അനുസരണക്കേടിന്റെ നിയമവശങ്ങള്‍

അനുസരണക്കേടിന്റെ നിയമവശങ്ങള്‍

ഫാ. ജോഫി തോട്ടങ്കര

കാനന്‍ നിയമ ഗവേഷക വിദ്യാര്‍ത്ഥി, വെനീസ്‌

ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നിടത്ത്, വേദഗ്രന്ഥത്തില്‍ ഒരു ''ദൈവകല്പനയും'' കാണപ്പെടുന്നുണ്ട്: വിലക്കപ്പെട്ട കനിയുടെ കല്പന. തുടര്‍ന്നും നിരവധി ദൈവകല്പനകളും 'ദൈവഹിതങ്ങളും' വേദഗ്രന്ഥത്തില്‍ നാം കാണുന്നുണ്ട്. ദൈവകല്പനകള്‍ പാലിച്ചവരും പാലിക്കാത്തവരും നിരവധിയാണ്. ഒരല്പം പോലും മായം ചേര്‍ക്കാതെ അനുസരിക്കപ്പെടേണ്ടവയാണ് ''ദൈവകല്പനകള്‍'' (divine laws). അനുസരണത്തെക്കുറിച്ച് ഏറ്റവും മിഴിവുള്ള ഒരു ദര്‍ശനം കാണപ്പെടുന്നത് സാമുവേലിന്റെ ഒന്നാം പുസ്തകത്തില്‍ ആണ്. ആരും അവശേഷിക്കാത്തവിധം അമല്യേക്യരെ വധിക്കാനും അവര്‍ക്കുള്ളതെല്ലാം നശിപ്പിക്കാനും കര്‍ത്താവ് സാവൂളിനോട് കല്പിച്ചു. എന്നാല്‍ സാവൂളാകട്ടെ 'ഉത്തമമായവയെ' നശിപ്പിക്കാതെ ദൈവത്തിനു ബലിയര്‍പ്പിക്കാനായി മാറ്റിവച്ചു. ഇവിടെ സമുവേല്‍ സാവൂളിനു കൊടുക്കുന്ന ഉപദേശമുണ്ട്: ''അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠമാണ്'' (1 സാമു. 15:22). ദൈവത്തിനു ബലിയര്‍പ്പിക്കുന്നതിനേക്കാളും ദൈവത്തിനു പ്രീതികരം 'ദൈവം നല്കുന്ന കല്പനകള്‍ പാലിക്കുന്നതാണ്' എന്നതു വ്യക്തം.

കര്‍ത്താവിന്റെ കല്പന ലംഘിച്ചു കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ 'അനുസരണക്കേടിന്റെ ഫലങ്ങളു'മായി നില്‍ക്കുന്ന സാവൂളിനു നല്കപ്പെടുന്ന ഈ ഉപദേശത്തെ മറയാക്കി അധികാരസ്ഥാനത്തിരിക്കുന്ന മനുഷ്യര്‍ കല്പനകള്‍ ഇറക്കുകയും ദൈവവചനത്തിന്റെ 'ഈ വാള്‍' എടുത്തു വീശുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് നാമിപ്പോള്‍. അത് സഭാധികാരികളുടെ ഭാഗത്തുനിന്നാകുമ്പോള്‍ 'ഈ വാളിന്റെ' മൂര്‍ച്ച കൂടുകയാണ്. ബലിയേക്കാള്‍ ശ്രേഷ്ഠമായ അനുസരണം 'ദൈവകല്പനകളുടെ' കാര്യത്തില്‍ മാത്രം മതി എന്നതാണു പരമാര്‍ത്ഥം.

'അനുസരണം' എന്നത് സഭാജീവിതത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു പുണ്യമായി തന്നെയാണ് കരുതപ്പെടുന്നത്. സഭാ നിയമങ്ങളോടും സഭാധികാരികളോടും ഓരോ സഭാവിശ്വാസിയും പുലര്‍ത്തേണ്ട അനുസരണം തര്‍ക്കമില്ലാത്ത വിഷയമായി തന്നെ പരിഗണിക്കുമ്പോഴും അനുസരണത്തെ അധികാരികള്‍ ഒരു ആയുധമാക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. എന്നു മാത്രമല്ല അനുസരിക്കപ്പെടേണ്ട കല്പന പുറപ്പെടുവിക്കുന്ന അധികാരിയുടെ ധാര്‍മ്മിക നിലവാരവും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ചതിയരും വഞ്ചകരുമായ (wicked pastors) അജപാലകരുടെ കല്പനകളെക്കുറിച്ച് ട്രെന്റ് സൂനഹദോസ് ചര്‍ച്ച ചെയ്യുന്നുണ്ട്, അത്തരത്തിലുള്ള അജപാലകരുടെ ജീവിതത്തിലേക്ക് നോക്കാതെ അവര്‍ നല്കുന്ന കല്പനകള്‍ ദൈവത്തെ പ്രതി അനുസരിക്കാന്‍ ഓര്‍മ്മിപ്പിച്ചു കൊണ്ട് സൂനഹദോസ് കുറിക്കുന്നത് ''മോശയുടെ സിംഹാസനത്തില്‍ നിയമജ്ഞരും ഫരിസേയരും ഇരുന്നിട്ടുണ്ടല്ലോ'' എന്നാണ്. അതായത് വിശുദ്ധിയുടെ പരിമളം പരത്തേണ്ടവര്‍ ഇരിക്കേണ്ട 'അധികാര കസേരകളില്‍' ചതിയുെടയും വഞ്ചനയുടെയും അധാര്‍മ്മികതയുടെയും ആള്‍രൂപങ്ങള്‍ സ്ഥാനം പിടിക്കാനുള്ള സാധ്യത നിരവധിയാണ് എന്നു സാരം. ഇത്തരത്തിലുള്ള അധാര്‍മ്മികരായ അധികാരികള്‍ക്കു നല്കെപ്പടുന്ന ആദരവിനെയും അനുസരണത്തെയും കുറിച്ച് തോമസ് അക്വിനാസ് കുറിക്കുന്നത് ഇപ്രകാരമാണ്: ''അധികാരത്തിലിരിക്കുന്നവനു നല്കുന്ന 'ആദരവും ബഹുമാനവും അനുസരണവും' അവര്‍ക്കു നല്കുന്നതല്ല മറിച്ച് അവര്‍ക്കു ലഭിച്ചിരിക്കുന്ന അധികാര സ്ഥാനത്തിനു നല്കുന്നതാണ്.''

അക്വിനാസിന്റെ ചിന്തകള്‍ പരിശോധിക്കുമ്പോള്‍ അനുസരണം എന്ന പുണ്യം കടന്നുവരുന്നത് 'ധാര്‍മ്മികതയ്ക്കും മതത്തിനും'' (between morality and religion) ഇടയിലാണ്. ഒരു മനുഷ്യന്റെ പരമമായ ലക്ഷ്യം എന്നത് 'ദൈവവുമായുള്ള ഐക്യമാണ്' (unity with God). അതിന് ധാര്‍മ്മികതയും മതവും ആവശ്യമാണ് എന്നതാണ് അക്വിനാസിന്റെ വീക്ഷണം. അതായത് ധാര്‍മ്മിക ജീവിതം എന്നത് ഒരു മതപരമായ ജീവിതമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ഏഴു പുണ്യങ്ങളെക്കുറിച്ചു പറയുന്നു (7 virtues). മൂന്ന് ദൈവശാസ്ത്ര പുണ്യങ്ങളും (theological virtues) നാല് മൗലിക പുണ്യങ്ങളും (cardinal virtues). പ്രത്യാശ, വിശ്വാസം, സ്‌നേഹം [Hope, Faith, Love] ഇവയാണ് ദൈവശാസ്ത്ര പുണ്യങ്ങള്‍ എങ്കില്‍ വിവേകം, സംയമനം, ധീരത, നീതി [prudence, temperance, courage, justice] എന്നിവയാണ് മൗലിക പുണ്യങ്ങള്‍. ഈ cardinal virtues-ലെ നീതിയുടെ (justice) അടിസ്ഥാനത്തിലാണ് 'അനുസരണം' എന്ന പുണ്യം രൂപപ്പെടുന്നത്. അതായത് നീതിയിലാണ് അനുസരണം വസിക്കുന്നത് എന്നു സാരം. അധികാരികളോടുള്ള അനുസരണക്കേട് 'മാരക പാപമാണ്' (mortal sin) എന്ന് അടിവരയിട്ടു പറയുമ്പോഴും നീതിയും അനുസരണവും തമ്മിലും, മനുഷ്യകല്പനകളും ദൈവകല്പനകളും തമ്മിലും ഉണ്ടാകേണ്ട അഭേദ്യമായ ബന്ധവും അക്വിനാസ് കുറിക്കുന്നുണ്ട്. അതിനാല്‍ തന്നെ പാപപങ്കിലമായ കല്പനകളും അനീതി നിറഞ്ഞ കല്പനകളും ഏതു അധികാരി നല്കിയാലും അതു പാലിക്കാന്‍ ഒരു വിശ്വാസിക്കു ബാധ്യതയില്ല.

അനുസരണത്തെക്കുറിച്ചുള്ള ധാരണകളില്‍ സഭാ പഠനങ്ങളില്‍ മാറ്റം സംഭവിച്ചു തുടങ്ങുന്നത് 18-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്. അതിനു കാരണമായിത്തീര്‍ന്നത് മനുഷ്യന്റെ യുക്തിക്കും വ്യക്തി സ്വാതന്ത്ര്യത്തിനും (Reason and the autonomy of the individual) പ്രാധാന്യം നല്കപ്പെട്ട ജ്ഞാനോദയകാലമാണ് (age of enlightenment). യുക്തിയുമായി അനുസരണത്തെ ബന്ധിപ്പിക്കുന്നത് ഈ ഘട്ടത്തിലാണ്.

വ്യക്തി സ്വാതന്ത്ര്യവും അനുസരണവും തമ്മിലുള്ള ബന്ധത്തെ പുനര്‍നിര്‍വചിക്കുന്നത് ജര്‍മ്മന്‍ തത്വചിന്തകനായ ഇമ്മാനുവേല്‍ കാന്റ് ആണ് (Immanuel Kant). അനുസരണം എന്നത്, കാന്റിന്റെ ദര്‍ശനത്തില്‍, ധാര്‍മ്മിക സ്വാതന്ത്ര്യത്തിന്റെ ആവിഷ്‌കാരമാണ് (an expression of ethical freedom). ''അനുസരണത്തിന്റെ ലക്ഷ്യം'' എന്ത് എന്ന ചോദ്യം (the question of telos) ഉയര്‍ന്നു തുടങ്ങുന്നത് ഈ കാലഘട്ടത്തിലാണ്. അനുസരിക്കാന്‍ കുറിക്കപ്പെട്ട കല്പനകള്‍ക്കു മുമ്പില്‍ ഞാന്‍ എന്തിനു അനുസരിക്കണം, ഞാന്‍ എന്ത് അനുസരിക്കണം... എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങി. അതായത്, അനുസരണം എന്നത് 'കല്പനയുടെ ലക്ഷ്യത്തെ' അടിസ്ഥാനപ്പെടുത്തി ആകാന്‍ തുടങ്ങി. ലക്ഷ്യം നല്ലതാണെന്ന് ഒരു വ്യക്തിയുടെ യുക്തിയെ ബോധ്യപ്പെടുത്താനുള്ള ബാധ്യത ഓരോ കല്പനയ്ക്കും നല്കപ്പെട്ടു കഴിഞ്ഞു. ഒരു കല്പന ഞാന്‍ പാലിക്കണമെങ്കില്‍ അതിലെ നന്മനിറഞ്ഞ ലക്ഷ്യവും അതിന്റെ യുക്തിയും എന്നെ ബോധ്യപ്പെടുത്താന്‍ കല്പന പുറപ്പെടുവിച്ച അധികാരി ബാധ്യസ്ഥനാണ്.

മനുഷ്യന്റെ നന്മയ്ക്കും മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിനും വിഘാതമാകുന്ന ഏതു കല്പനയോടുമുള്ള വിധേയത്വം പുണ്യം ഒലിച്ചിറങ്ങിപ്പോയ വെറും അടിമത്തം മാത്രമാണ് എന്ന തിരിച്ചറിവ് അനിവാര്യമാണ്.

എല്ലാ മനുഷ്യരും വിളിക്കപ്പെട്ടിരിക്കുന്നതു വിശുദ്ധിയിലേക്കാണെന്നും, സാധാരണ ജീവിതം നയിക്കുന്നതു വഴി ഒരു വ്യക്തിക്കു വിശുദ്ധി നേടാനാകുമെന്നും പഠിപ്പിക്കുന്ന പ്രസ്ഥാനമായ "Opus Dei"-യുടെ സ്ഥാപകനായ സ്‌പെയിന്‍കാരനായ വി. ജോസ് മരിയ എസ്‌ക്രിവയുടെ (St. Josemaria Escriva) അനുസരണത്തെക്കുറിച്ചുള്ള ചിന്തകള്‍ ഇപ്രകാരമാണ്: ''ദൈവം ഒരിക്കലും മനുഷ്യനില്‍ അന്ധമായ അനുസരണം അടിച്ചേല്പിക്കില്ല. ബുദ്ധിപരമായി അനുസരിക്കാനാണ് അവന്‍ നമ്മോട് ആവശ്യപ്പെടുന്നത്. സത്യത്തോടുള്ള സ്‌നേഹമാണോ നമ്മെ ഒരു തീരുമാനത്തിലേക്ക് (അനുസരിക്കണോ വേണ്ടയോ) നയിക്കുന്നത് അതോ നമ്മുടെ സ്വാര്‍ത്ഥതയാണോ എന്ന് നമ്മള്‍ പരിശോധിക്കണം.'' തുടര്‍ന്നും അദ്ദേഹം കുറിക്കുന്നുണ്ട്. ''മറ്റുള്ളവരെ നമ്മില്‍ നിന്നു വേര്‍തിരിക്കുന്നതും സഹോദരങ്ങള്‍ക്കിടയിലെ കൂട്ടായ്മയെ ക്ഷീണിപ്പിക്കുന്നതും ഐക്യത്തെ തകര്‍ക്കുന്നതും ആയ ഏതൊരു ആശയവും നമ്മള്‍ രൂപീകരിക്കുമ്പോള്‍ ഓര്‍ക്കുക ദൈവം ആവശ്യപ്പെടുന്നതല്ല നമ്മള്‍ പ്രവര്‍ത്തിക്കുന്നത്.'' സഭാ മക്കള്‍ക്കു മേല്‍ അനൈക്യത്തിന്റെയും വിഭാഗീയതയുടെയും വിഷവിത്തുകള്‍ കല്പനകളുടെ രൂപത്തില്‍ കെട്ടിയിറക്കുമ്പോള്‍ ദൈവം ആഗ്രഹിക്കുന്നതല്ല ഇതെന്ന് ഉറക്കെപ്പറയാന്‍, ചൂണ്ടിക്കാണിക്കാന്‍ ഈ കാലഘട്ടത്തിലും സത്യത്തിന്റെ പ്രവാചകര്‍ ഉണ്ട് എന്നതു മാത്രമാണ് ആശ്വാസം.

സര്‍വാധിപത്യത്തിന്റെയും ഫാസിസത്തിന്റെയും നാസിസത്തിന്റെയും ഇരുപതാം നൂറ്റാണ്ടില്‍ അനുസരണം എന്ന ക്രൈസ്തവ പുണ്യത്തിന്റെ സകല നന്മയും വെല്ലുവിളിക്കപ്പെടുന്നുണ്ട്. "Christofacism" എന്ന പദത്തിനു ജന്മം കൊടുത്ത ജര്‍മ്മന്‍ വിമോചക ദൈവശാസ്ത്രജ്ഞ ഡൊറോത്തെ സൊല്ലെ (Dorothee Solle) ഉന്നയിക്കുന്ന ചില വാദങ്ങള്‍ ''സിനഡല്‍ ഫാസിസ''ത്തിന്റെ ഭീകരത ഇരുട്ടു പരത്തുന്ന ഈ കാലത്ത് ഏറെ പ്രസക്തമാണ്. അവര്‍ വാദിക്കുന്നതിപ്രകാരമാണ്: ''നാഷണല്‍ സോഷ്യലിസത്തിനും ഔഷ്‌വിറ്റ്‌സിലെ കൂട്ടക്കുരുതികള്‍ക്കും ശേഷം, 'അനുസരണം' എന്നത് ദൈവശാസ്ത്രപരമായി അത്ര നിഷ്‌കളങ്കമായ ഒരു പദമാണ് എന്നും ക്രൈസ്തവ ധാര്‍മ്മികതയുടെ അടിസ്ഥാന തത്വമാണ് എന്നും പറയാനാകില്ല.'' ആ കാലഘട്ടത്തിലെ ചില ക്രൈസ്തവ നിലപാടുകളെ ചൂണ്ടി ഡൊറോത്തെ കുറിക്കുന്നത് ഇപ്രകാരമാണ്: ''അനുസരണത്തില്‍ നിന്നും അതിന്റെ പുണ്യം ചോര്‍ന്നു പോയി എന്നു മാത്രമല്ല, അതിലെ പാപത്തിന്റെ നിറവു കൊണ്ട് അനുസരണം സംശയാസ്പദമായിത്തീര്‍ന്നു.''

മനുഷ്യന്റെ നന്മയ്ക്കും മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിനും വിഘാതമാകുന്ന ഏതു കല്പനയോടുമുള്ള വിധേയത്വം പുണ്യം ഒലിച്ചിറങ്ങിപ്പോയ വെറും അടിമത്തം മാത്രമാണ് എന്ന തിരിച്ചറിവ് അനിവാര്യമാണ്.

സഭയെ ദൈവജനമായും (people of God) ക്രിസ്തുകേന്ദ്രീകൃത സഭയാക്കിയും വിപ്ലവാത്മകമായ മാറ്റങ്ങള്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കൊണ്ടുവന്നു എങ്കിലും, 'അധികാരത്തെ'ക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ എത്രമാത്രം മുന്നോട്ടുപോകാന്‍ സാധിച്ചു എന്നതില്‍ സംശയമുണ്ട്. അതുകൊണ്ടു തന്നെ തുടര്‍ന്നുള്ള കാലങ്ങള്‍ അധികാരികളോടുള്ള അന്ധമായ അനുസരണത്തിനും കാര്യമായ കോട്ടം സംഭവിക്കുന്നുണ്ട്. അത് ഏറ്റവും അധികം പ്രകടമായത് പോള്‍ ആറാമന്‍ പാപ്പ 1968-ല്‍ പുറത്തിറക്കിയ Humane Vitae യോടുള്ള ആഗോള കത്തോലിക്കാ സമൂഹത്തിന്റെ പ്രതികരണത്തിലാണ്. കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ (artificial contraceptives) നിരോധിച്ചു കൊണ്ടുള്ള മാര്‍പാപ്പയുടെ ഈ ലേഖനത്തെ പരസ്യമായി എതിര്‍ക്കുന്ന 'അനുരണക്കേടിന്റെ' പ്രകടനങ്ങള്‍ നിരവധിയായിരുന്നു. നിരവധി ദൈവശാസ്ത്രജ്ഞരും മെത്രാന്മാരും വൈദികരും ഈ ചാക്രികലേഖനത്തെ വിമര്‍ശിച്ചതും അനുസരണക്കേടു കാണിക്കാന്‍ അല്മായരെ ഈ ചാക്രികലേഖനം ഇടയാക്കി എന്നു വിലയിരുത്തിയതും സഭാ ചരിത്രത്തിലെ മറച്ചുപിടിക്കരുതാത്ത ഏടാണ്.

ഇത്തരത്തില്‍ മറ്റൊരു പ്രതികരണം സഭയില്‍ സംഭവിക്കുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ "Amoris Laetitia" യോടാണ്. സഭാ കോടതികളില്‍നിന്ന് വിവാഹം അസാധുവാക്കുന്ന വിധി ലഭിക്കും മുമ്പേ, സിവില്‍ കോടതികളില്‍ നിന്നും വിവാഹമോചനം നേടി മറ്റൊരു വ്യക്തിയുമായി വിവാഹ ബന്ധത്തിലേക്ക് പ്രവേശിക്കുന്നതുള്‍പ്പെടെയുള്ള പല "irregular situations' അഭിമുഖീകരിക്കുന്ന വിശ്വാസികള്‍ക്ക് വി. കുര്‍ബാന സ്വീകരിക്കാനുള്ള സാധ്യതകളെ കുറിച്ച് ആലോചനകള്‍ തുടങ്ങുന്നിടത്തു സംഭവിച്ച കലഹങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ മറക്കാന്‍ സമയം ആയിട്ടില്ലല്ലോ! ഇത്തരം ജീവിതസാഹചര്യങ്ങള്‍ നയിക്കുന്നത് മാരകപാപം ആണെന്ന പരമ്പരാഗത ചിന്ത പേറുന്നവര്‍ക്ക് ഈ തീരുമാനം ദഹിച്ചില്ല.

Humane Vitae യും Amoris Laetitia യും കലഹങ്ങള്‍ക്കൊടുവില്‍ തിരുത്തി എഴുതപെട്ടില്ല എങ്കിലും, അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായവരെ കേള്‍ക്കാനും അവരോടു സംവദിക്കാനും ഈ മാര്‍ പാപ്പമാര്‍ തയ്യാറായി എന്നതാണ് അവരുടെ മഹത്വം.

നിരവധി അനുസരണക്കേടുകള്‍ക്കിടയാക്കിയ മറ്റൊന്ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ പരമ്പരാഗത ലത്തിന്‍ കുര്‍ബാന അര്‍പ്പിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന "Summorum Pontificum" എന്ന് motu proprio ആണ്. ഇത്തരത്തിലുള്ള പരമ്പരാഗത കുര്‍ബാന ശൈലി ആഗ്രഹിക്കുന്ന ഒരു 'സ്ഥിരമായ സമൂഹം' (stable group) ഏതെങ്കിലും ഇടവകയില്‍ ഉണ്ടെങ്കില്‍, അജപാലകര്‍ അവരുടെ ആഗ്രഹം പരിഗണിക്കണമെന്നും സഭയില്‍ ഭിന്നത ഒഴിവാക്കണമെന്നും ഈ ലേഖനം ഓര്‍മ്മിപ്പിക്കുന്നുണ്ട് (Art. 5.1). എന്നാല്‍ നിരവധി വൈദികരും മെത്രാന്മാരും ഇത്തരത്തിലുള്ള ആഗ്രഹങ്ങള്‍ പ്രോത്സാഹിച്ചില്ല എന്നു മാത്രമല്ല അത്തരം സമൂഹങ്ങളുടെ ആഗ്രഹം നിരസിച്ചു എന്നതും സഭയുടെ ചരിത്രമാണ്. തുടര്‍ന്ന് സഭയില്‍ നിരവധി ഭിന്നതകള്‍ക്ക് ഇതു കാരണമായി എന്നതുകൊണ്ടു തന്നെ വിശ്വാസതിരുസംഘം ഈ വിഷയം പഠിക്കുകയും മെത്രാന്മാരോട് അഭിപ്രായം ആരായുകയും ചെയ്തു. ഒടുവില്‍ സഭയില്‍ ഐക്യത്തിനാണു പ്രാധാന്യം എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ Traditionis Custodes എന്ന motu propiro വഴി (16/7/2021) ഈ പരമ്പരാഗത ബലിയര്‍പ്പണ രീതിക്കു കടുത്ത നിയന്ത്രണങ്ങള്‍ നല്കുന്നുണ്ട്. അപ്പസ്‌തോലിക സിംഹാസനത്തിന്റെ ഉപദേശമനുസരിച്ചു മാത്രം, ഓരോ മെത്രാനും തന്റെ രൂപതയില്‍ ഈ കുര്‍ബാന രീതി അനുവദിക്കാനുള്ള 'പ്രത്യേക അധികാരം' (exclusive competence) നല്കികൊണ്ട് ഈ വിഷയത്തെ കൂടുതല്‍ നിയന്ത്രണ വിധേയമാക്കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ച നിലപാട്. എന്നാല്‍ അേമരിക്ക ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, പാരമ്പര്യ വാദികളായ നിരവധി മെത്രാന്മാരും വൈദികരും മാര്‍പാപ്പയുടെ ഈ നിലപാടിനെതിരെ രംഗത്തു വരുന്നുണ്ട് എന്നതാണ് ഈ വിഷയത്തിലെ നിലവിലെ സ്ഥിതി.

അധികാരങ്ങള്‍ക്കും കല്പനകള്‍ക്കും അന്ധമായ അനുസരണങ്ങള്‍ക്കും സഭയില്‍ കാലാന്തരത്തില്‍ പരിണാമങ്ങള്‍ സംഭവിക്കുന്നുണ്ട് എന്നതാണ് ഇതെല്ലാം നല്കുന്ന സൂചനകള്‍. ചതിയിലൂടെയും വഞ്ചനയിലൂടെയും കുതന്ത്രങ്ങളിലൂടെയും അധികാരത്തിന്റെ ഭ്രാന്തുപിടിച്ചവര്‍ മനുഷ്യന്റെ മേല്‍ കല്പനകള്‍ കെട്ടിയിറക്കുന്ന ഈ കെട്ടകാലത്ത്, അറിവും സാധ്യതകളും ഉള്ള മനുഷ്യര്‍ കല്പനകളുടെ നന്മയും തിന്മയും വേര്‍തിരിച്ചു കാണാന്‍ ശ്രമിക്കും എന്നതു സ്വാഭാവികം മാത്രം. ഒരു സമൂഹത്തിന്റെ ആത്മീയ നന്മയും കെട്ടുറപ്പും ഐക്യവും, നിയമങ്ങള്‍ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടോ എന്ന് വിലയിരുത്തി മാത്രമേ അനുസരണമെന്ന പുണ്യത്തെ ഈ കാലട്ടത്തില്‍ മനസ്സിലാക്കാനാവൂ.

''നിയമദാതാവിനോടുള്ള അമിതമായ സ്‌നേഹം വിഗ്രഹാരാധനയാണ്'' എന്നു കുറിച്ചത് അമേരിക്കന്‍ ധാര്‍മ്മിക ദൈവശാസ്ത്രജ്ഞനും അധ്യാപകനുമായ John Rziha യാണ്. ജീന്‍സ് ധരിക്കുന്നവരും, കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നവരും വിശുദ്ധരായി പ്രഖ്യാപിക്കെപ്പടുന്ന പരമ്പരാഗത 'വിശുദ്ധ' കാഴ്ചപ്പാടുകള്‍ക്കു മാറ്റം വന്ന ഈ കാലഘട്ടത്തില്‍, നിയമങ്ങളുടെ ആത്മീയതയും നന്മയും മാത്രമായിരിക്കട്ടെ അവയോടുള്ള നമ്മുടെ സമീപനങ്ങളില്‍ നമുക്കു പ്രചോദനമായി മാറേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org