
ഏകാധിപതി കേള്‍ക്കാനാഗ്രഹിക്കുന്നത് പറയുകയെന്നാല്‍ ഭീരുത്വത്തിനും ഭീതിക്കും വഴങ്ങുകയെന്നാണര്‍ത്ഥം. അതൊരിക്കലും നീതിക്കുവേണ്ടിയുള്ള നിലവിളിയോ, നിലപാടോ, ധീരതയോ അല്ല. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഇന്ന് ആഗ്രഹിക്കുന്നത് അവര്‍ക്കുവേണ്ടി അവരുടെ ശബ്ദമാകുന്ന നേതൃത്വത്തെയാണ്.
കേരളത്തിലെ കക്ഷിരാഷ്ട്രീയ വടംവലിയില്‍ ക്രൈസ്തവന്യൂനപക്ഷത്തിന്റെ പങ്ക് നിര്‍ണ്ണായകമാണെന്ന് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ബോധ്യമുണ്ട്. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ ബലാബലത്തില്‍ ക്രൈസ്തവര്‍, പ്രത്യേകിച്ച് കര്‍ഷക കത്തോലിക്കര്‍, പരസ്യമായി കക്ഷി ചേരുന്നതിന്റെ സൂചനയാണ് അടുത്ത കാലത്ത് മലബാറില്‍ നിന്നുണ്ടായ വിവാദപ്രസ്താവന. റബര്‍ വിലയും ബി ജെ പിക്ക് ലഭിക്കാവുന്ന പാര്‍ലമെന്റ് സീറ്റും തമ്മില്‍ ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു വോട്ടു ബാങ്ക് രാഷ്ട്രീയത്തില്‍ ക്രൈസ്തവചേരിയുടെ ആഭിമുഖ്യങ്ങളും താത്പര്യങ്ങളും, അതിലേറെ വിധേയത്വവും വെളിപ്പെടുത്തിയത്. തുടര്‍ന്നുണ്ടായ വിവാദകോലാഹലങ്ങള്‍ക്കിടയില്‍ അത്യുന്നത കര്‍ദിനാളിന്റേതായി വന്ന തലക്കെട്ടുകള്‍ പലരിലും അമ്പരപ്പുണ്ടാക്കി. ക്രൈസ്തവര്‍ ഇന്ത്യയില്‍ സുരക്ഷിതരും സമാധാനമുള്ളവരുമാണെന്നാണോ ഭാരതക്രിസ്ത്യാനികള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്നത്? അതോ, തങ്ങള്‍ ഭീതിയിലാണെന്നും ഭരണകൂടനേതൃത്വം അതിനെ അഭിസംബോധന ചെയ്ത് ജനാധിപത്യപരമായ ഉറച്ച നടപടികളെടുക്കണമെന്ന് ആവശ്യപ്പെടുന്ന നിലപാടാണോ ക്രൈസ്തവ നേതൃത്വത്തില്‍ വിശ്വാസമര്‍പ്പിച്ചിരുന്നവര്‍ ആഗ്രഹിച്ചത്?
ക്രിസ്തുവിന്റെ ശബ്ദമെവിടെ?
തീര്‍ച്ചയായും സമ്മതിദായക ഏകാധിപത്യം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്, 'ഞങ്ങള്‍ സന്തുഷ്ടരാണ്, ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല' എന്നു തന്നെയാണ്. ഏതു ഏകാധിപതിയും തോക്കു ചൂണ്ടിയെങ്കിലും അടിമജനത്തെക്കൊണ്ട് പറയിക്കുന്നത് തന്റെ സ്തുതികീര്‍ത്തനങ്ങളാണ്. അതിനെ ചെറുത്തുനിന്ന് സത്യത്തിന്റെയും നീതിയുടെയും സ്വരമുയര്‍ത്തുന്നവരോടൊപ്പമാണ് ദൈവമെന്ന് ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവശാസ്ത്രം പഠിപ്പിക്കുന്നുണ്ട്. അത്തരം എത്രയോ പാഠങ്ങളാണ് ദൈവത്തിന്റെ പക്ഷപാതിത്വത്തെക്കുറിച്ച് പഴയ നിയമവും പുതിയ നിയമവും നിരത്തുന്നത്.
അപ്പോള്‍, ഏകാധിപതി കേള്‍ക്കാനാഗ്രഹിക്കുന്നത് പറയുകയെന്നാല്‍ ഭീരുത്വത്തിനും ഭീതിക്കും വഴങ്ങുകയെന്നാണര്‍ത്ഥം. അതൊരിക്കലും നീതിക്കുവേണ്ടിയുള്ള നിലവിളിയോ, നിലപാടോ, ധീരതയോ അല്ല. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഇന്ന് ആഗ്രഹിക്കുന്നത് അവര്‍ക്കുവേണ്ടി അവരുടെ ശബ്ദമാകുന്ന നേതൃത്വത്തെയാണ്.
നേതൃത്വത്തിനു മുന്‍പില്‍ രണ്ട് തെരഞ്ഞെടുപ്പുകള്‍ക്ക് സാധ്യതയുണ്ട്. ഒന്നുകില്‍, ഏകാധിപതിയുടെ ആഗ്രഹത്തിനനുസൃതമായി കൂറു പ്രഖ്യാപിക്കുക. അല്ലെങ്കില്‍, തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിനു വേണ്ടി നീതിയുടെ ശബ്ദമാവുക. ഒന്നാമത്തേത്, അവസരവാദപരമായ രാഷ്ട്രീയയുക്തിയും രണ്ടാമത്തേത്, സുവിശേഷാത്മകമായ ആത്മീയയുക്തിയുമാണ്. ക്രൈസ്തവസമൂഹം പ്രതീക്ഷിക്കുന്നത് ക്രിസ്തുവിനെപ്പോലെ അവര്‍ക്ക് നേതൃത്വമുണ്ടാവുകയെന്നല്ലേ? ഒരുപക്ഷേ, അതിന് ജീവനാണ് വിലകൊടുക്കേണ്ടതെങ്കില്‍ പോലും. ഫാ. സ്റ്റാന്‍ സ്വാമിയുടെ നിലപാട് ക്രിസ്തുവിനോട് അടുത്തു നില്ക്കുന്നുവെന്ന് ലോകം മനസ്സിലാക്കുന്നത് ഈ യുക്തിയുടെ വെളിച്ചത്തിലാണ്. കന്ധമാലിലെ ക്രൈസ്തവരുടെ സാക്ഷ്യം ആദിമക്രൈസ്തവ ചൈതന്യമാണെന്ന് ആന്റോ അക്കര വാദിക്കുന്നത് ഇതേ യുക്തിയുടെ അടിസ്ഥാനത്തിലാണ്.
നീതിക്കുവേണ്ടിയുള്ള ശബ്ദം, അതെത്ര നേര്‍ത്തതാണെങ്കിലും, ഏകാധിപത്യത്തിന്റെ ഹൃദയകാഠിന്യത്തിനുമേല്‍ തറയ്ക്കുന്ന കൂര്‍ത്ത മുള്ളുകള്‍ തന്നെയായിരിക്കും. അതിന് പ്രവാചകധീരതയുടെ കരുത്തുണ്ടായിരിക്കും. പട്ടാള ഭരണത്തിന്റെ നിഷ്ഠൂരതയില്‍ അടിച്ചമര്‍ത്തപ്പെട്ടും കൊലചെയ്യപ്പെട്ടുകൊണ്ടുമിരുന്ന എല്‍ സാല്‍വദോറിലെ ജനങ്ങള്‍ക്കുവേണ്ടി ആര്‍ച്ചുബിഷപ്പ് ഓസ്‌കാര്‍ റൊമേരോ പറഞ്ഞു: 'എനിക്ക് അധികാരമോഹങ്ങളില്ല. അതിനാല്‍ത്തന്നെ, അധികാരം കയ്യാളുന്നവരോട് നന്മയേത്, തിന്മയേത് എന്നു ഞാന്‍ പറയുന്നു. ഞാനിത് ഏതു രാഷ്ട്രീയചേരികളോടും പറയും. കാരണം, അതെന്റെ ധര്‍മ്മമാണ്.' ആര്‍ച്ചുബിഷപ്പ് റൊമേരോയുടെ അവസാനത്തെ ഞായറാഴ്ചപ്രസംഗമായിരുന്നു അത്.