
എത്രയും സ്‌നേഹം നിറഞ്ഞ സെബാസ്റ്റിയന്‍ പൈനാടത്തച്ചാ,
അങ്ങ് തീര്‍ച്ചയായും സ്വര്‍ഗത്തിലാണെന്നും, അവിടെ വിശുദ്ധ ഗണങ്ങളോടും മാലാഖമാരോടും കൂടെ ഈശോയെ പരിശുദ്ധന്‍, പരിശുദ്ധന്‍ എന്നു നിരന്തരം സ്തുതിക്കുകയാണെന്നും ഞാന്‍ വിശ്വസിക്കുകയാണ്. അച്ചനോടൊപ്പം ആയിരുന്ന നാലു വര്‍ഷങ്ങള്‍, കിഴക്കുംഭാഗം ഇടവകയില്‍ ദൈവത്തിനു ശുശ്രൂഷ ചെയ്യാന്‍ സാധിച്ച നാളുകള്‍... ഭാഗ്യപ്പെട്ട വര്‍ഷങ്ങളായി ഞാന്‍ കരുതുന്നു. കിഴക്കുംഭാഗം ഇടവകയെക്കുറിച്ച് ഓര്‍ക്കുമ്പോഴും മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോഴും, അനശ്വര പ്രകാശനാളം പോലെ തെളിയുന്ന പേരാണ് അങ്ങയുടേത്. വിശുദ്ധനായൊരു വൈദികനോടു ചേര്‍ ന്നുള്ള ശുശ്രൂഷാ ജീവിതം, ഏതൊരു സഭാശുശ്രൂഷകരുടെയും സൗഭാഗ്യമാകും.
ആത്മീയത ആഘോഷമാകുന്ന ഇക്കാലഘട്ടത്തില്‍, അച്ചന്റെ ആത്മീയതയ്ക്കു സവിശേഷതയുണ്ടായിരുന്നു. ശാരീരികമായ രോഗത്തിന്റെ അസ്വസ്ഥതകളിലും അച്ചന്‍ പുലര്‍ത്തിയ ശാന്തത, ഈശോയോടുള്ള സ്‌നേഹത്തെപ്രതി അങ്ങു ചെയ്ത നന്മപ്രവൃത്തികള്‍, കിഴക്കുംഭാഗം ഇടവകദേവാലയത്തിന്റെ സക്രാരിയോടു ചേര്‍ന്നുള്ള അച്ചന്റെ ഇരിപ്പ്... എനിക്കെന്നും പ്രചോദനമായിരുന്നു അച്ചാ...
ആരോടും പരിഭവമോ പിണക്കമോ ഇല്ലാതെ എല്ലാവരോടും ഒരുപോലുള്ള അച്ചന്റെ സമീപനം, എന്നെ ഏറെ ചിന്തിപ്പിച്ചിട്ടുണ്ട്. അച്ചനുമായി ഇടപെട്ടപ്പോള്‍ മറക്കാനാവാത്ത, ഹൃദയസ്പര്‍ശിയായ എത്രയോ മുന്നനുഭവങ്ങള്‍ ഇന്നും മനസില്‍ പച്ചകെടാതെ നില്‍ക്കുന്നു.
രോഗത്തിന്റെ അവശതകള്‍ ഏറെ അലട്ടിയ നാളുകളിലൊന്നില്‍ അങ്ങയുടെ മുറി വൃത്തിയാക്കാന്‍ മഠത്തിനടുത്തുള്ള വീട്ടിലെ രണ്ടു കുട്ടികള്‍ക്കുമൊപ്പം ഞാന്‍ എത്തിയത് ഓര്‍ക്കുന്നുണ്ടോ? എന്റെ കണ്ണുതുറപ്പിക്കുന്ന കാഴ്ചകളാണ് അന്നു കണ്ടത്. അച്ചന്റെ ലാളിത്യമാര്‍ന്ന ജീവിതശൈലി എന്നെ ഒരുപാടു സ്പര്‍ശിച്ചു അച്ചാ...
സന്യാസവും സമര്‍പ്പിതജീവിതവും ജീവിതവ്രതമാക്കിയവര്‍ക്ക് ആഴത്തില്‍ ധ്യാനിക്കാന്‍ ഒരു പ്രാര്‍ഥനാപുസ്തകവും അടിവരയിട്ടു പഠിക്കാന്‍ ഒരു പാഠപുസ്തകവുമാണ് അങ്ങയുടെ ലാളിത്യശോഭയുള്ള ആത്മീയജീവിതം.
ഞാനും അത് അനുകരിക്കാന്‍ ശ്രമിക്കുന്നു... അച്ചാ..
വിശുദ്ധിയും വിശ്വസ്തതയുമാര്‍ന്ന ജീവിതത്തില്‍ ഈശോ എപ്പോഴും കൂടെയുണ്ടാകുമെന്നും നമുക്കു ചെയ്യാനുള്ള കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തിത്തരുമെന്നും അച്ചന്റെ അവസാന നാളുകളില്‍ എനിക്കു തോന്നിയിട്ടുണ്ട്. അന്ന് ആശുപത്രിയില്‍ അച്ചന്‍ ഇടയ്ക്കിടെ കുര്‍ബാന സ്വീകരണം എന്നു പറഞ്ഞിരുന്നതായി ഞങ്ങള്‍ കേള്‍ക്കുകയുണ്ടായി. കൂടെയുണ്ടായിരുന്ന അച്ചന്റെ സഹോദരന്‍ ഇക്കാര്യം ഞങ്ങളോടു പറഞ്ഞിരുന്നു. അപ്പോഴാണ് ഞങ്ങള്‍ മറന്നുപോയിരുന്ന കാര്യം ഓര്‍മയില്‍ തെളിഞ്ഞത്. അക്കൊല്ലം ആദ്യകുര്‍ബാന സ്വീകരിച്ചവരുടെ പേരുകള്‍ പള്ളിയിലെ ആത്മസ്ഥിതി പുസ്തകത്തില്‍ എഴുതാന്‍ വീട്ടുപോയ കാര്യം അച്ചന്‍ ഓര്‍മിപ്പിക്കുകയായിരുന്നു.
ദൈവപ്രീതിയുള്ള അച്ചന്റെ ജീവിതത്തില്‍ ചെയ്തുതീര്‍ക്കേണ്ട ഉത്തരവാദിത്തങ്ങള്‍ അവസാന നിമിഷങ്ങളില്‍ പോലും ഓര്‍മിപ്പിച്ചുതരുന്ന നല്ല ദൈവം.
അച്ചാ, അവസാന മണിക്കൂറുകളില്‍ ആശുപത്രിയില്‍ ഐസിയുവിനു സമീപം അച്ചന്‍ കണ്ണുതുറക്കുന്നതും നോക്കിയിരുന്ന നിമിഷങ്ങളില്‍ അങ്ങു തന്ന ആശീര്‍വാദം... മരിച്ചാലും മറക്കില്ലാട്ടോ... അച്ചന്‍ കണ്ണുകള്‍ തുറന്നില്ല; എങ്കിലും അകക്കണ്ണുകള്‍ തുറന്നു കൈകള്‍ മെല്ലെ ഉയര്‍ത്തി നല്‍കിയ അച്ചന്റെ ആശീര്‍വാദം... സ്വര്‍ഗം കിട്ടിയ അനുഭവമായിരുന്നു ആ നിമിഷങ്ങളില്‍..
ഇടയ്ക്കു പള്ളിയില്‍ ഇരിക്കുമ്പോള്‍, എന്റെ മനസില്‍ അച്ചന്റെ ഓര്‍മകള്‍ വരാറുണ്ട്. ഇടയ്ക്കു ഞാന്‍ ഫോട്ടോ എടുത്ത് അച്ചന്റെ മൃതസംസ്‌കാര ശുശ്രൂഷകള്‍ കാണും. ഏതോ ശക്തമായ ഒരു സാന്നിധ്യം അപ്പോഴെല്ലാം അനുഭവിക്കുന്നു.
അങ്ങയെപ്പോലെ ഒരു വിശുദ്ധ വൈദികനെ വേറെ....!!!
ഇവിടെ കേരളസഭയിലെ പ്രശ്‌നങ്ങളെല്ലാം അച്ചന്‍ അറിയുന്നുണ്ടല്ലൊ.. അറിയില്ല, ആരുടെ ഭാഗത്താണു ശരിയെന്നും തെറ്റെന്നും... എല്ലാവരും എന്തിനോ വേണ്ടി ഓടുന്നു... മത്സരിക്കുന്നു...
കോവിഡ്, അനുബന്ധ പ്രശ്‌നങ്ങള്‍... ആശങ്കകള്‍ അനേകം.
ഒന്നറിയാം.. ആകുലതകള്‍ക്കും അസ്വസ്ഥതകള്‍ക്കും അച്ചന്റെയുള്ളില്‍ ക്രിസ്തീയമായ ഉത്തരമുണ്ട്.
അച്ചന്റെ സാന്നിധ്യവും സാമീപ്യവും ഒരു നല്ല അപ്പന്റേതു തന്നെയായിരുന്നു. അതെ, മുഖം വായിച്ചെടുക്കുന്ന നന്മയുള്ളൊരു പിതൃവാത്സല്യം. അങ്ങില്ലാത്ത കിഴക്കുംഭാഗം ഇടവകയും അതിരൂപതയും... തീരാനഷ്ടം തന്നെയാണത്.
എങ്കിലും സ്വര്‍ഗത്തില്‍ വസിക്കുന്ന അച്ചാ, ഞങ്ങളെക്കൂടെ ഓര്‍ത്തേക്കണേ...
സ്‌നേഹത്തിലും പ്രാര്‍ത്ഥനയിലും,
സിസ്റ്റര്‍ ആന്‍മേരി സിഎംസി