

“അവർ പോകുമ്പോൾ ശിമയോന്‍ എന്നു പേരുള്ള കിറെനക്കാരനെ കണ്ടു, അവന്റെ ക്രൂശ് ചുമക്കുവാൻ അവര്‍ അവനെ നിർബന്ധിച്ചു. അവന്‍ അലക്സാണ്ടറിന്റെയും റൂഫസിന്റെയും പിതാവായിരുന്നു.”
ഒരല്പം ചരിത്രം:
വടക്കേ ആഫ്രിയ്ക്കയിലെ കിഴക്കന്‍ ലിബിയയിലുള്ള ഒരു ഗ്രീക്ക് പട്ടണത്തിന്റെ പേരാണ് സൈറെനൈക്ക അല്ലെങ്കില്‍ കിരേനായ്ക്ക (സൈറിന്‍ എന്നും കിരേന എന്നും ആവാം). ആ ഇടത്ത് ധാരാളം യഹൂദര്‍ (യഹൂദ മതം സ്വീകരിച്ചവരും) പാര്‍ത്തിരുന്നു. പിന്നീട് ഇതൊരു വലിയ ക്രിസ്ത്യന്‍ മേഖലയായി മാറുകയും ചെയ്തിരുന്നു. സൈറിന്‍ യഹൂദരുടെ ഒരു സിനഗോഗ് ജെറുസലേമില്‍ ഉണ്ടായിരുന്നുവെന്ന് ചരിത്രത്തില്‍ വായിയ്ക്കുന്നുണ്ട്.
പെസഹ തിരുനാളിന്റെ ആരാധനയ്ക്കായി കിരെനക്കാരന്‍ ശിമയോന്‍ ജെറുസലേമില്‍ എത്തിയതാകാം. ആളുകള്‍ കൂടുന്നത് കണ്ട് എന്താണെന്നറിയാന്‍ എത്തിനോക്കിയപ്പോള്‍ കണ്ടത് കൊലക്കളത്തിലേക്ക് നയിക്കപ്പെടുന്ന ക്രിസ്തുവിനെ. അവന്റെ അവസ്ഥയില്‍ ശിമയോന്റെ ഹൃദയം വേദനിച്ചിരിയ്ക്കണം. ആ സഹതാപമാകാം കുരിശു ചുമക്കാന്‍ അയാളെ പ്രേരിപ്പിച്ചിരിക്കുക. അല്ലെങ്കില്‍ അന്നത്തെ റോമന്‍ നിയമമനുസരിച്ച് ചില നിര്‍ബന്ധ ജോലികള്‍, ചില പരിധികള്‍ക്കുള്ളില്‍ നിന്ന് (ഒരു മൈല്‍ ദൂരം പോവാന്‍ നിരബന്ധിക്കപ്പെടാം) ചെയ്യാന്‍ യഹൂദര്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു. അങ്ങനെ വന്നതുമാകാം.
കുരിശിന്റെ വഴിയിലെ അഞ്ചാം സ്ഥലത്താണ് നമ്മള്‍ ശിമയോനെ കാണുന്നത്. അവസാനം വരെ അയാള്‍ കൂടെയുണ്ടായിരുന്നിരിയ്ക്കണം. മെല്‍ ഗിബ്സന്റെ ‘ദി പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്’ എന്ന സിനിമയില്‍ നമ്മള്‍ അയാളെ കാല്‍വരിവരെ കാണുന്നുണ്ട്. ക്രിസ്തുവിന്റെ കുരിശു ചുമക്കാന്‍ മാത്രമല്ല, വീഴ്ചകളില്‍ താങ്ങാവുന്നവനായും, അവന്റെ വേദനയില്‍, അവനുവേണ്ടി വാദിക്കുന്നതായും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. “നമ്മള്‍ ഏതാണ്ട് എത്താറായി, എന്നും പറഞ്ഞ് (ബലി പൂര്‍ത്തിയാകുവാന്‍ ഇനി ഏറെ സമയമില്ല) ക്രിസ്തുവിനെ കുരിശുമരത്തിലേയ്ക്ക് ചേര്‍ത്ത് നിര്‍ത്തുന്ന ശിമയോന്‍. ഒരേ നുകത്തില്‍ തളയ്ക്കപ്പെട്ട രണ്ട് എരുക്കളെപ്പോലെ ശിമയോനും ക്രിസ്തുവും’ ഹൃദയം തകര്‍ത്തുകളയുന്ന ഒരു രംഗമായിരുന്നു അത്. മെല്‍ ഗിബ്സനും (Director) ജിം കാവിസെല്‍ (Jesus) നും ജാറെത് മെർസിനും (Simon) സ്തുതിയായിരിയ്ക്കട്ടെ.
പെസഹ തിരുനാളിന്റെ ആരാധനയ്ക്കായി കിരെനക്കാരന്‍ ശിമയോന്‍ ജെറുസലേമില്‍ എത്തിയതാകാം. ആളുകള്‍ കൂടുന്നത് കണ്ട് എന്താണെന്നറിയാന്‍ എത്തിനോക്കിയപ്പോള്‍ കണ്ടത് കൊലക്കളത്തിലേക്ക് നയിക്കപ്പെടുന്ന ക്രിസ്തുവിനെ. അവന്റെ അവസ്ഥയില്‍ ശിമയോന്റെ ഹൃദയം വേദനിച്ചിരിയ്ക്കണം. ആ സഹതാപമാകാം കുരിശു ചുമക്കാന്‍ അയാളെ പ്രേരിപ്പിച്ചിരിക്കുക.
മര്‍ക്കോസിന്റെ സുവിശേഷം (15:21) ശിമയോനെ, അലക്സാണ്ടറിന്റെയും റൂഫസിന്റെയും പിതാവായ സൈരിൻകാരനായ ശിമയോന്‍ എന്ന് രേഖപ്പെടുത്തുന്നുണ്ട്. പിന്നീട് ഇവര്‍ക്ക് എന്ത് സംഭവിച്ചു എന്നുള്ളതിന് കൃത്യമായ ചരിത്ര രേഖകളെക്കാള്‍ പാരമ്പര്യത്തെയാണ് ആശ്രയിക്കാനാവുക. റോമാക്കാർക്കുവേണ്ടി എഴുതിയ മാര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഈ പേര് ഇങ്ങനെ പരാമർശിക്കപ്പെട്ടതിനു കാരണം ഒരുപക്ഷെ ‘റോമില്‍ ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ആളുകള്‍ക്ക് പരിചിതരായ വ്യക്തികളാകാം ഈ മൂന്ന് പേരും (ശിമയോന്‍, അലക്സാണ്ടര്‍, റൂഫസ്) എന്നതാണ് വിശ്വാസയോഗ്യമായ വിശദീകരണം.
കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭകളിലും, ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളിലും (രണ്ടും വ്യത്യസ്ത സഭകളാണ്, ഒന്നല്ല) കിഴക്കന്‍ കത്തോലിയ്ക്ക സഭകളിലും ശിമയോന്‍ വിശുദ്ധനായി വണങ്ങപ്പെടുന്നുണ്ട്. ‘ജെറുസലേമിലെ സൈരിൻകാരന്‍ ശിമയോന്റെ ദേവാലയമാണ്’ പ്രസിദ്ധമായ തീര്‍ഥാടന സ്ഥലം. ഫെബ്രുവരി 27 നും, ഡിസംബര്‍ 1 നും തിരുനാളുകള്‍ ആഘോഷിക്കപ്പെടുന്നു. ബൈബിളില്‍ വേറെ യാതൊന്നും ശിമയോനെ പറ്റി എഴുതപ്പെട്ടിട്ടില്ല. അപോക്രിഫല്‍ ഗ്രന്ഥങ്ങളില്‍ സൂചനകള്‍ ഉണ്ട്. Hellenized Jews (ഗ്രീക്ക് ജുദായിസം) ന് വേണ്ടി സുവിശേഷം പ്രസംഗിച്ചത് ശിമയോന്‍ ആണെന്നും കുറിപ്പുകള്‍ ഉണ്ട്.
അലക്സാണ്ടറും റൂഫസും
സാധാരണ അറബ്-മദ്ധ്യേഷ്യന്‍ പാരമ്പര്യത്തില്‍, മക്കളുടെ പ്രത്യേകിച്ചും കടിഞ്ഞൂല്‍ ആണ്‍കുട്ടിയുടെ ജനനത്തിനു ശേഷം പിതാക്കന്മാര്‍ അറിയപ്പെടുക ‘മക്കളുടെ പിതാവ്’ എന്ന പേരില്‍ ആണ്. ഉദാ: അബു അഹമ്മദ് എന്നൊരാള്‍ വിളിയ്ക്കപ്പെടുന്നെങ്കില്‍ അതിനര്‍ത്ഥം അഹമദിന്റെ പിതാവ് എന്നാണ്. അബു എന്നാല്‍ അബ്ബ, അപ്പന്‍ എന്ന് തന്നെ. അങ്ങനെ വരുമ്പോള്‍ അലക്സാണ്ടറും റൂഫസും ഇരട്ടകള്‍ ആയിരിയ്ക്കാം. സാധാരണയായി കടിഞ്ഞൂല്‍ ആണ്‍കുട്ടിയുടെ പേരാണ് പിതാക്കന്മാര്‍ സ്വീകരിയ്ക്കുക.
റൂഫസ്
വി. മര്‍ക്കോസിന്റെ സുവിശേഷത്തില്‍ എഴുതപ്പെട്ടതിനാല്‍, അക്കാലത്ത് റോമില്‍ ജീവിച്ചിരുന്നവര്‍ക്ക് സുപരിചിതരാകണം അലക്സാണ്ടറും റൂഫസും. ആദ്യ ക്രിസ്ത്യാനികളുടെ മൂപ്പന്മാരോ മെത്രാന്മാരോ ആകാം. വി. പൗലോസിന്റെ റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍ റൂഫസിനെ പരാമര്‍ശിക്കുന്നുണ്ട്. “കര്‍ത്താവില്‍ തെരഞ്ഞെടുക്കപ്പെട്ട റൂഫസിനും അവന്റെ അമ്മയ്ക്കും വന്ദനം പറയുവിന്‍. അവള്‍ എന്റെയും അമ്മയാണ്” (റോമാ 16:13). ഇത് ഇവിടെ പരാമര്‍ശിക്കപ്പെടുന്നത് റൂഫസ് ആകാം. എന്നാല്‍ ആ കാലഘട്ടത്തില്‍ ഉള്ള പൊതു പേരുകളായിരുന്നു അലക്സാണ്ടറും റൂഫസും. അപ്പോള്‍ മറ്റ് ആരെങ്കിലും ആകാം.
സഭാ പാരമ്പര്യപ്രകാരം ഇവര്‍ രണ്ടുപേരും ക്രിസ്തുവിന്റെ മിഷനറികള്‍ ആയെന്നും റോമിലും വടക്കേ ആഫ്രിക്കയിലും സുവിശേഷം പ്രസംഗിച്ചുവെന്നും പറയപ്പെടുന്നു.
അലക്സാണ്ടര്‍
അലക്സാണ്ടര്‍ സഭയുടെ അഞ്ചാമത്തെ മാര്‍പ്പാപ്പയായി എന്നും പാരമ്പര്യമുണ്ട്. ട്രാജന്‍ ചക്രവര്‍ത്തി റോം ഭരിച്ചിരുന്ന കാലഘട്ടത്തില്‍ പത്രോസ്, ലിനസ്, ക്ലീറ്റസ്, ക്ലെമെന്റ് എന്നിവർക്കുശേഷം അലക്സാണ്ടര്‍ 1 (Liber Pontificalis) എന്ന പേരില്‍ റോമിന്റെ അഞ്ചാമത്തെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു എന്നും വിശ്വസിക്കപ്പെടുന്നു. അലക്സാണ്ടര്‍ ക്രിസ്തുവിനായി രക്തസാക്ഷിത്വം വഹിച്ചെന്നും പാരമ്പര്യമുണ്ട്. സഭയില്‍ ഹനാന്‍ വെള്ളം തളിക്കുന്ന പാരമ്പര്യം കൊണ്ടുവന്നതും ആരാധനക്രമത്തിലെ ‘ദിവ്യകാരുണ്യ പ്രാര്‍ഥനയു’ടെ ചില ഭാഗങ്ങള്‍ എഴുതിയത് ഇദ്ദേഹമാണെന്നും പറയപ്പെടുന്നു.
1941 ല്‍ കിദ്രോന്‍ താഴ്.വരയില്‍ നിന്നും കണ്ടെടുത്ത സൈരെനിയന്‍ യഹൂദരുടെ ശ്മശാനത്തില്‍ കണ്ടെത്തിയ AD 70 ലെ ഒരു കല്ലറയില്‍ രണ്ടുതവണ ഇങ്ങനെ എഴുതിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്: ‘സൈമന്റെ മകനായ അലക്സാണ്ടറിന്റെ ശവകുടീരം.’.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ക്രിസ്ത്യന്‍ മിസ്റ്റിക്കായ അന്ന കേത്റിന്‍ എമ്മെരിക്ക് തന്റെ ‘Dolorous Passion’ എന്ന പുസ്തകത്തില്‍ ശിമയോന്‍ ഒരു വിജാതീയനായ തോട്ടക്കാരനായിരു ന്നുവെന്നും ഒരു ദിവസത്തിന്റെ അധ്വാനത്തിനുശേഷം മക്കളെയും കൂട്ടി മടങ്ങുമ്പോള്‍, റോമാ പടയാളികള്‍ ഇയാളെ യേശുവിന്റെ കുരിശെടുക്കാന്‍ നിര്‍ബന്ധിച്ചെന്നും പറയുന്നുണ്ട്. അതുകണ്ട് മക്കളായ അലക്സാണ്ടറും റൂഫസും ഉറക്കെ കരഞ്ഞെന്നും, യേശുവിനെ അനുഗമിച്ചിരുന്ന സ്ത്രീകള്‍ അവരെ കയ്യിലെടുത്ത് ആശ്വസിപ്പിച്ചതായും എഴുതിയിട്ടുണ്ട്. അലക്സാണ്ടറും റൂഫസും മുതിര്‍ന്നതിനുശേഷം (ഒരു അനുജനും കൂടെ ഉണ്ടായിരുന്നുവത്രേ) ശിഷ്യന്മാരുടെ കൂട്ടത്തില്‍ ചേര്‍ന്നെന്നും, സ്തെഫാനോസ് അവര്‍ക്ക് ക്രിസ്തുവിന്റെ ശിക്ഷണം നല്‍കിയെന്നും പറയപ്പെടുന്നു.