അറിവ് ദാനവും അന്ന ദാനവും

അറിവ് ദാനവും അന്ന ദാനവും
ജ്ഞാനവും അജ്ഞാനവും തിരിച്ചറിഞ്ഞ് അജ്ഞാനം ഉപേക്ഷിച്ച് ജ്ഞാനത്തിന്റെ പ്രവൃത്തി മാത്രം പ്രവര്‍ത്തിക്കുകയും പറയുകയും ചെയ്യുന്നതാണ്, യഥാര്‍ത്ഥ ജ്ഞാനിയുടെ ദൗത്യം. ജ്ഞാനിയെ തിരിച്ചറിയുന്നത് രണ്ട് കാര്യങ്ങള്‍ കൊണ്ടാണ്, ഒന്ന് ജീവന്‍ സൃഷ്ടിക്കുന്ന പിതാവിന്റെ ദൗത്യം. രണ്ട് ജീവിതം പരിരക്ഷിക്കുന്ന പുത്രന്റെ ദൗത്യം.

വിശ്വാസപരിശീലനം ''ഭിക്ഷക്കാരെ'' സൃഷ്ടിക്കലല്ല; പുസ്തകാവര്‍ത്തനം പ്രബോധനവുമല്ല. കാര്യസാധ്യത്തിനായി കൈനീട്ടാനുള്ള നൊവേനകളും, നമസ്‌ക്കാരങ്ങളും, കയ്യില്‍ കിട്ടിയതിന്റെ സാക്ഷ്യപ്പെടുത്തലുകളും, ആളെ കൂട്ടാനുള്ള ഊട്ടുസദ്യകളും കൊണ്ട് ''കൈനീട്ടാനുള്ള'' വിശ്വാസം മാത്രമേ ഉണ്ടാകുന്നുള്ളൂ. അത് കവര്‍ന്നെടുക്കാനുള്ള അറിവ് വരെ മാത്രമെ എത്തുന്നുള്ളൂ.

പകര്‍ന്നു കൊടുക്കാനുള്ള അറിവിലേക്ക് എത്തിക്കുന്നതാകണം യഥാര്‍ത്ഥ വിശ്വാസപരിശീലനം. അതിന് എന്താണ് പകര്‍ന്നു കൊടുക്കേണ്ടത് എന്നറിയണം, എന്തിനാണ് പകര്‍ന്നു കൊടുക്കുന്നതെന്നറിയണം. എങ്ങനെയാണ് പകര്‍ന്നു കൊടുക്കുന്നതെന്നറിയണം. പകര്‍ന്നു കൊടുക്കേണ്ടത് ജീവന്റെ അറിവും ജീവിക്കാനുമുള്ള അറിവുമാണ്. ജീവിക്കാനുള്ള അറിവ് ജീവന്‍ പരിരക്ഷിക്കാനുള്ള അറിവാണ്. ജീവന്‍ ജനിപ്പിക്കാനുള്ള അറിവിന്റെ പേരാണ് ''ജ്ഞാനം''. ജ്ഞാനം എന്ന പദത്തിനര്‍ത്ഥം ജീവന്‍ ജനിപ്പിക്കുന്ന ആഹ്വാനം എന്നാണ്. ജീവന്‍ ജനിപ്പിക്കാത്ത അറിവ് അജ്ഞാനമാണ്. അജ്ഞാനം നല്കുന്നത് ജീവഹാനിയുടെ അറിവാണ്. അജ്ഞാനത്തിന്റെ അറിവ് ജീവനെ ഹനിക്കുന്ന അറിവാണ്. അതിനാല്‍ അത് അറിവല്ല; അറിവില്ലായ്മയാണ്.

ജ്ഞാനവും അജ്ഞാനവും തിരിച്ചറിഞ്ഞ് അജ്ഞാനം ഉപേക്ഷിച്ച് ജ്ഞാനത്തിന്റെ പ്രവൃത്തി മാത്രം പ്രവര്‍ത്തിക്കുകയും പറയുകയും ചെയ്യുന്നതാണ്, യഥാര്‍ത്ഥ ജ്ഞാനിയുടെ ദൗത്യം. ജ്ഞാനി യെ തിരിച്ചറിയുന്നത് രണ്ട് കാര്യ ങ്ങള്‍ കൊണ്ടാണ്, ഒന്ന് ജീവന്‍ സൃഷ്ടിക്കുന്ന പിതാവിന്റെ ദൗത്യം. രണ്ട് ജീവിതം പരിരക്ഷിക്കുന്ന പുത്രന്റെ ദൗത്യം. ''പുത്രന്‍'' എന്നാല്‍ പിതൃത്വത്തിന്റെ ത്രാണനമാണ്. ത്രാണനം പരിരക്ഷയാണ്. ഈ പരിരക്ഷയുടെ പേരാണ് പുരോഹിതത്വം.

''പിതാവ്'', ''പുരോഹിതന്‍'' എന്നീ പദങ്ങളുടെ അര്‍ത്ഥം അറിയുമ്പോഴാണ് ദൗത്യത്തിന്റെ രഹസ്യം അറിയുക. ''പിതാവ്'' എന്ന പദത്തിനര്‍ത്ഥം, പൈദാഹം അകറ്റുന്ന ദാതാവ് എന്നാണ്. 'പൈദാഹം' എന്നാല്‍ പശിയും ദാഹവുമാണ്. 'പശി', വിശപ്പാണ്. പരിരക്ഷയ്ക്കുവേണ്ടിയുള്ള ശരീരത്തിന്റെ വിളിയാണ് ''പശി''. ദേഹിയുടെ ആഗ്രഹമാണ് ''ദാഹം''. ദേഹി ആത്മാവാണ്. ആത്മാവിന്റെ ആഗ്രഹം അറിവാണ്. 'ആത്മാവ്' എന്നതിനര്‍ത്ഥം ആലോചനാത്മകമായി മാറുന്നത് എന്നാണ്. ആലോചനാത്മകമായത് അറിവാണ്. ജീവന്റെ അറിവാണ് യഥാര്‍ത്ഥ അറിവ്. ഈ അറിവാണ് മനുഷ്യാത്മാവ് ആഗ്രഹിക്കുന്നത്. മനുഷ്യശരീരം അന്വേഷിക്കുന്നത് ഉന്നമനത്തിനുവേണ്ടിയുള്ള ''അന്ന''മാണ്. ആളുകളുടെ ഉന്നമനത്തിനുവേണ്ടിയുള്ള ആഹാരത്തെയാണ് ''അന്നം'' എന്ന് വിളിക്കുന്നത്. പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നതിനുള്ള ഊര്‍ജമാണ് പരിശുദ്ധമായ അറിവ് അഥവാ ജീവന്റെ അറിവ്. ഉത്തമ ശരീരത്തിന്റെ ഉന്നമനത്തിനുള്ള ആഹാരമാണ് ''അന്നം''. അറിവ് പ്രവര്‍ത്തിക്കുന്ന വേദിയാണ് ആത്മാവ്. അതിനാല്‍ മനുഷ്യശരീരത്തിന്റെ ഉന്നമനത്തിനായുള്ള അന്നവും, ആത്മാവിന്റെ ഊര്‍ജസ്വലതയ്ക്കുള്ള ഊര്‍ജമായ ജീവന്റെ അറിവുമാണ്, മനുഷ്യജീവിതത്തിലെ ഏറ്റവും സുപ്രധാനമായ നിലനില്പിന്റെയും വളര്‍ച്ചയുടെയും നിദാനം. അതാണ് പൈദാഹത്തിനുള്ള വരദാനം. ഇവ രണ്ടും ദാനമായി നല്കാന്‍ കഴിയുന്ന ദാതാവ്, അതാണ് ''പിതാവ്''. അവ ദാനമായി നല്കുന്നത് കടമെടുത്തോ, കട്ടെടുത്തോ ആകരുത്. അത് വിശ്വാസയോഗ്യമല്ല. അവ സ്വയം സൃഷ്ടിച്ചെടുക്കണം. അതിനുള്ള മാര്‍ഗമാണ് പുരോഹിതത്വം.

''അന്ന''ത്തേക്കാള്‍ ഉന്നതം അറിവാണ്. ജീവന്റെ അറിവ്. ജീവന്റെ അറിവില്ലാതെ ''അന്നം' ഭുജിച്ചാല്‍ ജീവന്‍ ഉണ്ടാകുന്നതിന് പകരം, ജീവന്‍ ഇല്ലാതാകുന്ന സ്ഥിതിയാണ് സംഭവിക്കുക. അതിനാല്‍ ജീവന്റെ അറിവ് നല്കുന്നതിനാണ് മുന്‍ഗണന. ആ അറിവ് കാലാനുസൃതമായി മാറുന്ന ജീവിതസാഹചര്യങ്ങളേയും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളെയും അതിജീവിക്കാനുള്ള അറിവാണ്. ആ അറിവ് കാലാകാലങ്ങളില്‍ പുതുതായി സൃഷ്ടിച്ചെടുത്ത് ദാനമായി നല്കാനുള്ള അദ്ധ്വാനഭാരമാണ് പുരോഹിതത്വത്തിനുള്ളത്. അറിവ് ബലത്തിന്റെ സമര്‍പ്പണത്തെയാണ് ''ബലിയര്‍പ്പണം'' എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ബലം ജീവന്റെ അറിവാണ്. അത് സംഭരിച്ചാലെ സമര്‍പ്പിക്കാനാകൂ. സംഭരിക്കണമെങ്കില്‍ ഉല്പാദിപ്പിക്കണം. ഉല്പാദിപ്പിക്കണമെങ്കില്‍ അതിനുള്ള പ്രായോഗികജ്ഞാനം വേണം. ഉല്പാദനം എന്നത് വിള ഇറക്കി പരിചരിച്ച് വളര്‍ത്തി വിജയിച്ച് വിളവെടുക്കുന്ന പ്രക്രിയയാണ്. ഇവിടെ വിളവ് ജീവന്റെ പുതിയ അറിവാണ്. അതിന്റെ ''വിത്ത്'' ദൈവവചനമാണ്. അത് ലഭ്യമാകുന്നത് ബൈബിളിലാണ്. ബൈബിള്‍ അതേപടി പകര്‍ത്തി പറയുന്നത് 'വിത്തെടുത്ത് കുത്തലാണ്.'' അത് അജ്ഞതയുടെ പ്രകാശനവും നിരര്‍ത്ഥകവും പ്രയോജനരഹിതവുമാണ്. ''വചനത്തിന്റെ വിത്ത്'' എന്ന് ഉദ്ദേശിക്കുന്നത് വാക്കുകളിലുള്ള ആശയ സംഗ്രഹമാണ്. അത് മനുഷ്യബുദ്ധി ഉപയോഗിച്ച് ചിന്തയിലൂടെ വിശകലനം ചെയ്ത് ആധുനികാവശ്യങ്ങളുടെ പരിഹാരമാര്‍ഗം കണ്ടെടുത്ത് നല്കുന്ന, ബോധതലത്തിലുള്ള അദ്ധ്വാനമാണ്. ബുദ്ധിയെ പ്രബുദ്ധമാക്കുന്ന അറിവെന്ന ധനമാണ് 'പ്രബോധനം'. പുരോഹിതത്വത്തില്‍ പ്രബോധന ചുമതലവരുന്നത് അപ്രകാരമാണ്. ആ ധനത്തെയാണ് ''ജ്ഞാനം'' അതായത് ദൈവികജ്ഞാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ക്രിസ്തു ദൈവത്തിന്റെ ജ്ഞാനമാണ്. ജ്ഞാനത്തിന്റെ ചിത്ര ഭാഷാവിഷ്‌ക്കരണവും, അക്ഷരഭാഷാവിഷ്‌ക്കരണവുമാണ് ക്രിസതു സംഭവത്തിലൂടെ ആവിഷ്‌ക്കരിക്കപ്പെട്ടത്.

തിരുബലിയിലൂടെ ബലഹീനര്‍ക്ക് ക്രിസ്തുബലത്തെ അഥവാ ജ്ഞാനബലത്തെ പകര്‍ന്നു കൊടുക്കുമ്പോള്‍ അത് അധോഗതിയിലായ മനുഷ്യനെ പുരോഗതിയിലക്ക് നയിക്കാനുള്ള പ്രചോദനമായി അനുഭവപ്പെടുമ്പോഴാണ് ബലിയര്‍പ്പണം സഭയ്ക്കും സമൂഹത്തിനും പ്രയോജനകരമാകുകയുള്ളൂ. ''പുരോഹിതന്‍'' എന്ന വാക്കിനര്‍ത്ഥം ''പുരോഗതിയില്‍ ഹിതമുള്ളവന്‍'' എന്നാണ്. 'ഹിതം' എന്നാല്‍ ഇഷ്ടം എന്നാണര്‍ത്ഥം. അതായത് പുരോഗതി ഇഷ്ടപ്പെടുന്നവരായിരിക്കണം പുരോഹിതര്‍. എങ്കില്‍ മാത്രമെ അതിനായി അദ്ധ്വാനിക്കുകയുള്ളൂ. അതിനായി ബുദ്ധിയും ബോധവും അറിവിന്റെ മാര്‍ഗങ്ങളും സമര്‍പ്പണബുദ്ധിയോടെ വിനിയോഗിക്കുകയുള്ളൂ.

പുരോഹിതദൗത്യം പരിശീലിപ്പിക്കുന്ന പരിശീലന കേന്ദ്രം സഭാ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമുണ്ടാകണം. പരിശീലിപ്പിക്കേണ്ടത് ജ്ഞാനികളാണ്. സഭയുടെ ദൗത്യം ''ജ്ഞാനസ്‌നാന''മാണ്. ഈ അനുഷ്ഠാന സൂചനമാത്രം നല്കിയാല്‍ യഥാര്‍ത്ഥ ജ്ഞാനസ്‌നാനം സംഭവിക്കുകയില്ല. അത് ജ്ഞാനത്തേയും അജ്ഞാനത്തേയും തിരിച്ചറിയാനും അജ്ഞാനം ഉപേക്ഷിച്ച് ജ്ഞാനം സ്വീകരിച്ച് വളരാനും വളര്‍ത്താനും ഉതകുന്ന ജീവന്റെ അറിവ് സംഭരിക്കാനും പകര്‍ന്നു കൊടുക്കാനുമുള്ള സ്വയം പര്യാപ്തത നേടുവാനുള്ള സംരംഭമാകണം. അതിന് ക്രിസ്തീയ ചിന്തകരും എഴുത്തുകാരുമായവരുടെ സാന്നിധ്യവും സേവനവും സഭാ കേന്ദ്രങ്ങളില്‍ സംലഭ്യമാക്കണം. അതല്ലെങ്കില്‍ അറിവില്ലായ്മയില്‍ നിന്നുള്ള അനര്‍ത്ഥങ്ങള്‍ ഇനിയും തുടര്‍ന്നുക്കൊണ്ടിരിക്കും. ജ്ഞാനികള്‍ നേതൃത്വത്തില്‍ എത്തുന്നതിന് ജ്ഞാനികള്‍ സൃഷ്ടിക്കപ്പെടണം. സഭയുടെ വളര്‍ച്ച അവരിലൂടെയാണ്.

പിതാവ്, പുരോഹിതന്‍, സത്യം, ജ്ഞാനം, സ്വര്‍ഗം എന്നിങ്ങനെ നിരവധിയായ ബൈബിള്‍ വാക്കുകളുടെ അര്‍ത്ഥവും ആശയവും അന്തസത്തയും മനസ്സിലാക്കുന്നതിന് ഭാഷാശാസ്ത്രം അറിയണം. ഭാഷാശാസ്ത്രത്തിലെ വ്യാകരണശാസ്ത്രം അറിയണം - ശാസ്ത്രീയപഠനത്തിലൂടെ ശരിയായ ആശയവും അന്തസത്തയും കണ്ടെടുത്ത് ആധുനിക ഭാഷ്യം നല്കി അത്യാധുനിക സാഹിത്യസൃഷ്ടികളിലൂടെ ആധുനിക സമൂഹത്തിന് ലഭ്യമാക്കുന്ന ആശയാവിഷ്‌ക്കരണ സംവിധാനം ഉണ്ടാകണം. എങ്കില്‍ മാത്രമെ ആധുനിക സഭാസമൂഹം അതുള്‍ക്കൊണ്ട് വിശ്വാസജീവിതത്തിലേക്ക് കടന്നു വരികയുള്ളൂ. ഊഹപഠനമല്ല; ശാസ്ത്രീയ പഠനരീതിയാണ് ശരിയായ രീതി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org