വിശുദ്ധ ചാവറയച്ചന്‍ കേരള നവോത്ഥാനത്തിനു നല്‍കിയ സംഭാവനകള്‍

വിശുദ്ധ ചാവറയച്ചന്‍ കേരള നവോത്ഥാനത്തിനു നല്‍കിയ സംഭാവനകള്‍
കേരളത്തിലെഴുതപ്പെട്ടിട്ടുള്ള നവോത്ഥാനചരിത്രങ്ങളിലൊക്കെ വിട്ടുപോയിട്ടുള്ള കണ്ണി അതിലെ ക്രൈസ്തവസംഭാവനകളാണ്. 2018 ലെ പ്രളയം കഴിഞ്ഞ് ഒരു നവകേരളസൃഷ്ടിക്കുവേണ്ടി ഒരു നവോത്ഥാനസമിതിക്കു രൂപം കൊടുത്തിരുന്നു. ആ സമിതിയില്‍ ക്രൈസ്തവസമൂഹത്തില്‍ നിന്നുള്ള ആരേയും ഉള്‍പ്പെടുത്തിയിരുന്നില്ല. അതേപ്പറ്റി പരാതി വന്നപ്പോള്‍, ബഹുമാന്യനായ ഒരു സമുദായനേതാവ് പറഞ്ഞത്, നവോത്ഥാനത്തിനു ക്രൈസ്തവരുടെ സംഭാവനകളൊന്നും ഇല്ല, പിന്നെന്തിനാണ് അവരെ ഉള്‍പ്പെടുത്തുന്നതെന്നായിരുന്നു. ഇതാണ് നമ്മുടെ സാഹചര്യമെന്ന് ഓര്‍മ്മിപ്പിക്കുകയാണ്.
ഇവിടെ എഴുതപ്പെട്ടിട്ടുള്ള എല്ലാ നവോത്ഥാന ചരിത്രങ്ങളും ഈയൊരറ്റ കാരണം കൊണ്ടു തന്നെ അപൂര്‍ണമാണ്. ഒരു ചരിത്രവും ഒരിക്കലും പൂര്‍ണ്ണമാകുന്നില്ല. ചരിത്രം വീണ്ടും വീണ്ടും പഠിക്കപ്പെടുകയും ഗവേഷണം ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ പുതിയ കാര്യങ്ങള്‍ കണ്ടെത്തും. അതുകൂടി ചേര്‍ത്ത് ഓരോ കാലഘട്ടത്തിലും ചരിത്രനിര്‍മ്മിതിക്ക് പൂരണങ്ങളുണ്ടായിക്കൊണ്ടിരിക്കും. നവോത്ഥാനചരിത്രത്തിന്റെ കാര്യത്തിലും അതു തന്നെയാണു സംഭവിക്കേണ്ടത്.

നമ്മുടെ നവോത്ഥാനത്തിനു പ്രധാനമായും മൂന്നു ഘട്ടങ്ങളുണ്ട് എന്ന വസ്തുതയാണു നാം ശ്രദ്ധിക്കേണ്ടത്. അത് ചിലര്‍ക്ക് അത്രയേറെ വിശ്വസനീയമായി തോന്ന ണം എന്നു നിര്‍ബന്ധമില്ല. കൃത്യ മായി പഠിച്ചാല്‍ മാത്രമേ അതു നമുക്ക് തിരിച്ചറിയാന്‍ സാധിക്കു കയുള്ളൂ.

ഒന്നാമത്തെ ഘട്ടം 1599 ല്‍ കൊച്ചി രാജ്യത്തിന്റെ ഭാഗമായ ഉദയംപേരൂരില്‍ നടന്ന സൂനഹദോസാണ്. അതു നമ്മുടെ നവോത്ഥാന ചരിത്രത്തിലെ ഒന്നാം ഘട്ട മാണ്. രണ്ടാം ഘട്ടം 1806 ല്‍ ആരംഭിക്കുന്നു. പ്രൊട്ടസ്റ്റന്റ് മിഷനറി മാര്‍ തിരുവിതാംകൂറില്‍ എത്തുകയും ഇവിടെ ആധുനിക വിദ്യാലയം സ്ഥാപിക്കുകയും ചെയ്ത വര്‍ഷമാണത്. അത് അന്നത്തെ തിരുവിതാംകൂറിന്റെ തെക്കന്‍ ഭാഗമായ ഇന്ന് തമിഴ്‌നാടിന്റെ ഭാഗമായിരിക്കുന്ന നാഗര്‍കോവില്‍ അടുത്തുള്ള മൈലാടി എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്ന വില്യം തോബിയാസ് റിംഗിള്‍ ടോബ് എന്ന പ്രൊട്ടസ്റ്റ ന്റ് മിഷനറി അദ്ദേഹത്തിന്റെ സുഹൃത്തായ വേദ മാണിക്യത്തിന്റെ വീട്ടുമുറ്റത്ത് ആരംഭിച്ച ഒരു സ്‌കൂള്‍ ഉണ്ട്. ആ സ്‌കൂള്‍ ആണ് നമ്മുടെ ആധുനിക വിദ്യാഭ്യാസ ചരിത്രത്തിലെ ആദ്യത്തെ കണ്ണി. ഇംഗ്ലീഷ് പഠിപ്പിക്കുകയും ഇംഗ്ലീഷിലൂടെ പഠിപ്പിക്കുകയും ചെയ്യുന്നതിനെയാണ് നമ്മള്‍ ഇവിടെ ആധുനിക വിദ്യാഭ്യാസം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. റിങ്കിള്‍ ടോബ് ആരംഭിച്ച സ്‌കൂളില്‍ ജാതിമതഭേദമില്ലാതെ എല്ലാവര്‍ക്കും പ്രവേശനം നല്‍കുന്ന സാഹചര്യവുമുണ്ടായി. അതുവരെ ഇവിടെ യുണ്ടായിരുന്ന വിദ്യാഭ്യാസം സവര്‍ണ്ണ വിഭാഗത്തിന് മാത്രം ലഭ്യമായിരുന്നതാണ്. അവര്‍ണ്ണ വിഭാഗത്തിന് അക്ഷരം പഠിക്കാനോ ഉപരിപഠനം നടത്താനോ ഉള്ള അനുവാദം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിനു മാറ്റം വരുത്തിക്കൊണ്ട് എല്ലാ വിഭാഗത്തിലെയും കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്ന ഒരു പാഠശാലയാണ് റിങ്കിള്‍ ടോ ബ് ആരംഭിച്ചത്. അവിടെ തമിഴ്, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷ കള്‍, സയന്‍സ്, സോഷ്യല്‍ സയന്‍സ്, സാമ്പത്തികശാസ്ത്രം, ഗൃഹജോലികള്‍, ശിശു പരിപാലനം എന്നിങ്ങനെ ജീവിതത്തോട് ബന്ധപ്പെട്ട എല്ലാ വിഷയങ്ങളെക്കുറിച്ചുള്ള പഠനം ഉണ്ടായിരുന്നു. ആ വഴിക്കാണ് നമ്മുടെ ആധുനിക വിദ്യാഭ്യാസ രീതികള്‍ വികസിച്ചു വന്നത്. അതുകൊണ്ടാണ് രണ്ടാം ഘട്ടം 1806 ല്‍ ആരംഭിക്കുന്നു എന്ന് പറഞ്ഞത്. അതിന്റെ മൂന്നാം ഘട്ടമാണ് 1888 ആരംഭിക്കുന്നത്. ആ വര്‍ഷമാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കരയ്ക്ക് സമീപമുള്ള അരുവിപ്പുറത്ത് ശ്രീനാരായണഗുരു വിഖ്യാതമായ ശിവപ്രതിഷ്ഠ നടത്തുന്നത്. ആ പ്രതിഷ്ഠ നമ്മുടെ നവോത്ഥാന ചരിത്രത്തിലെ മൂന്നാം ഘട്ടമാണ്. പക്ഷേ പലരും ഈ മൂന്നാംഘട്ടത്തിലാണ് നവോത്ഥാനത്തിന്റെ ചരിത്രം ആരംഭിക്കുന്നത് എന്ന രീതിയിലാണ് ഇവിടെ പല ചരിത്ര നിര്‍മ്മിതികളും നടത്തിയിട്ടുള്ളത്.

ഉദയംപേരൂര്‍ സൂനഹദോസ് കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ തനതു വ്യക്തിത്വം വീണ്ടെടുക്കണം എന്ന് ഉദ്ദേശിച്ചു കൊണ്ട് നടത്തിയതാണ്. അതുവരെ ഇവിടത്തെ പ്രാദേശിക സമൂഹത്തില്‍ നിലവിലുണ്ടായിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എല്ലാം പിന്‍പറ്റി അവരോടൊപ്പം കഴിഞ്ഞിരുന്ന ഒരു സമൂഹമായിരുന്നു ക്രൈസ്തവര്‍. അവരെ അതില്‍ നിന്ന് വേര്‍പെടുത്തി ക്രൈസ്തവ വ്യക്തിത്വമുള്ള സമൂഹമാക്കി മാറ്റിയെടുക്കുക എന്ന ലക്ഷ്യം ഈ സൂനഹദോസിന്റെ പിന്നില്‍ ഉണ്ടായിരുന്നു. വളരെ വിവാദമായ ഒരു ചരിത്ര സംഭവത്തെ കുറിച്ചാണ് ഞാനിപ്പോള്‍ ഇങ്ങനെ സൂചിപ്പിക്കുന്നത് എന്നത് ഓര്‍ക്കാതെ അല്ല. എന്നാല്‍ ആ സംഭവത്തിന്റെ നല്ല വശത്തെക്കുറിച്ച് കൂടി നമുക്ക് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. അവസാന ദിവസത്തെ കൂടി വിചാരം ഇവിടത്തെ സാമൂഹിക ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണം എന്നുള്ളതിനെ കുറിച്ച് ആയിരുന്നു. ക്രൈസ്തവരായ വ്യക്തികള്‍ തങ്ങളുടെ സ്വ ന്തം വിശ്വാസത്തില്‍ നിന്ന് വ്യതി ചലിച്ച് ഹൈന്ദവമായ വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടര്‍ന്ന് പോന്നിരുന്നു. രോഗം വന്നാല്‍ ചികിത്സ ചെയ്യുന്നതിന് പകരം ചില പ്രത്യേക സമുദായത്തില്‍പ്പെട്ട വ്യക്തികളെ കൊണ്ടുവന്ന് വീട്ടു മുറ്റത്തിരുത്തി തുള്ളിക്കലും പാടിക്കലുമൊക്കെ നടത്തുക, കോഴിയെ ബലി കൊടുക്കുക തുടങ്ങിയ കര്‍മ്മങ്ങള്‍ നടത്തിയിരുന്നു. അതൊന്നും പാടില്ല എന്ന് സൂനഹദോസ് വിലക്കി. തീണ്ടലും തൊടീലും പാടില്ല എന്നു പറഞ്ഞു. ഏതെങ്കിലും സ്ഥലമോ കിണറോ കുളമോ ഒക്കെ അശുദ്ധമായാല്‍ ക്രിസ്ത്യാനികളെ കൊണ്ട് ശുദ്ധീകരണം വരുത്തുന്ന രീതി അന്നുണ്ടായിരുന്നു. ശുദ്ധീകരണക്രിയകള്‍ നടത്താന്‍ പാടില്ല, അങ്ങനെ നടത്തുന്നവരെ സഭയ്ക്ക് പുറത്താക്കണം എന്നായിരുന്നു നിര്‍ദ്ദേശം. മുഹൂര്‍ത്തം നോക്കുക, ശകുനം നോക്കുക എന്നിവയും പാടില്ലെന്ന് വിലക്കി. അതോടൊപ്പം സൂനഹദോസ് നടത്തുന്ന മറ്റൊരു പ്രഖ്യാപനം നല്ല കുലം തണ്യകുലം എന്നൊന്നില്ല, അച്ഛനും ചെക്കനും ഇല്ല, ദൈവത്തിനു മുമ്പില്‍ എല്ലാവരും തുല്യരാണ് എന്നതാണ്. മാനവ സമത്വത്തെ സംബന്ധിച്ച ആദ്യത്തെ പ്രഖ്യാപ നം ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടാകുന്നത് ഉദയംപേരൂര്‍ സൂനഹദോസില്‍ ആണ്. ഇന്ത്യയുടെ നവോത്ഥാന നായകന്‍ എന്നറിയപ്പെടുന്ന രാജാറാം മോഹന്‍ റോയ് ജനിച്ചത് തന്നെ 1772 ലാണ്. 1883 വരെയാണ് അദ്ദേഹം ജീവിച്ചത്. അദ്ദേഹം ഈ പറഞ്ഞ സാമൂഹ്യതിന്മകള്‍ക്കെതിരെ ആദ്യമായി ശബ്ദമുയര്‍ത്തുകയും കിരാതമായിരുന്ന സതി എന്ന ആചാരത്തെ ബ്രിട്ടീഷ് സര്‍ക്കാറിന്റെ സഹായത്തോടെ ഉന്മൂലനം ചെയ്യുകയും ചെയ്ത മഹാത്മാവാണ്. അദ്ദേഹത്തിന്റെ ജീവചരിത്രം പരിശോധിച്ചാല്‍ ക്രൈസ്തവമായ പ്രവര്‍ത്തന ശൈലി അദ്ദേഹം സ്വീകരിച്ചിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. ഉദാഹരണത്തിന് പ്രാര്‍ത്ഥനകളുടെ സന്ദര്‍ഭത്തില്‍ ബൈബിള്‍ വായിച്ചു പ്രാര്‍ത്ഥിക്കുന്നതു പോലെ, രാജാറാം മോഹന്‍ റോയ് രൂപീകരിച്ച ആര്യ സമാജത്തിന്റെ യോഗങ്ങളില്‍ ഉപനിഷത്ത് വായിച്ച് അതിന്റെ വിശദീകരണം നല്‍കി യോഗം ആരംഭിക്കുന്ന രീതികള്‍ ഒക്കെ ഉണ്ടായിരു ന്നു. സെറാംപൂരിലെ ക്രൈസ്തവ മിഷനറിമാരുമായി അദ്ദേഹത്തിനു വളരെ അടുത്ത സൗഹൃദം ഉണ്ടായിരുന്നു ആ മിഷനറിമാരുടെ ഏറ്റവും പുരോഗമനപരമായ പ്രവര്‍ത്തനങ്ങളെയും ആശയങ്ങളെയും ജീവിതത്തില്‍ സ്വീകരിച്ച ആളാണ് മോഹന്‍ റോയ്. അദ്ദേഹം വരുന്നതിന് നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഉദയംപേരൂര്‍ സൂനഹദോസ് ഇത്തരത്തിലുള്ള അനാചാരങ്ങളെ ഇല്ലായ്മ ചെയ്യണം എന്ന് നിശ്ചയിച്ചിരുന്നു, അന്ന് കുറ്റം തെളിയിക്കാന്‍ ചില പരീക്ഷകള്‍ ഉണ്ടായിരുന്നു. തിളച്ച എണ്ണയില്‍ കൈമുക്കുക കൈ പൊള്ളിയില്ലെങ്കില്‍ കുറ്റം ചെയ്തിട്ടില്ല എന്നാണ്. ചുട്ടു പഴുത്ത ഇരുമ്പ് കയ്യില്‍ പിടിപ്പിക്കുക കൈ പൊള്ളിയില്ലെങ്കില്‍ കുറ്റം ചെയ്തിട്ടില്ല എന്നാണ്. മുതലകളും ചീങ്കണ്ണികളും ഒക്കെയുള്ള വെള്ളത്തില്‍ നീന്തിക്കുക. മുതല പിടിച്ചില്ലെങ്കില്‍ കുറ്റ വിമുക്തനാണ്. ഇങ്ങനെയൊക്കെയുള്ള പ്രാകൃതമായ കുറ്റം തെളിയിക്കല്‍ പരിപാടികള്‍ ഇവിടെയുണ്ടായിരുന്നു. അതു പാടില്ല എന്ന് ആദ്യം പറഞ്ഞത് ഉദയംപേരൂര്‍ സൂനഹദോസാണ്. നൂറ്റാണ്ടുകളായി നിലവിലുണ്ടായിരുന്നവയാണ് ഇതെല്ലാം. കുടുമ്മ, കാതുകുത്ത് എന്നിങ്ങനെയുള്ള പ്രാദേശിക ആചാരങ്ങള്‍ ഒക്കെ ഉന്മൂലനം ചെയ്യണമെന്ന് സൂനഹദോസ് നിര്‍ദ്ദേശിച്ചു. പില്‍ക്കാലത്ത് ശ്രീ നാരായണഗുരു ഇവിടെ ഇല്ലാതാക്കാന്‍ ശ്രമിച്ചത് ഇത്തരത്തിലുള്ള തീണ്ടല്‍, തൊടീല്‍ തുടങ്ങിയ ജാതീയമായ അനാചാരങ്ങള്‍ ആയിരുന്നു എന്ന് നമുക്കറിയാം. സൂനഹദോസ് പാടില്ല എന്ന് വിലക്കിയ ആ സാമൂഹിക തിന്മകള്‍ ഒന്നും ഇന്ന് നിലവിലില്ല എന്ന് നാം ഓര്‍മ്മിക്കണം. അതൊക്കെ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടപ്പോഴാണ് ദൈവത്തിന്റെ നാടായി ഈ നാട് മാറിയത്. അതിനുമുന്‍പ് വിവേകാനന്ദ സ്വാമികള്‍ നമ്മളെ ആക്ഷേപിച്ചതു പോലെ ഇതൊരു ഭ്രാന്താലയമായിരു ന്നു എന്നാണല്ലോ പറയുന്നത്. ആ ഭ്രാന്താലയത്തില്‍ നിന്ന് നാം ഇന്നത്തെ മനുഷ്യാലയ ത്തിലേക്ക് നടത്തിയ യാത്രയു ടെ ചരിത്രമാണ് നവോ ത്ഥാനത്തിന്റെ ചരിത്രം. അതിന്റെ താത്വികമായ ഒരു പശ്ചാത്തലം ഉദയം പേരൂര്‍ സൂനഹദോസില്‍ ഉണ്ട്.

1888 ന് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. ഇന്നത്തെ ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി ഒരു നിയമസഭ ഉണ്ടായത് 1888 ല്‍ തിരുവിതാംകൂറിലാണ്. ശ്രീമൂലം പ്രജാസഭ. തിരുവിതാംകൂറിന്റെയും കേരളത്തിന്റെയും പില്‍ക്കാലത്ത് പലരും പാടി പ്രശംസിച്ച പ്രബുദ്ധതയുടെ അടയാളങ്ങള്‍ എവിടെയെല്ലാം കിടക്കുന്നു എന്നതാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്.

1806 ല്‍ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിലാണ് ചാവറയച്ചന്റെ സംഭാവനകള്‍ നാം ശ്രദ്ധിക്കേണ്ടത്. ചാവറയച്ചന്‍ 1805 ല്‍ ജനിക്കുന്നു, 1871 ല്‍ ദിവംഗതനാകുന്നു. 66 വര്‍ ഷത്തെ ജീവിതം കൊണ്ട് അദ്ദേഹം ചെയ്ത വലിയ കാര്യങ്ങള്‍ ആണ് അദ്ദേഹത്തെ നവോത്ഥാന നായകരില്‍ ഒരാളായി മാറ്റിയത്. നവോത്ഥാന പ്രക്രിയയുടെ അടിസ്ഥാനം എപ്പോഴും ഒരു പുതിയ വിദ്യാഭ്യാസ രീതി കൂടിയാണ്. ഉദയംപേരൂര്‍ സൂനഹദോസ് ജനങ്ങള്‍ക്കും വൈദികര്‍ക്കും വിദ്യാഭ്യാസം നല്‍കണം എന്നു നിര്‍ദേശിച്ചിരുന്നു.

1350 നു ശേഷം ഇറ്റലിയുടെ ഭാഗമായ ഫ്‌ളോറന്‍സില്‍ ആരംഭിച്ചു യൂറോപ്പില്‍ എമ്പാടും പടര്‍ന്നു കയറിയ സാംസ്‌കാരിക പ്രക്രിയയെ നാം യൂറോപ്യന്‍ നവോത്ഥാനം അല്ലെങ്കില്‍ ലോക നവോത്ഥാനം എന്ന് വിളിക്കുന്നുണ്ടല്ലോ. അത് ഫ്‌ളോറന്‍സ് സര്‍വകലാശാലയില്‍ നിന്നാണ് ആരംഭിക്കുന്നത്.

അന്ന് അവിടെ നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസ രീതി ജനങ്ങളുടെ ആധ്യാത്മികതയ്ക്ക് പ്രാമുഖ്യം നല്‍കുന്നതും അവരുടെ ലൗകിക ജീവിതത്തെ പാടെ അവഗണിക്കുന്നതും ആയിരുന്നു. അതിനൊരു മാറ്റം വരുത്തണമെന്നും ജനങ്ങളുടെ ലൗകിക ജീവിതാവശ്യങ്ങള്‍ക്ക് കൂടി പരിഗണന നല്‍കുന്നതാകണം വിദ്യാഭ്യാസമെന്നും ഉള്ള ആവശ്യം ഉയര്‍ന്നത് ആ സര്‍വകലാശാലയില്‍ നിന്നാണ്. ആ സര്‍വകലാശാല 1321 ല്‍ ആരംഭിച്ചതാണ്.

പാശ്ചാത്യ സര്‍വകലാശാലകള്‍ എല്ലാം മാര്‍പാപ്പയുടെ അനുമതിയോടുകൂടി ആരംഭിച്ചിട്ടുള്ളതാണ് എന്നതും ഇവിടെ ഓര്‍ക്കണം. ആധുനിക ചരിത്രത്തിലെ ആദ്യത്തെ സര്‍വകലാശാല 1008 ല്‍ ഇറ്റലിയിലെ ബൊളാഞ്ഞോയില്‍ സ്ഥാപിതമായതാണ്. ഇന്ന് നിലവിലുള്ളതില്‍ ഏറ്റവും പഴയ സര്‍വകലാശാല അതാണ്. ആ സര്‍വകലാശാലയും മാര്‍പാപ്പയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ആയിരുന്നു. പിന്നീട് ഇങ്ങോട്ട് ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വരെ മാര്‍പാപ്പയുടെ അനുവാദത്തോടുകൂടി മാത്രം സ്ഥാപിക്കപ്പെട്ടിട്ടുള്ള സര്‍വകലാശാലകള്‍ ആണ്. പാരീസ് സര്‍വകലാശാലയും മറ്റു യൂറോപ്യന്‍ സര്‍വകലാശാലകളും ഒക്കെ ഇത്തരത്തില്‍ നിലവില്‍ വന്നിട്ടുള്ളതാണ്. ക്രൈസ്തവസഭയുടെ ഇത്തരം സംരംഭങ്ങളിലുള്ള ഇടപെടല്‍ എന്നത് നമുക്ക് ഇവിടെ തീരെ അപരിചിതമായ വസ്തുതയാണ്. ഇവിടെ ആരും അതേക്കുറിച്ച് അധികം സംസാരിക്കാറില്ല.

ചാവറയച്ചനെ കുറിച്ച് പറയുമ്പോള്‍ പള്ളിക്കൊപ്പം പള്ളിക്കൂടം ഉണ്ടാകണമെന്ന ആഹ്വാനം അദ്ദേഹമാണ് നല്‍കിയത് എന്ന് പറയാറുണ്ട്. അദ്ദേഹത്തിന്റെ 1865 ലെ സര്‍ക്കുലറില്‍ അങ്ങനെ പറഞ്ഞിരുന്നു എന്നാണ് പറയുക. പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന പ്രക്രിയ വാസ്തവത്തില്‍ ആരംഭിക്കുന്നത് യൂറോപ്പില്‍ നിന്നാണ്. യൂറോപ്പില്‍ തന്നെ 1826 ല്‍ അന്നത്തെ മാര്‍പാപ്പയായിരുന്ന എവുജേനിയസ് വിളിച്ചുകൂട്ടിയ റോമന്‍ സിനഡിന്റെ തീരുമാനങ്ങളിലൊന്ന് എല്ലാ കത്തീഡ്രല്‍ പള്ളികളോടും ആശ്രമങ്ങളോടും ഇടവക ദേവാലയങ്ങളോടും ചേര്‍ന്ന് സ്‌കൂളുകള്‍ സ്ഥാപിക്കണം എന്നതാണ്. അവിടെനിന്നാണ് പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന ആശയം രൂപം കൊണ്ട് ലോകത്തിന് നാനാഭാഗങ്ങളിലേക്കും പ്രചരിച്ചത്.

അതാണ് റിങ്കിള്‍ ടോബ് എന്ന പ്രൊട്ടസ്റ്റന്റ് മിഷനറി യൂറോപ്പില്‍ നിന്ന് ഇവിടെ എത്തിയപ്പോള്‍ ഇങ്ങോട്ടു കൊണ്ടുവന്ന ഒരു ആശയം. അദ്ദേഹത്തിന്റെ ആഗ്രഹം മൈലാടിയില്‍ ഒരു പള്ളിയും അതോടൊപ്പം ഒരു പള്ളിക്കൂടവും സ്ഥാപിക്കണമെന്ന് ആയിരുന്നു. പക്ഷേ പള്ളി സ്ഥാപിക്കണമെങ്കില്‍ ഗവണ്‍മെന്റിന്റെ അനുവാദം ആവശ്യമായിരുന്നു അന്നിവിടെ തിരുവിതാംകൂര്‍ ഗവണ്‍മെന്റില്‍ ദളവയായിരുന്നത് വേലുത്തമ്പി ആയിരുന്നു. വേലുത്തമ്പി ദളവയുടെ അടുത്ത് അനുവാദം ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ഇവിടെ ധാരാളം സഭകള്‍ ഇപ്പോള്‍ തന്നെയുണ്ട,് ഇനിയൊരു പുതിയ സഭ കൂടി ഇവിടെ ആവശ്യമില്ല. അതുകഴിഞ്ഞ് 1809 വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്തു. ഇതിനുശേഷം 1809 ല്‍ തന്നെ റിങ്കിള്‍ ടോബിന് അവിടെ ദേവാലയം നിര്‍മ്മിക്കാനുള്ള അനുവാദം തിരുവിതാംകൂര്‍ ഗവണ്‍മെന്റ് കൊടുത്തു.

അങ്ങനെ അദ്ദേഹം ദേവാലയം തുടങ്ങി. മൂന്നുകൊല്ലം ആയപ്പോഴാണ് അദ്ദേഹത്തിന് അവിടെ സ്‌കൂള്‍ കൂടി സ്ഥാപിക്കാന്‍ കഴിഞ്ഞത്. നാഗര്‍കോവില്‍ അദ്ദേഹം 6 സ്ഥലത്ത് പള്ളികളും പള്ളിക്കൂടങ്ങളും സ്ഥാപിച്ചതായാണ് കാണുന്നത്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്ന ചാള്‍സ് സ്മീഡ് 1810 മുതല്‍ നാഗര്‍കോവില്‍ പ്രദേശത്തെല്ലാം പ്രൊട്ടസ്റ്റന്റ് പള്ളികളും സ്‌കൂളുകളും സ്ഥാപിച്ചു. എന്നു മാത്രമല്ല എവിടെയെല്ലാം പുതിയ പ്രൊട്ടസ്റ്റന്റ് സമൂഹങ്ങള്‍ രൂപം കൊള്ളുന്നുണ്ടോ അവിടെയെല്ലാം പള്ളിയും പള്ളിക്കൂടവും സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശവും കൊടുക്കുന്നുണ്ട്. അത് നാ ഗര്‍കോവിലും കടന്ന് തിരുവിതാംകൂറിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാ പിച്ചു. 1806 നു ശേഷം ചാവറയച്ചന്റെ ജീവിത കാലമായപ്പോഴേക്കും തിരുവിതാംകൂര്‍ പ്രദേശങ്ങ ളില്‍ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ ഇടയില്‍ പ്രൊട്ടസ്റ്റന്റ് മിഷനറിമാര്‍ (ലണ്ടന്‍ മിഷനറി സൊസൈറ്റി - എല്‍ എം എസ്) സ്‌കൂളുകള്‍ സ്ഥാപിച്ചിരുന്നു.

1808 ആയപ്പോള്‍ ആലപ്പുഴയില്‍ തോമസ് നോര്‍ട്ടണ്‍ എന്ന പ്രൊട്ടസ്റ്റന്റ് മിഷണറി (സി എം എസ് എന്ന ചര്‍ച്ച് മിഷണറി സൊ സൈറ്റിയിലെ അംഗം) വന്നു. അതില്‍ തന്നെ അംഗമായ ബെഞ്ചമിന്‍ ബെയിലി തൊട്ടടുത്ത വര്‍ഷം കോട്ടയത്ത് എത്തിച്ചേരുന്നു. ഇവരെല്ലാം പള്ളികളും പള്ളിക്കൂടങ്ങളും ആരംഭിച്ചു. ജാതിമതഭേദമില്ലാതെ എല്ലാ കുട്ടികള്‍ക്കും അവരുടെ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ അനുവാദം ഉണ്ടായിരുന്നു. പക്ഷേ കത്തോലിക്കാ സമൂഹത്തിലെ ആളുകള്‍ അവരുടെ കുട്ടികളെ ഈ സ്‌കൂളുകളിലേക്ക് വിടാന്‍ താല്പര്യപ്പെട്ടിരുന്നില്ല. കാരണം പ്രൊട്ടസ്റ്റന്റ് വിശ്വാസം കുട്ടികളെ സ്വാധീനിക്കുകയും കത്തോലിക്കാ വിശ്വാസം ദുര്‍ബലപ്പെടുകയും ചെയ്താലോ എന്ന ഭയം അവര്‍ക്കുണ്ടായിരുന്നു. അധികാരികള്‍ തന്നെ അത്തരം സ്ഥാപനങ്ങളില്‍ കുട്ടികളെ വിടാന്‍ പാടില്ല എന്നും പറഞ്ഞിരുന്നു. ആ കാലഘട്ടത്തിലാണ് ചാവറയച്ചന്‍ 1861 ല്‍ വരാപ്പുഴ അതിരൂപതയുടെ വികാരി ജനറലായി നിയമിക്കപ്പെട്ടത്. അതോടെ അദ്ദേഹം തന്റെ ഭരണത്തിന്‍ കീഴിലുള്ള മാര്‍ത്തോമാ കത്തോലിക്കര്‍ക്കിടയില്‍ വിദ്യാലയങ്ങള്‍ സ്ഥാപിക്കാ നുള്ള ശ്രമം നടത്തുന്നത്. തുടക്കമായി അദ്ദേഹം തന്നെ 1864 ല്‍ മാ ന്നാനത്ത് ഒരു 'മലയാം പള്ളി ക്കൂടം' ആരംഭിച്ചു. അതാണ് ചാ വറയച്ചന്‍ സ്ഥാപിച്ച ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം എന്നു പറഞ്ഞാല്‍ അത് പൂര്‍ണ്ണമായ അളവില്‍ ശരിയല്ല. കാരണം, 1846 ല്‍ അവിടെ തന്നെ അദ്ദേഹം ഒരു സംസ്‌കൃത സ്‌കൂള്‍ സ്ഥാപിക്കുകയുണ്ടായി.

ഇംഗ്ലീഷ് വിദ്യാഭ്യാസം ഇവിടെ പ്രചാരത്തില്‍ വന്നു തുടങ്ങിയപ്പോള്‍ ഇവിടത്തെ ബ്രാഹ്മണര്‍ ഇംഗ്ലീഷ് മ്ലേച്ഛഭാഷയാണ്, മ്ലേച്ഛന്മാരാണ് ഇംഗ്ലീഷുകാര്‍ എന്നു പ്രചരിപ്പിച്ചിരുന്നു. പാന്റ്‌സ് ധരിച്ച് വന്ന ഇംഗ്ലീഷുകാരുടെ പിറകില്‍ വാല്‍ ഉണ്ട്, പാന്റ്‌സിനുള്ളില്‍ മടക്കി വച്ചിരിക്കുകയാണത്, എന്നു വരെ ജനങ്ങളെ അവര്‍ പറഞ്ഞു ധരിപ്പിച്ചിരുന്നു. അന്നത്തെ കത്തോലിക്കര്‍ക്ക് കുലീനതയെ സംബന്ധിച്ച് ഒരു ബോധം ഉണ്ടായിരുന്നല്ലോ. ഞങ്ങളുടെ പൂര്‍വികര്‍ നമ്പൂതിരിമാരായിരുന്നു എന്നവര്‍ പറഞ്ഞിരുന്നു. ചരിത്രബോധം കുറഞ്ഞ ആ കാലത്ത് അതൊക്കെ ആളുകള്‍ വിശ്വസിച്ചിരുന്നു. ആളുകളുടെ ചരിത്രബോധം ഇല്ലായ്മയുടെ ഫലമാണത്. തോമാ ശ്ലീഹാ ഇവിടെ വന്ന കാലത്ത് ബ്രാഹ്മണര്‍ ഇല്ലായിരുന്നു എന്നതാണ് നമ്മുടെ ഇപ്പോഴത്തെ ചരി ത്രപരമായ അറിവ്.

മാത്രവുമല്ല നമ്പൂതിരിമാരുടെ പിന്‍ഗാമികള്‍ ആണെന്ന് പറയുന്നത് അപമാനകരമായ ഒരു കാര്യമായി കൂടി എടുക്കേണ്ടതാണ്. അവര്‍ ഇവിടെ നടപ്പിലാക്കിയ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കേരളത്തെ സാംസ്‌കാരികമായി മലിനീകരിച്ചിരുന്നു.

നമ്പൂതിരിമാര്‍ക്ക് വേണ്ടാത്ത ഒരു ഭാഷ നമുക്കും വേണ്ട എന്നു പറഞ്ഞ് നമ്മുടെ ആളുകള്‍ ഇംഗ്ലീഷ് പഠിക്കാന്‍ വൈമുഖ്യം കാണിച്ചിരുന്നു. പക്ഷേ സംസ്‌കൃതം പഠിക്കാന്‍ താല്പര്യമായിരുന്നു. നമ്മു ടെ സമൂഹത്തിലെ വൈദ്യന്മാരും മറ്റും സംസ്‌കൃതം ധാരാളമായി പഠിക്കുകയും ചെയ്തിരുന്നു. അഷ്ടാംഗഹൃദയം മുതലുള്ള വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ എല്ലാം സംസ്‌കൃതത്തില്‍ എഴുതപ്പെട്ട താണല്ലോ. സംസ്‌കൃതം പഠിക്കാനുള്ള ക്രിസ്ത്യാനികളുടെ ഈ അനുകൂല മനോഭാവത്തെ പ്രയോജനപ്പെടുത്തി ആ സമൂഹത്തില്‍ ഒരു ഉന്നതി വരുത്താന്‍ വേണ്ടിയാണ് ചാവറയച്ചന്‍ ആദ്യമായി സംസ്‌കൃത വിദ്യാലയം സ്ഥാപിച്ചത്. കേരളത്തിന്റെ സംസ്‌കൃത വിദ്യാഭ്യാസത്തിന്റെ ചരിത്രത്തിലും ചാവറയച്ചന്‍ സ്ഥാപിച്ച ഈ വിദ്യാലയത്തിന്റെ ചരിത്രം കാണാനാവില്ല. വാസ്തവത്തില്‍ കേരള ത്തില്‍ ആദ്യമായി ഉണ്ടായ സംസ്‌കൃത വിദ്യാലയം മാന്നാനത്ത് ചാവറച്ചന്‍ സ്ഥാപിച്ചതാണ്.

ജോലിക്കാര്‍ക്ക് കൃത്യമായ കൂലി കിട്ടണം എന്ന് പറഞ്ഞുകൊണ്ടാണ് അയ്യങ്കാളിയും വൈകുണ്ഠ സ്വാമിയും ഒക്കെ പില്‍ക്കാലത്ത് വിപ്ലവകരമായ നീക്കങ്ങള്‍ നടത്തിയിട്ടുള്ളത്. അതിനൊക്കെ വളരെ മുന്‍പേ കുര്യാക്കോസച്ചന്‍ തന്റെ കത്തുകളിലൂടെ ഇക്കാര്യങ്ങള്‍ ജനങ്ങളോട് ഓര്‍മ്മിപ്പിക്കുന്നു.

1864 ല്‍ ചാവറയച്ചന്‍ മാന്നാനത്ത് തുടങ്ങിയ മലയാം പള്ളിക്കൂ ടത്തിന്റെ പ്രവര്‍ത്തനത്തില്‍ അദ്ദേഹം വരുത്തിയ ചില പരിഷ്‌കാരങ്ങളാണ് വിപ്ലവകരമായി നമുക്ക് അനുഭവപ്പെടുന്നത്. ഒന്ന്, അദ്ദേഹം അത് തുടങ്ങിയിട്ട് ആവശ്യമുള്ളവരൊക്കെ വന്നു പഠിക്കൂ എന്നു പറഞ്ഞ് അവിടെ ഇരിക്കുകയല്ല ചെയ്തത്. അദ്ദേഹം പരിസരപ്രദേശങ്ങളിലുള്ള വീടുകളിലൊക്കെ ചെന്ന് ഭക്ഷണം കഴിക്കാന്‍ ഇല്ലാത്തതുകൊണ്ടോ വസ്ത്രം ധരിക്കാന്‍ ഇല്ലാത്തതുകൊണ്ടോ ഒക്കെ സ്‌കൂളുകളിലേക്ക് വരാന്‍ മടിച്ചിരുന്ന പാവപ്പെട്ട കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവന്നു ഭക്ഷണം കൊടുത്ത് വസ്ത്രം ധരിപ്പിച്ച് സ്‌കൂളില്‍ ഇരുത്തി പഠിപ്പിച്ചു എന്നുള്ളതാണ്. സ്‌കൂളില്‍ യൂണിഫോം ഇന്ന് നമുക്ക് സുപരിചിതമാണ്. എന്നാല്‍ സ്‌കൂള്‍ കുട്ടികള്‍ ക്ക് വസ്ത്രം കൊടുക്കുക എന്ന വിപ്ലവകരമായ പരിഷ്‌കാരം ആരംഭിക്കുന്നത് വാസ്തവത്തില്‍ കുര്യാക്കോസ് അച്ചനാണ്.

1944 സാര്‍ജന്റ് കമ്മീഷന്‍ എന്ന ഒരു കമ്മീഷനെ അന്നത്തെ ബ്രിട്ടീഷ് ഗവണ്‍മെ ന്റ് ഇവിടെ നിയമിക്കുകയുണ്ടായി. യുദ്ധാനന്തര കാലഘട്ടത്തിലെ ഇന്ത്യയിലെ വിദ്യാഭ്യാസം എങ്ങനെയായിരിക്കണം എന്ന തിനെക്കുറിച്ച് നിര്‍ദ്ദേശം കൊടുക്കാനുള്ളതായിരുന്നു ആ കമ്മീഷന്‍. ആ കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ആദ്യമായിട്ട് വിദ്യാര്‍ഥികള്‍ ക്ക് ഭക്ഷണവും വസ്ത്രവും കൊടുക്കണം എന്ന നിര്‍ദ്ദേശം വന്നത്. ആ കമ്മീഷനും എത്രയോ കാലം മുമ്പ് കുര്യാക്കോസച്ചന്‍ ആ നിര്‍ദ്ദേശങ്ങള്‍ ഇവിടെ പ്രവര്‍ത്തകമാ ക്കിയിരുന്നു. കുട്ടികള്‍ക്ക് ഭക്ഷണം കൊടു ക്കാനുള്ള വിഭവങ്ങള്‍ സമാഹരിക്കാനാണ് അദ്ദേഹം പിടിയരി പിരിവു പോലുള്ള സമ്പ്രദായങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇതൊ ക്കെ അക്കാലഘട്ടത്തില്‍ ഒരു തുടക്കമായിരുന്നു. ഇന്ന് ചരിത്രം പരിശോധിക്കുമ്പോള്‍ പില്‍ക്കാലത്ത് ഇവിടെ പ്രയോഗത്തില്‍ വന്ന ചില പരിഷ്‌കൃത ആശയങ്ങളാണ് അദ്ദേഹം അവിടെ അവതരിപ്പിച്ചത്. അങ്ങനെയാണ് ഒരു നവോത്ഥാനം എന്ന തലത്തിലേക്ക് ചാവറയച്ചന്‍ തന്റെ സമൂഹത്തെ നയിക്കുന്നത്. തന്റെ സീറോ മലബാര്‍ ക്രൈസ്തവരുടെ സമൂഹത്തിലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നത്. വി ദ്യാഭ്യാസം സംബന്ധിച്ചുള്ള തന്റെ ലക്ഷ്യവും ഉദ്ദേശവും 1868 മരണത്തിന് മൂന്നുവര്‍ഷം മുമ്പേ അദ്ദേഹം തന്റെ ഇടവകയായ കൈനകരി ഇടവകയിലെ വിശ്വാസികള്‍ക്ക് എഴുതിയ രണ്ടു കത്തുകളിലുണ്ട്. ഒരു നല്ല അപ്പന്റെ ചാവരുള്‍ എന്ന പേരില്‍ ഇന്ന് പ്രചാരത്തില്‍ ഇരിക്കുന്നത് ഈ കത്തുകളാണ്.

എങ്ങനെയായിരിക്കണം ക്രൈസ്തവ കുടുംബങ്ങള്‍ എന്നതിനെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ആ കത്തുകളുടെ ഉള്ളടക്കം. അതില്‍ അദ്ദേഹം പറയുന്ന ഒരു കാര്യം കുട്ടികളെ തിരിച്ചറിവിന്റെ പ്രായമാകുമ്പോള്‍ വിദ്യാലയങ്ങളില്‍ അയച്ച് പഠിപ്പിക്കണം എന്നാണ്. കണ്ണുകള്‍ക്ക് പ്രകാശം കാണുവാനുള്ള കഴിവ് ഇല്ലെങ്കില്‍ അവര്‍ കുരുടന്മാര്‍ എന്നാണ് അറിയപ്പെടുന്നത്. അറിവിന്റെ പ്രകാശം കാണാന്‍ കഴിവില്ലാത്ത കുട്ടികളെ ചാവറയച്ചന്‍ ജ്ഞാനക്കുരുടന്മാര്‍ എന്നു വിളിക്കുന്നു. ഈ ജ്ഞാന കുരുടത്വം മാറ്റാനാണ് ചാവറയച്ചന്‍ ഈ സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

വളര്‍ന്നു വരുന്ന പുതിയ തലമുറ അറിവിന്റെ വെളിച്ചത്തില്‍ വളര്‍ന്നു വരണം എ ന്ന് അദ്ദേഹം ആഗ്രഹിച്ചു. അതുകൊണ്ടാണ് അദ്ദേഹം 1864 ല്‍ മാന്നാനത്തെ സ്‌കൂള്‍ സ്ഥാപിച്ച് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

ലത്തീന്‍ സഭയുടെ ചരിത്രകാരന്മാര്‍ പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന ആശയം കേരളത്തില്‍ ആദ്യമായി കൊണ്ടുവന്നത് വരാപ്പുഴയിലെ ബര്‍ണാര്‍ദ്ദിന്‍ മെത്രാപ്പോലീത്തയാണ് എന്ന് വാദിക്കുന്നുണ്ട്. അദ്ദേ ഹം 1857 ല്‍ എഴുതിയ ഒരു സര്‍ക്കുലറില്‍ പള്ളികളോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ ഉണ്ടാക്കണം എന്ന് പറയുന്നുണ്ട്. പള്ളി ക്കൂടങ്ങളില്‍ സംക്ഷേപവേദാര്‍ത്ഥം വിശദമായി പഠിപ്പിച്ചു കൊടുക്കണം എന്നാണ് അദ്ദേഹം പറയുന്നത്. ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും പ്രവര്‍ത്തിച്ചാല്‍ മതി, കുട്ടികള്‍ക്ക് നടന്നെത്താന്‍ കഴിയുന്ന സ്ഥലങ്ങളില്‍ ആയിരിക്കണം ഈ സ്‌കൂളുകള്‍ എന്നെല്ലാം അദ്ദേഹം പറയുന്നുണ്ട്.

1864 ല്‍ മാന്നാനത്ത് ഒരു 'മലയാം പള്ളിക്കൂടം' ആരംഭിച്ചു. അതാണ് ചാവറയച്ചന്‍ സ്ഥാപിച്ച ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം എന്നു പറഞ്ഞാല്‍ അത് പൂര്‍ണ്ണമായ അളവില്‍ ശരിയല്ല. കാരണം, 1846 ല്‍ അവിടെ തന്നെ അദ്ദേഹം ഒരു സംസ്‌കൃത സ്‌കൂള്‍ സ്ഥാപിക്കുകയുണ്ടായി.

സംക്ഷേപവേദാര്‍ത്ഥം നമ്മുടെ ആദ്യത്തെ മതബോധന പാഠപുസ്തകം ആണ്. 1872 ല്‍ ക്ലെമന്റ് എന്ന ഇറ്റാലിയന്‍ മിഷനറി അന്നത്തെ ആലങ്ങാട്ട് സെമിനാരിയില്‍ പഠിപ്പിച്ചിരുന്നു. റോമില്‍ നിന്നും കിട്ടിയ നിര്‍ദ്ദേശത്തിന്റെ വെളിച്ചത്തില്‍, അവിടെ അധ്യാപകനായ കരിയാറ്റില്‍ യൗസേപ്പ് മല്‍പ്പാന്റെ സഹായത്തോടെ അദ്ദേഹം ആണ് സംക്ഷേപവേദാര്‍ത്ഥം എന്ന പുസ്തകം തയ്യാറാക്കി റോമില്‍ കൊണ്ടുപോയി 1872 ല്‍ അച്ചടിച്ചു കേരളത്തില്‍ കൊണ്ടു വരുന്നത്. മലയാളഭാഷയില്‍ അച്ചടിച്ച ആദ്യത്തെ ഗ്രന്ഥം ഈ സംക്ഷേപവേദാര്‍ ത്ഥമാണ്. അതിനുമുമ്പ് 1675 മുതല്‍ 1704 വരെയുള്ള കാലഘട്ടത്തില്‍ 10 വാല്യങ്ങളായി പ്രസിദ്ധീകരിച്ച ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥമുണ്ട്. കൊച്ചിയിലെ ഡച്ച് ഗവര്‍ണര്‍ ആയിരുന്നവാന്‍ റീഡ്, മത്തി യാസ് അച്ഛന്റെയും ഇട്ടിയച്ചന്‍ വൈദ്യരുടെയും ഒക്കെ സഹായത്തോടെ രൂപപ്പെടു ത്തിയ ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥം നെതര്‍ലാന്‍സിലെ ആംസ്റ്റര്‍ഡാ മില്‍ അച്ചടിച്ച് 1872 ല്‍ ഇവിടെ കൊണ്ടുവ ന്നു. അതില്‍ ചില മലയാളം പദങ്ങള്‍ ഉണ്ട് എന്നല്ലാതെ അതൊരു മലയാള ഗ്രന്ഥം അല്ല.

സംക്ഷേപവേദാര്‍ത്ഥം ആരംഭിക്കുന്നത് നിന്നെ സൃഷ്ടിച്ചത് ആര് എന്ന ചോദ്യത്തോടെയാണ്. ചോദ്യോത്തരങ്ങളിലൂടെ ക്രൈസ്തവ തത്വങ്ങള്‍ പഠിപ്പിക്കുകയും പ്രാര്‍ത്ഥനകളും നമസ്‌കാരങ്ങളും പരിചയപ്പെടുത്തുകയും ചെയ്യുന്ന നമ്മുടെ ആദ്യത്തെ വേദപഠന ഗ്രന്ഥമാണ് അത്. അതു പഠിപ്പിക്കാനാണ് ബര്‍ണാര്‍ദ്ദിന്‍ മെത്രാപ്പോലീത്ത പള്ളികളോട് ചേര്‍ന്ന് സ്‌കൂളുകള്‍ സ്ഥാപിക്കണം എന്നു പറഞ്ഞത്. ഇന്നത്തെ പ്പോലുള്ള സെക്കുലര്‍ വിദ്യാലയങ്ങള്‍ സ്ഥാപിക്കുക എന്നതായിരുന്നില്ല ലക്ഷ്യം.

അത്തരത്തിലുള്ള വിദ്യാഭ്യാസം വരുന്നത് ചാവറയച്ചന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ്. മാന്നാനത്ത് അദ്ദേഹം സ്ഥാപിച്ച വിദ്യാലയത്തിലൂടെയും അദ്ദേഹത്തിന്റെ സര്‍ക്കുലറിന്റെ വെളിച്ചത്തില്‍, സ്ഥാപിക്കപ്പെട്ടിരിക്കാന്‍ ഇടയുള്ള നിരവധി സ്‌കൂളുകളിലൂടെയാണ്. ചാവറയച്ചനു കീഴില്‍ 160 പള്ളികളുണ്ടായിരുന്നു. അദ്ദേഹം ക്രൈസ്തവ സമൂഹത്തിന്റെ ആധ്യാത്മിക വികാസത്തിനു വേണ്ടി ചെയ്ത ഒട്ടേറെ കാര്യങ്ങളുണ്ട്. പ്രാര്‍ത്ഥനയുടെയും ബലിയര്‍പ്പണത്തിന്റെയും ധ്യാനങ്ങളുടെയും ആരാധനകളുടെയും ഒക്കെ കാര്യത്തില്‍ അദ്ദേഹം വരുത്തിയ പരിഷ്‌കാരങ്ങള്‍ നമ്മുടെ ആ ധ്യാത്മിക നവീകരണത്തെ കൂടി ലക്ഷ്യം വെച്ചതായിരുന്നു. അദ്ദേഹം ചെയ്ത സാമൂഹികമായ മറ്റു ചില കാര്യങ്ങള്‍ ഉണ്ട്. ജോലിക്കാര്‍ക്ക് ന്യായമായ കൂലി കൊടു ക്കണമെന്ന് അദ്ദേഹം തന്റെ കത്തുകളില്‍ പറയുന്നു. അടുത്ത ദിവസത്തേക്ക് വയ്ക്കരുത്, അന്നുതന്നെ കൊടുത്തിരിക്കണം എന്ന് പറയുന്നു. ജോലിക്കാര്‍ക്ക് കൃത്യമായ കൂലി കിട്ടണം എന്ന് പറഞ്ഞുകൊണ്ടാണ് അയ്യങ്കാളിയും വൈകുണ്ഠ സ്വാമിയും ഒക്കെ പില്‍ക്കാലത്ത് വിപ്ലവകരമായ നീക്കങ്ങള്‍ നടത്തിയിട്ടുള്ളത്. അതിനൊ ക്കെ വളരെ മുന്‍പേ കുര്യാക്കോസച്ചന്‍ തന്റെ കത്തുകളിലൂടെ ഇക്കാര്യങ്ങള്‍ ജനങ്ങളോട് ഓര്‍മ്മിപ്പിക്കുന്നു. ഇത്തരത്തില്‍ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവും ഗാര്‍ഹികവും ആധ്യാത്മികവുമായ വിവിധ തലങ്ങളിലെ ആധുനികതയുടെ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് തന്റെ കീഴിലുള്ള കത്തോലിക്കാ സമുദായത്തെ നവോത്ഥാനത്തിന്റെ തലത്തിലേക്ക് നയിച്ച മഹാത്മാവാണ് ചാവറയച്ചന്‍. മറ്റ് ഓരോ സമുദായ പരിഷ്‌കര്‍ത്താക്കളും അവരവരു ടെ സമുദായത്തിലാണ് പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചത്. അവയെല്ലാം കൂടെ ചേര്‍ന്നിട്ടാണ് നവോത്ഥാനം കേരളത്തില്‍ ഒരു സാംസ്‌കാരിക വികാസമായി യാഥാര്‍ത്ഥ്യമായത്.

(വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ നവോത്ഥാനത്തെക്കുറിച്ചു നടത്തിയ സിമ്പോസിയത്തിലെ പ്രഭാഷണത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org