തിരുചിത്രങ്ങളുടെ ഭാഷാശാസ്ത്രം

തിരുചിത്രങ്ങളുടെ ഭാഷാശാസ്ത്രം
ബൈബിളിനെ വിശുദ്ധമാക്കുന്നത് അതിലെ അക്ഷരങ്ങളോ കടലാസ്സോ അല്ല. അതില്‍ ഉള്‍ച്ചേര്‍ന്നിരുന്ന ക്രിസ്തീയാശയങ്ങളാണ്. അതുപോലെ ചിത്രങ്ങളെ തിരുചിത്രമാക്കുന്നത് അതിലുള്ള സ്വര്‍ണ്ണമോ വെള്ളിയോ അല്ല; ക്രിസ്തീയാശയങ്ങളുടെ ചരിത്രസന്ദേശമാണ്.

ആയിരം വാക്കുകള്‍ക്ക് പകരമായി ഒരു ചിത്രം മതി എന്നാണ് ചൊല്ല്. പല ഭാഷകള്‍ വിനിയോഗിക്കുന്ന ലോക സമൂഹത്തില്‍ എല്ലാവര്‍ക്കും പൊതുവില്‍ മനസ്സിലാക്കാവുന്ന ഒരേ ഒരു ഭാഷയാണ് ചിത്ര ഭാഷ. അറിവിന്റെ സൃഷ്ടിയായ മനുഷ്യസമൂഹത്തില്‍ അറിവ് പകരാനുള്ള ഉപാധിയാണ് ഭാഷണം. ഭാഷിക്കാന്‍ ഉപയോഗിക്കുന്നതിനെ ഭാഷ എന്ന് വിളിക്കുന്നു. ഭാഷിക്കുന്നതിന് മുഖ്യമായും നാലു ഭാഷാശാഖകളാണുളളത്.

1) അക്ഷരഭാഷ 2) ആംഗ്യഭാഷ 3) ശരീരഭാഷ 4) ചിത്രഭാഷ. ചരിത്രത്തെ ചിത്രീകരിക്കുന്നതിനെയാണ് ചിത്രം എന്നു വിളിക്കുന്നത്. മനുഷ്യരാശിയുടെ മഹത്വം പ്രകാശിപ്പിച്ച മഹത്‌വ്യക്തിത്വങ്ങളുടെ ചിത്രം സ്ഥാപിക്കുന്നതിലൂടെ പിന്‍തലമുറയ്ക്ക് മഹത്വത്തിന്റെ സന്ദേശം വായിച്ചെടുക്കുവാന്‍ ചിത്രരൂപങ്ങളിലൂടെ സാധ്യമാക്കുന്നു.

കത്തോലിക്ക സഭയില്‍ പ്രധാനമായും മൂന്നുതരം ചിത്രഭാഷ ശാഖകളാണുള്ളത്. 1) രൂപചിത്രം 2) ഛായാചിത്രം, 3) ഐക്കണ്‍ ചിത്രം. മനുഷ്യമഹത്വം പഠിപ്പിക്കാന്‍ ആരും ഇല്ലാതെ വരുന്ന സാഹചര്യങ്ങളിലും ചിത്രരൂപങ്ങളിലൂടെ നിശബ്ദ സന്ദേശം നല്‍കിക്കൊണ്ടേയിരിക്കുന്നു. ലോകസമൂഹത്തിലെ സകല ജനതയ്ക്കും പ്രായഭേദമെന്യേ ആശയം കൈമാറാവുന്ന ഏക ഭാഷ ചിത്രഭാഷയാണെന്നതുകൊണ്ടാണ് മനുഷ്യരൂപത്തില്‍ ലോകത്തില്‍ അവതരിപ്പിച്ച യേശുക്രിസ്തുവായി കൊണ്ട് ദൈവിക സന്ദേശം കൈമാറുന്ന ക്രിസ്തുസംഭവം ഉണ്ടായത്. യേശുക്രിസ്തു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യേശു പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്: ''എന്നെ കാണുന്നവര്‍ പിതാവായ ദൈവത്തെ കാണുന്നു. എന്നിലൂടെ സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ദൈവമായ കര്‍ത്താവാണ്.'' അതിനാല്‍ ദൈവത്തിന്റെ ജീവിക്കുന്ന ചിത്രമായിട്ടാണ് യേശുക്രിസ്തു ലോകത്തില്‍ അവതരിച്ച് പ്രവര്‍ത്തിച്ചതും പ്രസംഗിച്ചതും എന്ന് വ്യക്തമാണ്. യഥാര്‍ത്ഥ മനുഷ്യത്വത്തിന്റെ ഉത്ഭവവും ജീവിതവും ജീവിതത്തി ന്റെ പ്രവര്‍ത്തനലക്ഷ്യവും മരണത്തോടുള്ള സമീപനവും എങ്ങനെ ആയിരിക്കണ മെന്ന് സ്വന്തം ജീവി തത്തിലൂടെ വ്യക്തമാക്കി ക്കൊണ്ട് എല്ലാ തലമുറകള്‍ക്കും ക്രിസ്തു സംഭവം നിത്യചിത്രമായി അവതരിപ്പിക്കുവാന്‍ പരിശീലിപ്പിച്ചിട്ടാണ് കടന്നുപോയത്.

ക്രിസ്തുവിലൂടെ ദൈവത്തിന്റെ സന്ദേശം ഏറ്റെടുത്ത ലോക കത്തോലിക്ക സഭ അതിന്റെ കേന്ദ്ര സ്ഥലമായ റോമിലെ ദൈവാലയത്തില്‍ ലോകോത്തര ചിത്രകാരന്മാരേയും ശില്പികളെയും വരുത്തി ക്രിസ്തുചിത്രവും ക്രിസ്തുവിനെ പിന്‍ചെന്നവരുടെ ചിത്രങ്ങളും ചരിത്രരൂപങ്ങളില്‍ പ്രതിഷ്ഠിക്കുകയാണുണ്ടായത്. ആ പാരമ്പര്യമാണ് ലോകത്തിലെ സകല കത്തോലിക്ക ദൈവാലയങ്ങളിലും തിരുചിത്രങ്ങളായും ഛായാചിത്രങ്ങളായും സ്ഥാപിക്കപ്പെടുവാന്‍ സാഹചര്യമായത്. അവയില്‍ ഏറ്റവും പ്രധാനമായത് യേശുവിന്റെ ക്രൂശിതരൂപം തന്നെയാണ്. വിശുദ്ധരുടെ വിശുദ്ധനെന്ന് വിശേഷിപ്പിക്കാവുന്ന വി. ഫ്രാന്‍സിസ് അ സ്സീസ്സി തന്റെ ഇടവക ദൈവാലയ ത്തിലെ ക്രൂശിതരൂപത്തെ നോക്കി അനേകനാള്‍ പഠനം നടത്തിയപ്പോഴാണ് ക്രിസ്തീയാശയങ്ങളുടെ രഹസ്യവും ക്രിസ്തു മരണത്തിന്റെ അര്‍ത്ഥവും കണ്ടെത്തി പുതിയൊരു ക്രിസ്തീയ ജീവിത ശൈലി രൂപീകരിച്ചത്. ക്രിസ്തീയ സഭയുടെ ഒരു പുനരുദ്ധാരണമാണ് ഫ്രാന്‍സിസ്‌ക്കന്‍ പഠനാവിഷ്‌ക്കരണത്തിലൂടെ സംഭവിച്ചത്. യേശുക്രിസ്തുവിന്റെ കുരിശു മരണ പീഡാസഹനവേളയില്‍ യേശുവിന്റെ തന്നെ രക്തത്താല്‍ അത്ഭുതകരമായി പകര്‍ത്തിയ മുഖചിത്ര തൂവാലയും, കഠോരപീഡനങ്ങളുടെ പാടുകള്‍ പതിഞ്ഞ തിരുക്കച്ചയും ഇന്നും റോമില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നതിന്റെ നിജസ്ഥിതിയെ അടുത്ത കാലത്ത് ശാസ്ത്രഗവേഷകര്‍ നടത്തിയ പഠന വിവരം പുറത്തുവന്നപ്പോള്‍ പീഡനങ്ങളുടെ തീവ്രതയും പീഡനോപാധികളുടെ വിവരണങ്ങളും വ്യക്തമാക്കുകയും ക്രിസ്തുമരണത്തിന്റെ ചരിത്ര സത്യം വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം ചിത്രഭാഷാവിഷ്‌ക്കരണത്തിന്റെ കാലിക പ്രസക്തി തെളിക്കുന്നതാണ്.

എന്നാല്‍ കത്തോലിക്കാ ദൈവാലയങ്ങളില്‍ ചിത്രരൂപങ്ങള്‍ സ്ഥാപിച്ചുക്കൊണ്ടുള്ള ചരിത്രാവിഷ്‌ക്കരണത്തിന്റെ ഭാഷാശാസ്ത്രം തിരിച്ചറിയാത്തവര്‍ തിരുച്ചിത്രങ്ങളെ വിഗ്രഹമെന്നും പ്രതിമയെന്നും തെറ്റിധരിക്കാറുണ്ട്. വാക്കുകളുടെ ഭാഷാര്‍ത്ഥവും തിരു ചിത്രങ്ങളുടെ ഭാഷാശാസ്ത്രവും പഠിച്ചറിയുവാന്‍ തയ്യാറാകാതെ എന്തിനേയും കോപ്പി അടിക്കുന്നവര്‍ക്ക് പറ്റുന്ന അബദ്ധമാണ് ഇത്തരം തെറ്റിദ്ധാരണ. കോപ്പിയടി അനുകരണമല്ല; അപഹരണമാണ്. അപഹരിക്കുന്നതിന്റെ മൂല്യം അപഹരിക്കുന്നവര്‍ അറിയണമെന്നില്ല.

കത്തോലിക്ക ദൈവാലയങ്ങളില്‍ ചിത്രഭാഷാവിഷ്‌ക്കരണമായി തിരുചിത്രങ്ങളും അക്ഷരഭാഷാവിഷ്‌ക്കരണത്തിനായി ബൈബിളും സ്ഥാപിക്കുന്നത് ദൈവാലയത്തില്‍ ആരാധനയ്‌ക്കെത്തുന്നവര്‍ക്ക് ക്രിസ്തീയാശയങ്ങള്‍ പ്രബോധിപ്പിക്കുന്നതിനാണ്. ബൈബിളിനെ വിശുദ്ധമാക്കുന്നത് അതിലെ അക്ഷരങ്ങളോ കടലാസ്സോ അല്ല. അതില്‍ ഉള്‍ച്ചേര്‍ന്നിരുന്ന ക്രിസ്തീയാശയങ്ങളാണ്. അതുപോലെ ചിത്രങ്ങളെ തിരുചിത്രമാക്കുന്നത് അതിലുള്ള സ്വര്‍ണ്ണമോ വെള്ളിയോ അല്ല; ക്രിസ്തീയാശയങ്ങളുടെ ചരിത്ര സന്ദേശമാണ്.

യേശുക്രിസ്തു ലോകത്തില്‍ എന്നും ഉയര്‍ത്തികാട്ടുവാന്‍ ആഗ്രഹിച്ചതും ആവശ്യപ്പെട്ടതും ക്രൂശിതരൂപം തന്നെയാണ്. ശരീരമെന്ന 'പുറന്തോട്' തകര്‍ക്കപ്പെട്ട് സ്വാതന്ത്ര്യത്തിന്റെ വിഹായസിലേയ്ക്ക് ആത്മാവ് പറന്നുയരുന്ന മഹനീയ സംഭവമാണ് ക്രിസ്തുമരണത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നത്. അതായത് വളര്‍ച്ചയെത്തിയ പക്ഷിക്കുഞ്ഞ് അതിരിക്കുന്ന മുട്ടത്തോട് തകര്‍ത്ത് ചിറകുവിരിച്ച് പറന്നുയരുന്ന യഥാര്‍ത്ഥ ജനനസന്തോഷമാണ് ക്രിസ്തുമരണത്തിന്റെ സാക്ഷ്യം. ജീവനിലേയ്ക്ക് കടന്ന് അതിന്റെ ആനന്ദം നിത്യമായി അനുഭവിക്കേണ്ടതിന്റെ അറിവ് പകരുന്ന പാഠപുസ്തകമാണ് ക്രിസ്തുവിന്റെ ക്രൂശിതരൂപം. സര്‍വര്‍ക്കും വായിച്ചറിയാവുന്ന ചിത്ര ഭാഷാസാന്നിധ്യം. അതെല്ലാ ദൈവാലയങ്ങളിലേയും അള്‍ത്താരയില്‍ സര്‍വ്വ കണ്ണുകള്‍ക്കും കാണാവുന്ന വിധം സ്ഥാപിക്കപ്പെടണം. ക്രിസ്തുവില്ലാത്ത കുരിശ് അര്‍ത്ഥമറിയാത്ത അടയാളമാണ്. ക്രൂശിതരൂപം തന്നെയാണ് ക്രിസ്തീയകുരിശ്. ജ്ഞാനം ജനിപ്പിക്കുന്ന ജീവന്‍ സൃഷ്ടിക്കുന്ന സ്‌നേഹത്തിന്റെ പ്രവര്‍ത്തിയാണ്, ക്രിസ്തുമരണമെന്ന ആവിഷ്‌ക്കരണത്തിലൂടെ പ്രകാശിപ്പിക്കുന്നത്. അപ്രകാരം ജീവന്റെ പ്രവാഹം സംഭവിക്കുമ്പോഴാണ് ജീവന്റെ അനുഭവമായ സത്യം അഥവാ സത് സ്ഥിതിത്വം, അതായത് ദൈവ രാജ്യാനുഭവസ്ഥിതി സംജാതമാകുക. ഈ ജീവിത സത്യം പറയാതെ പറയുന്ന ഭാഷാവിഷ്‌ക്കാരമാണ്, ക്രിസ്തുവിന്റെ ക്രൂശിതരൂപം ദൈവാലയത്തില്‍ സ്ഥാപിക്കുന്നതിന്റെ ഭാഷാശാസ്ത്രം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org