കേരള നവോത്ഥാനത്തിനു മിഷണറിമാരേകിയ സാര്‍വലൗകികദര്‍ശനം

കേരള നവോത്ഥാനത്തിനു മിഷണറിമാരേകിയ സാര്‍വലൗകികദര്‍ശനം
ശാസ്ത്രബോധം നമ്മുടെ നാടിനു സമ്മാനിച്ചത് ഈ മിഷണറിമാരാണ്. നമ്മുടെ നാട്ടറിവുകളെ, ശാസ്ത്രധാരകളെ ആഗോള നവോത്ഥാന ശാസ്ത്രധാരകളുമായി ബന്ധിപ്പിച്ച്, ഒരു ആഗോളവീക്ഷണം അതിനു പകര്‍ന്നേകുവാന്‍ മിഷനറിമാര്‍ക്ക് സാധിച്ചു.

നമ്മുടെ നവോത്ഥാന ചിന്തകള്‍ പലപ്പോഴും വ്യക്തികളെ കേന്ദ്രീകരിച്ച് ആകാറുണ്ട്. ആ വ്യക്തികളെല്ലാം മഹാരഥന്മാരാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ വ്യക്തിതലത്തില്‍ നവോത്ഥാനത്തെക്കുറിച്ച് നടത്തുന്ന അന്വേഷണം, അണികളും ആരവങ്ങളും ഒന്നുമില്ലാതെ ചരിത്രത്തില്‍ വിസ്മൃതിയില്‍ ആണ്ടുപോയ നവോത്ഥാന ശ്രമങ്ങളെയും വ്യക്തികളെയും സംരംഭങ്ങളെയും അവഗണിക്കുന്നതിനിടയാക്കും.

നവോത്ഥാനത്തിനുള്ള മിഷനറി സംഭാവനകള്‍ക്കും ഇതു ബാധകമാണ്. പല മണ്ഡലങ്ങളില്‍ മിഷനറിമാര്‍ നല്‍കിയിരിക്കുന്ന സംഭാവനകളെക്കുറിച്ചു കൃത്യമായി പറയാന്‍ സാമാന്യബോധമുള്ള ഒരു കേരളീയനു സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ കഴിയും. കൃഷി, ആരോഗ്യം, സാമൂഹ്യ പരിഷ്‌കരണം, കല തുടങ്ങിയ രംഗങ്ങളിലുണ്ടായിട്ടുള്ള നവോത്ഥാനത്തെക്കുറിച്ച് അടിവരയിട്ട് പറയാനാകും. വിവരസാങ്കേതികവിദ്യയുടെ ഈ യുഗത്തില്‍ അവ ഓരോന്നും എണ്ണി പറയേണ്ട കാര്യമില്ല. ഒരു ഗൂഗിള്‍ സെര്‍ച്ചില്‍ ലഭി ക്കാവുന്നതേയുള്ളൂ.

നവോത്ഥാന പ്രക്രിയയില്‍ മിഷനറിമാര്‍ എവിടെ നിലകൊണ്ടു എന്ന അന്വേഷണമാണ് നാമിവിടെ നടത്തുന്നത്. വിദേശ മിഷനറിമാരുടെ സംഭാവനകളാണ് പ്രത്യേകമായി പരിശോധിക്കുന്നത്. പോര്‍ച്ചുഗീസുകാരെ, ഇംഗ്ലീഷുകാരെ, ഉദയംപേരൂര്‍ സൂനഹദോസിനെ പരാമര്‍ശിക്കാതിരിക്കാനാവില്ല. പല പാതിരിമാരുടെയും മുഖങ്ങള്‍ നമ്മുടെ മനസ്സില്‍ തെളിയും. അര്‍ണോസ് പാതിരി, പൗളിനോസ് പാതിരി, ക്ലമന്റ് പാതിരി എന്നിങ്ങനെ ധാരാളം പാതിരിമാരുടെ മുഖങ്ങള്‍ ഓര്‍മ്മവരുന്നു. നാഗര്‍കോവില്‍ കേന്ദ്രീകരിച്ചുള്ള എല്‍ എം എസ്, കോട്ടയം കേന്ദ്രീകരിച്ചുള്ള സി എം എസ്, തലശ്ശേരിയില്‍ ഉണ്ടായിരുന്ന ബേസല്‍ മിഷന്‍, സാല്‍വേഷന്‍ ആര്‍മിയിലെ റിംഗിള്‍ ടോബിയെ പോലുള്ളവര്‍ എന്നിവരെ നാം ഓര്‍ക്കും. ബെഞ്ചമിന്‍ ബെയിലി, ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, ഹെന്റി ബേക്കര്‍ എന്നിവരെല്ലാം നാനാമേഖലകളില്‍ അവരുടേതായ ഇടപെടലുകള്‍ നടത്തി നവോത്ഥാന മണ്ഡലത്തില്‍ തങ്ങളുടെതായ വെന്നിക്കൊടി പാറിച്ചവരാണ്.

നവോത്ഥാന പ്രക്രിയയില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ എവിടെ നിലകൊണ്ടു എന്ന ചോദ്യമാണ് നമ്മുടെ മുമ്പിലുള്ളത്. എന്താണ് നവോത്ഥാനം? ഏതാനും നൂറ്റാണ്ടുകളില്‍ അതിനെ ഒതുക്കാന്‍ സാധിക്കില്ല. യൂറോപ്യന്‍ നവോത്ഥാനം എടുക്കുക. അത് പതിനാലാം നൂറ്റാണ്ടില്‍ ഫ്‌ളോറന്‍സില്‍ ആരംഭിച്ചു പതിനേഴാം നൂറ്റാണ്ടില്‍ വളര്‍ന്ന് ഇംഗ്ലണ്ടിലെത്തി എന്നാണ് നാം വിശ്വസിക്കുന്നത്. എന്നാല്‍ അതിനു മുന്‍പ് മധ്യയുഗത്തില്‍, പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനം തന്നെ ഇത് ആരംഭിച്ചിട്ടുണ്ട്. തുടര്‍ച്ചയുടെയും തുടര്‍ച്ചയില്ലായ്മയുടെയും ഘടകങ്ങള്‍ എല്ലായ്‌പ്പോഴും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ നവോത്ഥാനം എന്നത് ഏറിയും കുറഞ്ഞും എല്ലാ കാലഘട്ടങ്ങളിലും സംഭവിക്കുന്നതാണ്.

സംസ്‌കാരങ്ങളുമായുള്ള സമ്പര്‍ക്കം അതിപ്രധാനമാണ്. വിവിധ സംസ്‌കാരങ്ങളെ കണ്ടുമുട്ടുന്നതിലൂടെ രൂപപ്പെട്ടു വരുന്ന വൈവിധ്യങ്ങള്‍ പുരോഗതിയിലേക്ക് നയിക്കും. ഇതിന് അവസരമൊരുക്കി എന്നതാണ് മിഷനറിമാരുടെ ഏറ്റവും വലിയ സംഭാവന.

കേരളത്തിലെ നവോത്ഥാന നായകര്‍ ഇതിന്റെ പശ്ചാത്തലത്തില്‍ ഉണ്ട്. ശ്രീനാരായണഗുരുവിന്റെ ശിവപ്രതിഷ്ഠ, ദളിതരുടെ ഉന്നമനത്തിന് വേണ്ടിയുള്ള അയ്യങ്കാളിയുടെ ശ്രമങ്ങള്‍, ചട്ടമ്പിസ്വാമികളുടെയും ചാവറയച്ചന്റെയും സാമൂഹ്യ പരിഷ്‌കരണ ദര്‍ശനങ്ങള്‍ എന്നിവയെല്ലാം നമ്മുടെ സാഹചര്യങ്ങളില്‍ നിന്ന് ഊര്‍ജം സ്വീകരിച്ച് പ്രതികരിച്ചവയാണ്. ഇവയ്‌ക്കെല്ലാം ഒരു ഭൗമശാസ്ത്ര പരിധിയുണ്ട്. കേരളത്തിന്റെ, ദക്ഷിണേന്ത്യയുടെ, അല്ലെങ്കില്‍ ഭാരതത്തിന്റെ പരിധിയില്‍ അത് ഒതുങ്ങി നില്‍ക്കുന്നു.

മിഷനറിമാരുടെ സംഭാവനകള്‍ വ്യതിരിക്തമാകുന്നത് വിശാലമായ ഒരു സാര്‍വലൗകിക ദര്‍ശനം അവര്‍ പ്രദാനം ചെയ്തു എന്നതുകൊണ്ടാണ്. ഇറ്റാലിയന്‍ മിഷനറി ആയിരുന്ന മത്തേവുസ് പാതിരി 1686 ല്‍ എഴുതിയ ഹോര്‍ത്തൂസ് മലബാറിക്കൂസ് അഥവാ കേരളാരാമം എന്ന ഗ്രന്ഥത്തിന്റെ കാര്യമെടുക്കാം. അത് സസ്യശാസ്ത്രമാണ്. യൂറോപ്പില്‍ അതിനകം വികസിച്ചിരുന്ന ഒരു പഠനശാഖ, കേരളത്തിന് പരിചയമില്ലാതിരുന്ന ഒന്ന്, ഉപയോഗിച്ച് വിവരശേഖരണം നടത്തി 12 വാല്യങ്ങള്‍ ഉള്ള ഒരു പുസ്തകം 769 ചിത്രങ്ങള്‍ സഹിതം പ്രസിദ്ധീകരിക്കുകയായിരുന്നു. നെതര്‍ലന്‍ഡ്‌സിലായിരുന്നു അച്ചടി. മലയാളപദങ്ങളും പദാവലികളുമൊക്കെ അതിലുണ്ട്. ഒരു ശാസ്ത്രധാരയെ അഥവാ നാട്ടറിവിനെ ആഗോളനവോത്ഥാന ധാരയുമായി ബന്ധപ്പെടുത്തിയതാണ് മിഷനറിമാര്‍ കേരള നവോത്ഥാനത്തിനു നല്‍കിയ സാര്‍വലൗകിക ദര്‍ശനം.

കൊടൈക്കനാലില്‍ ഈശോസഭയുടെ ഒരു പരിശീലന കേന്ദ്രമുണ്ട്. ഫ്രഞ്ച് ജസ്വിറ്റ് മിഷനറിമാരാണ് അത് സ്ഥാപിച്ചത്. അവിടെ ഫിലോസഫിയും തിയോളജിയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം ബോട്ടണിക്ക് അവര്‍ ഒരു പ്രത്യേക ഊന്നല്‍ നല്‍കിയിരുന്നു. മിഷനറിമാരുടെ വലിയൊരു 'ലെഗസി' സസ്യശാസ്ത്രത്തില്‍ അവര്‍ സ്ഥാപിച്ചു. പളനി മലകള്‍ മുഴുവന്‍ കയറിയിറങ്ങിയ ധാരാളം ഈശോസഭ വൈദികരുണ്ട്. പിന്നീട് തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട വിദ്യക്ഷേത്രങ്ങളായി ത്തീര്‍ന്ന ചെന്നൈ ലയോള, ട്രിച്ചി സെന്റ് ജോസഫ്, പാളയംകോട്ട സെന്റ് സേവ്യേഴ്‌സ് എന്നിവിടങ്ങളിലെല്ലാം ലോകോത്തര നിലവാരത്തിലുള്ള ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഉള്ളത് ഈ പൈതൃകത്തിന്റെ തുടര്‍ച്ചയാണ്. ഫ്രഞ്ച് മിഷണറിമാര്‍ കൊണ്ടുവന്ന ബോട്ടണിയുടെ പാരമ്പര്യം കാത്തുസൂക്ഷിച്ച പ്രതിഭാധനരായ ഫാദര്‍ എം. മാണിക്യത്തെ പോലെ, മുന്‍ വൈസ് ചാന്‍സലര്‍ ഫാദര്‍ ഇഗ്‌നാസി മുത്തുവിനെപ്പോലുള്ളവര്‍ ഇന്നും അത് തുടരുന്നുണ്ട്.

ശാസ്ത്രബോധം നമ്മുടെ നാടിനു സമ്മാനിച്ചത് ഈ മിഷണറിമാരാണ്. നമ്മുടെ നാട്ടറിവുകളെയും ശാസ്ത്രധാരക ളെയും ഇതര നവോത്ഥാന ശാസ്ത്രധാരകളുമായി ബന്ധിപ്പിച്ച്, ഒരു ആഗോളവീക്ഷണം അതിനു പകര്‍ന്നേകുവാന്‍ മിഷനറിമാര്‍ക്ക് സാധിച്ചു. ഇവയെ ഒറ്റപ്പെട്ട ശ്രമങ്ങളായി കാണരുത്. ആഗോളവക്ഷണത്തില്‍ മിഷനറിമാര്‍ നല്‍കിയ ശാസ്ത്രസംഭാവനകളുടെ പശ്ചാത്തലത്തില്‍ വേണം ഇതിനെ കാണുവാന്‍. ക്രിസ്റ്റഫര്‍ ക്ലാവിയൂസിനെ പോലുള്ള മിഷണറിമാര്‍ അന്തര്‍ ദേശീയതലത്തില്‍ നിരവധി പേരുണ്ട്. അദ്ദേഹമാണ് ജൂലിയന്‍ കലണ്ടര്‍ ഭേദഗതി ചെയ്തു ഗ്രിഗോറിയന്‍ കലണ്ടര്‍ രൂപപ്പെടുത്തിയത്. മത്തയോ റിച്ചിയെ പ്പോലൊരു സന്യസ്ത-ജ്യോതിശാസ്ത്രജ്ഞന്‍ ചൈനയുടെ ചക്രവാളങ്ങളിലേക്ക് കടന്നുചെന്ന് നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കി. ഇങ്ങനെ ധാരാളം ആളുകളെ കുറിച്ച് പറയാനാകും. സീസ്‌മോളജി അറിയപ്പെടുന്നത് 'ജെ സ്വിറ്റ് സയന്‍സ്' ആണ്.

യൂറോപ്പില്‍ 15 ഉം 16 ഉം നൂറ്റാണ്ടുകളില്‍ വികസിച്ച ശാസ്ത്ര ശാഖകളെയും ശാസ്ത്രബോധത്തെയും ആണ് മിഷണറിമാര്‍ കേരളത്തിലേക്ക് സംക്രമിപ്പിച്ചത്. വിദേശ മിഷനറിമാരെ വ്യതിരിക്തമാക്കുന്നത് അവര്‍ പകര്‍ന്ന ഈ സാര്‍വലൗകിക ദര്‍ശനവും ആഗോളധാരയോടുള്ള സമന്വ യവുമാണ്.

ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട മിഷണറിമാരുടെ ധാരാളം സംഭാവനകള്‍ എണ്ണമറ്റതാണ്. പാശ്ചാത്യ നവോത്ഥാന ത്തെക്കുറിച്ച് പറയുമ്പോള്‍ സാഹിത്യ നവോത്ഥാനം എന്ന് തന്നെ പറയാറുണ്ട്. ഫ്‌ളോറന്‍സില്‍ കലയിലും സാഹിത്യത്തിലും ആയി തുടങ്ങിയതാണ് നവോത്ഥാനം എന്ന് നമുക്കറിയാം. ഇറാസ്മസും ഷേക്‌സ്പിയറും സ്‌പെന്‍സറും ഒക്കെ അവരുടേതായ സംഭാവനകള്‍ ഗദ്യത്തിലും പദ്യത്തിലും നാടകത്തിലുമൊക്കെ നല്കുകയുണ്ടായി. അര്‍ണോസ് പാതിരി ഈ ചങ്ങലയുടെ ഒരു തുടര്‍ച്ചയാണ്. അദ്ദേഹം മലയാള ഗദ്യത്തിലും പദ്യത്തിലും തന്റെ നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കി എന്ന് നമുക്കറിയാം. അദ്ദേഹത്തിന്റെ സംസ്‌കൃതം-പോര്‍ച്ചുഗീസ് നിഘണ്ടു, മലയാളം-പോര്‍ച്ചുഗീസ് നിഘണ്ടു എന്നിവ ഭാഷയ്ക്ക് പുതിയ വികാസം നല്‍കുകയും ആഗോളധാരയിലേക്ക് നമ്മുടെ ഭാഷയെ ഉയര്‍ത്തുകയും ചെയ്തു. മലയാളത്തില്‍ ചതുരംഗവും പുത്തന്‍പാനയും പോലെയുള്ള കാവ്യങ്ങള്‍ നമ്മുടെ സംസ്‌കാരത്തിനും ആത്മീയതയ്ക്കും അദ്ദേഹം നല്കിയ സംഭാവനകളാണ്. ആഞ്‌ജെല ഫ്രാന്‍സിസിന്റെ മലയാള വ്യാകരണം, ക്ലമെന്റ് പാതിരിയുടെ സംക്ഷേപവേദാര്‍ത്ഥം, ബെഞ്ചമിന്‍ ബെയിലിയുടെയും ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെയും ഇംഗ്ലീഷ്-മലയാളം, മലയാളം-ഇംഗ്ലീഷ് നിഘണ്ടുക്കള്‍ എന്നിവ പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. മലയാളഭാഷയെയും സാഹിത്യത്തെയും ആഗോളമുഖ്യധാരയുമായി ബന്ധപ്പെടുത്തുന്ന പാലങ്ങളായി ഈ മിഷണറിമാര്‍ പ്രവര്‍ത്തിച്ചു എന്നു വ്യക്തമാണ്.

നവോത്ഥാനത്തില്‍ അച്ചടിയും പത്രമാധ്യമങ്ങളും നമുക്ക് മറക്കാന്‍ സാധിക്കില്ല. രണ്ടു പത്രങ്ങള്‍ വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു. 1877 ല്‍ തുടങ്ങിയ രാജ്യസമാചാരവും ആ വര്‍ഷം തന്നെ തുടങ്ങിയ പശ്ചിമോദയം എന്ന പത്രവും. 1557 ല്‍ തന്നെ പോര്‍ച്ചുഗീസുകാര്‍ കൊച്ചിയിലും വൈപ്പികോട്ടയിലും പ്രസ്സ് ആരംഭിച്ചിരുന്നു. പിന്നീട് 1700 കളിലും 1800 കളിലും പലയിടങ്ങളിലായി പ്രസ്സുകള്‍ സ്ഥാപിക്കപ്പെട്ടു, അച്ചടി നടന്നു. രാജ്യസമാചാരം ക്രൈസ്തവ മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയപ്പോള്‍ 'പശ്ചിമോദയം' ആദ്യത്തെ ഒരു ശാസ്ത്രീയ മാസികയായിട്ടാണ് ചിത്രീകരിക്കപ്പെട്ടിരുന്നത്. ഭൂപടങ്ങള്‍, ജ്യോതിശാസ്ത്രം, വ്യവസായം തുടങ്ങിയവയെ കുറിച്ചുള്ള സൂചനകളും പഠനങ്ങളും 'പശ്ചിമോദയം' എന്ന പത്രത്തില്‍ ഉണ്ടായിരുന്നു. ബെഞ്ചമിന്‍ ബെയിലിയുടെ നിരീക്ഷണത്തില്‍ തലശ്ശേരിയില്‍ നിന്ന് ഇറങ്ങിയതാണ് 'പശ്ചിമോദയം'.

സഭാത്മക, പൗരോഹിത്യ, സന്യാസ ജീവിതം ഒരു ഒറ്റപ്പെട്ട തുരുത്തല്ല, സാംസ്‌കാരിക ലോകവുമായി സഭ നിരന്തരം സംവദിക്കണം എന്നത് ഇവര്‍ പകര്‍ന്നു നല്‍കിയ വലിയൊരു പൈതൃകമാണ്. മതേതര സമൂഹവുമായി എപ്രകാരം സംവദിക്കണം, ആ പൈതൃകത്തോട് നാം എത്രത്തോളം നീതിപുലര്‍ത്തുന്നുണ്ട് എന്ന വലിയ ചോദ്യങ്ങള്‍ക്ക് ഈ കാലഘട്ടത്തില്‍ നാം പ്രത്യുത്തരം നല്‌കേണ്ടതുണ്ട്.

ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു മണ്ഡലമാണ് സംസ്‌കാരങ്ങളുമായുള്ള സമ്പര്‍ക്കം. ഭവനനിര്‍മ്മാണ മേഖലയില്‍, വസ്ത്രം, കൃഷി, ആരോഗ്യത്തിലൊക്കെ ഈ സാംസ്‌കാരിക സമ്പര്‍ക്കം പകര്‍ന്നേകിയ വലിയൊരു ഔന്നത്യം ഉണ്ട്. ഓട് പോര്‍ച്ചുഗീസുകാരുടേതാണ്, സിമന്റ് ഇംഗ്ലീഷുകാരുടേതാണ്. ഭവന നിര്‍മ്മാണത്തില്‍ വളരെ വലിയൊരു വിപ്ലവം തന്നെ നടക്കുകയുണ്ടായി. മേശയും കസേരയും വാതിലും എല്ലാം പോര്‍ച്ചുഗീസുകാരുടെ സംഭാവനകളാണ്. കുരണ്ടിപലകയ്ക്കു പകരം കസേര, എഴുത്തു പലകയ്ക്കു പകരം മേശ, വാതിലിനും ജനലിനും വിജാഗിരി എന്നിവയെല്ലാം ഈ സാംസ്‌കാരികസമ്പര്‍ക്കത്തിലൂടെ നമുക്ക് കൈ വന്നതാണ്.

ചാന്നാര്‍ ലഹളയെക്കുറിച്ച് നമുക്കറിയാം. മാറുമറയ്ക്കണം എന്നുള്ള പ്രചോദനം അന്നത്തെ സ്ത്രീകള്‍ ഉള്‍ക്കൊണ്ടത് മിഷനറിമാരുടെ ഭാര്യമാരുടെ വസ്ത്രധാരണ രീതികളില്‍ നിന്നാണ്. ഒരു കാലഘട്ടത്തിലെ സാമൂഹ്യ പരിഷ്‌കരണത്തിനും സാമുദായിക പരിവര്‍ത്തനത്തിനും മിഷണറിമാര്‍ അവരുടെ ഇടപെടലിലൂടെ സംഭാവനകള്‍ നല്കുകയാണുണ്ടായത്. റബര്‍ ശാസ്ത്രീയമായി കൃഷി ചെയ്യാന്‍ പഠിപ്പിച്ചത് വിദേശികളാണ്. കുരുമുളക് വള്ളി വെ റുതെ പറമ്പില്‍ വലിച്ചെറിഞ്ഞ്, ഏതെങ്കിലും മരത്തില്‍ പടര്‍ന്നു കയറി വിളവ് ഉണ്ടാക്കുന്ന രീതി മാറ്റി വ്യവസ്ഥാപിതമായ കൃഷി രീതികള്‍ നമ്മളെ പഠിപ്പിച്ചത് ഇവരാണ്.

കലാരംഗവും സമാനമാണ്. എടുത്തു പറയേണ്ട ഒന്നാണ് ചവിട്ടുനാടകം. ബാലേ കൊണ്ടുവന്നത് പോര്‍ച്ചുഗീസുകാരാണ്. ചവിട്ടു നാടകത്തില്‍ ഭരതനാട്യത്തിന്റെ ചുവടുകളുണ്ട്, ബാെലയുടെ ചുവടുകളുണ്ട്, ആയോധനകലയുടെ ചുവടുകളുണ്ട്. സംസ്‌കാരങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കമാണത്. സംസ്‌കാരിക സമ്പര്‍ക്കം ഒരു സമൂഹത്തെ, ഒരു മേഖലയെ എത്രത്തോളം വളര്‍ത്തുന്നു എന്നതിന്റെ സൂചനകളാണ് ഇത് സമ്മാനിക്കുന്നത്.

കോഴിക്കോട് ഇറ്റാലിയന്‍ മിഷനറിമാര്‍ ആരംഭിച്ച ഇറ്റാലിയന്‍ ടെക്‌നോളജിക്കല്‍ സെന്റര്‍ ഉണ്ടായിരുന്നു. സെന്റ് വിന്‍സെന്റ് ഇന്‍ഡസ്ട്രീസ് ഈശോസഭക്കാരാണ് ആരംഭിച്ചത്. ടയര്‍ റീട്രെഡിങ് കേരളത്തിനു സമ്മാനിച്ചത് ഇവരാണ്. ദക്ഷിണേന്ത്യയില്‍ പലയിടത്തും ടയര്‍ റീട്രെഡിങ് കമ്പനികള്‍ ആരംഭിക്കുന്നത് അങ്ങനെയാണ്. ഇറ്റാലിയന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യവസായികമായ സംരംഭങ്ങള്‍ക്കു സംഭാവനകള്‍ നല്‍കുന്നതിന് മിഷണറിമാര്‍ക്കു സാധിച്ചു.

മിഷണറിമാരുടെ നവോത്ഥാനസംഭാവനകള്‍ നല്കുന്ന പാഠങ്ങള്‍ എന്താണ് എന്ന് പരിശോധിക്കുമ്പോള്‍ നവോത്ഥാനം ചലനാത്മകമാണ്, പുരോഗതിയിലേക്കുള്ള പാതയാണ് എന്നു മനസ്സിലാകും. മുന്നോട്ട് നയിക്കുന്ന ചിന്തകളും പിന്നോട്ടടിക്കുന്ന ചിന്തകളും അതിലുണ്ടാവാം. അതു തിരിച്ചറിയുക എന്നുള്ളതാണ് ഈ കാലഘട്ടത്തില്‍ നമ്മുടെ വലിയൊരു ദൗത്യം. വിവിധ സംസ്‌കാരങ്ങളെ കണ്ടുമുട്ടുന്നതിലൂടെ രൂപപ്പെട്ടുവരുന്ന വൈവിധ്യങ്ങള്‍ പുരോഗതിയിലേക്ക് നയിക്കും എന്ന പാഠമാണ് മിഷണറിമാരുടെ ഏറ്റവും വലിയ സംഭാവന.

ഐകരൂപ്യത്തിനുള്ള ശ്രമങ്ങളാണ് ഇന്ന് എല്ലാതലത്തിലും നടക്കുന്നത്. ദേശീയതലത്തില്‍ - മതാത്മക മണ്ഡലത്തില്‍ ആത്മീയതലത്തില്‍. അതു നമ്മെ എങ്ങോട്ടാണ് കൊണ്ടുപോവുക എന്ന് തിരിച്ചറിയുക പ്രധാനമാണ്. ഈ കാലഘട്ടത്തിലെ നവോത്ഥാന ശ്രമങ്ങള്‍ എന്താണ് എന്നത് വിമര്‍ശനാത്മകമായി നാം മനസ്സിലാക്കണം. ഈ സത്യാനന്തര കാലത്ത് എന്താണ് നവോത്ഥാന ശ്രമങ്ങള്‍, സംരംഭങ്ങള്‍ എന്ന തിരിച്ചറിവ് ഉണ്ടാകുവാന്‍ വളരെ ജാഗ്രതയോടുകൂടി സമകാലിക നവോത്ഥാന ശ്രമങ്ങളെ നാം സമീപിക്കേണ്ടതുണ്ട്.

ഒരുപക്ഷേ ഈ കാലഘട്ടം ആവശ്യപ്പെടുന്നത് ചില ബദല്‍ ആഖ്യാനങ്ങളുടെ രൂപപ്പെടുത്തലാണ്. ബദല്‍ സംസ്‌കാരങ്ങള്‍ക്കു സര്‍ഗാത്മകമായ ഭാവന വേണം. നമ്മുടെ മിഷനറിമാര്‍ അതിനുള്ള ചില സൂചകങ്ങള്‍ നമുക്ക് പകര്‍ന്നു നല്‍കിയിട്ടുണ്ട്. മുന്‍ഗണനകള്‍ നാം നിര്‍വചിക്കണം. ഏതു മണ്ഡലത്തില്‍, ഏത് കാര്യത്തിലാണ് നാം ഇടപെടലുകള്‍ നടത്തേണ്ടതെന്നു നിശ്ചയിക്കണം. അത് ഒറ്റയ്ക്ക് സാധിക്കില്ല. വ്യക്തിപരമായ സമീപനങ്ങളെക്കാള്‍ ഏറെ ഈ കാലഘട്ടം ആവശ്യപ്പെടുന്നത് സഹകരണവും പരസ്പരബന്ധവും ആണ്. ഇതിന് നമ്മള്‍ അടിവരയിട്ടെ മതിയാകൂ. നമ്മുടെ നവോത്ഥാന ശ്രമങ്ങള്‍ അത്തരത്തില്‍ ആയെങ്കില്‍ മാത്രമേ ബദല്‍ സംസ്‌കാരങ്ങളും വീക്ഷണങ്ങളും നമുക്കു രൂപപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. മിഷനറിമാര്‍ പകര്‍ന്നു നല്‍കിയത് അത്തരത്തിലുള്ള സൂചനകളാണ്, ആ പൈതൃകം നാം തുടരണം. അതിന് പല ആളുകളെയും മാതൃകകളെയും നമുക്ക് തേടാന്‍ പറ്റും. പോപ്പ് ഫ്രാന്‍സിസും അദ്ദേഹത്തിന്റെ സമീപനങ്ങളും ഈ പരമ്പരയിലെ ഒരു തുടര്‍ക്കണ്ണിയാണ്.

മുഖ്യധാരാചരിത്രകാരന്മാര്‍ വിസ്മൃതിയിലാഴ്ത്തിയ നവോത്ഥാന ശ്രമങ്ങളെ തിരിച്ചുപിടിക്കുക എന്ന ഒരു വലിയ ഉത്തരവാദിത്വം പോലെ സംസ്‌കാരങ്ങളോട് സമ്പര്‍ക്കം നടത്തി അതിലൂടെ രൂപപ്പെടുന്ന വൈവിധ്യങ്ങളെ നവോത്ഥാനത്തിനുള്ള ഏറ്റവും പര്യാപ്തമായ ഉപാധിയായി രൂപപ്പെടുത്തുന്നതിനും അതില്‍ നിന്ന് ചില ബദല്‍ സംസ്‌കാരങ്ങള്‍ രൂപപ്പെടുത്തി നവോത്ഥാന മേഖലയില്‍ പുതിയ വെളിച്ചങ്ങള്‍ കൊണ്ടുവരാനും നമുക്ക് സാധിക്കണം. അതിന് മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ വലിയ ഊര്‍ജം പകര്‍ന്നേക്കും. ഈ കൂട്ടുത്തരവാദിത്വത്തിലേക്ക് വളരാന്‍ സഭ യ്ക്കും സമൂഹത്തിനും സാധിക്കട്ടെ.

  • (വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ നവോത്ഥാനത്തെക്കുറിച്ചു നടത്തിയ സിമ്പോസിയത്തില്‍ നടത്തിയ പ്രഭാഷണം)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org