കേരളീയ നവോത്ഥാനത്തിന്റെ ബഹുസ്വരവായനകള്‍

[രണ്ടാം ഭാഗം]
കേരളീയ നവോത്ഥാനത്തിന്റെ ബഹുസ്വരവായനകള്‍
ജാതിരഹിതമായ മതങ്ങള്‍ ഇവിടെ വന്നു നൂറ്റാണ്ടുകളായി പ്രവര്‍ത്തിച്ചിട്ടും ജാതിയുടെ അടിവേരിളക്കി കളയാനോ പരിപൂര്‍ണ്ണമായ സമത്വം സ്ഥാപിക്കാനോ കഴിഞ്ഞില്ല. നമ്മുടെ നവോത്ഥാനം അതുകൊണ്ട് പരാജയപ്പെട്ട നവോത്ഥാനമാണ് എന്ന് പറയേണ്ടിവരും.

1836 ല്‍ തോമസ് മെക്കാളെ എന്ന ബ്രിട്ടീഷ് രാഷ്ട്രീയക്കാരന്‍ ഇന്ത്യയില്‍ എത്തുന്നു. അദ്ദേഹം ഇന്ത്യയിലെ സമഗ്രമായ നിയമപരിഷ്‌കരണത്തിന് തുടക്കമിടുന്നു. നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം നിയമമാണ്. കാലാനുസൃതമല്ലാത്ത നിയമങ്ങള്‍ പരിഷ്‌കരിച്ചേ പറ്റൂ. അങ്ങനെയുള്ള ഒരു പരിഷ്‌കരണത്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍ തുടക്കമിട്ടു. ആ പരിഷ്‌കരണം വലിയ കുഴപ്പങ്ങള്‍ ഇന്ത്യയില്‍ ഉണ്ടാക്കുകയും ചെയ്തു. നമ്മുടെ സാമൂഹികമര്യാദകളും രീതികളും ഒന്നുമറിയാതെ യൂറോപ്യന്‍ രീതിയുപയോഗിച്ച് ചില നിയമങ്ങള്‍ ഇവിടെ വച്ചു കെട്ടിയപ്പോള്‍ ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടായി. അതേസമയം ഇതിന്റെ മറുവശത്ത് നിയമപരിഷ്‌കരണം വന്നപ്പോള്‍ പൊലീസ് സ്റ്റേഷനുകള്‍ വന്നു, കോടതികള്‍ വന്നു. ഇതുമൂലം ബ്രാഹ്മണ മേധാവിത്വത്തിലും ചാതുര്‍വര്‍ണ്യത്തിലും അധിഷ്ഠിതമായിരുന്ന ഇന്ത്യന്‍ നിയമങ്ങളില്‍ മാറ്റങ്ങള്‍ വന്നു.

മതതത്വങ്ങള്‍ വച്ച് ധാര്‍മ്മികതയ്ക്ക് നിരക്കാത്ത നിയമങ്ങളാണ് ഇവിടെ നടപ്പാക്കിയിരുന്നത്. ഹിന്ദു രാജ്യങ്ങളില്‍ സംസ്‌കൃതത്തില്‍ എഴുതിയ ചില പ്രാചീന നിയമ സംഹിതകള്‍ ആണ് ഉപയോഗിച്ചിരുന്നത്. അതില്‍ ഒരേ കുറ്റകൃത്യം ബ്രാഹ്മണന്‍ ചെയ്താല്‍ ശിക്ഷയില്ല, ദളിതന്‍ ചെയ്താല്‍ അവനെ കൊല്ലും. ഒരേ കുറ്റകൃത്യം ചെയ്തതിന് രണ്ടുപേര്‍ക്കും രണ്ടുതരം ശിക്ഷ. ശുചീന്ദ്രം കൈമുക്ക് എന്ന സമ്പ്രദായത്തെക്കുറിച്ച് കേട്ടിട്ടുണ്ടാവും. കുറ്റം നിഷേധിച്ചയാളെ ശുചീന്ദ്രത്തു കൊണ്ടുപോയി അവിടുത്തെ ക്ഷേത്രത്തില്‍ തിളച്ച എണ്ണയില്‍ കൈമുക്കുക. കൈ പൊള്ളിയാല്‍ കുറ്റം ചെയ്തു. പൊള്ളിയില്ലെങ്കില്‍ കുറ്റം ചെയ്തിട്ടില്ല. അപൂര്‍വമായേ ഇത് നടത്തിയിട്ടുള്ളൂ കാരണം ശുചീന്ദ്രത്തു കൈമുക്കിയിട്ട് കൈ പൊള്ളിയില്ല എങ്കില്‍ രാജാവ് പരിഹാരം ചെയ്യണം. ആളെ ആനപ്പുറത്ത് ആനയിച്ച് കോട്ട വാതില്‍ക്കല്‍ വച്ച് രാജാവ് സ്വീകരിച്ച് നഗരപ്രദക്ഷിണം നടത്തണമെന്നാണ്. അതിനു പോകാന്‍ മഹാരാജാക്കന്മാര്‍ തയ്യാറല്ലാത്തതുകൊണ്ട് ഇത് അധികം നടന്നിട്ടില്ല. പക്ഷേ പ്രാചീനമായ ഇത്തരം സമ്പ്രദായങ്ങള്‍, ലിഖിതമായ നിയമമില്ലായ്മ, ആളുകളുടെ ജാതിയും മതവും അനുസരിച്ചുള്ള ശിക്ഷകള്‍ എന്നിങ്ങനെ ചൂഷണാധിഷ്ഠിതമായ ഈ നിയമ സമ്പ്രദായത്തിന് പകരം ചില ക്രമീകൃതമായ സമ്പ്രദായങ്ങളും ആധുനികമായ കാഴ്ചപ്പാടോടു കൂടിയ നിയമങ്ങളും കൊണ്ടുവരുന്നതിന് ഈ കൊളോണിയല്‍ ശക്തികള്‍ ഇടയാക്കി. കുഴപ്പങ്ങള്‍ ഉണ്ടാക്കിയതിനോടൊപ്പം തന്നെ മാറ്റങ്ങളും ഇതു കൊണ്ടുവന്നു എന്നര്‍ത്ഥം.

1811 ല്‍, തോമസ് മണ്‍റോ തിരുവിതാംകൂറില്‍ വന്നു. അദ്ദേഹം ചട്ടവരിയോലകള്‍ പുറത്തിറക്കി നിയമം പരിഷ്‌കരിച്ചു. തിരുവിതാംകൂറില്‍ മാത്രമല്ല ഇന്ത്യയിലെ പല നാട്ടുരാജ്യങ്ങളിലും നിയമ പരിഷ്‌കരണം നടന്നു. അതിന്റെ കൂടെ പള്ളിക്കൂടം വന്നു. ഇന്നത്തെ തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ് സ്‌കൂള്‍ വരുന്നത് ഇന്ന് തമിഴ്‌നാട്ടിലുള്ള മൈലാടിയിലാണ്. വലിയ പടുകൂറ്റന്‍ കരിമ്പാറകള്‍ കൊത്തുന്ന ശില്പികളുടെ നാടാണ് മൈലാടി. മൈലാടിയില്‍ റിങ്കിള്‍ ടോബ് എന്ന ജര്‍മ്മന്‍ മിഷനറിയാണ് ആദ്യത്തെ ഇംഗ്ലീഷ് സ്‌കൂള്‍ തുടങ്ങിയത്. അദ്ദേഹം ജര്‍മനിയില്‍ നിന്ന് തിരുവിതാംകൂറില്‍ വന്ന് മഹാരാജാവിനോട് അനുവാദം ചോദിച്ചു, പിന്നാക്ക ജാതിക്കാര്‍ താമസിക്കുന്ന മൈലാടിയില്‍ ചെന്ന് അവരെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു സ്‌കൂളും ഒരു കൊച്ചു പള്ളിയും സ്ഥാപിക്കുന്നു. ഇന്ന് അതൊരു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആണ്. റിങ്കിള്‍ ടോബിന്റെ സ്മാരകമായി അതിനെ തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പള്ളിക്കൂടങ്ങളില്‍ പുസ്തകങ്ങള്‍ വേണം, ആശയങ്ങള്‍ പഠിപ്പിച്ചേ പറ്റൂ. അതിനായി ആശയങ്ങള്‍ വരുന്നു. ക്രിസ്തുമത പ്രചാരണത്തിനു മിഷനറിമാര്‍ നാട്ടിലെങ്ങും സഞ്ചരിക്കുന്നു. രാജഭരണം അതിന് അനുമതി നല്‍കുന്നു. രാജഭരണത്തിന് ഇവരോടുള്ള പ്രിയം കൊണ്ട് സംഭവിച്ചതാണ് എന്ന് തെറ്റിദ്ധരിക്കേണ്ട. രാജഭരണകൂടങ്ങളുടെ എല്ലാം മുകളില്‍ ബ്രിട്ടീഷ് റെസിഡന്റ് നില്‍പ്പുണ്ട്. അതുകൊണ്ട് യൂറോപ്പില്‍ നിന്നും വന്ന, പ്രത്യേകിച്ചും ഇംഗ്ലണ്ടില്‍ നിന്ന് വന്ന പ്രൊട്ടസ്റ്റന്റ് മിഷനറിമാര്‍ക്ക് നിര്‍ബാധമായ മതപ്രചരണം നടത്തുന്നതിനും വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതിനും സ്വത്താര്‍ജിക്കുന്നതിനും എല്ലാം കഴിഞ്ഞു.

വളരെ പ്രാചീനമായ ഒരു കാത്തലിക് പാരമ്പര്യം ഉള്ള നാടാണ് കേരളം. നാലാം നൂറ്റാണ്ട് മുതല്‍ തന്നെ കേരളത്തില്‍ ക്രൈസ്തവ സാന്നിധ്യം ഉണ്ട് എന്ന് നമുക്കറിയാം. പക്ഷേ 19-ാം നൂറ്റാണ്ട് വരെയും കേരളത്തിലെ ക്രൈസ്തവ ജനസംഖ്യ അതിഭീമമായി വളര്‍ന്നിരുന്നില്ല. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച സുറിയാനി ക്രൈസ്തവര്‍ ഭാരതീയമായ അടിത്തറയും വിശ്വാസവുമുള്ള ഒരു പ്രത്യേക ക്രമം ആയിട്ടാണ് കടന്നുപോന്നത്. എന്നാല്‍ പോര്‍ച്ചുഗീസുകാരുടെ വരവോടുകൂടി അവര്‍ കുറച്ചുകൂടി മതതീഷ്ണതയുള്ള ഒരു കത്തോലിക്കാവിശ്വാസം പ്രചരിപ്പിച്ചു. ഇതെല്ലാം പല റീത്തുകള്‍ ആയിട്ടാണ് ഇന്ന് കേരളത്തില്‍ തുടരുന്നത് എന്നും നമുക്കറിയാം. നിര്‍ബന്ധിതമായ സംഘടിതമായ മതപരിവര്‍ത്തനം കേരളത്തില്‍ നടന്നിട്ടില്ല. കേരളത്തിന്റെ പൊതുവായ സാംസ്‌കാരിക ധാരയുടെ ഒപ്പം, പാരമ്പര്യത്തിന്റെ ഒപ്പം, ഹിന്ദുമതത്തിന്റെ ഒപ്പം, ഇവിടെയുള്ള ഇസ്ലാമിന്റെ ഒപ്പം കത്തോലിക്ക വിശ്വാസവും ക്രൈസ്തവികതയും നിലനില്‍ക്കുകയായിരുന്നു. എന്നാല്‍ 19-ാം നൂറ്റാണ്ടോടുകൂടി ബ്രിട്ടീഷ് അധികാരശക്തികളുടെ പിന്‍ബലത്തില്‍ പ്രൊട്ടസ്റ്റന്റുകാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരംഭിക്കുന്നു. മതപരിവര്‍ത്തനം കേരളത്തില്‍ വ്യാപകമായി തീരുന്നു.

വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നത് മതം പ്രചരിപ്പിക്കാന്‍ വേണ്ടിയിട്ടായാലും അല്ലെങ്കിലും അത് ആശയങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടേയിരിക്കും. മരങ്ങളില്‍ നിന്ന് പൊട്ടിച്ചിതറുന്ന വിത്തുകള്‍ എവിടേക്ക് പോകുന്നു, ഏതൊക്കെ പക്ഷികള്‍ അത് കൊത്തിക്കൊണ്ടുപോകുന്നു എന്ന് നിങ്ങള്‍ക്ക് പ്രവചിക്കുക സാധ്യമല്ല. ആശയങ്ങളുടെ വള്ളികള്‍, വൃക്ഷങ്ങള്‍ പല രൂപങ്ങളില്‍ പൊടിച്ചു വന്നുകൊണ്ടേയിരിക്കും. പതുക്കെപ്പതുക്കെ സമൂഹത്തില്‍ ആശയങ്ങള്‍ വരുന്നു. സ്വതന്ത്രത വരുന്നു, നിയമ സംവിധാനം വരുന്നു, പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യമാകുമ്പോഴേക്കും കേരളം മറ്റൊരു മാറ്റത്തിന് തയ്യാറെടുക്കാന്‍ തുടങ്ങി കഴിഞ്ഞിരുന്നു. ഈ മാറ്റം ചിന്തയുടെ മാറ്റമാണ്. എന്തുകൊണ്ട് മറ്റൊരുതരം ജീവിതം സാധ്യമല്ല? നമുക്ക് ചില അവകാശങ്ങള്‍ ഒക്കെ ഇല്ലേ? നാം ദൈവസൃഷ്ടികളാണ് എന്ന് പറയുമ്പോഴും നമ്മുടെ ജീവിതം സുഖകരമായി മറ്റുള്ളവരെപ്പോലെ കൊണ്ടുനടക്കാന്‍ അവകാശമില്ലേ എന്ന ചോദ്യം മനുഷ്യരുടെ ഉള്ളിലുണ്ടാകുന്നു. കാരണം മനുഷ്യര്‍ ജാതീയമായി വിഭജിക്കപ്പെട്ടിരിക്കുകയായിരുന്നു. ജാതി സമ്പ്രദായം ഇല്ലാതെ വന്ന മതങ്ങളെ പോലും ഇവിടുത്തെ ജാതിയുടെ മെക്കാനിസം പിടികൂടിയിട്ടുണ്ട് എന്ന് നമുക്കറിയാം. ജാതിയുടെ മെക്കാനിസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതാണ്. ജാതിയെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ നമ്മള്‍ സ്വാതന്ത്ര്യസമര കാലഘട്ടം മുതലേ സമരം നടത്തി. ജാതി അതിനേക്കാള്‍ പല്ലും നഖവും മൂര്‍ച്ച കൂട്ടിക്കൊണ്ട് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്ന് നമുക്കറിയാം. ജാതി അതിശക്തമാണ്. ജാതിരഹിതമായ മതങ്ങള്‍ ഇവിടെ വന്നു നൂറ്റാണ്ടുകളായി പ്രവര്‍ത്തിച്ചിട്ടും ജാതിയുടെ അടിവേരിളക്കി കളയാനോ പരിപൂര്‍ണ്ണമായ സമത്വം സ്ഥാപിക്കാനോ കഴിഞ്ഞില്ല. നമ്മുടെ നവോത്ഥാനം അതുകൊണ്ട് പരാജയപ്പെട്ട നവോത്ഥാനമാണ് എന്ന് പറയേണ്ടിവരും.

ജാതിക്കെതിരെ പറയുന്ന സാഹചര്യം ഒക്കെ ആദ്യം കൊണ്ടുവന്നത് അച്ചടിയന്ത്രങ്ങളാണ്. കാരണം ചിന്ത പുസ്തകരൂപത്തിലെ വരൂ. പുസ്തകം അതിനുമുമ്പും ഉണ്ടായിരുന്നു. താളിയോലകളിലാണ് നാം എഴുതിവന്നിരുന്നത്. അച്ചടിച്ച പുസ്തകം യൂറോപ്പിന്റെ സംഭാവനയാണ്. അച്ചടിച്ച ഒരു പുസ്തകം പത്തൊമ്പതാം നൂറ്റാണ്ടിലാണ് കേരളത്തില്‍ വന്നത്. മലയാളഭാഷയില്‍ അച്ചടിക്കപ്പെട്ട ആദ്യത്തെ പുസ്തകത്തിന്റെ 250-ാം വാര്‍ഷികം കഴിഞ്ഞവര്‍ഷം ആയിരുന്നു. 1772 ല്‍, വരാപ്പുഴ സെമിനാരിയിലെ ക്ലമെന്റ് എന്ന പുരോഹിതന്‍ റോമിലെ പ്രൊപഗാന്താ പ്രസ്സ് അച്ചടിച്ച പുസ്തകം. ഈ പുസ്തകം വന്ന് പിന്നെയും 40 കൊല്ലം കഴിഞ്ഞപ്പോള്‍ കോട്ടയത്ത് ബെഞ്ചമിന്‍ ബെയിലി പ്രസ്സ് സ്ഥാപിച്ചു, 1824 ല്‍ പുസ്തകം അച്ചടിച്ചു. ഈ അച്ചടിയന്ത്രത്തിന്റെ സാധ്യത മനസ്സിലാക്കിയ മറ്റൊരു കത്തോലിക്ക പുരോഹിതന്‍ കുര്യാക്കോസ് ഏലിയാസ് ചാവറ ഒരു പ്രസ്സ് സ്ഥാപിക്കുന്നു. ബെയിലിയുടെ പ്രസ്സ് സ്ഥാപിച്ചു മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം തിരുവനന്തപുരത്ത് രാജാവ് ഒരു പ്രസ്സ് സ്ഥാപിക്കുന്നു, സര്‍ക്കാര്‍ രേഖകള്‍ അച്ചടിക്കാന്‍. ചാവറ പിതാവ് 'ജ്ഞാനപീയൂഷം' അച്ചടിക്കുന്നു. അതുകഴിഞ്ഞ് ഉടന്‍തന്നെ തലശ്ശേരിയില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ഒരു പ്രസ്സ് സ്ഥാപിക്കുന്നു. 19-ാം നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും കേരളത്തില്‍ അറുപതിലധികം അച്ചടിശാലകള്‍ വന്നു കഴിഞ്ഞിരുന്നു. മതഗ്രന്ഥങ്ങള്‍ മാത്രമല്ല അച്ചടിച്ചത്. സാഹിത്യ ഗ്രന്ഥങ്ങള്‍ അച്ചടിച്ചു, ഹിന്ദു പുരാണങ്ങള്‍ അച്ചടിച്ചു. പുതിയ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ ആര്‍ക്കും അച്ചടിക്കാം എന്നായി. എല്ലാ മനുഷ്യര്‍ക്കും കാശുകൊടുത്തു വാങ്ങാവുന്ന പുതിയ ആശയങ്ങള്‍, ആര്‍ക്കും അവനവന്റെ ഇഷ്ടം പോലെ അച്ചടിക്കാവുന്ന പുസ്തകങ്ങള്‍. നമ്മുടെ ജീവിതത്തിലേക്ക് പുതിയ ചില അധിഷ്ഠാനങ്ങള്‍ പ്രവേശിക്കുകയാണ്. പള്ളിയുടെയും ക്ഷേത്രത്തിന്റെയും സ്ഥാനത്തേക്ക് ഒരു പുതിയ ദേവാലയം കടന്നു വരുന്നു, വിദ്യാലയം.

അതുകഴിഞ്ഞ് കുറച്ചായപ്പോള്‍ അച്ചടിയന്ത്രങ്ങള്‍ ഉപയോഗിച്ച് പത്രങ്ങള്‍ അച്ചടിക്കാം എന്ന സ്ഥിതി വരുന്നു. മലയാളത്തില്‍ ആദ്യത്തെ പത്രം ഏതാണ് എന്ന് ചോദിച്ചാല്‍ എല്ലാവരും പറയും, അത് തലശ്ശേരിയില്‍ നിന്ന് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് സ്ഥാപിച്ച രാജ്യസമാചാരം എന്ന പത്രം ആണെന്ന്. അത് സത്യത്തില്‍ മതപ്രചരണാര്‍ത്ഥമുള്ള ഒരു ലഘുലേഖ മാത്രമായിരുന്നു. പത്രം എപ്പോഴും വാര്‍ത്തകളാണ് അറിയിക്കേണ്ടത്. അതിനൊരു മതേതര സ്വഭാവവും വേണം. അത്തരമൊരു പത്രപ്രവര്‍ത്തനം ഉണ്ടാകുന്നത് കുറേക്കൂടി കഴിഞ്ഞ് 1889 ലാണ്.

ഗുജറാത്തിയായ ദേവ്ജി ഭീംജി കൊച്ചയില്‍ തുടങ്ങിയ കേരള മിത്രം എന്ന പത്രത്തില്‍ കോട്ടയത്തു നിന്നു ചെന്ന കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള പത്രാധിപരായി. മലയാളത്തിലെ ആദ്യത്തെ വര്‍ത്തമാനപത്രം. ഒരു വര്‍ഷത്തിനു ശേഷം അദ്ദേഹം തിരിച്ച് കോട്ടയത്തേക്ക് മടങ്ങി പുതിയൊരു പത്രം തുടങ്ങാനുള്ള ശ്രമം തുടങ്ങി. ഇതേ വര്‍ഷം തന്നെ തിരുവനന്തപുരത്ത് മറ്റൊരു പത്രം തുടങ്ങാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കോട്ടയത്ത് നസ്രാണി ദീപിക 1887 ല്‍ ആരംഭിച്ചു. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ 1888 ല്‍ കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള കോട്ടയത്ത് മലയാള മനോരമ സ്ഥാപിക്കുന്നു. അക്കാലത്തു തുടങ്ങിയ രണ്ട് പത്രങ്ങളും കേരളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നു, ഇന്നു നിലവിലുള്ള കേരളത്തിലെ ഏറ്റവും പ്രാചീനമായ പത്രം അന്നുമുതല്‍ ഇന്നുവരെ അഭംഗുരം നടന്നുവരുന്ന ദീപികയാണ്. 1884 ല്‍ കോഴിക്കോട് കേരളപത്രിക എന്ന ഒരു പത്രം വന്നു. ആദ്യമായി ഒരു സ്വതന്ത്ര പത്രപ്രവര്‍ത്തന ശൈലി അവലംബിച്ച പത്രം അതായിരുന്നു. സി കുഞ്ഞിരാമമേനോനായിരുന്നു അത് തുടങ്ങിയത്. മലയാള പത്രപ്രവര്‍ത്തനത്തിന്റെ പിതാവായി നമ്മള്‍ മാനിക്കുന്നതും അദ്ദേഹത്തെയാണ്. അദ്ദേഹമാണ് സര്‍ക്കാരിനെ എതിര്‍ത്തതിന് ഫൈന്‍ അടക്കേണ്ടിവന്ന ആദ്യത്തെ പത്രാധിപര്‍. 1905 ല്‍ ലണ്ടനില്‍ നടന്ന ഒരു പത്രാധിപ സമ്മേളനത്തില്‍ പങ്കെടുത്ത ഒരാള്‍ കൂടിയാണ് കുഞ്ഞിരാമമേനോന്‍. 40 വര്‍ഷം ആ പത്രം നടത്തി.

അച്ചടിച്ച പുസ്തകങ്ങളും അച്ചടിച്ച പത്രങ്ങളും വരുന്നതോടെ ആളുകള്‍ മാറാന്‍ തുടങ്ങി. വിദ്യാലയങ്ങള്‍ വന്നതോടെ വിദ്യാഭ്യാസം സാധാരണക്കാരന് കിട്ടി. ജാതിയില്‍ താണവരായി മാറ്റിനിര്‍ത്തപ്പെട്ടിരുന്ന ആളുകള്‍ക്കാണ് ക്രിസ്ത്യന്‍ മിഷനറിമാര്‍ വിദ്യാഭ്യാസം കൊടുത്തത്. ദളിതരായ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആളുകളിലേക്ക് വിദ്യാഭ്യാസം എത്താന്‍ തുടങ്ങി. ഒരു സമൂഹം പതുക്കെ പതുക്കെ മാറാന്‍ തുടങ്ങുകയാണ്. ഇതോടൊപ്പം ശാസ്ത്രസാങ്കേതിക വികാസങ്ങള്‍ വരുന്നു, അച്ചടിയന്ത്രവും അച്ചടിച്ച പുസ്തകവും അച്ചടിച്ച പത്രവും വിദ്യാലയങ്ങളും മാത്രമല്ല വഴികള്‍ വരുന്നു, പാലങ്ങള്‍ വരുന്നു, പുതിയ വീടുകള്‍ ഉണ്ടാകുന്നു, ഗ്രാമ സമൂഹങ്ങള്‍ വലുതാകുന്നു, ചന്തകള്‍ രൂപപ്പെടുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അഭിപ്രായം രൂപപ്പെടുന്നു, ആളുകള്‍ സ്വതന്ത്രതയെ കുറിച്ച് സംസാരിക്കുന്നു. ആളുകള്‍ ചിന്തിച്ചുതുടങ്ങി. സമുദായത്തിന്റെ ഈ സ്ഥിതി മാറണം. ഹിന്ദു സമുദായത്തില്‍ നിന്ന് ആ ശബ്ദം വന്നത് ശ്രീനാരായണഗുരുവിന്റെ ശിവപ്രതിഷ്ഠയില്‍ നിന്നാണ്. അദ്ദേഹം പ്രതിഷ്ഠിച്ച കല്ല് ഇന്നും അരുവിപ്പുറത്തിരിക്കുന്നുണ്ട് കേരളത്തിലെ വളര്‍ച്ചയുടെ പ്രതീകമായി. ചട്ടമ്പിസ്വാമികള്‍ വേദാധികാരനിരൂപണം എന്നൊരു പുസ്തകം എഴുതി. വേദത്തിനു മുകളിലുള്ള അധികാരം ബ്രാഹ്മണന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പഠിച്ച ആര്‍ക്കും വേദത്തിനു മേല്‍ അധികാരം ഉണ്ട് എന്നാണ് ചട്ടമ്പിസ്വാമി സ്ഥാപിച്ചത്. ജാതി അതിനു ബാധകമല്ല. പിന്നെ അയ്യങ്കാളി വന്നു.

ഇതേ പോലെ തന്നെ ജാതിയും മതവും നോക്കാത്ത ഒരുപാട് പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ക്രൈസ്തവ മിഷണറിമാരും നടത്തി. കൊച്ചിയില്‍ മത്സ്യത്തൊഴിലാളികളുടെ ധീവര സമുദായത്തില്‍ നിന്നും വന്ന പണ്ഡിറ്റ് കെ പി കറുപ്പന്‍ കൊടുങ്ങല്ലൂര്‍ കോവിലകത്തുനിന്ന് വിദ്യാഭ്യാസം നേടിയ ആളാണ്. കേരളീയ ജാതിവ്യവസ്ഥയില്‍ ഏറ്റവും മുകളിലുള്ള ആളുകളാണെങ്കിലും വിദ്യ നേടാന്‍ വരുന്നവന്റെ ജാതി നോക്കാതെ അകത്തിരുത്തി പഠിപ്പിച്ച ആളുകളാണ് കൊടുങ്ങല്ലൂര്‍ കോവിലകത്തുള്ളത്. പില്‍ക്കാലത്ത് കേരളത്തിന് സ്വാതന്ത്ര്യം കിട്ടി കഴിഞ്ഞപ്പോള്‍ വലിയ കമ്മ്യൂണിസ്റ്റുകള്‍ ആയി മാറി കോവിലകത്തുള്ള തമ്പുരാട്ടിമാര്‍. കൊടുങ്ങല്ലൂര്‍ കോവിലകത്ത് പഠിച്ച പണ്ഡിറ്റ് കറുപ്പന്‍ കൊച്ചി രാജ്യത്ത് സ്‌കൂളുകളുടെ ഇന്‍സ്‌പെക്ടറായി. അദ്ദേഹം കല്യാണദായിനി സഭ സ്ഥാപിച്ചു ധീവര സമുദായത്തെ ഉദ്ധരിച്ചു.

1889 ല്‍ മലയാളത്തിലെ ആദ്യത്തെ നോവല്‍ വന്നു, ഇന്ദുലേഖ. അതുവരെ നാട്ടില്‍ സ്വതന്ത്ര അല്ലാതിരുന്ന, സ്വന്തം അഭിപ്രായമില്ലാതിരുന്ന പുതിയ സ്ത്രീയെ ഇന്ദുലേഖ സൃഷ്ടിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ, സ്വന്തം കാമുകനെ ശപ്പാ എന്നു വിളിക്കാന്‍ ധൈര്യമുള്ള ഒരു പുതിയ സ്ത്രീ. വിദ്യാലയങ്ങള്‍ കോളജുകളായി മാറി. മലയാളഭാഷയ്ക്ക് ഉണര്‍ന്നു നില്‍ക്കേണ്ട ആവശ്യം വന്നു. നിഘണ്ടു ഉണ്ടായി. ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലി. നമ്മുടെ ഭാഷയ്ക്ക് വ്യാകരണം ഇല്ലായിരുന്നു. എ ആര്‍ രാജരാജവര്‍മ്മയുടെ വ്യാകരണമായ കേരളപാണിനീയം ഉണ്ടായി. നവോത്ഥാനം എന്നത് സമുദായ പരിഷ്‌കരണം മാത്രമല്ല. വിദ്യാലയ പരിഷ്‌കരണം, വ്യക്തിത്വ പരിഷ്‌കരണം, സ്ത്രീകളുടെ അവകാശം, നിഘണ്ടു, ഭാഷയുടെ പരിഷ്‌കരണം, സാഹിത്യ പരിഷ്‌കരണം എന്നിങ്ങനെ എല്ലാ രംഗങ്ങളിലും ഉണ്ടായ നവീനതകളുടെ ഒരു ഒത്തുചേരലാണ് നമ്മുടെ നവോത്ഥാനം.

നമ്മുടെ നവോത്ഥാന നായകരുടെ പട്ടിക എടുക്കുമ്പോള്‍ അതില്‍ ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും മാത്രമല്ല ഉള്ളത്. എ ആര്‍ രാജരാജവര്‍മ്മയും ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ളയും ചാവറയച്ചനും മന്നത്ത് പത്മനാഭനും ഭൂപരിഷ്‌കരണം കൊണ്ടുവന്ന ഇ എം എസും കെ ആര്‍ ഗൗരിയും കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനും പാവങ്ങള്‍ വിവര്‍ത്തനം ചെയ്ത നാലപ്പാട്ട് നാരായണമേനോനും ഉള്‍പ്പെടെയുള്ള വലിയ ഒരു സഞ്ചയം ചേര്‍ന്നതാണ് നമ്മുടെ നവോത്ഥാനം. അത് ഒരു നായകനിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്, ഏക സ്വരാത്മകമാണ്. അതുകൊണ്ട് ബഹുസ്വര സങ്കല്‍പ്പമാണ് നമുക്ക് ആവശ്യം. എന്റെ സ്വരവും നിങ്ങളുടെ സ്വരവും ചേര്‍ന്നാല്‍ മാത്രമേ ലോകം നിലനില്‍ക്കുകയുള്ളൂ. ബഹുസ്വരം, ബഹുരുചികള്‍, ബഹുവര്‍ണ്ണങ്ങള്‍ എല്ലാം ചേര്‍ന്ന ഒരു സമഗ്രതയുടെ പേരാണ് നവോത്ഥാനം. അങ്ങനെയൊരു നവോത്ഥാന സങ്കല്പം മാത്രമേ ജനാധിപത്യപരവും സര്‍വാശ്ലേഷിയും ആകുകയുള്ളൂ.

(അവസാനിച്ചു)

  • (വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ നവോത്ഥാനത്തെ കുറിച്ചു നടത്തിയ സിമ്പോസിയത്തില്‍ നടത്തിയ പ്രഭാഷണം)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org