
പ്രാചീനമായ വിജ്ഞാനമഹിമയുടെ വീണ്ടെടുപ്പ്, ഗ്രീക്കോ റോമന്‍ കലയുടെയും സംസ്‌കാരത്തിന്റെയും വിജ്ഞാനത്തിന്റെയും വീണ്ടെടുപ്പ് എന്ന അര്‍ത്ഥത്തില്‍ പഴയതിന്റെ വീണ്ടെടുപ്പ് ആയിട്ടല്ല ഇന്ത്യയിലെ നവോത്ഥാനം എന്ന് വിളിക്കുന്ന പ്രക്രിയ അരങ്ങേറിയത്. മറിച്ച് പഴയതിന്റെ നിരാകരണവും ആധുനികമായ മൂല്യങ്ങളുടെ സംസ്ഥാപനവും എന്ന നിലയിലാണ്.
നവോത്ഥാനം എന്ന ആശയവും കേരളീയ നവോത്ഥാനം എന്ന വിശദീകരണവും പല നിലകളിലുള്ള ചോദ്യങ്ങളെ അഭിമുഖീകരിക്കുന്ന ഒരു കാലത്താണു നമ്മള്‍ കേരളീയ നവോത്ഥാനത്തിന്റെ ബഹുസ്വരധാരകള്‍ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത്. ഒരു കാല്‍നൂറ്റാണ്ട് മുമ്പാണെങ്കില്‍ നവോത്ഥാനം എന്ന ആശയത്തെ സംബന്ധിച്ച് ഉയരാന്‍ ഇടയില്ലാത്ത ഒട്ടനവധി വിമര്‍ശനങ്ങളും എതിര്‍വാദങ്ങളും ഇന്ന് നവോത്ഥാനം എന്ന സങ്കല്പത്തെക്കുറിച്ചും കേരളീയ നവോത്ഥാനം, ഭാരതീയ നവോത്ഥാനം എന്നീ ആശയങ്ങളെക്കുറിച്ചും ഉയരുന്നുണ്ട്. എന്താണ് നവോത്ഥാനം എന്നതിന് ധാരാളം വ്യത്യസ്ത വിശദീകരണങ്ങള്‍ ഉണ്ട്. യൂറോപ്യന്‍ സന്ദര്‍ഭത്തിലാണെങ്കില്‍ പ്രാചീന ഗ്രീക്കോ റോമന്‍ വിജ്ഞാനത്തിന്റെയും ദര്‍ശനത്തിന്റെയും സാഹിത്യത്തിന്റെയും ഒക്കെ വീണ്ടെടുപ്പായും മധ്യകാല മതാത്മകത ഉണ്ടാക്കിയ ആചാരപരതയ്ക്ക് മുകളില്‍ ആധുനികമായ മൂല്യബോധത്തെ പുനസ്ഥാപിക്കുന്നതിന്റെ വഴിയായിട്ടും നവോത്ഥാനം വിശദീകരിക്കപ്പെട്ടു പോരാറുണ്ട്. ഇതുകൂടാതെ പല വിശദീകരണങ്ങളും നവോത്ഥാനം എന്ന ആശയത്തെ സംബന്ധിച്ച് ഉണ്ടായിട്ടുണ്ട്. അവയുടെ ഓരോന്നിന്റെയും വിശദാംശങ്ങള്‍ പരിശോധിക്കാന്‍ മുതിരാതെ പൊതുവില്‍ പറയാവുന്ന ഒരു കാര്യം നവോത്ഥാനം എന്നത് മനുഷ്യ കേന്ദ്രിതത്വം എന്ന നിലയിലേക്കുള്ള ഒരു ഊന്നല്‍ ആണ് എന്ന് പൊതുവേ പറയാം. ആന്ത്രോപോസെന്‍ട്രിസം എന്ന് വിളിക്കാവുന്ന, മനുഷ്യനെ ഒരു അടിസ്ഥാന പ്രമാണമായി കാണാന്‍ തുടങ്ങുകയും മാനുഷികതയെ ദൈവികതയുടെ മറുപുറമായി കണ്ടിരുന്ന വീക്ഷണഗതിക്ക് പകരം ദൈവികതയുടെ പൂര്‍ത്തീകരണം എന്ന നിലയില്‍ മാനുഷികതയെ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു കാഴ്ചപ്പാട് പൊതുവേ പറഞ്ഞാല്‍ നവോത്ഥാനത്തിന്റെ ഒരു ഉള്ളടക്കമായി മനസ്സിലാക്കി പോരാറുണ്ട്.
ഇതേ വീക്ഷണഗതിയെക്കുറിച്ചു തന്നെ, ചരിത്രപരമായി പറഞ്ഞാല്‍ പതിനാലാം നൂറ്റാണ്ട് മുതല്‍ പതിനേഴാം നൂറ്റാണ്ട് അവസാനം വരെ നീണ്ടുനിന്ന, സാംസ്‌കാരികവും വൈജ്ഞാനികവും മതപരവും ഒക്കെയായ നവീകരണ ശ്രമങ്ങളെ ആകെ ചേര്‍ത്തുവച്ചാണ് നവോത്ഥാനം എന്ന് നാം പറഞ്ഞുപോരാറുള്ളത്. വാസ്തവത്തില്‍ ഇങ്ങനെ പറയുന്നതിനെ പില്‍ക്കാലത്ത് വലിയതോതില്‍ വിമര്‍ശന വിധേയമാക്കുന്ന വീക്ഷണങ്ങള്‍ ഉയര്‍ന്നു വരികയുണ്ടായി. അതിന്റെ വിശദാംശങ്ങള്‍ ആകെ പറയാതെ രണ്ടു കാര്യങ്ങള്‍ മാത്രം പ്രത്യേകിച്ച് എടുത്തു പറയാമെന്ന് കരുതുന്നു.
ഒന്ന്, നവോത്ഥാനം എന്ന സങ്കല്പനത്തിനു പിന്നില്‍ ഒളിഞ്ഞുകിടക്കുന്ന ഒരു യൂറോ സെന്‍ട്രിസത്തെക്കുറിച്ച് ധാരാളം വിമര്‍ശനങ്ങള്‍ ഇന്ന് ഉയരുന്നുണ്ട്. പ്രാചീന ഗ്രീസില്‍ ഉടലെടുത്ത്, റോമില്‍ വളര്‍ന്ന്, മധ്യകാലത്തെ നൂറ്റാണ്ടുകളില്‍ ഇരുളടഞ്ഞു കിടന്ന്, നവോത്ഥാനത്തോടെ വീണ്ടെടുക്കപ്പെടുകയും ലോകമാകെ വ്യാപിക്കുകയും ചെയ്ത വിജ്ഞാന വികാസത്തിന്റെ ഒരു ചരിത്രത്തെ നവോത്ഥാനം എന്ന സങ്കല്പം മുന്നോട്ടുവയ്ക്കുന്നുണ്ടെന്നും അത് ഗ്രീസിനു മുമ്പു തന്നെ വിജ്ഞാനത്തിന്റെയും സംസ്‌കാരത്തിന്റെയും വഴിതെളിയിച്ച ബാബിലോണിയന്‍, അസീറിയന്‍ നാഗരികതകളെക്കുറിച്ചോ, ഗ്രീക്കോ റോമന്‍ വിജ്ഞാന കാലത്ത് തന്നെ വലിയതോതില്‍ വികാസം പ്രാപിച്ചിരുന്ന ചൈനീസ് ഇന്ത്യന്‍ വിജ്ഞാന പാരമ്പര്യങ്ങളെക്കുറിച്ചോ, ഇരുണ്ട യുഗം എന്നൊക്കെ വിവരിക്കപ്പെട്ടിരുന്ന കാലത്ത് വാസ്തവത്തില്‍ ലോകവിജ്ഞാനത്തിന്റെ കേന്ദ്രമായി നിലകൊണ്ട ബാഗ്ദാദും കൊര്‍ദോവയും അടക്കമുള്ള വിജ്ഞാന, സംസ്‌കാര മേഖലകളെക്കുറിച്ചോ മിക്കവാറും മൗനം പാലിക്കുകയും യൂറോപ്പിനെ മാത്രം കേന്ദ്രമാക്കുന്ന ഒരു സഞ്ചാരപഥം വിജ്ഞാനത്തിനും സംസ്‌കാരത്തിനും കല്‍പ്പിച്ചു നല്‍കുകയും ചെയ്യുന്ന ഒരു കേന്ദ്ര സങ്കല്പനമായി നവോത്ഥാനം മാറിയിരിക്കുന്നു എന്ന വിമര്‍ശനമാണ് ഇതേക്കുറിച്ച് വലിയതോതില്‍ ഉയര്‍ന്നിട്ടുള്ള ഒരു വാദം. അതു ശരിയോ തെറ്റോ എന്നു പറയുകയല്ല, നവോത്ഥാനത്തെക്കുറിച്ചാലോചിക്കുമ്പോള്‍ ഈ പ്രശ്‌നം കാണേണ്ടതുണ്ട് എന്ന് പറയുകയാണ്. കളങ്കമേതുമില്ലാത്ത ഒരു വിശുദ്ധ ഭൂതകാലം എന്ന മട്ടില്‍ ഈ സ ങ്കല്‍പ്പനങ്ങളെ കൊണ്ടുനടക്കുന്നതില്‍ ഇന്ന് പ്രത്യേകിച്ച് ഒരു അര്‍ത്ഥവുമില്ല.
രണ്ടാമത്തെ ഒരു വിമര്‍ശനം, പ്രാചീന ഗ്രീക്കോ റോമില്‍ വിജ്ഞാനം യൂറോപ്പിന് പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളില്‍ കൈമാറി കിട്ടിയത് എങ്ങനെയാണ് എന്നതു സംബന്ധിച്ചാണ്. മധ്യയുഗ ഘട്ടത്തില്‍ പ്രാചീന ഗ്രീക്കോ റോമന്‍ വിജ്ഞാനത്തെ വലിയതോതില്‍ സംരക്ഷിക്കുകയും ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നും ഒക്കെ കൈവന്ന അറിവുകളുമായി അതിനെ കൂട്ടിയിണക്കുകയും അതിനെ നവീകരിച്ച രൂപത്തിലേക്ക് ലോകത്തിന് കൈമാറുകയും ചെയ്തതിന്റെ കേന്ദ്രമായി പ്രവര്‍ത്തിച്ചത് അറബ് പണ്ഡിതന്മാരാണ്. ഈ അറബ് പണ്ഡിതന്മാരിലൂടെ സംഭവിച്ച കൈമാറ്റം പഴയ വിജ്ഞാനത്തിന്റെ പുതിയ വളര്‍ച്ചയ്ക്കും വികാസത്തിനും വഴിവച്ചു. ഉദാഹരണത്തിന്, നാം പഠിക്കുന്ന ആള്‍ജിബ്ര അറബി വിജ്ഞാനത്തില്‍ നിന്നാണ് ഉണ്ടാകുന്നത്, ആധുനിക ചരിത്രം പിറക്കുന്നതിനു മുമ്പ് തന്നെ പതിനാലാം നൂറ്റാണ്ടില്‍ ഇബ്‌നു ഖല്‍ദൂം അദ്ദേഹത്തിന്റെ കൃതികളിലൂടെ ആധുനിക ചരിത്രത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ രൂപപ്പെടുത്തുന്നുണ്ട് എന്നിങ്ങനെ ധാരാളം വിശദീകരണങ്ങള്‍ നമുക്ക് കാണാന്‍ പറ്റും.
ഇത്തരത്തില്‍ ഒരു അറബ് മാധ്യസ്ഥത്തിലൂടെ യൂറോപ്പിലേക്ക് കൈമാറി വന്ന അരിസ്റ്റോട്ടിലും പ്ലേറ്റോയും സോക്രട്ടീസും സോക്രട്ടീസ് പൂര്‍വചിന്തകളും അടക്കമുള്ളവയുടെ വ്യാപന ചരിത്രത്തില്‍ നിന്ന് ഈ അറബ് മാധ്യസ്ഥത്തെ ഒഴിവാക്കുകയും യൂറോപ്പ് അതിന്റെ സ്വന്തം ഭൂതകാലത്തെ കളങ്കരഹിതമായി കണ്ടെടുക്കുകയും ചെയ്തു എന്ന മട്ടിലുള്ള ഒരു വ്യാഖ്യാനത്തിന് വഴിയൊരുക്കുന്നതാണ് ഈ റീബര്‍ത്ത് എന്ന സങ്കല്പം എന്ന വിമര്‍ശനം ഉയരുന്നുണ്ട്. ആ നിലയില്‍ ഒരു ഭാഗത്ത് യൂറോ സെന്‍ട്രിക് ആയിട്ടുള്ള, ഇതര പാരമ്പര്യങ്ങളെ തമസ്‌കരിക്കുന്ന ഒരു സങ്കല്പനം എന്ന വിമര്‍ശനം, രണ്ടാമതൊരു ഭാഗത്ത് വിജ്ഞാന വികാസത്തിന്റെ ചരിത്രത്തിലെ ചില പ്രത്യേക മാധ്യസ്ഥങ്ങളെ, പ്രത്യേകിച്ച് കുരിശുയുദ്ധത്തിനുശേഷം ഉയര്‍ന്നുവന്ന വൈരുധ്യങ്ങളുടെ പശ്ചാത്തലത്തില്‍ അറബ് മാധ്യസ്ഥത്തെ വിജ്ഞാന ചരിത്രത്തില്‍ നിന്ന് ഒഴിവാക്കുന്ന ഒരു സമീക്ഷ ഈ നവോത്ഥാന സങ്കല്പത്തില്‍ ഉണ്ട് എന്ന വിമര്‍ശനം ലോകത്ത് ഇന്ന് വലിയതോതില്‍ ഉയരുന്നുണ്ട്. മാര്‍ട്ടിന്‍ ബര്‍ണലിനെ പോലെയോ ജോസഫ് നീഥാവിനെ പോലെയോ ഉള്ള ശാസ്ത്ര ചരിത്രകാരന്മാരും ഈ ആശയത്തെ പല നിലയില്‍ പരിശോധിക്കുന്നുണ്ട്. നിങ്ങളുടെ ആലോചനകളില്‍ അവയ്ക്ക് ഒരു പ്രാധാന്യം കൈവ രേണ്ടതുണ്ട് എന്ന് മാത്രമേ ഞാന്‍ ഇവിടെ സൂചിപ്പിക്കുന്നുള്ളൂ.
അടുത്തത് ഇന്ത്യയിലെയും കേരളത്തിലെയും നവോത്ഥാന പ്രക്രിയകളെ സംബന്ധിക്കുന്ന ആലോചനകളാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങള്‍ മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ ഒരു നൂറ്റാണ്ടിനിടയില്‍ കേരളത്തിലും ഇന്ത്യയിലും ഉണ്ടായ നവീകരണ പ്രവര്‍ത്തനങ്ങളെ നവോത്ഥാനം എന്ന് വിളിക്കാമോ എന്ന ചോദ്യം തന്നെ വലിയതോതില്‍ ഉണ്ട്. കേരളത്തിലെയും ഇന്ത്യയിലെയും പ്രധാന ചരിത്രകാരന്മാരൊക്കെ ഈ വിഷയത്തില്‍ പല വീക്ഷണഗതികള്‍ ഉള്ളവരാണ്. നവോത്ഥാനം എന്ന വാക്കിന്റെ സങ്കല്‍പ്പനപരമായ അതിര്‍ത്തികള്‍ക്കുള്ളില്‍ ഈ പ്രക്രിയയെ നമുക്ക് സ്ഥാനപ്പെടുത്താന്‍ കഴിയില്ല എന്ന് കരുതുന്ന സുമിത്ത് സര്‍ക്കാര്‍ മുതല്‍ എം ജി എസ് നാരായണന്‍ വരെയുള്ള ഒരു കൂട്ടം ചരിത്രകാരന്മാര്‍ ഉണ്ട്. മറിച്ച് നവോത്ഥാനം എന്ന പദം നമ്മള്‍ സാമാന്യമായി ഉപയോഗിച്ചു വരുന്നു എന്നതുകൊണ്ട് ആ പദം നമുക്ക് വ്യത്യസ്തമായ അര്‍ത്ഥവിവക്ഷകളോടെ ഉപയോഗിക്കാം എന്ന് വാദിക്കുന്നവരും ഉണ്ട്. ഒരു കാര്യം ഉറപ്പാണ്. യൂറോപ്പ്യന്‍ നവോത്ഥാനത്തെക്കുറിച്ച് പൊതുവേ പറയുന്ന പ്രാചീനമായ വിജ്ഞാനമഹിമയുടെ വീണ്ടെടുപ്പ്, ഗ്രീക്കോ റോമന്‍ കലയുടെയും സംസ്‌കാരത്തിന്റെയും വിജ്ഞാനത്തിന്റെയും വീണ്ടെടുപ്പ് എന്ന അര്‍ത്ഥത്തില്‍ പഴയതിന്റെ വീണ്ടെടുപ്പ് ആയിട്ടല്ല ഇന്ത്യയിലെ നവോത്ഥാനം എന്ന് വിളിക്കുന്ന പ്രക്രിയ അരങ്ങേറിയത്. മറിച്ച് പഴയതിന്റെ നിരാകരണവും ആധുനികമായ മൂല്യങ്ങളുടെ സംസ്ഥാപനവും എന്ന നിലയിലാണ്. അതുകൊണ്ട് അടിസ്ഥാനപരമാ യി, യൂറോപ്യന്‍ നവോത്ഥാനത്തിന്റെ അതേ മാതൃകയില്‍ നമുക്ക് ഇന്ത്യന്‍ നവോത്ഥാനത്തെയോ കേരളീയ നവോത്ഥാനത്തെയോ മനസ്സിലാക്കാന്‍ പറ്റില്ല. ആ വാക്ക് ഉപയോഗിക്കുന്നത് ശരിയോ തെറ്റോ എന്ന് തര്‍ക്കിക്കുന്നതില്‍ വലിയ കാര്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. വാക്ക് നമ്മള്‍ ദീര്‍ഘകാലമായി ഉപയോഗിച്ചു വരുന്നുണ്ട്. ചുരുങ്ങിയത് 70, 80 വര്‍ഷക്കാലത്തെ ചരിത്രം ഈ നവോത്ഥാനമെന്ന പ്രയോഗത്തിന് നമ്മുടെ പശ്ചാത്തലത്തില്‍ ഉണ്ട്. അതുകൊണ്ടുതന്നെ ആ വാക്ക് തെറ്റായിപ്പോയോ ഇല്ലയോ എന്നതിനേക്കാള്‍ അതിന്റെ ഉള്ളടക്കം എന്താണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം.
ദയാനന്ദ സരസ്വതി പറഞ്ഞതല്ല ഇന്ത്യന്‍ നവോത്ഥാനത്തിന്റെ കാതല്‍. ദയാനന്ദ സരസ്വതി വേദങ്ങളിലേക്ക് മടങ്ങുക എന്ന തരത്തില്‍ ആര്യസമാജത്തിന്റേതായി അദ്ദേഹത്തിന്റെ നവോത്ഥാന സങ്കല്പം അവതരിപ്പിച്ചു. ഭൂതകാലത്തില്‍ നിന്ന് തെളിവ് സാമഗ്രികള്‍ കണ്ടെത്തി ആധുനിക മൂല്യങ്ങളോട് അതിനെ ചേര്‍ത്തുവയ്ക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ നവോത്ഥാനത്തില്‍ ഈശ്വരചന്ദ്ര വിദ്യാസാഗറിലോ ബംഗാളി ഭദ്രലോഗിന്റെ നേതൃത്വത്തിലുള്ള നവോത്ഥാന ശ്രമങ്ങളിലോ ഒക്കെ കാണാം. പക്ഷേ ഇന്ത്യയുടെ ആധുനികീകരണ പ്രക്രിയയുടെ കേന്ദ്രത്തിലുള്ളത് അത്തരത്തില്‍ ഭൂതകാലത്തില്‍ നിന്ന് ഒരു മഹിമയെ കണ്ടെടുക്കുകയും അതിനെ ആധുനിക ജീവിതത്തിന്റെ ക്രമമായി മാറ്റുകയും ചെയ്യുന്ന ഒറ്റവഴി ഒന്നുമല്ല. അത് താരതമ്യേന ഇന്ത്യ യുടെ ആധുനികീകരണത്തിലെ ചെറിയൊരു ഘടകം ആയിട്ടേ കാണാന്‍ കഴിയുകയുള്ളൂ, പ്രത്യേകിച്ച് കേരളത്തിന്റെ സാഹചര്യത്തില്‍. അതുകൊണ്ട് നവോത്ഥാനം എന്ന് വിളിക്കാം, വിളിക്കാതിരിക്കാം. ഞാന്‍ കരുതുന്നത് കുറേക്കൂടി ശരിയായ പ്രയോഗം ആധുനികീകരണം എന്നതായിരിക്കും എന്നാണ്. മോഡേണൈസേഷന്‍.
ഈ ആധുനികീകരണത്തിന് ഭൗതികമായ ഘടകങ്ങള്‍ ഉണ്ട്, വൈജ്ഞാനികവും സാംസ്‌കാരികവുമായ ഘടകങ്ങളുണ്ട്, അവ തമ്മില്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളും ഉണ്ട്. അങ്ങനെ ഒരു പ്രക്രിയ എന്ന നിലയ്ക്ക് ഇതിനെ കാണുകയും ആ പ്രക്രിയയില്‍ ഉള്‍പ്പെട്ട വിവിധ ഘടകങ്ങളെ വ്യത്യസ്ത നിലകളില്‍ പരിശോധിക്കുകയും അവയ്ക്കിടയിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ എന്ത് എന്ന് മനസ്സിലാക്കുകയും ആണ്, നവോത്ഥാനം എന്ന് വിളിച്ചാലും ആധുനികീകരണം എന്ന് വിളിച്ചാലും, ഈ പ്രക്രിയയെ മനസ്സിലാക്കുന്നതിനുള്ള ശരിയായ വഴി എന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ട് കേരളീയ നവോത്ഥാനം എന്ന് പറയുമ്പോള്‍, അത് ഇന്ത്യയുടെ വിശാലഘടനയോട് എങ്ങനെയൊക്കെയാണ് ബന്ധം പുലര്‍ത്തുന്നത്, ഒപ്പം തന്നെ എങ്ങ നെ വ്യത്യസ്തമായിരിക്കുന്നു എന്നും ആലോചിക്കേണ്ടതുണ്ട്.
ഇന്ത്യന്‍ നവോത്ഥാനത്തിന്റെ നേതൃബിംബങ്ങളായി പരിഗണിക്കുന്ന രാജാ റാം മോഹന്‍, ഈശ്വരചന്ദ്ര വിദ്യാസാഗര്‍, ദയാനന്ദ സര സ്വതി തുടങ്ങിയവരുടെ നവോ ത്ഥാനപരമായ ഇടപെടലുകളുടെ കാതല്‍ മതനവീകരണപരം ആണ്. ആധുനികമായ വിജ്ഞാനത്തോടും ആധുനിക മൂല്യവ്യവസ്ഥയോടും ഒത്തുപോകുന്ന വിധത്തില്‍ ഹിന്ദുമതത്തെ നവീകരി ക്കുക എന്ന ലക്ഷ്യം വച്ചു കൊ ണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് അഖി ലേന്ത്യാതലത്തില്‍ അരങ്ങേറിയ മുഖ്യധാരാ നവോത്ഥാനത്തിന്റെ കേന്ദ്രം.
നവോത്ഥാനത്തെ ശരിയായി മനസ്സിലാക്കാന്‍ നല്ലത്, അതിനെ ഒരു വര്‍ണരാജി എന്ന നിലയില്‍ കാണുന്നതാണ്. വിവിധങ്ങളായ വര്‍ണ്ണങ്ങള്‍ കൂടിക്കലര്‍ന്ന് ഒരു മഴവില്ല് പോലെ രൂപപ്പെട്ടു വരുന്ന ഒരു പ്രക്രിയയായി നവോത്ഥാനത്തെ കണ്ടാല്‍ അതില്‍ പല ഘടകങ്ങളുണ്ട് എന്ന് കാണാന്‍ പറ്റും. അവയില്‍ ചിലതെല്ലാം തമ്മില്‍ തമ്മില്‍ ചേരുന്നുണ്ട്, ചിലതെല്ലാം തമ്മില്‍ തമ്മില്‍ ഇടയുന്നുണ്ട്. ചേര്‍ച്ചകള്‍ മാത്രമല്ല വൈരുധ്യങ്ങളും ധാരാളമുണ്ട്. ഈ വൈരുധ്യങ്ങളെല്ലാം കൂടി ചേര്‍ന്നിട്ടാണ് നാം ഇന്ന് നവോത്ഥാനം എന്ന് വിളിക്കുന്ന ഒരു പ്രവണത രൂപപ്പെട്ടത്.
കേരളത്തിന്റെ സാഹചര്യത്തിലേക്ക് വന്നാല്‍ ഈ വര്‍ണ്ണരാജിയുടെ ഒരറ്റത്ത്് മതനവീകരണം എന്ന പ്രവണതയെ പ്രതിഷ്ഠിക്കാമെങ്കില്‍ മറ്റേ അറ്റത്ത് സംശയരഹിതമായും ജാതി നശീകരണം എന്ന പ്രവണതയാണ് ഉള്ളത്. ഇതില്‍ അഖിലേന്ത്യാ തലത്തിലുള്ള മുഖ്യധാരാ നവോത്ഥാനത്തില്‍ നിന്ന് കേരളതലത്തിലുള്ള നവോത്ഥാനത്തെ വ്യത്യസ്തമാക്കിയ അടിസ്ഥാന ഘടകം മത നവീകരണം എന്ന് വിളിക്കാവുന്ന ശ്രമങ്ങള്‍ക്ക് താരതമ്യേന പരിമിതമായ സ്വാധീനവും ഇടവും ആണ് കേരളീയ നവോത്ഥാനത്തില്‍ ഉള്ളത് എന്നതാണ്. ജാതി നശീകരണം കേരള നവോത്ഥാനത്തിലെ വളരെ സുപ്രധാനമായ അടിസ്ഥാനങ്ങളില്‍ ഒന്നായി മാറുകയും ചെയ്തു. ഇന്നും കേരളം ഇന്ത്യയിലെ മെച്ചപ്പെട്ട ഒരു സാമൂഹ്യ സാംസ്‌കാരിക മൂല്യമുള്ള സംസ്ഥാനമായി നിലനില്‍ക്കുന്നതിന്റെ കാരണം, പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭ ദശകങ്ങളില്‍ ജാതിവിരുദ്ധമായ സമരങ്ങളിലൂടെ രൂപപ്പെട്ടുവന്ന ആധുനിക ജനാധിപത്യത്തിന്റെ മൂല്യങ്ങളാണ് എന്നാണ് ഞാന്‍ കരുതുന്നത്.
മതനവീകരണം ഉണ്ടായിട്ടില്ലേ എന്ന് ചോദിച്ചാല്‍ നിശ്ചയമായും ഉണ്ടായിട്ടുണ്ട്. ആഗമാനന്ദ സ്വാമികളെയും ചട്ടമ്പിസ്വാമികളെയും പോലെയുള്ള വ്യക്തികള്‍ മത നവീകരണ യുക്തികളെ നമ്മുടെ നവോത്ഥാനത്തിലേക്ക് കൊണ്ടുവരാന്‍ കുറച്ചൊക്കെ ശ്രമിച്ചിട്ടുണ്ടെങ്കിലും കേരളീയ നവോത്ഥാനത്തിന്റെ കേന്ദ്രത്തില്‍ ഹിന്ദുമത നവീകരണം അത്ര സുപ്രധാനമാ യ ഒരു സ്വാധീന ഘടകം ആയിട്ടില്ല. അതേസമയം ജാതി നശീകരണമാകട്ടെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതി മുതല്‍ തന്നെ കേരളത്തിലെ ആധുനികീകരണ പ്രക്രിയയുടെ കേന്ദ്രത്തിലേക്ക് കടന്നുവന്നു. പൊതുവെ കരുതിപ്പോരുന്നതുപോലെ അത് ആരംഭിക്കുന്നത് അരുവിപ്പുറം പ്രതിഷ്ഠയിലോ അതുമായി ബന്ധപ്പെട്ട ഗുരുവിന്റെ ഇടപെടലുകളിലോ മാത്രമല്ല. അതിനൊക്കെ വളരെ മുമ്പ് തന്നെ ജാതിക്കെതിരായ ഒരു സാമൂഹികബോധ രൂപീകരണത്തിന്റെ പല അടയാളങ്ങള്‍ നമുക്ക് കാണാന്‍ പറ്റും. അതില്‍ ഏറ്റവും സുപ്രധാന ഘടകമായി കാണേണ്ടത് ചാന്നാര്‍ ലഹളയാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ മാറു മറയ്ക്കാനുള്ള അവകാശത്തിനുവേണ്ടി ചാന്നാര്‍ സ്ത്രീകള്‍ നടത്തിയ സമരം വാസ്തവത്തില്‍ കേരളത്തില്‍ ജാതിക്കെതിരായ സമരങ്ങളുടെയും കേരളത്തിന്റെ ആധുനികീകരണത്തിന്റെയും കേന്ദ്രങ്ങളില്‍ ഒന്നാണ്. കേരളത്തിലെ ജാതിവിരുദ്ധ സമരങ്ങള്‍ ശ്രദ്ധിച്ചാല്‍, അതില്‍ സുപ്രധാനമായ ഒരു കേന്ദ്രസ്ഥാനം ശരീരത്തിന് ഉണ്ട് എന്നു കാണാന്‍ കഴിയും. ശരീരനിഷ്ഠമായ സമരങ്ങള്‍ വലിയതോതില്‍ നടക്കുന്നുണ്ട്.
അഖിലേന്ത്യാ തലത്തിലുള്ള മുഖ്യധാരാ നവോത്ഥാനത്തില്‍ നിന്ന് കേരളതലത്തിലുള്ള നവോത്ഥാനത്തെ വ്യത്യസ്തമാക്കിയ അടിസ്ഥാന ഘടകം മത നവീകരണം എന്ന് വിളിക്കാവുന്ന ശ്രമങ്ങള്‍ക്ക് താരതമ്യേന പരിമിതമായ സ്വാധീനവും ഇടവും ആണ് കേരളീയ നവോത്ഥാനത്തില്‍ ഉള്ളത് എന്നതാണ്. ജാതി നശീകരണം കേരള നവോത്ഥാനത്തിലെ വളരെ സുപ്രധാനമായ അടിസ്ഥാനങ്ങളില്‍ ഒന്നായി മാറുകയും ചെയ്തു.
ജാതി ഒന്നാണ് എന്ന് പറയാന്‍ ഗുരു ആശ്രയിക്കുന്ന തത്വം തന്നെ ശരീരമാണ്. ''മനുഷ്യാണാം മനുഷ്യത്വം, ജാതിര്‍ ഗോത്വം ഗവാം യഥാ.'' പശുവിന് പശുത്വം പോലെ മനുഷ്യനു മനുഷ്യത്വമാണ് ജാതി എന്നു പറഞ്ഞു ജാതിയെ ശരീരനിഷ്ഠമാക്കി മാറ്റുക. ശരീരത്തിന്റെ ഏകതയില്‍ നിന്ന് ജാതിയുടെ ഏകത എന്ന സങ്കല്പത്തെ ഉയര്‍ത്തിക്കൊണ്ടു വരിക. ഇങ്ങനെ ശരീരം വളരെ പ്രധാനപ്പെട്ട ഒരു സങ്കല്‍പ്പനോപാധിയായി നമ്മുടെ നവോത്ഥാനത്തില്‍ കാണാം. ചാന്നാര്‍ ലഹളയുടെ കേന്ദ്രത്തില്‍ ഉള്ളതും ഈ പ്രശ്‌നമാണ്. അവരവരുടെ ശരീരത്തിലുള്ള അധികാരം സ്ഥാപിക്കുക. ശാരീരികമായ ഒരു സ്വാധികാരം. മാറു മറച്ചു കൊണ്ടും കല്ലുമാല ധരിക്കില്ലെന്ന് പറഞ്ഞുകൊണ്ടും അയിത്തം പാലിക്കില്ലെന്ന് പറഞ്ഞുകൊണ്ടും ഒക്കെയാണിത്.
മതത്തെപ്പോലെ അമൂര്‍ത്തമായ ഒരു ആശയമോ മൂല്യവ്യവസ്ഥയോ അല്ല ജാതി. മൂര്‍ത്തമായ ശരീരമാണ് ജാതി. എവിടെയാണ് ജാതി വസിക്കുന്നത്? അതു ശരീരത്തിലാണ.് 'തൊട്ടുകൂടാത്തവര്‍, തീണ്ടി കൂടാത്തവര്‍, ദൃഷ്ടിയില്‍ പെട്ടാല്‍ ദോഷമുള്ളോര്‍.' ഇങ്ങനെ മൂര്‍ത്തമായ ഒരു ശാരീരിക അനുഭവത്തിലാണ് ജാതി നിലനില്‍ക്കുന്നത് എന്നതുകൊണ്ടു തന്നെ ജാതിക്കെതിരായ സമരത്തിന്റെ കേന്ദ്രം രണ്ട് കാര്യങ്ങളാണ്. രണ്ടും ശാരീരികമാണ്. ഒന്ന്, പൊതുവായ ഭക്ഷണം കഴിക്കലാണ.് രണ്ട്, പൊതുവായ വിവാഹങ്ങളാണ്. ഈ രണ്ടിലൂടെയും ആണ് ജാതിയെ ചെറുക്കാന്‍ പറ്റുക എന്ന് ഗുരു അടക്കമുള്ള ആദ്യകാല നവോത്ഥാന നായകര്‍ ഒക്കെ സൂചിപ്പിച്ചിട്ടുണ്ട്. ശരീരത്തിലാണ് ജാതി എന്നതുകൊണ്ട് ശരീരനിഷ്ഠമായി അതിനെ ചെറുക്കണം. 'പുണര്‍ന്നു പെറുന്നതെല്ലാം ഒരു ഇനമാണ്' എന്നു ഗുരു ഒരിക്കല്‍ പറഞ്ഞു. തമ്മിലിണ ചേര്‍ന്ന് അടുത്ത തലമുറയ്ക്ക് ജന്മം നല്‍കുന്നതെന്തോ അതൊരു ജാതി. പശു ഒരു ജാതിയായി തീരുന്നതും മനുഷ്യന്‍ ഒരു ജാതിയായി തീരുന്നതും അതുകൊണ്ടാണ്. ഇങ്ങനെ ശാരീരികതയെ ജാതി തത്വത്തിന്റെ കേന്ദ്രമായി കാണുകയും നിലനില്‍ക്കുന്ന ജാതി ബന്ധങ്ങള്‍ക്ക് എതിരെയുള്ള വിമര്‍ശന മൂല്യത്തെ അതിലൂടെ ഉയര്‍ത്തുകയും ചെയ്യുന്ന ആദ്യത്തെ പടവ് വാസ്തവത്തില്‍ ചാന്നാര്‍ ലഹളയിലൂടെ ഉയര്‍ന്നുവന്ന ശരീരത്തിന്റെ സ്വാധികാരത്തിനുവേണ്ടിയുള്ള ഒരു സമരമാണ്.
ആ സമരം പിന്നെ പല രൂപത്തില്‍ തുടരുന്നുണ്ട്. കീഴാള നവോത്ഥാനം എന്ന് നാം വിളിക്കുന്ന പലതരം പ്രസ്ഥാനങ്ങളിലൂടെ, അയ്യങ്കാളി, സഹോദരന്‍ അയ്യപ്പന്‍, പണ്ഡിറ്റ് കെ പി കറുപ്പന്‍, കെ പി വള്ളോന്‍ എന്നിവരിലൂടെയൊക്കെ ജാതിവിരുദ്ധമായ സമരങ്ങളെ പലവിധത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന നിരവധിയായ പ്രവണതകള്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലും ഇരുപതാം നൂറ്റാണ്ടിലും കേരളത്തില്‍ ശക്തിപ്പെട്ടു വരികയും ആധുനികമനുഷ്യനെ ജാതിശരീരത്തില്‍ നിന്ന് പൗരശരീരത്തിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ കേന്ദ്രമായി അതു മാറുകയും ചെയ്തു. എന്താണ് ഒരു ആധുനിക സമൂഹം ഇന്ത്യയെ സംബന്ധിച്ച്? ജാതിശരീരത്തില്‍ നിന്ന് പൗരശരീരത്തിലേക്കുള്ള സ്ഥാനാന്തരമാണ്. കാരണം എല്ലാ വ്യക്തികളുടെയും ശരീരം മനുഷ്യശരീരമാണ് എന്ന് സങ്കല്‍പ്പിക്കാവുന്ന ഒരിടവും കേരളത്തിലുണ്ടായിട്ടില്ല. അവ ജാതി ശരീരങ്ങള്‍ ആയിരുന്നു. ഈ ജാ തിശരീരങ്ങള്‍ക്കെതിരായ നീക്കം വാസ്തവത്തില്‍ കേരളീയ നവോത്ഥാനത്തിന്റെ സുപ്രധാനമായ ഒരു തലമാണ്. അങ്ങനെ നോക്കിയാല്‍ നേരത്തെ പറഞ്ഞ വര്‍ണ്ണരാജിയുടെ ഒരറ്റത്ത് മതനവീകരണപരമായ പരിശ്രമമാണ് കാണുന്നതെങ്കില്‍ മറ്റേയറ്റത്ത് ജാതി നശീകരണപരമായ ശ്രമമാണ് കാണുന്നത്.
ഇവ രണ്ടും പരസ്പര പൂരകം ആണ് എന്ന് കരുതുന്നവര്‍ ഉണ്ട്. അങ്ങേയറ്റം പരസ്പരവിരുദ്ധമാണ് എന്ന് കരുതിയവരും ഉണ്ട്. ഗാന്ധിയും അംബേദ്കറും തമ്മിലുള്ള തര്‍ക്കത്തിന്റെ കേന്ദ്രമിതായിരുന്നു. ജാതി എന്നത് ഹിന്ദുമതത്തിന് അകത്തു വച്ച് പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് എന്നു ഗാന്ധി കരുതി. ഹിന്ദുമതത്തിലെ ചില ആചാരങ്ങളാണ് അയിത്തവും ജാതിയും, അത് മതപരമായി പരിഹരിക്കാവുന്ന ഒരു കാര്യമാണ്. എന്നാല്‍ അംബേദ്കര്‍ കരുതിയത് ഹിന്ദുമതമെന്നാല്‍ ജാതിയാണ്, ജാതി പോയാല്‍ പിന്നെ മതമില്ല എന്നാണ്. സഹോദരന്‍ അയ്യപ്പന്‍ അതിനെക്കുറിച്ച് പറഞ്ഞ ഒരു വാക്യം ജാതിയില്ലാത്ത ഹിന്ദുമതം എന്നു പറഞ്ഞാല്‍ ഉപ്പില്ലാത്ത കടല്‍ വെള്ളം പോലെയാണ് എന്നാണ്. അതുകൊണ്ട് ജാതിയും മതവും തമ്മിലുള്ള ബന്ധമെന്ത് എന്നത് വാസ്തവത്തില്‍ വലിയൊരു തര്‍ക്ക വിഷയമാണ്. മതത്തിനകത്തു വച്ച് പരിഹരിക്കാവുന്ന ഒരു പോരായ്മയായി ഗാന്ധിജി ജാതീയമായ വിവേചനങ്ങളെ കണ്ടെങ്കില്‍ ജാതിക്ക് മുകളില്‍ കെട്ടിപ്പടുക്കപ്പെട്ട ഒരു സംവിധാനമായിട്ടാണ് മതത്തെ അംബേദ്കര്‍ കണ്ടത്. അതുകൊണ്ട് അനിഹിലേഷന്‍ ഓഫ് കാസ്റ്റ് എന്നത് അവിടെ അവസാനിക്കില്ലെന്നും അത് മതത്തെ ഇല്ലാതാക്കുന്നത് വഴിയേ സാധ്യമാവുകയുള്ളൂ എന്നും കരുതുന്നതുകൊണ്ടാണ് ഹിന്ദുവായി ജനിച്ചെങ്കിലും താന്‍ ഹിന്ദുവായി മരിക്കുകയില്ല എന്ന് പറയുകയും 1956 ല്‍ ബുദ്ധമതത്തിലേക്ക് അദ്ദേഹം പരിവര്‍ത്തനപ്പെടുകയും ചെയ്തത്. ഇന്ത്യന്‍ നവോത്ഥാനത്തിലെ വലിയൊരു സംഘര്‍ഷമാണിത്. പറഞ്ഞു വരുന്നത്, തര്‍ക്കരഹിതമായ ഒരു മണ്ഡലമായി ഇതിനെ കാണാന്‍ കഴിയുകയില്ല എന്നാണ്. ഈ രണ്ട് ശ്രമങ്ങള്‍ക്കും ഇടയില്‍ ധാരാളം വൈരുധ്യങ്ങളും സംഘര്‍ഷങ്ങളും ഒക്കെ ഉയര്‍ന്നു വരികയും ചെയ്യുന്നുണ്ട്.
ജാതി നശീകരണം, മത നവീകരണം എന്നീ രണ്ടു പ്രക്രിയകളുടെ നായകത്വം കേരളത്തില്‍ ഏറ്റെടുത്തത് പത്തൊമ്പതാം നൂറ്റാണ്ടിലെ രണ്ടാം പകുതിയില്‍ കേരളത്തില്‍ ഉയര്‍ന്നു വന്ന ഒരു പുതിയ മധ്യവര്‍ഗ വിഭാഗമാണ്. പ്രത്യേകിച്ചും തോട്ടകൃഷിയിലൂടെയും വിദ്യാഭ്യാസത്തിലൂടെയും ഒക്കെ ഒരു പുതിയ പദവി കൈവരിച്ച സാമൂഹിക വര്‍ഗം കേരളത്തില്‍ വികസിച്ചു വന്നു. പഴയ ധാന്യകേന്ദ്രിതമായ കൃഷിയില്‍ നിന്ന് നാണ്യകേന്ദ്രിതമായ കൃഷിയിലേക്കുള്ള മാറ്റം പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളത്തില്‍ നടക്കുകയും അത് ഒരു പുതിയ സാമ്പത്തിക മധ്യവര്‍ഗത്തെ രൂപപ്പെടുത്തുകയും എന്നാല്‍ ഈ സാമ്പത്തിക മധ്യവര്‍ഗത്തിന് സാമൂഹ്യ അധികാരങ്ങള്‍ വളരെ കുറഞ്ഞ നിലയില്‍ അവശേഷിക്കുകയും ചെയ്ത ഒരു വൈരുധ്യം ഉണ്ടായിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളത്തിലെ സാമൂഹ്യഘടനയില്‍ ഉണ്ടായ ഒരു മാറ്റം തോട്ടകൃഷിയെയും ചെറുകിട വ്യവസായങ്ങളെയും തുറമുഖ വാണിജ്യത്തെയും കേന്ദ്രീകരിച്ചുകൊണ്ടു ഒരു പുതിയ മധ്യവര്‍ഗം കേരളത്തില്‍ ഉയര്‍ന്നു വരികയും അവര്‍ക്ക് സാമ്പത്തിക അധികാരം താരതമ്യേന വരികയും സാമൂഹിക അധികാരം ഇല്ലാതിരിക്കുകയും ചെയ്തു എന്നതാണ്. ഈ സംഘര്‍ഷം എങ്ങനെ പരിഹരിക്കാം എന്നത് പ്രധാനപ്പെട്ട ഒരു ശ്രമമായി മാറുകയും ഇതിന്റെ പശ്ചാത്തലത്തില്‍ ജാതി നശീകരണവുമായി ബന്ധപ്പെട്ട ശ്രമങ്ങള്‍ ഒരു ഭാഗത്തും മത നവീകരണവുമായി ബന്ധപ്പെട്ട ശ്രമങ്ങള്‍ മറുഭാഗത്തും ഏറ്റെടുക്കുന്ന ഒരു മധ്യവര്‍ഗം കേരളത്തില്‍ പ്രബലമായി മാറുകയും ചെയ്തു. കേരളീയ നവോത്ഥാനത്തിന്റെ പിന്നിലെ പ്രധാനപ്പെട്ട ഒരു സാമൂഹിക ശക്തിയായിത്തീര്‍ന്നത് ഈ മധ്യവര്‍ഗ വിഭാഗങ്ങളാണ്. ഒരുപക്ഷേ പിന്നീടു നാം തിരിഞ്ഞു നോക്കുമ്പോള്‍ കേരളീയ നവോത്ഥാനത്തിന്റെ ആഭ്യന്തരമായ ചില പരാധീനതകള്‍ക്ക് കാരണവും മധ്യവര്‍ഗപരമായ ഈ ഉള്ളടക്കം ആണ് എന്നത് കാണാന്‍ സാധിക്കും.
നാലാമത്തെ ഒരു ഘടകം സംശയരഹിതമായും കോളനിഭരണം ആണ്. അതൊരു വൈരുധ്യമാണ്. കോളനിഭരണം എന്നത് ഇന്ത്യയെ കൊള്ളയടിച്ച ഒരു സംവിധാനമാണ് എന്ന് നമുക്കെല്ലാം അറിയാം. അങ്ങനെ ആയിരിക്കെതന്നെ കോളനിഭരണം നവോത്ഥാനത്തിന്റെ പരോക്ഷമായ വലിയൊരു സ്വാധീന ഘടകമായിത്തീര്‍ന്നു.
പൊതു വിദ്യാലയങ്ങള്‍, പൊതുവായ കോടതി വിചാരണകള്‍, പൊതുവായ തൊഴില്‍ മേഖലകള്‍ എന്നിവയെല്ലാം വന്നു. ഇതെല്ലാം പൊതുവെ പറഞ്ഞാല്‍ കോളനി ഭരണത്തിന്റെ അനന്തരഫലങ്ങളായിരുന്നു. നിലനിന്നിരുന്ന ജാതിബന്ധിതമായ അറിവിനെയും സാമൂഹ്യഘടനയെയും ഉലയ്ക്കുന്നതില്‍ അത് വലിയ പങ്കുവഹിക്കുകയും ചെയ്തു.
പൊതുവിദ്യാഭ്യാസം വന്നപ്പോള്‍ അക്കാലംവരെ ജാതിശ്രേ ണികള്‍ക്ക് അനുസരിച്ചുണ്ടായിരുന്ന വിദ്യാഭ്യാസത്തിന്റെ കെട്ടുപൊട്ടി. പൊതുനിയമം വന്നു. ബ്രാഹ്മണര്‍ക്ക് ഒരു നിയമം, ക്ഷത്രിയന് ഒന്ന്, ശൂദ്രന് ഒന്ന്, ചണ്ഡാളര്‍ എന്ന് വിളിക്കപ്പെട്ടവര്‍ക്ക് മറ്റൊന്ന് എന്നിങ്ങനെ ജാതി, വര്‍ണ്ണ ബന്ധിതമായ തെളിവു നിയമങ്ങള്‍ക്ക് പകരം പുതിയ പൊതു തെളിവ് നിയമം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ വന്നു. പുതുവഴികള്‍ വന്നു, പൊതുവിദ്യാലയങ്ങള്‍ ഉണ്ടായി. ഇതൊക്കെ എല്ലാവര്‍ക്കും പ്രാപ്യമായി എന്നല്ല പറയുന്നത്. പക്ഷേ ഇങ്ങനൊന്നു വന്നു. ഇപ്രകാരം, കോളനി ഭരണം എന്നത് ഒരു നിലയ്ക്ക് ജാതിവിരുദ്ധമായ മുന്നേറ്റങ്ങള്‍ക്ക് തുണ നല്‍കുന്ന മട്ടിലുള്ള ഒരു സമ്മര്‍ദ ശക്തിയായി മാറി. ബ്രിട്ടീഷ് ഭരണാധികാരികള്‍ സഹജമായി ജാതിവിരുദ്ധരായിരുന്നു, ജാതിവിരുദ്ധ മുന്നേറ്റങ്ങളെ പിന്തുണച്ചു എന്ന വാദം ഞാന്‍ ഉന്നയിക്കുകയല്ല. ഉന്നയിക്കുന്ന ചില ആളുകളുണ്ട്. ഞാന്‍ അതിനോട് യോജിക്കുന്നുമില്ല. ഇല്ല എന്നു പറയാന്‍ കാരണം ജാതി ബന്ധങ്ങളുടെ അടിസ്ഥാനമായി മധ്യകാലഘട്ടത്തില്‍ നിലനിന്നിരുന്നത് ജന്മിവാഴ്ചയാണ്, ഭൂപ്രഭുത്വമാണ്. ജന്മിവാഴ്ചയേയോ ഭൂപ്രഭുത്വത്തെയോ ഏതെങ്കിലും തരത്തില്‍ അസ്ഥിരപ്പെടുത്താനുള്ള യാതൊരു ശ്രമങ്ങളും ബ്രിട്ടീഷ് ഭരണ കൂടം നടത്തിയിട്ടില്ല. ആദ്യത്തെ പ്രധാനപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ ആയിരുന്ന വില്യം ലോഗന്‍ മലബാര്‍ കലാപത്തെക്കുറിച്ച് ചൂണ്ടിക്കാണിച്ചിട്ടുള്ള ഒരു കാര്യം, ഇത് മാപ്പിളമാരുടെ മതഭ്രാന്ത് ഒന്നുമല്ല, മറിച്ച് നിലനിന്ന ഭൂനിയമത്തിനകത്ത് ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന മാറ്റമാണ് എന്നതാണ്. എന്താണ് ആ മാറ്റം? ഭൂമി ജന്മിമാരുടെ ഔപചാരിക ഉടമസ്ഥതയിലാണ് എന്നിരിക്കെത്തന്നെ ആ ഭൂമിയില്‍ കൃഷി ചെയ്യാനും അതില്‍ നിന്ന് തങ്ങളുടേതായ വിഹിതം ആദായമായി സ്വീകരിക്കാനുമുള്ള പരമ്പരാഗത അവകാശം കുടിയാന്മാര്‍ക്ക് ഉണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ ടിപ്പുസുല്‍ത്താനെ കീഴടക്കിയശേഷം മലബാര്‍ ഏറ്റെടുത്ത് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമാക്കിയതോടെ ബ്രിട്ടീഷ്മലബാറില്‍ അവര്‍ വരുത്തിയ ഭൂനിയമത്തിലെ മാറ്റം യൂറോപ്പിലെ ഭൂനിയമ സമ്പ്രദായങ്ങള്‍ക്ക് തുല്യമായ രീതിയില്‍ ഭൂമിയുടെ മേലുള്ള സമ്പൂര്‍ണ്ണമായ ഉടമാവകാശം ജന്മികള്‍ക്കും ഭൂപ്രഭുക്കന്മാര്‍ക്കും ആണ് എന്നതാണ്. ഈ തീരുമാനത്തോടെ കുടിയാന്മാര്‍ക്ക് പരമ്പരാഗതമായി ഭൂമിയില്‍ ഉണ്ടായിരുന്ന അവകാശങ്ങള്‍ ഇല്ലാതാവുകയും ഏതു കുടിയാനെയും എ പ്പോള്‍ വേണമെങ്കിലും കുടിയൊഴിപ്പിക്കാനും ഒരു കുടിയാനില്‍ നിന്ന് മറ്റൊരാളിലേക്ക് എപ്പോള്‍ വേണമെങ്കിലും കൃഷിയവകാശം വച്ചു മാറാനും ഒക്കെയുള്ള അവകാശം ജന്മിമാര്‍ക്ക് കിട്ടുകയും ചെയ്തു. കുടിയാന്മാരെ സമ്പൂര്‍ണ്ണമായ അരക്ഷിതത്വത്തിലേക്ക് തള്ളി വിട്ടുകൊണ്ട് ജന്മിമാര്‍ക്കുള്ള ഉടമാവകാശത്തെ നിയമപരമായി ദൃഢീകരിച്ചുകൊണ്ട് ജന്മിത്വത്തെ ശക്തിപ്പെടുത്തുകയും തങ്ങള്‍ക്ക് ചുങ്കം പിരിച്ചു നല്‍കുന്ന ഇടനിലപ്പണിക്കാര്‍ എന്ന നിലയ്ക്ക് അവരെ കൂടുതല്‍ സംരക്ഷിക്കുകയും ആണ് ബ്രിട്ടീഷ് ഭരണകൂടം ചെയ്തത്.
ഇതില്‍ ഒരു വൈരുധ്യമുണ്ട്. ഒരു ഭാഗത്ത് വിദ്യാഭ്യാസം, പുതിയ തൊഴില്‍, പുതിയ നിയമങ്ങള്‍, പുതിയ സാമൂഹിക മൂല്യങ്ങള്‍ എന്നിവയൊക്കെ ശക്തിപ്പെടുത്തുക. മറുഭാഗത്ത്, പരമ്പരാഗതമായ സാമൂഹിക ഘടനയെയും അതി ന്റെ മൂല്യവ്യവസ്ഥയെയും ദൃഢീകരിക്കാന്‍ ശ്രമിക്കുക. ഈ വൈരുധ്യം ബ്രിട്ടീഷ് ഭരണകൂടത്തിനകത്ത് ഉണ്ട്. പക്ഷേ അതൊക്കെ ഉള്ളപ്പോള്‍ തന്നെ നേരത്തെ പറഞ്ഞ ജാതിബന്ധങ്ങള്‍ക്കെതിരെയുള്ള സാമൂഹിക സമ്മര്‍ദങ്ങളെ പിന്തുണയ്ക്കാന്‍ പോന്ന മട്ടില്‍ ബ്രിട്ടീഷ് ഭരണകൂടം നമ്മുടെ കോളനിഭരണത്തിനകത്ത് ധാരാളം ഇടങ്ങള്‍ ഉണ്ടാക്കിയിരുന്നു. ആ ഇടങ്ങള്‍ കേരളീയ നവോത്ഥാനത്തെ പരോക്ഷമായി സ്വാധീനിച്ച സുപ്രധാനമായ ഘടകങ്ങളില്‍ ഒന്നാണ്.
(രണ്ടാം ഭാഗം അടുത്തലക്കത്തില്‍)