കേരളസഭയിലെ യുവജനങ്ങള്‍ എന്തു ചെയ്യുന്നു?

കേരളസഭയിലെ യുവജനങ്ങള്‍ എന്തു ചെയ്യുന്നു?

ഇടവകയില്‍ എവിടെയാണ് ഇന്ന് യുവജനങ്ങള്‍ ഉള്ളത്... എല്ലാവരും വിദേശത്ത് അല്ലേ... പിള്ളേര് ചുമ്മാ മൊബൈലും പിടിച്ച് ഇരിപ്പാണ്... ഇപ്പോഴത്തെ തലമുറയ്ക്ക് ജീവിതത്തിന്റെ കഷ്ടപ്പാടുകള്‍ എന്താണെന്ന് അറിയാമോ... അല്ലേലും ഈ തലമുറയ്ക്ക് പള്ളിയിലെ കാര്യങ്ങള്‍ ചെയ്യാന്‍ എവിടെയാണ് നേരം...

പള്ളികളിലെ ആരാധനക്രമ കര്‍മ്മങ്ങള്‍ മുതല്‍ പൊതുസ്ഥലങ്ങളിലെ ഫ്‌ളാഷ്‌മോബുകള്‍ വരെ സകല രംഗങ്ങളിലും നിറഞ്ഞു നില്‍ക്കുന്നുണ്ട് നമ്മുടെ യുവജനങ്ങള്‍. പരമ്പരാഗത കര്‍മ്മരംഗങ്ങള്‍ക്കു പുറമെ കാലംതുറന്നുതരുന്ന പുത്തന്‍മേഖലകളിലേക്കും അവര്‍ കടന്നു ചെല്ലുന്നു...

ഫാ. സേവി പടിക്കപ്പറമ്പില്‍

ഇടവകയിലെ യുവജനങ്ങള്‍ക്കും യുവജന സംഘടനകള്‍ക്കും നേരെ ഉയര്‍ന്നുവരുന്ന ആക്ഷേപങ്ങള്‍ നിരവധിയാണ്. നമ്മുടെ യുവജനങ്ങള്‍ ഇന്ന് നിഷ്‌ക്രിയരാണോ? അല്ല എന്ന് വെളിപ്പെടുത്തുകയാണ് ഈ പഠനം. യുവജനപ്രേഷിതനും സത്യദീപം മുന്‍പത്രാധിപരും ജീസസ് യൂത്ത് മുന്‍ ഇന്റര്‍നാഷണല്‍ ചാപ്ലിനുമായിരുന്ന ഫാദര്‍ ചെറിയാന്‍ നേരെവീട്ടിലിന്റെ ഓര്‍മ്മയ്ക്കായി അദ്ദേഹം ഒടുവില്‍ വികാരിയായിരുന്ന മരട് വിശുദ്ധ ജാന്നാ പള്ളി ഏര്‍പ്പെടുത്തിയ യുവജന സംഘടനാ അവാര്‍ഡിനായി കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള മൂന്ന് റീത്തുകളിലേയും ഇടവകകളില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ പഠനം തയ്യാറാക്കിയിട്ടുള്ളത്. നമ്മുടെ ഇടവകകളിലെ യുവജന സംഘടന പ്രവര്‍ത്തനങ്ങളുടെ ഒരു നേര്‍രേഖയാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഇത് ഏതാനും മാതൃകകളാണ്. ഇതിലും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇടവകകള്‍ ഉണ്ടാകാം. കേരള സഭയിലെ യുവജനങ്ങള്‍ക്ക് നല്‍കുന്ന ആദരവാണ് ഈ പഠനം. പിച്ചവച്ച് നടക്കുന്ന യുവജന സംഘടനാപ്രവര്‍ത്തകര്‍ക്ക് മാതൃകയും പ്രോത്സാഹനവും. ലഭിച്ച റിപ്പോര്‍ട്ടുകളിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്താനാവാത്തത് ഈ പഠനത്തിന്റെ ഒരു പരിമിതിയുമാണ്.

ഇടവകകളിലെ ആരാധനക്രമ കര്‍മ്മങ്ങള്‍ മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വരെ എല്ലാ രംഗങ്ങളിലും നിറഞ്ഞുനില്‍ക്കുന്നവരാണ് യുവജനങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പരമ്പരാഗത പ്രവര്‍ത്തന മേഖലകള്‍ നിലനിര്‍ത്തുന്നതിനോടൊപ്പം മാറിയ കാലം തുറന്നു നല്‍കിയ പുതിയ മേഖലകളിലേക്കും യുവജനങ്ങള്‍ കടന്നുചെന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാക്കാം. പെസഹാ വ്യാഴാഴ്ചയിലെ ആരാധന, ദുഃഖവെള്ളിയിലെ നഗരി കാണിക്കല്‍, ഈസ്റ്റര്‍ രാത്രിയിലെ ഉയിര്‍പ്പുകര്‍മ്മങ്ങള്‍, ഒക്‌ടോബറിലെ ജപമാലയ്ക്കുള്ള നേതൃത്വം, ക്രിസ്മസ് പുല്‍ക്കൂടും അനുബന്ധ മത്സരങ്ങളും എന്നിങ്ങനെ ഇടവക ജീവിതത്തിന് ആവശ്യമായ പരമ്പരാഗത പ്രവര്‍ത്തനങ്ങള്‍ ഓരോ വര്‍ഷവും ക്രിയാത്മകമായി അവതരിപ്പിക്കുവാന്‍ ഇടവകയിലെ യുവജന സംഘടനകള്‍ ഊര്‍ജ്ജം ചെലവഴിക്കുന്നുണ്ട്. ഇടവക സമൂഹത്തിന് ഏറ്റവും ആവശ്യമുള്ള പ്രവര്‍ത്തനങ്ങളാണ് ഇവയെല്ലാം. ഇടവകയിലെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ എന്ന ഒരു മിനിമം ലൈനില്‍ നിന്ന് കാലഘട്ടത്തിന് അനുസൃതമായി ക്രിയാത്മകതയുടെ പുതിയ സങ്കേതങ്ങള്‍ തേടി പോകുന്നവരാണ് ഇന്ന് യുവജനങ്ങള്‍. ഏതാനും മോഡലുകള്‍ ഇവിടെ ചേര്‍ക്കുന്നു.

 • ദേവാലയങ്ങളില്‍ തിരുക്കര്‍മ്മങ്ങള്‍ ലൈവ് ടെലികാസ്റ്റ് ചെയ്യുന്നതിന് നേതൃത്വം നല്‍കുന്നത് യുവജനങ്ങളാണ്.

 • സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഭാരതത്തിന്റെ വൈവിധ്യങ്ങളിലൂടെയുള്ള ഐക്യം പരിചയപ്പെടുത്തുന്നതായിരുന്നു എറണാകുളം- അങ്കമാലി അതിരൂപതയിലെ കൈപ്പട്ടൂര്‍ സി എല്‍ സി ദേവാലയ മുറ്റത്ത് അവതരിപ്പിച്ച വിവിധ സംസ്ഥാനങ്ങളുടെ നൃത്തരൂപങ്ങള്‍. ആലപ്പുഴ രൂപതയിലെ കെ സി വൈ എം ഇമ്മാനുവല്‍ യൂണിറ്റ് സ്വാതന്ത്ര്യ ദിനം വ്യത്യസ്തമാക്കിയത് പൊലീസ് സേനാംഗങ്ങളെ ആദരിച്ചു കൊണ്ടാണ്. ഒരു ഓണ്‍ലൈന്‍ സ്റ്റോറി ടെല്ലിങ് കോണ്ടസ്റ്റാണ് തിരുവനന്തപുരം അതിരൂപതയിലെ നെല്ലിയോട് കെ സി വൈ എം സ്വാതന്ത്ര്യദിനത്തില്‍ നടത്തിയത്.

 • യുവജനങ്ങളുടെ കൂട്ടായ്മയ്ക്കും കലാവാസനയ്ക്കും ആശയസംവേദനത്തിനും ഇന്ന് ഫഌഷ് മോബുകള്‍ സഹായിക്കുന്നു. എറണാകുളം-അങ്കമാലി അതിരൂപതയിലെ കണ്ടനാട് സി എല്‍ സി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ഫഌഷ് മോബ് ഒരുക്കിയതെങ്കില്‍ കൊച്ചുത്രേസ്യയുടെ തിരുനാള്‍ ദിനത്തിലാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെതന്നെ തുറവങ്കര സി എല്‍ സി ഫഌഷ് മോബ് അവതരിപ്പിച്ചത്.

 • ഇടവക തിരുനാളിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് അമ്മയുടെ കരംപിടിച്ചതിന്റെ എഴുപത്തിയഞ്ചാണ്ടുകള്‍ എന്ന ഡോക്യുമെന്ററിയാണ് കൈപ്പട്ടൂര്‍ സി എല്‍ സി ഇടവകയ്ക്ക് നല്‍കിയ തിരുനാള്‍ സമ്മാനം.

 • ഇരിങ്ങാലക്കുട രൂപതയിലെ ആനത്തടം കെ സി വൈ എം ജപമാല മാസത്തെ വ്യത്യസ്തമാക്കിയത് കുഞ്ഞുങ്ങളെ പരിശുദ്ധമാതാവിന്റെ വിവിധ പ്രത്യക്ഷങ്ങളായി അണിയിച്ചൊരുക്കുന്ന ക്വീന്‍ മേരി മത്സരം സംഘടിപ്പിച്ചുകൊണ്ടാണ്.

 • വലിയ നോമ്പില്‍ കുരിശിന്റെ വഴിയിലൂടെ 14 ദേവാലയ സന്ദര്‍ശനവും മലയാറ്റൂര്‍, ഭരണങ്ങാനം തുടങ്ങിയ തീര്‍ത്ഥാടനങ്ങളും ഇടവകകളില്‍ യുവജന സംഘടനകള്‍ നടത്തിവരുന്നു. നെല്ലിയോട് കെ സി വൈ എം നോമ്പുകാലത്ത് ഭവനങ്ങള്‍ സന്ദര്‍ശിച്ച് കുരിശിന്റെ വഴി അര്‍പ്പിച്ചത് വന്യജീവികളുടെ ആക്രമണങ്ങളില്‍ ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ സമര്‍പ്പിച്ചു കൊണ്ടാണ്.

 • നോമ്പ് ആചരണങ്ങളുടെ വ്യത്യസ്ത രീതികളും യുവജനങ്ങള്‍ അവതരിപ്പിക്കുന്നു. ചങ്ങനാശ്ശേരി അതിരൂപതയിലെ തൃക്കൊടിത്താനം സെന്‍ട്രല്‍ യൂണിറ്റ് 25 ദിവസവും 25 വ്യത്യസ്ത കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തപ്പോള്‍ ചില ഇടവകകള്‍ 25 ദിവസവും വീഡിയോ മെസേജുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചു. എറണാകുളം-അങ്കമാലിയിലെ കാഞ്ഞൂര്‍ കെ സി വൈ എം എല്ലാ വണക്കമാസ പ്രാര്‍ത്ഥനകളും വചനങ്ങളും ആശംസ സന്ദേശങ്ങളും പോസ്റ്ററുകളാക്കി ഇടവക ജനങ്ങളിലേക്ക് എത്തിക്കുന്നു. വരാപ്പുഴ രൂപതയിലെ പൊറ്റക്കുഴി കെ സി വൈ എം വലിയ നോമ്പിലെ 50 ദിവസവും ഓണ്‍ലൈന്‍ പ്രാര്‍ത്ഥന കൂട്ടായ്മ നടത്തി. ഒരു വര്‍ഷം കൊണ്ട് ബൈബിള്‍ പൂര്‍ണ്ണമായും വായിക്കുന്നതിനായി ഒരു അഖണ്ഡ ബൈബിള്‍ പാരായണവും ഇടവക ജനങ്ങള്‍ക്കായി സംഘടിപ്പിച്ചു.

എറണാകുളം ജനറല്‍ ആശുപത്രിയിലെ മുലപ്പാല്‍ ബാങ്കിലേക്ക് അമ്മമാരെ കണ്ടെത്തി മുലപ്പാല്‍ ദാനം നടത്തുന്നതിന് പൊറ്റക്കുഴി കെ സി വൈ എം നേതൃത്വം നല്‍കി. അമ്മമാരില്‍ നിന്ന് നേരിട്ട് മുലപ്പാല്‍ കുടിക്കാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്കായി സ്ഥാപിച്ചിരിക്കുന്നതാണ് ഈ ബാങ്ക്.

 • വിശുദ്ധ ദിനങ്ങളോട് അനുബന്ധിച്ച് പ്രായമായവരെയും രോഗികളെയും ദേവാലയത്തില്‍ കൊണ്ടുവരുന്നതിനും കൂദാശകള്‍ സ്വീകരിക്കുന്നതിനും നേതൃത്വം നല്‍കുന്ന യുവജന സംഘടനകള്‍ ഉണ്ട്. ചങ്ങനാശ്ശേരി അതിരൂപതയിലെ ഇത്തിത്താനം യുവദീപ്തി രോഗീദിനത്തില്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിന് ക്രമീകരണം ഒരുക്കുകയും ഓശാന ഞായറാഴ്ച വീടുകളിലെത്തി കുരുത്തോല രോഗികള്‍ക്ക് നല്‍കി അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

 • ചങ്ങനാശ്ശേരി അതിരൂപതയിലെ കൂരോപ്പട യുവദീപ്തി പന്തക്കുസ്ത തിരുനാളിനോടനുബന്ധിച്ച് ബൈബിള്‍ കൈയെഴുത്ത് പ്രതി തയ്യാറാക്കി കുര്‍ബാനയിലെ ബൈബിള്‍ വായനയ്ക്കായി ഉപയോഗിച്ചു.

 • ഇടുക്കി രൂപതയിലെ പാറത്തോട് കെ സി വൈ എം വിശേഷാവസരങ്ങളിലെ കുമ്പസാരവേദികളില്‍ വോളണ്ടിയേഴ്‌സായി സഹായിക്കുന്നു.

 • ഫോട്ടോ ബൂത്തുകളും സെല്‍ഫി കോര്‍ണറുകളും ആഘോഷങ്ങളോടനുബന്ധിച്ച് യുവജനങ്ങള്‍ തയ്യാറാക്കുന്നുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയിലെ വടുതല കെ സി വൈ എം ലോക ഇമോജി ദിനത്തോടനുബന്ധിച്ചാണ് ഫോട്ടോ ബൂത്ത് തയ്യാറാക്കിയതെങ്കില്‍ കൈപ്പട്ടൂര്‍ സി എല്‍ സി തിരുനാളിന്റെ ഭാഗമായാണ് മാലാഖയുടെ മുഖവുമായി ഫോട്ടോ ബൂത്ത് ഒരുക്കിയത്.

 • സാമൂഹ്യ മാധ്യമങ്ങളുടെ ഫലപ്രദമായ ഉപയോഗം ഇന്ന് യുവജന സംഘടന പ്രവര്‍ത്തനങ്ങളില്‍ കാലാനുസൃതമായ മാറ്റം കൈവരിക്കുവാന്‍ സഹായിക്കുന്നുണ്ട്. എല്ലാ സംഘടനകള്‍ക്കും തന്നെ സാമൂഹ്യ മാധ്യമ പേജുകളും ചാനലുകളും ഉണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ സാധിക്കുന്നു. ആനത്തടം കെ സി വൈ എം ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ച് രൂപതാ തലത്തില്‍ സമ്മാനാര്‍ഹരായി. ഓണ്‍ലൈന്‍ പ്രാര്‍ത്ഥനകളും പരിശീലനങ്ങളും ക്ലാസ്സുകളും ഇടവകകളില്‍ യുവജനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.

സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന് നൂതന വഴികള്‍ ആശ്രയിക്കാനും നമ്മുടെ യുവജനങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. അംഗങ്ങളില്‍ നിന്നോ ഇടവകാംഗങ്ങളില്‍ നിന്നോ ഉള്ള സംഭാവനകള്‍ കൂടാതെ വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ ഫണ്ട് കണ്ടെത്തുന്നത് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമ്പോള്‍ അതിശയകരമായ വസ്തുതയാണ്. ഇത്തരത്തില്‍ വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ കണ്ടെത്തുന്ന പണം കൂടുതലും സംഘടനകള്‍ ചെലവഴിച്ചിട്ടുള്ളത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ്.

 • പൊറ്റക്കുഴി കെ സി വൈഎം പണം കണ്ടെത്തുന്നതിനായി ഉപയോഗിച്ചിരിക്കുന്ന ഒരു വ്യത്യസ്ത മാര്‍ഗമാണ് പത്രോസിന്റെ ഫിഷ് ഹബ്. പച്ചമീന്‍ ഹാര്‍ബറുകളില്‍ നിന്ന് ശേഖരിച്ച് ഇടവകയിലെ വീടുകളില്‍ ഓണ്‍ലൈനായി ആവശ്യക്കാരെ കണ്ടെത്തി എത്തിച്ചു കൊടുക്കുന്നു. പള്ളിയിലെ ടാങ്കുകളില്‍ മീന്‍ വളര്‍ത്തി വില്പന നടത്തുന്ന യൂണിറ്റുകളും ഉണ്ട്. കൊറോണക്കാലത്ത് ഇടവകയില്‍ ഒരംഗം വളര്‍ത്തിയ മീനുകള്‍ വില്‍ക്കാനാവാതെ ബുദ്ധിമുട്ടിയപ്പോള്‍ മാനന്തവാടി രൂപതയിലെ അമ്പായത്തോട് കെ സി വൈ എം വില്പന ഏറ്റെടുക്കുകയും ലാഭവിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തു. പാലക്കാട് രൂപതയിലെ ഒലവക്കോട് കെ സി വൈ എം ഇടവകയിലെ കുടുംബങ്ങളിലേക്ക് പോര്‍ക്ക് ഇറച്ചി വില്പന നടത്തിയപ്പോള്‍ മറ്റ് എല്ലാ ഇടവകകളും തന്നെ ക്രിസ്മസിന് കേക്ക് ഫെസ്റ്റും സ്റ്റാര്‍ ഫെസ്റ്റും തിരുനാളുകള്‍ക്കും മറ്റും സ്റ്റാളുകളും ഫുഡ് ഫെസ്റ്റും നടത്തി പണം കണ്ടെത്തുന്നുണ്ട്. ബിരിയാണി ചലഞ്ച് പണം കണ്ടെത്തുന്നതിന് സംഘടനകള്‍ നടപ്പിലാക്കുന്ന ഒരു സമകാലീന പദ്ധതിയാണ്.

കൂടുതല്‍ യുവജന സംഘടനകളും യൂത്ത് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ സമൂഹത്തില്‍ പ്രവര്‍ത്തനനിരതരാകാന്‍ ഇത് അവരെ സഹായിക്കുന്നു. ഇതിനാവശ്യമായ പരിശീലനങ്ങളും സംഘടനകള്‍ അംഗങ്ങള്‍ക്ക് നല്‍കുന്നുണ്ട്.

 • എല്ലാ സംഘടന യൂണിറ്റുകളും തന്നെ പണം കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന ഒരു മാര്‍ഗമാണ് സ്‌ക്രാപ്പ് ചലഞ്ച്. പഴയ പേപ്പറും പ്ലാസ്റ്റിക്കും എല്ലാം വീടുകളിലെത്തി ശേഖരിച്ച് അതു വിറ്റ് കണ്ടെത്തുന്ന പണം സംഘടനാ പ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തുമ്പോള്‍ നമ്മുടെ യുവജനങ്ങള്‍ എത്രമാത്രം അധ്വാനിക്കുന്നവരാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

 • ചങ്ങനാശ്ശേരി അതിരൂപതയിലെ കണ്ണമൂല യുവദീപ്തി ഒരു ദിവസം ഒരു രൂപ എന്ന രീതിയിലുള്ള അംഗങ്ങളുടെ സംഭാവന സ്വീകരിക്കുന്നു.

 • കാഞ്ഞൂര്‍ സി എല്‍ സി യുടെ കപ്പ കൃഷിയും ലിസ്യു നഗര്‍ സി എല്‍ സി യുടെ ഓണത്തിനായുള്ള പൂ കൃഷിയും ആനത്തടം കെ സി വൈ എം ന്റെ കുട നിര്‍മ്മാണവും നഴ്‌സറി നടത്തിപ്പുമെല്ലാം അംഗങ്ങളുടെ സഹകരണത്തോടെ നടന്ന ധനസമാഹരണ യജ്ഞങ്ങളാണ്.

 • മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസിലൂടെയും സമ്മാന കൂപ്പണുകളിലൂടെ ക്രിസ്മസ് ട്രീയിലൂടെയും പണം കണ്ടെത്തുന്ന ഇടവകകളുമുണ്ട്.

യുവജന സംഘടനകളുടെ ചില പദ്ധതികള്‍ തികച്ചും മൗലികമാണ്. അവരുടെ കൂട്ടായ്മയും സംഘടനാപാടവവും ക്രിയാത്മകതയുമെല്ലാം ഈ പദ്ധതികളിലൂടെ വെളിപ്പെടുന്നു.

 • ഇടവകയിലെ ജനങ്ങള്‍ക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏതെന്ന് കണ്ടെത്തുന്നതിനായി സര്‍വേ നടത്തുകയും അതനുസരിച്ച് പദ്ധതികള്‍ ക്രമീകരിക്കുകയും സര്‍വേ നടത്തിപ്പിനായി സ്വന്തമായി ഒരു ആപ്പ് രൂപീകരിക്കുകയും ചെയ്തവരാണ് കൂരോപ്പട യുവദീപ്തി. ഈ സര്‍വേ അനുസരിച്ച് വീടുകളില്‍ ഉപയോഗിക്കാതിരിക്കുന്ന വീട്ടുപകരണങ്ങളും ഫര്‍ണിച്ചറുകളും ആവശ്യക്കാര്‍ക്ക് കൈമാറാനും അവര്‍ക്ക് സാധിച്ചു.

 • തൃക്കൊടിത്താനം എസ് എം വൈ എമ്മിന്റെ നേതൃത്വത്തില്‍ മതഭേദം കൂടാതെ ഗ്രാമത്തിലെ 500 ലേറെ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മതസൗഹാര്‍ദ സമ്മേളനവും ഭിന്നശേഷിക്കാരുടെ അവകാശങ്ങളെക്കുറിച്ച് അവരെ ബോധവല്‍ക്കരിക്കുന്നതിനായി ഭിന്നശേഷി സംഗമവും നടത്തി.

 • വാരിയാനിക്കാട് എസ് എം വൈ എം കാലാനുസൃതമായി നടപ്പിലാക്കിയ ഒന്നാണ് പ്രവാസി യുവജന വാട്ട്‌സ്ആപ്പ് കൂട്ടായ്മ. ലോകത്ത് എ വിടെയാണെങ്കിലും അതാത് ഇടവകകളിലെ യുവജനങ്ങളെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ കോര്‍ത്തിണക്കാന്‍ സാധിക്കുമെന്ന് ഇവര്‍ പഠിപ്പിക്കുന്നു.

ഇടവകയിലെ ജനങ്ങള്‍ക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏതെന്ന് കണ്ടെത്തുന്നതിനായി സര്‍വേ നടത്തുകയും അതനു സരിച്ച് പദ്ധതികള്‍ ക്രമീകരിക്കുകയും സര്‍വേ നടത്തിപ്പിനായി സ്വന്തമായി ഒരു ആപ്പ് രൂപീകരിക്കുകയും ചെയ്തവരാണ് കൂരോപ്പട യുവദീപ്തി. ഈ സര്‍വേ അനുസരിച്ച് വീടുകളില്‍ ഉപയോഗിക്കാതിരിക്കുന്ന വീട്ടുപകരണങ്ങളും ഫര്‍ണിച്ചറുകളും ആവശ്യക്കാര്‍ക്ക് കൈമാറാനും അവര്‍ക്ക് സാധിച്ചു.

 • കൂടുതലും യുവജന സംഘടനകള്‍ യൂത്ത് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ സമൂഹത്തില്‍ പ്രവര്‍ത്തന നിരതരാകാന്‍ ഇത് അവരെ സഹായിക്കുന്നു. ഇതിനാവശ്യമായ പരിശീലനങ്ങളും സംഘടനകള്‍ അംഗങ്ങള്‍ക്ക് നല്‍കുന്നുണ്ട്. പരിശീലനത്തിന് ഫയര്‍ഫോഴ്‌സ്, മെഡിക്കല്‍ ടീം എന്നിങ്ങനെയുള്ള വിദഗ്ധരുടെ സേവനവും ലഭ്യമാക്കുന്നു. കൂരോപ്പട യുവദീപ്തി പ്രാഥമിക ശുശ്രൂഷകള്‍ നടത്തുന്നതിനുള്ള ജീവന്‍ രക്ഷാ പരിശീലനം അംഗങ്ങള്‍ക്ക് ലഭ്യമാക്കി.

 • ഇടവകയിലെ ജനങ്ങള്‍ക്കായി വ്യത്യസ്ത ഹെല്‍പ്പ് ഡെസ്‌ക്കുകളും യുവജനങ്ങള്‍ നടത്തുന്നുണ്ട്. കാഞ്ഞൂര്‍ കെ സി വൈ എം ആധാര്‍ പാന്‍ ലിങ്കിനുള്ള സഹായം ചെയ്തപ്പോള്‍ ആമ്പക്കാട് യൂത്ത് ആധാര്‍ അപ്‌ഡേഷനും വാരിയാനിക്കാട് യൂത്ത് പി എസ് സി, അഗ്‌നിപഥ് എന്നിവയുടെ രജിസ്‌ട്രേഷനും അവസരമൊരുക്കി. ഗവണ്‍മെന്റ് പൊതുപരീക്ഷകള്‍ക്കായുള്ള കോച്ചിംഗുകളും ഇടവകള്‍ നടത്തിവരുന്നു.

 • പാറത്തോട് യുവദീപ്തി യുവജനങ്ങളിലെ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി യുവജന കര്‍ഷക അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നു.

 • വിവിധ സംഘടനകള്‍ ഒരിടവകയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചിലപ്പോഴെങ്കിലും ചില പ്രതിസന്ധികള്‍ ഉടലെടുക്കാറുണ്ട്. ഇവിടെ കാഞ്ഞൂര്‍ മോഡല്‍ വിജയകരമാകുന്നു. ഇടവകയിലെ എല്ലാ സംഘടനകളെയും കോര്‍ത്തിണക്കുന്ന സെബസ്റ്റാനിയന്‍ കാ ഞ്ഞൂര്‍ യൂത്ത് സ്‌കൈ എന്ന പൊതുവേദിയിലൂടെയും ഇടവകയിലെ യുവജനങ്ങള്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കാഞ്ഞൂര്‍ ഇടവക കെ സി വൈ എം പ്രാര്‍ത്ഥനകള്‍ ഉള്‍പ്പെടുന്ന തനതായ ഒരു ആപ്ലിക്കേഷന്‍ രൂപപ്പെടുത്തിയിട്ടുണ്ട്.

യുവതീയുവാക്കളുടെ സാമൂഹ്യക്ഷേമ സന്നദ്ധതയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും എല്ലാവരും മാതൃകയാക്കേണ്ടതും പിന്തുടരേണ്ടതുമാണ്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തക്കതായ അംഗീകാരവും പ്രോത്സാഹനവും ഇടവക ജനങ്ങള്‍ നല്‍കുന്നുണ്ടോ എന്നുള്ളതും ചിന്തിക്കേണ്ടതാണ്.

 • മണിപ്പൂര്‍ കലാപത്തിനെതിരെ എല്ലാ യുവജന സംഘടനകളും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പൊറ്റക്കുഴി യൂത്ത് മണിപ്പൂരിലേക്ക് ആവശ്യമായ സാധനങ്ങള്‍ ശേഖരിച്ച് നല്കുകയും ചെയ്തു. കാര്‍ഷിക ദുരിതങ്ങള്‍, വന്യജീവി പ്രശ്‌നം, കുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരേ നടന്ന അക്രമങ്ങള്‍, സഭയ്‌ക്കെതിരെയുള്ള പ്രസ്താവനകള്‍, സഭാ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ തുടങ്ങിയവയിലെല്ലാം യുവജനങ്ങള്‍ കാര്യക്ഷമമായി പ്രതികരിക്കുന്നുണ്ട്.

 • റോഡ് അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി വളവുകളിലും മറ്റും വയ്ക്കുന്ന സേഫ്റ്റി കോണ്‍വെക്‌സ് മിററുകള്‍ അമ്പുനാട് സി എല്‍ സി യും ഇത്തിത്താനം യുവദീപ്തിയും തങ്ങളുടെ പരിസരങ്ങളില്‍ സ്ഥാപിച്ചപ്പോള്‍ കൂരോപ്പട യുവദീപ്തി കോണ്‍വെക്‌സ് മിററുകള്‍ വൃത്തിയാക്കാനാണ് സേവന ദിനം ഉപയോഗിച്ചത്.

 • റോഡ് നിര്‍മ്മാണം, തടയണ നിര്‍മ്മാണം, റോഡ് വൃത്തിയാക്കല്‍ തുടങ്ങിയവ മുതല്‍ ക്വോറി ഉപരോധം വരെ യുവജനങ്ങള്‍ പൊതു നന്മയ്ക്കായി നടപ്പിലാക്കിയിട്ടുണ്ട്. പല ഇടവകകളിലും പള്ളിയും പരിസരവും സിമിത്തേരിയുമൊക്കെ ഭംഗിയായി സൂക്ഷിക്കുന്നതിനും വൃത്തിയാക്കുന്നതിനും യുവജനങ്ങള്‍ തന്നെയാണ് നേതൃത്വമെടുക്കുന്നത്. വടുതല കെ സി വൈ എം പരിസ്ഥിതി ദിനത്തില്‍ ബീച്ച് ക്ലീനിങിനായി മുന്നിട്ടിറങ്ങി. പാറത്തോട് ഇടവകയില്‍ തനിച്ചു താമസിക്കുന്നവരുടെ വീടുകള്‍ വൃത്തിയാക്കിയാണ് അവിടുത്തെ യുവജനങ്ങള്‍ മാതൃകയാവുന്നത്.

മെഡിക്കല്‍ ക്യാമ്പ്, രക്തദാനം, പൊതിച്ചോര്‍ വിതരണം, വൃദ്ധ അഗതി ഭിന്നശേഷി അനാഥ മന്ദിരങ്ങളിലെ സന്ദര്‍ശനം തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വളരെ വ്യാപകമായ തോതില്‍ യുവജനങ്ങള്‍ ചെയ്തുവരുന്നുണ്ട്. യുവജനങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ് എന്നുള്ളത് സമൂഹത്തിന്റെ ഭാവിക്ക് ശുഭകരമാണ്.

 • എറണാകുളം ജനറല്‍ ആശുപത്രിയിലെ മുലപ്പാല്‍ ബാങ്കിലേക്ക് അമ്മമാരെ കണ്ടെത്തി മുലപ്പാല്‍ ദാനം നടത്തുന്നതിന് പൊറ്റക്കുഴി കെ സി വൈ എം നേതൃത്വം നല്‍കി. അമ്മമാരില്‍ നിന്ന് നേരിട്ട് മുലപ്പാല്‍ കുടിക്കാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്കായി സ്ഥാപിച്ചിരിക്കുന്നതാണ് ഈ ബാങ്ക്.

 • കാഞ്ഞൂര്‍ കെ സി വൈ എം, ആനത്തടം കെ സി വൈ എം തുടങ്ങിയ സംഘടനകള്‍ കേശദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു.

 • രക്തദാനത്തോടൊപ്പം ബ്ലഡ് ബാങ്ക് ഡയറക്ടറി, വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍, ഓണ്‍ലൈന്‍ അഡ്രസ്സ് ബുക്ക് തുടങ്ങിയ സംവിധാനങ്ങള്‍ യുവജനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.

 • കൂരോപ്പട യുവദീപ്തി ആവശ്യമുള്ളവര്‍ക്കു വന്ന് എടുത്തുകൊണ്ടു പോകാവുന്ന വിധത്തില്‍ 'കരുതല്‍' എന്ന പേരില്‍ 'അരി' ഓഫീസിനു മുന്നില്‍ സ്ഥിരമായി സൂക്ഷിക്കുന്നു. ദേവാലയത്തില്‍ ബോക്‌സുകള്‍ സ്ഥാപിച്ച് പഠനോപകരണങ്ങള്‍, പലവ്യഞ്ജനങ്ങള്‍, മറ്റ് അനുദിനജീവിതത്തിന് ആവശ്യമായ വസ്തുക്കള്‍ എന്നിവ ശേഖരിച്ച് വിതരണം ചെയ്യുന്ന സംഘടനകളുമുണ്ട്.

 • ഉപയോഗയോഗ്യമായ ഡ്രസ്സുകള്‍ ശേഖരിച്ച് ഡ്രസ്സ് ബാങ്ക് നടത്തുന്നു കൂരോപ്പട യൂണിറ്റ്.

 • പല സംഘടനകളുടെയും യൂണിറ്റുകള്‍ക്ക് ജീവകാരുണ്യ ഫണ്ട് പ്രത്യേകമായുണ്ട്. അതില്‍നിന്ന് മാസംതോറും ഡയാലിസിസ് തുടങ്ങിയ ചികിത്സകള്‍ക്കും മറ്റ് പ്രത്യേക ആവശ്യങ്ങള്‍ക്കും അപേക്ഷകളനുസരിച്ച് സഹായം നല്‍കുന്ന രീതിയുമുണ്ട്.

 • കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ്, ജീവിതശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പ് തുടങ്ങിയ ബോധവല്‍ക്കരണ പരിപാടികളും പേപ്പര്‍ ബാഗ് നിര്‍മ്മാണം തുടങ്ങിയ സംരംഭക പരിശീലനങ്ങളും ഉള്‍പ്പെടെ വ്യത്യസ്തങ്ങളാണ് യുവജന പ്രസ്ഥാനങ്ങളുടെ ശുശ്രൂഷകള്‍.

യുവജന ദിനം എല്ലാ ഇടവകകളും ആഘോഷമായി കൊണ്ടാടാറുണ്ട്. എന്നാല്‍ അതോടൊപ്പം തന്നെ മാതൃദിനം, വനിതാദിനം തുടങ്ങിയ ദിവസങ്ങളിലും ഇടവകകളില്‍ യുവജനങ്ങള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

 • മാതൃദിനത്തില്‍ അമ്മമാര്‍ക്കായി വ്യത്യസ്ത മത്സരങ്ങള്‍, കൂട്ടായ്മകള്‍, അമ്മമാരോടൊപ്പമുള്ള മക്കളുടെ സെല്‍ഫി കോണ്‍ടസ്റ്റ്.

 • പിതൃദിനത്തില്‍ അപ്പന്മാരുടെ പഞ്ചഗുസ്തി മത്സരം, മറ്റ് മത്സരങ്ങള്‍. ആനത്തടം കെ സി വൈഎം പിതൃദിന പരിപാടിക്ക് പേര് നല്‍കിയത് 'അപ്പന്‍: ദി അണ്‍ ടോള്‍ഡ് ലവ്' എന്നാണ്.

 • വൈദിക ദിനത്തിന് പ്രായമായ വൈദികര്‍ താമസിക്കുന്ന വൈദിക മന്ദിരം സന്ദര്‍ശിക്കുക, ആശംസാകാര്‍ഡുകള്‍ അയയ്ക്കുക.

 • വനിതാദിനത്തില്‍ നാട്ടിലെ വനിത സംരംഭകരെ പരിചയപ്പെടുത്തുന്ന പ്രദര്‍ശനങ്ങള്‍, സെല്‍ഫ് ഡിഫന്‍സ് ക്ലാസ്, മെന്‍സ്‌ട്രേഷന്‍, അബോര്‍ഷന്‍ തുടങ്ങിയവയെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്.

 • പ്രായമായവരെ ആദരിക്കുന്ന ഗ്രാന്‍ഡ് പാരന്റ്‌സ് ഡേ.

 • ശിശുദിനത്തില്‍ അനാഥാലയ സന്ദര്‍ശനം.

 • പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈകളുടെ വിതരണം, ക്ലീനിങ് ...

 • ലഹരി വിരുദ്ധ ദിനത്തില്‍ ബോധവല്‍ക്കരണ മാരത്തണ്‍, ക്ലാസുകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഓരോ ഇടവകയിലും നടന്നിട്ടുള്ളത്.

ഇടവക ജനങ്ങളുടെ പ്രത്യേകിച്ച് യുവജനങ്ങളുടെ സമഗ്രമായ വളര്‍ച്ചയ്ക്ക് ഉതകുന്ന കലാ കായിക പ്രവര്‍ത്തനങ്ങള്‍ സംഘടനകള്‍ നടത്തിവരുന്നു. മാര്‍ഗംകളി, സിനിമാറ്റിക് ഡാന്‍സ്, പ്രസംഗ മത്സരങ്ങള്‍, ബൈബിള്‍ ക്വിസ്, സാഹിത്യ രചന മത്സരങ്ങള്‍ തുടങ്ങിയവയും അവയ്ക്കായുള്ള പരിശീലനങ്ങളും സംഘടിപ്പിക്കപ്പെടുന്നുണ്ട്. എല്ലാ ഇടവകകളും തന്നെ ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുകയോ ഫുട്‌ബോള്‍ മത്സരങ്ങളില്‍ പങ്കെടുക്കുകയോ ചെയ്തിട്ടുണ്ട്. ഫുട്‌ബോള്‍ കോച്ചിംഗ് നല്‍കുന്ന ഇടവകകളുമുണ്ട്. കൂടാതെ വോളിബോള്‍, വടംവലി, ക്യാരംസ് ടൂര്‍ണ്ണമെന്റുകളും പല ഇടവകകളും മുടക്കം കൂടാതെ നടത്തിവരുന്നു. ഗായകസംഘങ്ങള്‍ക്കുള്ള പരിശീലനവും കീബോര്‍ഡ് പരിശീലനവും നടത്തുന്ന സംഘടനാ യൂണിറ്റുകളുമുണ്ട്.

 • കൊങ്ങോര്‍പിള്ളി കെ സി വൈ എം, താമരശ്ശേരി രൂപതയിലെ കൂടത്തായി കെ സി വൈ എം എന്നിവര്‍ കോളേജ് മാഗസിന്‍ നിലവാരമുള്ള സംഘടനാ മാഗസിനുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇടവകാംഗങ്ങളുടെയും യുവതീയുവാക്കളുടെയും വ്യത്യസ്ത കലാവാസനകള്‍ പ്രദര്‍ശിപ്പിക്കുന്ന യൂട്യൂബ് ചാനലുകള്‍ പല ഇടവകകള്‍ക്കുമുണ്ട്.

 • ആനത്തടം കെ സി വൈ എം രൂപത അടിസ്ഥാനത്തില്‍ ഒരു സിനിമാറ്റിക് ഡാന്‍സ് മത്സരം സംഘടിപ്പിക്കുകയും രൂപത അടിസ്ഥാനത്തിലുള്ള ബൈബിള്‍ ഡാന്‍സ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.

 • അന്താരാഷ്ട്ര സൈക്കിള്‍ ദിനത്തില്‍ സൈക്കിള്‍ റാലി നടത്തിയാണ് ആലപ്പുഴ രൂപതയിലെ ഇമ്മാനുവല്‍ യൂണിറ്റ് അംഗങ്ങള്‍ക്ക് ആരോഗ്യ ബോധവല്‍ക്കരണം നല്‍കിയത്.

 • കൂരോപ്പട യുവദീപ്തി അപകട മരണങ്ങള്‍ ഒഴിവാക്കുന്നതിനായി നീന്തല്‍ പരിശീലനവും നീന്തല്‍ മത്സരവും സംഘടിപ്പിക്കുന്നു. പൊറ്റക്കുഴി ഇടവക ഇളങ്കുന്നപ്പുഴ ബീച്ചില്‍ 50 ലേറെ പേരെ പങ്കെടുപ്പിച്ച ചൂണ്ടയിടയില്‍ മത്സരവും സംഘടിപ്പിച്ചു.

 • പൊറ്റക്കുഴി ഇടവക വിദ്യാര്‍ത്ഥികള്‍ക്കായി സയന്‍സ് പാര്‍ക്കിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു.

 • തൃക്കൊടിത്താനം യുവദീപ്തി ജൂബിലിയോട് അനുബന്ധിച്ച് കെ സി വൈ എം പതാകയുടെ നിറത്തിലുള്ള പട്ടം പറത്തല്‍ സംഘടിപ്പിച്ചു.

സാമൂഹ്യ മാധ്യമങ്ങളുടെ ഫലപ്രദമായ ഉപയോഗം ഇന്ന് യുവജന സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കാലാനുസൃതമായ മാറ്റം കൈവരിക്കുവാന്‍ സഹായിക്കുന്നുണ്ട്. എല്ലാ സംഘടനകള്‍ക്കും തന്നെ സാമൂഹ്യ മാധ്യമ പേജുകളും ചാനലുകളുമുണ്ട്.

ഫാ. ചെറിയാന്‍ നേരെവീട്ടില്‍ യുവജന സംഘടനാ അവാര്‍ഡിനായി ലഭിച്ച അമ്പതോളം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ പഠനം തയ്യാറാക്കിയിട്ടുള്ളത്. കേരളത്തില്‍ മൂന്ന് റീത്തുകളിലുമായി രൂപത അടിസ്ഥാനത്തിലും ഫൊറോന അടിസ്ഥാനത്തിലും ഇടവക തലത്തിലും യുവജന സംഘടനകളുടെ പ്രവര്‍ത്തനങ്ങളുണ്ട്. അവയെല്ലാം ഉള്‍ക്കൊള്ളിക്കുവാന്‍ ഈ പഠനത്തിന് സാധിച്ചിട്ടില്ല. കൂടാതെ ജീസസ് യൂത്ത്, ചെറുപുഷ്പം മിഷന്‍ ലീഗ് തുടങ്ങിയ സംഘടനകളും യുവജന ശുശ്രൂഷ ചെയ്യുന്നുണ്ട്. ലഭിച്ച ഇടവകകളുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലും മാതൃകകളുടെ പങ്കുവയ്ക്കലുമാണ് ഈ പഠനത്തിലൂടെ ഉദ്ദേശിച്ചിട്ടുള്ളത്.

സഭയുടെയും സമൂഹത്തിന്റെയും ഭാവി നമ്മുടെ യുവജനങ്ങളുടെ കൈകളില്‍ സുരക്ഷിതമാണ് എന്നുള്ളത് ഈ പഠനം തെളിയിക്കുന്നു. തലമുറകള്‍ മാറുന്നു എന്നുള്ളതുകൊണ്ടും പരമ്പരാഗത സംവിധാനങ്ങള്‍ പിന്തുടരുന്നില്ല എന്നുള്ളതുകൊണ്ടും യുവജന സംഘടനകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് വിധിയെഴുതാനാവില്ല. ഈ കാലഘട്ടത്തിന് അനുസൃതമായി ഈ തലമുറയുടെ സ്വഭാവ സവിശേഷതകള്‍ അനുസരിച്ച് വ്യത്യസ്തമായ പദ്ധതികളിലൂടെ ഓരോ ഇടവകയിലും യുവജന സംഘടനകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. ആധ്യാത്മികം, സാമൂഹികം, കല, കായികം, സാംസ്‌കാരികം, ജീവകാരുണ്യം തുടങ്ങിയ മേഖലകളിലെല്ലാം നമ്മുടെ യുവജനങ്ങളുടെ ശ്രദ്ധ പതിയുന്നു എന്നുള്ളത് പ്രോത്സാഹനജനകമാണ്.

കേരളത്തിലെ മൂന്നു റീത്തുകളിലെയും ഇടവകകളോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മികച്ച യുവജന സംഘടനയ്ക്ക് നല്കുന്നതാണ് ഫാ. ചെറിയാന്‍ നേരെവീട്ടില്‍ യുവജന സംഘടന അവാര്‍ഡ്. എല്ലാ വര്‍ഷവും അച്ചന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് (മെയ് 27) മരട് വിശുദ്ധ ജാന്നാ പള്ളിയാണ് ഇടവകകളില്‍ നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അവാര്‍ഡ് നിര്‍ണ്ണയിക്കുന്നതും നല്‍കുന്നതും. യുവജന സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വിദഗ്ധരായവരാണ് റിപ്പോര്‍ട്ടു കളും അവതരണവുമനുസരിച്ച് മികച്ച സംഘടനയെ തിരഞ്ഞെടുക്കുന്നത്. 2023 ല്‍ പാലാ രൂപതയിലെ വാരിയാനിക്കാട് എസ് എം വൈ എമ്മിനും ഈ വര്‍ഷം വരാപ്പുഴ അതിരൂപതയിലെ പൊറ്റക്കുഴി കെ സി വൈ എമ്മിനു മാണ് അവാര്‍ഡ് ലഭിച്ചത്. അവാര്‍ഡ് സംബന്ധമായ വിശദ വിവരങ്ങള്‍ക്ക് giannachurchmaradu@gmail.com എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക.
logo
Sathyadeepam Weekly
www.sathyadeepam.org