിയയിലെ മറിയവും മര്‍ത്തയും ആണ് ഇതിലെ കഥാപാത്രങ്ങള്‍. കൂടുതല്‍ ക്ഷമിക്കപ്പെടുന്നവര്‍ കൂടുതല്‍ സ്‌നേഹിക്കുന്നു എന്ന ആശയത്തെ അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം. ബഥാനിയയിലെ മറിയത്തെ എളിമയുടെ പ്രതീകമായി കൂടി ചിത്രീകരിക്കുന്നു. അവളുടെ മഹത്വത്തിന് കാരണമാകുന്നതും എളിമയുടെ മനോഭാവം തന്നെ.

തന്റെ ജീവിത നൈര്‍മ്മല്യവും കന്യകാത്വവും ദൈവത്തിന്റെ മുമ്പില്‍ നില്‍ക്കാന്‍ തന്നെ യോഗ്യയാക്കുന്നു എന്ന സ്വന്തം ജീവിതത്തെ കുറിച്ചുള്ള അമിതവിശ്വാസം ആത്മീയമായ ഒരുതരം അഹങ്കാരമായി മര്‍ത്തയില്‍ വളരുന്നത് തെരേസ ഈ നാടകത്തില്‍ അവതരിപ്പിക്കുന്നു. അത് ദൈവത്തിന്റെ മുമ്പില്‍ വ്യവസ്ഥകള്‍ വയ്ക്കാന്‍ അവളെ പ്രേരിപ്പിക്കുന്നുണ്ട്. എന്നാല്‍ വ്യവസ്ഥകള്‍ ഇല്ലാത്ത സ്‌നേഹത്തിന്റെ ഉടമയാണ് മറിയം. അവളുടെ ജീവിതത്തില്‍ അവകാശവാദങ്ങള്‍ ഉയര്‍ത്താന്‍ പറ്റിയതൊന്നും നേടിയതായി അവള്‍ കരുതുന്നില്ല. ദൈവത്തിന്റെ കാരുണ്യം മാത്രമാണ് തനിക്ക് ആശ്രയിക്കാനുള്ളത്. ഇതാണ് എളിമയുടെ മനോഭാവത്തിലേക്ക് അവളെ നയിക്കുന്നത്. ഈ എളിമയാണ് യേശു വലിയ പുണ്യമായി ഉയര്‍ത്തി കാണിക്കുന്നത്. അതിനാലാണ് യേശു മര്‍ത്തയോട് പറയുന്നത്: 'നിന്റെ ശൈശവകാലം മുതല്‍ നീ കാത്തിരുന്ന വലിയ നൈര്‍മ്മല്യം എന്നെ പ്രീതിപ്പെടുത്തിയിരുന്നു. എന്നാല്‍ നിനക്ക് നൈര്‍മ്മല്യം ഉണ്ടെങ്കില്‍ മഗ്ദലനായ്ക്ക് എളിമയുണ്ട്' (ഭക്തോല്ലാസങ്ങള്‍, p 122). എളിമ എങ്ങനെ നൈര്‍മ്മല്യത്തേക്കാള്‍ ദൈവത്തിനു മുമ്പില്‍ മഹത്തരം ആകുന്നു എന്ന് നാടകത്തിലൂടെ വ്യക്തമാക്കുന്നു.

'ഓ നല്ല ഗുരോ, ഞാന്‍ സ്‌നേഹിക്കുന്ന സത്യം ഞാനിപ്പോള്‍ കാണുന്നു. എന്നെപ്പറ്റിയുള്ള മതിപ്പ് ഇനിമേല്‍ എനിക്ക് വേണ്ട. എളിമ അങ്ങയെ പ്രീതിപ്പെടുത്തുന്നു. അതു അഭ്യസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു... അങ്ങേക്കുവേണ്ടി ജോലി ചെയ്തുകൊണ്ട് ഞാന്‍ മറിയത്തെ അനുകരിക്കും. അവിടുത്തെ ദിവ്യ കടാക്ഷം അല്ലാതെ മറ്റൊന്നും ഞാന്‍ അന്വേഷിക്കയില്ല' (ഭക്തോല്ലാസങ്ങള്‍, p 123) എന്ന് മര്‍ത്തയെക്കൊണ്ട് പറയിപ്പിച്ചു കൊണ്ടാണ് നാടകം അവസാനിക്കുന്നത്.

  • 5. ക്രിസ്തുമസിലെ ദിവ്യഭിക്ഷു

1895-ലെ ക്രിസ്മസ് ദിനത്തില്‍ അവതരിപ്പിക്കുന്നതിനായി തയ്യാറാക്കിയ നാടകമാണിത്. പുല്‍ക്കൂട്ടില്‍ വിശ്രമിക്കുന്ന ഉണ്ണിയേശുവിന് സന്യാസിനികള്‍ സമ്മാനങ്ങള്‍ നല്‍കുന്നതാണ് ഇതിവൃത്തം. സന്യാസിനികളുടെ എണ്ണം അനുസരിച്ച് 26 സമ്മാനങ്ങള്‍ ആണ് യേശുവിന് സമര്‍പ്പിക്കുന്നത്. സമ്മാനമായി നല്‍കുന്ന ഓരോ വസ്തുവിനെയും സംബന്ധിക്കുന്ന ഒരു വിവരണം ശ്ലോകരൂപത്തില്‍ അവതരിപ്പിക്കുന്നു. 'ഭിക്ഷ യാചിക്കുന്ന ദൈവം' എന്ന സങ്കല്പം കര്‍മ്മല മഠത്തില്‍ ചേര്‍ന്നതിനുശേഷം തെരേസയില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. അതിന്റെ ഒരു പ്രതിഫലനം കൂടിയായി ഈ നാടകത്തെ കാണാന്‍ കഴിയും. മഠത്തിലെ സന്യാസിനികള്‍ ഈശോയ്ക്ക് സമര്‍പ്പിക്കുന്ന വസ്തുക്കള്‍ ഇവയാണ്: സിംഹാസനം, പാല്, പക്ഷികള്‍, നക്ഷത്രം, വീണ, റോസാപ്പൂക്കള്‍, താഴ്‌വര, കൊയ്ത്തുകാര്‍, മുന്തിരിക്കുല, ഓസ്തി, മന്ദഹാസം, കളിക്കോപ്പ്, തലയിണ, പൂവ്, അപ്പം, കണ്ണാടി, കൊട്ടാരം, പുഷ്പങ്ങള്‍ കൊണ്ടുള്ള കിരീടം, പലഹാരങ്ങള്‍, തലോടല്‍, പിള്ളത്തൊട്ടി, പിള്ളക്കച്ച, അഗ്നി, കേക്ക്, തേന്‍, കുഞ്ഞാട്.

സമ്മാനങ്ങള്‍ സ്വീകരിച്ച് സംപ്രീതനാകുന്ന ഉണ്ണിയേശു സമ്മാനദാതാക്കള്‍ക്ക് 'തന്റെ മനോഹര സ്വര്‍ഗം' പ്രതിസമ്മാനമായി നല്‍കുന്നിടത്ത് നാടകം അവസാനിക്കുന്നു.

സാത്താനെ ജയിക്കാനുള്ള മാര്‍ഗം എളിമ അഭ്യസിക്കുക എന്നതാണ്. അതാണ് നമ്മുടെ ആയുധവും പരിചയയും. ഈ സന്ദേശത്തെ സവിശേഷമായി അവതരിപ്പിക്കുവാന്‍ തെരേസക്ക് കഴിയുന്നു എന്നത് മാത്രമല്ല അതിന്റെ കാലിക പ്രസക്തി കൂടി പ്രാധാന്യമര്‍ഹിക്കുന്നു.

  • 6. ഈജിപ്തിലേക്കുള്ള പ്രയാണം

1896 ല്‍ മഠത്തിലെ പ്രിയോര്‍ ആയിരുന്ന ആഗ്നസമ്മയുടെ നാമഹേതുക തിരുനാളിനുവേണ്ടി എഴുതിയ നാടകമാണിത്. തിരുക്കുടുംബത്തിന്റെ ഈജിപ്തിലേക്കുള്ള പ്രയാണമാണ് ഈ നാടകത്തിന്റെ പ്രമേയം. പ്രയാണ മധ്യേ തിരുകുടുംബം ഒരു കൊള്ളസംഘ തലവന്റെ ഗുഹയില്‍ താമസത്തിന് എത്തുന്നു. സംഘത്തലവന്റെ ഭാര്യ തിരുകുടുംബത്തിന് അഭയം നല്‍കി. ഈശോയെ കുളിപ്പിച്ച വെള്ളത്തില്‍ കൊള്ള സംഘത്തലവന്റെ മകനെ കുളിപ്പിച്ചപ്പോള്‍ കുഷ്ഠരോഗിയായ അവന്‍ സുഖപ്പെട്ടു. കൊള്ളത്തലവന്റെ മകന്‍ കവര്‍ച്ചക്കാരനായി വളര്‍ന്നെങ്കിലും ജീവിതാവസാനത്തില്‍ അവന്‍ യേശുവിനെ കണ്ടുമുട്ടുന്നു. ഗാഗുല്‍ത്താ മലയില്‍ യേശുവിന്റെ വലതുവശത്ത് കുരിശേറ്റപ്പെടുന്നത് യേശുവിനാല്‍ സുഖപ്പെടുത്തപ്പെട്ട ഈകള്ളനാണ് എന്നതാണ് നാടകാന്തത്തിലെ ട്വിസ്റ്റ്. അവനെയാണ് യേശു തന്റെ പറുദീസയിലേക്ക് ക്ഷണിക്കുന്നത്.

മാതൃ പിതൃ സങ്കല്പത്തിന്റെയും മാതൃകാപരമായ കുടുംബജീവിതത്തിന്റെയും എക്കാലത്തും പ്രസക്തമായ ചില ചിത്രങ്ങള്‍ തെരേസ ഈ നാടകത്തിന്റെ ആദ്യഭാഗത്ത് അവതരിപ്പിക്കുന്നുണ്ട്. വിശുദ്ധ ജോസഫിന്റെയും പരിശുദ്ധ മാതാവിന്റെയും ഡയലോഗുകളിലൂടെ തെരേസ അത് അനാവരണം ചെയ്യുന്നു. ജോസഫ് പറയുന്നു: 'ഹാ, മറിയമേ, യേശുവിനുവേണ്ടി എന്റെ ശക്തി ഞാന്‍ ചെലവഴിച്ചുകൊള്ളട്ടെ. അവനു വേണ്ടിയും നിനക്കുവേണ്ടിയും ആണ് ഞാന്‍ അധ്വാനിക്കുക. ഈ ചിന്ത എനിക്ക് ധൈര്യം നല്‍കുന്നു. എന്റെ വിഷമതകള്‍ എല്ലാം ഏറ്റെടുക്കാന്‍ അതെന്നെ സഹായിക്കുന്നു. പിന്നെ വൈകുന്നേരം ആകുമ്പോള്‍ യേശുവിന്റെ ഒരു തലോടലും നിന്റെ ഒരു നോട്ടവും ദിവസത്തിലെ കഷ്ടപ്പാടുകള്‍ എല്ലാം മറക്കുന്നതിന് എന്നെ സഹായിക്കുന്നു' (ഭക്തോല്ലാസങ്ങള്‍', p 140). ഒരു സാധാരണ മരപ്പണിക്കാരന്റെ ജീവിത ചിത്രങ്ങള്‍ എത്ര മനോഹരമായാണ് അനാവൃതമാകുന്നത്. പരിശുദ്ധ മറിയത്തിന്റെ വാക്കുകള്‍ കേള്‍ക്കുക: 'നിങ്ങളെപ്പോലെ തന്നെ ഞാനും അത്ഭുതപരതന്ത്രയാണ് ജോസഫ്. എങ്ങനെ എനിക്ക് ദൈവത്തിന്റെ ഉണ്ണിയെ എന്റെ മാറോട് ചേര്‍ത്ത് പിടിക്കാന്‍ കഴിയും? ലോകത്തിന് ജീവന്‍ നല്‍കുന്നവന്, തന്റെ അസ്തിത്വത്തിന്, കുറെ പാല് ആവശ്യമെന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. താമസംവിനാ യേശു വളരും. നിങ്ങളാണ് ലോകത്തിന്റെസ്രഷ്ടാവിനെ ജോലി ചെയ്യേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കേണ്ടത്. നിങ്ങളോട് കൂടി അവനും സ്വന്തം ആരാധ്യമായ മുഖത്തുനിന്നുള്ള വിയര്‍പ്പ് കൊണ്ട് അപ്പം നേടണം' (ഭക്തോല്ലാസങ്ങള്‍, p 141). മാതാപിതാക്കളുടെ പരസ്പര സ്‌നേഹം, ബഹുമാനം, വിശിഷ്ടമായകുടുംബ സങ്കല്പം എന്നിവയൊക്കെ എത്ര മനോഹരമായാണ് ചുരുങ്ങിയ വാക്കുകളിലൂടെ തെരേസ വരച്ചിടുന്നത്. ഇവയൊക്കെ കാലാതീതമായി പ്രസക്തി നഷ്ടപ്പെടാതെ നിലനില്‍ക്കുന്നു.

  • 7. എളിമയുടെ വിജയാഘോഷം

1896 ജൂണ്‍ മാസത്തില്‍ പുതിയ പ്രയോരമ്മയുടെ നാമഹേതുക തിരുനാളിനോട് അനുബന്ധിച്ച് ആഘോഷത്തിനായി തയ്യാറാക്കിയ നാടകമാണ് 'എളിമയുടെ വിജയാഘോഷം'. പ്രയോര്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മഠത്തിനുള്ളില്‍ ചില അസ്വാരസ്യങ്ങള്‍ രൂപപ്പെടുകയും അത് സന്യാസിനികള്‍ക്കിടയിലെ ഐക്യത്തെയും സ്‌നേഹബന്ധങ്ങളെയും ദോഷകരമായി ബാധിക്കുകയും ചെയ്തു. അത് പരിഹരിക്കാനും പുതുതായി തിരഞ്ഞെടുക്കപ്പെട്ട മദറിനെ ആശ്വസിപ്പിക്കാനും ആത്മവിശ്വാസം പകര്‍ന്നു കൊടുക്കാനും കരുതി കൂടിയാണ് ഈ നാടകം തയ്യാറാക്കിയത്. പിശാചുക്കള്‍ മഠത്തിനെതിരെ നടത്തിയ ആക്രമണമായി അനൈക്യത്തെയും സ്‌നേഹബന്ധങ്ങളില്‍ ഉണ്ടായ ഉലച്ചിലിനെയും തെരേസ കാണുന്നു. ഇതിനെ അതിജീവിക്കാനുള്ള ഏകമാര്‍ഗം എളിമയിലേക്ക് വളരുക എന്നുള്ളതാണ്. എളിമ ഇല്ലാതായാല്‍ പിശാചുക്കളുടെ കുടുംബ ജീവിതത്തെക്കാള്‍ മഹത്തരം ആകുന്നില്ല മഠത്തിലെ സന്യാസികളുടെ ജീവിതവും എന്ന സന്ദേശമാണ് ഈ നാടകം നല്‍കുന്നത്.

മഠത്തിലെ കന്യകകളുടെ ദൈവസ്‌നേഹം ലൂസിഫറിനെ കഠിനമായി വേദനിപ്പിക്കുന്നു. അതിനാല്‍ കന്യകാമഠത്തെ ആക്രമിക്കണമെന്ന ആഹ്വാനം ലൂസിഫറില്‍ നിന്നുണ്ടാവുകയാണ്. എന്നാല്‍ ബേല്‍സേബൂലിന് മഠങ്ങളെ ആക്രമിക്കാന്‍ ഭയമാണ്. അതിന് അയാള്‍ പറയുന്ന പ്രധാന കാരണം ഇതാണ്: 'ഞാന്‍ നിന്നോട് പറഞ്ഞിട്ടുള്ളത് പോലെ കന്യകകളുടെ കൂട്ടത്തെ ഞാന്‍ വെറുക്കുന്നു... ദൈവത്തോട് ഒന്നിച്ചു നില്‍ക്കുമ്പോള്‍ അവിടുത്തെ പോലെ അവര്‍ ഭയങ്കരികളാണ്' (ഭക്തോല്ലാസങ്ങള്‍, p 179).

'ദൈവത്തോട് ചേര്‍ന്ന് നിന്നാല്‍ അവര്‍ ദൈവത്തെ പോലെ ഭയങ്കരികളാണ്' എന്നുള്ള പ്രയോഗം മഠത്തിലെ പുണ്യങ്ങള്‍ അനുസരിച്ച് ജീവിക്കുമ്പോള്‍ കൈവരുന്ന ആത്മീയതയുടെ അകകാമ്പുകളിലേക്ക് ആണ് എത്തിനില്‍ക്കുന്നത്. 'ഹ്യൂമറി'ന്റെ അംശവും ഈ പ്രസ്താവനയില്‍ കടന്നുവരുന്നു. സന്യാസിനികളുടെ വ്രതവും ദൈവസ്‌നേഹവും ഇല്ലെങ്കില്‍ അവരും സാത്താനില്‍ നിന്ന് വ്യത്യസ്തരല്ല എന്ന ചിന്ത പടര്‍ത്താന്‍ തെരേസ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ലൂസിഫര്‍ മിഖായേല്‍ മാലാഖയെ വെല്ലുവിളിക്കുന്നത് 'നിന്റെ കന്യകാവൃന്ദത്തെ ഞാന്‍ പരിഹസിക്കുന്നു. അവരുടെ മേലും എനിക്ക് അധികാരമുണ്ടെന്ന് നിനക്കറിഞ്ഞുകൂടെ..? ഞാന്‍ അഹംഭാവത്തിന്റെ അധിപനാണ്. കന്യകകള്‍ ബ്രഹ്മചാരികളും, ദരിദ്രരും ആണെങ്കിലും എന്നെക്കാള്‍ കൂടുതലായി അവര്‍ക്ക്എന്താണുള്ളത്? ഞാനും ഒരു കന്യകയാണ്' (ഭക്തോല്ലാസങ്ങള്‍, p 182). തെരേസയുടെ 'ഹ്യൂമര്‍ സെന്‍സ്' വെളിവാകുന്ന മറ്റൊരു രംഗമാണിത്.

തന്റെ വാദഗതിയെ സ്ഥാപിക്കാനായി ലൂസിഫര്‍ ഇറങ്ങിപ്പുറപ്പെടുകയാണ്. അയാള്‍ തന്റെ ത്രിശ്ശൂലത്തിന്റെ അറ്റത്ത് ഒരു ത്രാസ് കൊണ്ടുവരുന്നു. അതിന്റെ ഒരു തട്ടില്‍ വെളുത്ത മൂന്ന് കടലാസ് ചുരുളുകള്‍ വയ്ക്കുന്നു. അതില്‍ ദാരിദ്ര്യം, കന്യാവ്രതം, അനുസരണം എന്ന് എഴുതിയിട്ടുണ്ട്. മറ്റേ തട്ടില്‍ മൂന്നു വലിയ കറുത്ത കടലാസ് ചുരുളുകള്‍ വെച്ചിരിക്കുന്നു. അതില്‍ തീ കൊണ്ട് എഴുതിയിരിക്കുന്നു; അഹംഭാവം, സ്വാതന്ത്ര്യം, സ്വന്തം മനസ്സ്' (ഭക്തോല്ലാസങ്ങള്‍, p 182). സന്യാസ വ്രതങ്ങള്‍ക്ക് തന്റെ 'ബദല്‍ വ്രതങ്ങള്‍' വയ്ക്കുകയാണ് ലൂസിഫര്‍. വിജയഭാവത്തില്‍ നില്‍ക്കുന്ന ലൂസിഫറിന്റെ അടുത്തേക്ക് മിഖായേല്‍ ഇറങ്ങിവരുന്നു. ലൂസിഫറിന്റെ വെല്ലുവിളിയെ മിഖായേല്‍ പ്രതിരോധിക്കുകയാണ്. 'ഒരിക്കല്‍ കൂടി നിന്റെ മൗഢ്യം ഞാന്‍ കാണിച്ചു തരാം.... ഓ, സര്‍പ്പമേ, നാരകീയ മൃഗമേ കന്യാമറിയത്തിന്റെ എളിമ ഓര്‍ക്കുക. അവള്‍ തന്റെ കന്യകാപാദം കൊണ്ട് നിന്റെ തല തകര്‍ക്കും....' (ഭക്തോല്ലാസങ്ങള്‍, p 182).

മിഖായേല്‍ മാലാഖ എളിമ എന്ന് എഴുതിയ ഒരു ചെറു കുറിപ്പ് സന്യാസവ്രതങ്ങള്‍ എഴുതിയ തട്ടില്‍ വയ്ക്കുന്നു. അപ്പോള്‍ മറ്റേ തട്ട് ഉയര്‍ന്നു പോകുന്നു. പിശാചിന്റെ നിലവിളിയാണ് പിന്നീട് കേള്‍ക്കുന്നത്.

'ഞാന്‍ തോറ്റു... ഞാന്‍ തോറ്റു... മതി, മതി. മിഖായേല്‍ കൂടുതല്‍ എന്നെ പീഡിപ്പിക്കല്ലേ. ഞാന്‍ തോറ്റു. ഞങ്ങള്‍ തോറ്റു' (ഭക്തോല്ലാസങ്ങള്‍, p 183).

സാത്താനെ ജയിക്കാനുള്ള മാര്‍ഗം എളിമ അഭ്യസിക്കുക എന്നതാണ്. അതാണ് നമ്മുടെ ആയുധവും പരിചയയും. ഈ സന്ദേശത്തെ സവിശേഷമായി അവതരിപ്പിക്കുവാന്‍ തെരേസക്ക് കഴിയുന്നു എന്നത് മാത്രമല്ല അതിന്റെ കാലിക പ്രസക്തി കൂടി പ്രാധാന്യമര്‍ഹിക്കുന്നു. സമൂഹമായി ജീവിക്കുന്ന ഏതൊരിടത്തും തലപൊക്കി എത്താവുന്ന സാത്താന്റെ പരീക്ഷണങ്ങള്‍ എല്ലാകാലത്തും ഉള്ളതാണ്. സ്വയം താഴുന്നതിലൂടെ, എളിമയുടെ പാഠങ്ങളിലൂടെ കുടുംബങ്ങളിലും സമൂഹങ്ങളിലും സ്ഥാപനങ്ങളിലും ദൈവ സ്‌നേഹത്തിന്റെ, ഐക്യത്തിന്റെ, പാരസ്പര്യത്തിന്റെ നിറവുകള്‍ എങ്ങനെ നിര്‍മ്മിച്ചെടുക്കാമെന്നും അതിലൂടെ സുവിശേഷത്തിന്റെ സന്തോഷം എങ്ങനെ ജീവിതത്തില്‍ അനുഭവിക്കാമെന്നും ഭൂമിയില്‍ സ്വര്‍ഗത്തിന്റെ മുന്നാസ്വാദനം സാധ്യമാക്കാമെന്നും കാലികമായി നമ്മെ ചിന്തിപ്പിക്കുവാന്‍ തെരേസയുടെ നാടകം സഹായിക്കുന്നു.

  • 8. വി. സ്റ്റനിസ്‌ലാവൂസ് കോസ്‌കാ

1897 ലാണ് ഈ നാടകം രചിക്കപ്പെട്ടത്. സ്റ്റനിസ്‌ലാവൂസ് എന്ന മഠത്തിലെ സന്യാസിനിയുടെ വ്രതവാഗ്ദാന ജൂബിലിയോട് അനുബന്ധിച്ച് അവതരിപ്പിക്കുന്നതിന് എഴുതിയതാണിത്.

വി. സ്റ്റനിസ്‌ലാവൂസ് കോസ്‌കായുടെ ജീവിതം തെരേസയെ ഏറെ സ്വാധീനിച്ചിരുന്നു. 1550 ല്‍ ജനിച്ച 1568 ല്‍ മരണമടഞ്ഞ വിശുദ്ധനാണ് സ്റ്റനിസ്‌ലാവൂസ് കോസ്‌കാ. മരണശേഷം ലോകത്തില്‍ നന്മ ചെയ്യാന്‍ ഉള്ള ആഗ്രഹം വിശുദ്ധന്‍ പ്രകടിപ്പിച്ചിരുന്നു. അതേ ആദര്‍ശം തന്നെയാണ് കൊച്ചുത്രേസ്യയും സ്വീകരിക്കുന്നത്. എളിമ തന്നെയാണ് ഈ നാടകത്തിന്റെയും പ്രധാന പ്രമേയം.

ഉപസംഹാരം

കൊച്ചുത്രേസ്യയുടെ ദര്‍ശനങ്ങള്‍ അവളുടെ എല്ലാ എഴുത്തുകളിലും പരന്നു കിടക്കുന്നുണ്ട്. അവയില്‍ ചിലതിന് നാടകങ്ങളിലൂടെ കൂടുതല്‍ കൃത്യതയും, വിശദീകരണവും നല്‍കുവാന്‍ കഴിഞ്ഞിരിക്കുന്നു എന്നതാണ് പ്രത്യേകതയായി കാണുവാനുള്ളത്. അവയ്‌ക്കൊന്നും കാലിക പ്രസക്തി നഷ്ടപ്പെടുന്നില്ല എന്നുള്ളതാണ് ലോകത്തെന്നും ആശ്ചര്യപ്പെടുത്തുന്നത്. 25 വയസ്സിനുള്ളില്‍ അവള്‍ നടത്തിയ ആത്മീയ യാത്രകളുടെ ആഴങ്ങള്‍ തേടുകയാണ് ലോകമിന്നും. തിരുസഭ ഉള്ളടത്തോളം കാലം പുതുമ നഷ്ടപ്പെടാതെ കാലത്തെ അതിജീവിക്കുന്ന വിശിഷ്ട ദര്‍ശനങ്ങളാണ് തെരേസയിലൂടെ ലോകത്തിന് വീണു കിട്ടിയിരിക്കുന്നത്. അതിനാലാണ് അവള്‍ സഭയുടെ വേദപാരംഗതയായി ഉയര്‍ത്തപ്പെട്ടതും. തെരേസയുടെ ദര്‍ശനങ്ങളെ ശരിയായ ആത്മീയതയോടും നിഷ്‌കളങ്കതയോടും സ്വീകരിക്കുവാന്‍ ഏവര്‍ക്കും കഴിയട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org