കേരളീയ നവോത്ഥാനത്തിന്റെ ബഹുസ്വരവായനകള്‍

(വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ നവോത്ഥാനത്തെക്കുറിച്ചു നടത്തിയ സിമ്പോസിയത്തില്‍ നടത്തിയ പ്രഭാഷണം)
കേരളീയ നവോത്ഥാനത്തിന്റെ ബഹുസ്വരവായനകള്‍
ചില നായകരൂപങ്ങളെയും സമുദായ പരിഷ്‌കരണം എന്ന ഒറ്റ അജണ്ടയെയും കേന്ദ്രീകരിച്ചുകൊണ്ട് കേരള നവോത്ഥാനത്തെ കാണാനാകുമോ എന്നുള്ളതാണ് പ്രശ്‌നം. നവോത്ഥാനം ഒന്നോ രണ്ടോ ആളുകളുടെ പ്രവര്‍ത്തനം കൊണ്ടും സമുദായങ്ങളെ നവീകരിച്ചതു കൊണ്ടും മാത്രം സാധ്യമായ ഒന്നാണോ?

നവോത്ഥാനം എന്ന വാക്കില്‍ തന്നെ ഒരു ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സൂചനയുണ്ട്. നവോത്ഥാനം ഒരു പുതിയ ഉത്ഥാനത്തെ, നവമായ മാറ്റത്തെ സൂചിപ്പിക്കുന്നു. പക്ഷേ കേരളത്തില്‍ നടക്കുന്ന നവോത്ഥാന ചര്‍ച്ചകള്‍ പലപ്പോഴും പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളത്തില്‍ നടന്ന സമുദായ പരിഷ്‌കരണ യജ്ഞങ്ങളെ കേന്ദ്രീകരിച്ചാണ് മുന്നോട്ടുപോകുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളത്തില്‍ വലിയ ചില സമുദായ പരിഷ്‌കരണ ശ്രമങ്ങള്‍ നടന്നതായി നമുക്കറിയാം. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, അയ്യങ്കാളി തുടങ്ങിയവര്‍ നടത്തിയ സാമുദായിക പരിഷ്‌കരണങ്ങളാണ് ആധുനിക കേരളത്തെ സൃഷ്ടിച്ചത് എന്നാണ് മുഖ്യമായ വാദം. സംശയമില്ല, അവര്‍ വലിയ സംഭാവനകളാണ് കേരളത്തിന്റെ വികാസത്തിന് അര്‍പ്പിച്ചത്. എന്നാല്‍ ചില നായകരൂപങ്ങളെയും സമുദായ പരിഷ്‌കരണം എന്ന ഒറ്റ അജണ്ടയെയും കേന്ദ്രീകരിച്ചുകൊണ്ട് കേരള നവോത്ഥാനത്തെ കാണാനാകുമോ എന്നുള്ളതാണ് പ്രശ്‌നം. നവോത്ഥാനം ഒന്നോ രണ്ടോ ആളുകളുടെ പ്രവര്‍ത്തനം കൊണ്ടും സമുദായങ്ങളെ നവീകരിച്ചതു കൊണ്ടും മാത്രം സാധ്യമായ ഒന്നാണോ?

പനി ബാധിച്ച ഒരാള്‍ക്ക് ആന്റിബയോട്ടിക്കുകളും ആന്റിവൈറല്‍ മരുന്നുകളും കൊടുക്കുന്നു. പനി മാറുന്നു. പക്ഷേ അയാള്‍ പഴയ ആരോഗ്യത്തിലേക്ക് മടങ്ങി വരുന്നത് ഈ മരുന്നുകള്‍ കൊണ്ട് മാത്രമല്ല. ശാരീരികമായ ക്ഷീണത്തെയും ഭാരക്കുറവിനെയും എല്ലാം പരിഹരിക്കാന്‍ സമഗ്രമായ ഒരു പദ്ധതി പിന്നീട് ആവശ്യമാണ്. ഭക്ഷണക്രമം, ജീവിതചര്യ ഇതെല്ലാം നമ്മള്‍ നോക്കുന്നു. അതുപോലെയാണ് ഒരു സമൂഹ ശരീരത്തെ നവീകരിക്കുന്നത്. അത് ഒറ്റയാള്‍ ഒറ്റ ഔഷധം കൊണ്ടല്ല. സമഗ്രമായ ഒരു പദ്ധതി കൊണ്ട് മാത്രമേ ഒരു സമൂഹത്തെ നവീകരിക്കുക സാധ്യമാകൂ. കേരള നവോത്ഥാനം നടന്നതും അങ്ങനെയാണ്. അത് സമഗ്ര തലങ്ങളിലും നടന്ന ഒരു പ്രവര്‍ത്തന പദ്ധതിയാണ്. അതില്‍ ഒന്നോ രണ്ടോ വ്യക്തികളെ മാത്രം കേന്ദ്രീകരിക്കുകയും സമുദായ പരിഷ്‌കരണം, ആചാരപരിഷ്‌കരണം തുടങ്ങിയ അജണ്ടകള്‍ മാത്രമേയുള്ളൂ എന്നു പറയുകയും ചെയ്യുന്നതു പലപ്പോഴും കേരള നവോത്ഥാനത്തെ കുറിച്ച് പഠിക്കുന്നവര്‍ക്കു തെറ്റിധാരണയാണ് ഉണ്ടാക്കുക. ഏകമുഖമായ ഒന്നുമാത്രമാണ് കേരള നവോത്ഥാനം എന്ന ധാരണ നമ്മുടെ മനസ്സില്‍ പതിപ്പിക്കാനാണ് അത് പലപ്പോഴും ഉതകുക. അങ്ങനെയല്ല, കേരള നവോത്ഥാനം ബഹുമുഖമായ ഒരു പ്രക്രിയയാണ്. അതില്‍ ഒരു സ്വരമോ ഒരു രൂപമോ മാത്രമല്ല ഉള്ളത്. ബഹുസ്വരമാണ്, ബഹുമുഖമാണ്.

നവോത്ഥാനം കേരളീയര്‍ കണ്ടുപിടിച്ച ഒരു പദമല്ല. ലോകവ്യാപകമായ ഒരു പ്രതിഭാസത്തിന്റെ പേരാണ് നവോത്ഥാനം. ഈ പ്രതിഭാസത്തിനു ലോകവ്യാപകമായി പറയുന്ന പേര് മോഡേണിറ്റി എന്നാണ്. മോഡേണിസം അല്ല, മോഡേണിറ്റി. ഇരുപതാം നൂറ്റാണ്ടില്‍ ഉണ്ടായ ഒരു കലാസാഹിത്യ പ്രസ്ഥാനത്തിന്റെ പേരാണ് മോഡേണിസം. പഴയതില്‍ നിന്ന് വ്യത്യസ്തമായ കലാ, സാഹിത്യം എന്ന അര്‍ത്ഥത്തിലാണ് അത്. മോഡേണിറ്റി ചരിത്രപരമായ ഒരു സംജ്ഞയാണ്. ഒരു പ്രത്യേക ചരിത്ര ഘട്ടത്തെ കുറിക്കുന്ന പദമാണ് മോഡേണിറ്റി. മോഡേണിറ്റിയെ നമുക്ക് ആധുനികത്വം എന്ന് പറയാം. മോഡേണിസം എന്ന കലാപ്രസ്ഥാനത്തെ ആധുനികത എന്നും പറയാം.

ആധുനികത്വം ഒരു ചരിത്ര പ്രക്രിയയാണ്. മോഡേണിറ്റി അഥവാ ആധുനികത്വത്തിന് കേരളത്തില്‍ പരമ്പരാഗതമായി പറഞ്ഞു വരുന്ന വാക്കാണ് നവോത്ഥാനം. പതിനാറാം നൂറ്റാണ്ടിനു ശേഷം യൂറോപ്പില്‍ ഉണ്ടായ റിനൈസന്‍സ് യൂറോപ്പിനെ ആകമാനം സ്വാധീനിച്ച ഒരു കലാപ്രസ്ഥാനമാണ്. പതിനേഴാം നൂറ്റാണ്ടിലെ ശാസ്ത്ര വിപ്ലവവും 18ആം നൂറ്റാണ്ടിലെ ജ്ഞാനോദയവും ഉള്‍പ്പെടെയുള്ള എല്ലാ വികാസങ്ങള്‍ക്കും യൂറോപ്പില്‍ അടിമുടിയുള്ള മാറ്റങ്ങള്‍ക്കും മുഴുവന്‍ അടിത്തറ ഒരുക്കിയ ഒന്നാണ് കലാകരന്മാരില്‍ നിന്നു തുടങ്ങിയ റിനൈസന്‍സ് അഥവാ നവോത്ഥാനം. പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളത്തില്‍ നടന്ന സമുദായ പരിഷ്‌കരണത്തെയും കേരളത്തിന്റെ ആധുനികീകരണത്തെയും കുറിക്കുന്ന ഒരു വാക്കായി നവോത്ഥാനം പിന്നീട് മാറുകയായിരുന്നു. നവോത്ഥാനം എന്ന വാക്ക് പ്രചരിച്ചതുകൊണ്ട് ഇപ്പോള്‍ ആധുനികത്വം എന്നു പറഞ്ഞാല്‍ ആളുകള്‍ അത് സമ്മതിച്ചു തരികയില്ല എന്ന് മാത്രം. അതുകൊണ്ട് ഇവിടെ നവോത്ഥാനം എന്ന് തന്നെ പറയുന്നു ഇവിടെ നവോത്ഥാനം എന്ന് പറയുന്നത് നവോത്ഥാന കലയെ കുറിച്ചല്ല മറിച്ച് ആധുനികത്വം എന്ന ചരിത്ര പ്രക്രിയയെ കുറിച്ചാണ്.

ഈ ആധുനികത്വത്തില്‍ നിന്ന് ലോകത്തിലെ ഒരു ജനതയും നാടും ഭാഷയും സംസ്‌കാരവും വിമുക്തമല്ല. 18-ാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ഉണ്ടായ ജ്ഞാനോദയം പതിനേഴാം നൂറ്റാണ്ടില്‍ തന്നെ തുടങ്ങിയ ശാസ്ത്രവിപ്ലവം ഇവയിലൂടെയാണ് അത് സംജാതമായത്. 19-ാം നൂറ്റാണ്ടില്‍ എത്തുമ്പോഴേക്കും മനുഷ്യ ചരിത്രത്തെ അടിമുടി മാറ്റിമറിച്ച വ്യവസായ വിപ്ലവം സാധ്യമാകുന്നു. ഇതിന്റെയെല്ലാം അടിയില്‍ പ്രവര്‍ത്തിച്ചത് ചിന്തയും ശാസ്ത്രവും ആണ്. ഇവിടെ ചിന്ത എന്നു പറയുന്നത് യൂറോപ്പിന്റെ ചിന്തയെ കുറിച്ചാണ്. യൂറോപ്പിന്റെ ചിന്ത പില്‍ക്കാലത്ത് ലോകത്തെ മുഴുവന്‍ സ്വാധീനിച്ചത് നമുക്കറിയാം. അത് ആ ചിന്തയ്ക്ക് എന്തെങ്കിലും പ്രത്യേക വൈശിഷ്ട്യം ഉണ്ടായതു കൊണ്ടല്ല. രാഷ്ട്രീയ അധികാരവും സൈനിക അധികാരവും സാമ്പത്തിക അധികാരവും യൂറോപ്പിന്റെ കൈയിലേക്ക് വന്നു വീണു. അതിനു കാരണം ഈ ചിന്തയും ശാസ്ത്രവും ആയിരുന്നു. ചിന്തയും ശാസ്ത്രവും ഉപയോഗിച്ച് യൂറോപ്പ് ലോകത്തെ മുഴുവന്‍ കീഴടക്കുന്നതാണ് പതിനേഴാം നൂറ്റാണ്ട് മുതലുള്ള ലോകത്തില്‍ നമ്മള്‍ കാണുന്നത്. സാമ്രാജ്യത്വസ്ഥാപനം എന്ന ഒരു പുതിയ രാഷ്ട്രീയ പ്രക്രിയ നടന്നു. ശാസ്ത്രവും സാമ്രാജ്യത്വവും കൈകോര്‍ത്തു പിടിച്ചു. യൂറോപ്യന്മാര്‍ ലോകത്തെ അറിയപ്പെടാത്ത നാടുകളിലേക്ക് കപ്പലോട്ടങ്ങള്‍ തുടങ്ങി. അവിടങ്ങളിലെ ജനതകളെ കീഴ്‌പ്പെടുത്താനും അവിടെ കോളനി ഭരണങ്ങള്‍ സ്ഥാപിക്കാനും ശ്രമിച്ചു. ഏഷ്യയും ആഫ്രിക്കയും ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ അതിന്റെ ഇരകളായി. 300 ല്‍ അധികം വര്‍ഷം അതു തുടര്‍ന്നു. ലാറ്റിനമേരിക്കയില്‍ 500 കൊല്ലത്തിലധികം നീളുന്ന ഒരു യൂറോപ്യന്‍വല്‍ക്കരണ പ്രക്രിയ നടന്നു. അങ്ങനെയുള്ള അതിദീര്‍ഘമായ ഒരു സാമ്രാജ്യത്വ അടിമത്വത്തില്‍ നിന്നാണ് 1947 ല്‍ ഇന്ത്യ സ്വതന്ത്രമായത്. അതോടുകൂടി അപകോളനികരണം അഥവാ കോളനിവിമോചനം എന്ന ഒരു പുതിയ രാഷ്ട്രീയ പ്രക്രിയ ലോകത്തില്‍ ആരംഭിച്ചു. അമ്പതിലധികം പുതിയ സ്വതന്ത്ര രാജ്യങ്ങള്‍ ലോകത്തിലുണ്ടായി. അത് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രക്രിയയായിരുന്നു. അത് സംഭവിച്ച് 40 കൊല്ലം കഴിഞ്ഞ് തൊണ്ണൂറുകളില്‍ മറ്റൊരു രാഷ്ട്രീയ പ്രക്രിയ ലോകത്ത് സംഭവിച്ചു. കമ്മ്യൂണിസത്തിന്റെ പതനത്തോടുകൂടി അനേകം പുതിയ രാജ്യങ്ങള്‍ ഉടലെടുത്തു. പുതിയ ജനാധിപത്യ സംവിധാനങ്ങള്‍ വന്നു. ഇരുപതാം നൂറ്റാണ്ടില്‍ നടന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ട് രാഷ്ട്രീയ പ്രക്രിയകളാണ് അപകോളനികരണവും കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയും ജനാധിപത്യത്തിന്റെ പുനഃസ്ഥാപനവും.

300-400 കൊല്ലത്തോളം നീണ്ടുനിന്ന ഈ സാമ്രാജ്യവല്‍ക്കരണം ഉണ്ടാകുന്നത് പതിനേഴാം നൂറ്റാണ്ട് മുതലേ യൂറോപ്യന്‍ രാജ്യങ്ങളില്‍ ശാസ്ത്രത്തിലുണ്ടായ വികാസം മൂലമാണ്. മുമ്പുള്ള പാശ്ചാത്യ സമൂഹത്തില്‍ എല്ലാത്തിന്റെയും അധികാരകേന്ദ്രമായി നിന്നത് കത്തോലിക്കാ പള്ളിയായിരുന്നു. ബൈബിള്‍ ആയിരുന്നു അവസാനത്തെ സത്യം. അവര്‍ക്ക് രാജാവുണ്ട്. എന്നാല്‍ രാജാവിനെ നിയമിക്കാനുള്ള അധികാരം ബിഷപ്പുമാര്‍ക്ക് ആയിരുന്നു. ദൈവത്തിന്റെ പ്രതിപുരുഷനായ ബിഷപ്പ് രാജാവിനും മീതെയുള്ള ശക്തിയായിരുന്നു. സഭ എല്ലാത്തിനും മുകളില്‍ നിന്നു.

നിരക്ഷരതയും പ്രശ്‌നങ്ങളും സാധാരണ ജനം അനുഭവിച്ച ഒരു ലോകമാണത്. പള്ളിയും രാജാധികാരവും ബൈബിളിന്റെ വിശ്വാസ ക്രമവും എല്ലാം അടക്കിഭരിച്ചു കൊണ്ടിരുന്ന സാമൂഹ്യക്രമം ഒരു വശത്ത്. മറുവശത്ത് കൃഷിയായിരുന്നു മനുഷ്യന്റെ ജീവിതത്തിന്റെ അടിസ്ഥാനം. അതുകൊണ്ട് കൃഷിയും കൃഷി ഭൂമിയും കയ്യിലുള്ള ജന്മിയും ജന്മിത്വവും ലോകത്തെ നിയന്ത്രിക്കുന്ന സാമൂഹ്യക്രമം. ആത്മീയ ക്രമത്തില്‍ സഭയും സാമൂഹിക ക്രമത്തില്‍ ജന്മിത്വവും നിലനില്‍ക്കുന്ന ഒരു വ്യവസ്ഥയായിരുന്നു അതുവരെയും ഉണ്ടായിരുന്നത്. ഈ വ്യവസ്ഥയുടെ സ്ഥാനത്തേക്ക് ശാസ്ത്ര വിപ്ലവവും പുതിയ ചിന്തയും വരുന്നതോടുകൂടി ഒരു സ്ഥാനാന്തരണം സംഭവിക്കാന്‍ തുടങ്ങി. സഭക്ക് സമാന്തരമായി ശാസ്ത്രം ലോകത്തെക്കുറിച്ച് ഭൂമിയുടെ ഘടനയെ കുറിച്ച് ഒക്കെ പുതിയ തത്വങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. കോപ്പര്‍നിക്കന്‍ വിപ്ലവം എന്ന് അതിനെ പറയും. കോപ്പര്‍നിക്കസ് ഒരു പുരോഹിതന്റെ മേടയില്‍ ഇരുന്നാണ് ബൈബിളിന്റെ പ്രപഞ്ച സങ്കല്പത്തെ മുഴുവന്‍ അട്ടിമറിക്കുന്ന സിദ്ധാന്തങ്ങള്‍, ഓണ്‍ റവല്യൂഷന്‍ എന്ന പുസ്തകം എഴുതിയത്. ഭൂകേന്ദ്രമായ പ്രപഞ്ച സങ്കല്പത്തെ കോപ്പര്‍നിക്കസ് അട്ടിമറിക്കുന്നു. പകരം സൂര്യകേന്ദ്രമായ ഒരു പ്രപഞ്ചസങ്കല്പം കൊണ്ടുവരുന്നു. ഇന്നാരും ഭൂകേന്ദ്രമാണ് പ്രപഞ്ചം എന്ന് വാശിപിടിക്കുന്നില്ല. സൂര്യനെ ചുറ്റുകയാണ് ഭൂമി എന്ന് എല്ലാവര്‍ക്കും അറിയാം. പഴയകാലത്ത് അത് ആരും സമ്മതിച്ചിരുന്നില്ല. അത് പറഞ്ഞപ്പോഴാണ് അന്നത്തെ സഭയും വിശ്വാസികളും അത് പറഞ്ഞ ആളുകളെ ജയിലില്‍ ഇടാനും തൂക്കിലേറ്റാനും ഒക്കെ പോയത്.

അങ്ങനെ മതത്തിന്റെ സ്ഥാനത്തേക്ക് ശാസ്ത്രം കടന്നുവരുന്നു കാര്‍ഷിക ജന്മിത്വത്തിന്റെ സ്ഥാനത്തേക്ക് വ്യവസായ മുതലാളിത്തം കടന്നുവരുന്നു. ശാസ്ത്രം വ്യാവസായ ഉല്‍പാദനം കൊണ്ടുവരുന്നു. വ്യവസായാടിസ്ഥാനത്തില്‍ സാധനങ്ങള്‍ ഉണ്ടാക്കുന്ന പുതിയൊരു സമ്പ്രദായം പതിനേഴാം നൂറ്റാണ്ട് മുതലേ യൂറോപ്പില്‍ വികസിക്കാന്‍ തുടങ്ങി. അതൊരു വലിയ മാറ്റം ആയിരുന്നു. മതത്തിന്റെ സ്ഥാനത്തേക്ക് ശാസ്ത്രവും ജന്മിത്വത്തിന്റെ സ്ഥാനത്തേക്ക് വ്യവസായവും കടന്നുവരുന്നു. മൂന്നാമതായി ആള്‍ക്കൂട്ടത്തിന്റെ സ്ഥാനത്തു വ്യക്തി വരുന്നു. പുരോഹിതനും രാജാവും പറയുന്നതനുസരിച്ച് പറയുന്നതനുസരിച്ച്, അതുപോലെ വിശ്വസിച്ച്, അതേ അതേ എന്ന് സമ്മതം മൂളുന്ന ഒരാള്‍ കൂട്ടമാണ് അതുവരെ ഉണ്ടായിരുന്നത്. കാരണം അവര്‍ വിദ്യാശൂന്യരായിരുന്നു. നിരക്ഷരരായിരുന്നു. അവര്‍ക്ക് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ശാസ്ത്രവും പുതിയ ചിന്തയും കൊണ്ടുവന്നത് ഒരു അട്ടിമറിയാണ്. വ്യക്തി എന്നു പറയുന്ന ഒരു പുതിയ ആള്‍ രൂപപ്പെട്ടു. മിഷേല്‍ ഫൂക്കോ എന്ന ഫ്രഞ്ച് ഫിലോസഫര്‍ പറയുന്നു, മനുഷ്യന്‍ സമീപകാലത്ത് കണ്ടുപിടിക്കപ്പെട്ട ഒന്നാണ്. അതിന്റെ അര്‍ത്ഥം പണ്ട് മനുഷ്യന്‍ ഉണ്ടായിരുന്നില്ല എന്നല്ല. സ്വന്തം അവകാശങ്ങളെക്കുറിച്ച് ബോധമുള്ള, സ്വന്തം അഭിപ്രായമുള്ള, പൊതുവായ അഭിപ്രായത്തെ എതിര്‍ക്കാന്‍ ശേഷിയുള്ള ഒരു വ്യക്തി ആധുനികകാലത്ത് മാത്രം രൂപപ്പെട്ടതാണ്. ശാസ്ത്രവും വ്യവസായ മുതലാളിത്തവും പുതുതായി രൂപപ്പെട്ട ചിന്തയും ചേര്‍ന്നാണ് അഭിപ്രായമുള്ള, സ്വതന്ത്രതയുള്ള വ്യക്തി രൂപപ്പെടുന്നത്. വ്യക്തിയുടെ രൂപപ്പെടല്‍, ശാസ്ത്രത്തിന്റെ വികാസം, വ്യവസായ മുതലാളിത്തത്തിന്റെ വികാസം, ഇവയെ കേന്ദ്രീകരിച്ചുള്ള ചിന്തയുടെ വികാസം എന്നിവ ലോകത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. അതാണ് ആധുനികത്വത്തിന് അടിത്തറ ഇട്ടത്.

കോപ്പര്‍നിക്കന്‍ റെവല്യൂഷനു ശേഷം പാശ്ചാത്യശാസ്ത്രത്തില്‍ വലിയ വികാസങ്ങള്‍ വന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടന്‍ ഐസക് ന്യൂട്ടനെ പോലുള്ള ഏറ്റവും വലിയ ശാസ്ത്രജ്ഞന്മാരെ സൃഷ്ടിച്ചു. ഇവരെല്ലാം മതവിശ്വാസികള്‍ ആയിരുന്നു. ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തുകയും അതുവരെയുള്ള മതാധിഷ്ഠിത വിശ്വാസങ്ങള്‍ ലംഘിക്കുകയും പുതിയ ലോകത്തിന് വെളിച്ചം കാണിക്കുകയും ഒക്കെ ചെയ്ത ഈ ശാസ്ത്രജ്ഞന്‍മാര്‍ എല്ലാവരും തന്നെ വിശ്വാസികളായിരുന്നു. അവര്‍ മരിച്ചപ്പോള്‍ പുരോഹിതന്മാര്‍ തന്നെയാണ് ശുശ്രൂഷകള്‍ നടത്തിയത്. അവരെ പള്ളികളിലാണ് യൂറോപ്പില്‍ അടക്കിയത്. അവരാരും പള്ളിയെ തകര്‍ക്കണം എന്ന് പറഞ്ഞിരുന്ന ആളുകളല്ല. വിശ്വാസത്തെ അതിന്റെ വഴിക്കും ശാസ്ത്രത്തെ അതിന്റെ വഴിക്കും വിടുന്ന സമചിത്തമായ, വിവേകമുള്ള സമീപന രീതിയായിരുന്നു നിലവിലിരുന്നത്.

പിന്നീട് ശാസ്ത്രം പ്രകൃതിയെ ചൂഷണം ചെയ്യാന്‍ തുടങ്ങി. പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തി. നമ്മുടെ വേഗം വര്‍ധിപ്പിച്ചു. വടക്കുനോക്കിയന്ത്രം കണ്ടുപിടിച്ചു. പായ്ക്കപ്പലുകളുടെ സ്ഥാനത്ത് യന്ത്ര കപ്പലുകള്‍ വന്നു. ആവിയന്ത്രത്തിന്റെ കണ്ടുപിടിത്തം വരുന്നതോടുകൂടി നൂറുകണക്കിന് മനുഷ്യര്‍ ചെയ്ത ജോലി ഒരു മെഷീന് ചെയ്യാമെന്നായി. ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളില്‍ ഒന്ന് ടെല്ലിങ് മെഷീന്‍ ആയിരുന്നു. പഞ്ഞിയില്‍ നിന്ന് വസ്ത്രം നിര്‍മ്മിക്കാനുള്ള ഏറ്റവും വലിയ ജോലി പഞ്ഞിയില്‍ നിന്ന് കുരു മാറ്റലായിരുന്നു. മനുഷ്യര്‍ കൈ കൊണ്ടാണ് ഇത് ചെയ്തിരുന്നത്. അതിനുപകരം മെഷീന്‍ വന്നു. അതോടെ വസ്ത്ര നിര്‍മ്മാണം വളരെ വേഗത്തിലായി. യൂറോപ്പില്‍ എങ്ങും ഫാക്ടറികള്‍ ഉണ്ടായി. ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കമ്പോളങ്ങള്‍ വേണം. ആ സമയത്ത് ശാസ്ത്രം മറ്റൊരു സഹായം കൊടുത്തു. ശാസ്ത്രം അധികാരത്തിന്റെ ഒപ്പം നിന്നു. വെടിമരുന്ന്, തോക്ക് എന്നിവയുടെ കണ്ടുപിടുത്തത്തോടെ കപ്പലുകളില്‍ ഏറി പര്യവേക്ഷകര്‍ യാത്രയായി. പര്യവേക്ഷകര്‍ എന്ന അന്തസ്സുള്ള പദമാണ് ചരിത്രം അവരെ വിളിക്കുന്നത്. പക്ഷേ കറുത്ത വര്‍ഗക്കാരായ നമ്മെപ്പോലുള്ള ജനങ്ങള്‍ക്ക് അവര്‍ അത്ര പര്യവേക്ഷകര്‍ ഒന്നുമായിരുന്നില്ല. അവര്‍ നമ്മെ അടിമകളാക്കാന്‍ വന്നവരാണ്. നമ്മുടെ മനുഷ്യാവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും സമുദായക്രമങ്ങളെയും അവര്‍ അട്ടിമറിച്ചു. ലോകത്തെവിടെയും കോളനികള്‍ സ്ഥാപിച്ചു. ശാസ്ത്രം എത്രത്തോളം പുരോഗമിക്കുന്നുവോ അതിനോടൊപ്പം അടിമത്വവും ഉണ്ട്.

ഇതോടൊപ്പം സ്വതന്ത്രമായ അഭിപ്രായം പുലര്‍ത്തുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന മനുഷ്യരുടെ എണ്ണം വര്‍ധിച്ചു. വിദ്യാഭ്യാസം വളരാന്‍ തുടങ്ങി. ഇതിന്റെയെല്ലാം പരമകാഷ്ഠ ആയിരുന്നു ഫ്രഞ്ച് വിപ്ലവം. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി ഉണ്ടായ ഫ്രഞ്ച് വിപ്ലവം ചരിത്രത്തിലെ അസാധാരണമായ ഒരു പ്രക്രിയയാണ്. പാവങ്ങള്‍ എന്ന മഹത്തായ ഫ്രഞ്ച് നോവല്‍ വന്നു. റൊട്ടി മോഷ്ടിച്ചതിന്റെ പേരില്‍ 19 വര്‍ഷം തടവില്‍ കിടന്ന ഴാങ്ങ് വാല്‍ ഴാങ്ങ് എന്ന കള്ളന്റെ കഥ. മോചിതനായ തടവുകാരന്‍ എവിടെ ചെന്നാലും തടവില്‍ കിടന്ന പുള്ളിയാണ് എന്ന് കാണിക്കുന്ന മഞ്ഞക്കാര്‍ഡ് കാണിക്കണം ഈ കാര്‍ഡ് കണ്ടാല്‍ ആരും അയാള്‍ക്ക് ഭക്ഷണം കൊടുക്കില്ല, അഭയവും കൊടുക്കില്ല. ഒടുവില്‍ ഗതികെട്ട് ആ മനുഷ്യന്‍ ഒരു വീട്ടിലേക്ക് അത് ബിഷപ്പിന്റെ വീടാണെന്ന് അറിയാതെ കയറിച്ചെല്ലുന്നു. സ്വത്തു മുഴുവന്‍ ദരിദ്രര്‍ക്ക് കൊടുത്തു പരമ ദരിദ്രനായി കഴിയുന്ന ആളാണ് ബിഷപ്പ്. അദ്ദേഹം ഴാങ്ങിനെ രാത്രി സ്വീകരിക്കുന്നു. അദ്ദേഹത്തിന്റെ സഹോദരിയും പ്രായമായ ഗവേണസും വീട്ടിലുണ്ട്. ബിഷപ്പ് പറഞ്ഞു, ഈ മാന്യനായ അതിഥിയെ സ്വീകരിക്കുന്നതിനുവേണ്ടി നമുക്ക് ആ വെള്ളി കാലുകള്‍ കൂടി എടുക്കാം. ആകെ ആ വീട്ടിലുള്ള വിലപിടിച്ച വസ്തുക്കള്‍ അതുമാത്രമാണ്. വെള്ളിപാത്രങ്ങളില്‍ ഭക്ഷണം കൊടുത്തു, ഉറങ്ങാന്‍ മുറി കൊടുത്തു. രാത്രിയായപ്പോള്‍ ആ മനുഷ്യനിലെ കുറ്റവാസന ഉണര്‍ന്നു. ജീവിക്കാന്‍ ഒരു മാര്‍ഗവുമില്ല, ആ വെള്ളി പാത്രങ്ങള്‍ അയാളെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു, രാത്രി അവ മോഷ്ടിച്ചു കടന്നു. ഇയാളെ പൊലീസ് വഴിയില്‍ വച്ച് പിടികൂടി, പിറ്റേന്ന് ബിഷപ്പിന്റെ വീട്ടില്‍ കൊണ്ടുവന്നു. അപ്പോള്‍ ബിഷപ്പ് പറഞ്ഞ പ്രസിദ്ധമായ ഉത്തരം മിക്കവാറും പേര്‍ക്ക് അറിയാം, ''ഞാന്‍ ആ വെള്ളിക്കാലുകള്‍ കൂടി നിങ്ങള്‍ക്ക് തന്നതാണല്ലോ. അത് എന്തുകൊണ്ടാണ് കൊണ്ടുപോകാതിരുന്നത്?'' സമ്മാനം കൊടുത്തതാണ് എന്ന് പറഞ്ഞ് ബിഷപ്പ് അയാളെ രക്ഷിച്ചു. വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ അമ്പരന്നു പോയി. ആകെയുണ്ടായിരുന്ന വിലപിടിപ്പുള്ള സ്വത്തുക്കളാണ് കള്ളന്‍ കൊണ്ടുപോയത്. പിന്നീട് ഴാങ് വല്‍ ഴാങ് എന്ന ആ മനുഷ്യന്‍ പരമ കാരുണ്യവാനായി, ക്രിസ്തുവിന്റെ മഹത്വം മുഴുവന്‍ വെളിപ്പെടുത്തുന്ന മനുഷ്യനായി മാനസാന്തരപ്പെടുന്നതിന്റെ കഥയാണ് റൊമാന്റിക് നോവലായ പാവങ്ങള്‍. ഇതിനു നാലപ്പാട്ട് നാരായണമേനോന്റെ പ്രസിദ്ധമായ വിവര്‍ത്തനം വരുന്നത് 1925 ലാണ്. മലയാള സാഹിത്യത്തില്‍ നോവലിന്റെ സ്ഥാനം ഉറപ്പിച്ച വിവര്‍ത്തനം അതായിരുന്നു.

അത് മുഴുവന്‍ ഫ്രഞ്ച് വിപ്ലവത്തിന്റെ കഥയാണ്. ഫ്രഞ്ച് വിപ്ലവം രാജാവിനെ ശിരച്ഛേദം ചെയ്ത് വധിച്ചു. രാജാധികാരം ഇനി വേണ്ട. രാജാധികാരത്തിന് പകരം ജനാധിപത്യം കൊണ്ടുവന്നു. രാജഭരണത്തെ അട്ടിമറിക്കുന്ന ജനങ്ങള്‍ ഉയരാന്‍ തുടങ്ങി. ഒരു വശത്ത് ശാസ്ത്രം വികസിക്കുന്നു, അധികാരം വികസിക്കുന്നു. അതിനൊപ്പം പുതിയ ചിന്ത വരുന്നു, ഇതുവരെയുള്ള അടിമത്തം വേണ്ട എന്ന് ജനങ്ങള്‍ ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ തുടങ്ങുന്നു, ഇത് നവോത്ഥാനത്തിന്റെ ഫലമാണ്, കാരണം നവോത്ഥാനത്തിന്റെ ചിന്ത ജനങ്ങളോട് പറഞ്ഞു, എല്ലാ മനുഷ്യനും ഒരു മൂല്യമുണ്ട്, ആ മൂല്യം അവന്‍ സ്വതന്ത്രനായിരിക്കുന്നു എന്നുള്ളതാണ്, എനിക്ക് സ്വതന്ത്രനായി നിലനില്‍ക്കാന്‍ അവകാശമുണ്ട്, അഭിപ്രായം പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്, എന്റെ അവകാശങ്ങള്‍ നിഷേധിക്കുന്ന എന്തിനെതിരെയും എനിക്ക് സമരം ചെയ്യാന്‍ കഴിയും. ഇതാണ് ആധുനികത്വം കൊണ്ടുവന്ന പ്രധാനപ്പെട്ട മൂല്യം. ഈ ചരിത്ര സാഹചര്യം പത്തൊമ്പതാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തോടുകൂടി ലോകത്തില്‍ മുഴുവന്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. അമേരിക്കന്‍ റെവല്യൂഷന്‍ നടന്നു, മെക്‌സിക്കല്‍ വിപ്ലവം നടന്നു, വിപ്ലവങ്ങളുടെ ഒരു പരമ്പരതന്നെ അരങ്ങേറുന്നു.

തോമസ് പെയിന്‍ എന്ന അമേരിക്കന്‍ ചിന്തകന്‍ മനുഷ്യരുടെ അവകാശങ്ങള്‍ എന്ന പ്രശസ്തമായ ഒരു രേഖ എഴുതി. പിന്നീട് ലോകത്തു മുഴുവന്‍ ഉണ്ടായ സാമൂഹ്യ വിപ്ലവങ്ങളെ, മനുഷ്യാവകാശങ്ങളെ തോമസ് പെയിന്റെ ഈ രേഖ സ്വാധീനിച്ചു. മനുഷ്യന്‍ സ്വതന്ത്രനായ ഒരു ജീവിയാണ്, അതുകൊണ്ട് അവന് മനുഷ്യാവകാശങ്ങള്‍ ഉണ്ട് എന്ന് പറയുന്ന, രാജ്യങ്ങള്‍ക്ക് സ്വതന്ത്രത വേണം എന്ന് പറയുന്ന രേഖ.

ഇതിന്റെ ഒപ്പം തന്നെ പത്തൊമ്പതാം നൂറ്റാണ്ടില്‍, മനുഷ്യനെക്കുറിച്ച് വലിയ അവകാശം പറഞ്ഞ, വിപ്ലവം നടത്തിയ, ശാസ്ത്രത്തെ പുരോഗതി പ്രാപിപ്പിച്ച ഇതേ യൂറോപ്യന്മാര്‍ നമ്മുടേതു പോലുള്ള നാടുകളില്‍ എന്താണ് ചെയ്തത്? നമ്മളെ ചൂഷണം ചെയ്തുകൊണ്ടേയിരുന്നു, ഈ സമയത്ത് കൊളോണിയലിസം ഇന്ത്യയെ പോലുള്ള നാടുകളില്‍ ഭരണം നടത്തുകയും കച്ചവടം നടത്തുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നതിന്റെ ഒപ്പം സിവിലൈസിംഗ് മിഷന്‍ നടത്തി. നമ്മള്‍ ഭരിക്കുന്ന ഇന്ത്യയെ സിവിലൈസ് ചെയ്യണം എന്നാണ് അവര്‍ പറഞ്ഞത്, ഇന്ത്യക്ക് സിവിലൈസേഷന്‍ ഉണ്ടായിരുന്നില്ലേ? ഇന്ത്യയുടെ സിവിലൈസേഷന്‍ ഒക്കെ പണ്ടത്തെതാണ്, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ളത്, അതൊന്നും ഇനി ആവശ്യമില്ല. സംസ്‌കൃതത്തില്‍ കുറെ പുസ്തകങ്ങളൊക്കെ എഴുതിയിട്ടുണ്ട് പക്ഷേ അതൊക്കെ ലണ്ടനിലെ ഒരു അലമാരയില്‍ വച്ച് പൂട്ടാന്‍ ഉള്ളതേയുള്ളൂ. അവരെ പുതുതായി പഠിപ്പിക്കണം ഇംഗ്ലീഷ് പഠിപ്പിക്കണം എന്ന ചിന്ത.

(രണ്ടാം ഭാഗം അടുത്തലക്കത്തില്‍)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org