ഞണ്ടുകളുടെ നാട്ടില്‍; കഥ പറയുമ്പോള്‍

ഞണ്ടുകളുടെ നാട്ടില്‍; കഥ പറയുമ്പോള്‍

കൃഷിയെയും കൃഷിക്കാരെയും അവഗണിച്ചു മുന്നോട്ടു പോയിട്ടുള്ള എല്ലാ ജനതകളും ഇല്ലാതായ ചരിത്രമേ ഉള്ളു. കേരളത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്ക് ബഹുരാഷ്ട്ര കുത്തക ഭീമന്മാരുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കി സാധാരണക്കാരെ വഴിയാധാരമാക്കുക എന്ന നയമാണ് കഴിഞ്ഞ ചില ദശാബ്ദങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്.

മലയാളത്തില്‍ ഇറങ്ങിയ രണ്ടു സിനിമകളുടെ പേരുകളാണ് ഈ ലേഖനത്തിന്റെ തലക്കെട്ടായി നല്‍കിയിരിക്കുന്നത്.

'മാമലകള്‍ക്കപ്പുറത്തു മരതക പട്ടുടുത്തു മലയാളമെന്നൊരു നാടുണ്ട്'. അത്ര ന്യൂജെന്‍ അല്ലാത്ത ഏതൊരു മലയാളിയുടെയും മനസ്സില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന എക്കാലത്തെയും ഹിറ്റുപാട്ട്. 1956-ല്‍ കേരള സംസ്ഥാനം രൂപം കൊണ്ട കാലത്തുള്ള കേരളത്തിന്റെ വാങ്മയ ചിത്രം. അന്ന് കേരളം ശുദ്ധ നാട്ടിന്‍പുറമായിരുന്നു. 'പാടത്ത് പോയ് പാംസുല പാദ ചാരി കൃഷീ വലന്‍ വേല തുടങ്ങി നൂനം' എന്നായിരുന്നു അക്കാലത്തു കേരളത്തിന്റെ മുഖമൊഴി.

നവ ഫ്യൂഡലിസം വന്നപ്പോള്‍

കാലം കഴിഞ്ഞപ്പോള്‍ ആധുനിക ഫ്യൂഡലിസ്റ്റിക് വ്യവസ്ഥയുടെ കേളികൊട്ടുണര്‍ന്നു. അപ്പോള്‍ എന്തും, ഏതും കച്ചവട ചരക്കാണെന്നു കണ്ടുപിടിച്ച മാനേജ്‌മെന്റ് വിദഗ്ധര്‍ 'മരതകപ്പട്ടുടുത്ത മലയാളമെന്നൊരു നാട്' എന്നുള്ളതൊക്കെ പരിഷ്‌കരിച്ചു ആംഗലെയമാക്കി. "God's own country' (ദൈവത്തിന്റെ സ്വന്തം നാട്) എന്നൊരു വ്യാപാര നാമം പടച്ചു. ആ വ്യാപാര നാമത്തിന്റെ പിന്‍ബലത്തില്‍ ജീവിക്കാനുള്ള തന്ത്രങ്ങളും കുതന്ത്രങ്ങളും ഇന്നും തുടരുന്നു.

കാലത്തിന്റെ മാറ്റം

കാലചക്രം തിരിഞ്ഞു തിരിഞ്ഞ് കേരളം ഇപ്പോള്‍ 'ഞണ്ടുകളുടെ നാട്' എന്ന വിശേഷണത്തില്‍ എത്തിയിരിക്കുന്നു. ഞണ്ട് എന്ന ജീവി ക്യാന്‍സര്‍ രോഗത്തിന്റെ പ്രതീകമാണല്ലോ. നമ്മുടെ സംസ്ഥാനം (ഐക്യകേരളം) രൂപമെടുത്തിട്ട് അര നൂറ്റാണ്ട് കഴിഞ്ഞപ്പോള്‍ ഈ ബഹുമതി നമ്മള്‍ കരസ്ഥമാക്കി. ഇപ്പോള്‍ ക്യാന്‍സറിന്റെ ലോക തലസ്ഥാനം എന്ന അത്യുഗ്രന്‍ ബഹുമതി പോലും ചിലര്‍ നമ്മുടെ സംസ്ഥാനത്തിനു ചാര്‍ത്തി നല്‍കുന്നുണ്ട്.

ക്യാന്‍സര്‍ മാത്രമല്ല ഹൃദ്രോഗങ്ങള്‍, കിഡ്‌നി രോഗങ്ങള്‍ കൂടാതെ അറിയപ്പെടുന്ന എല്ലാ രോഗങ്ങളുടെയും കേന്ദ്ര ഭൂമിയായി കേരളം മാറിക്കൊണ്ടിരിക്കുന്നു എന്നുള്ള വസ്തുത നാം മനസ്സിലാക്കണം. 15/07/2021-ലെ പത്രങ്ങളില്‍ ഞെട്ടിക്കുന്ന ഒരു സ്ഥിതി വിവര കണക്കുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പഠന വിഭാഗത്തിലെ അംഗവും ലുധിയാനയില്‍ ദയാനന്ദ മെഡിക്കല്‍ കോളേജ് ന്യൂറോളജി വകുപ്പ് മേധാവിയുമായ ഡോക്ടര്‍ ഗഗന്‍ ദീപ് സിങ്ങിന്റെ കണ്ടെത്തലുകള്‍ ഒരു ചാര്‍ട്ട് ആയി നല്‍കിയിട്ടുണ്ട്. സ്‌ട്രോക്ക്, അല്‍ഷൈമേഴ്‌സ് പോലെയുള്ള നാഡീരോഗങ്ങളുടെ കാര്യത്തില്‍, ദേശീയ ശരാശരിയേക്കാള്‍ വളരെ ഉയര്‍ന്നതും ഞെട്ടിക്കുന്ന അവസ്ഥയിലുമാണ് കേരളം എന്ന് ആ ചര്‍ട്ടുകള്‍ കാണിച്ചു തരുന്നു. കേരള സമൂഹത്തിന്റെ സമ്പൂര്‍ണമായ നാശത്തിലേക്ക് നാം നീങ്ങിക്കൊണ്ടിരുന്നു എന്നുള്ള സത്യം ഇനിയെങ്കിലും നമ്മള്‍ അംഗീകരിക്കാന്‍ തയ്യാറാകണം.

സാമൂഹിക മാറ്റങ്ങള്‍

മേല്‍പറഞ്ഞ നിഗമനത്തിനുള്ള അടിസ്ഥാനം എന്താണ്? 1960നു ശേഷം ഉണ്ടായ കുടുംബാസൂത്രണ സംവിധാനങ്ങള്‍ കാരണം കേരളത്തില്‍ മിക്ക കുടുംബങ്ങളിലും രണ്ടു കുട്ടികളാണുള്ളത്. മാതാപിതാക്കള്‍ രണ്ടുപേരും ഒന്നു പോലെ പണിയെടുത്താല്‍ മാത്രമേ ഇന്ന് ജീവിക്കാന്‍ പറ്റുകയുള്ളൂ. കുട്ടികള്‍ പഠിക്കുന്നു. ജോലി നേടുന്നു. വിവാഹം കഴിക്കുന്നു. വേറെ വീടുവച്ചു മാറി താമസിക്കുന്നു. അവിടെയും അപ്പനും അമ്മയും രണ്ടു കുട്ടികളും എന്ന സ്ഥിതി. നൈരന്തര്യ സ്വഭാവമുള്ള ഈ സാമൂഹ്യ ക്രമത്തില്‍ ഒരാള്‍ നിത്യ രോഗിയോ ക്യാന്‍സര്‍ പോലുള്ള കഠിന രോഗത്തിന് ഇരയോ ആയിത്തീര്‍ന്നാല്‍ ആ കുടുംബത്തിന്റെ ജീവിതം ആകെ തകിടം മറിയുന്നു. ഇന്ന് ഓരോ വര്‍ഷവും അമ്പതിനായിരം പേര്‍ പുതിയതായി ക്യാന്‍സര്‍ രോഗികള്‍ ആയി മാറുന്നു എന്നാണ് കഴിഞ്ഞ മന്ത്രിസഭയിലെ ആരോഗ്യ മന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നുവച്ചാല്‍ ഓരോ വര്‍ഷവും അന്‍പതിനായിരം കുടുംബങ്ങള്‍ വീതം തകര്‍ന്നു കൊണ്ടിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഈ കണക്ക് അനുസരിച്ചു കുറച്ചു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നമ്മുടെ നാടിന്റെ അവസ്ഥ എന്തായിരിക്കും. ഇപ്പോള്‍തന്നെ ക്യാന്‍സര്‍ രോഗികള്‍ ഇല്ലാത്ത ഒരു ചതുരശ്ര കിലോമീറ്റര്‍ സ്ഥലം പോലും കേരളത്തില്‍ ഇല്ല.

ക്യാന്‍സര്‍ കൂടാതെ ആദ്യമേ പറയപ്പെട്ട ഹൃദ്രോഗം, കരള്‍ രോഗം, കിഡ്‌നി രോഗം, എയ്ഡ്‌സ് തുടങ്ങി മാരക രോഗങ്ങളുടെ ഒരു നിരതന്നെ ഇല്ലേ. ഓരോ വീട്ടിലും ഒരാള്‍ വീതം ഇത്തരത്തില്‍ രോഗിയാകുമ്പോള്‍ എങ്ങനെ കുടുംബങ്ങള്‍ മുന്നോട്ട് പോകും. ആത്യന്തിക ഫലം എന്തായിരിക്കും?

സാംസ്‌കാരിക വ്യതിചലനം

1970-കളുടെ പകുതി വരെ കൃഷി ആയിരുന്നു കേരളീയരുടെ പ്രധാന ഉപജീവന മാര്‍ഗം. അക്കാലത്ത് കേരളത്തില്‍, ക്യാന്‍സര്‍ പോലുള്ള മഹാവ്യാധികളും മാറാരോഗങ്ങളും വളരെ കുറവായിരുന്നു. കാരണം ജനങ്ങള്‍ അധ്വാനശീലരും അവരുടെ ആഹാരം വിഷരഹിതവും ആയിരുന്നു. എന്നാല്‍ പില്‍ക്കാലത്തു ജനങ്ങള്‍ കാര്‍ഷിക മേഖലയില്‍ നിന്നും പിന്മാറുന്ന സമീപനമാണ് ഉണ്ടായത്. അതിന് അനേകം കാരണങ്ങള്‍ ഉണ്ടെങ്കിലും പ്രധാനമായും വിയര്‍പ്പ് ഒഴുക്കാതെ ചുളുവില്‍ പണവും പ്രശസ്തിയും ലഭിക്കുന്ന മേഖലകള്‍ കണ്ടുപിടിച്ചു മുന്നേറുന്ന സംസ്‌കാരം നമ്മില്‍ രൂഢമൂലമായി. വിദേശ ജോലിക്കാരും, കലാകാരന്മാരും, കായികതാരങ്ങളും മറ്റും ആരാധനാ പാത്രങ്ങളായി. കൃഷിക്കാരെ വളരെ പുച്ഛമായി. 'കഥ പറയുമ്പോള്‍' എന്ന സിനിമ ഈ സാംസ്‌കാരിക വ്യതിയാനം വ്യക്തമാക്കിത്തരുന്നുണ്ട്. സിനിമാക്കാരന്‍ എന്ന അതിവിശിഷ്ടാഥിതിയെ സ്‌കൂളില്‍ കൊണ്ടുവരാന്‍ കാണിക്കുന്ന തത്രപ്പാടുകള്‍ ഓര്‍മ്മിക്കുക. 'സെ ലിബ്രിറ്റികള്‍' എന്നു പറയപ്പെടു ന്ന ഈ വിഭാഗം കൈ നിറയെ പ്ര തിഫലം വാങ്ങിവച്ചുകൊണ്ടു വി ളിച്ചു പറയുന്ന എന്തും നമുക്ക് വേദവാക്യം ആയി. അവര്‍ പറയുന്ന പോലയെ നമ്മള്‍ ചെയ്യൂ എന്ന അവസ്ഥ ആയി. എല്ലാവര്‍ക്കും സെലിബ്രിറ്റികള്‍ ആകാനുള്ള വ്യഗ്രതയും അവരെ അനുകരിക്കലും പ്രധാനമായി. മദ്യം വിഷമാണ് എന്നു പഠിപ്പിച്ച ഇന്നാട്ടില്‍ മദ്യവും ലഹരി വസ്തുക്കളും മാന്യതയുടെ അടയാളങ്ങളായി മാറി.

ഏതു കരിങ്കല്‍ കഷ്ണവും ഗ്രൈന്ററില്‍ ഉരച്ചു, തേച്ചു കഴുകി, ഉണക്കി പോളിഷ് ചെയ്താല്‍ കുറെ നാള്‍ മനോഹരമായി തിളങ്ങും എന്നുള്ളത് വസ്തുതയാണ്. പക്ഷെ, അതു കഴിച്ചു വിശപ്പ് ഇല്ലാതാക്കാന്‍ സാധിക്കുകയില്ല എന്നുള്ള തിരിച്ചറിവ് നമുക്ക് നഷ്ടപ്പെട്ടു പോയി. 'മിന്നുന്നതെല്ലാം പൊന്നല്ലാ' എന്ന ചൊല്ല് നമ്മുടെ ബോധമണ്ഡലത്തില്‍ നിന്നും മറഞ്ഞു പോയി. നമ്മുടെ പാരമ്പര്യ ആഹാരങ്ങള്‍ നാം ഉപേക്ഷിച്ചു കളഞ്ഞു. പകരം പൊറോട്ട, ബീഫ്, ബ്രോയിലര്‍ ചിക്കന്‍ സംസ്‌കാരത്തിലേക്കും അവിടെ നിന്നു ഫാസ്റ്റഫുഡ്, ബേക്കറി സംസ്‌കാരത്തിലേക്കും പുരോഗമിച്ചു.

നഷ്ടപ്പെട്ടു പോയ കാര്‍ഷികസംസ്‌കാരം തിരിച്ചു പിടിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ 77 ലക്ഷം കുടുംബങ്ങള്‍ ഉണ്ടെന്നാണു പറയുന്നത്. ഓരോ കുടുംബവും ഓരോ കിലോ ഭക്ഷണ സാധനങ്ങള്‍ ഉത്പാദിപ്പിച്ചാല്‍ പോലും വലിയ ഒരു മാറ്റം സമൂഹത്തില്‍ ഉണ്ടാകും.

മസ്തിഷ്‌ക പ്രക്ഷാളനം

കാലാകാലങ്ങളില്‍, ബഹുരാഷ്ട്രകുത്തക ഭീമന്മാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പരസ്യ കമ്പനിക്കാരും പത്രമുതലാളിമാരും സെലിബ്രിറ്റികളും ഒത്തൊരുമിച്ചു കേരളത്തിലെ ജനങ്ങളെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലത്തെ പരസ്യം നോക്കുക. 'വെപ്പും കുടിയും പഴങ്കഥ; കുത്തും വിളിയും ആധുനികം.' അതായത് വീട്ടില്‍ ആഹാരം പാകം ചെയ്യുന്നതും കഴിക്കുന്നതും അറു പഴഞ്ചന്‍. മൊബൈലില്‍ കുത്തി ഓണ്‍ലൈനായി ആഹാരം വരുത്തി കഴിക്കുന്നതു പുതിയ കാര്യം. എത്ര ആകര്‍ഷണീയമായ പരസ്യം. അതിന്റെ പരിണത ഫലമാണ് ഇന്ന് ഓരോ വര്‍ഷവും അമ്പതിനായിരം പേര് പുതിയതായി ക്യാന്‍സര്‍ ബാധിതര്‍ ആകുന്നു എന്ന് നിയമസഭയില്‍ മന്ത്രിക്ക് പറയേണ്ടി വന്നത്. മാറാ രോഗികളും മഹാ രോഗികളും ആയവരുടെ എണ്ണം ലക്ഷക്കണക്കിനാണ്. അത് ഒരു നീണ്ടനിര തന്നെ ആണ്. ഓരോരുത്തരുടെയും ചികിത്സാ ചിലവ് ദശ ലക്ഷങ്ങള്‍ ആണ്. അപ്പോള്‍ ഓരോ വര്‍ഷവും എത്രയൊ കോടികളാണ് ഈ കൊച്ചു കേരളത്തില്‍ നിന്നും മരുന്നു കമ്പനികളിലേയ്ക്ക് ഒഴുകുന്നത്. ആകര്‍ഷകമായ പരസ്യത്തില്‍ നമ്മളെ വീഴിക്കുന്നവരുടെ ലക്ഷ്യം എന്താണെന്ന് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ വിഷമമില്ല. എന്നാല്‍ ആരും ചിന്തിക്കരുത് എന്നാണ് ഇക്കൂട്ടരുടെ ലക്ഷ്യം. ആ ലക്ഷ്യം അവര്‍ പരസ്യങ്ങളില്‍ കൂടി നേടുകയും ചെയ്യുന്നു. മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യപ്പെട്ട കേരള ജനത ഇതൊന്നും മനസ്സിലാക്കുന്നുമില്ല. പത്തു വര്‍ഷം കൂടി കഴിയുമ്പോള്‍ മാരക രോഗികള്‍, മഹാരോഗികള്‍ ഇല്ലാത്ത ഒരു കുടുംബം പോലും ഈ നാട്ടില്‍ കാണുവാന്‍ സാധിക്കുമോ? എല്ലാ വീട്ടിലും ഇത്തരം രോഗികള്‍ ആകുമ്പോള്‍ ശുശ്രൂഷിക്കാനോ, പിരിവെടുത്തു സഹായിക്കാന്‍ പോലുമോ പറ്റാത്ത അവസ്ഥ ഈ നാട്ടില്‍ വന്നുചേരും. 'ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇട വേള' എന്ന സിനിമ ക്യാന്‍സര്‍ രോഗത്തിന്റെ ഭീകരതയും രോഗിയുടെ കുടുംബത്തിന്റെ ദൈന്യതയും ഭംഗിയായി വെളിവാക്കുന്നു.

യാഥാര്‍ഥ്യം എന്താണ്?

കൃഷിയെയും കൃഷിക്കാരെയും അവഗണിച്ചു മുന്നോട്ടു പോയിട്ടുള്ള എല്ലാ ജനതകളും ഇല്ലാതായ ചരിത്രമേ ഉള്ളു. കേരളത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്ക് ബഹുരാഷ്ട്ര കുത്തക ഭീമന്മാരുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കി സാധാരണക്കാരെ വഴിയാധാരമാക്കുക എന്ന നയമാണ് കഴിഞ്ഞ ചില ദശാബ്ദങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. ആ കര്‍ഷകങ്ങള്‍ ആയ മുദ്രാവാക്യങ്ങള്‍ കൊണ്ട് യുവാക്കളെ അലസന്മാരും ക്രിമിനലുകളും ആക്കുന്നു. ജനങ്ങളെ വഞ്ചിച്ചു മുഴുവന്‍ ഭൂമിയും അന്തരീക്ഷവും കോണ്‍ക്രീറ്റ് ചെയ്തു കൊണ്ടിരിക്കുന്നു. ബാക്കിയുള്ളത് വന്യ മൃഗങ്ങള്‍ക്ക് തീറെഴുതി നല്‍കിയിരിക്കുന്നു. മനുഷ്യന് തെരുവ് നായയുടെ വില പോലും നഷ്ടമായിരിക്കുന്നു.

പരിഹാരം എന്ത്?

ഒരു പുനര്‍ വിചിന്തനവും കുറെ തിരിച്ചുപോക്കും അത്യാവശ്യമായിരിക്കുന്നു. നഷ്ടപ്പെട്ടു പോയ കാര്‍ഷിക സംസ്‌കാരം തിരിച്ചു പിടിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ 77 ലക്ഷം കുടുംബങ്ങള്‍ ഉണ്ടെന്നാണു പറയുന്നത്. ഓരോ കുടുംബവും ഓരോ കിലോ ഭക്ഷണ സാധനങ്ങള്‍ ഉത്പാദിപ്പിച്ചാല്‍ പോലും വലിയ ഒരു മാറ്റം സമൂഹത്തില്‍ ഉണ്ടാകും. മുന്‍വിധികള്‍ ഇല്ലാത്ത ചര്‍ച്ചകളും ക്രിയാത്മകമായ പദ്ധതികളും ആവിഷ്‌ക്കരിക്കണം. ക്രൈസ്തവ സഭകള്‍ കൂട്ടായി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഈ ചിങ്ങമാസം നമ്മെ അതിനു പ്രചോദിപ്പിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org