
ഫാ. ആന്റോ പുതുവ എം സി ബി എസ്
2024 സെപ്തംബര്‍ പതിനെട്ട് എം സി ബി എസ് സഭയ്ക്കും കത്തോലിക്ക തിരുസഭയ്ക്കും ആയിരക്കണക്കിന് വിശ്വാസികള്‍ക്കും കണ്ണീരില്‍ കുതിര്‍ന്ന ദിനമായിരുന്നു. ''ഇനി ഞങ്ങള്‍ ആരുടെ അടുത്തുപോകും, ആര് ഞങ്ങളെ കേള്‍ക്കും'' എന്നീ ഹൃദയം നുറുങ്ങിയുള്ള പ്രാര്‍ഥന നിറഞ്ഞ ചോദ്യങ്ങ ളാണ് മരണ വാര്‍ത്ത അറിഞ്ഞയുടനെ ആയിരങ്ങള്‍ ദൈവത്തിനു സമര്‍പ്പിച്ചത്. ആവശ്യനേരങ്ങളില്‍ ആശ്രയ മായിരുന്ന ജോര്‍ജ് കരിന്തോളിലച്ചന്‍ ഈ ലോകം വിട്ട് സ്വര്‍ഗത്തിലേക്ക് യാത്രയായിട്ട് അടുത്തമാസം ഒരു വര്‍ഷം തികയുകയാണ്. ജീവിച്ചിരുന്ന കാലം മുഴുവന്‍ ആശയറ്റവരുടെയും അഗതികളുടെയും ആശ്വാസമായിരുന്നു ഫാ. ജോര്‍ജ് കരിന്തോളില്‍ എം സി ബി എസ്.
കാലടിയിലുള്ള എം സി ബി എസ് ദിവ്യകാരുണ്യ ധ്യാനകേന്ദ്രത്തില്‍ അന്ത്യ വിശ്രമംകൊള്ളുന്ന ജോര്‍ജച്ചന്റെ കബറിടത്തിലേക്ക് പ്രാര്‍ഥനകളും നിയോഗങ്ങളുമായി വരുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടി വരികയാണ്. 'മരിച്ചാലും മറക്കില്ല' എന്ന പുണ്യമൊഴികള്‍ ഇന്ന് അച്ചനിലൂടെയും സാധ്യമാകുകയാണ്.
തേഞ്ഞു തീര്‍ന്ന ചെരുപ്പ് തരുമോ?!
ബഹുമാനപ്പെട്ട ജോര്‍ജ് അച്ചനെ ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവരും ദൂരെയായി രുന്നുകൊണ്ട് ഫോണിലൂടെയെങ്കിലും അച്ചനോട് സംസാരിച്ചിട്ടുള്ളവരും ആശ്രമ ത്തിലെ വൈദികരോടു ചോദിക്കുന്നത് ഇതാണ്: ''ജോര്‍ജച്ചന്‍ ഉപയോഗിച്ചിരുന്ന എന്തെങ്കിലും ഞങ്ങള്‍ക്കു തരുമോ... പ്രാര്‍ഥനാമുറിയില്‍ സൂക്ഷിക്കാനാണ്, അച്ചനെ ഓര്‍ക്കാനാണ്.''
അച്ചന്റെ മരണവാര്‍ത്ത അറിഞ്ഞയുടന്‍ വിദേശത്തുനിന്നും ഒരു കുടുംബം ചോദിച്ചത് ഇതാണ്, ''ജോര്‍ജച്ചന്‍ ഉപയോഗിച്ചിരുന്ന തേഞ്ഞ് തീരാറായ ഒരു പാരഗണ്‍ ചെരുപ്പ് ദയവായി ഞങ്ങള്‍ക്ക് തരുമോ?''
മരണാനന്തര ശുശ്രൂഷയില്‍ പങ്കെടുത്ത് തിരികെ പോയപ്പോള്‍ എളിമയില്‍ വിശുദ്ധി കണ്ടെത്തിയ ജോര്‍ജച്ചന്റെ ആ പാദുകവു മായാണ് അന്ന് അവര്‍ മടങ്ങിയത്.
ബഹുമാനപ്പെട്ട ജോര്‍ജ് അച്ചനെ ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവരും ദൂരെയായിരുന്നുകൊണ്ട് ഫോണിലൂടെയെങ്കിലും അച്ചനോട് സംസാരിച്ചിട്ടുള്ളവരും ആശ്രമത്തിലെ വൈദികരോടു ചോദിക്കുന്നത് ഇതാണ്: ''ജോര്‍ജച്ചന്‍ ഉപയോഗിച്ചിരുന്ന എന്തെങ്കിലും ഞങ്ങള്‍ക്കു തരുമോ... പ്രാര്‍ഥനാമുറിയില്‍ സൂക്ഷിക്കാനാണ്, അച്ചനെ ഓര്‍ക്കാനാണ്.''
മരണശേഷം അച്ചന്റെ മുറി വൃത്തിയാക്കു ന്നതിനിടയില്‍ ആശ്രമത്തിലേക്കു വന്ന ഒരു സഹോദരി ചോദിച്ചത്, അച്ചന്റെ മുറിയിലി രുന്ന, അച്ചന്‍ ഉപയോഗിച്ച ഏതെങ്കിലും പുസ്തകമോ, അതുമല്ലെങ്കില്‍ വിശുദ്ധരുടെ രൂപങ്ങളോ ഉണ്ടെങ്കില്‍ തരുമോ? എന്നാണ്.
ഇത്തരത്തില്‍ അനേകം ആളുകളാണ് അച്ചന്റെ മരണശേഷവും അച്ചനിലൂടെയുള്ള ദൈവത്തിലുള്ള വിശ്വാസം പ്രകടമാക്കുന്നത്. മരണശേഷവും ജോര്‍ജച്ചന്‍ എന്ന പുണ്യജന്മം അനേകര്‍ക്ക് അനുഗ്രഹത്തിന്റെ കരം ആകുകയാണ്. മരണത്തിന് ഒതുക്കാവുന്ന ഒന്നല്ല ജോര്‍ജച്ചന്‍ എന്ന വിശുദ്ധ പുഷ്പം എന്ന് അച്ചന്റെ കബറിടത്തില്‍ വന്നു പ്രാര്‍ഥിക്കുന്നവരുടെ ജീവിതത്തില്‍ ബോധ്യമാകുന്ന സത്യമാണ്.
അണായാത്ത തിരികളും തീരാത്ത പുഷ്പങ്ങളും
അച്ചന്റെ മരണത്തിനുശേഷം കാലടിയിലെ കബറിടം എന്നും തിരികള്‍ കൊണ്ടും പൂക്കള്‍ കൊണ്ടും അലംകൃതമാണ്. ജീവിച്ചിരുന്ന കാലത്ത് സങ്കടങ്ങളും പ്രയാസങ്ങളുമായി അച്ചന്റെ അടുത്ത് വന്നവര്‍ക്കൊക്കെ അച്ചന്‍ അനുഗ്രഹമായിരുന്നു എന്നത് ഇന്ന് അച്ചന്റെ കബറിടത്തില്‍ വിശ്വാസികള്‍ വന്ന് തെളി ക്കുന്ന തിരികളിലും അര്‍പ്പിക്കുന്ന പൂക്കളില്‍ നിന്നും വ്യക്തമാണ്. ചിലരൊക്കെ അച്ചനി ലൂടെ ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയു മ്പോള്‍, മറ്റു ചിലര്‍ക്ക് ഇന്നും ജോര്‍ജച്ചന്‍ അണയാത്ത മാധ്യസ്ഥശക്തിയാണ്.
ആദ്യാക്ഷരം അച്ചന്റെ മുന്നില്‍...
ദൈവഭക്തിയാണ് ജ്ഞാനത്തിന്റെ ഉറവിടം എന്ന ദൈവവചനത്തിന് ജീവനാകുകയാണ് ജോര്‍ജ് അച്ചന്റെ നന്മനിറഞ്ഞ ജീവിതത്തിലൂടെ.
കുട്ടികളുടെ, പഠന വിഷയങ്ങളില്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടു കള്‍ക്ക് ആശ്രയവും അഭയവുമായിരുന്നു ജോര്‍ജച്ചന്‍. ഇന്ന് അച്ചന്റെ മരണശേഷവും ആദ്യാക്ഷരം കുറിക്കാനുള്ള കുരുന്നുകളുമായി നിരവധി ആളുകളാണ് ജോര്‍ജച്ചന്റെ കബറിടത്തിലേക്ക് വിശ്വാസത്തോടെ കടന്നുവരുന്നത്. പ്രാര്‍ഥനയിലൂടെ മാത്രമല്ല സാമ്പത്തികമായും ഒട്ടനവധി വിദ്യാര്‍ഥികള്‍ക്ക് ആശ്രയമായിരുന്നു ജോര്‍ജച്ചന്‍ എന്ന തണല്‍ മരം. നല്ല മനസ്സിന് ഉടമകളായ നിരവധി ആളുകളുടെ സഹായത്തോടെ എത്രയോ കുഞ്ഞുങ്ങള്‍ക്കാണ് അച്ചന്റെ ജീവിതം അത്താണിയായത്. ഇന്നും അച്ചന്റെ ഓര്‍മ്മ അനുസ്മരിച്ചുകൊണ്ടും വാക്കുകള്‍ ഓര്‍ത്തു കൊണ്ടും നല്ലവരായ ഒട്ടനവധി കുടുംബങ്ങള്‍ അവരുടെ സമ്പത്തിന്റെ ഒരു ഭാഗം പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകള്‍ക്കായി മാറ്റിവയ്ക്കുന്നുണ്ട്. സഹായം നല്‍കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കും പറയാനുള്ളത് ജോര്‍ജച്ചന്‍ എന്ന ആ ഗുരുവിനെ കുറിച്ചാണ്, സ്‌നേഹം നിറഞ്ഞ ഒരു അപ്പനെ കുറിച്ചാണ്.
സൗഖ്യം നല്‍കുന്ന മാധ്യസ്ഥ്യം
ജോര്‍ജച്ചന്റെ ജീവിതം, പ്രത്യേകിച്ച് അവസാന നാളുകള്‍ ശാരീരികമായ അസ്വസ്ഥതകളുടേതായി രുന്നു. ആശ്രമത്തിലും ആശുപത്രിയിലുമായി ചെലവഴിച്ച നാളുകളിലും അച്ചന്റെ ചിന്ത മുഴുവന്‍ അച്ചനോട് പ്രാര്‍ഥനാസഹായം ചോദിച്ചിട്ടുള്ള വരുടെ നിയോഗങ്ങളെക്കുറിച്ചായിരുന്നു. തീരെ അവശനായി ആശുപത്രിയില്‍ കിടക്കുമ്പോഴും അച്ചന്റെ കൈവയ്പ്പിനായി ആഗ്രഹത്തോടെ കടന്നുവരുന്നവരുടെ നീണ്ടനിരയും കാണാമായി രുന്നു. സ്വസ്ഥമായി ശ്വാസം എടുക്കാന്‍ കഴിയാതെ കിടക്കുന്ന അവസരത്തിലും അച്ചനെ കാണാന്‍ വരുന്നവരോട് അവരുടെ ആരോഗ്യത്തെ ക്കുറിച്ച് ചോദിക്കാന്‍ പോലും അച്ചന്‍ മറന്നിരുന്നില്ല.
കുര്‍ബാന ജീവനായിരുന്നു
അച്ചന്റെ വേദനയും അച്ചനോട് പ്രാര്‍ഥനാസഹായം യാചിച്ചിട്ടുള്ളവരുടെ നിയോഗങ്ങളും അച്ചന്‍ സമര്‍പ്പിച്ചിരുന്നത് പരിശുദ്ധ കുര്‍ബാനയുടെ മുമ്പിലാണ്. മണിക്കൂറുകള്‍ നീണ്ട അച്ചന്റെ പരിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ തന്റെ വേദനകള്‍ മാറ്റിവച്ചുകൊണ്ടാണ് അച്ചന്‍ മറ്റുള്ളവരുടെ വേദനകള്‍ക്ക് മധ്യസ്ഥനായത്.
ഒരു കൈയില്‍ നിന്നും മറു കൈയിലേക്ക്...
കൈയിലുള്ള ബാങ്ക് ബാലന്‍സു കൊണ്ടല്ല അച്ചന്‍ പാവങ്ങള്‍ക്ക് തുണയായത്. ഉള്ളവന്റെ കൈയിലുള്ളത് ആവശ്യക്കാരന് എത്തിക്കാന്‍ ജോര്‍ജ് അച്ചന്‍ ദൈവത്തിന്റെ കരമായി മാറി. ഇന്നും അനേകായിരങ്ങള്‍ പതിനായിര കണക്കിന് ആളുകള്‍ക്ക് ദൈവത്തിന്റെ കരുണയുടെ കരങ്ങളായി മാറുന്നത് ജോര്‍ജ് അച്ചന്‍ എന്ന കരുണ നിറഞ്ഞ ഒരു അപ്പന്റെ പ്രചോദനം മൂലമാണ്. ഒന്നും അച്ചനുവേണ്ടി ചെയ്തിട്ടില്ല, എല്ലാം ആവശ്യക്കാര്‍ക്കുവേണ്ടി മാത്രമായിരുന്നു. ഇന്നും അച്ചനിലൂടെ
ഒരു കൈസഹായം ലഭിച്ചവര്‍ക്കും അതിനു കാരണമായവര്‍ക്കും ആ വിശുദ്ധ മുഖം ഓര്‍ക്കുമ്പോള്‍ പറയാനുള്ളത് ജോര്‍ജച്ചന്‍ വഴി ലഭിച്ച അനുഗ്രഹങ്ങളുടെയും അനുഭവ ങ്ങളുടെയും നന്മനിറഞ്ഞ കഥകളാണ്.
ജോര്‍ജ് കരിന്തോളില്‍ എം സി ബി എസ് എന്ന സന്യാസ വൈദികന്‍ ഒരു വിശുദ്ധ ജീവിതത്തിന് ഉടമയായിരുന്നു എന്നത് അച്ചനെ അറിയാവുന്നവര്‍ ഒരു മനസ്സോടെ ഏറ്റു പറയുന്ന സത്യമാണ്. ജാതിയോ മതമോ നോക്കാതെ അച്ചനെ കാണാനും സങ്കടങ്ങളും പ്രയാസങ്ങളും പ്രത്യാശയോടെ ഇറക്കിവയ്ക്കാനും ദൈവത്തിന്റെ മുഖമാകുംവിധം ഇങ്ങനെ കുറെപേരുണ്ടാ യാല്‍ ഒട്ടനവധിപേര്‍ക്ക് അത് ആശ്വാസ ത്തിനും സന്തോഷത്തിനും കാരണമാകും. ഇന്നും നമുക്കുവേണ്ടി സ്വര്‍ഗത്തില്‍ അച്ചന്‍ മാധ്യസ്ഥ്യം വഹിക്കുമ്പോള്‍ സഭയില്‍ വിശുദ്ധരുടെ നിരയിലേക്ക് കൈപിടിച്ചു കയറ്റാന്‍ ദൈവകരുണ അച്ചന് തുണയാകട്ടെ എന്ന് പ്രാര്‍ഥിക്കാം.