
രണ്ടാം വത്തിക്കാന്‍ സൂനഹദോസിലെ ഏറ്റവും പ്രധാനമായ ഒരു തീരുമാനമായിരുന്നു, വി. കുര്‍ബാനയിലെ സജീവ ഭാഗ ഭാഗിത്വം അഥവാ ജനപങ്കാളിത്വം എന്നത്. അതിനുവേണ്ടി, എറണാകുളം അതിരൂപതാ മെത്രാപ്പോലിത്ത ആയിരുന്ന കാര്‍ഡിനല്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവിന്റെ നേതൃത്വത്തില്‍ 1965-ല്‍ അന്നുവരെ സുറിയാനി ഭാഷയിലായിരുന്ന വി. കുര്‍ബാന മലയാളം ഭാഷയില്‍ ആക്കുകയും അള്‍ത്താരയ്ക്ക് അഭിമുഖമായി ചൊല്ലിയിരുന്ന വി. കുര്‍ബാന ജനാഭിമുഖമാക്കുകയും ചെയ്തു.
വി. കുര്‍ബാനയില്‍ സജീവ ഭാഗഭാഗിത്വം ഉണ്ടാകണമെങ്കില്‍ എന്താണ് വി. കുര്‍ബാനയില്‍ സംഭവിക്കുന്നത് എന്ന് ഇടവക സമൂഹം അറിഞ്ഞിരിക്കണം. ഈശോയുടെ ജീവിതവും പീഡാസഹനവും, മരണവും, ഉത്ഥാനവും പരിശുദ്ധാത്മാവിന്റെ വരവും ഈശോയുടെ രണ്ടാമത്തെ ആഗമനവും അനുസ്മരിക്കുന്നതും ആഘോഷിക്കുന്നതുമാണ് വി. കുര്‍ബാന.
ബലിവസ്തുക്കളായ അപ്പവും, വീഞ്ഞും വൈദികന്‍ ബലിപീഠത്തില്‍ കൊണ്ടുചെന്ന് പ്രതിഷ്ഠിക്കുന്നത്, ഈശോയുടെ കാല്‍വരിയിലേക്കുള്ള പീഡാനുഭവ യാത്ര, കുരിശുമരണം, കബറടക്കം എന്നിവയെ സൂചിപ്പിക്കുന്നു. കാഴ്ചസമര്‍പ്പണ ശുശ്രൂഷയില്‍ വൈദികന്‍ ഈ ബലി വസ്തുക്കള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇടവക സമൂഹത്തേയും രോഗികളേയും എല്ലാവരേയും ബലിവസ്തുക്കളോട് ചേര്‍ത്തു വച്ച് കാഴ്ച സമര്‍പ്പിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുന്നു. ഈ സമയം ഇടവകസമൂഹം തങ്ങളേയും തങ്ങളുടെ നിയോഗങ്ങളേയും ചേര്‍ത്തുവച്ച് പ്രാര്‍ത്ഥിക്കുന്നു. കുര്‍ബാനയുടെ കൂദാശ സ്ഥാപന ശുശ്രൂഷയില്‍ ബലി വസ്തുക്കളായ അപ്പവും വീഞ്ഞും ഉയര്‍ത്തിക്കൊണ്ട്, ഈശോ അന്ത്യ അത്താഴവേളയില്‍ ചെയ്തതുപോലെ 'ഇതു നിങ്ങള്‍ക്കുവേണ്ടി വിഭജിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു, ഇത് നിങ്ങള്‍ക്ക് വേണ്ടി ചിന്തപ്പെടുന്ന, പുതിയ ഉടമ്പടിയുടെ എന്റെ രക്തമാകുന്നു' എന്നു പറഞ്ഞ് ആശീര്‍വദിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍, ബലിവസ്തുക്കളായ അപ്പം ഈശോയുടെ ശരീരവും, വീഞ്ഞ് ഈശോയുടെ രക്തവുമായി മാറുന്നു. റൂഹാക്ഷണ ശുശ്രൂഷയില്‍, ഈശോയുടെ ശരീരവും രക്തവുമായി മാറിയ തിരുവോസ്തിയുടെയും തിരുരക്തത്തിന്റെയും മേല്‍ പരിശുദ്ധാത്മാവിനെ ആവസിച്ച് വൈദികന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ജീവന്‍ പകരുന്ന തിരുശ്ശരീരരക്തങ്ങളാക്കി വിശുദ്ധീകരിക്കപ്പെടുന്നു. വിഭജന ശുശ്രൂഷയില്‍ തിരുവോസ്തി രണ്ടു ഭാഗങ്ങളായി വൈദികന്‍ മുറിക്കുമ്പോള്‍, ഈശോയുടെ ജീവനുള്ള ശരീരത്തെ ബലിപീഠത്തില്‍ വച്ച് മുറിക്കുകയും ഈശോയുടെ മരണത്തെ അനുസ്മരിക്കുകയും ചെയ്യുന്നു. ഏറ്റവും ഹൃദയ സ്പര്‍ശിയായ ഈ സമയത്ത് ജനം കണ്ണീരോടെ തങ്ങളുടെ പാപപരിഹാരത്തിനായി പ്രാര്‍ത്ഥിക്കുന്നു. അതിനുശേഷം വൈദികന്‍ തിരുവോസ്തിയുടെ ഒരു ഭാഗമെടുത്ത് തിരുരക്തത്തില്‍ മുക്കി രണ്ട് ഭാഗങ്ങളും ചേര്‍ത്ത് കാസയുടെ മുകളില്‍ വച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ ഈശോയുടെ ഉത്ഥാനത്തെ അനുസ്മരിക്കുന്നു.
ജനാഭിമുഖമായ കുര്‍ബാനയില്‍ ഈ ശുശ്രൂഷകളും പ്രാര്‍ത്ഥനകളും വൈദികന്‍ ജനങ്ങള്‍ക്ക് നേരെ തിരിഞ്ഞാണ് നടത്തുന്നതും ചൊല്ലുന്നതും. ഈ അടയാളങ്ങളും പ്രതീകങ്ങളും പ്രാര്‍ത്ഥനകളും ജനങ്ങള്‍ കാണുകയും അനുസ്മരിക്കുകയും ബോധ്യപ്പെടുകയും ചെയ്യുമ്പോഴാണ് വി. കുര്‍ബാനയില്‍ വിശ്വാസവും സജീവ ഭാഗഭാഗിത്വവും ഉണ്ടാകുന്നതും, വി. കുര്‍ബാനയുടെ ശക്തി സ്വീകരിക്കുവാന്‍ സാധിക്കുന്നതും, പ്രധാനമായി വി. കുര്‍ബാന ഫലപ്രദമായി തീരുന്നതും. വി. കുര്‍ബാന ഫലപ്രദമാകുമ്പോള്‍ മാത്രമെ നമുക്ക് പരസ്‌നേഹ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ സാധിക്കുകയുള്ളൂ.
മേല്‍പറഞ്ഞ ശുശ്രൂഷകളും പ്രാര്‍ത്ഥനകളും ജനങ്ങള്‍ക്ക് പുറംതിരിഞ്ഞ് വൈദികന്‍ ചൊല്ലുമ്പോള്‍ ജനത്തിന് കാണുവാനോ, അനുഭവിക്കുവാനോ സാധിക്കുമോ? ജനപങ്കാളിത്വം ഇല്ലാത്ത ഒരു കുര്‍ബാനയായി മാറുകയല്ലേ? വളര്‍ന്ന് വരുന്ന തലമുറ വിശ്വാസം നഷ്ടപ്പെട്ട ഒരു അജഗണമായി മാറുകയില്ലേ? ഹൃദയത്തോട് ചേര്‍ത്തുവച്ച് കഴിഞ്ഞ 50 വര്‍ഷത്തിലേറെ ജനാഭിമുഖമായി കുര്‍ബാനയില്‍ പങ്കെടുത്തിരുന്ന ജനത്തിനും വൈദികര്‍ക്കും ഇതു സ്വീകരിക്കുവാന്‍ പ്രയാസമാണ്.
യേശു പരസ്യമായി സ്ഥാപിച്ച വി. കുര്‍ബാനയും, പീഡാസഹനവും കാല്‍വരിയിലെ മരണവും, ഉത്ഥാനവും അനുസ്മരിപ്പിക്കുന്ന വി. കുര്‍ബാനയിലെ ഈ ശുശ്രൂഷകള്‍ എന്തിന് വീണ്ടും രഹസ്യമാക്കി മാറ്റുന്നു. അതുകൊണ്ട് രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ പ്രധാന തീരുമാനമായ കുര്‍ബാനയിലെ സജീവഭാഗഭാഗിത്വം, ജനപങ്കാളിത്വം ഉണ്ടാകുവാന്‍, വി. കുര്‍ബാന ജനാഭിമുഖമായിത്തന്നെ തുടരേണ്ടതാണ്.