ഹൃദയാക്ഷരങ്ങള്‍ കൊണ്ട് വിശുദ്ധിയുടെ കളം വരക്കേണ്ട നോമ്പുകാലം

ഹൃദയാക്ഷരങ്ങള്‍ കൊണ്ട് വിശുദ്ധിയുടെ കളം വരക്കേണ്ട നോമ്പുകാലം
വിശ്വാസത്തിന്റെ ശക്തമായ കല്‍പ്പനയില്‍, വിളയിച്ചെടുത്ത ഹൃദയത്തിനും ശരീരത്തിനും ആത്മീയതയുടെ സുഗന്ധ വസ്ത്രത്താല്‍ അലങ്കാരമണിഞ്ഞ് അനുഗ്രഹീതരാകാന്‍, സല്‍ക്കര്‍മ്മങ്ങള്‍ വര്‍ധിപ്പിക്കാന്‍, പുണ്യങ്ങള്‍ വാരിക്കൂട്ടാന്‍ ഈ മാ നിഷാദയുടെ അകപ്പൊരുളുകള്‍ നമ്മെ ശക്തരാക്കട്ടെ.

ഉല്പത്തി പുസ്തകത്തില്‍ നാം കാണുന്ന ദൈവത്തിന്റെ ആദ്യ തീരുമാനം ലോകത്തിന് വളരെ പ്രതീക്ഷ തരുന്നതായിരുന്നു. 'വെളിച്ചമുണ്ടാകട്ടെ' എന്ന് ദൈവം കല്പിച്ചു. വെളിച്ചമുണ്ടായി. എന്നാല്‍ വിലക്കപ്പെട്ട കനിയോടുള്ള മോഹം വെളിച്ചത്തിന് മങ്ങലേല്പിച്ചു. 'സ്രഷ്ടാവു മര്‍ത്ത്യനോടിന്നലെ ചോദിച്ചു: 'സൃഷ്ടിച്ചതെന്തിനു നിന്നെ ഞാനിങ്ങനെ?' തന്‍ പ്രതിച്ഛായയില്‍ പണ്ടു താന്‍ സൃഷ്ടിച്ച, തന്‍ പ്രിയപുത്രനല്ലേയിവന്‍' (ഒ എന്‍ വി) എന്ന സ്രഷ്ടാവിന്റെ ദുഃഖമാകുന്ന വെളിച്ചക്കുറവ് ഇന്ന് എവിടെയും നമുക്ക് ദൃശ്യമാണ്. ഇവിടെയാണ് നോമ്പ് വിചാരങ്ങള്‍ക്കു പ്രസക്തിയേറുന്നത്. സ്വന്തം ഹൃദയവിചാരങ്ങളോടുപോലും നീതിപുലര്‍ത്താന്‍ കഴിയാത്ത അവസ്ഥ. സുവിശേഷത്തിന്റെ അകക്കാമ്പില്‍ തെളിയുന്ന വാക്കുകള്‍, വാളുകള്‍, തീനാളങ്ങള്‍ ഇവയൊക്കെ ശുദ്ധീകരണ പ്രക്രിയയുടെ ആയുധങ്ങളായി നമുക്ക് കാണാന്‍ കഴിയാത്തതുകൊണ്ടാണ് ഈ ദുരന്തങ്ങള്‍ സംഭവിക്കുന്നത്. ഇന്നും തുറന്ന കല്ലറയുടെ മുന്നില്‍ നിന്ന് കരയുന്നവളോട്, സ്ത്രീയെ നീ കരയുന്നതെന്ത്? എന്ന് ചോദിക്കാതെ നാം വീണ്ടും വീണ്ടും അവളെ പോസ്റ്റുമാര്‍ട്ടം നടത്തി കീറിമുറിക്കുകയാണ്. ഇവിടെ നോമ്പിന്റെ തലവാചകം കുറിക്കപ്പെടുന്നു മാ നിഷാദ! ഈ ശ്ലോകം അന്നുമിന്നും അരുതുകളുടെ ലോകത്തു നിന്നും ധര്‍മ്മാധര്‍മ്മങ്ങളെ തിരിച്ചറിഞ്ഞ് ധര്‍മ്മത്തിന്റെ ഭാഗത്ത് നിലയുറപ്പിക്കാനുള്ള പ്രണവ മന്ത്രമായി ഉയിര്‍കൊള്ളുകയാണ്.

''ആദം നീ എവിടെ?'' ''കായേന്‍, നിന്റെ സഹോദരനെവിടെ?'' എന്ന ദൈവത്തിന്റെ അന്വേഷണങ്ങള്‍, ദൈവം തന്നില്‍ നിന്നല്ല, ദൈവത്തില്‍ നിന്ന് തന്നെത്തന്നെയാണ് താന്‍ വേര്‍പെടുത്തിയതെന്ന് ആദവും കായേനും അറിഞ്ഞിരിക്കാന്‍ വേണ്ടി മാത്രമുള്ളതായിരുന്നു. സത്യം പറഞ്ഞാല്‍, ഇവര്‍ക്ക് 'ശുദ്ധി വരാന്‍' അവസരം ലഭിക്കണം എന്നതുപോലെ, സ്വന്തം സുഖത്തിനായാണ് ഇതു ചെയ്തത് എന്ന് അവര്‍ സമ്മതിക്കേണ്ടിയിരുന്നു. ഇവര്‍ എവിടെയാണെന്നും എന്തുകൊണ്ടാണെന്നും ദൈവത്തിന് നന്നായി അറിയാമായിരുന്നു. ദൈവത്തോടും സഹോദരങ്ങളോടും തന്നോട് തന്നെയുമുള്ള ബന്ധത്തിന്റെ നാള്‍ദിനങ്ങളെ നോമ്പുകാലം ഓര്‍ത്തെടുക്കുന്നു.

ഈ നോമ്പുകാല ദിനങ്ങളെ ഏറെ ദീപ്തമാക്കേണ്ടത് ''നീ എവിടെ?'' എന്ന ദൈവസ്വരത്തിന് നാം നല്‍കുന്ന പ്രത്യുത്തരമായിരിക്കണം. കസന്‍ദ്‌സാക്കീസിന്റെ ഭാഷ്യത്തില്‍ ഇതു ദൈവത്തോട് മല്‍പ്പിടുത്തം നടത്തുന്ന മനുഷ്യന്റെ ഏറ്റു പറച്ചിലിന്റെ നാളുകളാണ്.

ഇതിന്റെ ഒരു വാങ്മയ ചിത്രം സിന്ധു കെ വി യുടെ കവിതാ വരികളില്‍ നിറഞ്ഞു നില്‍ക്കുന്നു.

  • ''നല്ലൊരു തച്ചനായിരുന്നു നീ

  • എന്നില്‍ നിന്നെ കൊത്തിവയ്ക്കുവാന്‍ മാത്രം

  • എന്റെ മണം, രുചി, ഭാഷ, നിറം

  • നീയല്ലാത്തതെല്ലാം ചെത്തി നീക്കി.''

നോമ്പുകാലങ്ങളില്‍ വചനം ചെവികൊണ്ട് മാത്രമല്ല ഹൃദയംകൊണ്ട് കേള്‍ക്കാന്‍ കഴിയണം. സാക്ഷികള്‍ ഓരോ ദിനവും കൂറ് മാറുന്ന കാലത്താണ് നാം ജീവിക്കുന്നത്. സത്യവുമായി ബന്ധമില്ലാത്ത സാക്ഷ്യങ്ങള്‍ക്കാണ് ഇന്ന് മുന്‍ഗണന്ന. സത്യത്തിന് സാക്ഷി നില്ക്കാന്‍ വന്നവനെ ന്യായാധിപന് തിരിച്ചറിയാന്‍ കഴിയുന്നില്ല. പീലാത്തോസ് ചോദിച്ചു എന്താണ് സത്യം? കൂറുമാറാതെ, കുറുക്കുവഴി തേടാതെ, അപ്പീലനുമതി തേടാതെ കുരിശു ചുമക്കുന്നതാണ് സത്യം. ഇവിടെ പ്രവചനങ്ങള്‍ സാക്ഷ്യം പറയും. കല്ലുകള്‍ കഥ പറയും. അസത്യവും അധര്‍മ്മവും വാഴുന്നിടങ്ങളില്‍ സത്യം മരിക്കും. മനുഷ്യന്‍ അഭിമുഖീകരിക്കുന്ന അനുനിമിഷ മരണങ്ങള്‍. ഇവിടെയാണ് വീണ്ടും ജനിക്കാനുള്ള ആഹ്വാനത്തിന്റെ പ്രസക്തി. വീണ്ടും പിറക്കാനുള്ള ക്രിസ്തുവിന്റെ ക്ഷണത്തെ നോമ്പുദിനങ്ങളില്‍ ഗൗരവത്തോടെ ഉള്‍ക്കൊള്ളുക.

വാതിലുകളടച്ച് വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ച് സഹജീവികളെ സ്‌നേഹിച്ച് ജീവിക്കാനുള്ള നിര്‍ദേശങ്ങള്‍ ദൈവം നല്‍കിയപ്പോള്‍ നോഹ 'നോ' പറയാതെ നോമ്പ് അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഏറ്റെടുത്തു. ആ നോമ്പിന്റെ പ്രവൃത്തികള്‍ നിറവേറ്റിയപ്പോള്‍ നോഹ കണ്‍മുന്നില്‍ അത്ഭുതം കണ്ടു. മഹാവിപത്തില്‍നിന്നും അവന്‍ രക്ഷ നേടി.

ആനന്ദത്തിന്റെ പുതിയ ആകാശവും പുതിയ ഭൂമിയും സ്വന്തമാക്കി.

സ്വര്‍ണ്ണതളികയെങ്കിലും കഴുകി വയ്ക്കുമ്പോള്‍ വിരുന്നുമേശയ്ക്ക് അത് മാന്യത വരുത്തുന്നു.

ഹൃദയം കഴുകുന്ന കാലമായി നോമ്പുകാലങ്ങള്‍ മാറട്ടെ. ദൈവത്തിന് ഭാവിയറിയാം. അതിനാല്‍ നാം അജ്ഞാത ഭാവിയെക്കുറിച്ച് ആകുലചിത്തരാകാതിരിക്കുക അടുക്കളയില്‍ നിന്ന് പുറത്തുവന്ന് പാദസമീപമിരുന്ന മറിയത്തെപ്പോലെ കേള്‍വികൊണ്ട് നോമ്പുദിനങ്ങള്‍ ശുഭകരമാക്കുക.

മാ നിഷാദ! എന്ന പ്രണവ മന്ത്രം ഈ നോമ്പുദിനങ്ങളെ പുഷ്‌ക്കലമാക്കട്ടെ. വിശ്വാസത്തിന്റെ ശക്തമായ കല്‍പ്പനയില്‍, വിളയിച്ചെടുത്ത ഹൃദയത്തിനും ശരീരത്തിനും ആത്മീയതയുടെ സുഗന്ധവസ്ത്രത്താല്‍ അലങ്കാരമണിഞ്ഞ് അനുഗ്രഹീതരാകാന്‍, സല്‍ക്കര്‍മ്മങ്ങള്‍ വര്‍ധിപ്പിക്കാന്‍, പുണ്യങ്ങള്‍ വാരിക്കൂട്ടാന്‍ ഈ മാ നിഷാദയുടെ അകപ്പൊരുളുകള്‍ നമ്മെ ശക്തരാക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org