പ്രാദേശികഭാഷകളെ സംരക്ഷിക്കുക, വളര്‍ത്തുക

പ്രാദേശികഭാഷകളെ സംരക്ഷിക്കുക, വളര്‍ത്തുക
ആട, ഈട തുടങ്ങിയ വാക്കുകള്‍ സംസാരത്തില്‍ വന്നുപോകരുതെന്നു സ്വയം പറഞ്ഞുകൊണ്ട്, നമ്മുടെ സ്വാഭാവികമായ ഭാഷയെ ഒരു അരിപ്പ നാവില്‍ വച്ച് അരിച്ചു മാറ്റിക്കൊണ്ടാണു ഞാന്‍ സിനിമാക്കാരോടു കഥകള്‍ പറഞ്ഞിരുന്നത്. അതു വലിയൊരു പ്രശ്‌നമാണ്. കുറെ പറഞ്ഞു കഴിയുമ്പോള്‍ നമ്മുടെ തനതായ ഭാഷ പുറത്തേയ്ക്കു വരികയും കാസര്‍കോഡന്‍ ഭാഷയിലേയ്ക്കു മാറുകയും കഥയില്‍ നിന്നു മാറി പറയുന്ന ഭാഷയില്‍ അമിതമായി ശ്രദ്ധിക്കുകയും കഥ കൃത്യമായി പറയാന്‍ കഴിയാതെ വരികയും ചെയ്യുമായിരുന്നു.

ഭാഷ ഒരു സമൂഹത്തിന്റെ രക്തവും ശ്വാസവും ജീവനുമാണ്. ഉര്‍ദു ഭാഷ മാതൃഭാഷയായി പ്രഖ്യാപിക്കണം എന്ന ആവശ്യത്തിനെതിരെ ധാക്കാ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരങ്ങളും അതിനെതിരായ വെടിവയ്പും കൊലപാതകങ്ങളും സമാനമായ സംഭവങ്ങളും ഭാഷയുടെ ചരിത്രത്തിലുണ്ട്. ശ്രീലങ്കയിലും നമ്മളിതു കണ്ടിട്ടുണ്ട്. ഭാഷയ്ക്കു വേണ്ടി രക്തം ചിന്താന്‍ വരെ തയ്യാറായ സമൂഹങ്ങളുടെ ഓര്‍മ്മകള്‍ക്കു മുമ്പിലാണ് നമ്മള്‍ മാതൃഭാഷാദിനത്തില്‍ പ്രണാമം അര്‍പിക്കുന്നത്.

മനുഷ്യന്‍ ഇന്നു കാണുന്ന അവസ്ഥയിലേയ്ക്ക് ആന്തരീകമായി പുരോഗമിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഏറ്റവും വലിയ ചാലകശക്തി ഭാഷയാണ് എന്നു നമുക്കറിയാം. യുവാല്‍ നോവ ഹരാരിയുടെ സാപിയന്‍സ് എന്ന പുസ്തകം നമ്മളെല്ലാം വായിച്ചിട്ടുണ്ടല്ലോ. മൂന്നു തരത്തിലുള്ള മനുഷ്യവര്‍ഗത്തെ കുറിച്ച് ആ പുസ്തകത്തിലദ്ദേഹം പറയുന്നുണ്ട്. ഒന്ന്, നിയാണ്ടര്‍താല്‍ മനുഷ്യര്‍. രണ്ട്, ഹോമോപിയന്‍സ്. മൂന്ന്, ഡോമിനോസ്. ഈ മൂന്നു വര്‍ഗങ്ങളില്‍ ഏറ്റവും ശക്തരായിരുന്നത് നിയാണ്ടര്‍താല്‍ മനുഷ്യരായിരുന്നു. ഏഴടിയിലധികം ഉയരവും ശാരീരികക്ഷമതയും കായികശക്തിയുമൊക്കെ ഉണ്ടായിരുന്നവര്‍. ആ വര്‍ഗത്തെ താരതമ്യേന ദുര്‍ബലരായ ഹോമോസാപിയന്‍സ് തോല്‍പിച്ച് ലോകത്തെ കീഴടക്കിയെന്നതിന് ഒറ്റ കാരണമേയുള്ളൂ. ഹോമോസാപിയന്‍സ് ഭാഷ കണ്ടുപിടിച്ചു, അവര്‍ക്കു ഭാഷയറിയാമായിരുന്നു എന്നതാണത്. ഭാഷയിലൂടെ അവര്‍ ഒറ്റക്കെട്ടായി, വലിയൊരു സമൂഹമായി രൂപപ്പെടുകയാണ്. ഭാഷയറിയാത്ത നിയാണ്ടര്‍താല്‍ മനുഷ്യര്‍ ഒറ്റയ്‌ക്കൊറ്റയ്ക്കു നിന്നു പോരാടുമ്പോള്‍ സാപിയന്‍സ് അതിനു പകരം ആയുധമായി ഭാഷയെ കണ്ടുപിടിക്കുകയും കായികബലത്തേക്കാള്‍ ശക്തിയുള്ളതാണു വിനിമയം എന്ന് മനസ്സിലാക്കുകയും അതിന്റെ ഫലമായി ഒറ്റക്കെട്ടായി ഒരു ഭാഷയുടെ കീഴില്‍ അണിനിരക്കുകയും അങ്ങനെ അവര്‍ തങ്ങളേക്കാള്‍ കായികബലമുള്ള ഒരു ശക്തിയ്ക്കു നേരെ പോരാടുകയും വിജയം വരിക്കുകയും ചെയ്തു.

ഒരു സമൂഹത്തിന്റെ അടിത്തറ ഭാഷയാണ്. ഭാഷ നഷ്ടപ്പെടുമ്പോള്‍ തങ്ങളുടെ അടിത്തറ നഷ്ട്ടപ്പെടുന്നു, കാലിനടിയിലെ മണ്ണ് ഒഴുകിപ്പോകുന്നു, അതിന്റെ ഫലമായി തങ്ങള്‍ക്കിനി നിലനില്‍ക്കാന്‍ സാധിക്കുകയില്ല, അങ്ങനെയൊരവസ്ഥയിലേയ്ക്കാണ് അധികാരം തങ്ങളെ കൊണ്ടുപോകുന്നത് എന്നു മനസ്സിലായതിന്റെ അടിസ്ഥാനത്തിലാണ് യഥാര്‍ത്ഥത്തില്‍ ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഭാഷയ്ക്കു വേണ്ടി രക്തം ചിന്താന്‍ പോലും തയ്യാറായത്.

ക്വിറ്റ് ഇന്ത്യാ സമരവും ഉപ്പുസത്യഗ്രഹവും സമാനസംഭവങ്ങളും മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ചരിത്രനിര്‍മ്മാണമാണ് സ്വാതന്ത്ര്യസമരത്തിന്റെ കാര്യത്തില്‍ നാം നടത്തിയിട്ടുള്ളത്. പക്ഷേ ഇന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രമെഴുതുമ്പോള്‍ ഓരോ ഗോത്രജനതകളുടെ കൂടി ചരിത്രം രേഖപ്പെടുത്തേണ്ടതുണ്ട് എന്നു നമുക്കു പറയേണ്ടി വരും. ആ ഗോത്രചരിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടു മാത്രമേ ഇന്ന് ഒരു ചരിത്രനിര്‍മ്മാണം സാദ്ധ്യമാകൂ.

ഓരോരുത്തരുടെയും ദേശം വളരെ പ്രധാനപ്പെട്ടതാണ്. റിപ്പോര്‍ട്ട് ടു ഗ്രീക്കോ എന്ന കസന്‍ദ് സക്കീസിന്റെ പുസ്തകത്തില്‍ പ്രസിദ്ധമായ ഒരു ഭാഗമുണ്ട്. ''സഹതാപാര്‍ദ്രനായി, പ്രശാന്തതയോടെ, ഉള്ളംകൈയില്‍ ക്രീറ്റിന്റെ മണ്‍കട്ടയെടുത്ത് ഞാന്‍ ഞെരിക്കുന്നു. ഈ മണ്ണിനെ ചുറ്റിത്തിരിയല്‍ വേളകളിലും ഞാന്‍ എന്നോടൊപ്പം കരുതിയിരിക്കുന്നു. ഇടയ്ക്കു കൈത്തലത്തില്‍ വച്ച് ഞാനതിനെ അമര്‍ത്തുന്നു. കടുത്ത സംത്രാസത്തോടെ. അപ്പോള്‍ വലിയൊരു ശക്തി എന്നിലേയ്ക്കു സംഭരിച്ചെടുക്കാന്‍ എനിക്കു സാധിക്കുന്നു.'' കാരണം, ക്രീറ്റിന്റെ മണ്‍കട്ടയെടുത്ത് കൈയില്‍ പിടിച്ചു ഞെരിക്കുമ്പോള്‍ അപാരമായ ശക്തി തന്നിലേയ്ക്ക് ആവാഹിച്ചെടുക്കാന്‍ സാധിക്കുന്നു എന്ന് കസന്‍ദ് സക്കീസ് പറയുന്നു.

ദേശം അത്രമാത്രം പ്രധാനപ്പെട്ടതാണ് എന്നതാണ് നാം ഇതില്‍ നിന്നു മനസ്സിലാക്കേണ്ടത്. സ്വന്തം ദേശത്തില്‍ നിന്നു സ്വീകരിക്കുന്ന ഊര്‍ജം കൊണ്ടാണ് നമ്മുടെ ജീവിതത്തിന്റെ വണ്ടി നാം മുന്നോട്ടോടിച്ചുകൊണ്ടിരിക്കുന്നത്. അല്ലാതെ നമുക്കതിനു സാധിക്കുകയില്ല. ദേശം ഒരു സംസ്‌കാരമാണ്. സംസ്‌കാരത്തിനകത്ത് ഭാഷയുണ്ട്, ആചാരങ്ങളുണ്ട്, അനുഷ്ഠാനങ്ങളുണ്ട്, ശാസ്ത്രമുണ്ട്, ചരിത്രമുണ്ട്, വസ്ത്രമുണ്ട്, ആഹാരമുണ്ട്. ഈ സംസ്‌കാരത്തെ മുഴുവന്‍ വിനിമയം ചെയ്യുന്ന വാഹനമാണ് ഭാഷ. ഭാഷയില്ലെങ്കില്‍ ഇവയൊന്നും പരസ്പരം വിനിമയം ചെയ്യാന്‍ സാധിക്കില്ല.

ഒരു സംസ്‌കാരത്തെ വഹിച്ച്, വിവിധ സ്ഥലങ്ങളിലേയ്ക്ക് എത്തിക്കാനുള്ള ചാലകശക്തിയായിട്ടാണ് ഭാഷ പ്രവര്‍ത്തിക്കുന്നത്. ഭാഷയെ വിട്ടുകൊണ്ടുള്ള ഒരു സംസ്‌കാരത്തെ കുറിച്ചും നമുക്കു ചിന്തിക്കാന്‍ സാധിക്കില്ല. യു ആര്‍ അനന്തമൂര്‍ത്തിയുടെ അച്ഛന്‍ വലിയ ഭാഷാപണ്ഡിതനും താര്‍ക്കികനുമൊക്കെയായിരുന്നു. അമ്മ സാധാരണക്കാരിയായ വീട്ടമ്മയാണ്. അനന്തമൂര്‍ത്തി എഴുത്തുകാരനായി. സ്വാഭാവികമായും അദ്ദേഹം തന്റെ ഭാഷ രൂപീകരിച്ചത് ഭാഷാപണ്ഡിതനായ തന്റെ അച്ഛനില്‍ നിന്നാണെന്നു നാം കരുതും. പക്ഷേ അങ്ങനെയല്ല സംഭവിച്ചത്. പണ്ഡിതന്മാരുടെ ഒരു കൂട്ടം തന്റെ വീടിന്റെ പൂമുഖത്തു നില്‍ക്കുമ്പോള്‍ വീടിന്റെ പിന്നാമ്പുറത്തുള്ളത് വീട്ടിലെ പണിക്കാരും മറ്റുമായ നാട്ടിന്‍പുറത്തുകാരാണ്. അവര്‍ പറയുന്നത് സാധാരണക്കാരുടെ ഭാഷയാണ്. അവര്‍ക്ക് തങ്ങളുടേതായ കഥകളുണ്ട്. മിത്തുകളും വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ട്. അസംസ്‌കൃതമായ അടുക്കളപ്പുറത്തു കേള്‍ക്കുന്ന വര്‍ത്തമാനങ്ങളില്‍ നിന്ന് അവരുടെ ഭാഷയും രീതിയും ഒക്കെ കേട്ടപ്പോള്‍ ഇവ എത്രയോ ഉന്നതമായ കാര്യങ്ങളാണെന്ന് അനന്തമൂര്‍ത്തിയ്ക്കു മനസ്സിലായി. അച്ഛന്‍ പൂമുഖത്തു പറയുന്ന വരേണ്യമായ ഭാഷയേക്കാള്‍ ഔന്നത്യമുള്ള ഭാഷയും സംസ്‌കാരവും ജീവിതവുമാണ് തന്റെ വീടിന്റെ അടുക്കളപ്പുറത്തുണ്ടായിരുന്നതെന്നു അനന്തമൂര്‍ത്തി പറഞ്ഞിട്ടുണ്ട്.

അടുക്കളപ്പുറത്തു നിന്ന്, അതായതു ദേശത്തു നിന്നു കിട്ടുന്ന ഭാഷയാണ് ഒരു എഴുത്തുകാരനെ സൃഷ്ടിക്കുന്നത്. നമ്മുടെ ഗോത്രഭാഷകളെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നാടന്‍ ഭാഷ സംസാരിക്കുക എന്നത് നമുക്കൊരു തമാശയാണ്. ഞാന്‍ കാസര്‍കോഡ് നിന്നു വരുന്ന ഒരാളാണ്. എറണാകുളത്തു വന്നാല്‍ സംസാരിക്കാന്‍ എനിക്ക് അപകര്‍ഷത തോന്നിയിരുന്നു. ആട, ഈട, പാഞ്ഞിന, കീഞ്ഞിന എന്നൊക്കെ സംസാരഭാഷയില്‍ വരും. ഇതു വലിയ പ്രശ്‌നമാണ്. സിനിമ എഴുതാന്‍ വന്നതാണു ഞാന്‍. നിര്‍മ്മാതാവിനോടും സംവിധായകനോടും സിനിമയുടെ കഥ മുഴുവന്‍ നാം പറയേണ്ടി വരും. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയുടെ കഥ മുഴുവന്‍ പറയുക എന്നതു വലിയ പണിയുള്ള കാര്യമാണ്. ആട, ഈട തുടങ്ങിയ വാക്കുകള്‍ സംസാരത്തില്‍ വന്നുപോകരുതെന്നു സ്വയം പറഞ്ഞുകൊണ്ട്, നമ്മുടെ സ്വാഭാവികമായ ഭാഷയെ ഒരു അരിപ്പ നാവില്‍ വച്ച് അരിച്ചു മാറ്റിക്കൊണ്ടാണു ഞാന്‍ സിനിമാക്കാരോടു കഥകള്‍ പറഞ്ഞിരുന്നത്. അതു വലിയൊരു പ്രശ്‌നമാണ്. കുറെ പറഞ്ഞു കഴിയുമ്പോള്‍ നമ്മുടെ തനതായ ഭാഷ പുറത്തേയ്ക്കു വരികയും കാസര്‍കോഡന്‍ ഭാഷയിലേയ്ക്കു മാറുകയും കഥയില്‍ നിന്നു മാറി പറയുന്ന ഭാഷയില്‍ അമിതമായി ശ്രദ്ധിക്കുകയും കഥ കൃത്യമായി പറയാന്‍ കഴിയാതെ വരികയും ചെയ്യുമായിരുന്നു. ഇത്തരം നിരവധി സന്ദര്‍ഭങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്.

തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ വന്നതോടെ കാസര്‍കോടന്‍ ഭാഷ പ്രചാരത്തിലായിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂടിന്റെ സിനിമകളിലൂടെയും മറ്റും തിരുവന്തപുരം ഭാഷ ഇപ്രകാരം പ്രചരിച്ചിരുന്നു. ഇത്തരത്തില്‍ ചില പ്രാദേശികഭാഷകള്‍ പ്രചാരം നേടുന്നുണ്ടെങ്കിലും അവയുടെ ആഴങ്ങളിലേയ്ക്കു പോയി ആ സംസ്‌കാരത്തെയോ പ്രാദേശികതയെയോ കുറിച്ചൊന്നും പഠിക്കാനുള്ള സന്നദ്ധത നാം കാണിക്കുന്നില്ല. ഇതൊക്കെ ഒരു തമാശയായി മാത്രം കണ്ടുകൊണ്ട്, ഇത്തരം ഭാഷകളെ അരികു ചേര്‍ത്തു നിറുത്തുന്ന സമ്പ്രദായം ഇവിടെയുണ്ട്.

എങ്കിലും സിനിമ എന്ന വലിയ കമ്മ്യൂണിക്കേഷന്‍ മാധ്യമത്തില്‍ ഇത്തരത്തിലുള്ള ഭാഷകള്‍ ഉപയോഗിക്കുന്നതോടു കൂടി ഇവ കൂടുതല്‍ പ്രചാരം നേടുന്നുണ്ട്. കന്നടയിലും ഇത്തരം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ജീവിതവുമായി ബന്ധമില്ലാത്ത സിനിമകളാണ് കന്നടയില്‍ നേരത്തെ വന്നിരുന്നത്. അവിടെ രക്ഷി ഷെട്ടിയെ പോലുള്ള സംവിധായകരുടെ സിനിമകളില്‍ ദക്ഷിണ കാനറയിലെ ജീവിതകഥകള്‍ വരാന്‍ തുടങ്ങി. അതിര്‍ത്തിഗ്രാമങ്ങളിലെ കഥകള്‍ പറയുമ്പോള്‍ ആ ഗ്രാമങ്ങളുടെ സംസ്‌കാരവും അവയില്‍ വരുന്നു. വളരെയധികം ആളുകള്‍ ഇത്തരം സിനിമകള്‍ കാണുന്നുണ്ട്. അതു നല്ലതാണ്.

സപ്തഭാഷാസംഗമഭൂമിയെന്നാണു കാസര്‍കോടിനെ വിശേഷിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ സപ്തഭാഷയല്ല, ഇരുപത്തഞ്ചോളം ഭാഷകളുണ്ട്, കാസര്‍കോട്. എത്രയെത്ര സംസ്ഥാനങ്ങളില്‍ നിന്നു വന്ന ആളുകള്‍ കൂടിച്ചേര്‍ന്ന ഒരു സങ്കര സംസ്‌കാരമാണ് കാസര്‍കോടിന്റേതെന്നറിയുന്നത് അത്ഭുതകരമാണ്. പക്ഷേ, പല ഭാഷകളും നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ബാരി, തുളു തുടങ്ങിയ ഭാഷകള്‍. ഒരു കാലഘട്ടത്തില്‍ സജീവമായിരുന്ന തുളു ഭാഷ പിന്നീടു നശിച്ചു പോകുകയും പിന്നീടതിനെ വീണ്ടെടുക്കുകയും ചെയ്തു. നിരവധി കൃതികള്‍ ആ ഭാഷയില്‍ ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നുണ്ട്. ആ ഭാഷയില്‍ നിന്നുള്ള കഥകള്‍ മലയാളത്തിലേയ്ക്കു വരുന്നു, തിരിച്ചും സംഭവിക്കുന്നു. എന്റെ രണ്ടോ മൂന്നോ കഥകള്‍ തുളുവിലേയ്ക്കു പരിഭാഷ ചെയ്തിട്ടുണ്ട്. അതൊക്കെ ആ ഭാഷയെ പുനരുജ്ജീവിപ്പിച്ചതിന്റെ ഫലമാണ്.

ഇന്ത്യയില്‍ നിന്നാണ് ഏറ്റവും അധികം ഭാഷകള്‍ നഷ്ടപ്പെട്ടു പോയിട്ടുള്ളത്. ആയിരത്തിലധികമാണ് ഇന്ത്യയില്‍ നഷ്ടമായ ഭാഷകള്‍. ലോകത്തിലാകെ പതിനായിരത്തിലേറെ ഭാഷകള്‍ നഷ്ടപ്പെട്ടുപോയിട്ടുണ്ട്. ഒരു ഭാഷ നഷ്ടപ്പെടുമ്പോള്‍ വേഡും വേള്‍ഡും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടുപോകുകയാണ്. വാക്കും ലോകവും തമ്മിലുള്ള ബന്ധം. പെട്ടെന്നു കേള്‍വി നഷ്ടപ്പെടുന്നതുപോലെ, പെട്ടെന്ന് അന്ധനാകുന്നതുപോലെ ഉള്ള ഒരവസ്ഥയാണ് ഭാഷ നഷ്ടമാകുമ്പോള്‍ ഉണ്ടാകുന്നത്.

എങ്ങനെയാണ് ഒരു പ്രാദേശികഭാഷ നമുക്കു നഷ്ടമാകുന്നത്? ഉദാഹരണം പറയാം. നിരന്തരമായി ഉപയോഗിക്കുമ്പോള്‍ മാത്രമേ ഒരു ഭാഷ വളരുകയുള്ളൂ. ഒരു കടല്‍തീരം ആലോചിക്കുക. കുറെ മുക്കുവന്‍മാര്‍ അവിടെ താമസിക്കുന്നു. അവരുടേതായ ഭാഷയും ഭക്ഷണവും ആചാരങ്ങളുമൊക്കെയുണ്ട്. നൂറ്റാണ്ടുകള്‍ കൊണ്ടു രൂപപ്പെടുത്തിയ വൈദ്യവും വസ്ത്രവും കടലനുഭവങ്ങളും അറിവുകളും ഒക്കെ അവര്‍ക്കുണ്ടാകും. മീനുകളെ കുറിച്ചുള്ള വലിയൊരു വിജ്ഞാനശേഖരം തന്നെ അവര്‍ക്കുണ്ടാകും. മീന്‍ ഉപയോഗിച്ചുള്ള ആഹാരവൈവിദ്ധ്യത്തെ കുറിച്ചവര്‍ക്കറിയാം. അവരുടേതായ സംഗീതവും പാട്ടുകളും ഉണ്ടാകാം. അങ്ങനെ പലതും. ഇതെല്ലാം കൂടിച്ചേര്‍ന്നുകൊണ്ടുള്ള ഒരു ജനത അവിടെ താമസിക്കുകയാണെന്നു വിചാരിക്കുക. അവര്‍ തോണിയില്‍ പോയി മീന്‍ പിടിച്ചു ജീവിക്കുന്നു.

ഈ സമയത്ത് വലിയ ബഹുരാഷ്ട്രകമ്പനികളുടെ കപ്പലുകള്‍ വന്ന് ആ കടലില്‍ മീന്‍ പിടിക്കാന്‍ തുടങ്ങിയെന്നു കരുതുക. അവിടെയുള്ള മത്സ്യസമ്പത്ത് മുഴുവന്‍ കൊള്ളയടിച്ചിട്ടു കപ്പലുകള്‍ തിരിച്ചു പോകുന്നു. പിന്നെ ചെറിയ തോണികളുമായി മത്സ്യതൊഴിലാളികള്‍ കടലിലേയ്ക്കു പോകുന്നു. അവര്‍ക്കു മത്‌സ്യം കിട്ടുന്നില്ല. മത്സ്യലഭ്യത ഇല്ലാതാകുമ്പോള്‍ ജീവിക്കാനുള്ള വക അവര്‍ക്കു കിട്ടുന്നില്ല. സ്വാഭാവികമായും അവര്‍ മറ്റു തൊഴിലിടങ്ങള്‍ തേടി അടുത്തുള്ള നഗരങ്ങളിലേയ്ക്കു പോകും. അല്ലെങ്കില്‍ വിദേശത്തേയ്ക്കു പോകും. അതോടു കൂടി ആ സംസ്‌കാരവുമായി ബന്ധം നഷ്ടപ്പെടുകയാണ്. അവര്‍ മറ്റു നാടുകളില്‍ സ്ഥിരവാസമാക്കുന്നു. പിന്നെ ഈ ഭാഷ ആരും ഉപയോഗിക്കുന്നില്ല, സംസ്‌കാരം ആരും ഉള്‍ക്കൊള്ളുന്നില്ല. ആ ഭാഷ പറഞ്ഞാല്‍ തന്നെ പുതിയ തലമുറയ്ക്കു മനസ്സിലാകുന്നില്ല. അതോടെ ഈ ഭാഷയും സംസ്‌കാരവും നഷ്ടപ്പെട്ടു പോകുകയാണ്. ഇങ്ങനെയാണ് ഭാഷകള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്നത്.

ചിലിയിലെ ഒരു ഗ്രാമത്തിലെ 93 വയസ്സുള്ള ഒരു അമ്മൂമ്മ മരിച്ച വാര്‍ത്ത ഈയിടെ പത്രത്തില്‍ കണ്ടു. ഒരു പ്രത്യേക ഗോത്രത്തില്‍ പെട്ട ആളാണ് അവരെന്നും ചിലിയിലും അര്‍ജന്റീനയിലുമുള്ള ആ ഗോത്രഭാഷയാണ് അവര്‍ സംസാരിച്ചിരുന്നതെന്നും ആ ഭാഷ സംസാരിച്ചിരുന്ന ഒരേയൊരാളായിരുന്നു അവരെന്നുമായിരുന്നു വാര്‍ത്ത. അവരുടെ സഹോദരി കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പു മരിച്ചു പോയി. അവര്‍ക്കും ഈ ഭാഷ അറിയാമായിരുന്നു. ഇനി തനിക്കു മാത്രമേ ഈ ഭാഷ അറിയൂ എന്നതുകൊണ്ട് ആ സ്ത്രീ ഈ ഭാഷയ്ക്ക് ഒരു നിഘണ്ടു ഉണ്ടാക്കുകയും സ്പാനിഷ് ഭാഷയിലേയ്ക്ക് പരിഭാഷപ്പെടുത്തുകയുമൊക്കെ ചെയ്തു. അതുകൊണ്ട് ആ ഭാഷ ഉണ്ടെന്നതിനു തെളിവായി. പക്ഷേ ആരെങ്കിലും അതിനി പഠിക്കുമോ എന്നറിയില്ല. ഏതെങ്കിലും ഭാഷാശാസ്ത്രജ്ഞരോ മറ്റോ ആ ഭാഷ പഠിച്ചേക്കാമെന്നു മാത്രം. അല്ലാത്ത പക്ഷം ആ മുത്തശ്ശിയോടെ ആ ഭാഷ അവസാനിക്കുകയാണ്. ആ ഗോത്രം ഒരുപാടാളുകള്‍ ഉണ്ടായിരുന്ന ഒരു ഗോത്രമായിരുന്നിരിക്കാം. അവരുണ്ടാക്കിയ ആഹാരവും ചികിത്സയും വസ്ത്രധാരണരീതികളും ശാസ്ത്രവും ഒക്കെ ഉണ്ടായിരുന്നിരിക്കാം. ഒരു മുത്തശ്ശിയുടെ മരണത്തോടെ അതെല്ലാം നഷ്ടമായി.

അതുപോലെ നമ്മുടെ നാട്ടില്‍ ആദിവാസികള്‍ക്കിടയിലുള്ള പല മരുന്നുകളും ആ ഗോത്രങ്ങള്‍ ഇല്ലാതാകുന്നതോടെ നഷ്ടമായിപോകുന്നുണ്ട്. പല രോഗങ്ങള്‍ക്കും ആദിവാസികള്‍ക്കു മരുന്നുകളുണ്ട്. പല ആധുനിക സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരും കൈയൊഴിഞ്ഞ രോഗികളെ വയനാട്ടിലെ ഒരു സാധാരണ ആദിവാസി വൈദ്യന്‍ ചികിത്സിച്ചു ഭേദപ്പെടുത്തിയതിന്റെ ചരിത്രം നമ്മുടെ മുമ്പിലുണ്ട്. എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്ത് നടുവേദന ഗുരുതരമായതുകൊണ്ട് ആത്മഹത്യയെ കുറിച്ചു ചിന്തിച്ചയാളാണ്. മംഗലാപുരം പോലെയുള്ള നഗരങ്ങളിലെ വന്‍കിട ആശുപത്രികളില്‍ ലക്ഷകണക്കിനു രൂപ ചിലവഴിച്ചു ചികിത്സിച്ചയാളാണ്. അവിടെ നിന്ന് തിരിച്ചു ജീവച്ഛവമായി വീട്ടിലേയ്ക്കു കൊണ്ടു വന്നയാളെ എടുത്തു ആദിവാസി വൈദ്യനെ കാണിച്ചു. ഇപ്പോള്‍ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അയാള്‍ പയറു പോലെ നടക്കുന്നു. ഗോത്രപാരമ്പര്യങ്ങളെ നശിപ്പിച്ചു കഴിഞ്ഞാല്‍ അവിടേയ്ക്കൂ പുതിയ മരുന്നുകള്‍ക്കു കയറി വരാന്‍ കഴിയും. അങ്ങനെ വില്‍പനയുടെ വലിയൊരു കമ്പോളം ഉണ്ടാക്കാന്‍ കഴിയും. കമ്പോളത്തിലൂടെ കാശുണ്ടാക്കാം.

വീരേന്ദ്രകുമാറിന്റെ ആമസോണിന്റെ ആകുലതകള്‍ എന്ന പുസ്തകത്തില്‍ ആമസോണ്‍ മേഖലയിലെ ഗോത്രങ്ങളെ കുറിച്ചു പറയുന്നുണ്ട്. അതിലൊരു ഗോത്രം ഒരു ധാന്യം കൊണ്ട് എഴുപതോളം പലഹാരങ്ങളുണ്ടാക്കുന്നവരാണ്്. ഒരു ധാന്യത്തിനുള്ള എഴുപതു റെസിപികള്‍. ആ ഗോത്രം ഇല്ലാതാകുന്നതോടെ ഈ രുചിക്കൂട്ടുകളും നമുക്കു നഷ്ടപ്പെടുകയാണ്.

അതുകൊണ്ട് ഇത്തരത്തിലുള്ള ഗോത്രഭാഷകളെ നാം നിലനിറുത്തിയേ തീരൂ. ഈ ഗോത്രഭാഷകളില്‍ നമ്മുടെ സമൂഹത്തിന്റെ ഊര്‍ജം നിലനില്‍ക്കുന്നു. ഗോത്രഭാഷ നഷ്ടപ്പെടുന്നതോടെ ബന്ധപ്പെട്ടതെല്ലാം നഷ്ടമാകുന്നു. ഇങ്കകളും ആസ്‌ടെക്കുകളും തമ്മിലുള്ള പോരാട്ടങ്ങളെ കുറിച്ചു നാം വായിച്ചിട്ടുണ്ട്. ഇങ്കകള്‍ ആസ്‌ടെക്കുകളുടെ കുട്ടികളെ പിടിച്ചുകൊണ്ടു വരുന്നു. പിന്നെ അവരുടെ ഭാഷ ഇല്ലാതാക്കുന്നു. അതിനുശേഷം തങ്ങളുടെ ഭാഷയും സംസ്‌കാരവും ഈ കുട്ടികളെ പഠിപ്പിക്കുന്നു. ഫലത്തില്‍ ആ ഗോത്രം തന്നെ നഷ്ടപ്പെടുകയാണ്. കുട്ടികള്‍ പുതിയ ഇങ്കാ സംസ്‌കാരത്തിന്റെയും ഗോത്രത്തിന്റെയും വക്താക്കളായി മാറുകയാണ്.

അധിനിവേശം നടത്തുന്ന ശക്തികള്‍ക്കറിയാം, ഒരു സമൂഹത്തെ നശിപ്പിക്കാന്‍ ആയുധങ്ങളല്ല ആവശ്യം. അവരുടെ ഭാഷ അവരില്‍ നിന്ന് എടുത്തു കളയുന്നതോടെയാണ് അവരെ പൂര്‍ണമായും നിരായുധരാക്കാന്‍ സാധിക്കുകയെന്നവര്‍ക്കറിയാം. ശ്രീലങ്കയിലുണ്ടായത് ശരിക്കും ഭാഷാപ്രശ്‌നമാണ്. ജാഫ്‌നയിലെ ലൈബ്രറി പൂര്‍ണമായും തീയിട്ടു നശിപ്പിച്ചു. ലോകത്തെ ഏറ്റവും പുരാതനമായ ഭാഷകളിലൊന്നാണ് തമിഴ്. അങ്ങനെയൊരു ഭാഷയ്ക്ക് എന്തുമാത്രം സമ്പന്നമായ ഒരു സാംസ്‌കാരികതലവും ഗ്രന്ഥങ്ങളും അറിവുമൊക്കെ ഉണ്ടാകും. അതു മൊത്തം കത്തിച്ചു കളയുന്നു.

ഇറാഖിനെ ആക്രമിക്കുമ്പോള്‍ ബാഗ്ദാദിലെ ലൈബ്രറിയ്ക്കു തീയിട്ടു. അലക്‌സാണ്ട്രിയയിലെ ലൈബ്രറി കത്തിച്ചു. ഇങ്ങനെ ഏതു കാലഘട്ടത്തിലും ഏതു രീതിയിലുള്ള അധിനിവേശങ്ങള്‍ വരുന്നിടത്തും അധികാരിവര്‍ഗങ്ങള്‍ ലൈബ്രറികളെ ലക്ഷ്യമാക്കാറുണ്ട്. കാരണം ഭാഷയെ ഇത്തരം അധിനിവേശകര്‍ക്കു ഭയമാണ്.

സി വി ബാലകൃഷ്ണന്റെ ഒരു കഥയുണ്ട്. ഒരു ഗ്രാമത്തില്‍ ആദ്യമായി കൊക്കോകോള വരികയാണ്. അതുവരെ മോരുംവെള്ളമായിരുന്നു അവിടത്തെ വില്‍പന. പുതിയ പാനീയം ആളുകള്‍ക്കെല്ലാം ഇഷ്ടമായി. അതോടെ എല്ലാവരും മോരുംവെള്ളം കുടിക്കല്‍ നിറുത്തുകയും എല്ലാ കടകളിലും പുതിയ പാനീയം വരികയും ആളുകളെല്ലാം അതിലേക്കാകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു. ഈ സമയത്ത് ഒരാള്‍ മാത്രം പറയുന്നു, എന്റെ കടയില്‍ കോള വേണ്ട, മോരുംവെള്ളം മാത്രമേ വില്‍ക്കൂ. അങ്ങനെ ദിവസവും അയാള്‍ മോരുംവെള്ളം കലക്കി വയ്ക്കുന്നു. കുടിക്കാന്‍ ആരും വന്നില്ലെങ്കിലും ഈ പാനീയത്തെ താനൊരിക്കലും കൈയൊഴിയില്ലെന്ന് അയാള്‍ പറയുന്നു. പ്രാദേശികസംസ്‌കാരങ്ങള്‍ നിലനിറുത്തപ്പെടണം എന്ന ഉറച്ച ബോദ്ധ്യമുള്ള ഒരു വൃദ്ധനെ നാം ഈ കഥയില്‍ കാണുന്നു. ആ ഗ്രാമീണവൃദ്ധന്റെ നിലപാടാണ് പ്രാദേശിക ഭാഷയെ കുറിച്ചു ചിന്തിക്കുമ്പോള്‍ നാം എടുക്കേണ്ടത് എന്നു തോന്നുന്നു. നമ്മുടെ മാതൃഭാഷയേയും ഗോത്രഭാഷയേയും നാട്ടുവാമൊഴികളെയും നാം സ്വീകരിക്കുകയും എഴുത്തിന്റെ ഭാഗമാക്കുകയും വിനിമയഭാഷയില്‍ അതുപയോഗിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

(ലോകമാതൃഭാഷാ ദിനത്തില്‍ തൃക്കാക്കര ഭാരതമാതാ കോളേജ് മലയാളം വിഭാഗത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org