നഷ്ടപ്പെട്ട ശബ്ദം

നഷ്ടപ്പെട്ട ശബ്ദം

മുരിങ്ങൂരിലെ സുപ്രസിദ്ധ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ. ജോര്‍ജ് പനയ്ക്കല്‍ ഒരു ദിവസം തൃശ്ശൂരിലെ എന്റെ വീട്ടില്‍ വന്നു. ഒട്ടും പ്രതീക്ഷിക്കാതെയുള്ള അദ്ദേഹത്തിന്റെ വരവ് എന്നെ അത്ഭുതപ്പെടുത്തി.

ധ്യാനകേന്ദ്രത്തില്‍ വച്ചും അല്ലാതെയും ഞങ്ങള്‍ പലവട്ടം പരിചയപ്പെട്ടിട്ടുണ്ട്. വലിയ മുഖവുരയൊന്നും കൂടാതെ തന്റെ ആഗമനോദ്ദേശ്യം അദ്ദേഹം വെളിപ്പെടുത്തി.

''ജോസേട്ടാ, കുറച്ചുനാളായി എന്റെ മനസ്സില്‍ തോന്നിയ ഒരാശയം പങ്കുവയ്ക്കാനാണ് ഞാന്‍ വന്നത്.''

''എന്താണ്?''

''കേരളത്തിലെ പ്രമുഖരും പ്രസിദ്ധരുമായ ഏതാനും പ്രഭാഷകരെക്കൊണ്ടു നമ്മുടെ ധ്യാനകേന്ദ്രത്തിനു വേണ്ടി പ്രസംഗിപ്പിക്കുക. അതിനായി ജോസേട്ടന്റെ സഹകരണം ലഭിക്കണം.''

''എന്റെ ഭാഗത്തുനിന്ന് എന്തു സഹകരണം?''

''സുകുമാര്‍ അഴീക്കോടു മാഷും ജോസേട്ടനും തമ്മില്‍ നല്ല പരിചയത്തിലാണെന്ന് എനിക്കറിയാം. ഒരു പ്രഭാഷണത്തിന് അദ്ദേഹത്തിന്റെ സമ്മതം നമുക്ക് ലഭിക്കണം.''

''അതൊക്കെ നടപ്പുള്ള കാര്യമാണോ അച്ചോ? ധ്യാനകേന്ദ്രത്തില്‍ അദ്ദേഹം വന്നു പ്രസംഗിക്കുമോ?''

''എന്റെ മനസ്സിലെ പ്ലാന്‍ ഞാന്‍ പറയട്ടെ. സുകുമാര്‍ അഴീക്കോട്, ഓ എന്‍ വി കുറുപ്പ്, എം കെ സാനുമാഷ് തുടങ്ങിയ ഏതാനും പ്രമുഖരുടെ പ്രസംഗം റെക്കോര്‍ഡ് ചെയ്തു സൂക്ഷിക്കാനും അത് ഇടയ്‌ക്കൊക്കെ ധ്യാനകേന്ദ്രത്തില്‍ പ്രക്ഷേപണം ചെയ്യാനുമാണ്. അവരുടെ കാലശേഷവും നമുക്കതു വലിയ മുതല്‍ക്കൂട്ടാവും. ജോസേട്ടന്‍ മാഷെ കണ്ടു കാര്യം സംസാരിക്ക്. അദ്ദേഹം സമ്മതിക്കുമെന്നു എന്റെ മനസ്സു പറയുന്നു.''

പിറ്റെ ദിവസം തന്നെ മാഷെ കാണാന്‍ എരവിമംഗലത്തുള്ള വീട്ടില്‍ പോയി. മുന്‍കൂട്ടി ഫോണ്‍ ചെയ്തു സമ്മതം വാങ്ങാതെ കാണാന്‍ സമ്മതിക്കാറില്ലാത്ത ആളാണ് മാഷ്. ഞാന്‍ കാളിംഗ് ബെല്ലടിച്ചു. സര്‍വെന്റ് ജനലിനരികെ വന്നു. എന്റെ പേര് പറഞ്ഞു.

''ഫോണ്‍ ചെയ്തു സമ്മതം വാങ്ങീട്ടുണ്ടോ?''

''ഇല്ല.''

''സമ്മതിക്കുമെന്നു തോന്നണില്യാ.''

അല്പം കഴിഞ്ഞ് സര്‍വന്റ് വന്നു വാതില്‍ തുറന്നു. കയറിയിരിക്കാന്‍ പറഞ്ഞു.

നിമിഷങ്ങള്‍ക്കകം മാഷ് വന്നു. ചുരുങ്ങിയ സമയം കൊണ്ട് എല്ലാ വിശേഷങ്ങളും പറഞ്ഞു. ഒപ്പം തന്നെ പനയ്ക്കലച്ചന്റെ ആവശ്യവും ഭംഗിയായി അവതരിപ്പിച്ചു.

മഹാഭാഗ്യമെന്നു പറയട്ടെ. അദ്ദേഹം വിസമ്മതമൊന്നും പറഞ്ഞില്ല.

''ജോസേ, ഞാനൊരു കാര്യം പറയാം. ധ്യാനകേന്ദ്രത്തില്‍ വന്നു ഞാന്‍ പ്രസംഗിക്കില്ല. എന്റെ ഈ വീടിന്റെ പരിസരത്ത് - ഈ പറമ്പില്‍ - ഒരു ജനസഞ്ചയത്തിന്റെ മുമ്പില്‍ എന്ന പോലെ ഞാന്‍ പ്രസംഗിച്ചോളാം. അതു റെക്കോര്‍ഡ് ചെയ്യാന്‍ തയ്യാറായി അതിന്റെ വിദഗ്ദ്ധരോട് വരാന്‍ പറഞ്ഞാല്‍ മതി.''

''അങ്ങനെ മതിയോ?''

''അതേ നടക്കൂ. ഞാന്‍ പറയാന്‍ പോകുന്ന വിഷയം 'എന്റെ ഹൃദയത്തിലെ ക്രിസ്തു'.''

എന്റെ മനസ്സു പറഞ്ഞു: ''ഹോ ഗംഭീര വിഷയം.''

2011 ഒക്‌ടോബര്‍ 18 ല്‍ റെക്കോര്‍ഡിംഗ് നടത്താമെന്നു സമ്മതിച്ചു. മാഷ് ഡേറ്റ് തന്നു. ഈ വിവരം പനയ്ക്കലച്ചനെ ഞാനറിയിച്ചു. അദ്ദേഹം കേട്ടയുടനെ 'പ്രെയ്‌സ് ദ ലോര്‍ഡ്' പറഞ്ഞ് ആഹ്ലാദം പ്രകടിപ്പിച്ചു.

ദിവസം അടുക്കാറായപ്പോള്‍ ഒന്ന് ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മാഷെ ഞാന്‍ വിളിച്ചു.

''ജോസെ, തീയതി മാറ്റേണ്ടി വരും. എനിക്കു നല്ല സുഖമില്ല. പല്ലുവേദനയുണ്ട്. ഡോക്ടറെ കണ്ടശേഷം ഞാന്‍ മറ്റൊരു ഡേറ്റ് തരാം. അതു ഫാദറിനോടു പറഞ്ഞോളൂ.''

മാഷിനു അസഹ്യമായ പല്ലുവേദന. അങ്കമാലിയിലെ പ്രമുഖ ഡെന്റിസ്റ്റിനെ പോയി കണ്ടു. അദ്ദേഹം അതിവിദഗ്ദ്ധമായ രീതിയില്‍ പരിശോധന നടത്തി. വെറും പല്ലുവേദനയല്ല. പല്ലിന്റെ തൊണ്ണഭാഗത്ത് ഒരു ഗ്രോത്ത് കണ്ടു. അദ്ദേഹത്തിന്റെ നിഗമനത്തില്‍ അതു കാന്‍സറിന്റെ ലക്ഷണമാണെന്നു തെളിഞ്ഞു.

പിന്നെ തൃശ്ശൂര്‍ അമല ഹോസ്പിറ്റലില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പരിശോധനകളും ടെസ്റ്റുകളും. രോഗം കാന്‍സറാണെന്നു അവര്‍ സ്ഥിരീകരിച്ചു.

വിഷയം ഞാന്‍ അറിഞ്ഞ് ദുഃഖിച്ചു. റെക്കോര്‍ഡിങ്ങിന്റെ ഡേറ്റ് മാഷ് തരാമെന്നു പറഞ്ഞെങ്കിലും അതു നടന്നില്ല. ''എന്റെ ഹൃദയത്തിലെ ക്രിസ്തു'' മാഷിന്റെ ഹൃദയത്തില്‍ തന്നെ ഒതുങ്ങി. ഒരു നിധി പ്രതീക്ഷിച്ച ധ്യാനകേന്ദ്രത്തിന് അവിചാരിതമായി വന്നു ഭവിച്ച ദുര്‍വിധി!

അമലയിലെ ഡോക്ടര്‍മാരുടെ സംഘം വിദഗ്ദ്ധമായ ട്രീറ്റ്‌മെന്റ് നടത്തി. രോഗം പിറകോട്ടടിക്കില്ലെന്നു ഉറപ്പായി. ഇതിനിടയില്‍ രണ്ടു മൂന്നു തവണ ഞാന്‍ അമലയില്‍ പോയി മാഷിനെ കണ്ടു.

ഒടുവില്‍ ഡോക്ടര്‍മാര്‍ മാഷോട് പറഞ്ഞു: ''ആയുസ്സ് നീട്ടിയെടുക്കാം. എന്നാല്‍ മാഷിന് പണ്ടത്തെപ്പോലെ പ്രസംഗം നടത്താന്‍ സാധിക്കില്ല.''

''അതിന് സാധ്യതയില്ലേ?''

''ഇല്ല. സാധ്യത കുറവാണ്.''

''പ്രസംഗമില്ലെങ്കില്‍ പിന്നെ ഞാനില്ല.''

ഒടുവില്‍ മാഷ് അവരോട് തീര്‍ത്തു പറഞ്ഞു: ''പ്രസംഗം ഒഴിവാക്കിയിട്ട് എന്റെ ആയുസ്സ് നീട്ടിക്കിട്ടാന്‍ എനിക്കു താല്പര്യമില്ല.''

അഴീക്കോട് മാഷിന്റെ ഉറച്ച തീരുമാനം. ആ നിമിഷം മുതല്‍ മാഷിന്റെ മരണം ആരംഭിച്ചു.

മരണം സുനിശ്ചിതമാണെന്നറിഞ്ഞിട്ടും സന്ദര്‍ശകരായി വരുന്നവരോട് പ്രസന്നവദനനായും പുഞ്ചിരി പൊഴിച്ചും താഴ്ന്ന സ്വരത്തിലും മാഷ് സംസാരിച്ചു. രാവിലെ മുതല്‍ രാത്രി വരെ എന്നും സന്ദര്‍ശകരുടെ പ്രവാഹമായിരുന്നു.

സാഹിത്യ-സാംസ്‌കാരിക-സാമൂഹ്യ-ചലച്ചിത്ര-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും അല്ലാത്തവരുമായ നൂറുകണക്കിനാളുകളാണ് കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നു അമല ആസ്പത്രിയിലേക്ക് ഒഴുകിയെത്തിയത്. അദ്ദേഹവുമായി പിണങ്ങിയവരും കലഹിച്ചവരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ നിറമിഴികള്‍ കൊണ്ടു മാഷിനെ ആശ്വസിപ്പിച്ചു.

ആ ഒഴുക്ക് അദ്ദേഹത്തിന്റെ അന്ത്യം വരെ നീണ്ടു നിന്നു. 2012 ജനുവരി 24 ചൊവ്വാഴ്ച രാവിലെ 6.30-ന് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു. മരിക്കുമ്പോള്‍ അദ്ദേഹത്തിന് എണ്‍പത്താറു വയസ്സ്.

കേരളം കണ്ട ഉജ്ജ്വലപ്രഭാഷകരില്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ച സുകുമാര്‍ അഴീക്കോട് മാഷ് 'തത്ത്വമസി' തുടങ്ങി അനേകം കനപ്പെട്ട ഗ്രന്ഥങ്ങള്‍ കൈരളിക്ക് കാഴ്ചവച്ചു. എഴുത്തച്ഛന്‍ പുരസ്‌കാരമടക്കം കേരളത്തിലെയും കേന്ദ്രത്തിലെയും നിരവധി സാഹിത്യ പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ 'പത്മശ്രീ' പുരസ്‌കാരം അദ്ദേഹം പുല്ലുപോലെ തിരസ്‌കരിച്ചു.

ഈയുള്ളവനെ ഒരനുജനെപ്പോലെ സ്‌നേഹിച്ച മാഷിന്റെ പാവനസ്മരണയ്ക്കു മുമ്പില്‍ എന്റെ പ്രണാമം!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org