ആകാശത്തേക്ക് നോക്കി അടുപ്പിൽ തീ ഊതുന്ന പണ്ഡിതർ!

Scholars blowing into the hearth fire while gazing at the sky!
Published on: 

“It was the best of times, it was the worst of times, it was the age of wisdom, it was the age of foolishness...” 1859-ൽ പ്രസിദ്ധീകരിക്കപ്പെട്ട, പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരനായ ചാൾസ് ഡിക്കൻസിന്റെ, A Tale of two cities എന്ന ഗ്രന്ഥത്തിന്റെ ആരംഭത്തിൽ അദ്ദേഹം കുറിച്ച വാക്കുകളാണ് ഇവ. ഈ ഗ്രന്ഥം പ്രസിദ്ധീകൃതമാകുന്നതിനും 70 വർഷങ്ങൾക്കു മുൻപ് നടന്ന ഫ്രഞ്ച് വിപ്ലവത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ നോവൽ എഴുതിയത്. ഒരേസമയം മികച്ചതും കെട്ടതുമായ സമയം, ഒരുവശത്ത് ജ്ഞാനികളും മറുവശത്ത് വിഡ്ഢികളും കൂത്താടിയ സമയം, ... ഇങ്ങനെ നീണ്ടു പോകുന്നു അദ്ദേഹത്തിന്റെ വർണ്ണന! ലിംഗസമത്വത്തെക്കുറിച്ചുള്ള ചർച്ചകളും ശാസ്ത്രീയ മുന്നേറ്റവും അതിവേഗത്തിൽ മുന്നേറുമ്പോൾ പിന്നാക്കം നടക്കുന്നവരായി മത‘ഫണ്ഡിത’രെ കാണുന്നതിൽ ദുഃഖമുണ്ട്. മൂരാച്ചിത്തരം ഔദ്ധത്യത്തോടെ പറയുന്നവരെ പണ്ഡിതർ എന്നതിനേക്കാൾ “ഫണ്ഡിതർ” എന്നോ “പണ്ടിതർ” എന്നോ വിളിക്കുന്നതാണ് ഉചിതം എന്ന് തോന്നുന്നു. കാരണം മണ്ടത്തരത്തിലൂടെ ടൺ കണക്കിന് ഫൺ തരുന്നവരോ ‘പണ്ട്’ ‘ഇതു’പോലെ ആയിരുന്നു എന്നതുകൊണ്ട് എന്നും ‘ഇതു’പോലെ ആയിരിക്കണം എന്ന് ശാഠ്യം പിടിക്കുന്നവരോ ആണ് ഇവരിൽ ബഹുഭൂരിപക്ഷവും! സ്ത്രീകൾ പുറത്തിറങ്ങരുത് എന്നും സ്ത്രീകൾ പുറത്തിറങ്ങിയാൽ വലിയ നാശം എന്നും പറയുന്ന മൊല്ലാക്കമാരും പെൺകുട്ടികൾ ജീൻസ് ഇടരുത് എന്ന് പറയുന്ന ക്രൈസ്തവ ധ്യാന ഗുരുക്കന്മാരും നൃത്തം അഭ്യസിക്കരുത് എന്നു പഠിപ്പിക്കുന്ന കന്യാസ്ത്രീകളും എല്ലാം ഈ വിഭാഗത്തിൽ പെടും!

സ്വന്തം അജ്ഞതയെ മനുഷ്യൻ പടിപടിയായി തിരിച്ചറിയുന്ന പ്രക്രിയയുടെ പേരാണ് വിദ്യാഭ്യാസം. വിജ്ഞാനത്തോടുള്ള ദാഹത്തിന്റെ മാപിനി അവസാനിക്കാത്ത ചോദ്യങ്ങളുമാണ്. ചുരുക്കത്തിൽ എന്നും ചോദ്യങ്ങളുള്ള വിദ്യാർത്ഥി ആയിരിക്കണം പണ്ഡിതൻ.

1903 ൽ ഊർജ്ജതന്ത്രത്തിനും 1911 ൽ രസതന്ത്രത്തിനും നോബൽ സമ്മാനം നേടിയ മാരീ ക്യൂറി ആദ്യത്തെ നോബൽ സമ്മാന ജേതാവായ വനിതയും രണ്ടു വ്യത്യസ്ത ശാസ്ത്ര വിഷയങ്ങളിൽ നോബൽ സമ്മാനം നേടിയ ചരിത്രത്തിലെ ഏക വ്യക്തിയുമാണ്. ജീൻ എഡിറ്റിങ്ങിലെ നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചതിന് 2020-ൽ രസതന്ത്രത്തിന് നോബൽ സമ്മാനം നേടിയ അമേരിക്കൻ ശാസ്ത്രജ്ഞ ജെന്നിഫർ ഡൂഡ്നയിലും 2023 ബഹിരാകാശത്ത് എത്തിയ സൗദി വനിത റയാന ബർണാവിയിലും വരെ എത്തി ഓരോ ദിവസവും വളരുന്ന ഈ പട്ടിക മനഃപാഠം ആക്കണമെങ്കിൽ പണ്ഡിതന്മാർ കുറച്ചുകൂടി വിയർക്കേണ്ടി വരും! വിജ്ഞാനം കൊണ്ട് കീർത്തി നേടിയ ഷേബാ രാജ്ഞിയും, നയതന്ത്രത്തിന് പേരുകേട്ട ഈജിപ്തിലെ ക്ലിയോപാട്ര രാജ്ഞിയും റോമാ സാമ്രാജ്യത്തിന്റെ കടന്നുകയറ്റത്തിനെതിരെ ധീരമായി പോരാടിയ ബ്രിട്ടീഷ് രാജ്ഞി ബൂഡിക്കായും യുദ്ധതന്ത്രജ്ഞയായിരുന്ന പാൽമീരാ രാജ്ഞി സെനോബിയായും മുതലിങ്ങ് പോന്നാൽ ഗോൾഡ മയറിലൂടെയും ഇന്ദിരാഗാന്ധിയിലൂടെയും മാർഗരറ്റ് താച്ചറിലൂടെയും ആംഗല മെർക്കലിലൂടെയും ജോർജ മേലോണിയിലൂടെയും കമലഹാരിസിലൂടെയും നീണ്ടുപോകുന്ന പ്രഗൽഭരായ വനിതാ ഭരണകർത്താക്കളുടെയും ചരിത്രം നമുക്കു മുൻപിൽ ഉണ്ട്.

പാണ്ഡിത്യത്തിന്റെ ലക്ഷണം വിജ്ഞാനത്തോടുള്ള അടങ്ങാത്ത ദാഹമാണ്. സംശയത്തിൽ നിന്നും ഉറച്ച ജ്ഞാനം ആരംഭിക്കുന്നു എന്ന് ആധുനിക ചിന്തയുടെ പിതാവായ റെനെ ദെക്കാർത്ത് പറഞ്ഞത് എത്രയോ ശരിയാണ്! സ്വന്തം അജ്ഞതയെ മനുഷ്യൻ പടിപടിയായി തിരിച്ചറിയുന്ന പ്രക്രിയയുടെ പേരാണ് വിദ്യാഭ്യാസം. വിജ്ഞാനത്തോടുള്ള ദാഹത്തിന്റെ മാപിനി അവസാനിക്കാത്ത ചോദ്യങ്ങളുമാണ്. ചുരുക്കത്തിൽ എന്നും ചോദ്യങ്ങളുള്ള വിദ്യാർത്ഥി ആയിരിക്കണം പണ്ഡിതൻ. “Conjectures and Refutations” എന്ന ഗ്രന്ഥത്തിൽ ശാസ്ത്രത്തിന്റെ തത്വജ്ഞാനം (philosophy of science) എന്ന വൈജ്ഞാനിക മേഖലയിൽ വലിയ സംഭാവനകൾ നൽകിയ തത്വചിന്തകനും ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലെ പ്രൊഫസറും ആയിരുന്ന കാൾ പോപ്പർ ശാസ്ത്രം വളരുന്നത് മുൻഗാമികളെയും അവരുടെ ധാരണകളെയും സിദ്ധാന്തങ്ങളെയും തിരുത്തിക്കൊണ്ടാണെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. ചോദ്യം ചെയ്യലിനും തിരുത്തലിനും വിധേയമാകാത്തതൊന്നും, അതുകൊണ്ട്, ശാസ്ത്രമല്ല! അങ്ങനെയെങ്കിൽ മതത്തിന്റെ സിദ്ധാന്തങ്ങൾ ഇത്തരം തിരുത്തലിന് വിധേയമാകുന്നില്ലല്ലോ എന്ന സ്വാഭാവിക ചോദ്യം ഉയരാം. അതുകൊണ്ടുതന്നെ മതത്തിന്റെ ‘സിദ്ധാന്ത’ങ്ങളെ ആരും ശാസ്ത്രം എന്നു വിളിക്കാറുമില്ല! ചോദ്യം ചെയ്യൽ, തിരുത്തൽ എന്നീ രണ്ടു മൗലിക സംഗതികളിൽ അധിഷ്ഠിതമായി മതത്തെ പൊതുരംഗത്ത് വ്യാഖ്യാനിക്കാത്തവരെ തന്മൂലം ‘പണ്ഡിതർ’ എന്ന് വിളിക്കാനും ആകില്ല. ജർമ്മനിയിൽ ഹിറ്റ്ലറുടെ നാസി പാർട്ടി അധികാരത്തിലെത്തിയതിന് തൊട്ടു പിന്നാലെ ബ്രിട്ടീഷ് ചിന്തകനായ ബർട്രാന്റ് റസൽ പ്രസിദ്ധീകരിച്ച ലേഖനമാണ് ‘The triumph of stupidity’. വിവേകികൾ ചോദ്യങ്ങളിലും വിഡ്ഢികൾ ഉറപ്പുകളിലും അഭിരമിക്കുന്ന കാലം എന്നാണ് തന്റെ സമകാലിക സാമൂഹിക യാഥാർത്ഥ്യത്തെ അദ്ദേഹം ആ ലേഖനത്തിൽ വിവരിച്ചത്. ഉറപ്പുകളിൽ അഭിരമിക്കുന്നവരേക്കാൾ വലിയ അപകടകാരികൾ ഇല്ല എന്നതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്ന സത്യം. ബോധ്യപ്പെടുത്താനാകാത്ത ഉറപ്പുകളും തജ്ജന്യമായ ശാഠ്യങ്ങളും പലപ്പോഴും പാഷണ്ഡതകളിലേക്കും തീവ്രവാദങ്ങളിലേക്കും നമ്മെ നയിക്കുന്നു.

ക്രൈസ്തവ ധ്യാനകേന്ദ്രങ്ങളിലെ പല ‘തീപ്പൊരി’ ധ്യാന പ്രസംഗകരും തങ്ങളുടെ പിന്തിരിപ്പൻ ചിന്താഗതികൾക്ക് ഉപോൽബലകമായ പഴയ നിയമത്തിലെ പ്രസക്തഭാഗങ്ങൾ കണ്ടെടുത്ത് അവ മാത്രം വ്യാഖ്യാനിക്കുകയും അവയിലൂടെ സ്ത്രീവിരോധവും അന്യമതവിദ്വേഷവും സർവ്വോപരി അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു എന്നത് അവഗണിക്കാൻ ആകില്ല (ഇത്തരം വിദ്വേഷ പ്രസംഗകർ എല്ലാ മതവിഭാഗങ്ങളിലും ഉണ്ട്). മേലധികാരികൾ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ട മേഖലയുമാണിത്! പത്തു മുതൽ 16 വർഷം വരെ നീണ്ട തത്ത്വശാസ്ത്ര, ദൈവശാസ്ത്ര പരിശീലനങ്ങൾക്കുശേഷം പോലും ഇമ്മാതിരി ‘വെളിവുകേടുകൾ’ പറയാൻ ഇവർ തയ്യാറാകുന്നുണ്ടെങ്കിൽ വൈദിക പരിശീലനത്തെ സംബന്ധിച്ച് ആഴമേറിയ ചോദ്യങ്ങൾ ചോദിക്കാൻ അധികാരികൾ സമയം കണ്ടെത്തണം. ഭാരതീയ ദർശനവും ലോകമതങ്ങളും ആഴത്തിൽ മനസ്സിലാക്കാനായി ചെലവഴിച്ച നൂറുകണക്കിനു മണിക്കൂറുകൾ വൃഥാവിലായി എന്നു പറയേണ്ടി വരില്ലേ? പഴയനിയമ ഗ്രന്ഥങ്ങളിലേ വിവരണങ്ങൾ പലതിനും മദ്ധ്യപൂർവ്വദേശത്തെ പൊതുസാംസ്കാരിക സാഹിത്യ ധാരയുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് പഠിപ്പിച്ച ക്ലാസുകളിൽ ഇവർ ഉറങ്ങുകയായിരുന്നോ? അടച്ചിട്ട ഹാളുകൾക്കുള്ളിലും തങ്ങളുടെ ആരാധകർ മാത്രം ശ്രോതാക്കളായി എത്തുന്ന പന്തലുകൾക്കുള്ളിലും മാത്രം പ്രസംഗിക്കാനുള്ള ത്രാണിയേ ഇവർക്കുള്ളൂ എന്നതിനെ ഇന്നത്തെ ബഹുസ്വര\വിശ്വാസ സമൂഹത്തിൽ ഒരു കുറവായി തന്നെ കാണണം. മുൻ തലമുറയിലെ വൈദികരെ ജാതിമതഭേദമെന്യേ എല്ലാവരും ബഹുമാനിച്ചിരുന്നത് എന്തുകൊണ്ടായിരുന്നു എന്നതിനെ പഠന വിധേയമാക്കുകയും വേണം. പൂനെ പേപ്പൽ സെമിനാരിയിൽ (ജ്ഞാനദീപ വിദ്യാപീഠം) ഞാൻ തത്വശാസ്ത്ര അധ്യാപകനായിരുന്ന സമയത്ത് മിക്കപ്പോഴും സഹ അധ്യാപകരും വിദ്യാർത്ഥികളും വലിയ അഭിമാനത്തോടെ വർണിച്ചിരുന്ന ഒരു പേരായിരുന്നു ഡോക്ടർ സിറിൽ ദെബ്രൂളെ എന്ന ജസ്യൂട്ട് വൈദികന്റെ പേര്! കുറച്ചുനാളുകൾക്കു മുമ്പ് അദ്ദേഹം മരിച്ചപ്പോൾ ബോംബെയിലെ ഈശോസഭാ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസം നേടിയ ലോകോത്തര പണ്ഡിതനായ ശശി തരൂർ ട്വിറ്ററിൽ ആ വൈദികനെ കുറിച്ച് പ്രത്യേകമായി ഒരു ഓർമ്മക്കുറിപ്പ് എഴുതിയിരുന്നു! ശശി തരൂരിനെ പോലൊരു അക്കാദമിക് ഭീമനെ സ്വാധീനിക്കാൻ പോലും പോന്ന ആ വൈദികന്റെ പ്രാഗൽഭ്യത്തെ കുറിച്ചോർത്ത് എനിക്ക് അഭിമാനം തോന്നി. അന്യമത വിദ്വേഷ പ്രസംഗങ്ങളും കുറ്റബോധം ജനിപ്പിക്കുന്ന ധ്യാനങ്ങളും സ്ഥിരമായി കേൾക്കുന്ന മനുഷ്യർ പൊതുസമൂഹത്തിൽ എങ്ങനെ പെരുമാറും എന്നതിന് യാതൊരു ഉറപ്പുമില്ല.

ഉറപ്പുകളിൽ അഭിരമിക്കുന്നവരേക്കാൾ വലിയ അപകടകാരികൾ ഇല്ല എന്നതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്ന സത്യം. ബോധ്യപ്പെടുത്താനാകാത്ത ഉറപ്പുകളും തജ്ജന്യമായ ശാഠ്യങ്ങളും പലപ്പോഴും പാഷണ്ഡതകളിലേക്കും തീവ്രവാദങ്ങളിലേക്കും നമ്മെ നയിക്കുന്നു.

സമൂഹത്തെ ഒന്നാകെ കാണുന്നതിനു പകരം ഇടുങ്ങിയ സ്വത്വബോധങ്ങളിലേക്ക് തളച്ചിടുന്ന ‘ സമുദായം’ തുടങ്ങിയ വാക്കുകളാണ് സഭാ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് പോലും പലപ്പോഴും കേൾക്കുന്നത് എന്നതുകൊണ്ട് ഇതൊന്നും എന്നിൽ വലിയ ആശ്ചര്യം ജനിപ്പിക്കുന്നുമില്ല! സാർവത്രികം എന്നർത്ഥം വരുന്ന ‘കത്തോലിക്ക’ എന്ന പദം വിഭാവനം ചെയ്യുന്ന വിശാലതയുടെ കടയ്ക്കൽ കത്തിവയ്ക്കുന്ന ‘സാമുദായിക ശാക്തീകരണം’ തുടങ്ങിയ പ്രഖ്യാപനങ്ങൾ നമ്മളെ എവിടെയ്ക്കാണ് കൊണ്ടുചെന്നെത്തിക്കുന്നത്.

“അരിങ്ങോടർക്ക് അരച്ചുരിക മതിയെങ്കിൽ മച്ചുനന് കാൽ ചുരിക ധാരാളം” എന്ന ആരോമൽ ചേകവരുടെ വാക്കുകൾ മറക്കരുത്: കാന്തപുരത്തിന്റെ പ്രസ്താവനയെ സോഷ്യൽ ഓഡിറ്റിങ്ങിനു വിധേയമാക്കിയ പൊതുസമൂഹം ഇനിയങ്ങോട്ട് ധ്യാനഗുരുക്കന്മാരുടെ വിദ്വേഷ പ്രസംഗങ്ങളെ വെറുതെ വിടുമെന്ന് കരുതരുത്! നൃത്തം പഠിക്കുന്നതിലും നിലവിളക്ക് കത്തിക്കുന്നതിലും ആന്തൂറിയം പൂവ് അൾത്താരയിൽ വയ്ക്കുന്നതിലും വരെ അക്ഷന്തവ്യമായ ഒന്നാം പ്രമാണലംഘനങ്ങൾ കാണുന്ന വ്യക്തികളെ-വൈദികർ ആയാലും കന്യാസ്ത്രീകൾ ആയാലും അല്മായർ ആയാലും- ഒറ്റപ്പെടുത്തുക തന്നെ വേണം! വയലാർ രാമവർമ്മയുടെയും പൂവച്ചൽ ഖാദറിന്റേയും കെടാമംഗലം സദാനന്ദന്റെയും ശ്രീകുമാരൻ തമ്പിയുടെയും ഭക്തിഗാനങ്ങളോളം കേരളത്തിലെ ക്രൈസ്തവരെ സ്വാധീനിച്ച ഭക്തിഗാനങ്ങൾ ഇന്നോളം ഒരു ക്രൈസ്തവ ഗാനരചയിതാക്കളും എഴുതിയിട്ടില്ല എന്നും ഈ ഗാനങ്ങൾ ഭക്തജനങ്ങൾക്ക് നൽകിയ ആത്മീയ ഉണർവിനെക്കാൾ വലിയ ആത്മീയ രോമാഞ്ചം ഒന്നും സൃഷ്ടിക്കാൻ നമ്മുടെ മതപ്രഭാഷകർക്ക് സാധിച്ചിട്ടില്ല എന്നും ഓർക്കുക! കേരളത്തിൽ തത്വശാസ്ത്ര അധ്യാപകനായി ഞാൻ ജോലി ചെയ്തിരുന്ന കത്തോലിക്കാ സ്ഥാപനം അവർക്ക് കരഗതമായ അധികാരം ഉപയോഗിച്ച് ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കാൻ പോകുന്ന വ്യക്തികളെ കണ്ടെത്തുന്ന മീറ്റിങ്ങിൽ, സിൻഡിക്കേറ്റ് അംഗം എന്ന നിലയിൽ, ഞാൻ നിർദ്ദേശിച്ച പേര് ശ്രീകുമാരൻ തമ്പി സാറിന്റേതായിരുന്നു എന്നത് ഇന്നും അഭിമാനത്തോടെ ഓർക്കുന്നു! ആ നിർദ്ദേശത്തിനു വേണ്ടത്ര പിന്തുണ കിട്ടിയില്ലെങ്കിലും ആ തോൽവിയിൽ ഞാൻ ഇന്നും സംതൃപ്തനാണ്!

നൃത്തം പഠിക്കുന്നതിലും നിലവിളക്ക് കത്തിക്കുന്നതിലും ആന്തൂറിയം പൂവ് അൾത്താരയിൽ വയ്ക്കുന്നതിലും വരെ അക്ഷന്തവ്യമായ ഒന്നാം പ്രമാണ ലംഘനങ്ങൾ കാണുന്ന വ്യക്തികളെ- വൈദികർ ആയാലും കന്യാസ്ത്രീകൾ ആയാലും അല്മായർ ആയാലും- ഒറ്റപ്പെടുത്തുക തന്നെ വേണം!

എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ നാട്ടിൽ അല്പം ചിത്തഭ്രമം ബാധിച്ച തൊമ്മൻ എന്നൊരാൾ ഉണ്ടായിരുന്നു. ഷേക്സ്പിയറുടെ നാടകങ്ങളിലെ Fool കഥാപാത്രങ്ങൾ വലിയ വിജ്ഞാനം വിളമ്പുന്നത് പോലെ ഇദ്ദേഹവും പലപ്പോഴും ഉന്മാദാവസ്ഥയിൽ വിജ്ഞാനം വിളമ്പാറുണ്ടായിരുന്നു. അത്തരം ഒരു വിജ്ഞാന ശകലം “ആകാശത്തേക്ക് നോക്കിക്കൊണ്ട് അടുപ്പിൽ തീ ഊതുന്നവരെ” കുറിച്ചായിരുന്നു! ചാൾസ് ഡിക്കൻസിന്റെ മികച്ച സമയവും കെട്ട സമയവും ഒരുമിച്ച് ചേർന്നാലും ആ സമയത്ത് ഒരുമിച്ച് ചെയ്യാൻ പറ്റാത്ത രണ്ട് പ്രവർത്തികൾ ആണല്ലോ ആകാശത്തേക്ക് നോക്കലും അടുപ്പിൽ തീ ഊതലും! പുറകോട്ട് നടക്കാനും അതേസമയം പണ്ഡിതൻ എന്ന് വിളിക്കപ്പെടാനും ഒരു പ്രത്യേക യോഗം തന്നെ വേണം; യോഗം!

logo
Sathyadeepam Online
www.sathyadeepam.org