അശോക ചക്രവര്‍ത്തിയുടെ നാട്ടില്‍ പരിശുദ്ധാത്മാവിന്റെ പ്രചോദനവുമായി...

അശോക ചക്രവര്‍ത്തിയുടെ നാട്ടില്‍ പരിശുദ്ധാത്മാവിന്റെ പ്രചോദനവുമായി...
ഒഡീഷയിലെ വിവിധ പ്രദേശങ്ങള്‍ക്ക് പ്രത്യേകമായുള്ള പ്രാദേശിക ആചാരങ്ങളും പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളും നമ്മുടെ വിശ്വാസപ്രഘോഷണത്തെ വര്‍ണ്ണാഭവും വേറിട്ടതുമാക്കുന്നു. ഒഡീഷ, ജഗന്നാഥന്റെ നാടാണ്-പ്രപഞ്ചത്തിന്റെ നാഥന്‍; അത് മറ്റൊരു സാര്‍വലൗകിക മതത്തിന്റെ കളിത്തൊട്ടിലായും മാറിയിട്ടുണ്ടിന്ന്-ക്രൈസ്തവികതയുടെ.

ഉത്ഥിതനേല്‍പിച്ച ദൗത്യത്തിന്റെ നിര്‍വഹണം നാടുകളും രാജ്യങ്ങളും വന്‍കരകളും കടന്നു, കര്‍ത്താവിന്റെ സ്വര്‍ഗാരോഹണം മുതല്‍ എന്നേക്കും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. യൂറോപ്പിനെ കേന്ദ്രീകരിച്ചുകൊണ്ടുള്ള കത്തോലിക്ക മിഷന്‍ പ്രവര്‍ത്തനത്തില്‍ നിന്ന്, ഇന്ന് യൂറോപ്പിലേക്കും മറ്റ് ഭൂഖണ്ഡങ്ങളിലേക്കും മിഷനറിമാരെ അയക്കുന്നിടത്തേക്ക് എത്തി നില്‍ക്കുന്ന ഇന്ത്യന്‍ സഭ, മിഷനോടും മിഷനറി പ്രവര്‍ത്തനങ്ങളോടുമുള്ള സ്വന്തം സമീപനവും ആഭിമുഖ്യവും ഇടങ്ങളും വിപുലവും വിശാലവുമാക്കിയിരിക്കുന്നു. മിഷന്‍ ആഗോളസ്വഭാവമുള്ളതാണ്, ജ്ഞാനസ്‌നാനം സ്വീകരിച്ച ഓരോ ക്രിസ്ത്യാനിയും ക്രിസ്തുവിന്റെ മിഷനറി ആകാന്‍ കടപ്പെട്ടിരിക്കുന്നു. ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ പ്രചരിപ്പിക്കുകയും അവന്റെ ദൗത്യം നിറവേറ്റുകയും ചെയ്യുന്നത് ഒരു പ്രത്യേക വിഭാഗം ആളുകള്‍ക്കോ സ്ഥലത്തിനോ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല, മറിച്ച് അത് എല്ലാ ക്രിസ്ത്യാനികളുടെയും ഉത്തരവാദിത്തമാണ്, അവര്‍ എവിടെയായിരുന്നാലും. സഭ ഇത് തിരിച്ചറിയുകയും ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള ആളുകളിലേക്ക് എത്തിച്ചേരാനുള്ള അതിന്റെ ശ്രമങ്ങള്‍ വിപുലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മിഷന്‍ പ്രവര്‍ത്തനത്തോടുള്ള ഈ ആഗോള സമീപനം ക്രിസ്തുവിന്റെ സന്ദേശത്തിന്റെ സാര്‍വത്രിക സ്വഭാവത്തെയും എല്ലാ ജനതകളുമായും ആ സന്ദേശം പങ്കുവയ്ക്കാനുള്ള ആഗ്രഹത്തെയും പ്രതിഫലിപ്പിക്കുന്നു.

''പരിശുദ്ധാത്മാവിന്റെ ദാസരായ മിഷനറി സിസ്റ്റേഴ്‌സ്'' എന്ന സന്യാസസമൂഹത്തിലെ അംഗങ്ങളായ ഞങ്ങള്‍ ഒഡീഷയിലെ ഞങ്ങളുടെ സേവനത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുകയാണിപ്പോള്‍. ഓര്‍മ്മയുടെ വഴികളിലൂടെ തിരിച്ചു നടക്കുമ്പോള്‍, കഴിഞ്ഞ 50 വര്‍ഷങ്ങളിലെ മിഷനറി ജീവിതത്തിലെ നാഴികക്കല്ലുകള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു. വിശുദ്ധ അര്‍നോള്‍ഡ് ജാന്‍സെന്‍ സ്ഥാപിച്ച മിഷനറി സിസ്റ്റേഴ്സ് സെര്‍വന്റ്സ് ഓഫ് ഹോളി സ്പിരിറ്റ് (S Sp S) എന്ന ഹോളി സ്പിരിറ്റ് സിസ്റ്റേഴ്‌സ് ഇന്ന് 50 ലധികം രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു അന്താരാഷ്ട്ര സന്യാസിനീസമൂഹമാണ്. ഇന്ത്യയില്‍, ഇന്ത്യ സെന്‍ട്രല്‍, ഇന്ത്യ സൗത്ത്, ഇന്ത്യ ഈസ്റ്റ്, ഇന്ത്യ നോര്‍ത്ത് ഈസ്റ്റ് എന്നിങ്ങനെ നാല് മേഖലകളില്‍ പരസ്പരാശ്രിതമായി പ്രവര്‍ത്തിക്കുന്ന നാല് പ്രവിശ്യകളുണ്ട്.

വര്‍ധിച്ചുവരുന്ന പ്രാദേശിക ദൈവവിളികള്‍ ഈ സമൂഹത്തിന്റെ കരുത്താണ്. കൂടാതെ ആഗോള മിഷന് ഇന്ത്യന്‍ S Sp S നല്‍കുന്ന മഹത്തായ സംഭാവനയുമാണ്. 1889-ല്‍ സ്ഥാപിതമായ S Sp S സിസ്റ്റേഴ്‌സ്, 1933 ഫെബ്രുവരി 6-ന് ഇന്ത്യയിലെത്തി. ആദ്യത്തെ ഭവനം മധ്യപ്രദേശിലെ ഇന്‍ഡോറിലായിരുന്നു. താമസിയാതെ ഇ ന്ത്യന്‍ വനിതകള്‍, പ്രധാനമായും ദക്ഷിണേന്ത്യയില്‍ നിന്നുള്ളവര്‍ ഈ സമൂഹത്തില്‍ ചേരാന്‍ തുടങ്ങി. 31 വര്‍ഷത്തിനുള്ളില്‍, വിദ്യാഭ്യാസ-ആരോഗ്യ പരിപാലന രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിക്കൊണ്ട് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്തേക്ക് വ്യാപിച്ചു. 1928-ല്‍ സ്ഥാപിതമായ ഇന്‍ഡോര്‍ സെന്റ് റാഫേല്‍സ് ഗേള്‍സ് സ്‌കൂള്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ നാഴികക്കല്ലായ സ്ഥാപനമാണ്, ഇന്ത്യയിലെത്തിയപ്പോള്‍ തന്നെ ഞങ്ങളുടെ സിസ്റ്റേഴ്‌സ് ഏറ്റെടുത്ത സ്ഥാപനം. 1964-ല്‍ സ്ഥാപിതമായ ഹോളി സ്പിരിറ്റ് ഹോസ്പിറ്റല്‍ മുംബൈ, ഹോളിസ്റ്റിക് ആരോഗ്യപരിചരണസേവനങ്ങള്‍ നല്‍കിക്കൊണ്ട് ഈ രംഗത്ത് വിപുലമായ നേട്ടങ്ങള്‍ കൈവരിച്ചു. ആരാധനാക്രമ സംഗീതരംഗത്തെ സേവനങ്ങളും നിസ്തുലങ്ങളാണ്. സിസ്റ്റര്‍ പുഷ്പാഞ്ജലി ട ടു ട ന്റെ 'മംഗള്‍ മേഘ്‌ല' പരമ്പരയിലെ സ്‌തോത്രഗീതങ്ങള്‍ അനശ്വരമാണ്. ജീവകാരുണ്യരംഗത്തും ഹോളി സ്പിരിറ്റ് സിസ്റ്റേഴ്‌സ് നായകത്വം വഹിച്ചു, പലപ്പോഴും മറ്റാരും കടന്നു ചെല്ലാത്ത മേഖലകളിലായിരുന്നു ഈ സേവനങ്ങള്‍.

1973-ല്‍ ഞങ്ങള്‍ ഒഡീഷയിലേക്ക് മിഷന്‍ വിപുലീകരിച്ചു. യൂറോപ്പില്‍ നിന്നുള്ള രണ്ടു പേരും ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരാളുമാണ് അതിനു നേതൃത്വവം നല്‍കിയത്. പ്രാദേശിക ഭാഷയും ആചാരങ്ങളും അവര്‍ക്ക് അപരിചിതമായിരുന്നു, എന്നാല്‍ സ്‌നേഹത്തിന്റെ ഭാഷ എല്ലാ പ്രയാസങ്ങളെയും ചുരുങ്ങിയ സമയത്തിനുള്ളില്‍ മറികടന്നു. 1959-ല്‍ ജര്‍മ്മനിയുമായി സഹകരിച്ച് ഇന്ത്യയിലെ പൊതുമേഖലയിലെ ആദ്യത്തെ സംയോജിത സ്റ്റീല്‍ പ്ലാന്റ് സ്ഥാപിച്ച നഗരമായ റൂര്‍ക്കേലയുടെ പ്രാന്തപ്രദേശത്താണ് ഞങ്ങളുടെ ആദ്യത്തെ മിഷന്‍ സ്റ്റേഷന്‍ 'ബോണ്ടാമുണ്ട' സ്ഥിതി ചെയ്യുന്നത്. വ്യവസായവല്‍ക്കരണം വരുമാനം കൊണ്ടുവന്നെങ്കിലും, സാധാരണക്കാരുടെ ജീവിതം ദുരിതത്തിലായി. തുടക്കത്തില്‍, സിസ്റ്റര്‍മാര്‍ ഡിസ്‌പെന്‍സറി സ്ഥാപിച്ചു, അതു സാധാരണക്കാരുടെ ആശ്രയമായി മാറി. ഗ്രാമീണ സ്ത്രീകള്‍ക്ക് ജീവിത നൈപുണ്യ പരിശീലനം നല്‍കുകയായിരുന്നു അടുത്ത പടി. കുടുംബങ്ങളെ സാമ്പത്തികമായും ബൗദ്ധികമായും ശാരീരികമായും ആത്മീയമായും നല്ല രീതിയില്‍ നയിക്കാന്‍ അവരെ അതു പ്രാപ്തരാക്കി. ഒഡീഷയിലെ മിഷന്‍ കൂടുതല്‍ വികസിച്ചപ്പോള്‍, ആവശ്യാനുസരണമുള്ള പരിഷ്‌കരണങ്ങള്‍ വരുത്തിക്കൊണ്ട്, ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി. സാധാരണക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും സ്വന്തം ജീവിതം കെട്ടിപ്പടുക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ മിഷന്‍. ഏറ്റവും അടിസ്ഥാനതലങ്ങളിലാണു ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അതു ഗ്രാമങ്ങളിലെ സ്ത്രീകളോടൊപ്പമോ, ചേരികളിലെ വീട്ടുജോലിക്കാരോടൊപ്പമോ, ഹോസ്റ്റലുകളിലെ ആദിവാസി വിദ്യാര്‍ത്ഥികളോടോപ്പമോ അല്ലെങ്കില്‍ ഞങ്ങളുടെ ഡിസ്‌പെന്‍സറിയില്‍ വരുന്ന സാമ്പത്തികമായി ദരിദ്രരായവര്‍ക്കൊപ്പമോ, അല്ലെങ്കില്‍ അനേക നാഴികകള്‍ നടന്ന് ക്രിസ്ത്യന്‍ കുടുംബങ്ങളുടെ അടുത്തേക്ക് അവര്‍ക്കായി പ്രാര്‍ത്ഥനായോഗങ്ങള്‍ നടത്തിക്കൊണ്ടോ ആകാം.

മുമ്പ് ഒറീസ എന്നറിയപ്പെട്ടിരുന്ന ഒഡീഷ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ നാടാണ്. പട്ടികവര്‍ഗക്കാരുടെ എണ്ണത്തില്‍ ഇന്ത്യയിലെ മൂന്നാമത്തെ വലിയ സംസ്ഥാനം. അശോകചക്രവര്‍ത്തിയുടെ നാട് എന്നും ഒഡീഷ അറിയപ്പെടുന്നു. ധാതുക്കളിലും പ്രകൃതിവിഭവങ്ങളിലും വ്യാപാരം നടത്തുന്ന നിരവധി ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഒഡീഷ ആതിഥേയത്വം വഹിക്കുന്നു. കമ്പനികള്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ടെങ്കിലും, അതെല്ലാം ആദിവാസികളുടെ ഭൂമി കയ്യേറ്റത്തിന്റെയും ആവാസവ്യവസ്ഥയിലെ അസന്തുലിതാവസ്ഥയുടെയും ചെലവിലാണ്. ജീവിതാനുഭവങ്ങളില്‍ നിന്ന് യാഥാര്‍ത്ഥ്യങ്ങള്‍ വീക്ഷിക്കുമ്പോള്‍, പാവപ്പെട്ട നിരക്ഷരരായ ആദിവാസികളുടെ വേദന ഞങ്ങള്‍ക്ക് തൊട്ടറിയാനാകുന്നു. ആദിവാസികള്‍ ചൂഷണം ചെയ്യപ്പെടുകയോ അല്ലെങ്കില്‍ അവരുടെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയോ ചെയ്യുന്നു. സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് പ്രയോജനകരമായ നിരവധി പദ്ധതികളെ കുറിച്ചു കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും, അത് താഴെത്തട്ടില്‍ എത്രത്തോളം എത്തുന്നുവെന്നത് സംശയാസ്പദമാണ്.

ഒഡീഷയിലെ S Sp S മിഷന്റെ കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രം ഓര്‍മ്മിക്കുമ്പോള്‍, സാഹസികമായി ജീവിച്ചതിന്റെ നിരവധി കഥകള്‍ ഞങ്ങളുടെ സിസ്റ്റര്‍മാര്‍ക്കു പങ്കുവയ്ക്കാനുണ്ട്. ഞങ്ങളുടെ മിക്ക കോണ്‍വെന്റുകളും ചെന്നുപെടാന്‍ ദുഷ്‌കരമായ ഗ്രാമങ്ങളിലാണ് സ്ഥിതി ചെയ്യുന്നത് (ഇപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടിരിക്കുന്നു). ഗതാഗതം, വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ മിക്കവാറും ഇല്ലായിരുന്നു. ദശാബ്ദങ്ങള്‍ക്കുമുമ്പ് വരെ, സിസ്റ്റര്‍മാര്‍ ഓരോ സ്ഥലങ്ങളിലെത്താന്‍ കിലോമീറ്ററുകള്‍ നടക്കേണ്ടിയിരുന്നു. ദുഷ്‌കരമായ ജീവിതമായിരുന്നു അവരുടേത്. ആശയവിനിമയ മാര്‍ഗങ്ങളും ഗതാഗത സംവിധാനങ്ങളും വൈദ്യുതിയും തകരാറിലായതിനാല്‍ ഒറ്റപ്പെട്ടുപോകുന്നതും പതിവായിരുന്നു. ഇത് പിന്നീട് ജലവിതരണത്തെയും മറ്റ് പല അടിസ്ഥാന സൗകര്യങ്ങളെയും ബാധിക്കുകയും ചെയ്യുമായിരുന്നു. ഈ ബുദ്ധിമുട്ടുകള്‍ക്കെല്ലാം ഉപരിയായി, തികഞ്ഞ ലാളിത്യത്തില്‍ സാധാരണക്കാരുമായി ഒരുമിച്ചു ജീവിക്കുന്നതിന്റെ സന്തോഷമാണ് ഞങ്ങളുടെ ഒഡീഷ മിഷന്റെ മുഖമുദ്ര.

സഭയ്ക്ക് ധാരാളം പ്രാദേശിക ദൈവവിളികള്‍ ലഭിക്കുന്നത് സവിശേഷമായ അനുഗ്രഹമാണ്. വിശ്വാസത്തിലും മാനവികതയിലും സാമൂഹിക വികസനത്തിലും വളരാന്‍ തങ്ങളെ സഹായിക്കാന്‍ പുറമെ നിന്നു മിഷനറിമാരെ സ്വീകരിച്ചിരുന്ന നാടായിരുന്നു ഒരു കാലത്ത് ഒഡീഷ. തങ്ങള്‍ക്ക് ലഭിച്ച സുവിശേഷസന്ദേശത്തെ ആഗോള മിഷനിലേക്ക് കൊണ്ടുപോകാന്‍ ഇന്ന് അവര്‍ കരുത്താര്‍ജിച്ചിരുന്നു. ഒഡീഷ സ്വദേശികളായ നൂറിലധികം S Sp S സിസ്റ്റര്‍മാര്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ലോകമെമ്പാടും ഇന്നു മിഷനറിമാരായി പ്രവര്‍ത്തിക്കുന്നു.

ഒഡീഷ-ബോണ്ടമുണ്ടയിലെ S Sp S മഠത്തിന്റെ സുവര്‍ണ്ണ ജൂബിലി ഞങ്ങള്‍ക്കു വളരെ പ്രധാനമാണ്. ഒഡീഷ സഭയുടെ ചരിത്രത്തില്‍ തന്നെ ഒരു പുതിയ അധ്യായം തുറന്ന സംഭവമാണത്. ഇന്ന് ഫലമണിഞ്ഞു നില്‍ക്കുന്നതെല്ലാം സ്ഥാപിക്കാന്‍ ആദ്യ വര്‍ഷങ്ങളില്‍ കഠിനാധ്വാനം ചെയ്ത സഹോദരിമാരുടെ ധീരമായ പ്രവര്‍ത്തനങ്ങള്‍ അനുസ്മരിക്കാനുള്ള അവസരമാണിത്. ദരിദ്രരായ ആദിവാസി കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്നതിനായി വിദൂര ഗ്രാമങ്ങളില്‍ ഏറെക്കുറെ ജീവിതമത്രയും ചിലവഴിച്ച സമര്‍പ്പിതരായ ഒരു കൂട്ടം അധ്യാപകര്‍ ഉണ്ടായിരുന്നു. അവരെ സ്‌കൂളുകളില്‍ പഠിപ്പിക്കാനും ഹോസ്റ്റലുകളില്‍ പരിശീലിപ്പിക്കാനും പള്ളിയില്‍ നയിക്കാനും സമര്‍പ്പിതര്‍ സ്വന്തം ജീവിതം ചിലവഴിച്ചു. കുട്ടികളുടെ സ്‌കൂള്‍ കാലഘട്ടത്തിലുടനീളം ഇത് 24ഃ7 അകമ്പടിയാണ് സിസ്റ്റര്‍മാര്‍ നല്‍കിയത്.

മിഷന്റെ മറ്റ് പോരാളികള്‍ നഴ്സുമാരാണ്- അവര്‍ 'പ്രാദേശിക ഡോക്ടര്‍'മാരുടെ വേഷമാണ് അഭിനയിക്കുന്നത്. രോഗികള്‍ക്ക് അവര്‍ നല്‍കുന്ന അത്ഭുതകരമായ സൗഖ്യം വൈദ്യശാസ്ത്രത്തിനു പോലും വിശദീകരിക്കാന്‍ കഴിയാത്തതാണ്. അവരുടെ കുറിപ്പടികളില്‍ വൈവിധ്യമാര്‍ന്ന ഇലകളും പൂക്കളും വേരുകളും വിത്തുകളും വിശുദ്ധ ജലവും ഉള്‍പ്പെടുന്നു! മിക്കപ്പോഴും, സാധാരണക്കാര്‍ക്ക് ആശുപത്രികളില്‍ പോകാന്‍ മാര്‍ഗമില്ല. അവിടെയാണ്, ഉള്‍ഗ്രാമങ്ങളിലെ സിസ്റ്റര്‍ നഴ്‌സുമാരുടെ സാന്നിധ്യം മൂല്യവത്താകുന്നത്. ജനങ്ങള്‍ സിസ്റ്റേഴ്‌സിന്റെ അടുക്കല്‍ വരുന്നു, വിശ്വാസവും വൈദ്യശാസ്ത്രവും ബദല്‍ മരുന്നുകളും പ്രാര്‍ത്ഥനയും അവരെ സുഖപ്പെടുത്തുന്നു.

സുധീരരായ മുന്നണിപോരാളികളുടെ മറ്റൊരു നിര സാമൂഹിക-അജപാലന പ്രവര്‍ത്തകരാണ്. അവര്‍ നിര്‍ഭയം കുന്നുകളിലും താഴ്‌വരകളിലും ഇടവഴികളിലും ചുറ്റി സഞ്ചരിക്കുന്നു. സാമൂഹിക ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ എല്ലായ്‌പ്പോഴും കാലത്തിന്റെ അടയാളങ്ങളുമായി പൊരുത്തപ്പെട്ടു. നൈപുണ്യ പരിശീലനം, തൊഴിലധിഷ്ഠിത ക്ലാസുകള്‍, സ്വയം പര്യാപ്തതയുള്ള ചെറുകിട സംരംഭങ്ങള്‍ പരിചയപ്പെടുത്തല്‍, എക്‌സ്‌പോഷര്‍ പ്രോഗ്രാം, നേതൃത്വ പരിശീലനങ്ങള്‍ തുടങ്ങിയവയിലൂടെ സ്ത്രീ ശാക്തീകരണ പരിപാടികള്‍ക്കു വളരെ ഊന്നല്‍ നല്‍കി. ഞങ്ങളുടെ എല്ലാ മിഷന്‍ സ്റ്റേഷനുകളിലും, സാമൂഹിക പരിഷ്‌കര്‍ത്താക്കളായി പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ വളരെ ശക്തമായ സമൂഹമുണ്ട്.

മിഷനിലെ സഹോദരിമാരുടെ കഠിനാധ്വാനവും അര്‍പ്പണബോധവും ത്യാഗ മനോഭാവവും പ്രതിബദ്ധതയും അശ്രാന്ത പരിശ്രമവും വിസ്മയകരവും പ്രചോദനാത്മകവുമാണ്. സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക സ്ഥിതിയിലും അടിസ്ഥാന സൗകര്യ വികസനത്തിലും സ്വാധീനം ചെലുത്തിയവരാണവര്‍. ഒരു ദശാബ്ദത്തിനുമുമ്പ് ദൈവവിളി പ്രോത്സാഹനവുമായി ബന്ധപ്പെട്ട ദുഷ്‌കരമായ ഒരു യാത്രയ്ക്കു പോയ അനുഭവം ഒരു മുതിര്‍ന്ന സന്യാസിനി പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ ശ്വാസം അടക്കിപ്പിടിച്ചിരുന്നുപോകും. ദൈവത്തിനുവേണ്ടിയുള്ള അവരുടെ നടത്തം ഫലം കണ്ടു, വിദൂരസ്ഥങ്ങളായ ഗ്രാമങ്ങള്‍ക്കും തങ്ങളുടെ രക്ഷകനായ യേശുക്രിസ്തുവിന്റെ സ്‌നേഹം അനുഭവിക്കാന്‍ അവസരം ലഭിച്ചു.

ഒഡിഷയില്‍ ഉണ്ടായ പ്രകൃതിദുരന്തങ്ങളെയും മറ്റു പ്രതിസന്ധികളെയും സിസ്റ്റേഴ്‌സിനും നേരിടേണ്ടതായി വന്നു. 1999 ലെ വന്‍ചുഴലിക്കാറ്റ് ഒഡീഷയിലെ ജനങ്ങള്‍ക്ക് വിനാശകരമായ അനുഭവമായിരുന്നു. തുടക്കത്തിലുണ്ടായ ഞെട്ടലിനുശേഷം, ഒഡീഷയിലെ വിവിധ രൂപതകള്‍ രൂപീകരിച്ച രക്ഷാപ്രവര്‍ത്തന സംഘങ്ങളെ നയിക്കാന്‍ സിസ്റ്റേഴ്‌സ് ധൈര്യസമേതം ഇറങ്ങിപ്പുറപ്പെട്ടു. രക്തസാക്ഷികളുടെ നാട് കൂടിയാണ് ഒഡീഷ. ഏതാനും മാസങ്ങള്‍ക്കുശേഷം, ഗ്രഹാം സ്റ്റെയിന്‍സിന്റെയും അദ്ദേഹത്തിന്റെ രണ്ട് കുട്ടികളുടെയും ദാരുണമായ കൊലപാതകത്തിനു ശേഷം, കത്തോലിക്കാ പുരോഹിതനായ ഫാ. അരുള്‍ദോസിന്റെ ക്രൂരമായ കൊലപാതകത്തിനും സാക്ഷ്യം വഹിക്കേണ്ടി വന്നു. ഗ്രാമത്തിലെ സബ്‌സ്റ്റേഷനുകളില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ പോകുന്നതിനിടെയാണ് ഫാ. അരുള്‍ദോസ് കൊല്ലപ്പെട്ടത്. ഞങ്ങളുടെ പല സിസ്റ്റര്‍മാര്‍ക്കും അറിയാവുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. വാര്‍ത്ത കേട്ടു ഞങ്ങള്‍ തളര്‍ന്നുപോയി. എന്നിരുന്നാലും, ഇന്ന് അദ്ദേഹത്തിന്റെ ജീവത്യാഗത്തില്‍ ഞങ്ങള്‍ സ്വര്‍ഗീയമായ ആനന്ദമനുഭവിക്കുന്നു; അദ്ദേഹത്തിന്റെ രക്തം വാര്‍ന്നു കുതിര്‍ന്ന ഭൂമി ക്രൈസ്തവസാക്ഷ്യത്തിന്റെ പറുദീസയായി മാറിയിരിക്കുന്നു. കന്ധമാല്‍ അക്രമസമയത്ത് ഞങ്ങളോ ഞങ്ങളുടെ ഭവനങ്ങളോ നേരിട്ട് ആക്രമിക്കപ്പെട്ടില്ലെങ്കിലും, മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത പരിശോധിക്കുന്ന ഒരു ലിറ്റ്മസ് പരീക്ഷണ കാലഘട്ടമായിരുന്നു അത്! ഞങ്ങള്‍ അതിനെ സധൈര്യം നേരിട്ടു; കര്‍ഫ്യൂ നിലനില്‍ക്കുകയും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സന്യസ്തരെ കര്‍ശനമായി വിലക്കുകയും ചെയ്തിരുന്നെങ്കിലും ഹോളി സ്പിരിറ്റ് സിസ്റ്റേഴ്‌സ് സംഭവസ്ഥലത്തേക്ക് കടന്നെത്തുക തന്നെ ചെയ്തു.

ഓരോ ദിവസവും ഞങ്ങള്‍ ദൈവത്തിന്റെ സംരക്ഷണം അനുഭവിച്ചിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. ഒഡീഷയില്‍ ഞങ്ങളുടെ മിഷന്‍ ആരംഭിച്ചതു മുതല്‍, ജനങ്ങളുടെ ഹൃദയങ്ങള്‍ കീഴടക്കുവാന്‍ ഞങ്ങള്‍ക്കു സാധിച്ചിരുന്നു. ഞങ്ങളുടെ ഭവനങ്ങളില്‍ എന്നും ആതിഥ്യവും ഊഷ്മളവുമായ സ്വാഗതവും ജനങ്ങള്‍ക്കു ലഭിച്ചിരുന്നതിനാലാണത്. S Sp S ന്റെ അന്തര്‍ദേശീയ, ബഹുസംസ്‌കാര സ്വഭാവം സാധാരണക്കാര്‍ക്കിടയില്‍ വളരെ വിലമതിക്കപ്പെടുന്നു, ഞങ്ങളുടെ സാംസ്‌കാരിക ബഹുസ്വരതയെയും പ്രാദേശിക സംസ്‌കാരത്തിലേക്ക് പക്ഷപാതമില്ലാതെ ഉള്‍ച്ചേരാനുള്ള കഴിവിനെയും ജനം എന്നും മതിപ്പോടെ കണ്ടിരുന്നു. സാമൂഹികവും സാംസ്‌കാരികവും സാമുദായികവും കുടുംബപരവുമായ ചടങ്ങുകളില്‍ ജാതിമത വേലിക്കെട്ടുകള്‍ പരിഗണിക്കാതെ സിസ്റ്റര്‍മാരെ എല്ലാവരും ക്ഷണിക്കുന്നു. എല്ലാ തലങ്ങളിലും ലഭിച്ചുകൊണ്ടിരിക്കുന്ന മതസ്വാതന്ത്ര്യവും സ്വീകാര്യതയും ഇടക്കുണ്ടാകുന്ന വെല്ലുവിളികള്‍ പരിഗണിക്കാതെ മിഷനുമായി മുന്നോട്ടു പോകുവാന്‍ ഞങ്ങളെ സഹായിക്കുന്നു.

ഒഡീഷയിലെ സഭയുടെ വിശ്വാസയാത്ര അത്രയൊന്നും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ഒഡീഷയിലെ സഭയുടെ വികാസത്തിന്റെയും വളര്‍ച്ചയുടെയും ഭാഗമായ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ആ നാട്ടിലെ എല്ലാ വിശ്വാസികളുമൊത്തു നടത്തുന്ന ഒരു തീര്‍ത്ഥാടനമാണ്. ഒഡീഷയിലെ വിവിധ പ്രദേശങ്ങള്‍ക്ക് പ്രത്യേകമായുള്ള പ്രാദേശിക ആചാരങ്ങളും പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളും നമ്മുടെ വിശ്വാസപ്രഘോഷണത്തെ വര്‍ണ്ണാഭവും വേറിട്ടതുമാക്കുന്നു. ഒഡീഷ, ജഗന്നാഥന്റെ നാടാണ്- പ്രപഞ്ചത്തിന്റെ നാഥന്‍; അത് മറ്റൊരു സാര്‍വലൗകിക മതത്തിന്റെ കളിത്തൊട്ടിലായും മാറിയിട്ടുണ്ടിന്ന്- ക്രൈസ്തവികതയുടെ.

  • (ഹോളി സ്പിരിറ്റ് സന്യാസിനിയായ ലേഖിക 17 വര്‍ഷമായി ഒഡിഷയില്‍ സേവനം ചെയ്യുന്നു. പ്രൊവിന്‍സിന്റെ മാധ്യമവിഭാഗം കോര്‍ഡിനേറ്ററായ സിസ്റ്റര്‍ ഇപ്പോള്‍ ഭുവനേശ്വറിലെ സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് യൂണിവേഴ്‌സിറ്റിയില്‍ ഡോക്ടറല്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നു. തലശ്ശേരി അതിരൂപത, എടൂര്‍ ഇടവകയിലെ വട്ടമറ്റം ചാക്കോ, മേരി ദമ്പതികളുടെ മകളാണ്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org