പീഠത്തിൽ വച്ച വിളക്ക്

A lamp on a pedestal
Published on

സാധാരണക്കാരായ ജനങ്ങൾ കത്തോലിക്കാ സഭയുടെ പഠനങ്ങൾ വായിച്ചു മനസ്സിലാക്കാൻ ഉപയോഗിക്കുന്ന മാധ്യമമാണു സത്യദീപം വരിക. വത്തിക്കാന്റെ നേതൃത്വ ത്തിൽ പ്രസിദ്ധീകരിക്കുന്ന ല ഒസ്സർവത്തോരെ റൊമാനോ വാരികയുടെ ഒരു കേരള പതിപ്പാണ് സത്യദീപം. സാമാന്യ ജനങ്ങളിലേക്ക് സഭയുടെ കാഴ്ചപ്പാടും നാടിന്റെ സംസ്കാരത്തിന്റെ പ്രസക്തിയും ഒക്കെ പ്രചരിപ്പിക്കാൻ സത്യദീപം നടത്തിയിട്ടുള്ള പരിശ്രമത്തെ ഞാൻ വിശേഷിപ്പിക്കുക പീഠത്തിൽ വച്ച വിളക്ക് എന്നാണ്. കേരളസഭയുടെ പീഠത്തിൽ വച്ച്, പ്രകാശം പരത്തി, 100 വർഷം പിന്നിട്ട വിളക്കാണ് സത്യദീപം.

സഭയുടെ പഠനങ്ങൾ സാമാന്യ ജനങ്ങളിലേക്ക് എത്തിക്കുന്നത് വഴി കേരളത്തിൽ സത്യദീപം നിർവഹിച്ച ഒരു മതബോധന ശുശ്രൂഷയുണ്ട്. അത് ഏറെ കടപ്പാടോടുകൂടി, സഭയ്ക്കുവേണ്ടി ഞാൻ പരസ്യമായി ഏറ്റു പറയുന്നു. മാർപാപ്പാമാരുടെയും സഭയുടെയും കാഴ്ചപ്പാടുകൾ കൃത്യതയോടു കൂടി അറിയാൻ നമ്മുടെ ജനങ്ങൾ എന്നും ആശ്രയിച്ചിട്ടുള്ള ഒരിടമാണ് സത്യദീപം. ആ പേര് തന്നെ എത്രയോ കുലീനത്വം ഉള്ളതാണ്. സത്യം പീഠത്തിൽ പ്രകാശിപ്പിക്കുന്ന ഇടം. പൂജരാജാക്കന്മാർക്ക് നക്ഷത്രം ബേത്.ലഹേമിലേക്കുള്ള യാത്രയിൽ വഴികാട്ടിയതുപോലെ നമ്മുടെ ജനങ്ങൾക്ക് വഴിതെറ്റാതെ കർത്താവിന്റെ പഠനങ്ങളും സഭയുടെ കാഴ്ചപ്പാടുകളും എത്തിച്ചു കൊടുക്കുന്നതിലെ സത്യദീപത്തിന്റെ സേവനം വാക്കുകൾകൊണ്ട് വിവരിക്കാൻ കഴിയുന്നതിനേക്കാൾ വളരെ വലുതാണ്. ഇതിന്റെ പിറകിൽ പ്രവർത്തിച്ച ധന്യൻ ജോസഫ് പഞ്ഞിക്കരനച്ചനെ ഓർക്കുകയാണ്. അദ്ദേഹത്തിന് ലഭിച്ച സഹകാരിയാണ് ജേക്കബ് നടുവത്തുശേരിയച്ചൻ. സത്യദീപത്തിന്റെ ശതാബ്ദി കൊണ്ടാടുന്ന ഈ സന്ദർഭത്തിൽ അവർ സ്വർഗ്ഗത്തിൽ ഇരുന്ന് നമ്മളെ ഓർത്ത് നന്ദി പറയുന്നുണ്ട്.

സത്യദീപം ധാരാളം സാഹിത്യകാരന്മാർക്ക് വഴികാട്ടിയിട്ടുണ്ട്. സത്യദീപത്തിലൂടെ എഴുതി വളർന്നവർ പിന്നീട് വലിയ സാഹിത്യകാരന്മാരായി തീരാൻ ഇടയായിട്ടുണ്ട്. തൃശ്ശൂരിലെ സി എൽ ജോസ് സാറിനെ ഞാൻ ഓർക്കുന്നു. അദ്ദേഹം ഒരിക്കൽ വികാരാധീനനായി പറഞ്ഞു, തനിക്ക് പത്താം ക്ലാസ് പഠിക്കാൻ കഴിഞ്ഞില്ല, പക്ഷേ താനൊരിക്കൽ സെന്റ് തോമസ് കോളേജിന് സൈഡിലെ റോഡിലൂടെ നടന്നു പോകുമ്പോൾ താൻ എഴുതിയ മണൽകാട് എന്ന നാടകം വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതു കേട്ടു വഴിയിൽ നിന്നു. ഇത്തരത്തിൽ മൂല്യബോധമുള്ള സാഹിത്യകാരന്മാരെ വളർത്തിക്കൊണ്ടു വരുന്നതിൽ സത്യദീപത്തിനു വലിയ പ്രാധാന്യം ഉണ്ട്.

ഷംഷാബാദിന്റെ മെത്രാൻ എന്ന നിലയിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്യേണ്ടി വന്നിട്ടുള്ള ഒരാളാണ് ഞാൻ. മലയാളികളായ വൈദികരെയും സന്യാസിനി മാരെയും മിഷനറിമാരായി ഇന്ത്യയുടെ പല ഭാഗങ്ങളിലും കണ്ടുമുട്ടിയിട്ടുണ്ട്. മിഷനിലേക്ക് വരാൻ ആരാണ് പ്രേരിപ്പിച്ചത് എന്ന് അവരോടെല്ലാം കൗതുകത്തോടെ ചോദിക്കാറുണ്ട്. അവരിൽ പലരും പറയാറുണ്ട്, സത്യദീപം പോലുള്ള പ്രസിദ്ധീകരണങ്ങളിലൂടെ ഞങ്ങൾക്ക് കിട്ടിയ കാഴ്ചപ്പാടാണ് ഞങ്ങളെ മിഷനറിമാരാക്കാൻ പ്രാപ്തരാക്കിയത് എന്ന്. മിഷന്റെ ആവശ്യങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാൻ നടത്തിയ വലിയ പരിശ്രമം സത്യദീപത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്.

ക്രൈസ്തവ സംസ്കാരം കുറവുകൂടാതെ കാത്തുസൂക്ഷിക്കാൻ, അത് നാടിന്റെ നന്മയ്ക്കും സഹോദരങ്ങളുടെ വളർച്ചയ്ക്കും ഉപകാരപ്രദമാകും വിധത്തിൽ ഉപയോഗിക്കുവാൻ സത്യദീപത്തിലൂടെ നടത്തിയ പരിശ്രമങ്ങൾ ഫലം കണ്ടതിന്റെ ഫലമാണ് ഇന്ന് നമ്മുടെ സഭയുടെ ശുശ്രൂഷകൾ ആദരവോടുകൂടി ജനങ്ങൾ കാണുന്നത്. പലപ്പോഴും കുറവുകളും നഷ്ടങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ടെങ്കിൽ പോലും മതത്തെ തീവ്രവാദപരമായ നിലപാടിലേക്കു കൊണ്ടുപോകാതെ, സമത്വത്തിന്റെയും സംസ്കാരത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു പ്രതീകമായി മതത്തെ വളർത്തുന്നതിൽ സത്യദീപം പോലുള്ള നമ്മുടെ വാരികകളും എഴുത്തുകാരും എഴുത്തുകളും ചെയ്തിട്ടുള്ള ശുശ്രൂഷകൾ വളരെ വലുതാണ്. നൂറുവർഷം കഴിഞ്ഞിട്ടും പീഠത്തിൽ വച്ച് വിളക്കിന്റെ ശോഭ കെടാതെ ഇന്നും തുടരുന്നതിൽ അഭിമാനമുണ്ട്. ഇതിനൊരു ഇംഗ്ലീഷ് പതിപ്പ് കൂടെ നമ്മൾ പ്രസിദ്ധീകരിക്കുന്നുണ്ട്. അതും നന്നായി ആളുകൾക്കിടയിലേക്ക് എത്തിപ്പെടുന്നുണ്ട്. സത്യദീപത്തെ വളർത്തിയ എല്ലാവരുടെയും മുമ്പിൽ, സഭയുടെ നാമത്തിൽ ഏറെ സ്നേഹത്തോടു കൂടെ ആദരവ് അർപ്പിക്കുന്നു, എല്ലാ നന്മകളും ദൈവാനുഗ്രഹങ്ങളും സത്യദീപത്തിലൂടെ ഉണ്ടാകാൻ തുടർന്നും ഇടവരുത്തട്ടെ എന്ന് പ്രാർഥിക്കുന്നു.

logo
Sathyadeepam Online
www.sathyadeepam.org