ഡോ. ഫാ. ജോ പോള്‍ കിരിയാന്തന്‍
നിവേദിത, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സൈക്കോ സ്പിരിച്വല്‍ ഫോര്‍മേഷന്‍ ആന്റ് ഫെല്ലോഷിപ്പ്, ചുണങ്ങംവേലി
സ്വാര്‍ത്ഥതയില്‍ നിന്നോ ആത്മരതിയില്‍ നിന്നോ ഉടലെടുത്ത ഒരു ചോദ്യമല്ല ഈ ലേഖനത്തിന്റെ തലക്കെട്ട്. മറിച്ച്, എന്നിലെ എന്നെ ഞാന്‍ എത്രമാത്രം ഉള്‍ക്കൊള്ളുന്നു, അംഗീകരിക്കുന്നു, സ്‌നേഹിക്കുന്നു എന്നിങ്ങനെയുള്ള ഒരു ആത്മ അന്വേഷണത്തിന്റെ ഭാഗമാണ്. ഇത്തരം ഒരു ആത്മ അന്വേഷണത്തിന്റെ ചുവടുപിടിച്ച് ഒരാള്‍ നടത്തുന്ന എല്ലാ പരിശ്രമങ്ങളെയും ഒന്നുചേര്‍ന്ന് സ്വയം പരിചരണം (self-care) എന്ന പേര് വിളിക്കാവുന്നതാണ്. ഒരു തോട്ടക്കാരന്റെ നിതാന്ത ശ്രദ്ധയും നിരന്തര പരിപാലനയും ആ ഇടത്തെ സന്ദര്‍ശകര്‍ക്ക് പ്രിയങ്കരമായി മാറ്റുന്നതുപോലെ തുടര്‍ച്ചയായ സ്വയം പരിചരണം വ്യക്തികളുടെ സാന്നിധ്യവും വാക്കുകളും പ്രവര്‍ത്തികളും കൂടുതല്‍ ഹൃദ്യവും ആരോഗ്യപരവും കാര്യക്ഷമവുമാക്കി മാറ്റും.
ക്രിസ്തുവിന്റെ കല്‍പ്പന ഇവിടെ പ്രസക്തമാണ്: ''തന്നെപ്പോലെ തന്നെ തന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കണം'' (മര്‍ക്കോ. 12:31). വചന വ്യാഖ്യാതാക്കള്‍ അറിഞ്ഞോ അറിയാതെയോ ഈ കല്‍പ്പനയുടെ ഫോക്കസ് പൂര്‍ണ്ണമായും ഈ വാക്യത്തിന്റെ രണ്ടാം പകുതിയിലേക്ക് മാറ്റിവയ്ക്കുന്നതായി ചിലപ്പോള്‍ തോന്നിയിട്ടുണ്ട്. അയല്‍ക്കാരനെ സ്‌നേഹിക്കാനുള്ള അമിതപ്രേരണയില്‍ സ്വയം സ്‌നേഹത്തിന്റെ പാഠങ്ങള്‍ നാം വേണ്ട രീതിയില്‍ സ്വാംശീകരിക്കാതെ പോകുന്നുണ്ടോ? ഇനിയും അപരനെ നാം ആഗ്രഹിക്കുന്ന രീതിയില്‍ സ്‌നേഹിക്കുവാന്‍ നമുക്കുതന്നെ സാധിക്കാതെ പോകുന്നതിന്റെ ഒരു കാരണം എന്നിലെ എന്നെ എനിക്ക് അധികമൊന്നും ഉള്‍ക്കൊള്ളാനും സ്‌നേഹിക്കാനും കഴിയാതെ പോകുന്നതാണ്. എന്റെ പ്രത്യേകതകളെ തിരിച്ചറിയുകയും അംഗീകരിക്കുകയും അതില്‍ ഞാന്‍ സംതൃപ്തി കണ്ടെത്തുകയും ചെയ്യുമ്പോള്‍ അപരനെ സ്‌നേഹിക്കാന്‍ എനിക്ക് എന്നെത്തന്നെ കൂടുതല്‍ സംലഭ്യമാക്കാനാകും. മറിച്ച് ഞാന്‍ എന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതകളോട് സമന്വയപ്പെടാനാവാതെ ഞാന്‍ എപ്പോഴും എന്നില്‍ത്തന്നെ സമരമുഖത്താണെങ്കില്‍ (divided in oneself) അപരനിലേക്ക് എന്റെ സമയമോ ജീവിതമോ തുറന്നു വയ്ക്കാന്‍ എനിക്ക് കഴിയാതെ വരും.
അതിനാല്‍, ആരോഗ്യപരമായ ഒരു സ്വയം സ്‌നേഹം (self-love) നമ്മുടെ വ്യക്തിബന്ധങ്ങളില്‍ അവിഭാജ്യ ഘടകമാണ്. ഈ സ്വയം സ്‌നേഹത്തില്‍ ഒരു സ്വയം മതിപ്പുണ്ട് (self-esteem), ആത്മവിശ്വാസമുണ്ട് (self-confidence), ആത്മസംതൃപ്തിയുണ്ട് (self-satisfaction), ആത്മാനുകമ്പയുമുണ്ട് (self-compassion).
തന്റെ വ്യക്തിത്വത്തിലെയും ജീവിതത്തിലെയും മാറ്റാനാവാത്ത ചില ഘടകങ്ങളെ ഭാവാത്മകമോ നിഷേധാത്മകമോ ആയ വിധികളില്ലാതെ (positive or negative judgement) സ്വീകരിക്കാനും അംഗീകരിക്കാനും ആകുന്നതാണ് ഈ സ്വയം സ്‌നേഹത്തിന്റെ കാതല്‍. ദൈവം തന്നെ കാണുന്ന കണ്ണോടെ തനിക്ക് തന്നെത്തന്നെ കാണാന്‍ സാധിക്കുന്നിടത്ത് സ്വയം സ്‌നേഹം സാധ്യമാകും.
ഒരാളുടെ വ്യക്തിത്വത്തിന്റെ വിവിധ തലങ്ങളില്‍ ഈ സ്വയം സ്‌നേഹത്തിന്റെ അപര്യാപ്തതകള്‍ നിഴലിക്കാറുണ്ട്. തന്റെ ശരീരത്തിന്റെ ആകാരരൂപത്തെ (physical appearance) അംഗീകരിക്കുന്നത് പലര്‍ക്കും എളുപ്പമുള്ള കാര്യമല്ല. നിറം, രൂപം, ഉയരം, വണ്ണം എന്ന് തുടങ്ങി വളരെ സൂക്ഷ്മമായ ശാരീരിക ഘടകങ്ങള്‍ വരെ അംഗീകരിക്കാനാവാതെ വിഷമിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്.
വളര്‍ന്നുവന്ന കുടുംബ സാഹചര്യങ്ങള്‍ അംഗീകരിക്കാനാവുന്നതും ഈ സ്വയം-സ്‌നേഹത്തിന്റെ ഭാഗമാണ്. വീട്ടിലെ സാമ്പത്തിക സ്ഥിതി, മാതാപിതാക്കളുടെ തൊഴില്‍, കുടുംബ പാരമ്പര്യം, സഹോദരങ്ങള്‍ക്കിടയില്‍ ലഭിക്കുന്ന പരിഗണന തുടങ്ങിയ ഘടകങ്ങള്‍ ഓരോരുത്തരും നോക്കിക്കാണുന്നതും ഇവിടെ പ്രധാനമാണ്.
ഓരോ വ്യക്തിയും തന്റെ ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും ഭാവികാലത്തെയും അഭിമുഖീകരിക്കുന്ന രീതികളും സ്വയം സ്‌നേഹത്തിന്റെ ഭാഗമാണ്. ഇന്നലെകളിലെ ഓര്‍മ്മകള്‍ പ്രത്യേകിച്ചും ചില ട്രോമാറ്റിക് അനുഭവങ്ങള്‍ അംഗീകരിക്കാന്‍ അത്ര എളുപ്പമല്ല. തങ്ങളുടെ ജീവിതാന്തസിനെ ഇഷ്ടപ്പെടാനാകാത്തതിന്റെ പേരില്‍, ഓരോ ദിവസവും ചെയ്തു തീര്‍ക്കാനുള്ള ഉത്തരവാദിത്വങ്ങള്‍ അംഗീകരിക്കാത്തതിന്റെ പേരില്‍, വര്‍ത്തമാനകാലത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ കണ്ടിട്ടുണ്ട്. തന്റെ ഭാവി ജീവിതത്തെക്കുറിച്ച് പ്രകാശപൂര്‍ണ്ണമായ ഒരു സൂചന പോലും കാണാനാകാതെ ആകുലതകളുടെ ആഴക്കയങ്ങളില്‍ താഴുന്നവരുമുണ്ട്.
തന്റെ വ്യക്തിത്വത്തിലെയും ജീവിതത്തിലെയും മാറ്റാനാവാത്ത ചില ഘടകങ്ങളെ ഭാവാത്മകമോ നിഷേധാത്മകമോ ആയ വിധികളില്ലാതെ (positive or negative judgement) സ്വീകരിക്കാനും അംഗീകരിക്കാനും ആകുന്നതാണ് ഈ സ്വയം സ്‌നേഹത്തിന്റെ കാതല്‍. ദൈവം തന്നെ കാണുന്ന കണ്ണോടെ തനിക്ക് തന്നെത്തന്നെ കാണാന്‍ സാധിക്കുന്നിടത്ത് സ്വയം സ്‌നേഹം സാധ്യമാകും. ''ജീവിതത്തില്‍ മാറ്റാനാവാത്തവയെ പ്രശാന്തതയോടെ അംഗീകരിക്കാനുള്ള കൃപ തരണമേ ദൈവമേ'' എന്ന പ്രസിദ്ധമായ 'പ്രശാന്തതയുടെ പ്രാര്‍ത്ഥന' (serenity prayer) കാള്‍ റൈനോള്‍ഡ് നൈബര്‍ഗിനെക്കൊണ്ട് എഴുതിപ്പിച്ചത് ഇത്തരം ഒരു ചിന്തയില്‍ നിന്നാകാം.
സ്വയം-സ്‌നേഹത്തിലധിഷ്ഠിതമായ സ്വയം-പരിചരണത്തിന് വളരെയധികം രീതികള്‍ മനഃശാസ്ത്രത്തില്‍ നിലവിലുണ്ട്. തന്റെ ചിന്താരീതികളെയും വൈകാരിക പ്രവണതകളെയും തീരുമാനമെടുക്കുന്ന രീതികളെയും തിരിച്ചറിയുകയും മനസ്സിലാക്കുകയും ചെയ്യുന്ന ധ്യാനാത്മക വ്യായാമങ്ങള്‍ തന്നെത്തന്നെ അറിഞ്ഞ് കൂടുതല്‍ സ്‌നേഹിക്കാന്‍ സഹായിക്കുന്നവയാണ്. തനിക്കിതുവരെ പരിചിതമില്ലാത്ത പുതിയ കാര്യങ്ങള്‍ പരിശീലിക്കാന്‍ നിര്‍ദേശിക്കുന്ന ചില സ്വയം-പരിചരണ ശൈലികളുണ്ട്. പുതിയ മേഖലകള്‍ ഉയര്‍ത്തുന്ന പുതിയ വെല്ലുവിളികളും അതോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന പരാജയങ്ങളും പുതിയ കാര്യങ്ങള്‍ പഠിക്കാനായിട്ട് നമ്മെ പ്രചോദിപ്പിക്കുന്നു.
മനഃശാസ്ത്ര മേഖലയില്‍ മാത്രമല്ല, ആത്മീയ മേഖലയിലും സ്വയം -പരിചരണ മാര്‍ഗങ്ങളുണ്ട്. തന്റെ വ്യക്തിത്വത്തിന് ചേര്‍ന്ന ഒരു ആത്മീയ പാത (spiritual stream) കണ്ടെത്തി പിന്തുടരുന്നതും, തന്നെ ആത്മീയമായി ഉണര്‍ത്തുന്ന ഇടങ്ങളെ തിരിച്ചറിഞ്ഞ് അവിടങ്ങളില്‍ ഇടയ്ക്കിടെ സമയം ചെലവഴിക്കുന്നതും അത്തരം ചില ശൈലികളാണ്. കൃത്യമായ ഇടവേളകളില്‍ ആരോഗ്യപരമായ ഭക്ഷണം കഴിക്കുന്നതും, വേണ്ടത്ര സമയം ഉറങ്ങുന്നതും, അവശ്യ സന്ദര്‍ഭങ്ങളില്‍ കാലതാമസം വരാതെ വൈദ്യശുശ്രൂഷ തേടുന്നതുമെല്ലാം തികച്ചും പ്രാഥമികമായ സ്വയംപരിചരണ മാര്‍ഗങ്ങളാണ്. ഉദാഹരണങ്ങള്‍ അനവധിയാണ്. ചിലത് പരിചയപ്പെടുത്തിയെന്നേയുള്ളൂ.
ലോകാരോഗ്യ സംഘടന (WHO) എല്ലാവര്‍ഷവും അന്താരാഷ്ട്ര സ്വയം-പരിചരണ ദിനം (International Self-Care Day) ആയി ആചരിക്കുന്നത് ജൂലൈ 24 നാണ്. ഈ തീയതി തിരഞ്ഞെടുത്തതിന് പിന്നില്‍ ഒരു പ്രത്യേക കാരണമുണ്ട്. ജൂലൈ 24 ചുരുക്കരൂപത്തില്‍ എഴുതിയാല്‍ 24/7 എന്നാണ്. ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും ഓരോ വ്യക്തിയും സ്വയം നടത്തേണ്ട ഒരു നിരന്തരമായ പരിശ്രമമാണ് ഈ സ്വയം-പരിചരണം എന്ന് സൂചിപ്പിക്കലാണ് ഇതിന്റെ ഉദ്ദേശം. ഏതൊരു വ്യായാമ മുറകളും ജീവിതത്തിലെ അഭ്യാസങ്ങളും (life-skills) പോലെ സ്വയം-പരിചരണത്തില്‍ പുലര്‍ത്തേണ്ട നിതാന്തമായ ആവര്‍ത്തനങ്ങളെ കുറിച്ചാണ് WHO പ്രതീകാത്മകമായി നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.