കേരളസഭയില്‍ ദരിദ്രര്‍ക്ക് ഇടമുണ്ടോ?

കേരളസഭയില്‍ ദരിദ്രര്‍ക്ക് ഇടമുണ്ടോ?
Published on
  • ഡോ. ആന്റണി ജോസ് കല്ലൂക്കാരന്‍

ലിയോ പതിനാലാമന്‍ പാപ്പയുടെ ആദ്യ അപ്പസ്‌തോലിക പ്രബോധനം - ഞാന്‍ നിങ്ങളെ സ്‌നേഹിച്ചു (Dilexi te) - ദരിദ്രരുടെ നിലവിളിയുടെ പ്രത്യുത്തരത്തെ, സഭയുടെ നവീകരണത്തിന്റെ ഉറവിടമായി അവതരിപ്പിക്കുന്നു. ദൈവസ്‌നേഹം പ്രത്യേകമാം വിധം, ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്കും നേരെയാണ്. സഭ സ്വാധീനമുള്ളവന്റെയും സമ്പന്നന്റെയും കൊട്ടാരങ്ങളില്‍ നിന്നും ദരിദ്രന്റെ തെരുവിലേക്ക് ഇറങ്ങണമെന്നുള്ള മുന്നറിയിപ്പാണ് ഇത്. ദരിദ്രനോടുള്ള സ്‌നേഹം ദൈവശാസ്ത്രപരമായ അനിവാര്യതയാണ്. ഈ സ്‌നേഹം അമൂര്‍ത്തമല്ല; അത് മൂര്‍ത്തമായ പ്രവര്‍ത്തനമാണ് (Dilexi te, Art.31). ദരിദ്രരുടെയും പീഡിതരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെയും ഒപ്പം നിലകൊള്ളുവാനുള്ള മുന്‍ഗണനാ തിരഞ്ഞെടുപ്പ്, സഭയെ അസാധാരണമായ നവീകരണത്തി ലേക്ക് നയിക്കുമെന്ന് പാപ്പ പ്രസ്താവിക്കുന്നു (Dilexi te, Art.1,6,15,102). ഈ നവീകരണം സാധ്യമാകണമെങ്കില്‍, സഭ നിരന്തരം നവീകരിക്കപ്പെടേണ്ടതാണെന്ന് തിരിച്ചറിയണം. കാപട്യവും ധാര്‍ഷ്ട്യവും കച്ചവടവും നിറഞ്ഞ ജീവിതശൈലി രൂപപ്പെട്ടിട്ടുണ്ടെങ്കില്‍, അടിഞ്ഞുകൂടിയ ഈ മാലിന്യങ്ങളെ, ഈ നവീകരണ ഉരക്കല്ലില്‍ മാറ്റുരച്ച്, ദരിദ്രര്‍ക്കും, പാര്‍ശ്വവല്‍ക്കരിക്ക പ്പെട്ടവര്‍ക്കും, കഷ്ടപ്പെടുന്നവര്‍ക്കും ഒപ്പം നില്‍ക്കേണ്ട സഭയുടെ സ്വത്വം തിരിച്ചുപിടിക്കണം.

ദാരിദ്ര്യം ഒരു ഏകതാന യാഥാര്‍ഥ്യമല്ല, മറിച്ച്, ഒരു ബഹുമുഖ പ്രതിഭാസമാണ്്. അവശ്യസാധനങ്ങളുടെ അഭാവം, സാമൂഹികമായ അരികുവല്‍ക്കരണം, ധാര്‍മ്മികവും ആത്മീയവുമായ ദുര്‍ബലത, സാംസ്‌കാരിക ഒഴിവാക്കല്‍, അവകാശങ്ങളുടെയോ സ്വാതന്ത്ര്യത്തിന്റെയോ അഭാവം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ദാരിദ്ര്യത്തിന്റെ പുതിയ രൂപങ്ങള്‍ - കൂടുതല്‍ സൂക്ഷ്മവും വഞ്ചനാപരവുമായി - തുടരുന്നു (Dilexi te, Art.8). അപ്രകാരം നോക്കുമ്പോള്‍, ദരിദ്രരുടെ എണ്ണം വര്‍ധിച്ചുവരുന്ന ഒരു ലോകത്ത്, സുഖസൗകര്യങ്ങളുടെയും ആഡംബരത്തിന്റെയും കുമിളയില്‍ ജീവിക്കുന്ന, സമ്പന്ന വരേണ്യവര്‍ഗത്തിന്റെ വളര്‍ച്ചയെ മാത്രം ലക്ഷ്യം വച്ച് സാമൂഹ്യ-രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുന്ന ഒരു സമുദായമായി കേരളസഭ ചുരുങ്ങിപ്പോയോ എന്ന് പരിശോധിക്കാനുള്ള അവസരമാണിത്. പൊള്ളയായ ആശയങ്ങളുടെയും പ്രസംഗങ്ങളുടെയും ബലത്തിലല്ലാതെ, പ്രവര്‍ത്തികളുടെ, ശക്തമായ ഇടപെടലുകളുടെ അടിസ്ഥാനത്തില്‍, സഭ ദരിദ്രരോടൊപ്പമാണെന്ന് പറയാനാകുമോ? സഭ ദരിദ്രരോടൊപ്പമല്ലെങ്കില്‍, ദരിദ്രനായ ക്രിസ്തുവിനോടൊപ്പമാകുന്നതെങ്ങനെ?

സുവിശേഷമൂല്യങ്ങളുടെ ആത്മീയവെളിച്ചത്തില്‍, സഭ തുടങ്ങിയ ശുശ്രൂഷകള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം എവിടെ എത്തി നില്‍ക്കുന്നു എന്ന് ദരിദ്രരോടൊപ്പം നിന്ന് ആത്മശോധന ചെയ്യുന്നത് നവീകരണത്തിന് അനിവാര്യമാണ്. സൗഖ്യം നല്‍കുന്ന സ്‌നേഹത്തിന്റെ സാക്ഷ്യമായി മാറേണ്ട നമ്മുടെ ആതുരശുശ്രൂഷാമേഖല, ദരിദ്രര്‍ക്ക് എത്തിപ്പെടാവുന്ന ഇടമാണോ?

ക്രിസ്തുവിന്റെ സഭയാകണമെങ്കില്‍, ദരിദ്രരോടൊപ്പം നടക്കുന്ന, ദരിദ്രര്‍ക്ക് ഇടമുള്ള സഭയാകണം (Dilexi te, Art.20). ദരിദ്രരെക്കുറിച്ചുള്ള സഭാപഠനങ്ങള്‍ വളരെ വ്യക്തമാണെങ്കിലും, ദരിദ്രരെ അവഗണിക്കാന്‍ കഴിയുമെന്ന് പലരും ചിന്തിക്കുന്നത് എന്തുകൊണ്ടാണ്? (Dilexi te, Art.22). രക്ഷപ്പെടാനാവാത്ത വിധം സ്ഥാപനവല്‍ക്കരണത്തിന്റെ തിന്മയില്‍ വീണു കിടക്കുന്നതുകൊണ്ടോ? സുവിശേഷങ്ങളില്‍ യേശു ഏറ്റവും കഠിനമായ ഭാഷയില്‍ വിമര്‍ശിക്കുന്നത് ഈ തിന്മയെ അല്ലേ? സുവിശേഷം ശരിയായി പ്രഖ്യാപിക്കപ്പെടുന്നത,് നമ്മില്‍ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്ക പ്പെട്ടവരുടയും ദരിദ്രരുടേയും ജീവിതത്തെ സ്പര്‍ശിക്കാന്‍ നമ്മെ പ്രേരിപ്പിക്കുമ്പോള്‍ മാത്രമാണ്. കരുണയില്ലാത്ത സിദ്ധാന്തിക കാഠിന്യം വെറും പൊള്ളയായ വാക്‌വിലാസം മാത്രമാണെന്ന് പാപ്പ മുന്നറിയിപ്പ് നല്‍കുന്നു (Dilexi te, Art.47). ദരിദ്രര്‍ ഒരു 'അനുബന്ധം' അല്ല, ക്രിസ്തുവിന്റെ ശരീരത്തിന്റെ അനിവാര്യ ഭാഗമാണ്. ദരിദ്രര്‍ നമ്മുടെ 'കുടുംബത്തിന്റെ' ഭാഗമാണ്. അവര്‍ 'നമ്മളില്‍ ഒരാളാണ്' എന്ന സത്യം തിരിച്ചറിയണം (Art.38, 103). ദുര്‍ബലരെയും ദരിദ്രരെയും അടിച്ചമര്‍ത്തികൊണ്ട് ഒരാള്‍ക്ക് പ്രാര്‍ഥിക്കാനും ബലി അര്‍പ്പിക്കാനും കഴിയില്ല. ദൈവാരാധനയെ ദരിദ്രരോടുള്ള കരുതലില്‍ നിന്ന് വേര്‍തിരിക്കുക അസാധ്യമാണ്. പടിവാതിക്കല്‍ നില്‍ക്കുന്ന ദരിദ്രരില്‍ ക്രിസ്തുവിനെ കണ്ടുമുട്ടുന്നില്ലെങ്കില്‍, യാഗപീഠത്തില്‍ അവനെ ആരാധിക്കാന്‍ കഴിയില്ലയെന്ന് പാപ്പ അടിവരയിടുന്നു (Dilexi te, Art.16, 39,40).

സുവിശേഷമൂല്യങ്ങളുടെ ആത്മീയവെളിച്ചത്തില്‍, സഭ തുടങ്ങിയ ശുശ്രൂഷകള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം എവിടെ എത്തി നില്‍ക്കുന്നു എന്ന് ദരിദ്രരോടൊപ്പം നിന്ന് ആത്മശോധന ചെയ്യുന്നത് നവീകരണത്തിന് അനിവാര്യമാണ്. സൗഖ്യം നല്‍കുന്ന സ്‌നേഹത്തിന്റെ സാക്ഷ്യമായി മാറേണ്ട നമ്മുടെ ആതുരശുശ്രൂഷാമേഖല, ദരിദ്രര്‍ക്ക് എത്തിപ്പെടാവുന്ന ഇടമാണോ? ദരിദ്രരരില്‍ പലരും ചികിത്സയില്ലാതെ മരിക്കുന്നു, ചിലര്‍ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നു. എന്തുകൊണ്ടാണ് ദരിദ്രരായവരെ സഭയുടെ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ കാണാത്തത്?

സഭ നിരന്തരം നവീകരിക്കപ്പെടേണ്ടതാണെന്ന് തിരിച്ചറിയണം. കാപട്യവും ധാര്‍ഷ്ട്യവും കച്ചവടവും നിറഞ്ഞ ജീവിതശൈലി രൂപപെട്ടിട്ടുണ്ടെങ്കില്‍, അടിഞ്ഞുകൂടിയ ഈ മാലിന്യങ്ങളെ, ഈ നവീകരണ ഉരക്കല്ലില്‍ മാറ്റുരച്ച്, ദരിദ്രര്‍ക്കും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും, കഷ്ടപ്പെടുന്നവര്‍ക്കും ഒപ്പം നില്‍ക്കേണ്ട സഭയുടെ സ്വത്വം തിരിച്ചുപിടിക്കണം.

പാപ്പ പറയുന്നു, വാതിലുകള്‍ തുറക്കുകയും, ചോദിക്കാതെ തന്നെ സ്വാഗതം ചെയ്യുകയും, പകരം ഒന്നും ആവശ്യപ്പെടാതെ സുഖപ്പെടുത്തുകയും ചെയ്യുന്ന സഭയുടെ അടയാളമായി ആശുപത്രികള്‍ നില്‍ക്കണമെന്ന് (Dilexi te, Art.54). ഇത് കേരളസഭയ്ക്ക് സാധ്യമാണോ? സാധ്യമല്ലെങ്കില്‍ നമ്മുടെ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രികള്‍ ലാഭം കൊയ്യുന്ന കച്ചവടസ്ഥാപനങ്ങള്‍ മാത്രമല്ലേ?

ഗുരുവായ യേശുവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്്, കുട്ടികളെയും യുവാക്കളെയും, പ്രത്യേകിച്ച് ഏറ്റവും ദരിദ്രരെ, സത്യത്തിലും സ്‌നേഹത്തിലും വളര്‍ത്തിയെടുക്കുക എന്ന ദൗത്യം പൂര്‍ത്തിയാക്കാനാണ് സഭ വിദ്യാഭ്യാസ ശുശ്രൂഷ ഏറ്റെടുത്തത് (Dilexi te, Art.67). വ്യാപകമായ നിരക്ഷരത യുടെയും വ്യവസ്ഥാപിതമായ പുറംതള്ളലിന്റെയും കാലത്ത്, നമ്മുടെ വിദ്യാഭാസസ്ഥാപനങ്ങള്‍, പ്രത്യാശയുടെ ദീപസ്തംഭങ്ങളായി രുന്നു. ക്രിസ്തീയ വിശ്വാസത്തെ സംബന്ധിച്ചിടത്തോളം, ദരിദ്രരുടെ വിദ്യാഭ്യാസം ഒരു ഔദാര്യമല്ല, മറിച്ച് ഒരു കടമയാണ്. അറിവ് ദൈവത്തിന്റെ ദാനമായും ഒരു സാമൂഹ്യ ഉത്തരവാദിത്തമായും സഭ കാണുന്നു (Dilexi te, Art.70,71). എന്നാല്‍, നമ്മുടെ സ്വാശ്രയ കോളേജുകളില്‍, ദരിദ്രരായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസമുണ്ടോ? ഒറ്റപ്പെട്ട സംഭവങ്ങളല്ലാതെ, ആത്മാര്‍ത്ഥമായി ദരിദ്രര്‍ക്കായി നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാതിലുകള്‍ തുറക്കുന്നുണ്ടോ? സംഭാവനകള്‍ സമാഹരിക്കാന്‍ പ്രയോഗിക്കുന്ന 'ദശാംശം കൊടുക്കണം' എന്ന ദൈവശാസ്ത്രവ്യാഖ്യാനമെങ്കിലും, ആതുരശുശ്രൂഷാസ്ഥാപനങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും പാലിക്കേണ്ടതല്ലേ? അങ്ങനെ നോക്കിയാല്‍ പോലും ഒരു സ്വാശ്രയ കോളേജുകളില്‍,

1000 വിദ്യാര്‍ഥികളുണ്ടെങ്കില്‍, 100 ദരിദ്രരായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യവിദ്യാഭ്യാസം ലഭിക്കും. അപ്പോഴും അത് മുന്‍ഗണനാപരിഗണന ആകുന്നില്ല. സഭ ദരിദ്രനായ ക്രിസ്തുവിന്റെ സാക്ഷ്യത്തിനായി ഈ ശുശ്രൂഷകള്‍ ചെയ്യുമ്പോള്‍, ദരിദ്രരായ കുട്ടികള്‍ക്ക് ലഭ്യമാക്കിയതിനുശേഷം ബാക്കിയുള്ളവയാണ് മറ്റുള്ളവര്‍ക്ക് നല്‍കേണ്ടത്. ഇത്, സാധ്യമല്ലെങ്കില്‍, ഇത് ശുശ്രൂഷയാണെന്ന് പറയാനാവുമോ?

ഘടനാപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാനും അപലപി ക്കാനും, പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വരുടെ ശബ്ദം കേള്‍പ്പിക്കാനുമുള്ള കടമ സഭയ്ക്കുണ്ട് (Dilexi te, Art.60,61,96). ദരിദ്രരും പീഡിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരും നടത്തുന്ന അവരുടെ നിലനില്‍പ്പിനുവേണ്ടിയുള്ള ചെറുത്തു നില്‍പ്പുകളോടു ചേര്‍ന്ന് വിമോചനത്തിന്റെ സാക്ഷ്യം നല്‍കാന്‍ കേരളസഭയ്ക്ക് കഴിയുന്നുണ്ടോ? പാപ്പ പറയുന്നു, പലപ്പോഴും, സമൂഹത്തിന്റെ പൊതുനന്മയിലും, പ്രത്യേകിച്ച്, ഏറ്റവും ദുര്‍ബലരും പിന്നാക്കം നില്‍ക്കുന്നവരുമായ അംഗങ്ങളുടെ സംരക്ഷണത്തിലും പുരോഗതിയിലും താല്‍പര്യം കാണിക്കാത്തവരോ അല്ലെങ്കില്‍ ഒട്ടും താല്‍പര്യമില്ലാത്തവരോ ആയി നാം മാറുന്നു. സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാതെ സ്വകാര്യമായി ഒതുങ്ങിനില്‍ക്കുന്നു (Dilexi te, Art.111). സ്വന്തം മതത്തിന്റെ അതിര്‍വരമ്പുകള്‍ക്ക് ഉള്ളില്‍ കഴിയുന്നവര്‍ക്ക് ഗുണകരമാകുന്ന വിഷയങ്ങളില്‍ മാത്രം ആവേശപൂര്‍വം ഇറങ്ങുകയും മറ്റ് സാമൂഹ്യ- ജനകീയ വിഷയങ്ങളിലും പാര്‍ശ്വവല്‍ക്കരിക്ക പ്പെട്ടവരുടെ നിലവിളികളിലും നിസംഗത പ്രകടിപ്പിക്കുകയും ചെയ്യുന്നത് കാപട്യമാണ്, തിന്മയാണ്.

സ്വന്തം മതത്തിന്റെ അതിര്‍വരമ്പുകള്‍ക്ക് ഉള്ളില്‍ കഴിയുന്നവര്‍ക്ക് ഗുണകരമാകുന്ന വിഷയങ്ങളില്‍ മാത്രം ആവേശപൂര്‍വം ഇറങ്ങുകയും മറ്റ് സാമൂഹ്യ- ജനകീയ വിഷയങ്ങളിലും പാര്‍ശ്വവല്‍ക്കരിക്ക പ്പെട്ടവരുടെ നിലവിളികളിലും നിസംഗത പ്രകടിപ്പിക്കുകയും ചെയ്യുന്നത് കാപട്യമാണ്, തിന്മയാണ്. ദരിദ്രനായ ക്രിസ്തുവിനെ തള്ളിപ്പറയുന്ന പ്രവര്‍ത്തിയല്ലേ ഇത്?

ദരിദ്രനായ ക്രിസ്തുവിനെ തള്ളിപറയുന്ന പ്രവര്‍ത്തിയല്ലേ ഇത്? ദാരിദ്ര്യവും അങ്ങേയറ്റത്തെ അസമത്വവും സൃഷ്ടിക്കുന്ന പാപത്തിന്റെ ഘടനകള്‍ നമുക്ക് ചുറ്റുമുണ്ട്. ഓരോ മനുഷ്യന്റെയും അന്തസ്സ് നാളെയല്ല, ഇന്ന് ബഹുമാനിക്കപ്പെടണം, ഈ അന്തസ്സ് നിഷേധിക്കപ്പെടുന്ന ദരിദ്രരുടെ അവസ്ഥ നമ്മുടെ മനസ്സാക്ഷിയെ നിരന്തരം ഭാരപ്പെടുത്തണം (Dilexi te, Art.91,92). മനുഷ്യത്വം മരവിക്കുന്ന, മനുഷ്യന്റെ അന്തസ്സ് ഹനിക്കപ്പെടുന്ന ഇടങ്ങളിലേക്ക് ഇറങ്ങിചെല്ലാന്‍ ഉതകും വിധം സഭ ലളിതമാകേണ്ട തുണ്ട്. ദേവാലയങ്ങളും സഭാസ്ഥാപന ങ്ങളും ആക്രമിക്കപ്പെടുമ്പോഴും കയ്യേറ്റം ചെയ്യപ്പെടുമ്പോഴും ഉണ്ടാകുന്ന ആകുലതയെങ്കിലും പാവപ്പെട്ടവന്റെ കിടപ്പാടം നഷ്ടപ്പെടുമ്പോഴും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യര്‍ക്ക് നീതി നിഷേധിക്കപ്പെടുമ്പോഴും ഉണ്ടാകേണ്ടേ?

ദരിദ്രരുടെ ഇടയില്‍ ജീവിച്ചുകൊണ്ട്്, അപമാനിതനായ ക്രിസ്തുവിന്റെ ശിഷ്യന്മാരായി, 'താഴെ നിന്ന്' സുവിശേഷസത്യം പ്രഘോഷിക്കപ്പെടണം (Dilexi te, Art.65). അതിന് അധികാരഗര്‍വില്‍ നിന്നും എളിമയുടെ തുറവിയിലേക്ക് സഭയുടെ വാതിലുകള്‍ തുറക്കണം. ദരിദ്രരുടെ നിലവിളി ശ്രദ്ധിച്ചില്ലെങ്കില്‍, സഭയുടെ സാക്ഷ്യം ക്ഷയിക്കുന്നു വെന്ന് (Dilexi te, Art.80) പാപ്പ പറയുമ്പോള്‍, അത് കേരളസഭയുടെ സ്‌നേഹസാക്ഷ്യത്തിനു വന്നിരിക്കുന്ന ക്ഷയങ്ങളെ തിരിച്ചറിയാനുള്ള ആഹ്വാനമായി എടുക്കാവുന്നതാണ്. ദരിദ്രരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രതിബദ്ധത വളര്‍ത്തിയെടുക്കുന്നതിലൂടെ, സഭയുടെ സ്‌നേഹസാക്ഷ്യത്തിലേക്ക് മടങ്ങിവരാനാവും. ഈ മടങ്ങിവരവല്ലേ മാനസാന്തരം. ഒന്നുകില്‍ നാം നമ്മുടെ ധാര്‍മ്മികവും ആത്മീയവുമായ അന്തസ്സ് വീണ്ടെടുക്കും, അല്ലെങ്കില്‍ മാലിന്യക്കുഴിയില്‍ വീഴും (Dilexi te, Art.94).

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ പുതിയ പഠന റിപ്പോര്‍ട്ടിന്റെ കണ്ടെത്തല്‍ പ്രകാരം ആത്മഹത്യനിരക്ക് ഏറ്റവും കൂടിയ രണ്ട് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. സഭയുടെ സാന്നിധ്യം ഇത്ര പ്രബലമായ കേരളത്തില്‍ നടക്കുന്ന ഓരോ ആത്മഹത്യയ്ക്കും സ്‌നേഹത്തിന്റെ സാക്ഷ്യമേകേണ്ട സഭയ്ക്ക് ഉത്തരവാദിത്വമില്ലേ? ആത്മഹത്യയ്ക്ക് പ്രധാന കാരണങ്ങളായി പഠനം കണ്ടെത്തിയിരിക്കുന്നത്, മുന്‍ഗണനാക്രമമനുസരിച്ച് കുടുംബ പ്രശ്‌നങ്ങള്‍, രോഗം, മയക്കുമരുന്ന് ദുരുപയോഗം, മദ്യാസക്തി, വിവാഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, പ്രണയബന്ധങ്ങള്‍, കടബാധ്യത, തൊഴിലില്ലായ്മ, പരീക്ഷാപരാജയം എന്നിവയാണ്. ഈ മേഖലയിലെല്ലാം സഭയ്ക്ക് ശുശ്രൂഷകളുമുണ്ട്. ആ ശുശ്രൂഷകള്‍ ഇന്ന് എത്രമാത്രം ഫലപ്രദമാണെന്ന് ആത്മശോധന ചെയ്യാന്‍ ഈ പഠനം പ്രേരണയാവണം. അതോ, ലാഭം കൊയ്യുന്ന കച്ചവടങ്ങളില്‍ ശ്രദ്ധതിരിച്ച് ശുശ്രൂഷമേഖലകള്‍ ശരിയായ ദിശയില്‍ നിന്നും മാറിപ്പോയോ എന്ന് ധ്യാനിക്കണം.

കേരളസഭ സമ്പന്നമാണ്, ആളുകൊണ്ടും അര്‍ഥംകൊണ്ടും. സ്‌നേഹസാക്ഷ്യത്തിന് തടസ്സമാകുന്ന പൗരോഹിത്യ സമ്പന്നതയും നാഗരികനിസംഗതയും വെല്ലുവിളിക്കപ്പെടണം (Dilexi te, Art.62). ഇത് സഭയുടെ നവീകരണത്തിന് അനിവാര്യമാണ്. സമ്പന്നമായ സഭയെ സംബന്ധിച്ച്, ദാരിദ്രാരൂപിയിലേക്ക് ഇറങ്ങിവരികയെന്നത് അതിന്റെ ശരിയായ ആദ്ധ്യാത്മികതയിലേക്കുള്ള വരവാണ്. നമ്മുടെ അഭിവൃദ്ധി, മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് നേരെ നമ്മെ അന്ധരാക്കുകയും, നമ്മുടെ സന്തോഷം മറ്റുള്ളവരില്‍ നിന്ന് വേറിട്ട,് നമ്മെ മാത്രം ആശ്രയിച്ചിരിക്കുന്നുവെന്ന് ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യും. അത്തരം സന്ദര്‍ഭങ്ങളില്‍, ദരിദ്രരാണ് നമ്മുടെ വഴികാട്ടികള്‍. അവര്‍ നമ്മെ ധാര്‍ഷ്ട്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തി, നമ്മില്‍ എളിമയുടെ മനോഭാവം വളര്‍ത്തും. നമ്മുടെ സുരക്ഷിതമായ ജീവിതം എത്രത്തോളം അര്‍ഥശൂന്യമാണെന്ന് അവര്‍ നമ്മെ ഓര്‍മ്മപ്പെടുത്തും (Dilexi te, Art.100,101,107,108).

ദരിദ്രരുടെ നിലവിളി ശ്രദ്ധിച്ചില്ലെങ്കില്‍, സഭയുടെ സാക്ഷ്യം ക്ഷയിക്കുന്നുവെന്ന് (Dilexi te, Art.80) പാപ്പ പറയുമ്പോള്‍, അത് കേരളസഭയുടെ സ്‌നേഹസാക്ഷ്യത്തിനു വന്നിരിക്കുന്ന ക്ഷയങ്ങളെ തിരിച്ചറിയാനുള്ള ആഹ്വാനമായി എടുക്കാവുന്നതാണ്. ദരിദ്രരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രതിബദ്ധത വളര്‍ത്തിയെടുക്കുന്ന തിലൂടെ, സഭയുടെ സ്‌നേഹസാക്ഷ്യത്തിലേക്ക് മടങ്ങിവരാനാവും.

സ്‌നേഹത്തിന് പരിധികള്‍ നിശ്ചയിക്കാത്ത, ദരിദ്രരെ ചേര്‍ത്തുപിടിക്കുന്ന, അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ഒരു സഭയാണ് ഇന്ന് ലോകത്തിന് ആവശ്യം (Dilexi te, Art.119). കേരളസഭയ്ക്ക് അതിന് സാധിക്കും. അത് സാധ്യമാകണമെങ്കില്‍, രാഷ്ട്രീയകച്ചവടക്കാര്‍ക്കും സമ്പന്നര്‍ക്കും വരേണ്യവര്‍ഗത്തിനും മാത്രമായി തുറക്കുന്ന വാതിലുകള്‍ ദരിദ്രര്‍ക്കും പീഡിതര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്കു മായി തുറക്കണം. അധികാരത്തിന്റെയും കച്ചവടത്തിന്റെയും ഇടനാഴികളില്‍ നിന്നും ദരിദ്രന്റെ ഇടവഴികളിലേക്ക് ഇറങ്ങണം. തലയില്‍ അധികാരതൊപ്പി വയ്ക്കുമ്പോള്‍, ഭിക്ഷുവിന്റെ പിച്ചചട്ടിയെ ധ്യാനിക്കണം. കാരണം, സഭ ദരിദ്രരുടെ ഇടമാണ്. അധികാര-കച്ചവട കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച്, ദരിദ്രര്‍ക്ക് അവരുടെ ഇടം തിരികെ നല്‍കണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org