നവോത്ഥാനവും സ്ത്രീശാക്തീകരണവും

നവോത്ഥാനവും സ്ത്രീശാക്തീകരണവും
വിദ്യാഭ്യാസമാണ് എല്ലാതരത്തിലുമുള്ള നവോത്ഥാന പ്രക്രിയകള്‍ക്കും കാരണമായത്. നവോത്ഥാനം ഒരു പ്രത്യേക നിമിഷത്തില്‍ താനേ ഉണ്ടായി വന്നതല്ല. അതിനൊരു ഭൂമിക ഉണ്ടായിരിക്കും. ഈ ഭൂമികയെ നിര്‍ണ്ണയിച്ചതും നിര്‍മ്മിച്ചതും നാം ഇന്ന് കാണുന്ന രീതിയിലുള്ള ഒരു ആധുനിക സമൂഹമാക്കി മാറ്റിയതും വിദ്യാഭ്യാസമാണ്.

ബ്രിട്ടീഷ് മലബാര്‍, കൊച്ചി ശീമ, തിരുവിതാംകൂര്‍ എന്നീ മൂന്ന് രാജ്യങ്ങളായി തിരിഞ്ഞിരുന്ന രാഷ്ട്രീയ രൂപമാണ് പിന്നീട് കേരളപ്പിറവിയോടുകൂടി ഭാഷാടിസ്ഥാനത്തിലുള്ള കേരളം എന്ന സംസ്ഥാനമായി രൂപംകൊള്ളുന്നത്. കേരള നവോത്ഥാനത്തെ പൊതുവേ അടയാളപ്പെടുത്തുന്നത് 19-ാം നൂറ്റാണ്ടിനെ അടിസ്ഥാനപ്പെടുത്തിയാണ്. കേരളത്തിന്റെ ആധുനികീകരണം എന്ന പ്രക്രിയ ചരിത്രകാരന്മാര്‍ എല്ലാം പ്രധാനമായും പത്തൊമ്പതാം നൂറ്റാണ്ടു കേന്ദ്രീകരിച്ചാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അക്കാലത്തെ കേരളത്തെക്കുറിച്ച് അറിയുന്നതിനുള്ള ഏറ്റവും നല്ല ഒരു റഫറന്‍സ് ഗ്രന്ഥം പി ഭാസ്‌കരനുണ്ണിയുടെ ''പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം'' എന്ന പുസ്തകമാണ്. നമുക്കിന്നു വിശ്വസിക്കാന്‍ കഴിയാത്ത വിധത്തിലുള്ള ആചാരങ്ങളോടുകൂടിയ ഒരു പ്രദേശമായിരുന്നു അന്നു കേരളം.

വിദ്യാഭ്യാസമാണ് എല്ലാതരത്തിലുമുള്ള നവോത്ഥാന പ്രക്രിയകള്‍ക്കും കാരണമായത്. നവോത്ഥാനം ഒരു പ്രത്യേക നിമിഷത്തില്‍ താനേ ഉണ്ടായി വന്നതല്ല. അതിനൊരു ഭൂമിക ഉണ്ടായിരിക്കും. ഈ ഭൂമികയെ നിര്‍ണ്ണയിച്ചതും നിര്‍മ്മിച്ചതും നാം ഇന്ന് കാണുന്ന രീതിയിലുള്ള ഒരു ആധുനിക സമൂഹമാക്കി മാറ്റിയതും വിദ്യാഭ്യാസമാണ്. ആ കാലത്തിനുമുമ്പ് മൂന്നു തരത്തിലുള്ള വിദ്യാഭ്യാസമാണ് ഉണ്ടായിരുന്നത്. ഒന്ന്, ബ്രാഹ്മണര്‍ക്ക് ഉള്ള വേദപാഠശാലകള്‍. രണ്ട്, ഓരോ മതസ്ഥര്‍ക്കും ഉള്ള മതവിദ്യാഭ്യാസം കൊടുക്കുന്ന സംവിധാനം. മൂന്ന്, കളരി എന്നു പറയുന്ന ആയോധനകലയും അത്യാവശ്യമെഴുത്തും കണക്കും പഠിപ്പിച്ചിരുന്ന സമ്പ്രദായം. പിന്നെ നിലത്തെഴുത്ത് പള്ളിക്കൂടങ്ങളും ഉണ്ടായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിലെ കേരളത്തിലെ, ലീലാതിലകകാരന്റെ ഭാഷയില്‍ പറഞ്ഞാല്‍ ത്രൈവര്‍ണ്ണികരല്ലാത്തവര്‍ക്ക് പ്രത്യേകമായിട്ടുള്ള സ്‌കൂള്‍ ഉണ്ടായിരുന്നില്ല. കാരണവന്മാരില്‍ നിന്ന് പഠിക്കുന്ന കാര്യങ്ങളാണ് അവര്‍ക്കുള്ളത്.

ആ പശ്ചാത്തലത്തിലാണ് വിദേശമിഷണറിയായ റിങ്കിള്‍ ടോബ് നാഗര്‍കോവിലില്‍ പൊതുവിദ്യാഭ്യാസസ്ഥാപനം എന്നു പറയാവുന്ന സ്‌കൂള്‍ തുടങ്ങിയത്. തൊട്ടു പിന്നാലെ 1920 കളില്‍ തന്നെ റീജന്റ് റാണിയായിരുന്ന ഗൗരി പാര്‍വതി ബായി പ്രത്യേകമായി സ്‌കൂളുകള്‍ ഉണ്ടാക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. അങ്ങനെ സ്‌കൂളുകള്‍ ആരംഭിക്കുകയാണ്. ഇത്തരം സ്‌കൂളുകളില്‍ ബ്രാഹ്മണര്‍ അധികം പഠിച്ചിരുന്നില്ല. മതപരിവര്‍ത്തനം ചെയ്തിരുന്ന ക്രിസ്ത്യാനികള്‍, പ്രത്യേകിച്ചും ദക്ഷിണ കേരളത്തിലുള്ള ചാന്നാന്മാരും നാടന്മാരും ഈഴവരും മറ്റുചില ക്രിസ്ത്യന്‍ വിഭാഗങ്ങളും ആണ് പ്രധാനമായും സ്‌കൂളുകളില്‍ പോയിരുന്നത്.

ഈ കാലഘട്ടത്തില്‍ നാട്ടുഭാഷാ വിദ്യാലയങ്ങളോടൊപ്പം തന്നെ പെണ്‍പള്ളിക്കൂടങ്ങളും ആരംഭിക്കുന്നുണ്ട് കാഞ്ഞിരപ്പള്ളിക്ക് അടുത്ത് 150 ലധികം വര്‍ഷം മുമ്പ് ഒരു പെണ്‍പള്ളിക്കൂടം ഉണ്ടായിരുന്നു. അത്രയും മുമ്പേ തന്നെ സ്ത്രീ വിദ്യാഭ്യാസത്തിനുള്ള സാധ്യതകള്‍ ഉണ്ടായി.

വിദ്യാഭ്യാസം എപ്പോഴും സ്വാതന്ത്ര്യ ബോധത്തെ നിര്‍മ്മിക്കുന്നുണ്ട് അവകാശങ്ങളെ നിര്‍ണ്ണയിക്കുന്നുണ്ട്, പൗരാവകാശങ്ങളെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ നിര്‍മ്മിക്കുന്നുണ്ട്. 1850 കളില്‍ തിരുവിതാംകൂറില്‍ ഏറ്റവും ചലനം സൃഷ്ടിച്ച കാര്യമായിരുന്നു ചാന്നാര്‍ ലഹള. മേല്‍വസ്ത്രം ധരിക്കാനുള്ള അവകാശത്തിനുവേണ്ടി സ്ത്രീകള്‍ നടത്തിയ ഈ സമരം ദീര്‍ഘകാലം നീണ്ടുനിന്നു. വിദ്യാഭ്യാസം കൊണ്ട് കേരള സമൂഹത്തിലുണ്ടായ സ്ത്രീനവോത്ഥാനത്തിന്റെ ഒരു അടയാളപ്പെടുത്തലായി ചാന്നാര്‍ ലഹളയെ കാണാന്‍ സാധിക്കും മതപരിവര്‍ത്തനം ചെയ്ത ചാന്നാര്‍ സ്ത്രീകള്‍ മേല്‍ജാതിക്കാരെ പോലെ തന്നെ ചട്ട പോലുള്ള വസ്ത്രം ധരിച്ചു. അവര്‍ സ്വന്തം മാറിടങ്ങളെ മറച്ചുകൊണ്ട് പൊതുനിരത്തുകളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയപ്പോള്‍, മതം മാറാത്തവര്‍ക്കും ആ അവകാശം ആവശ്യമാണ് എന്ന് തോന്നി. അവര്‍ മേല്‍വസ്ത്രം ധരിച്ചപ്പോള്‍ മേല്‍ജാതിക്കാര്‍ ഇവരുടെ ചട്ട വലിച്ച് കീറുന്നു. അങ്ങനെ പലതരം പ്രശ്‌നങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയുമാണ് ചാന്നാര്‍ സ്ത്രീകള്‍ക്കും മാറുമറയ്ക്കാം, പക്ഷേ മേല്‍ജാതിക്കാര്‍ ധരിക്കുന്നത് പോലെ ആകരുത് എന്നൊരു വ്യവസ്ഥയോടു കൂടി അവര്‍ക്ക് ആ അവകാശം ലഭിച്ചത്. അത് ഒരു നാഴികക്കല്ലാണ് എന്ന് പറയാം.

1866 ല്‍ ഇന്ത്യന്‍ സന്യാസിനികളുടെ ഒരു സമൂഹത്തിനു ക്രൈസ്തവസഭയില്‍ തുടക്കമിട്ടു. തദ്ദേശീയമായ ഒരു സന്യാസം സാധ്യമാണ് എന്ന സ്ഥിതി വന്നു. പില്‍ക്കാലത്ത് ഒരുപാട് മാറ്റങ്ങള്‍ വരുത്തിയ ഒരു പ്രസ്ഥാനത്തിന്റെ ഒരു നാഴികക്കല്ലാണ് കൂനമ്മാവില്‍ ചാവറയച്ചന്‍ വനിതാസന്യാസത്തിലൂടെ നാട്ടിയത്. സന്യാസിനീസമൂഹത്തിനു ഭൂമി കിട്ടാനും കെട്ടിടം പണിയാനുമുള്ള അനുമതികള്‍ ലഭിക്കുന്നതിനുവേണ്ടി എന്തെല്ലാം ചെയ്തു എന്ന് നാളാഗമത്തില്‍ ചാവറയച്ചന്‍ വിശദീകരിക്കുന്നുണ്ട്. അങ്ങനെ കേരളത്തില്‍ ഒരു സന്യാസിനീമഠം ഉണ്ടാവുകയാണ്. കേരള ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം തദ്ദേശീയമായ ഈ മഠം സ്ത്രീകളുടെ വിദ്യാഭ്യാസ വിപ്ലവത്തിന് തന്നെ കാരണമായി മാറി. പിന്നീട് അദ്ദേഹം തന്നെ പല ആശ്രമങ്ങള്‍ സ്ഥാപിക്കുന്നു. ഇതിനുശേഷം വരുന്ന ഒരു കാലഘട്ടത്തിലാണ് ശ്രീനാരായണഗുരുവും തൈക്കാട് അയ്യാവു സ്വാമിയും ഒക്കെ കൊണ്ടുവരുന്ന മതാതീതമായ ഒരു ഇടം നിര്‍മ്മിക്കപ്പെടുന്നത്. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന ഇടം. ഇത് കേരളത്തെ സംബന്ധിച്ചിടത്തോളം വലിയൊരു മാറ്റമായിരുന്നു 16 അടി, 32 അടി, 64 അടി എന്നിങ്ങനെ അടിക്കണക്കിന് അകലങ്ങള്‍ സൂക്ഷിച്ചുകൊണ്ട് ജാതികള്‍ ജീവിച്ചിരുന്ന ഒരു നാട്ടില്‍ സര്‍വരും സോദരത്വേന ജീവിക്കുക എന്ന ഒരു സങ്കല്പം കൊണ്ടുവരികയാണ്. ശ്രീനാരായണഗുരുവാണ് ഇത് പറഞ്ഞതെങ്കിലും അത് തികച്ചും ശുദ്ധമായ ഇന്ത്യന്‍ സങ്കല്‍പമല്ല. ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രതിഫലനങ്ങള്‍ അതില്‍ കാണാന്‍ സാധിക്കും.

1888 ലാണ് അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ ഉണ്ടാകുന്നത്. 1893 ലാണ് അയ്യങ്കാളിയുടെ വില്ലുവണ്ടി സമരം ഉണ്ടാവുന്നത്. ഇതിന്റെ തൊട്ടു പിന്നാലെ 1905 ല്‍ പുലയ പെണ്‍കുട്ടിയായ പഞ്ചമിയുമായി അദ്ദേഹം ഊരൂട്ടമ്പലം സ്‌കൂളില്‍ പ്രവേശനത്തിന് ചെല്ലുന്നു. സ്‌കൂള്‍ അത് നിഷേധിക്കുന്നു. അദ്ദേഹം സ്‌കൂളുകള്‍ ഉണ്ടാക്കുന്നു, എതിരാളികള്‍ അവ കത്തിക്കുന്നു, അങ്ങനെ വലിയൊരു പ്രക്രിയയിലൂടെ ഇവിടെ ദളിതരായ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ സംബന്ധിച്ച ഒരു സംവാദം രൂപപ്പെടുന്നു.

1905 ന് ഒരു പ്രത്യേകതയുണ്ട്. 1905 ലാണ് ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടര്‍ ആയ ഡോക്ടര്‍ മേരി പുന്നന്‍ ലൂക്കോസ് ഡിഗ്രിക്ക് പഠിക്കാന്‍ ഇപ്പോഴത്തെ യൂണിവേഴ്‌സിറ്റി കോളജില്‍ ചെല്ലുന്നത്. അവര്‍ 1909 ല്‍ പഠനം പൂര്‍ത്തിയാക്കിയതിനുശേഷം, തിരുവനന്തപുരത്ത് സയന്‍സ് പഠിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് അനുവാദം ഇല്ലാതിരുന്നതുകൊണ്ട് മദ്രാസ് കോളജില്‍ പഠിക്കുന്നു. പിന്നീടവര്‍ ഇംഗ്ലണ്ടിലേക്ക് പോകുന്നു. കോട്ടയം അയ്മനത്ത് ഒരു ആംഗ്ലിക്കന്‍ സിറിയന്‍ കുടുംബത്തില്‍ ജനിച്ച മേരി പുന്നന്‍ ലൂക്കോസിന്റെ അച്ഛന്‍ തിരുവിതാംകൂറിലെ ആദ്യത്തെ ഡോക്ടറായിരുന്ന ഡോക്ടര്‍ പുന്നന്‍ ആയിരുന്നു. ഇംഗ്ലണ്ടില്‍ നിന്ന് വിദ്യാഭ്യാസം കഴിഞ്ഞുവന്ന മേരി പുന്നന്‍ കേരളത്തിന്റെ ആരോഗ്യരംഗത്ത്, വിശേഷിച്ചും സ്ത്രീകളുടെ ആരോഗ്യരംഗത്ത് വലിയൊരു നാഴികക്കല്ല് തന്നെയാണ് സൃഷ്ടിക്കുന്നത്. അവര്‍ വന്നതിനുശേഷം തിരുവനന്തപുരത്ത് ഗൈനക്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിക്കുന്നു. ധാരാളം പെണ്‍കുട്ടികളെ സൂതികര്‍മ്മിണികളാകാനുള്ള മിഡ്‌വൈഫറി കോഴ്‌സ് പഠിപ്പിക്കുന്നു. അങ്ങനെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഒരു മേഖലയിലേക്ക് കേരളം പ്രവേശിക്കുന്നത് ഈ കാലഘട്ടത്തിലാണ്.

ഏതാണ്ട് ഈ കാലഘട്ടത്തില്‍ തന്നെയാണ് അന്നാ ചാണ്ടി ഇന്ത്യയിലെ തന്നെ ആദ്യത്തെ വനിത ജഡ്ജിയായി മാറുന്നത്. അവരും തിരുവിതാംകൂര്‍ സംസ്ഥാനത്തില്‍ നിന്നുള്ളവരാണ്. നിയമപഠനം പൂര്‍ത്തിയാക്കി അവര്‍ മുന്‍സിഫ് ആയി ജോലിയില്‍ പ്രവേശിക്കുന്നു. ബ്രിട്ടീഷ് കോമണ്‍ വെല്‍ത്തിലെ രണ്ടാമത്തെ വനിതാ ജഡ്ജ് ആണ് അവര്‍. പില്‍ക്കാലത്ത് കത്തോലിക്ക സഭയില്‍ ചേര്‍ന്ന് അവിവാഹിതയായി ജീവിക്കുകയായിരുന്നു അവര്‍.

ഇക്കാലത്തോട് തൊട്ടുചേര്‍ന്ന് തന്നെയാണ് ആനി മസ്‌ക്രീന്‍ വരുന്നത്. ആനി മസ്‌ക്രീന്‍ ഡ്യൂവല്‍ ഡിഗ്രിയാണ് പാസ്സാകുന്നത്. ഇതേ കാലത്ത് കൊച്ചി രാജ്യത്തുനിന്ന് ദാക്ഷായണി വേലായുധന്‍ വരുന്നു. കൊച്ചി രാജ്യത്തില്‍ മേല്‍വസ്ത്രം ധരിച്ച ആദ്യത്തെ സ്ത്രീ എന്നൊക്കെ ദാക്ഷായണി വേലായുധനെ കുറിച്ച് ചരിത്രത്തില്‍ പറയുന്നുണ്ട്. പുലയസമുദായത്തില്‍ പെട്ട അവര്‍ ബിരുദധാരിയായി.

ദേശീയ പ്രസ്ഥാനത്തില്‍ തന്നെ വളരെ പ്രാധാന്യം നേടിയ ക്യാപ്റ്റന്‍ ലക്ഷ്മിയുടെയൊക്കെ ബന്ധുവായിരുന്ന അമ്മു സ്വാമിനാഥന്‍ അനുസ്മരിക്കപ്പെടേണ്ട മറ്റൊരു വനിതയാണ്.

നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും മത്സരിച്ച കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയസ്ത്രീകളില്‍ ഒരാളാണ് ആനി മസ്‌ക്രീന്‍. ആനി മസ്‌ക്രീന്‍, ദാക്ഷായണി വേലായുധന്‍, അമ്മു സ്വാമിനാഥന്‍ എന്നീ മൂന്ന് പേരും ഇന്ത്യന്‍ ഭരണഘടന രൂപപ്പെടുത്തുന്നതിന് അംബേദ്കറിനൊപ്പം ഭരണഘടനാനിര്‍മ്മാണസമിതിയില്‍ പ്രവര്‍ത്തിച്ചവരാണ്. ഇന്ത്യന്‍ ഭരണഘടന രൂപപ്പെടുത്തുന്നതില്‍ ഒരു ദളിത് സ്ത്രീ ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള മൂന്നു സ്ത്രീകള്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചു എന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണ്.

ഈ കാലഘട്ടത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് വരുന്ന ഒരു സ്ത്രീയാണ് അക്കാമ്മ ചെറിയാന്‍. സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ഒരു ജാഥ നയിക്കുകയും സര്‍ സി പിയുടെ പട്ടാളത്തിന് നേരെ നെഞ്ചുവിരിച്ചു നിന്നിട്ട്, തന്നെ വെടിവച്ചിട്ട് മാത്രമേ വളണ്ടിയേഴ്‌സിനെ വെടിവയ്ക്കാന്‍ സാധിക്കുകയുള്ളൂ എന്ന് പറയുകയും ചെയ്ത വളണ്ടിയര്‍ ക്യാപ്റ്റനായി പ്രവര്‍ത്തിച്ച ആളായിരുന്നു അക്കാമ്മ ചെറിയാന്‍. ഇവരും ബിരുദധാരിയായിരുന്നു.

അങ്ങനെ സ്‌കൂളുകളിലും കോളജുകളിലും പഠിക്കാന്‍ എത്തിയ സ്ത്രീകള്‍ എണ്ണത്തില്‍ കുറവായിരുന്നെങ്കിലും ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ വളരെ നിര്‍ണ്ണായകമായ അടയാളപ്പെടുത്തലുകളാണ് നടത്തിയത്. ഇതിന് തൊട്ടു പിന്നാലെയാണ് ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ മുസ്ലീം വനിതാ ഹൈക്കോടതി ജഡ്ജിയായ ഫാത്തിമ ബീവി വരുന്നത്.

കേരളത്തില്‍ നിന്നുള്ള സ്ത്രീകള്‍ ഔദ്യോഗിക, രാഷ്ട്രീയ, ഭരണഘടന രൂപീകരണ പ്രക്രിയകളിലെല്ലാം പങ്കെടുക്കത്തക്ക വിധത്തിലുള്ള പ്രാതിനിധ്യ സ്വഭാവത്തോടുകൂടിയ സാന്നിധ്യമായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം. ഈ പ്രക്രിയ ആരംഭിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെയാണ്. അക്കാലത്തു തന്നെ ധാരാളം പെണ്‍പള്ളിക്കൂടങ്ങള്‍ കൊച്ചിയിലും തൃശ്ശൂരിലും തിരുവനന്തപുരത്തും എല്ലാം ആരംഭിച്ചിരുന്നു.

വിദ്യാഭ്യാസമുള്ള ഒരു സ്ത്രീ എന്നു പറയുന്നത് കേരളത്തിലെ നവോത്ഥാനത്തിന്റെ ഒരു ഉപോല്‍പ്പന്നമാണ്. 1889 ല്‍ വന്ന ഇന്ദുലേഖ നോവലിലും 1852 ല്‍ വന്ന ഘാതക വധം നോവലിലും വിദ്യാഭ്യാസത്തിന്റെ അന്നത്തെ പ്രാധാന്യം ചിത്രീകരിക്കപ്പെടുന്നുണ്ട്. ഘാതകവധം കോളിന്‍സ് മദാമ്മ എഴുതിയ നോവലാണ്. തന്നിലെ ഘാതകന്റെ കഥ അഥവാ ഐഡിയോളജിക്കല്‍ ക്രിസ്ത്യന്‍ ആരാണ് എന്ന് പറയുന്നതിനുള്ള ഒരു ശ്രമമായിരുന്നു ആ നോവലില്‍ ഉണ്ടായിരുന്നതെങ്കിലും അതിലെ ഒരു കഥാപാത്രത്തിന്റെ മുറിയെക്കുറിച്ച് പറയുമ്പോള്‍ ആ മുറിയിലെ പുസ്തകത്തെക്കുറിച്ച് പറയുന്നതു നമുക്കു കാണാം. 1852 ല്‍ ആളുകള്‍ പുസ്തകം വായിച്ചിരുന്നു എന്ന് സൂചിപ്പിക്കുകയാണതിലൂടെ. ഇന്ദുലേഖ എന്ന നോവലില്‍ ഇന്ദുലേഖയെ കാണാന്‍ സൂരി നമ്പൂതിരിപ്പാട് അവരുടെ മുറിയില്‍ ചെല്ലുമ്പോള്‍ ആ മുറിയില്‍ ഇംഗ്ലീഷ് പുസ്തകങ്ങളൊക്കെ ഇരിക്കുന്നത് കാണുന്നുണ്ട്്. ഇന്ദുലേഖ സംസാരിച്ചു തുടങ്ങുന്ന സമയത്തുത്തന്നെ സൂരി നമ്പൂതിരിപ്പാടിന്റെ ഒരു ആത്മഗതം ഉണ്ട്. ''അതാ ഇന്‍ഗിരീയസ് പുറപ്പെടുന്നു.'' ഇംഗ്ലീഷ് എന്നതൊരു ഭാഷ മാത്രമല്ല. അത് ഒരു പ്രത്യേക ഭാവുകത്വത്തെ കൂടി അടയാളപ്പെടുത്തുകയാണ്. നായരായ ഒരു സ്ത്രീ, നമ്പൂതിരിയോട് തര്‍ക്കുത്തരം പറയാനും മറുപടി പറയാനും കഴിയുന്ന രീതിയില്‍ സ്വത്വബോധമുള്ള ഒരു സ്ത്രീത്വമായി മാറിയതിന്റെ അടയാളപ്പെടുത്തലാണതിലുള്ളത്. അവരുടെ സംസാരത്തെയാണ് സൂരി നമ്പൂതിരി ഇംഗിരീയസ് എന്ന് പറയുന്നത്. ഇന്ദുലേഖ സംസാരിക്കുന്നത് പച്ച മലയാളത്തില്‍ ആണ്. പക്ഷേ നമ്പൂതിരി പറയുന്നത് ഇന്‍ഗിരീയസ് പുറപ്പെടുന്നു എന്നും. തന്റെ ലൈംഗികമായ ഒരു അധികാരത്തെ, ഇച്ഛാശക്തിയെ പ്രഖ്യാപിക്കുന്നതില്‍, അവതരിപ്പിക്കുന്നതില്‍ സ്ത്രീക്ക് വിദ്യാഭ്യാസം ഒരു പ്രധാനപ്പെട്ട പങ്കാളിയായി നില്‍ക്കുന്നുണ്ട്.

1905 ല്‍ എഴുതപ്പെട്ട ഒരു കഥയില്‍, ട്രെയിനില്‍ യാത്ര ചെയ്യുന്ന ഒരു സ്ത്രീ കൂടെയിരിക്കുന്ന ഒരു പുരുഷന്‍ ഒരു ഇംഗ്ലീഷ് നോവല്‍ എടുത്തു വായിക്കുന്നതു കാണുമ്പോള്‍ സ്വയം പറയുകയാണ്, ഇത് ഞാനും വായിച്ചിട്ടുണ്ട്. വായിക്കുന്ന സ്ത്രീ എന്ന ഒരു സങ്കല്പം വികസിച്ചു വരുന്നു എന്നര്‍ത്ഥം. 1916 ലെ മലയാള ചെറുകഥാ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്ന ഒരു കഥയാണ് സരസ്വതി ദേവിയുടെ തലച്ചോറില്ലാത്ത സ്ത്രീ എന്ന കഥ. ഈ കഥയ്ക്കകത്ത് തന്റെ സര്‍ഗാത്മകതയെ അടയാളപ്പെടുത്തുന്ന സ്ത്രീയെയാണ് കാണുന്നത്. വളരെ ആണ്‍കോയ്മ ഉള്ള ഒരു പുരുഷനോടൊപ്പം ഈ സ്ത്രീ ജീവിക്കുകയും അയാള്‍ നിനക്ക് ബുദ്ധിയില്ല എന്നും തന്നെപ്പോലെയുള്ള ആണുങ്ങളാണ് കഥ, സാഹിത്യ, പത്രപ്രവര്‍ത്തന രംഗങ്ങളിലെല്ലാം നില്‍ക്കേണ്ടതെന്നു ഇടയ്ക്കിടെ സ്വയം പ്രശംസിക്കുകയും ചെയ്യുന്ന ഒരാളാണ്. ആ മനുഷ്യനോട് അയാള്‍ അറിയാതെ അയാളുടെ വീട്ടില്‍ തന്നെ ഇരുന്ന് ബാലകൃഷ്ണന്‍ എന്ന പേരില്‍ നോവല്‍ എഴുതി മത്സരിക്കുകയാണ് ആ സ്ത്രീ. മത്സരത്തില്‍ ബാലകൃഷ്ണന് ഒന്നാം സ്ഥാനം കിട്ടി. ബാലകൃഷ്ണന്റെ എഴുത്തിനെ കുറിച്ചൊക്കെ ഭര്‍ത്താവ് അന്ന് വലിയ കാര്യമായി പറയുമ്പോള്‍, ആ ബാലകൃഷ്ണന്‍ ഇത്രയും കാലം തന്റെ കൂടെ താമസിച്ചുകൊണ്ടിരുന്ന ഭാര്യയാണ് എന്ന് അയാള്‍ അറിയുകയാണ്. സര്‍ഗാത്മകത എന്നത് ആണുങ്ങള്‍ക്ക് മാത്രമുള്ളതല്ല, കുഞ്ഞുങ്ങളെ വളര്‍ത്തുകയും കുടുംബം നടത്തുകയും ഒക്കെ ചെയ്യുന്നതിനോടൊപ്പം തന്നെ സര്‍ഗാത്മകത എന്ന കാര്യം സ്ത്രീക്കും ഉണ്ട് എന്ന് സ്ഥാപിച്ച ഒരു കഥയാണത്.

ആ കാലഘട്ടത്തില്‍ സംഭവിച്ചതോ സംഭവിക്കാന്‍ ആഗ്രഹിച്ചിരുന്നതോ ആയ കാര്യങ്ങളാണ് ഈ കഥകളിലുള്ളത്. സംഭവിച്ചു എന്ന് പൂര്‍ണ്ണമായി പറയുന്നില്ല. പക്ഷേ പുതിയ സ്ത്രീയെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ ഈ കൃതികളെല്ലാം മുന്നോട്ടുവച്ചിട്ടുണ്ട്.

അതിനു സമാന്തരമായിട്ടാണ് ഉന്നതവിദ്യാഭ്യാസമുള്ള, ഔദ്യോഗിക മേഖലകള്‍ തിരഞ്ഞെടുക്കുന്ന, വിദ്യാഭ്യാസത്തിനുവേണ്ടി കേരളം വിട്ട് ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യുന്ന സ്ത്രീ എന്നത് ഒരു യാഥാര്‍ത്ഥ്യമായി കേരളത്തില്‍ മാറുന്നത്. മുഴുവന്‍ സ്ത്രീകളും ഇംഗ്ലണ്ടില്‍ പോയെന്നല്ല, പക്ഷേ ഒരു സ്ത്രീ ഇംഗ്ലണ്ടിലേക്ക് വൈദ്യവിദ്യാഭ്യാസത്തിന് പോകുന്നു എന്നതുതന്നെ ആ കാലഘട്ടത്തില്‍ ഇന്ത്യയുടെ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയിലെ ആദ്യത്തെ സര്‍ജനാണ് ഡോക്ടര്‍ മേരി.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അധ്യാപികമാരായും ആശാട്ടിമാരായും അച്ചടിശാലകളില്‍ ജോലി ചെയ്യുന്നവരായും ഒക്കെ സ്ത്രീകള്‍ ശോഭിക്കുന്നുണ്ട്. 1960 കളില്‍ വളരെ വികസിച്ചുവന്ന, സാമാന്യസ്വഭാവത്തിലേക്ക് എത്തുന്ന ഉദ്യോഗസ്ഥ എന്ന സങ്കല്പം തന്നെ അങ്ങനെ ഉണ്ടാവുകയാണ്.

കാഞ്ഞിരപ്പള്ളിയില്‍ നിന്നാണ് തിരുവിതാംകൂറിനെ നയിച്ച രണ്ട് പ്രധാനപ്പെട്ട ആളുകള്‍ ഉണ്ടാകുന്നത്. അക്കാമ്മ ചെറിയാനും റോസമ്മ ചെറിയാനും. കരിപ്പാപറമ്പില്‍ കുടുംബക്കാരാണ് അവര്‍. ആനി മസ്‌ക്രീനിനെപ്പോലുള്ള സ്ത്രീകള്‍ തിരുവനന്തപുരത്തുന്നുണ്ടാകുന്നു. ഇങ്ങനെ രാഷ്ട്രീയ സ്ത്രീകള്‍ എന്ന ആശയം ഇരുപതാം നൂറ്റാണ്ടിനു മധ്യകാലഘട്ടത്തില്‍, 1930 കള്‍ മുതല്‍ തന്നെ വളരെ ശക്തി പ്രാപിക്കുകയാണ്.

രാഷ്ട്രീയമേഖലയിലും ഔദ്യോഗിക മേഖലയിലും സര്‍ഗാത്മക മേഖലയിലും എല്ലാം സ്ത്രീകള്‍ ശക്തമാകുവാന്‍ ഈ നവോത്ഥാനം അല്ലെങ്കില്‍ നവോത്ഥാനം കൊണ്ടുവന്ന സാര്‍വലൗകിക വിദ്യാഭ്യാസം സഹായിച്ചു. ആ കാലഘട്ടത്തില്‍ ജാതി വളരെ ശക്തമാണ്. ജാതീയതയെ മറികടക്കുന്നതിലേക്ക്, സാമൂഹികമായ തുല്യതയിലേക്ക് വിദ്യാഭ്യാസം മുഖ്യധാരയില്‍ പുരുഷനെ മുന്നോട്ടു നയിച്ചതു പോലെ തന്നെ ചെറിയ തോതിലെങ്കിലും സ്ത്രീകളെയും മുന്നോട്ടു നയിച്ചതു കൊണ്ടാണ് അതു സംഭവിച്ചത്.

ആ കാലഘട്ടത്തില്‍ തന്നെ വൈദികര്‍ ചില പെണ്‍കുട്ടികളെ ജര്‍മ്മനിയിലും സ്വിറ്റ്‌സര്‍ലണ്ടിലും എല്ലാം നഴ്‌സിംഗ് പഠനത്തിനായി അയച്ചിരുന്നു അതുപോലെ കുറെ പേര്‍ കന്യാസ്ത്രീകള്‍ ആയി. ഇതെല്ലാം 40 കളിലും 50 ലും സംഭവിച്ചതാണ്, 1980 കളില്‍ ശക്തമാകുന്ന നേഴ്‌സ് പ്രസ്ഥാനത്തിന്റെ തുടക്കം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ കാണാന്‍ സാധിക്കും. ആദ്യം ആര്‍മി നഴ്‌സുമാരാണ് ഉണ്ടായത്. പിന്നെ മിഡ്‌വൈ ഫറിയും ജനറല്‍ നഴ്‌സിംഗും വന്നു. ഇന്ന് കേരളത്തിന്റെ സമ്പദ്ഘടനയെ തന്നെ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഈ സ്ത്രീ ഉദ്യോഗസ്ഥരുടെ തുടക്കവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ്. അതിന്റെ വികസിതമായ ഘട്ടമാണ് പിന്നീടു നാം കാണുന്നത്.

കൊച്ചീപ്പന്‍ തരകന്റെ 'മറിയാമ്മനാടകം', വിദ്യാഭ്യാസമുള്ള സ്ത്രീയെയും ഇല്ലാത്ത സ്ത്രീയെയും ഒരു കുടുംബത്തിന്റെ സാഹചര്യത്തില്‍ നോക്കിക്കാണുന്ന ഒരു നാടകമാണ്. കല്യാണം കഴിക്കാന്‍ പോകുന്ന പെണ്ണിനെക്കുറിച്ചുള്ള വളരെ യാഥാസ്ഥിതികമായ സങ്കല്പങ്ങളും അമ്മായിയമ്മ- മരുമകള്‍ പോരുമെല്ലാം അതില്‍ വരുന്നുണ്ട്. അതായത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ഇവിടെ ഒരു കലക്കം ഉണ്ടായി തുടങ്ങി എന്നര്‍ത്ഥം. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ലഭിച്ചാല്‍ അവര്‍ അടങ്ങി നില്‍ക്കുമോ, പറഞ്ഞാല്‍ കേള്‍ക്കുമോ എന്ന് റവ. മെയ്റ്റിയറിന്റെ ഒരു കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്.

നവോത്ഥാനത്തിനൊപ്പം കേരളത്തില്‍ സ്ത്രീകളുടെ നവോത്ഥാനവും സംഭവിച്ചു, അതിനു വിദ്യാഭ്യാസം പ്രധാനകാരണമായി എന്നാണ് ഈ ചരിത്രവസ്തുതകളില്‍ നിന്നെല്ലാം നമുക്കു ബോധ്യമാകുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org