കുട്ടികളിലെ ഹിംസാത്മകത: തടയിടേണ്ടതു മാതാപിതാക്കൾ

കുട്ടികളിലെ ഹിംസാത്മകത: തടയിടേണ്ടതു മാതാപിതാക്കൾ

മോനമ്മ കോക്കാട്

കുട്ടികള്‍ വീട്ടിലും പുറത്തും അക്രമം കാണിക്കുന്നത് ഇന്നു സര്‍വസാധാരണമായിട്ടുണ്ട്. നിര്‍ഭയ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയായിരുന്നു പെണ്‍കുട്ടിയോട് ഏറ്റവും വലിയ ക്രൂരത കാണിച്ചത്. അപ്പനെയും അമ്മയെയും വെട്ടിക്കൊന്നതും സഹപാഠിയുടെ മുഖത്ത് ആസിഡ് ഒഴിച്ചതും അമ്മയുടെ തല തല്ലിപ്പൊട്ടിച്ചതും പ്രേമാഭ്യര്‍ത്ഥന നിരസിച്ചതിനു കുത്തിക്കൊന്നതും കൗമാരക്കാര്‍ നടത്തിയ കുറ്റകൃത്യങ്ങളായി നാം കേട്ടിട്ടുണ്ട്.

വീടിനുള്ളില്‍ കുട്ടികള്‍ ചെയ്യുന്ന ചെറുതും വലുതുമായ അക്രമങ്ങള്‍ എണ്ണമറ്റവയാണ്. കോപാവേശത്തില്‍ സാധനങ്ങള്‍ വലിച്ചെറിയുകയും സഹോദരങ്ങളെ കഠിനമായി ഉപദ്രവിക്കുകയും പുസ്തകങ്ങള്‍ക്കു തീയിടുകയും ചെടികള്‍ പറിച്ചെറിയുകയും ജനാലകള്‍ തല്ലിപ്പൊട്ടിക്കുകയും ചെയ്യുന്ന കുട്ടികള്‍ മാതാപിതാക്കളുടെ വലിയ തലവേദനയാണ്.

കുട്ടികളിലെ ഹിംസാത്മകതയുടെ ഏറ്റവും വലിയ പ്രതിഫലനമാണ് ആത്മഹത്യ. സ്വന്തം ശരീരത്തെയാണവര്‍ ഹിംസിക്കുന്നത്. നിരാശയും കോപവും പ്രതിഷേധവും നിയന്ത്രിക്കാനാവാതെ വരുമ്പോഴാണ് ആത്മഹത്യാമാര്‍ഗം തെളിഞ്ഞുവരുന്നത്. കുട്ടികളുടെ ആത്മഹത്യകള്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും; അവരെ അതിലേക്കു തള്ളിവിടുന്നതു മിക്കവാറും മാതാപിതാക്കളുടെയോ അദ്ധ്യാപകരുടെയോ മറ്റു മുതിര്‍ന്നവരുടെയോ ക്രൂരപ്രവൃത്തികളും വികലമായ നടപടികളുമാണ്.

വെട്ടിപ്പിടിക്കാനല്ല പഠിപ്പിക്കേണ്ടത്
കുട്ടികളുടെ പരീക്ഷാദിവസങ്ങളിലും തൊട്ടുമുമ്പും മിക്ക വീടുകളിലും മഹായുദ്ധങ്ങളാണ് നടക്കുന്നത്. മക്കളെക്കൊണ്ട് റാങ്ക് വാങ്ങിപ്പിച്ചേ അടങ്ങൂ എന്ന വാശിയില്‍ ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും ശിക്ഷിച്ചും പഠിപ്പിക്കുമ്പോള്‍ എല്ലാവരെയും തോല്പിക്കണമെന്നും എല്ലാം വെട്ടിപ്പിടിക്കണമെന്നുമുള്ള പാഠങ്ങളാണു കുട്ടികള്‍ക്കു കിട്ടുന്നത്. പണം കായ്ക്കുന്ന മരങ്ങളായി മക്കളെ കാണുന്ന കച്ചവടമനോഭാവമാണു മാതാപിതാക്കളെക്കൊണ്ട് ഇതു ചെയ്യിപ്പിക്കുന്നത്.

മൊബൈല്‍, ടിവി, കമ്പ്യൂട്ടര്‍ ആസക്തി
കാര്‍ട്ടൂണുകളും ഗെയിമുകളും ആസ്വദിച്ചുകൊണ്ടു മണിക്കൂറുകളോളം ശാന്തരായിരിക്കുന്ന കുഞ്ഞുങ്ങള്‍ ഇപ്പോള്‍ റെസ്റ്റോറന്‍റുകളിലും ഷോപ്പിംഗ് മാളുകളിലും യാത്രാവേളകളില്‍ സ്ഥിരം കാഴ്ചകളാണ്. നാലു മണിക്കൂര്‍ വിമാനയാത്രാസമയം മുഴുവന്‍ മൂന്നു വയസ്സുകാരനെ കാര്‍ട്ടൂണ്‍ കാണാന്‍ വിട്ടുകൊണ്ട് ആശങ്കയേതുമില്ലാതെ സ്വസ്ഥമായി ഉറങ്ങിയ മാതാപിതാക്കളെ കാണാനിടയായി. അമ്മയ്ക്കു കുട്ടിയുടെ ശല്യമില്ലാതെ വീട്ടുപണി ചെയ്യണമെങ്കില്‍ ടി.വി. ഓണ്‍ ചെയ്തുകൊടുത്താല്‍ മതി. കുട്ടികളെ ഈ ആസക്തികളിലേക്കു തള്ളിയിടുന്നതിന്‍റെ മുഴുവന്‍ ഉത്തരവാദിത്വവും മാതാപിതാക്കള്‍ക്കാണ്.

മനഃശാസ്ത്രജ്ഞന്മാര്‍ പറയുന്നത് ഹീറോകള്‍ കാണിക്കുന്ന അക്രമങ്ങള്‍ കുട്ടികളുടെ സ്വഭാവത്തെ മാറ്റിമറിക്കുമെന്നാണ്. നമ്മുടെ മിക്കവാറും സിനിമകളിലും വില്ലന്മാരെ അടിച്ചു നിരപ്പാക്കുകയോ കൊല്ലുകയോ ചെയ്യുന്ന ഹീറോകളാണുള്ളത്. അന്ധമായ അനുകരണസ്വഭാവമുള്ള കുട്ടികള്‍ ഇഷ്ടമില്ലാത്തതു ചെയ്യുന്നവരെ തല്ലിച്ചതയ്ക്കുന്നു; കൂട്ടുകാരനെ പാഠം പഠിപ്പിക്കാന്‍ ക്വട്ടേഷന്‍ ടീമിനെ അന്വേഷിക്കുന്നു; ശത്രുവിനെ ആറ്റിലേക്കു തള്ളിയിടുന്നു; കളിയാക്കിയവരുടെ മുടി ഉറക്കത്തില്‍ മുറിച്ചു കളയുന്നു…. അങ്ങനെ എന്തെല്ലാം.

മാതാപിതാക്കളുടെ അബദ്ധ ധാരണ
നാടോടുമ്പോള്‍ നടുവേ ഓടണമെന്നു ചിന്തിക്കുന്ന ആധുനിക മാതാപിതാക്കള്‍ ടിവിയും ഇന്‍റര്‍നെറ്റും മൊബൈലും ഉപയോഗിക്കാന്‍ അനുവദിക്കാതെ കുട്ടികളെ വളര്‍ത്താനൊക്കില്ല എന്നു വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മൗഢ്യം. ഇവരുടെ മുമ്പിലേക്കു മൂന്നു പിതാക്കന്മാരെ മാതൃകകളായി നല്കുന്നു; 11-ാം ക്ലാസ്സില്‍ പഠിക്കുന്ന മകനും കോളജില്‍ പഠിക്കുന്ന മകള്‍ക്കും സ്വന്തമായി ഇന്നേവരെ മൊബൈല്‍ കൊടുത്തിട്ടില്ലാത്ത രണ്ടു പിതാക്കന്മാരും രാത്രി 10 മണിയാകുമ്പോള്‍ കോളജില്‍ പഠിക്കുന്ന മക്കള്‍ രണ്ടു പേരുടെയും മൊബൈലുകള്‍ വാങ്ങി വച്ചിട്ട് അവരെ ഉറങ്ങാന്‍ അയയ്ക്കുന്ന മറ്റൊരു പിതാവും. സ്വകാര്യമായി അടച്ചിട്ട മുറിയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ മക്കളെ അനുവദിക്കാത്ത ചുരുക്കം ചില മാതാപിതാക്കളെയും അറിയാം. സ്നേഹത്തിന്‍ യും സൗഹൃദത്തിന്‍റെയും വലിയ ശക്തിയിലാണു മറ്റുളളവര്‍ക്കു അസാദ്ധ്യമെന്നു തോന്നാവുന്ന നേട്ടങ്ങള്‍ ഇവര്‍ കൊയ്തെടുത്തത്. ഇവരുടെ മക്കള്‍ക്കു പ്രതിഷേധമോ നീരസമോ ശത്രുതയോ തോന്നിയിട്ടില്ല എന്നതാണ് ഏറെ ശ്രദ്ധിക്കേണ്ടത്.

കുടുംബങ്ങളില്‍ വേണം ഒരു ഇലക്ട്രോണിക് കട്ട്
പവര്‍കട്ട് നമുക്കു സുപരിചിതമാണെങ്കിലും ഭയപ്പാടോടെയാണ് അതിനെ കാണുന്നത്. എന്നാല്‍ എല്ലാ കുടുംബങ്ങളും സന്തോഷത്തോടെ സ്വാഗതം ചെയ്യേണ്ടതാണ് ഒരു 'ഇലക്ട്രോണിക് കട്ട്'.

കുടുംബാംഗങ്ങള്‍ വീട്ടിലുള്ള സമയം മുഴുവന്‍ കമ്പ്യൂട്ടറും മൊബൈലും ടിവിയും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ എല്ലാവരും ഒരുമിച്ചു പ്രാര്‍ത്ഥിക്കുവാനും ഭക്ഷിക്കുവാനും സംസാരിക്കാനും സാധിക്കില്ല. ഒരു നിശ്ചിതസമയം ഇവ ഓഫാക്കിവച്ചാല്‍ മാത്രമേ കു ടുംബബന്ധങ്ങളുടെ ഊഷ്മളത അനുഭവിക്കാനാവൂ. എല്ലാവരോടും ആലോചിച്ച് ഇലക്ട്രോണിക് കട്ടിനുള്ള സമയം തീരുമാനിക്കേണ്ടതു കുടുംബനാഥനാണ്. ഇതൊരു ശീലമായി കഴിഞ്ഞാല്‍ കു ട്ടികള്‍ ഉള്‍പ്പെടെ എല്ലാവരും ഈ കുടുംബസദസ്സുകള്‍ക്കുവേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കും. കുട്ടികള്‍ക്കാണ് ഇതിന്‍റെ ഏറ്റവും വലിയ മെച്ചം കിട്ടുന്നത്.

നമുക്കു വേണ്ടതു ശിശുസൗഹൃദ ഭവനങ്ങള്‍
ലോകത്തിന്‍റെ മുഴുവന്‍ പേരന്‍റായ ദൈവത്തിന്‍റെ കണ്ണുകളില്‍കൂടെ കണ്ടു പേരന്‍റിംഗ് നിര്‍വഹിച്ചാല്‍ നമ്മുടെ ഭവനങ്ങള്‍ ശിശുസൗഹൃദങ്ങളായി മാറും. ശാരീരികമുറിവുകളേക്കാള്‍ പ്രത്യാഘാതം ഉണ്ടാക്കുന്നവയാണു മാനസികമുറിവുകള്‍; അവയാണു കുട്ടികളില്‍ അക്രമവാസന മുളപ്പിക്കുന്നത്. സ്ഥിരം കലഹിക്കുന്ന ദമ്പതികളുടെ മക്കള്‍ക്ക് അക്രമസ്വഭാവം ഉണ്ടാകാന്‍ സാദ്ധ്യതകള്‍ വളരെ കൂടുതലാണ്. റയന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ കൊലപാതകത്തില്‍ പ്രതിയായ കൗമാരക്കാരന്‍ സിബിഐയോടു പറഞ്ഞത് അവന്‍റെ മാതാപിതാക്കള്‍ എപ്പോഴും പരസ്പരം യുദ്ധം ചെയ്യുന്നവരായിരുന്നുവെന്നാണ്. വീട്ടിലെ അതീവ ജോലിത്തിരക്കിനിടെ നിയന്ത്രണം നഷ്ടപ്പെടുന്ന അമ്മയുടെ അട്ടഹാസങ്ങളും ഹിറ്റ്ലറിന്‍റെ പിന്‍ഗാമിയായ അച്ഛന്‍റെ ക്രൂരശിക്ഷകളും ചേരുമ്പോള്‍ മക്കളുടെ മനസ്സിലുണ്ടാകുന്ന മുറിവുകള്‍ വര്‍ണനാതീതങ്ങളാണ്. കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട അച്ഛന്‍റെ ആക്രോശങ്ങള്‍പോലും കുഞ്ഞുങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ആരും ഓര്‍ക്കാറില്ല.

യുദ്ധത്തിന്‍റെ തുടക്കം മനുഷ്യമസ്സില്‍ നിന്നാണ്; ശാന്തിയുടെയും. ക്ഷോഭമില്ലാത്ത, ശാന്തമായ സ്നേഹഭാവം നിറഞ്ഞുനില്ക്കുന്ന കുടുംബജീവിതം കുട്ടികളെ സമാധാനപ്രിയരും ശാന്തസ്വഭാവികളുമാക്കും. അച്ഛനും അമ്മയും തമ്മിലുള്ള സ്നേഹവും ഐക്യവും കണ്ടു വേണം കുട്ടികള്‍ വളരാന്‍. ഏതു പരാജയത്തിലും കരുത്തു പകരാനും ഏതു ദുഃഖത്തിലും സാന്ത്വനമേകുവാനും സാധിക്കുന്ന മാതാപിതാക്കളാണു കുട്ടികള്‍ക്കു ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനം.

ചികിത്സയും ആവശ്യമായി വരാം
എല്ലാ കുട്ടികളും വികൃതികള്‍ കാണിക്കുമെങ്കിലും ചിലരില്‍ അതു സര്‍വപരിധികളും ലംഘിച്ചു കടുത്ത അക്രമസ്വഭാവമായി മാറുന്നതിനെ എഡിഎച്ച്ഡി (Attention Deficit Hyperactivity Disorder) എന്നു പറയുന്നു. ഈ പെരുമാറ്റവൈകല്യമുള്ള കുട്ടികള്‍ എല്ലാവരും ഭാവിയില്‍ അക്രമികളായി മാറണമെന്നില്ലെങ്കിലും ഇതു കൃത്യമായി മനസ്സിലാക്കി പ്രത്യേക ശ്രദ്ധയും ആവശ്യമെങ്കില്‍ ചികിത്സയും കൊടുക്കേണ്ടതാണ്.

ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ ഉത്തമപരിഹാരം
എവിടെ ക്രിയാത്മകപ്രവര്‍ത്തനങ്ങള്‍ ശക്തമാണോ അവിടെ അക്രമസ്വഭാവം തീരെ കുറവായിരിക്കും എന്ന സത്യം പല മാതാപിതാക്കള്‍ക്കും അറിഞ്ഞുകൂടാ. എന്തെങ്കിലും കഴിവോ പ്രത്യേക വാസനകളോ ഇല്ലാത്ത കുട്ടികള്‍ വിരളമാണ്. സമയക്കുറവെന്ന മുടന്തന്‍ ന്യായത്തിന്‍റെ പേരില്‍ ധാരാളം മാതാപിതാക്കള്‍ കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിയുകയോ അവ ഉപയോഗിക്കാന്‍ അവസരം ഉണ്ടാക്കുകയോ ചെയ്യുന്നില്ല, കൃത്യമായ ബോദ്ധ്യങ്ങളും അല്പം ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ ഏതെങ്കിലും ഒരു കഴിവു കുട്ടികളില്‍ വളര്‍ത്തിയെടുക്കാം. അധികസമയമോ പണച്ചെലവോ ഇല്ലാതെ തന്നെ പല പ്രവര്‍ത്തനങ്ങളിലും കുട്ടികളെ ഉള്‍പ്പെടുത്തി അനാവശ്യ കാര്യങ്ങളില്‍ നിന്നും അവരുടെ ശ്രദ്ധ തിരിച്ചുവിടാം. ഉദാഹരണത്തിനു വീട്ടില്‍ത്തന്നെ മാതാപിതാക്കളും കുട്ടികളുമടങ്ങിയ ടീം ജൈവകൃഷിയോ മത്സ്യകൃഷിയോ ചെയ്തു വിജയഗാഥകള്‍ രചിക്കാനാവും. സാമൂഹ്യസേവനരംഗത്ത് ഏതെങ്കിലും ഒരു മേഖലയില്‍ മാതാപിതാക്കളോടൊപ്പം മക്കളെയും കൂട്ടാം. പ്രളയകാല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇത്തരത്തില്‍ ഒരു സുവര്‍ണാവസരമാണ്. മക്കളോടൊപ്പം സംഗീതോപകരണങ്ങള്‍ വായിക്കാന്‍ പഠിക്കുന്ന മാതാപിതാക്കളാകുന്നതും നല്ല കാര്യമല്ലേ? ചെറിയ കണ്ടുപിടുത്തങ്ങളിലേക്കു മക്കളെ കൈപിടിച്ചു കൊണ്ടുവരുന്ന മാതാപിതാക്കളാകുകയും ചെയ്യാം. കണ്ണും കാതും തുറന്നിരുന്നാല്‍ എത്രയോ മാര്‍ഗങ്ങള്‍ വഴിയേ വരും.

ഹിംസാത്മകത സ്ഥായീഭാവമല്ല
മനുഷ്യന്‍ ഒരു ഹിംസ്രജീവിയല്ല; ഹിംസിക്കുന്നതും ആക്രമിക്കുന്നതും സാഹചര്യങ്ങളുടെ സൃഷ്ടിയാണ്. അനാഥാലയത്തില്‍ അനുഭവിച്ച ക്രൂരതകള്‍ കൊടുംകുറ്റവാളിയാക്കി മാറ്റിയ ഒലിവര്‍ ട്വിസ്റ്റിനെ സാഹിത്യലോകത്തിനു സമ്മാനിച്ചതിലൂടെ ഈ ഒരു പാഠമാണു മഹാനായ എഴുത്തുകാരന്‍ ചാള്‍സ് ഡിക്കന്‍സ് വെളിപ്പെടുത്തിയത്. ദൈവികത ചാലിച്ച പേരന്‍റിംഗിലൂടെ എല്ലാവരെയും സ്നേഹിക്കാനും എല്ലാവരുമായി പങ്കുവയ്ക്കാനും എല്ലാവരോടും കരുതല്‍ കാണിക്കാനുമുള്ള പുണ്യമനസ്സ് മക്കള്‍ക്ക് ഉണ്ടാക്കിക്കൊടുക്കുകയാണെങ്കില്‍ അതു ലോകനന്മയ്ക്ക് ആക്കം കൂട്ടും. "ശൈശവത്തില്‍തന്നെ നടക്കേണ്ട വഴി പഠിപ്പിക്കുക; വാര്‍ദ്ധക്യത്തിലും അതില്‍നിന്നു വ്യതിചലിക്കുകയില്ല" എന്നു സുഭാഷിതങ്ങളില്‍ എഴുതിയിരിക്കുന്നതു മാതാപിതാക്കള്‍ക്കുള്ള കൃത്യവും ശക്തവുമായ മുന്നറിയിപ്പാണ്. മുള്‍ച്ചെടിയില്‍നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലില്‍നിന്ന് അത്തിപ്പഴവും ഉണ്ടാകാറില്ല എന്ന വചനവും ഇതോടൊപ്പം കൂട്ടിവായിക്കാം.

Related Stories

No stories found.