ചെറിയാച്ചന്‍, സ്‌നേഹം മാത്രം നിലനില്‍ക്കും

ചെറിയാച്ചന്‍, സ്‌നേഹം മാത്രം നിലനില്‍ക്കും

ചെറിയാച്ചന്‍,

കാര്യങ്ങള്‍ ഇവിടെ അത്ര രസമല്ല മിസ്റ്റര്‍.

സമര സഭ, ലോകത്തിന്റെ

വ്യവഹാരങ്ങളിലാണ്

ളോഹയുടെ നിറം

മങ്ങി മങ്ങി വരുന്നു

നിങ്ങളുടെ ആ ജുബ്ബയും

തോള്‍ സഞ്ചിയും !

ഇനിയൊരാള്‍

അതെടുത്തണിയാന്‍

വരുമോ ?

സ്വര്‍ഗത്തില്‍ ഏത്

ആരാധനാ ക്രമമാണ് ?

ഞാന്‍ നിങ്ങളെ ഈ സമയങ്ങളില്‍

മിസ് ചെയ്യുന്നു

ഇവിടെ ഇനി ക്രിസ്തുമാര്‍

ബാക്കിയില്ല

ക്രിസ്ത്യാനികള്‍ മാത്രം

അവര്‍ക്കു കുരിശില്‍ മരിക്കാനറിയില്ല

കുരിശു യുദ്ധമാണ് അറിയുന്നത്

ലോകാവസാനം ഈയടുത്തെങ്ങാനും

ഉണ്ടാകുമോന്ന് അറിയാമോ ?

ചെറിയാച്ചാ,

നിര്‍മലമായ സ്‌നേഹം

നിങ്ങളില്‍ ഞാനതു കണ്ടതുകൊണ്ട്

ഞാനതില്‍ ഇന്നും വിശ്വസിക്കുന്നു

നിങ്ങളൊരു വിശുദ്ധനായി

രൂപക്കൂട്ടില്‍ കയറി പോസ്റ്റാകാത്തിരിക്കുന്നതില്‍

എന്റെ പ്രാര്‍ത്ഥനയുണ്ട്

ആ സ്മരണ വേണം !

അതുകൊണ്ട്

ഞങ്ങള്‍ക്ക് വേണ്ടി

സ്വര്‍ഗത്തില്‍ ചരടുവലികള്‍ നടത്തുക

ഞാനെത്ര പ്രാര്‍ത്ഥിച്ചാലും

എന്റെ മുന്നില്‍ പ്രത്യക്ഷപ്പെടരുത്

ലോലഹൃദയനാണ് ബോധക്കേടുണ്ടാകും ?

നമുക്കിങ്ങനെ കവിതകള്‍ കൈമാറാം

ചിരിക്കാം,

ചിരികള്‍ വെറുതെ കൊടുക്കാം

മിണ്ടാതിരിക്കാം

ഇടപെടേണ്ടടുത്ത് ഇടപെടാം

സ്വര്‍ഗത്തില്‍

ഈശോ ചിരിക്കുന്നതെങ്ങനെയാണ് ?!

ഓ മാന്‍ !?

യുവാക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം

സ്വാവബോധം

പരിസരബോധം

ആത്മീയത

പ്രണയം

ജോലി

അവര്‍ക്കെല്ലാമുണ്ടാകട്ടെ !

ചെറിയാച്ചന്‍,

ഇവിടെയുള്ള നിങ്ങളുടെ കൂട്ടുകാരുടെ

സ്വര്‍ഗീയ മധ്യസ്ഥനാകൂ

വൈദികരുടെ മാതൃക

ഇടയനില്ലാത്ത ഇടയന്മാരാണവര്‍ !

ഓക്കേ ?

ഇല്ലെങ്കില്‍ ചെറിയാച്ചനെ വിശുദ്ധനാക്കി

നൊവേനയിറക്കി അതിലെ പാട്ടില്‍

നിങ്ങളെ എയറില്‍ കേറ്റി

ഞാന്‍ നശിപ്പിക്കും!

അതുകൊണ്ട് ജാഗ്രതൈ!

മാതാവിനോട് അന്വേഷണം പറയണം

കൊന്ത ഒക്കെ ചൊല്ലിയിട്ട് കുറച്ചായി

അല്ലേലും ഞങ്ങളുതമ്മില്‍

കോന്തേടെ മാത്രം ബന്ധമല്ലലോ ?

അപ്പൊ സെറ്റ്

മതങ്ങളും

സഭകളും

പാരമ്പര്യങ്ങളും

കടന്നുപോകും,

സ്‌നേഹം മാത്രം നിലനില്‍ക്കും

ആമേന്‍.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org