കുഞ്ഞുങ്ങള്‍ക്കപ്പുറം കുലം തീര്‍ക്കുന്ന ദമ്പതികള്‍

കുഞ്ഞുങ്ങള്‍ക്കപ്പുറം കുലം തീര്‍ക്കുന്ന ദമ്പതികള്‍


ഡോ. അഗസ്റ്റിന്‍ കല്ലേലി.

ഡയറക്ടര്‍, കുടുംബപ്രേഷിത കേന്ദ്രം,
എറണാകുളം.

പലവിധ കാരണങ്ങളാല്‍ വന്ധ്യത സമൂഹത്തില്‍ വര്‍ദ്ധിച്ചു വരികയാണ്. സ്വന്തമായ ഒരു കുഞ്ഞ് വേണമെന്ന സ്വാഭാവികമായ ആഗ്രഹം പൂര്‍ത്തീകരിക്കപ്പെടാത്തതില്‍ മനംനൊന്ത് ജീവിക്കുന്ന അനേകം ദമ്പതികളുണ്ട്. ഈ ദുഃഖനിവൃത്തിക്കായി പലവിധത്തിലുള്ള ആധുനിക കൃത്രിമ പ്രജനന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്ന ദമ്പതികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. എന്നാല്‍ ധാര്‍മ്മികമായ ചില പ്രശ്നങ്ങള്‍ കാരണം സഭ ഈ വിധത്തിലുള്ള സ്നേഹത്തെയും ജീവന്‍റെയും ഉല്പാദനത്തെയും വേര്‍തിരിക്കുന്ന കൃത്രിമ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത് തെറ്റാണെന്ന് പഠിപ്പിക്കുന്നു. ഈ പശ്ചാത്തലത്തില്‍ വിവാഹത്തിന്‍റെ ഒരു പ്രധാനപ്പെട്ട ലക്ഷ്യമായ ജീവന്‍റെ ഉത്പാദനം സാധ്യമല്ലാത്ത ദമ്പതികളോടുള്ള സഭയുടെ സമീപനമെന്തെന്ന് പരിശോധിക്കുന്നത് ഉചിതമാണ്.

സഭയുടെ കാഴ്ചപ്പാടില്‍, കുഞ്ഞുങ്ങള്‍ ദാമ്പത്യഫലങ്ങളുടെ ഒരു പ്രകാശനം മാത്രമാണ്. കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുവാന്‍ കഴിയാത്ത വിവാഹജീവിതം അപൂര്‍ണമാണെന്ന് സഭ കരുതുന്നില്ല. കുഞ്ഞുങ്ങളില്ലെങ്കിലും വിവാഹം അതില്‍ത്തന്നെ മഹത്തരമാണ്. ജീവന്‍റെ ഉത്പാദനത്തെ ബോധപൂര്‍വ്വം നിഷേധിക്കുന്ന മനോഭാവത്തെ മാത്രമാണ് സഭ നിരാകരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ സ്നേഹത്തിന്‍റെ ആനന്ദത്തില്‍ സൂചിപ്പിക്കുന്നതുപോലെ ജീവന്‍റെ ഉത്പാദത്തിനപ്പുറം ദാമ്പത്യഫലദായകത്വത്തിനു മറ്റു പ്രകാശനങ്ങള്‍ ഉണ്ടെങ്കില്‍ അവയില്‍ ഏറ്റവും പ്രധാനം ജീവന്‍റെ ദത്തെടുക്കലാണ് (സ്നേഹത്തിന്‍റെ ആനന്ദം, നമ്പര്‍ 178). ആരോഗ്യകരമായ കുടുംബങ്ങളില്ലാത്ത ഒത്തിരി കുഞ്ഞുങ്ങള്‍ ഈ ഭൂമിയിലുണ്ട്. അപ്രകാരമുള്ള ഒരു കുഞ്ഞിനു സ്നേഹത്തിന്‍റെ വലയം തീര്‍ക്കുന്ന ഒരു കുടുംബം നല്കുന്നത് നിസ്തുലമായ ഒരു പുണ്യമാണ്. അനാഥത്വത്തില്‍നിന്നു സനാഥത്വത്തിലേക്ക് കുഞ്ഞുങ്ങളെ നയിക്കുവാന്‍ ഈ ദമ്പതികള്‍ക്ക് സാധിക്കും.

കുട്ടികള്‍ മലയാളി കുടുംബങ്ങള്‍ക്ക് ഒരു ഹരമാണ്. ഒരു ജീവിതകാലം മുഴുവനും ദമ്പതികള്‍ അദ്ധ്വാനിക്കുന്നത് മക്കള്‍ക്കു വേണ്ടിയാണ്. മക്കളുടെ വളര്‍ച്ചയാണ് മാതാപിതാക്കളുടെ ജീവിതവിജയത്തിന്‍റെ അളവുകോലായി കണക്കാക്കപ്പെടുന്നത്.

മാതാപിതാക്കളുടെ പദവി പലരും മക്കളിലൂടെയാണ് കണ്ടെത്തുന്നത്. മക്കളെ പഠിപ്പിച്ച് സാമ്പത്തിക ഭദ്രതയുള്ളവരാക്കി അവരുടെ സമ്പല്‍ സമൃദ്ധമായുള്ള ജീവിതം കണ്ട് സായൂജ്യമടയുക സാധാരണ മലയാളിയുടെ അഭിലാഷമാണ്. രക്തബന്ധമില്ലാത്ത കുഞ്ഞുങ്ങളെ വളര്‍ത്തുമ്പോള്‍ ഈ അഭിലാഷം വേണ്ടത്ര പൂര്‍ത്തീകരിക്കപ്പെടുന്നില്ല. കാരണം സ്വന്തമെന്നു പറയുന്നതിനും സ്വഭാവ രൂപീകരണത്തിനും പരിമിതികള്‍ സംഭവിക്കാം. ആയതിനാല്‍ പലരും കുഞ്ഞുങ്ങളെ ദത്തെടുക്കുവാന്‍ മടിക്കുന്നു. ഈ മനോഭാവത്തില്‍ മാറ്റം വരണമെങ്കില്‍ മക്കള്‍ ദമ്പതികളുടെ സ്വകാര്യ സ്വത്താണെന്ന ധാരണ തിരുത്തപ്പെടണം. ദൈവം മക്കളെ മാതാപിതാക്കള്‍ക്ക് നല്കുന്നത് സ്വന്തം പദവി നിശ്ചയിക്കാനല്ല, മറിച്ച് നന്മയുടെ സമൂഹത്തെ വാര്‍ത്തെടുക്കുവാനാണ്. ഓരോ കുഞ്ഞും സമൂഹത്തില്‍ നന്മയുടെ ഇടമായി രൂപപ്പെടണം. അപ്രകാരം ദൈവത്തിന്‍റെ കുലം ഈ ഭൂമിയില്‍ വ്യാപിക്കണം. ഈ പരോന്മുഖതയാണ് ദത്തെടുക്കലിന്‍റെയും അടിത്തറ.

വിവാഹജീവിതത്തിനു അതില്‍ത്തന്നെ പരസ്പര സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും സാക്ഷ്യം നല്കുവാന്‍ സാധ്യതയുണ്ട്. ഭാര്യാഭര്‍തൃസ്നേഹം ദൈവസ്നേഹത്തിന്‍റെയും ക്രിസ്തു-സഭാ ബന്ധത്തിന്‍റെയും അടയാളമാണെന്ന് സഭ പഠിപ്പിക്കുന്നു. ഈ ദാമ്പത്യകൂട്ടായ്മയ്ക്ക് സുവിശേഷം പ്രഘോഷിക്കുവാനും സമൂഹത്തെ വിശുദ്ധീകരിക്കുവാനും കഴിവുണ്ട്. സഭയോട് ചേര്‍ന്നു നിന്നു ദമ്പതികള്‍ സാമൂഹികനീതിക്കുവേണ്ടി, അധഃസ്ഥിതരുടെ ഉന്നമനത്തിനുവേണ്ടി പ്രയത്നിക്കുമ്പോള്‍ ദാമ്പത്യജീവിതം ഫലദായകമാകുന്നു. ജീവോല്പാദനം സാധ്യമല്ലാത്ത ദമ്പതികള്‍ക്ക് ഇത്തരം സാമൂഹിക മുന്നേറ്റത്തില്‍ പങ്കുചേരുവാനും ജീവകാരുണ്യ പ്രവൃത്തികള്‍ ചെയ്യുവാനും കൂടുതല്‍ അവസരമുണ്ട്. കുഞ്ഞുങ്ങളുള്ള ദമ്പതികള്‍ അവരെ വളര്‍ത്തുന്നതില്‍ പ്രതിബദ്ധത കാണിക്കുമ്പോള്‍ കുഞ്ഞുങ്ങളില്ലാത്തവര്‍ ഏതെങ്കിലും പൊതുനന്മയ്ക്കുവേണ്ടി തങ്ങളുടെ ജീവിതം സമര്‍പ്പിക്കുന്നു. ഇപ്രകാരം സമര്‍പ്പിക്കുന്ന ദമ്പതികള്‍ വിവാഹജീവിതത്തില്‍ ധാരാളം ഫലം പുറപ്പെടുവിക്കുന്നവരുമാകുന്നു. ഉദാഹരണമായി, സ്വന്തമായി കുഞ്ഞുങ്ങള്‍ ഇല്ലെങ്കിലും പാവപ്പെട്ട കുഞ്ഞുങ്ങളെ പഠിപ്പിക്കുവാനായി തങ്ങളുടെ അദ്ധ്വാനഫലം വിനിയോഗിക്കുന്ന അനാഥാലയം നടത്തുന്ന ദമ്പതികള്‍ മാതാപിതാക്കളാണ്. ഇവര്‍ തീര്‍ക്കുന്നതു ദൈവത്തിന്‍റെ കുലമാണ്.

ഇപ്രകാരമുള്ള ദമ്പതികളുടെ വിളിയുടെ സവിശേഷത മനസ്സിലാക്കി സഭ ഇവരെ സഹായിക്കുന്നതില്‍ ശ്രദ്ധ പ്രകടിപ്പിക്കണം. ഈ ദമ്പതികളുടെ വിളിയില്‍ ആഴപ്പെടുവാന്‍ സഭ ഇവര്‍ക്കുവേണ്ടി പ്രത്യേക കൂട്ടായ്മകളും പരിശീലനങ്ങളും സംഘടിപ്പിക്കണം. സാമൂഹിക ഇടപെടലുകളിലൂടെ ദാമ്പത്യഫലങ്ങളും പ്രകാശിപ്പിക്കുന്ന ദമ്പതികളുടെ ശൃംഖല രൂപപ്പെടുത്തണം. ഇവരെ സഭാശുശ്രൂഷകളില്‍ സജീവശുശ്രൂഷകരായി പ്രബോധിപ്പിച്ചു സഭയുടെ മുഖ്യധാരയില്‍ നിലനിര്‍ത്തണം. വാര്‍ദ്ധക്യജീവിതത്തിന്‍റെ ഉത്കണ്ഠകളെ ദുരീകരിക്കുന്ന വിധത്തില്‍ ഇവരെ സംരക്ഷിക്കുവാനായി പ്രത്യേക ഭവനങ്ങള്‍ ആരംഭിക്കുവാന്‍ സഭ സന്നദ്ധത പ്രകടിപ്പിക്കുന്നത് ഉചിതമാണെന്നു തോന്നുന്നു. ഈ ദമ്പതികള്‍ ഇപ്രകാരമുള്ള സൗകര്യങ്ങള്‍ക്ക് അര്‍ഹരാണ്.

വി. പൗലോസ് ശ്ലീഹാ അക്വില-പ്രിസ്ക ദമ്പതിമാരെ ക്രിസ്തുവില്‍ തന്‍റെ സഹപ്രവര്‍ത്തകരായി പരിഗണിച്ചു (റോമാ 16:3). കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളെ അവരുടെ സവിശേഷമായ വഴി തിരിച്ചറിഞ്ഞ്, സഭയോടു ചേര്‍ത്തുനിര്‍ത്തണം. ദമ്പതികള്‍ക്കായി സഭാശുശ്രൂഷകള്‍ ഏര്‍പ്പെടുത്തുന്നതിനു കൂടുതല്‍ പരിഗണന നല്കണം. ഇപ്പോള്‍ പല വിവാഹിതരും വ്യക്തികളായാണു സഭാശുശ്രൂഷകളില്‍ മുഴുകുന്നത്. കാരണം ശുശ്രൂഷകള്‍ പലതും വ്യക്തിഗതമാണ്. ദമ്പതീസംസ്കാരം സഭയില്‍ രൂപപ്പെടുത്തിയാല്‍ മാത്രമേ കുഞ്ഞുങ്ങള്‍ക്കപ്പുറമുള്ള ദാമ്പത്യഫലദായകത്വത്തിനു സഭയില്‍ വേണ്ടത്ര പ്രാധാന്യം ലഭിക്കുകയുള്ളൂ. സഭയുടെ ചരിത്രത്തില്‍ വിവാഹങ്ങളെ മുന്‍ഗണനക്രമത്തിലാണു പരിഗണിച്ചിരുന്നത്. മുഖ്യപരിഗണന ജീവന്‍റെ ഉത്പാദനത്തിനായിരുന്നു. ദമ്പതികളുടെ നന്മയ്ക്കു രണ്ടാമത്തെ സ്ഥാനമാണു നല്കിയത്. ഈ കാഴ്ചപ്പാടില്‍ ദമ്പതികള്‍ക്കു സഭയില്‍ ഉന്നതമായ പ്രാധാന്യം നല്കിയിരുന്നു. എന്നാല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഈ മുന്‍ഗണനാക്രമം നീക്കം ചെയ്തു. ദമ്പതികളുടെ നന്മ ജീവന്‍റെ ഉത്പാദനംപോലെതന്നെ പ്രധാനപ്പെട്ടതാണ്. ഈ മാറ്റം കുഞ്ഞുങ്ങള്‍ക്കപ്പുറമുള്ള ദാമ്പത്യജീവിതത്തിന്‍റെ ഫലദായകത്വത്തിനു വെളിച്ചം പകരുന്നു. ജീവന്‍റെ ഉത്പാദനം സാദ്ധ്യമല്ലാത്ത ദമ്പതികളെ ഈ വെളിച്ചത്തില്‍ സഭ പുതിയ പ്രഭാതത്തിലേക്കു നയിക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org