
നമ്മുടെ വിശ്വാസക്കുറവും കുരിശിന്റെ വഴിയില്‍ യേശുവിനെ അനുഗമിക്കുന്നതിനോടുള്ള നമ്മുടെ ചെറുത്തുനില്‍പ്പും മറി കടക്കാനുള്ള, കൃപയാല്‍ നിലനിറുത്തപ്പെടുന്ന പ്രതിബദ്ധതയാണ് നോമ്പുകാല പ്രായശ്ചിത്തം.
മത്തായിയുടെയും മര്‍ക്കോസിന്റെയും ലൂക്കായുടെയും സുവിശേഷങ്ങളെല്ലാം യേശുവിന്റെ രൂപാന്തരീകരണം വിവരിക്കുന്നുണ്ട്. തന്റെ ശിഷ്യന്മാര്‍ തന്നെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടതിനോടുള്ള കര്‍ത്താവിന്റെ പ്രതികരണം നാം അവിടെ കാണുന്നു. കുറച്ചു മുമ്പ്, ഗുരുവും ശിമയോന്‍ പത്രോസും തമ്മില്‍ ഒരു യഥാര്‍ത്ഥ മുഖാമുഖം ഉണ്ടായിരുന്നു. യേശു, ദൈവപുത്രനായ ക്രിസ്തുവാണെന്ന വിശ്വാസപ്രഖ്യാപനത്തിനുശേഷം, പീഡാനുഭവത്തെയും കുരിശാരോഹണത്തെയും കുറിച്ചുള്ള പ്രവചനം പത്രോസ് നിരാകരിച്ചപ്പോഴായിരുന്നു അത്. യേശു പത്രോസിനെ ശക്തമായി ശാസിച്ചു: 'സാത്താനേ, എന്നെ വിട്ടുപോകൂ! നീ എനിക്ക് പ്രതിബന്ധമാണ്. കാരണം, നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്' (മത്താ. 16:23). ഇതിനെത്തുടര്‍ന്ന്, 'ആറു ദിവസം കഴിഞ്ഞ്, യേശു പത്രോസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും മാത്രം കൂട്ടിക്കൊണ്ട് ഒരു ഉയര്‍ന്ന മലയിലേക്കുപോയി' (മത്താ. 17:1).
രൂപാന്തരീകരണത്തിന്റെ സുവിശേഷം എല്ലാ വര്‍ഷവും നോമ്പുകാലത്തിലെ രണ്ടാം ഞായറാഴ്ച പ്രഘോഷിക്കപ്പെടുന്നു. ഈ ആരാധനാക്രമകാലത്ത്, കര്‍ത്താവ് നമ്മെ അവനോടൊപ്പം വേറിട്ട ഒരിടത്തേക്ക് കൊണ്ടുപോകുന്നു. നമ്മുടെ സാധാരണ ചുമതലകള്‍ നമ്മുടെ പതിവ് സ്ഥലങ്ങളിലും പലപ്പോഴും ആവര്‍ത്തിച്ചുള്ളതും ചിലപ്പോള്‍ വിരസമായതുമായ ദിനചര്യകളിലും തുടരാന്‍ നമ്മെ പ്രേരിപ്പിക്കുമ്പോള്‍, നോമ്പുകാലത്ത് യേശുവിന്റെ കൂട്ടത്തില്‍ 'ഉയര്‍ന്ന മല' കയറാനും ആത്മീയ ശിക്ഷണത്തിന്റെ ഒരു സവിശേഷാനുഭവം ജീവിക്കാനും നാം ക്ഷണിക്കപ്പെടുന്നു, ദൈവത്തിന്റെ വിശുദ്ധജനമെന്ന നിലയില്‍.
നമ്മുടെ വിശ്വാസക്കുറവും കുരിശിന്റെ വഴിയില്‍ യേശുവിനെ അനുഗമിക്കുന്നതിനോടുള്ള നമ്മുടെ ചെറുത്തുനില്‍പ്പും മറികടക്കാനുള്ള, കൃപയാല്‍ നിലനിറുത്തപ്പെടുന്ന പ്രതിബദ്ധതയാണ് നോമ്പുകാല പ്രായശ്ചിത്തം. പത്രോസും മറ്റ് ശിഷ്യന്മാരും ചെയ്യേണ്ടിയിരുന്നതും ഇതുതന്നെ. ഗുരുവിനെക്കുറിച്ചുള്ള നമ്മുടെ അറിവ് കൂടുതല്‍ ആഴപ്പെടുത്താനും, അവന്റെ രക്ഷയുടെ രഹസ്യം പൂര്‍ണ്ണമായി മനസ്സിലാക്കാനും സ്വീകരിക്കാനും, സ്‌നേഹത്താല്‍ പ്രചോദിതമായി സമ്പൂര്‍ണ്ണ സ്വയം ദാനത്തിലൂടെ സാഫല്യമടയാനുമായി, അവനാല്‍ മാറ്റിനിറുത്തപ്പെടാന്‍ നാം സ്വയം അനുവദിക്കുകയും നിലവാരക്കുറവില്‍ നിന്നും മായാമോഹങ്ങളില്‍ നിന്നും നമ്മെത്തന്നെ വേര്‍പെടുത്തുകയും വേണം. മലകയറ്റം പോലെ, പരിശ്രമവും ത്യാഗവും ഏകാഗ്രതയും ആവശ്യമുള്ള, കയറ്റം കയറുന്ന ഒരു പാതയിലൂടെ നാം യാത്ര ആരംഭിക്കേണ്ടതുണ്ട്. ഒരു സഭ എന്ന നിലയില്‍, നാം രൂപപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധരായിരിക്കുന്ന സിനഡല്‍ യാത്രയ്ക്കും ഈ ആവശ്യകതകള്‍ പ്രധാനമാണ്. നോമ്പുകാല പ്രായശ്ചിത്തവും സിനഡല്‍ അനുഭവവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചിന്തിക്കുന്നതില്‍ നിന്ന് നമുക്കു വളരെയധികം പ്രയോജനം നേടാനാകും.
താബോര്‍ മലയിലെ 'ധ്യാനത്തില്‍', യേശു ഒരു അതുല്യ സംഭവത്തിന്റെ സാക്ഷികളാകാന്‍ തിരഞ്ഞെടുത്ത മൂന്ന് ശിഷ്യന്മാരെയും കൂടെ കൊണ്ടുപോകുന്നു. നമ്മുടെ വിശ്വാസ ജീവിതം മുഴുവനും പങ്കുവയ്ക്കപ്പെടുന്ന ഒരു അനുഭവമായിരിക്കുന്നതുപോലെ, ഏകാകിയായിരിക്കാനല്ല മറിച്ച്, കൃപയുടെ ആ അനുഭവം പങ്കിടാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു. കാരണം, നാം യേശുവിനെ അനുഗമിക്കുന്നത് ഒരുമയിലാണ്. കാലക്രമേണ ഒരു തീര്‍ഥാടക സഭയെന്ന നിലയില്‍, സഹയാത്രികരായി കര്‍ത്താവ് നമുക്കിടയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നവരോടൊപ്പം നടന്നുകൊണ്ട്, നാം ആരാധനാക്രമ വര്‍ഷവും അതിനുള്ളിലെ നോമ്പുകാലവും അനുഭവിക്കുന്നു. യേശുവിന്റെയും ശിഷ്യന്‍മാരുടെയും താബോര്‍ മലയിലേക്കുള്ള കയറ്റംപോലെ, നമ്മുടെ നോമ്പുകാലയാത്ര 'സിനഡല്‍' ആണെന്ന് നമുക്ക് പറയാന്‍ കഴിയും. ഒരേ പാതയിലൂടെ, ഒരേയൊരു ഗുരുവിന്റെ ശിഷ്യന്മാരായി നാം അത് ഒരുമിച്ച് ചെയ്യുന്നു. കാരണം, യേശു തന്നെയാണു വഴിയെന്നു നമുക്കറിയാം. അതിനാല്‍, ആരാധനാക്രമ യാത്രയിലും സിനഡല്‍ യാത്രയിലും, രക്ഷകനായ ക്രിസ്തുവിന്റെ രഹസ്യത്തിലേക്ക് കൂടുതല്‍ ആഴത്തിലും പൂര്‍ണ്ണമായും പ്രവേശിക്കുകയല്ലാതെ മറ്റൊന്നും സഭ ചെയ്യുന്നില്ല.
ക്രിസ്തുവിന്റെ പുതുമ ഒരേ സമയം പുരാതന ഉടമ്പടിയുടെയും വാഗ്ദാനങ്ങളുടെയും പൂര്‍ത്തീകരണമാണ്; അത് അവന്റെ ജനവുമൊത്തുള്ള ദൈവത്തിന്റെ ചരിത്രത്തില്‍ നിന്ന് വേര്‍പെടുത്താനാവാത്തതും അതിന്റെ ആഴത്തിലുള്ള അര്‍ത്ഥം വെളിപ്പെടുത്തുന്നതുമാണ്. സമാനമായി, സിനഡല്‍ യാത്രയും സഭയുടെ പാരമ്പര്യത്തില്‍ വേരൂന്നിയതും അതേസമയം പുതുമയിലേക്ക് തുറന്ന തുമാണ്. പാരമ്പര്യം പുതിയ പാതകള്‍ തേടുന്നതിനുള്ള പ്രചോദനമാണ്.
അങ്ങനെ നാം അതിന്റെ പാരമ്യത്തിലെത്തുന്നു. സുവിശേഷം വിവരിക്കുന്നത് യേശു 'അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു; അവന്റെ മുഖം സൂര്യനെപ്പോലെ തിളങ്ങി, അവന്റെ വസ്ത്രങ്ങള്‍ പ്രകാശം പോലെ വെണ്മയുള്ളതായിത്തീര്‍ന്നു' (മത്താ. 17:2). ഇതാണ് 'പാരമ്യം', യാത്രയുടെ ലക്ഷ്യം. അവരുടെ കയറ്റത്തിന്റെ അവസാനം. അവര്‍ യേശുവിനൊപ്പം മലനിരകളില്‍ നില്‍ക്കുമ്പോള്‍, മൂന്ന് ശിഷ്യന്മാര്‍ക്കും അവനെ പ്രകൃത്യാതീതമായ പ്രകാശത്തില്‍ തിളങ്ങുന്ന അവന്റെ മഹത്വത്തില്‍ കാണാനുള്ള കൃപ ലഭിച്ചു. ആ പ്രകാശം വെളിയില്‍ നിന്നല്ല, കര്‍ത്താവിനുള്ളില്‍ നിന്നുതന്നെയാണ് പ്രസരിച്ചത്. താബോറിലേക്കുള്ള കയറ്റത്തില്‍ ശിഷ്യന്മാര്‍ നടത്തിയ പ്രയത്‌നങ്ങളേക്കാളെല്ലാം താരതമ്യങ്ങള്‍ക്കതീതമാംവിധം മഹത്തരമായിരുന്നു ഈ ദര്‍ശനത്തിന്റെ ദിവ്യസൗന്ദര്യം. കഠിനമായ ഏതൊരു മലകയറ്റത്തിലും, നമ്മുടെ കണ്ണുകള്‍ പാതയില്‍ ഉറച്ചുനില്‍ക്കണം. എങ്കിലും അവസാനം തുറക്കുന്ന വിശാലദൃശ്യം നമ്മെ വിസ്മയിപ്പിക്കുകയും അതിന്റെ ഗാംഭീര്യത്താല്‍ നമുക്കു പ്രതിഫലമേകുകയും ചെയ്യുന്നു. അതുപോലെ, സിനഡല്‍ പ്രക്രിയ പലപ്പോഴും ബുദ്ധിമുട്ടുള്ളതായി തോന്നിയേക്കാം, ചിലപ്പോള്‍ നമ്മള്‍ നിരുത്സാഹികളായേക്കാം. അവസാനം നമ്മെ കാത്തിരിക്കുന്നത് നിസ്സംശയമായും അത്ഭുതകരവും അതിശയകരവുമായ ഒന്നാണ്. അത് ദൈവഹിതവും ദൈവ രാജ്യസേവനത്തിലെ നമ്മുടെ ദൗത്യവും നന്നായി മനസ്സിലാക്കാന്‍ നമ്മെ സഹായിക്കും.
രൂപാന്തരപ്പെട്ട യേശുവിനൊപ്പം മോശയും ഏലിയായും യഥാക്രമം നിയമത്തെയും പ്രവാചകന്മാരെയും സൂചിപ്പിച്ചുകൊണ്ടു (മത്താ. 17:3) പ്രത്യക്ഷപ്പെട്ടപ്പോള്‍ താബോര്‍ മലയിലെ ശിഷ്യന്മാരുടെ അനുഭവം കൂടുതല്‍ സമ്പുഷ്ടമായി. ക്രിസ്തുവിന്റെ പുതുമ ഒരേ സമയം പുരാതന ഉടമ്പടിയുടെയും വാഗ്ദാനങ്ങളുടെയും പൂര്‍ത്തീകരണമാണ്; അത് അവന്റെ ജനവുമായുള്ള ദൈവത്തിന്റെ ചരിത്രത്തില്‍ നിന്ന് വേര്‍പെടുത്താനാവാത്തതും അതിന്റെ ആഴത്തിലുള്ള അര്‍ത്ഥം വെളിപ്പെടുത്തുന്നതുമാണ്. സമാനമായി, സിനഡല്‍ യാത്രയും സഭയുടെ പാരമ്പര്യത്തില്‍ വേരൂന്നിയതും അതേ സമയം പുതുമയിലേക്ക് തുറന്നതുമാണ്. പാരമ്പര്യം പുതിയ പാതകള്‍ തേടുന്നതിനുള്ള പ്രചോദനമാണ്. മാറ്റമില്ലാത്തവരായിരിക്കാനും തയ്യാറെടുപ്പുകളില്ലാത്ത പരീക്ഷണങ്ങള്‍ നടത്താനുമുള്ള എതിര്‍ പ്രലോഭനങ്ങള്‍ ഒഴിവാക്കുന്നതിനും ഇതു പ്രചോദനമേകുന്നു.
വ്യക്തിപരവും സഭാപരവുമായ രൂപാന്തരീകരണമാണ് നോമ്പുകാല പ്രായശ്ചിത്ത യാത്രയുടെയും സിനഡല്‍ യാത്രയുടെയും ലക്ഷ്യം. യേശുവിന്റെ രൂപാന്തരീകരണത്തെ മാതൃകയാക്കിയിരിക്കുന്നതും തന്റെ പെസഹാ രഹസ്യത്തിന്റെ കൃപയാല്‍ സ്വന്തമാക്കിയതുമായ ഒരു രൂപാന്തരണമാണ് രണ്ടിലും ഉള്ളത്. ഈ രൂപാന്തരണം ഈ വര്‍ഷം നമ്മില്‍ യാഥാര്‍ത്ഥ്യമാകുന്നതിന്, യേശുവിനൊപ്പം മല കയറാനും അവനോടൊപ്പം ലക്ഷ്യം നേടാനും പിന്തുടരേണ്ട രണ്ട് 'പാതകള്‍' നിര്‍ദേശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
യേശുവിന്റെ രൂപാന്തരീകരണത്തെ ധ്യാനിക്കുമ്പോള്‍, താബോര്‍ മലയിലെ ശിഷ്യരെ അഭി സംബോധന ചെയ്തു പിതാവായ ദൈവം നല്‍കുന്ന കല്‍പ്പനയുമായി ബന്ധപ്പെട്ടതാണ് ആദ്യ പാത. മേഘങ്ങളില്‍ നിന്നുള്ള ശബ്ദം പറയുന്നു: 'അവനെ ശ്രവിക്കുക' (മത്താ. 17:5). അപ്പോള്‍ ആദ്യത്തെ നിര്‍ദേശം വളരെ വ്യക്തമാണ്: നമ്മള്‍ യേശുവിനെ ശ്രവിക്കേണ്ടതുണ്ട്. അവന്‍ നമ്മോട് സംസാരിക്കുമ്പോള്‍ നാം അവനെ കേള്‍ക്കുന്നിടത്തോളം കൃപയുടെ കാലമാണ് നോമ്പുകാലം. എങ്ങനെയാണ് അവന്‍ നമ്മോട് സംസാരിക്കുന്നത്? ഒന്നാമതായി, ആരാധന ക്രമകാലമനുസരിച്ചു സഭ നമുക്ക് നല്‍കുന്ന ദൈവവചനത്തില്‍. ആ വചനം ബധിര കര്‍ണ്ണങ്ങളില്‍ പതിക്കാതിരിക്കട്ടെ; നമുക്ക് എല്ലായ്‌പ്പോഴും കുര്‍ബാനയില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍, അനുദിന ബൈബിള്‍ ഭാഗം വായിക്കാം, ഇന്റര്‍നെറ്റിന്റെ സഹായത്തോടെയെങ്കിലും അതു സാധ്യമാണല്ലോ. തിരുവെഴുത്തുകള്‍ക്ക് പുറമേ, കര്‍ത്താവ് നമ്മുടെ സഹോദരീസഹോദരന്മാരിലൂടെയും നമ്മോടു സംസാരിക്കുന്നു, സഹായമര്‍ഹിക്കുന്നവരുടെ വദനങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും. സിനഡല്‍ പ്രക്രിയയ്ക്ക് വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം ഞാന്‍ പറയട്ടെ: സഭയിലെ നമ്മുടെ സഹോദരങ്ങളെ ശ്രവിക്കുന്നതിലാണ് പലപ്പോഴും ക്രിസ്തുവിനെ ശ്രവിക്കല്‍ സംഭവിക്കുന്നത്. ചില ഘട്ടങ്ങളില്‍ ഇത്തരം പരസ്പര ശ്രവണമാണ് പ്രഥമ ലക്ഷ്യം, എന്നാല്‍ ഒരു സിനഡല്‍ സഭയുടെ രീതിയിലും ശൈലിയിലും ഇത് എല്ലായ്‌പ്പോഴും ഒഴിച്ചു കൂടാനാവാത്തതുമാണ്.
പിതാവിന്റെ സ്വരം കേട്ട് ശിഷ്യന്മാര്‍ 'സാഷ്ടാംഗം വീണു, ഭയവിഹ്വലരായി. എന്നാല്‍ യേശു സമീപിച്ച് അവരെ സ്പര്‍ശിച്ചു കൊണ്ടു പറഞ്ഞു: എഴുന്നേല്‍ക്കുവിന്‍, ഭയപ്പെടേണ്ടാ. ശിഷ്യന്മാര്‍ കണ്ണുകളുയര്‍ത്തി നോക്കിയപ്പോള്‍ യേശുവിനെയല്ലാതെ മറ്റാരെയും കണ്ടില്ല' (മത്താ. 17:6-8). ഈ നോമ്പുകാലത്തിനുള്ള രണ്ടാമത്തെ നിര്‍ദേശം ഇതാണ്: യാഥാര്‍ത്ഥ്യത്തെയും അതിന്റെ ദൈനംദിന പോരാട്ടങ്ങളെയും പ്രയാസങ്ങളെയും വൈരുധ്യങ്ങളെയും നേരിടാനുള്ള ഭയംമൂലം, അസാധാരണ സംഭവങ്ങളും നാടകീയ അനുഭവങ്ങളും നിറഞ്ഞ ഒരു മതാത്മകതയില്‍ അഭയം പ്രാപിക്കരുത്. യേശു ശിഷ്യന്മാര്‍ക്ക് കാണിക്കുന്ന വെളിച്ചം ഈസ്റ്റര്‍ മഹത്വത്തിന്റെ ഒരു പ്രതീക്ഷയാണ്, അത് 'അവനെ മാത്രം' അനുഗമിക്കുന്ന നമ്മുടെ സ്വന്തം യാത്രയുടെ ലക്ഷ്യമായിരിക്കണം. നോമ്പു കാലം ഈസ്റ്ററിലേക്ക് നയിക്കുന്നു. 'ധ്യാനം' അതില്‍ത്തന്നെ ഒരു അവസാനമല്ല; മറിച്ച് കര്‍ത്താവിന്റെ പീഡാനുഭവവും കുരിശും വിശ്വാസത്തോടെയും പ്രത്യാശയോടെയും സ്‌നേഹത്തോടെയും അനുഭവിക്കാനും അങ്ങനെ പുനരുത്ഥാനത്തില്‍ എത്തിച്ചേരാനും നമ്മെ ഒരുക്കുന്നതിനുള്ള ഒരു മാര്‍ഗമാണ്. കൂടാതെ, സിനഡല്‍ യാത്രയില്‍, കൂട്ടായ്മയുടെ ചില ശക്തമായ അനുഭവങ്ങളുടെ കൃപ ദൈവം നമുക്കു നല്‍കുമ്പോള്‍, നാം എത്തിക്കഴിഞ്ഞുവെന്ന് സങ്കല്‍പ്പിക്കരുത് അവിടെയും കര്‍ത്താവ് നമ്മോട് ആവര്‍ത്തിക്കുന്നു: 'എഴുന്നേല്‍ക്കുക, ഭയപ്പെടരുത്'. അപ്പോള്‍ നമുക്ക് താഴേക്കിറങ്ങാം, സമതലത്തിലേക്ക് പോകാം, നമ്മുടെ കൂട്ടായ്മകളുടെ സാധാരണ ജീവിതത്തില്‍ 'സിനോഡാലിറ്റിയുടെ കരകൗശല വിദഗ്ധര്‍' ആകാന്‍ നമ്മള്‍ അനു ഭവിച്ച കൃപ നമ്മെ ശക്തിപ്പെടുത്തട്ടെ.
പ്രിയ സഹോദരീസഹോദരന്മാരേ, യേശുവിനോടൊപ്പമുള്ള നമ്മുടെ മലകയറ്റത്തില്‍ പരിശുദ്ധാത്മാവ് നമ്മെ പ്രചോദിപ്പിക്കുകയും പിടിച്ചു നിറുത്തുകയും ചെയ്യട്ടെ, അങ്ങനെ നാം അവന്റെ ദൈവിക തേജസ്സ് അനുഭവിക്കുകയും അതുവഴി വിശ്വാസത്തില്‍ ഉറയ്ക്കുകയും അവനോടൊപ്പമുള്ള യാത്രയിലും അവന്റെ ജനത്തിന്റെ മഹത്വത്തിലും ജനതകളുടെ പ്രകാശത്തിലും നിലനില്‍ക്കുകയും ചെയ്യട്ടെ.
റോം, സെന്റ് ജോണ്‍ ലാറ്ററന്‍,
ജനുവരി 25,
വിശുദ്ധ പൗലോസിന്റെ മാന സാന്തര തിരുനാള്‍
ഫ്രാന്‍സിസ്