നിയമവും - നീതിയും

നിയമവും - നീതിയും
നിയമവും നീതിയും തമ്മില്‍ ബലാബലം പരീക്ഷിക്കുന്ന കാലം. പലപ്പോഴും നിയമം കൊണ്ടു വരുമ്പോള്‍ മനുഷ്യനീതി നിഷ്‌കരുണം പുറംതള്ളപ്പെടാറുണ്ട്. നിയമവും നീതിയും ഒരു നാണയത്തിന്റെ ഇരുവശവും പോലെ ഒന്നിച്ചു നില്‍ക്കും. അവസാനം ദൈവ നീതിയുടെ മുമ്പില്‍ സകല നിയമങ്ങളും നിഷ്പ്രഭമാകും.

''നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണു ഞാന്‍ വന്നത്'' (മത്താ. 5:17)

നിയമവും നീതിയും തമ്മില്‍ ബലാബലം പരീക്ഷിക്കുന്ന കാലം. പലപ്പോഴും നിയമം കൊണ്ടു വരുമ്പോള്‍ മനുഷ്യനീതി നിഷ്‌കരുണം പുറംതള്ളപ്പെടാറുണ്ട്. നിയമവും നീതിയും ഒരു നാണയത്തിന്റെ ഇരുവശവും പോലെ ഒന്നിച്ചു നില്‍ക്കും. അവസാനം ദൈവനീതിയുടെ മുമ്പില്‍ സകല നിയമങ്ങളും നിഷ്പ്രഭമാകും. മലയിലെ പ്രസംഗം: എളിമയുള്ളവര്‍, വിലപിക്കുന്നവര്‍, ശാന്തശീലര്‍, നീതിക്കുവേണ്ടി കാത്തിരിക്കുന്നവര്‍, കരുണയുള്ളവര്‍, ഹൃദയശുദ്ധിയുള്ളവര്‍, സമാധാന കാംക്ഷികള്‍, അകാരണമായി പീഡിപ്പിക്കപ്പെടുന്നവര്‍, സത്യദൈവ സാന്നിധ്യത്തെപ്രതി പീഡനമേല്‍ക്കുന്നവര്‍ ഇവര്‍ക്കൊക്കെ സ്വര്‍ഗത്തില്‍ നീതി ലഭിക്കും എന്ന യേശുവിന്റെ വളരെ ശ്രദ്ധേയമായ പ്രസംഗം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ യേശു തന്നെയാണു നീതി!

ദൈവത്തിന്റെ സൃഷ്ടി എന്ന നിലയില്‍ മനുഷ്യന്‍ സ്വാതന്ത്ര്യത്തോടും, കര്‍ത്തവ്യബോധത്തോടും കൂടി ജീവിക്കണമെങ്കില്‍ നിയമം പാലിക്കുകയും അവനു നീതി ലഭിക്കുകയും വേണം. പ്രകൃതിസിദ്ധമായ കഴിവുകളും ദൈവത്തിന്റെ കൃപാവരങ്ങളും കണക്കിലെടുത്ത് ദൈവഹിതമനുസരിച്ച് തന്റെ ജീവിതം ആസൂത്രണം ചെയ്യണമെങ്കില്‍ നീതിയുക്തമായ നിയമമേ പാലിക്കാന്‍ പറ്റൂ. സുഗമമായ ജീവിതം മനുഷ്യന്‍ കരുപിടിപ്പിക്കുമ്പോള്‍ ആവിര്‍ഭവിക്കാവുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇതു മുന്‍കൂട്ടി കണ്ട് ഏശയ്യാ പ്രവാചകന്‍ ഇപ്രകാരം പറയുന്നു: ''ദൈവത്തെ വിശ്വസിക്കുന്നവര്‍ ചഞ്ചലചിത്തരാവുകയില്ല. ഞാന്‍ നീതിയെ അളവു ചരടും, ധര്‍മ്മനിഷ്ഠയെ തൂക്കുകട്ടയും ആക്കും'' (ഏശ. 28:16-17).

ഇവയ്‌ക്കെല്ലാം പരിഹാരം കാണണമെങ്കില്‍ മനുഷ്യന്‍ തന്റെ ജീവിതത്തില്‍ യേശുക്രിസ്തുവിനു പ്രഥമസ്ഥാനം നല്കിയേ തീരൂ. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ദൈവവചനം നമ്മുടെ കണ്‍മുമ്പില്‍ തെളിഞ്ഞു വരുന്നത് ഇപ്രകാരമാണ്, ''സൈന്യങ്ങളുടെ കര്‍ത്താവ് നീതിയില്‍ ഉയര്‍ന്നു നില്ക്കുന്നു; പരിശുദ്ധനായ ദൈവം നീതിനിഷ്ഠയിലൂടെ തന്റെ പരിശുദ്ധി വെളിപ്പെടുത്തുന്നു'' (ഏശ. 5:16). ''അതിനാല്‍ സത്യം കൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച് നിങ്ങള്‍ ഉറച്ചു നില്‍ക്കുവിന്‍'' (എഫേ. 6:14). ഒരുപക്ഷേ, നിയമം നടപ്പാക്കുന്ന അവസരങ്ങളില്‍ മനുഷ്യമനസ്സാക്ഷി പരീക്ഷിക്കപ്പെടാം. ദൈവപ്രമാണങ്ങളും പ്രകൃതി നിയമങ്ങളും ഒരുപോലെ ദൈവേഷ്ടപ്രകാരം നിറവേറ്റുമ്പോഴാണ് ജീവിതവിജയം സാധ്യമാകുന്നത്. സങ്കീര്‍ത്തകന്‍ പറയുന്നതു കൂടി ഇതിനോടു ചേര്‍ത്തു ധ്യാനിച്ചേ, ''എന്നാല്‍ കര്‍ത്താവിന്റെ കാരുണ്യം അവിടുത്തെ ഭക്തരുടെ മേല്‍ എന്നേക്കും ഉണ്ടായിരിക്കും; അവിടുത്തെ നീതി തലമുറകളോളം നിലനില്‍ക്കും'' (സങ്കീ. 103:17). നിയമം നടപ്പാക്കുമ്പോള്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങള്‍ ധാര്‍മ്മികമായി നമ്മില്‍ പ്രതിസന്ധികളും ഉളവാക്കും. വക്രതയില്ലാത്ത മാനുഷിക നിയമങ്ങള്‍ നേരിടുന്നതിന് നീതിയുക്തമായ യുക്തിയും, സരളമായ ഹൃദയവും, പരസ്പര സ്‌നേഹബന്ധവും നമുക്കു സഹായകമാകും തീര്‍ച്ച.

മനുഷ്യന്‍ നീതിയുക്തമായ കാര്യങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ പരിഗണിച്ചു പ്രവര്‍ത്തിക്കുന്നത് യുക്തിപൂര്‍വകമായിരിക്കുകയില്ല. സമഭാവനയുടെയും നീതിബോധത്തിന്റെയും ആശയമാണ് അവിടെ പ്രാവര്‍ത്തികമാക്കേണ്ടത്. നിയമ നിര്‍മ്മാണത്തില്‍ കടന്നു കൂടുന്ന സ്വാര്‍ത്ഥ തല്‍പരത മനുഷ്യനെ വഴിതെറ്റിക്കും; തീര്‍ച്ച. അതിന് ഒരു തര്‍ക്കവും വേണ്ട.

നമ്മുടെയൊക്കെ വ്യക്തിജീവിതത്തില്‍ പല സ്‌നേഹബന്ധങ്ങളും സ്വാര്‍ത്ഥതാല്‍പര്യം നേടുന്നതിനു വേണ്ടി മാത്രമാകുമ്പോള്‍ ആ സ്‌നേഹബന്ധം ഫലദായകമോ, യാഥാര്‍ത്ഥ്യമോ, നീണ്ടു നില്‍ക്കുന്നതോ, നീതിയുക്തമോ ആകുമോ? ഈ കാലഘട്ടത്തില്‍ യുവജനങ്ങളുടെ ഇടയില്‍ ഉടലെടുക്കുന്ന സ്‌നേഹബന്ധങ്ങള്‍ പലതും അത്തരത്തില്‍ നീതി അന്യമായി തരംതാണു പോകാറില്ലെ. ആകയാല്‍ സ്‌നേഹബന്ധം സുദൃഢമാകണമെങ്കില്‍ ആജീവനാന്തമാകണമെങ്കില്‍ ഒരാള്‍ മറ്റൊരാളുടെ സുസ്ഥിതിക്കും, നിലനല്പിനും വേണ്ടി നീതിപൂര്‍വ്വം പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധമാക്കണം. അവിടെ വിട്ടുവീഴ്ചയോടു കൂടിയുള്ള ഒത്തുചേരലാണ് അഭികാമ്യം. നിസ്വാര്‍ത്ഥമായ പരസ്‌നേഹവും നീതിബോധവും ഉണ്ടെങ്കില്‍ മാത്രമെ തന്റെ കൂട്ടാളിയുടെ കൂടെ അഭിവൃദ്ധി ലാക്കാക്കി പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. യഥാര്‍ത്ഥ സ്‌നേഹം തന്റെ പങ്കാളിയുടെ നന്മകൂടി ലക്ഷ്യം വച്ചായിരിക്കും, അങ്ങനെ ജീവിതവിജയം കരസ്ഥമാക്കാം. കുടുംബജീവിതം ദൈവേഷ്ടമാകുവാന്‍, പരസ്പര ധാരണയും, ആരോഗ്യകരമായ സഹകരണവും സംജാതമാകണം. അപ്പോള്‍ താല്‍ക്കാലികമായ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ ഉപേക്ഷിക്കേണ്ടി വരും.

സൃഷ്ടാവായ ദൈവം മനുഷ്യന്റെ ഉള്ളിന്റെയുള്ളില്‍ വിന്യസിപ്പിച്ചിരിക്കുന്ന ഒരു വ്യവസ്ഥിതിയെയാണു മനസ്സാക്ഷി എന്നു വിവക്ഷിക്കുന്നത്. നല്ലതു തിരഞ്ഞെടുക്കുവാനും മോശം തിരസ്‌കരിക്കുവാനും ഉള്ള മാനസികാവസ്ഥ, അതുതന്നെയാണു കത്തോലിക്കാസഭ പ്രബോധിപ്പിക്കുന്നതും. സത്യവും നന്മയും കണ്ടെത്തുന്നതിനും പരിശ്രമിക്കുന്ന മനുഷ്യന്‍ എപ്പോഴും ദൈവവുമായിട്ട് ഒന്നിച്ചായിരിക്കും. അവിടെ മനസ്സാക്ഷി നിയമാനുസൃതവും നീതിയുക്തവുമായിരിക്കും. മനുഷ്യനു ജന്മനാ അവന്റെ ഹൃദയത്തില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള ഒരു നിയമമുണ്ട്. അതനുസരിക്കുന്നവനെ ദൈവം മഹത്വപ്പെടുത്തും, അതനുസരിക്കാത്തവന്‍ നിത്യശിക്ഷയ്ക്കു പാത്രീഭൂതമാകും. ദൈവിക നിയമങ്ങള്‍ നിത്യവും, വസ്തുനിഷ്ടവും, സാര്‍വത്രികവുമാണ്. എന്നാല്‍ മാനുഷിക നിയമങ്ങള്‍ പലപ്പോഴും സ്വാര്‍ത്ഥത നിറഞ്ഞതും, താല്‍ക്കാലികവും, വ്യക്തിഗതവും, എപ്പോഴും ഫലദായകമല്ലാത്തതുമാകുന്നു.

വിവാഹ ഉടമ്പടി മധ്യേ നമ്മളെ ദൈവം ഏല്പിക്കുന്ന താലന്ത് കൃത്യമായി വിനിയോഗിക്കാറുണ്ടോ? ആരോഗ്യം, ബുദ്ധിശക്തി, സൗന്ദര്യം, ലൗകിക സമ്പത്ത്, സന്താനലബ്ധി തുടങ്ങിയ അനേകം താലന്തുകള്‍ യഥാവിധി വിനിയോഗിച്ചിട്ടുണ്ടോ?

നമുക്കു നമ്മുടെ കുടുംബത്തിലേക്കു കടക്കാം. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കുടുംബത്തെ വ്യാഖ്യാനിക്കുന്നത്; ''ഫാമിലി ഈസ് ദ പ്രൈമറി കാത്തലിക് ചര്‍ച്ച്'' എന്നാണ്, അവിടെ നമുക്ക് അലിഖിതനിയമങ്ങളും വസ്തുനിഷ്ഠമായിട്ടുള്ള നീതിയും മതി.

കത്തോലിക്കാ സഭയുടെ ഏഴു കൂദാശകളില്‍ പ്രധാനപ്പെട്ട കൂദാശയാണു വിവാഹം. വിവാഹമെന്ന കൂദാശയിലൂടെയാണു കുടുംബങ്ങള്‍ രൂപപ്പെടുന്നത്. കൂദാശകളില്‍; ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തില്‍ പങ്കാളികളാകുന്ന ഒരു കൂദാശയേ ഉള്ളൂ അതാണു മഹനീയമായ വിവാഹം. വിവാഹമെന്ന കൂദാശയ്ക്കു സാധുത ഉണ്ടെങ്കില്‍ മാത്രമെ മറ്റു കൂദാശകള്‍ക്കു സാധുതയുള്ളൂ, അതല്ലേ ശരി? ദൈവത്തിന്റെ സൃഷ്ടികര്‍മ്മം ദൈവദൂതന്മാര്‍ വഴി അറിഞ്ഞ രണ്ടു മഹത്പുണ്യങ്ങളാണ്. പരിശുദ്ധ കന്യകാമറിയവും, സഖറിയായും. ആ സദ്‌വാര്‍ത്ത രണ്ടു പേരും ഒരുപോലെ ശ്രവിച്ചു. പരി. മറിയം ആ വാര്‍ത്ത സവിനയം സ്വീകരിച്ചപ്പോള്‍ സഖറിയാ സംശയാലുവായി തിരസ്‌കരിച്ചു. പരിശുദ്ധ മറിയം എല്ലാ ജനതകളിലുംവച്ച് ഏറ്റവും ശ്രേഷ്ഠയായി, സഖറിയ ദൈവശിക്ഷയ്ക്കും പാത്രമായി - വി. ലൂക്കാ സുവിശേഷകനിലൂടെ പറഞ്ഞുവയ്ക്കുന്ന ഈ സംഭവം, (ലൂക്കാ 1:5-20; 1:26-38) യുവജനങ്ങള്‍ക്ക് ഒരു പാഠവും, മുന്നറിയിപ്പുമാണ്. വിവാഹിതരാകുന്ന യുവജനങ്ങള്‍ വിശുദ്ധമായ സൃഷ്ടികര്‍മ്മത്തില്‍ പങ്കാളികളായി ദൈവഹിതം നിറവേറ്റട്ടെ അതാണ് ഉചിതം. പരിശുദ്ധ മറിയം പ്രത്യുത്തരിച്ചതുപോലെ ഇതാ കര്‍ത്താവിന്റെ ദാസന്‍ / ദാസി എന്ന മനോഭാവത്തോടെ അനേകം മക്കളെ സ്വീകരിക്കട്ടെ, അപ്പോള്‍ നിങ്ങളുടെ അനേകം തലമുറകള്‍ അനുഗ്രഹിക്കപ്പെടും. ദൈവത്തിന്റെ പദ്ധതിക്കു വിധേയരായി, കല്പനകളും, നിയമങ്ങളും, നിയമാനുഷ്ഠാനങ്ങളും, പ്രബോധനങ്ങളും അപ്പാടെ പാലിച്ചു ജീവിച്ച നോഹ, അബ്രാഹം, തോബിത്, ജോബ് മുതലായ നീതിമാന്മാര്‍ എപ്രകാരമാണോ ദൈവത്തിന്റെ പ്രീതിക്കുപാത്രമായത്, അതുപോലെ നമുക്കും നീതി നടപ്പാക്കാം.

ദൈവത്തിന്റെ പാത സഹനത്തിന്റെ പാത കൂടിയാണെന്നറിഞ്ഞിരിക്കണം. കുരിശില്ലാതെ ഒരുയിര്‍പ്പുമില്ല. അല്ലാതെ തന്റെ ജീവിതത്തില്‍ സഹനം നേരിടാന്‍ പറ്റില്ല എന്നു ചിന്തിക്കുന്നത് ഭോഷത്തമാണ്. സകലമാന സുഖത്തിലും, സുഭിക്ഷതയിലും സന്തോഷത്തിലും കഴിഞ്ഞ ധനവാന്‍ ശിക്ഷിക്കപ്പെട്ടു. ലാസറാകട്ടെ രക്ഷിക്കപ്പെട്ടു (ലൂക്കാ 16:19-31). നമ്മള്‍ ദൈവത്തിന്റെ വീക്ഷണത്തില്‍ ജീവിതത്തെ അഭിമുഖീകരിക്കണം, വിലയിരുത്തണം, അല്ലാതെ മാനുഷിക വീക്ഷണത്തിലല്ല ജീവിതം നയിക്കേണ്ടത്.

ഭര്‍ത്താവ് ഭാര്യയോടും, ഭാര്യ ഭര്‍ത്താവിനോടും നീതി പുലര്‍ത്തണം. കുടുംബത്തില്‍ മാതാപിതാക്കളും മക്കളും തമ്മില്‍ നീതി വേണം. നീതിക്കു നിരക്കാത്ത ഒരു പ്രവൃത്തിയും ദൈവത്തോടും പാടില്ല. കത്തോലിക്കാ സഭയുടെ നടപടിയനുസരിച്ച് ദിവ്യബലിയുടെ മധ്യേ പരിശുദ്ധാത്മാവിന്റെ ആവാസത്തില്‍ സ്ത്രീയും പുരുഷനും കൂടി ദൈവവുമായിട്ടു നടത്തുന്ന ഉടമ്പടിയാണു വിവാഹമെന്ന വിശുദ്ധ കൂദാശ. അവിടെ വിശുദ്ധ ബൈബിള്‍ ചേര്‍ത്തുപിടിച്ച് ചെയ്യുന്ന പ്രതിജ്ഞകള്‍ ഒന്ന് ഇരുത്തിചിന്തിക്കാം. ''താലന്തുകളുടെ ഉപമ''യാണ് വിവാഹബന്ധത്തിന് ഏറ്റവും ചേര്‍ന്ന ഉദാഹരണം (മത്താ. 25:14-30, ലൂക്കാ 19:12-27). ''നല്ലവനും വിശ്വസ്തനുമായ ഭൃത്യാ അല്പകാര്യങ്ങളില്‍ വിശ്വസ്തനായിരുന്നതിനാല്‍ അനേകകാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്പിക്കും.'' പ്രസ്തുത വിവാഹ ഉടമ്പടി മധ്യേ നമ്മളെ ദൈവം ഏല്പിക്കുന്ന താലന്ത് കൃത്യമായി വിനിയോഗിക്കാറുണ്ടോ? ആരോഗ്യം, ബുദ്ധിശക്തി, സൗന്ദര്യം, ലൗകിക സമ്പത്ത്, സന്താനലബ്ധി തുടങ്ങിയ അനേകം താലന്തുകള്‍ യഥാവിധി വിനിയോഗിച്ചിട്ടുണ്ടോ? ഇരട്ടിയോ അതില്‍ കൂടുതലായോ വര്‍ധിപ്പിച്ചിട്ടുണ്ടോ? ഏറ്റവും പ്രധാനപ്പെട്ട സന്താനലബ്ധി എന്ന താലന്ത് എപ്രകാരം വിനിയോഗിച്ചിട്ടുണ്ട് എന്നതായിരിക്കും പ്രധാന വിഷയം. മക്കള്‍ സാവകാശം മതി, പിന്നെ മതി, ജോലി തിരക്കു കഴിഞ്ഞു മതി, ഇപ്പോഴായാല്‍ സൗന്ദര്യം കുറയും ഇതൊക്കെയാണു നമ്മുടെ ബാലിശമായ ചിന്തകള്‍. എല്ലാം ദൈവത്തിന്റെ ദാനമാണെന്നിരിക്കെ നമ്മള്‍ അഹംഭാവം കാണിച്ചാല്‍? സന്താനോല്പാദനമെന്ന താലന്ത്, മൂടിവയ്ക്കാതിരിക്കുക, പിടിച്ചുവയ്ക്കാതിരിക്കുക, കൃത്രിമ മാര്‍ഗങ്ങളുപയോഗിച്ച് തടയാതിരിക്കുക. അതാണു ദൈവേഷ്ടം. മൂന്നും നാലും അഞ്ചും മക്കളുണ്ടാകുവാനുള്ള സാഹചര്യം, കഴിവ്, കെല്പ്, ആരോഗ്യം എല്ലാം ഉണ്ടെങ്കില്‍ നമ്മള്‍ ഉദാരവാന്മാരായിരിക്കുക. നമ്മുടെയൊക്കെ കുടുംബങ്ങളില്‍ ധാരാളം കുഞ്ഞുങ്ങളുണ്ടാകട്ടെ.

ലോകജനസംഖ്യ 800 കോടി തികഞ്ഞു, 16-11-2022-ല്‍ ഫിലിപ്പിന്‍സില്‍, ഐക്യരാഷ്ട്ര വെബ്‌സൈറ്റിലെ കണക്ക്. ജനസംഖ്യ പെരുപ്പത്തെ സംബന്ധിച്ച് ആഗോളതലത്തില്‍ ചര്‍ച്ചയാണ്. ഓരോ തലമുറ (ഏതാണ്ട് 25 വര്‍ഷം) പിന്നിടും തോറും ജനസംഖ്യ ഇരട്ടിക്കുമെന്ന പ്രചരണവും കോലാഹലവും വെറും പാഴ്‌വാക്കായി. 1804-ല്‍ 100 കോടിയായിരുന്ന ലോകജനസംഖ്യ 1927-ലാണ് 200 കോടിയായത്. 1960-ല്‍ 300 കോടിയും, 1974-ല്‍ 400 കോടിയും, 1987-ല്‍ 500 കോടിയും, 1998-ല്‍ 600 കോടിയും, 2010-ല്‍ 700 കോടിയും. 1968-ല്‍ സ്റ്റഫോര്‍ഡ് (യു എസ് എ) സര്‍വകലാശാല പ്രൊഫസര്‍ പോള്‍. ആര്‍ എര്‍ലിഫിന്റെ ''ദി പോപ്പുലേഷന്‍ ബോംബ്'' എന്ന പുസ്തകം വായിച്ച ലോകരാഷ്ട്രങ്ങള്‍ ഞെട്ടി; 1970-ല്‍ ജനങ്ങള്‍ പെരുകുന്നതുകൊണ്ട് ലക്ഷക്കണക്കിനു മനുഷ്യര്‍ പട്ടിണി മൂലം മരിക്കുമെന്നായിരുന്നു അത്, എന്നാല്‍ ഒന്നും സംഭവിച്ചില്ല. ലോകരാഷ്ട്രങ്ങള്‍ പ്രസ്തുത വാര്‍ത്തകേട്ട് ജനസംഖ്യ നിയന്ത്രിക്കാനുള്ള വഴികള്‍ തേടി. പല രാഷ്ട്രങ്ങളും നിര്‍ബന്ധിത നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവന്നു. അതോടെ അറുപതോളം രാജ്യങ്ങളില്‍ ജനസംഖ്യ കുത്തനെ കുറഞ്ഞു. ജനസംഖ്യ 1000 കോടി 2080-ല്‍ ആകുമെന്നു കരുതപ്പെടുന്നു. ഇങ്ങനെ പോയാല്‍ ജനസംഖ്യ ശോഷണം മൂലം ജോലി എടുക്കാവുന്നവരുടെ എണ്ണം കുത്തനെ കുറയും, സമ്പത്തും സാമ്പത്തിക വളര്‍ച്ചയും താഴേക്കു പതിക്കും, കൃഷിയും, കാര്‍ഷികവൃത്തിയും വിളവെടുപ്പും മുരടിക്കും, മരണനിരക്കു കുറയുന്നതിനാല്‍ ആയൂര്‍ദൈര്‍ഘ്യം കൂടും, വൃദ്ധജനങ്ങളുടെ എണ്ണം പെരുകും, അവരുടെ പരിപാലനം ദുര്‍ ഘടമായിത്തീരും. വരുന്ന 25 വര്‍ഷത്തിനുള്ളില്‍ പല രാജ്യങ്ങളും പുറപ്പെടുവിക്കാന്‍ പോകുന്ന ശിപാര്‍ശ ഒരുപക്ഷേ, ഇതായിരിക്കും, 5 ലധികം മക്കളുള്ള അമ്മമാര്‍ക്കു വീട്ടിലിരുന്നാല്‍ ശമ്പളവും മറ്റാനുകൂല്യങ്ങളും, മക്കള്‍ക്കു സൗജന്യ ഉന്നത വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഭക്ഷണം മുതലായവ.

ഒരു സമൂഹം അസ്തമിക്കുന്നത് മറ്റു സമൂഹങ്ങള്‍ക്കും ദോഷകരമാണെന്ന സത്യം എല്ലാവരും അറിഞ്ഞിരിക്കണം. പല സമൂഹങ്ങള്‍ ഒരുമിച്ചു വളരുന്നതാണ് ആ രാജ്യത്തിന്റെ ഉയര്‍ച്ചയ്ക്കും, വളര്‍ച്ചയ്ക്കും, ഉന്നമനത്തിനും, ശ്രേയസ്സിനും അഭികാമ്യം.

1901-1930 ക്രിസ്ത്യാനികളുടെ ജനനനിരക്ക് വളരെ ഉയര്‍ന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ 2020 ആയപ്പോഴേക്കും നമ്മുടെ ജനനനിരക്ക് ഏറ്റവും കുറഞ്ഞ നിലയിലേക്കായി. 1951-ല്‍ നമ്മുടെ ജനനനിരക്ക് 20.86% ആയിരുന്നത് 2011 ആയപ്പോഴേക്കും 18.38% ആയികുറഞ്ഞു. 1951-ല്‍ ക്രിസ്ത്യാനികള്‍ രണ്ടാമത്തെ സമൂഹമായിരുന്നു. എന്നാല്‍ ഇവിടെ 2011-ഓടു കൂടി മുസ്ലീം സമൂഹം രണ്ടാമത്തെ സ്ഥാനത്തേക്കു കയറി. മുസ്ലീം സമൂഹം 1951-ല്‍ 17.53% ആയിരുന്നത് 2011-ല്‍ 26.56% ആയി വര്‍ദ്ധിച്ചു. ഇവിടെ ക്രിസ്ത്യാനികളുടെ ജനസംഖ്യാനുപാതം കുത്തനെ ഇടിഞ്ഞു. ഒരുപക്ഷേ, 2025 ആകുമ്പോഴേക്കും 16%വും അതില്‍ താഴെയും ആകാം. 2018-ലെ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ മൂന്നു പതിറ്റാണ്ടു മുമ്പ് ഒരു ഭാര്യയ്ക്കും ഭര്‍ത്താവിനും 2.56 ഉണ്ടായിരുന്ന ഉല്പാദന നിരക്ക് '1' ആയി കുത്തനെ താഴ്ന്നു. ഒരു കുടുംബത്തില്‍ 2 കുട്ടികളില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ മാത്രമേ ഒരു സമൂഹത്തിനു നിലനില്‍ക്കുവാന്‍ സാധിക്കുകയുള്ളൂ എന്നതാണു വിദഗ്ദ്ധരുടെ പഠനം. നമ്മള്‍ ചിന്തിക്കും ചില കുടുംബങ്ങളില്‍ മൂന്നും നാലും അഞ്ചും കുട്ടികളുണ്ടല്ലോ എന്ന്, എന്നാല്‍ അതിന്റെ കൂടെ മറ്റൊരു പഠനം വിലയിരുത്തുന്നു. നമ്മുടെ ഏതാണ്ട് 15% കുടുംബങ്ങളില്‍ മക്കളില്ലാതിരിക്കുന്നവരുണ്ട്. വളരെ പ്രത്യേകമായിട്ടു നോക്കിയാല്‍ എത്രയോ യുവാക്കളും യുവതികളുമാണ് വിവാഹം കഴിക്കാതെ നാല്പതു വയസ്സോളം പ്രായമായി നില്ക്കുന്നത്. ഇങ്ങനെ നമ്മുടെ സമൂഹത്തിന്റെ നിലനില്പ് ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഒന്നു ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ദീര്‍ഘവീക്ഷണ കുറവുകൊണ്ടും അശ്രദ്ധ കൊണ്ടും വീണ്ടു വിചാരമില്ലായ്മ കൊണ്ടും ഇന്നു ഭൂമുഖത്തു നിന്നും അനേകം ജനതകളും, സംസ്‌കാരങ്ങളും അപ്രത്യക്ഷമായികൊണ്ടിരിക്കുന്നു, ഇതൊരു സത്യമാണ്.

ഒരു ജനത ഒരു സംസ്‌കാരം നിലനില്ക്കണമെങ്കില്‍, തല്‍സ്ഥിതിയെങ്കിലും തുടരണമെങ്കില്‍ 2.11 എന്ന നിലയിലെങ്കിലും ജനന നിരക്ക് ഒരു കുടുംബത്തില്‍ വേണമെന്നു ചരിത്രം ഓര്‍മ്മിപ്പിക്കുന്നു. 1.9 ജനന നിരക്കില്ലാത്ത സമൂഹങ്ങളുടെ തിരിച്ചുവരവ് ദുഷ്‌കരമാണ്. എന്നാല്‍ 1.3-ലെത്തിയാല്‍ ഒരു തിരിച്ചുവരവ് അസാധ്യവുമാണ്. ഇന്നു യൂറോപ്പിലെ ജനനനിരക്ക് 1.9-ലും താഴെയാണ്. ഫ്രാന്‍സ് 1.8, ഇംഗ്ലണ്ട് 1.6, ജര്‍മ്മനി 1.3, ഇറ്റലി 1.2, സ്‌പെയിന്‍ 1.1. ഈ മുന്നറിയിപ്പുകളെല്ലാം നമ്മള്‍ ഗൗരവപൂര്‍വ്വം വിലയിരുത്തണം. ഇപ്രകാരമുള്ള പഠനങ്ങള്‍ ഗൗരവത്തിലെടുക്കാതെ പോയാല്‍ അതു നമ്മള്‍ പിന്നോട്ടോടുന്നതിനു തുല്യമായിരിക്കും. വളരെ ആശങ്കാജനകമായ സ്ഥിതിവിശേഷമാണ് നമ്മള്‍ ഇപ്പോള്‍ നേരിടുന്നത്. ഇതില്‍ നിന്നൊരു ഉയിര്‍ത്തെഴുന്നേല്പ് അത്യാവശ്യമാണ്.

2018-ലെ കേരള ഗവണ്‍മെന്റിന്റെ ആനുവല്‍ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം മുസ്ലീം സമൂഹത്തിന്റേത് 43.80%, ഹിന്ദു സമൂഹത്തിന്റേത് 41.41%, ക്രൈസ്തവ സമൂഹത്തിന്റേത് 14.31% എന്നുമാണ് ബര്‍ത്ത് റേറ്റ്. ഏറ്റവും കുറവു നമുക്ക്. 100 കുട്ടികളില്‍ 14 കുട്ടികള്‍ മാത്രം ക്രൈസ്തവരില്‍ നിന്നുണ്ടാകുന്നുള്ളൂ. തിരുവനന്തപുരത്തു സി ഡി എസിലെ, കെ സി സഖറിയാ, 2011-ല്‍ മുന്നറിയിപ്പു നല്കിയിരുന്നു. ഇങ്ങനെ പോയാല്‍ നമ്മള്‍ ഭരണ സംവിധാനത്തില്‍ നിന്നും, ഉദ്യോഗങ്ങളില്‍ നിന്നും '0' (പൂജ്യം) പോപ്പുലേഷനിലേക്കു വരും, പിന്നെ '-' (മൈനസ്) ലെവലിലേക്കും ഇന്ത്യയില്‍ പാര്‍സികള്‍ക്കു സംഭവിച്ചതുപോലെ നമ്മളും വംശനാശത്തില്‍ എത്തിച്ചേരും, ലെവലേശം സന്ദേഹം വേണ്ട. ഇടുക്കി മെത്രാന്‍ അഭിവന്ദ്യ മാര്‍ ആനികുഴിക്കാട്ടില്‍ 2016-ല്‍ ഇറക്കിയ സര്‍ക്കുലര്‍ വളരെ ശ്രദ്ധേയമാണ്. ''തിരുപ്പിറവിയും ശിശുക്കളുടെ ജനനവും'' - നമ്മള്‍ എല്ലാ മണ്ഡലങ്ങളിലും; സാമ്പത്തികം, സാമൂഹ്യം, രാഷ്ട്രീയം, വിദ്യാഭ്യാസം മുതലായ മേഘലകളില്‍ നിന്നും പുറംതള്ളെപ്പടും. സത്യമെന്തെന്നറിഞ്ഞിട്ടും സത്യത്തേയും, നന്മയേയും അന്വേഷിക്കുന്നതില്‍ കാണിക്കുന്ന ഉദാസീനത ഒരിക്കലും ന്യായീകരിക്കാന്‍ പറ്റുന്നതല്ല. ഒന്നോര്‍ക്കുക: ഒരു സമൂഹം അസ്തമിക്കുന്നത് മറ്റു സമൂഹങ്ങള്‍ക്കും ദോഷകരമാണെന്ന സത്യം എല്ലാവരും അറിഞ്ഞിരിക്കണം. പല സമൂഹങ്ങള്‍ ഒരുമിച്ചു വളരുന്നതാണ് ആ രാജ്യത്തിന്റെ ഉയര്‍ച്ചയ്ക്കും, വളര്‍ച്ചയ്ക്കും, ഉന്നമനത്തിനും, ശ്രേയസ്സിനും അഭികാമ്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org