
ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
വത്തിക്കാന്‍ സിറ്റി
'കോണ്‍ക്ലേവിലേക്ക് പോപ്പായി കയറുന്നവര്‍ കര്‍ദിനാളായി തിരിച്ചുവരും' എന്ന ചൊല്ലിനെ അര്‍ഥവത്താക്കുന്ന ഒരു തിരഞ്ഞെടുപ്പാണ് പോപ്പ് ലിയോ പതിനാലാമന്റെ തിരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥികള്‍ പലരുണ്ടായിരുന്നു മാധ്യമങ്ങള്‍ക്ക്. എന്നാല്‍ ദൈവം പുതിയ മാര്‍പാപ്പയെ രൂപപ്പെടുത്തിയ വഴികള്‍ വിചിത്രങ്ങളാണ്.
ആ റൂട്ട്മാപ്പ് ഒന്ന് ശ്രദ്ധിച്ചാല്‍ അത് വെളിവാകും. മുതലാളിത്ത ത്തിന്റെ ചിക്കാഗോയില്‍ നിന്ന് സോഷ്യലിസ്റ്റ് പെറു വഴി ലോക ത്തിന്റെ ധാര്‍മ്മികതലസ്ഥാനമായ വത്തിക്കാനിലേക്ക്!
താന്‍ ആരാണെന്ന് പത്രക്കാര്‍ ചോദിച്ചപ്പോള്‍ ഫ്രാന്‍സിസ് പാപ്പ പറഞ്ഞ മറുപടി 'ദൈവത്തിന്റെ കാരുണ്യം കിട്ടിയ ഒരു പാപി' എന്നാണ്. പുതിയ പാപ്പയോട് ഇതേ ചോദ്യം ചോദിക്കുമ്പോള്‍ അദ്ദേഹം പറയും: 'ഞാന്‍ അടിസ്ഥാനപരമായി ഒരു മിഷനറി യാണ്; ക്രിസ്തുവിന്റെ സുവിശേഷ ത്തിന്റെ അംബാസഡര്‍.' നാല് സുവിശേഷങ്ങള്‍ എഴുതപ്പെട്ടു. അഞ്ചാമത്തേത് എന്റെയും നിന്റെയും ജീവിതം കൊണ്ട് എഴുതപ്പെടേണ്ടതാണെന്ന് എല്ലാവരേയും ഓര്‍മ്മിപ്പിക്കുന്ന സുവിശേഷത്തിന്റെ സ്ഥാനപതി!
'എല്ലായിടത്തും സുവിശേഷം പ്രഘോഷിക്കുക; ആവശ്യമുള്ളപ്പോള്‍ മാത്രം വാ തുറക്കുക' എന്ന് സഹസന്യാസിയായ ലിയോയെ ഓര്‍മ്മിപ്പിക്കുന്ന അസ്സീസിയിലെ ഫ്രാന്‍സിസും അത് നെഞ്ചിലേറ്റിയ പുതിയകാലത്തെ ലിയോയും!
'എല്ലായിടത്തും സുവിശേഷം പ്രഘോഷിക്കുക; ആവശ്യമുള്ള പ്പോള്‍ മാത്രം വാ തുറക്കുക' എന്ന് സഹസന്യാസിയായ ലിയോയെ ഓര്‍മ്മിപ്പിക്കുന്ന അസ്സീസിയിലെ ഫ്രാന്‍സിസും അത് നെഞ്ചിലേറ്റിയ പുതിയകാലത്തെ ലിയോയും! ദൈവത്തിന്റെ നിസ്വരെ (God's Pauper) സൃഷ്ടിക്കുന്ന കസാന്‍ദ് സാക്കീസിന് മരണമില്ല; അയാളുടെ തൂലികയിലേക്ക് മഷി നിറച്ച് കൊടുക്കുന്ന വിശ്വകര്‍മ്മാവിനും! ഫ്രാന്‍സിസിനും ലിയോക്കും തുടര്‍ച്ചകള്‍ ഉണ്ടാവുകയാണ്!
ലിയോ വെറുമൊരു പേരല്ല!
ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചോദിച്ചത് ഷേക്‌സ്പിയര്‍ ആണ്. എന്നാല്‍ മാര്‍പാപ്പ സ്വീകരിച്ച 'ലിയോ' എന്ന പേര് പല രീതികളിലും പ്രസക്തമാണ്. വ്യവസായ വിപ്ലവാനന്തര കാലത്ത് തൊഴിലാളികളെ ഓര്‍ത്ത ഒരു ലിയോ പതിമൂന്നാമന്‍ പാപ്പ നമുക്കുണ്ടായിരുന്നു. വ്യവസായ വിപ്ലവത്തിന്റെ കാലത്ത് യന്ത്ര വല്‍ക്കരിക്കപ്പെട്ട ജീവിതങ്ങളെ മനുഷ്യാന്തസിലേക്ക് തിരികെ കയറ്റിയ ഒരാള്‍! 'റേരും നൊവാരും' (Rerum Novarum) എന്ന സാമൂഹിക ചാക്രികലേഖനംവഴി തൊഴിലാളികളുടെയും പാവപ്പെട്ട വരുടെയും മനുഷ്യാന്തസും അവകാശങ്ങളും ഉയര്‍ത്തിപ്പിടിച്ച് ഇടതുപക്ഷത്തെപ്പോലും അതിശയിപ്പിച്ച നല്ലിടയന്‍!
ആ പേര് സ്വീകരിച്ചശേഷം പുതിയ പാപ്പ പറഞ്ഞ എല്ലാ സംഭാഷണങ്ങളിലും മുഴങ്ങി ക്കേട്ടത് 'നീതി' (Justice) എന്ന ആശയമാണ്. 'ഓരോരുത്തനും അര്‍ഹതപ്പെട്ടത് നല്‍കുക' എന്നതാണല്ലോ നീതി ബോധത്തിന്റെ ആധാരശില. 'നീതി ജലം പോലെ ഒഴുകട്ടെ' എന്നു പറഞ്ഞ ആമോസിന്റെ പ്രവാചകബോധത്തിന്റെ പിന്മുറക്കാരന് സഭയിലും സമൂഹത്തിലും തൊണ്ടയില്‍ നിലവിളി കുരുങ്ങിപ്പോയ പലര്‍ക്കും ഭാഷ നല്‍കാനുണ്ട്; കൂനിപ്പോയ പല സ്ത്രീകളെ യും (ലൂക്കാ 13:10-17) നിവര്‍ത്തി നിര്‍ത്താനുണ്ട്. നിശബ്ദരാക്കപ്പെട്ടവര്‍ക്ക് വാക്കിന്റെ വരം കൊടുക്കാനു ണ്ട്! ചില ശക്തന്മാരെ സിംഹാസനങ്ങളില്‍ നിന്ന് മറിച്ചിടാനുണ്ട്.
ചെളിപിടിച്ച ഷൂസും ചുവന്ന ഷൂസും
ചെളിപിടിച്ച ഒരു ഷൂസും ധരിച്ച് വെള്ളപ്പൊക്കമുള്ള ഒരു പ്രദേശത്ത് സേവനം ചെയ്യുന്ന കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിന്റെ ഒരു ഫോട്ടോ കാണാനിട യായി. 'A Pope in a Muddy Boots' എന്നതായിരുന്നു ഈ ചിത്രത്തിന്റെ തലക്കെട്ട്. മാര്‍പാപ്പയായപ്പോള്‍ ചുവന്ന ഷൂസ് ധരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചെന്ന വാര്‍ത്ത ഇതോടൊപ്പം കൂട്ടി വായിക്കണം. കോണ്‍ക്ലേവ് കഴിഞ്ഞിറങ്ങിയ ഒരു അമേരിക്കന്‍ കര്‍ദിനാള്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെ യാണ്. 'He was the ‘least’ American of the American Cardinals.' പെറു എന്ന ദരിദ്ര രാജ്യത്ത് 20 വര്‍ഷത്തോളം മിഷനറിയായി ജീവിച്ച ഒരാള്‍ക്ക് ആ ചുവന്ന ഷൂസ് പാകമാകില്ല. ആളുകള്‍ കണ്ടാല്‍ ചിരിക്കുന്ന ഫാന്‍സി ഡ്രസ്സുകളും കോമാളി തൊപ്പികളും ധരിക്കുന്ന ആത്മീയനേതാക്കള്‍ കണ്ടുപഠിക്കണം ഈ മാതൃക!
അഗസ്റ്റിനെ ഉദ്ധരിച്ച് ജെ ഡി വാന്‍സിനെ തിരുത്തിയ അഗസ്റ്റീനിയന്‍!
സെന്റ് അഗസ്റ്റിന്റെ 'ദൈവ നഗരം' (The Ctiy of God) എന്ന ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്ന Ordo amoris (order of Love) എന്ന ആശയത്തെ തെറ്റായി വ്യാഖ്യാനിച്ച് കുടിയേറ്റ വിരുദ്ധതയെ അനുകൂലിച്ചു, കത്തോലിക്കന്‍ എന്നഭിമാനിക്കുന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. ആദ്യം അടുത്തുള്ളവരെ സ്‌നേഹി ക്കാനാണ് അഗസ്റ്റിന്‍ പറയുന്നതെ ന്നാണ് വാന്‍സ് എഴുതിയത്. ഡാനിഷ് തത്ത്വചിന്തകനായ സോറന്‍ കീര്‍ക്കഗോര്‍ എഴുതിയത് വാന്‍സിന്റെ കാര്യത്തില്‍ സത്യമായി: 'ഇന്ന് ക്രിസ്തു ഒറ്റിക്കൊടുക്കപ്പെടുന്നത് ചുംബനങ്ങള്‍ കൊണ്ടല്ല, വ്യാഖ്യാനങ്ങള്‍ കൊണ്ടാണ്.'
അമേരിക്കന്‍ വൈസ് പ്രസിഡന്റ് വാന്‍സിനെ തിരുത്താന്‍ ധൈര്യം കാണിച്ച അഗസ്റ്റീനിയനായ റോബര്‍ട്ട് പ്രെവോസ്റ്റ് എന്ന ലിയോ XIV-ാമന്‍ പാപ്പ സാമൂഹിക മാധ്യമമായ എക്‌സില്‍ ഇപ്രകാരം എഴുതി: 'J D Vance is wrong: Jesus doesn't ask us to rank our love for others.' യഹൂദന്‍ വെറുക്കുന്ന സമരിയാക്കാരനെ നല്ല അയല്‍ക്കാരനാക്കി കഥ പറഞ്ഞ ക്രിസ്തുവിന്റെ വികാരി അയല്‍ക്കാരനെ ആഗോളവല്‍ക്കരിച്ചു. ഈ ക്രിസ്തുസന്ദേശം നേരത്തെ പിടികിട്ടിയ മാതൃഭൂമി പത്രാധിപര്‍ എന്‍ വി കൃഷ്ണ വാര്യര്‍ ആഫ്രിക്ക എന്ന തന്റെ കവിതയില്‍ പണ്ടേ ഇപ്രകാരം എഴുതി: 'എങ്ങ് മനുഷ്യന് ചങ്ങല കൈകളിലങ്ങെന്‍ കൈകള്‍ നൊന്തീടുന്നു. എങ്ങോ മര്‍ദനമവിടെ പ്രഹരം വീഴുവതെന്റെ പുറത്താകുന്നു.'
സമരിയ വഴി ജറുസലേമിലേക്ക് പോയ ക്രിസ്തുവിന് പിന്തുടര്‍ച്ചക്കാരെ ആവശ്യമുണ്ട്, പ്രത്യേകിച്ച് വിജാതീയരുടെ ഗലീലികളില്‍ കരിന്തിരി കത്തുന്ന ഒരു കെട്ടകാലത്ത്!