ഹൃദയത്തിലേക്കൊരു ടോര്‍ച്ച്‌ലൈറ്റ്

ഹൃദയത്തിലേക്കൊരു ടോര്‍ച്ച്‌ലൈറ്റ്
പലതരത്തില്‍ വല്ലാതെ ക്രമംതെറ്റിപ്പോയ ക്രിസ്തുവാണ് ഓരോ കുട്ടികളെന്നു തിരിച്ചറിയാനുള്ള ആത്മാവിന്റെ കൃപയാണ് ഓരോ ആത്മീയോപദേശകനും ആവശ്യമുള്ളത്.

കല്ലില്‍നിന്ന് ശില്പം കൊത്തിയെടുക്കുന്നതുപോലെ തന്റെ മുന്നിലുള്ള കുട്ടിയില്‍ നിന്ന് ക്രിസ്തുവിനെ കൊത്തിയെടുക്കേണ്ട സൂക്ഷ്മത ഒരു ആത്മീയ കൂട്ടുകാരന്‍ പുലര്‍ത്തേണ്ടതാണ്. പലവിധ കുടുംബപ്രശ്‌നങ്ങളാണ് കുട്ടികള്‍ നിരന്തരം നേരിടുന്നത്. സ്വര്‍ഗത്തില്‍ നിന്നല്ല അവര്‍ വേദപാഠക്ലാസിലേക്ക് എത്തുന്നത് എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്ന അധ്യാപകന്‍ പുണ്യങ്ങളുടെ ഭാരപ്പെടുത്തലുകളില്‍ നിന്നവനെ സ്‌നേഹത്തിന്റെ തണലിലേക്ക് ചേര്‍ത്തുനിറുത്തുന്നു. വേദപാഠം കുറച്ചുകൂടി ലളിതമാണ്. അത് എന്റെ നാഥനെ നിനക്ക് പരിചയപ്പെടുത്തലാണ്. 'വന്നു കാണുക' എന്നൊക്കെ പറയുന്നതിന്റെ പൊരുളിലേക്ക് ഇറങ്ങി വരുകയാണെങ്കില്‍ ആത്മീയ പരിശീലനം വല്ലാതെ ജീവിതഗന്ധിയാകും.

മന്നു വര്‍ഷം മുമ്പുള്ള ഒരു ആദ്യകുര്‍ബാന സ്വീകരണത്തിന് 12 കുട്ടികളാണുണ്ടായിരുന്നത്. കുട്ടികള്‍ വളരെ സ്മാര്‍ട്ടാണ്. ഓര്‍മ്മശക്തിയുള്ളവര്‍ പെട്ടെന്നും ഇല്ലാത്തവര്‍ പതുക്കെയും പ്രാര്‍ത്ഥനകളൊക്കെ പഠിച്ചു. ജ്യൂസ്, കളി, ചിരി, പഠനം! എല്ലാം രസകരം. എന്നാല്‍ ഒരു കുട്ടി മാത്രം പലപ്പോഴും തലകുനിച്ചിരുന്നു. നമുക്കവനെ ജോസെന്ന് വിളിക്കാം. ജോസ് കുര്‍ബാനയ്ക്കു വൈകി വരുന്നു. വീണ്ടും വീണ്ടും വൈകി വരുന്നു. എനിക്ക് ദേഷ്യം വരുന്നു. ഒരു ദിവസം അവന്റെ വീട് തേടി ചെല്ലുന്നു. വല്ലാതെ പരിമിതമായ സാഹചര്യം. മദ്യപിച്ച് എഴുന്നേല്ക്കാനാവാതെ അപ്പന്‍. പ്രായമായ വല്യമ്മ, പ്രാരാബ്ധങ്ങള്‍ക്കിടയില്‍ നിന്ന് പഴംതുണിപോലെ പിഞ്ഞിക്കൊണ്ടിരുന്ന ജോസിന്റെ ജീവിതകഥ പറയുന്നു. അമ്മ ഉപേക്ഷിച്ചു പോയി, വേറെ കല്യാണം കഴിച്ചു ജീവിക്കുന്നു. ദാരിദ്ര്യം. മയക്കുമരുന്നിന്റെ അഴുക്കുപിടിച്ച ഇടവഴിയിലെ വീട്. വളരെപ്പെട്ടെന്ന് ജോസ്‌മോന്‍ പ്രിയപ്പെട്ടവനായി. അവന്‍ വൈകി വന്നാലും പഠിച്ചില്ലെങ്കിലും കുസൃതി കാണിച്ചാലും അനുസരിച്ചി ല്ലെങ്കിലും കുഴപ്പമില്ലാതായി. പിന്നെ ആദ്യകുര്‍ബാന സ്വീകരണത്തിനൊരുങ്ങുന്ന എല്ലാവരുടെയും സഹകരണത്തോടെ ആ കുട്ടിക്കു വേണ്ട തുടര്‍ പഠനങ്ങളുടെ പ്ലാനും പദ്ധതിയും തയ്യാറാക്കുന്നു. ജോസ് പിന്നീട് അള്‍ത്താര ബാലനും എല്ലാവരോടും സംസാരിക്കുന്നവനും കളിക്കുന്നവനും ചിരിക്കുന്നവനുമായി. ക്ഷീണം ഉറക്കമായി വരവില്‍ നിന്നവനെ തടയുമ്പോള്‍ ഇടയ്ക്കിടെ ഞാനവനെ വീട്ടില്‍ ചെന്ന് ഉണര്‍ത്തി. 'തലിതാ കൂമി, ബാലകാ എഴുന്നേല്ക്കൂ...' ജോസ് എഴന്നേറ്റു. സ്‌നേഹംകൊണ്ട് ഒന്നു പൊതിഞ്ഞ് പിടിച്ചാ ഏത് ജോസ്‌മോനും മരണത്തിന്റെ താഴ്‌വരയില്‍ നിന്ന് ക്രിസ്തുവിന്റെ സുഗന്ധത്തിലേക്ക് ഉയിര്‍ത്തെഴുന്നേല്ക്കും. ആത്മവിശ്വാസത്തെ തളര്‍ത്തി കുറ്റബോധത്തിലേക്കും അന്ധവിശ്വാസങ്ങളിലേക്കും ഒരുവനെ നയിക്കുന്നതൊന്നും ആത്മീയതയല്ല. വിശ്വാസപരിശീലനം അറിവുകളുടെയും അനുഷ്ഠാനങ്ങളുടെയും ഓക്കാനവുമല്ല. അത് എന്റെ ഉള്ളിലുള്ള ഈശോയെകൊണ്ട് നിന്റെ ഉള്ളിലുള്ള ഈശോയുമായുള്ള ബന്ധം പുതുക്കലാണ്. ഒറ്റവാക്കില്‍ അതു തന്നെ - സ്‌നേഹത്തിന്റെ സുവിശേഷം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org