സമുദായത്തില്‍നിന്നും വളര്‍ന്നു വരേണ്ടേ നേതാക്കള്‍?

സമുദായത്തില്‍നിന്നും വളര്‍ന്നു വരേണ്ടേ നേതാക്കള്‍?
രാഷ്ട്രീയ പാര്‍ട്ടികളിലെ സമുദായാംഗങ്ങ ളുടെ പ്രാതിനിധ്യം പ്രോത്സാഹിപ്പിക്കുകയും, രാഷ്ട്രീയ സേവനത്തിനുള്ള മികച്ച ഉപാധിയാണ് രാഷ്ട്രീയ മേഖലകളിലെ ഇടപെടലുകള്‍ എന്ന് നമ്മുടെ ചെറുപ്പക്കാരെ ബോധ്യപ്പെടുത്തുകയും വേണം. നല്ലയാളുകള്‍ രാഷ്ട്രീയ സമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ വന്നാലേ നാടും, സമൂഹവും നന്നാവൂ എന്ന കാഴ്ചപ്പാട് അവരില്‍ വളര്‍ത്തിയെടുക്കണം.

കേരളത്തിന്റെ ബൗദ്ധിക സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ ശ്രദ്ധേമായ നിരവധി സംഭാവനകള്‍ നല്കിയ നേതാക്കളെ സമ്മാനിച്ച സമൂഹമാണ് കേരളത്തിലെ കത്തോലിക്കാ സമുദായം.

നേതൃരംഗത്ത് കഴിവ് തെളിയിച്ച അത്തരം നേതാക്കന്മാരുടെ നി സ്വാര്‍ത്ഥമയ സേവനത്തിന്റെ ഫലം ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ-നിറവ്യത്യാസമില്ലാതെ നമ്മുടെ നാടിന് പൊതുവായി ലഭിച്ചു.

അമ്പതും അറുപതും വര്‍ഷങ്ങള്‍ക്കു മുമ്പ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങൡൂടെ രാഷ്ട്രീയ രംഗത്ത് അരങ്ങേറ്റം കുറിച്ച നേതാക്കന്മാരാണ് ഇന്നും സമുദായത്തിന്റെ പ്രതിനിധികളായി നേതൃത്വ രംഗത്തുള്ളത്. എന്നാല്‍ അടുത്ത പത്തോ, പതിനഞ്ചോ വര്‍ഷത്തിനുള്ളില്‍ ആരോഗ്യപരമായതടക്കമുള്ള കാരണങ്ങളാല്‍ നേതൃരംഗത്തുനിന്ന് ഇവര്‍ക്ക് പിന്‍വാങ്ങേണ്ടി വരുമ്പോള്‍ കേരളത്തിലെ കത്തോലിക്കാ സമൂഹം നേതൃ രംഗത്ത് ശക്തമായ ഒരു ശൂന്യത നേരിടുവാനുള്ള സാധ്യത വളരെ വലുതാണ്.

2011-ലെ സെന്‍സ് കണക്കനുസരിച്ച് കേരളത്തിലെ ക്രിസ്ത്യാനികളുടെ എണ്ണം 61.41 ലക്ഷമാണ്. മൊത്തം ജനസംഖ്യയുടെ 18.33 ശതമാനമാണ് ഇത്. ഇതില്‍ എഴുപത് ശതമാനത്തോളം സെന്റ് തോമസ് ക്രിസ്ത്യാനികളാണ് എന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തിലെ ഏറ്റവും പ്രബലവിഭാഗമാണ് 46 ലക്ഷം വിശ്വാസികളെ ഉള്‍ക്കൊള്ളുന്ന സീറോ മലബാര്‍ സഭാ സമൂഹം. ഇതില്‍ 23.5 ലക്ഷം ആളുകള്‍ കേരളത്തില്‍ താമസിക്കുന്നുണ്ട് എന്നാണ് 2011-ലെ സെന്‍സസ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. സമുദായത്തിലെ ഏതാണ്ട് പകുതിയോളം വരുന്ന വിശ്വാസികള്‍ കേരളത്തിന് വെളിയിലാണ് എന്നുള്ളതും കേരളത്തിനുള്ളില്‍ മികച്ച നേതൃനിര വളര്‍ത്തിയെടുക്കേണ്ട ആവശ്യകതയിലേക്കാണ് വിരല്‍ച്ചൂണ്ടുന്നത്.

കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ അനുപാതം താഴെ പറയുന്ന വിധമാണ് സീറോ മലബാര്‍ 40.2%, ലത്തീന്‍ കാത്തലിക് 13.2%, മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ 8%, ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് 7.9%, സിറിയന്‍ മാര്‍ത്തോമ്മ 6.6%, കല്‍ദായ സിറിയന്‍ സഭ 0.43%, സി.എസ്.ഐ. 4.5%, പെന്തക്കോസ്ത് 4.3%, ദളിത് ക്രിസ്ത്യന്‍ 2.6%, മറ്റുള്ളവര്‍ 5.47%.

ഈ കണക്കുകള്‍ കാണുമ്പോള്‍ ഉയരുന്ന പ്രസക്തമായ ചോദ്യം കേരളീയ ക്രിസ്ത്യന്‍ സമൂഹത്തിലെ 40.5% വരുന്ന ഏറ്റവും പ്രബലമായ സീറോ മലബാര്‍ വിശ്വാസി സമൂഹത്തില്‍ നിന്ന് ഇന്ന് രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ ആവശ്യത്തിന് നേതാക്കളുണ്ടോ എന്നതാണ്.

ശ്രീനാരായണ ഗുരുവിനും മുമ്പെ കേരള നവോത്ഥാനത്തിന് തുടക്കം കുറിച്ച ചാവറയച്ചനെ പോലുള്ളവരുടെ സംഭാവനകള്‍ പോലും ഇന്ന് ചോദ്യം ചെയ്യപ്പെടുന്നതിന് കാരണം അധികാര കേന്ദ്രങ്ങളില്‍ നമ്മുടെയാളുകള്‍ കൂടുതലായി ഇല്ലാത്തതു കൊണ്ടാണ്. ഇതിനൊരു മാറ്റമുണ്ടാകണമെങ്കില്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്‌ക്കാരിക രംഗങ്ങളില്‍ വിശ്വാസികളുടെ പ്രാതിനിധ്യം ഉറപ്പിക്കണം.

നേതൃരംഗത്തേയ്ക്ക് കടന്നുവരേണ്ട ഒരു തലമുറ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ നേടി വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുമ്പോള്‍ ഇവിടെയുള്ള വിശ്വാസികളില്‍നിന്ന് നേതൃവാസനയുള്ളവരെ കണ്ടെത്തി രാഷ്ട്രീയ-സാമൂഹിക-സാംസ്‌ക്കാരിക രംഗങ്ങളില്‍ അവരെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള ചാലക ശക്തിയായി പ്രവര്‍ത്തിക്കുവാന്‍ സഭയും ബോധപൂര്‍വ്വകമായ ഇടപെടലുകള്‍ നടത്തണം.

എഴുത്തുകാരും, രാഷ്ട്രീയ നേതാക്കളും, പ്രാസംഗികരും, ചിന്തകരും, സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരും, സാംസ്‌ക്കാരിക നായകരും, സാമൂഹിക പ്രവര്‍ത്തകരുമെല്ലാം നമ്മുടെയാളുകളുടെയിടയില്‍ നിന്നും കൂടുതലായി ഉണ്ടാകേണ്ടിയിരിക്കുന്നു. 'എന്റെ സമുദായം, എന്റെ അഭിമാനം' എന്ന മുദ്രാവാക്യം ഉയര്‍ത്തി സമുദായ സ്‌നേഹികളായ ഒരു കൂട്ടം നേതാക്കളെ വാര്‍ത്തെടുക്കുവാന്‍ നമുക്ക് കഴിഞ്ഞാല്‍ നേതൃ രംഗത്ത് ഉണ്ടാകാനിടയുള്ള ശൂന്യതയെ മറികടക്കുവാന്‍ നമുക്ക് സാധിക്കും.

എങ്ങനെ നേതാക്കളെ വാര്‍ത്തെടുക്കാം?

ഇടവകയിലെയും, അതിരൂപതയിലേയും, രൂപതയിലേയും സം ഘടനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക. സ്ഥിരമായി ഒരേ ആളുകള്‍ നേതൃ രംഗത്തിരിക്കുന്ന സാഹചര്യം ഒഴിവാക്കി പുതിയ ആളുകള്‍ക്ക് അവസരം കൊടുത്ത് അവരിലെ നേതൃത്വഗുണങ്ങള്‍ വളര്‍ത്തിയെടുക്കണം.

യുവദീപ്തി - കെ.സി.വൈ.എം., കെ.സി.എസ്.എല്‍, കാത്തലിക് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് പോലുള്ള വിദ്യാര്‍ത്ഥി-യുവജനസംഘടനകള്‍ നേതൃപരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും, വിവിധ തുറകളില്‍ നേതൃരംഗത്ത് കഴിവ് തെളിയിച്ചിട്ടുള്ള സമുദായാംഗങ്ങളുടെ സേവനം ഉപയോഗിപ്പെടുത്തുകയും വേണം.

രാഷ്ട്രീയ പാര്‍ട്ടികളിലെ സമുദായാംഗങ്ങളുടെ പ്രാതിനിധ്യം പ്രോത്സാഹിപ്പിക്കുകയും, രാഷ്ട്രീയ സേവനത്തിനുള്ള മികച്ച ഉപാധിയാണ് രാഷ്ട്രീയ മേഖലകളിലെ ഇടപെടലുകള്‍ എന്ന് നമ്മുടെ ചെറുപ്പക്കാരെ ബോധ്യപ്പെടുത്തുകയും വേണം. നല്ലയാളുകള്‍ രാഷ്ട്രീയ സമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ വന്നാലേ നാടും, സമൂഹവും നന്നാവൂ എന്ന കാഴ്ചപ്പാട് അവരില്‍ വളര്‍ത്തിയെടുക്കണം.

യൂറോപ്പില്‍ ക്രിസ്ത്യാനിറ്റി വ്യാപിക്കുന്നത് എ.ഡി. മൂന്നാം നൂറ്റാണ്ടിലാണ്. എന്നാല്‍ എ.ഡി. ഒന്നാം നൂറ്റാണ്ടു മുതല്‍ പാരമ്പര്യമുള്ളവരാണ് സീറോ മലബാര്‍ സമുദായാംഗങ്ങള്‍ എന്ന ബോധ്യം നമ്മുടെയാളുകളില്‍ അരക്കിട്ടുറപ്പിക്കുന്നത് അവരുടെ ആത്മാഭിമാനവും, ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുകയും 1950 വര്‍ഷത്തെ സഹനങ്ങളുടെയും പോരാട്ടത്തിന്റെയും ഫലമായി നാം നേടിയെടുത്ത സ്വാധീനം നിലനിന്നു പോകേണ്ടതിന്റെ ആവശ്യകതയിലേക്ക് സമുദായാംഗങ്ങളെ എത്തിക്കുകയും ചെയ്യും. സഭാചരിത്രം പന്ത്രണ്ടു വര്‍ഷം സണ്‍ഡേ സ്‌കൂളില്‍ പഠിക്കുന്ന പല വിദ്യാര്‍ത്ഥികള്‍ക്കും അറിവില്ല എന്നത് ദുഃഖകരമായ ഒരു സത്യമാണ്. സംഘടനകളും, സണ്‍ഡേ സ്‌കൂള്‍ അധ്യാപകരുമൊക്കെ ഇതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. ഇത് സഭയെ സ്‌നേഹിക്കുന്ന യുവതലമുറയുടെ രൂപപ്പെടലിന് ഇടയാക്കും. അവരില്‍ നിന്നു സഭയെ സ്‌നേഹിക്കുകയും, വീറോടെ വാദിക്കുകയും ചെയ്യുന്ന നേതാക്കളുമുണ്ടാകും.

ഇത്തരത്തില്‍ സഭാ വിശ്വാസികളായ നേതാക്കളെ വാര്‍ത്തെടുക്കുന്നതിന് വൈദികരും, സന്യസ്തരും, സംഘടനാ പ്രതിനിധികളും, അല്മായരും, നേതൃരംഗത്തുള്ളവരും ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ തുടങ്ങേണ്ടിയിരിക്കുന്നു.

(ആധുനിക ഇന്ത്യ, മധ്യകാല ഇന്ത്യ, പ്രാചീന ഇന്ത്യ, കേരള ചരിത്രം തുടങ്ങിയ ചരിത്ര ഗ്രന്ഥങ്ങളടക്കം നാല്പത്തിയഞ്ച് പുസ്തകങ്ങളുടെ രചയിതാവും, വാഗ്മിയും, പംക്തികാരനുമാണ് ലേഖകന്‍.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org