ജീവിതമാണ് കാര്യം

എം.ജെ. തോമസ് എസ്.ജെ.
ജീവിതമാണ് കാര്യം
പ്രാര്‍ത്ഥിക്കണമെന്നല്ല യേശുവിന്റെ കല്പന. ആവര്‍ത്തിച്ചാവര്‍ത്തിച്ച് യേശു പറയുന്നതും കാണിച്ചുതരുന്നതും സ്‌നേഹിക്കണമെന്നാണ്. സ്‌നേഹമില്ലെങ്കില്‍ ഒന്നുമില്ല. പ്രാര്‍ത്ഥിക്കുന്ന മനുഷ്യന്‍ രൂപാന്തരപ്പെടണം, യേശുവിനെപ്പോലെയാകണം.

കൃത്യമായി വേര്‍തിരിക്കാന്‍ പറ്റുകയിലെങ്കിലും, മൂന്നു തലത്തിലാണ് മനുഷ്യന്‍ ജീവിക്കുന്നത് - ഇന്ദ്രിയങ്ങളുടെ തലം, ബുദ്ധിയുടെ തലം, വിശ്വാസത്തിന്റെ തലം. മൃഗങ്ങള്‍ക്കുള്ളതുപോലെ മനുഷ്യനും അഞ്ച് ഇന്ദ്രിയങ്ങളുണ്ട് - കാണാനും കേള്‍ക്കാനും മണക്കാനും രുചിക്കാനും സ്പര്‍ശിക്കാനുമുള്ള കഴിവ്. ഇന്ദ്രിയങ്ങളുടെ ഉപയോഗം അത്യാവശ്യവും സുപ്രധാനവുമാണെങ്കിലും ഇന്ദ്രിയതലത്തില്‍ മാത്രം ജീവിക്കുന്നവര്‍ മൃഗങ്ങളില്‍ നിന്നു വ്യത്യസ്തരല്ല.

ബുദ്ധിയും സ്വാതന്ത്ര്യവുമാണ് മനുഷ്യനെ മൃഗങ്ങളില്‍നിന്നും വ്യത്യസ്തനാക്കുന്നത്. ഇന്ദ്രിയങ്ങള്‍ ഉപയോഗിക്കേണ്ടത് ബുദ്ധിപൂര്‍വ്വമായിരിക്കണം. എന്താണ് നല്ലതെന്ന് ബുദ്ധി കാണിച്ചുതരും ഉചിതമായത് തിരഞ്ഞെടുക്കാനും അനുചിതമായത് ഉപേക്ഷിക്കാനുമുള്ള കഴിവാണ് സ്വാതന്ത്ര്യത്തിന്റേത്. മനുഷ്യന്‍ ബുദ്ധിപൂര്‍വ്വം സ്വ തന്ത്രനായി ജീവിക്കേണ്ടതാണ്.

ഇന്ദ്രിയങ്ങള്‍ക്കും ബുദ്ധിക്കുമപ്പുറത്താണ് വിശ്വാസത്തിന്റെ തലം. ആദ്യമായി, ബുദ്ധികൊണ്ടും ഇന്ദ്രിയങ്ങള്‍കൊണ്ടും മനസ്സിലാക്കാന്‍ പറ്റാത്ത യാഥാര്‍ത്ഥ്യങ്ങളുണ്ടെന്ന് അംഗീകരിക്കണം. ഉദാഹരണത്തിന്, ദൈവം ഉണ്ടെന്നും, ദൈവം സ്‌നേഹമാണെന്നും മനുഷ്യനില്‍ ശാരീരികമല്ലാത്ത, അമര്‍ത്യമായ എന്തോ ഉണ്ടെന്നും അംഗീകരിക്കണം.

പ്രാര്‍ത്ഥനയെപ്പറ്റി പറയുമ്പോള്‍ വാചിക പ്രാര്‍ത്ഥന മുഖ്യമായും ഇന്ദ്രിയതലത്തിലാണ്. പുസ്തകത്തില്‍നിന്ന് പ്രാര്‍ത്ഥനകള്‍ വായിക്കുന്നത്, ഓര്‍മ്മയില്‍ നിന്ന് പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നത് ഇന്ദ്രിയതലത്തില്‍ മാത്രമായിരിക്കാം - ടേപ് റെക്കോര്‍ഡര്‍ പ്ലേ ചെയ്യുന്നതുപോലെ. പലപ്പോഴും ചൊല്ലുന്ന വാക്കുകള്‍ വ്യക്തമല്ല, വാക്കുകളുടെ അര്‍ത്ഥം ജനിക്കുന്നില്ല. പ്രാര്‍ത്ഥന ചൊല്ലുന്നതിലൂടെ ദൈവവുമായി ബന്ധപ്പെടുന്നില്ല. ചൊല്ലുന്നതുതന്നെ കടപ്പെട്ടതു കൊണ്ടായിരിക്കാം. ചെല്ലാതിരിക്കുന്നത് പാപമാണെന്ന് ഭയന്നിട്ടായിരിക്കാം. ചൊല്ലിയാല്‍ എന്തെങ്കിലും ലഭിക്കുമെന്ന സ്വാര്‍ത്ഥ താത്പര്യം കൊണ്ടായിരിക്കാം. ഇന്ദ്രിയതലത്തില്‍ മാത്രമുള്ള പ്രാര്‍ത്ഥനയും ഗാനാലാപനവും എങ്ങനെ പ്രാര്‍ത്ഥനയാകും? ഇത് യാന്ത്രികമല്ല ഒരുതരം അടിമത്തമല്ലേ? നിര്‍ ഭാഗ്യമെന്നു പറയട്ടെ ഇന്ന് പ്രാര്‍ത്ഥനകളധികവും വാചികമാണ്. ഇന്ദ്രിയതലത്തില്‍ മാത്രമാണ്. കുര്‍ബാനപോലും വെറും വാചികമാകാം; പ്രകടനപരമാകാം. കാനോനനമസ്‌കാരവും ജപമാലയും അങ്ങനെതന്നെ. ധ്യാനിക്കാം എന്ന് പറയുന്നതല്ലേയുള്ളൂ!

ധ്യാനം പ്രധാനമായും ബുദ്ധിയുടെ തലത്തിലാണ്. വിശ്വാസസത്യങ്ങളും ദൈവവചനവുമൊക്കെ മനസ്സിലാക്കാന്‍ ധ്യാനം സഹായിക്കും. പക്ഷേ, ചിന്തിക്കുക, പഠിക്കുക എന്നത് പ്രാര്‍ത്ഥന ആകണമെന്നില്ല. കൂടുതല്‍ കൂടുതല്‍ അറിയുക എന്നത് മനുഷ്യന്റെ ആവശ്യമാണ്, തൃപ്തി തരുന്നതാണ്.

വിശ്വാസവും പ്രാര്‍ത്ഥനയും

ദൈവവുമായി ബോധപൂര്‍വ്വം ബന്ധപ്പെടുന്നതാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയ്ക്ക് നമ്മുടെ ഗുരുവും മാതൃകയും യേശുവാണ്. യേശു പഠിപ്പിച്ചതുപോലെയും പ്രാര്‍ത്ഥിച്ചതുപോലെയുമാണ് നമ്മള്‍ പ്രാര്‍ത്ഥിക്കേണ്ടത്. ദൈവം സ്വന്തം പിതാവാണ്, അപ്പച്ചനാണ് (Abbe), നിരുപാധികം ആഴമായി സ്‌നേഹിക്കുന്നവനും എപ്പോഴും കൂടെ ഉള്ളവനുമാണ് എന്നായിരുന്നു യേശുവിന്റെ വിശ്വാസം. എപ്പോഴും ദൈവത്തിലാശ്രയിക്കുകയും ദൈവത്തിന്റെ ഇഷ്ടം മാത്രം ചെയ്യുകയുമായിരുന്നല്ലോ യേശുവിന്റെ ജീവിതം. ഓരോ ക്രിസ്ത്യാനിയും ചെയ്യേണ്ടത്, വിശ്വാസത്തില്‍ ദൈവവുമായി നേരിട്ടു ബന്ധപ്പെടുകയാണ്, യേശു ജീവിച്ചതുപോലെ ജീവിക്കുകയാണ്.

വാചിക പ്രാര്‍ത്ഥനയും ധ്യാനവും എങ്ങനെ യഥാര്‍ത്ഥ പ്രാര്‍ത്ഥനയാകാം എന്നാലോചിക്കാം.

വാചിക പ്രാര്‍ത്ഥന ചൊല്ലി തീര്‍ക്കേണ്ടതാണെന്ന് കരുതരുത്. ചൊല്ലുന്ന പ്രാര്‍ത്ഥന സ്വന്തമാക്കണം, ഉള്ളില്‍നിന്നു വരുന്നതുപോലെ വാക്കിന്റെ അര്‍ത്ഥം മനസ്സിലാക്കണം. എത്ര പുരാതനമെങ്കിലും പ്രാര്‍ത്ഥനയുടെ ഉള്ളടക്കം ശരിയായിരിക്കണം. 'സ്വര്‍ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥന ചൊല്ലിയപ്പോള്‍ 'പിതാവേ' എന്നു വിളിച്ചിട്ട്, അതില്‍ ലയിച്ചിരുന്ന ഒരാളെയെങ്കിലും എനിക്കറിയാം. സര്‍വ്വശക്തനായ ദൈവം സ്വന്തം അപ്പച്ചനാണല്ലോ, താന്‍ സ്‌നേഹിക്കപ്പെട്ടവനാണല്ലോ എന്ന അറിവില്‍ ലയിച്ചിരുന്നൊരാള്‍. അതില്‍ സന്തോഷമുണ്ട്, തൃപ്തിയുണ്ട്, ഭയമില്ലാതെ ജീവിക്കാനുള്ള ധൈര്യവും.

ഒരു കുടുംബനാഥന്റെ അനുഭവം

കുടുംബാംഗങ്ങളുമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ 'കടക്കാരോട് ക്ഷമിക്കുന്നതുപോലെ' എന്നു പറഞ്ഞപ്പോള്‍ സ്വരമിടറി, തുടര്‍ന്നു ചൊല്ലാന്‍ സാധിച്ചില്ല. പിന്നീട് കാരണമന്വേഷിച്ചപ്പോള്‍ പറയുകയുണ്ടായി, 'എനിക്ക് ഒരാളോട് ക്ഷമിക്കാനുണ്ട്. ഞാന്‍ ഇപ്പോഴും അരിശത്തിലാണ്. ഞാന്‍ ക്ഷമിക്കുന്നതുപോലെ എന്നു പറഞ്ഞാല്‍ ദൈവം എന്നോട് ക്ഷമിക്കണ്ട എന്നല്ലേ?' നല്ല പ്രാര്‍ത്ഥന. വേറൊരാള്‍. 'അങ്ങയുടെ രാജ്യം വരണമേ' എന്ന് പറഞ്ഞതിനുശേഷം നിശ്ശബ്ദനായി. ദൈവരാജ്യം സ്ഥാപിക്കാന്‍ താന്‍ ഒന്നും ചെയ്യുന്നില്ലല്ലോ എന്ന സങ്കടത്തില്‍, പലതും ചെയ്യേണ്ടവനാണ് എന്ന തിരിച്ചറിവില്‍ പ്രാര്‍ത്ഥിക്കുന്നവന് ഉത്തരവാദിത്വങ്ങളുണ്ട്.

യാമപ്രാര്‍ത്ഥനയും വാചികപ്രാര്‍ത്ഥനയാണ്.

അത് ക്രമമായി ചൊല്ലിത്തീര്‍ക്കുന്നതിനു പകരം 'സെന്റ് ആന്‍സ് ഓഫ് ചെന്നൈ' എന്ന സന്യാസസഭയിലെ ചില സമൂഹങ്ങളെങ്കിലും വരുത്തിയിട്ടുള്ള മാറ്റം ശ്രദ്ധിക്കുക. ഒരുമിച്ചു വരുമ്പോള്‍ ഒരാള്‍ ഒരു സങ്കീര്‍ത്തനത്തിന്റെയോ മറ്റോ ഒരു ചെറിയ ഭാഗം വായിക്കുന്നു. അതിനുശേഷം നിശബ്ദതയില്‍ എല്ലാവരും വായിച്ചു കേട്ടതിനെപ്പറ്റി ധ്യാനിക്കുന്നു. ഇഷ്ടമുള്ളവര്‍ അവരെ സ്പര്‍ശിച്ചത് പങ്കുവയ്ക്കുന്നു. അതിനുശേഷം അടുത്ത ഒരു ചെറിയ ഭാഗം വായിക്കുന്നു. തുടര്‍ന്ന് വിചിന്തനവും പങ്കുവയ്ക്കലും. അങ്ങനെ ഒരു യാമപ്രാര്‍ത്ഥനയ്ക്കുവേണ്ട സമയത്ത് ഒരു സങ്കീര്‍ത്തനം പോലും പൂര്‍ത്തിയാക്കിയെന്നു വരില്ല. ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നതില്‍ അവര്‍ സംതൃപ്തരാണ്. ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍ പൊതു സമ്മതം വേണം. എല്ലാ നിയമങ്ങളും മനുഷ്യനന്മയ്ക്കാണ് എന്ന ബോധ്യവും, വിമര്‍ശനം നേരിടാനുള്ള ധൈര്യവും.

ഒരു ജപ്പാന്‍ യുവതിയുടെ പ്രാര്‍ത്ഥനാനുഭവം

അവള്‍ മിക്ക ദിവസവും വളരെ ആദരപൂര്‍വ്വം സക്രാരിയുടെ മുമ്പില്‍ നില്‍ക്കുന്നത് വികാരിയച്ചന്‍ ശ്രദ്ധിച്ചു. അച്ചന്‍ ഒരിക്കല്‍ അവളോടു ചോദിച്ചു: ''നീ എന്താണ് ഈശോയോടു പറയുക? എന്താണ് ഈശോയോടു ചോദിക്കുക?'' ചോദ്യം അവളെ ഒന്നു ഞെട്ടിച്ചു. ''എന്താണ് ഈശോയോട് പറയുകയെന്നോ? ഞാന്‍ ഒന്നും പറയുന്നില്ല. ഒന്നും ചോദിക്കുന്നുമില്ല. സൗഹൃദത്തിന്റെ സമയമാണിത്. ഞാന്‍ ഈശോയെ നോക്കുന്നു. ഈശോ എന്നെയും. അതുമാത്രം.'' ഈ സൗഹൃദം അനുഭവിക്കുന്നതും അതില്‍ ജീവിക്കുന്നതുമല്ലേ പ്രാര്‍ത്ഥനയും ജീവിതവും.

ധ്യാനം പൊതുവേ വിചിന്തനത്തിന്റെ പഠനത്തില്‍ അവസാനിക്കുന്നു. അതുപോരാ, ധ്യാനം ഫീലിംഗ് ലെവലിലേക്കു വന്നാലേ ഫലപ്രദമാകൂ. ഫീലിംഗ്‌സ്, എമോഷന്‍സ് ഊര്‍ജ്ജമാണ്. ഉള്ളില്‍ തട്ടാതെ, ഹൃദയമിടിക്കാതെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാകില്ല. ഫീലിംഗ് സ്വന്തം നിയന്ത്രണത്തിലല്ല, നേരിട്ടു സൃഷ്ടിക്കാന്‍ പറ്റുന്നതല്ല എന്നോര്‍ക്കുക. ഫീലിംഗ്‌സ് സ്വാഭാവികമായി വരുന്നതാണ്. യേശു പഠിപ്പിച്ചതുപോലെയല്ലല്ലോ ഞാന്‍ ജീവിക്കുന്നത് എന്നതില്‍ ദുഃഖം, യേശു പഠിപ്പിച്ചതുപോലെ ജീവിക്കാനുള്ള ആഗ്രഹം. അത് എത്ര നല്ലതാണ്, ഫലപ്രദമാണ് എന്ന ബോധ്യം. അങ്ങനെ ജീവിക്കാനുള്ള തീരുമാനം. ദൈവം തന്നെ നിരുപാധികം സ്‌നേഹിക്കുന്നല്ലോ എന്ന വിശ്വാസത്തില്‍ സന്തോഷം. ദൈവം എപ്പോഴും കൂടെ ഉണ്ടായിരിക്കും എന്ന വിശ്വാസത്തില്‍ സമാധാനവും ധൈര്യവും. ഇതൊക്കെയാണ് ശരിയായ ധ്യാനത്തിന്റെ ഫലം.

വാചിക പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമപ്പുറം, വിശ്വാസതലത്തിലുള്ള ലളിതമായ ഒരു പ്രാര്‍ത്ഥനാ രീതി പരിചയപ്പെടാം. ഏകാഗ്രത തരുന്ന സ്ഥലത്ത്, നിവര്‍ന്ന്, കണ്ണടച്ച്, സ്വസ്ഥമായിരിക്കുക. ദൈവസാന്നിധ്യത്തില്‍ വിശ്വസിക്കുക. ശരീരമില്ലാത്ത, രൂപമില്ലാത്ത ദൈവത്തെ കാണാന്‍ ശ്രമിക്കരുത്. ഏതെങ്കിലും ചിത്രത്തിലോ അടയാളത്തിലോ (സിമ്പല്‍സ് സഹായകരമായിരിക്കുകയില്ല) ദൈവത്തെ ലൊക്കേറ്റ് ചെയ്യാതെ (സ്വന്തം മുന്നിലാണ്, മുകളിലാണ് ഉള്ളിലാണ് എന്നൊക്കെ) മത്സ്യം ജലത്തിലെന്നപോലെ ഞാന്‍ ദൈവത്തിലാണ്, സ്‌നേഹ വലയത്തിലാണ് എന്ന് വിശ്വസിക്കുന്നത് സഹായകരമായിരിക്കും. ദൈവം സന്നിഹിതനാണെന്ന് തോന്നുന്നില്ലെങ്കിലും സന്നിഹിതനാണെന്ന് വിശ്വസിക്കുക. ദൈവത്തെ വിളിച്ചു വരുത്തേണ്ടതില്ല. ദൈവം അകന്നുപോകാറില്ല. നമ്മളാണ് അകന്നു പോകുന്നത്. ദൈവം തന്നെ സ്‌നേഹിക്കുന്നു എന്നു തോന്നുന്നില്ലെങ്കിലും സ്‌നേഹിക്കുന്നു എന്ന് വിശ്വസിക്കുക. വിശ്വാസത്തിലായിരിക്കുന്നതു തന്നെ പ്രാര്‍ത്ഥനയാണ്. വിശ്വാസം ക്ഷയിച്ചാല്‍ ഇല്ലാതായാല്‍ വീണ്ടും വിശ്വസിക്കുക. ദൈവത്തിന്റെ സാന്നിധ്യത്തിലും സ്‌നേഹത്തിലുമുള്ള വിശ്വാസം അനുഭൂതിതലത്തിലേക്കു വളരട്ടെ. ഇത് പ്രയത്‌നിച്ച് ഉണ്ടാക്കാവുന്നതല്ല. ദൈവത്തിന്റെ ദാനമാണ്. നല്ല അപ്പന്‍ - മകന്‍ /മകള്‍ ബന്ധത്തിലായിരിക്കുക. തന്നെ സ്‌നേഹിക്കാന്‍ ദൈവത്തെ 'അനുവദിക്കുന്നത്' പ്രാര്‍ത്ഥനയാണ്. ഈ ബന്ധം, സ്‌നേഹിക്കപ്പെടുന്നു എന്ന വിശ്വാസം (അനുഭവം) ജീവിതത്തെ സ്പര്‍ശിക്കും, മാറ്റിമറിക്കും. ജീവിതം ഈ വിശ്വാസത്തിലായിരിക്കട്ടെ.

ഇന്ന് പലരുടെയും കുമ്പസാരത്തിന്റെ പ്രധാന വിഷയം സ്വന്തം പ്രാര്‍ത്ഥനയാണ്. പ്രാര്‍ത്ഥനയിലുള്ള പ്രയാസങ്ങള്‍ (പലവിചാരം, താത്പര്യമില്ലായ്മ, വിരസത, ഉറക്കം, അലസത...) പാപമായി കരുതുന്നത് അറിവില്ലായ്മ കൊണ്ടാണ്. പ്രശ്‌നങ്ങളെ നേരിടണം. പ്രാര്‍ത്ഥിക്കാന്‍ നിര്‍ബന്ധിക്കുന്നതിന്റെയും, പ്രാര്‍ത്ഥന നിയമപരമാക്കുന്നതിന്റെയും പ്രശ്‌നങ്ങള്‍ തിരിച്ചറിയണം. പ്രാര്‍ത്ഥന സ്വന്തം ആവശ്യമാകുന്നതുവരെ, സ്വന്തം ആഗ്രഹവും തീരുമാനവും ആകുന്നതുവരെ ഒരാള്‍ ശരിക്കും പ്രാര്‍ത്ഥിക്കുന്നില്ല. പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിച്ചതു കൊണ്ടാണ് ശിഷ്യന്മാര്‍ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കാന്‍ യേശുവിനോട് ആവശ്യപ്പെടുന്നത്. കുമ്പസാരത്തിന്റെ വിഷയം സ്വന്തം ജീവിതമാകട്ടെ. ജീവിതത്തില്‍ സ്‌നേഹവും കരുണയും, സത്യവും നീതിയും ഉണ്ടോ എന്ന കാര്യം.

ഒരു സുപ്രധാന കാര്യം.

പ്രാര്‍ത്ഥിക്കണമെന്നല്ല യേശുവിന്റെ കല്പന. ആവര്‍ത്തിച്ചാവര്‍ത്തിച്ച് യേശു പറയുന്നതും കാണിച്ചുതരുന്നതും സ്‌നേഹിക്കണമെന്നാണ്. സ്‌നേഹമില്ലെങ്കില്‍ ഒന്നുമില്ല. പ്രാര്‍ത്ഥിക്കുന്ന മനുഷ്യന്‍ രൂപാന്തരപ്പെടണം, യേശുവിനെപ്പോലെയാകണം. ദൈവത്തിന്റെ നിരുപാധിക സ്‌നേഹവും കരുണയും അനുഭവമായിട്ടുള്ളവന് അത് പങ്കുവയ്ക്കാതിരിക്കാന്‍ വയ്യാ. അവന്‍ പിതാവിനെപ്പോലെ സ്‌നേഹിക്കുന്നവനായിരിക്കും. പ്രാര്‍ത്ഥനയില്‍ യേശുവിനെ പരിചയപ്പെട്ടവന്‍ യേശുവിനെപ്പോലെ ചിന്തിക്കുന്നവനും ജീവിക്കുന്നവനുമായിരിക്കും - പാപിയെ വിധിക്കാത്ത, പാപിയേയും പാവപ്പെട്ടവരെയും പ്രത്യേകം സ്‌നേഹിക്കുന്ന യേശുവിനെപ്പോലെ; നന്മ ചെയ്തു ചുറ്റി നടന്ന യേശുവിനെപ്പോലെ; തന്നെത്തന്നെ പങ്കുവച്ച യേശുവിനെപ്പോലെ, എപ്പോഴും പിതാവില്‍ പൂര്‍ണ്ണമായി ആശ്രയിച്ച യേശുവിനെപ്പോലെ; അധികാരികളെ ഭയപ്പെടാത്ത, പീഡിപ്പിക്കുന്നവരോടു ക്ഷമിച്ച് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന യേശുവിനെപ്പോലെ, ശിഷ്യന്മാരോട് പൊതുവേ ശാന്തമായും, ആവശ്യമുള്ളപ്പോള്‍ കാര്‍ക്കശ്യമായും പെരുമാറിയ യേശുവിനെപ്പോലെ; മതപരവും സാമൂഹ്യവുമായ തിന്മകളെ തിരുത്തുന്ന, അധികാര സ്ഥാനത്തുള്ളവരുടെ കപടതയും പരാജയവും ഭയമില്ലാതെ ചൂണ്ടിക്കാണിക്കുന്ന യേശുവിനെപ്പോലെ.

മാനസാന്തരത്തിലേക്ക്, നല്ല നല്ല മാറ്റങ്ങളിലേക്കു നയിക്കുന്ന പ്രാര്‍ത്ഥന എന്തു പ്രാര്‍ത്ഥന! ജീവിതമാണ് പ്രധാനം. ജീവിതമാണ് സന്ദേശം. പ്രാര്‍ത്ഥിക്കുന്ന മനുഷ്യരാകാന്‍ തത്രപ്പെടുന്നവര്‍ സ്‌നേഹിക്കുന്ന മനുഷ്യരാകാനും ത്രസിക്കട്ടെ.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org