ഇരുന്നൂറു വര്‍ഷം പിന്നിടുന്ന കോന്തുരുത്തി പള്ളിയുടെ ചരിത്രം ഈ നാടിന്റെ ചരിത്രം കൂടിയാണ്. എറണാകുളം-അങ്കമാലി അതിരൂപതയില്‍ സെയിന്റ് ജോണ്‍ നെപുംസ്യാന്റെ നാമധേയത്തിലുള്ള ഏക ദേവാലയമാണ് കോന്തുരുത്തിയില്‍ സ്ഥാപിതമായിട്ടുള്ള സെയിന്റ് ജോണ്‍ നെപുംസ്യാന്‍ ചര്‍ച്ച്.
1599 ജൂണ്‍ 20 മുതല്‍ 26 വരെ നടന്ന ഉദയംപേരൂര്‍ സൂനഹദോസിന്റെയും 1653 ജനുവരി 3-ന് മട്ടാഞ്ചേരിയില്‍ നടന്ന കൂനം കുരിശ് സത്യത്തിന്റേയും ഓര്‍മ്മകള്‍ മറക്കാനാവാത്തതാണ്. സുറിയാനി കത്തോലിക്കരുടെ ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി വാദിച്ചിരുന്ന ഉദയംപേരൂര്‍ പഴയ പള്ളി ഇടവകക്കാരായ കുറെ സുറിയാനി കത്തോലിക്കര്‍, കൊല്ലവര്‍ഷം 998-ന് (1823) മുന്‍പ് 'കോമംതുരുത്തി' എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ കോന്തുരുത്തിയില്‍ വന്ന് കുടിയേറിപ്പാര്‍ത്തു.
ചൈതന്യഭരിതരായ അന്നത്തെ സുറിയാനി കത്തോലിക്കര്‍ ദിവ്യപൂജയില്‍ സംബന്ധിക്കുവാനും ദിവ്യകൂദാശകള്‍ സ്വീകരിക്കുവാനും പാടങ്ങളും, തോടുകളും, നീന്തിക്കടന്ന് കാല്‍നടയായി വെണ്ടുരുത്തിയിലും എറണാകുളത്തും ഇടപ്പള്ളിയിലും പോയിരുന്നു. കോമന്‍തുരുത്തില്‍ ഒരു കപ്പേളയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്നവര്‍ അത്യധികം ആശിച്ചു. അവരുടെ പ്രാര്‍ത്ഥന ഒരു നാള്‍ പൂവണിഞ്ഞു. പിന്നീട് സെ. ജോണ്‍സ് എല്‍ പി സ്‌കൂള്‍ പണിയപ്പെട്ട സ്ഥലത്ത് ഓലമേഞ്ഞ ഒരു കപ്പേള നിര്‍മ്മിച്ച് വി. പൗലോസ് ബാവയുടെ ഒരു രൂപവും സ്ഥാപിച്ച് പ്രാര്‍ത്ഥന നടത്തുകയാണ് ആദ്യം ചെയ്തത്. പ്രാര്‍ത്ഥനയോടൊപ്പം തന്നെ കൂട്ടായ പ്രവര്‍ത്തനംകൊണ്ട് പള്ളി പണിയുവാന്‍ പണം സമാഹരിച്ച് കോനാട്ട് കുഞ്ഞന്‍ പാര്‍വ്വതിയുടെ സ്ഥലം വാങ്ങുകയും 1823-ല്‍ (കൊല്ലവര്‍ഷം 998 ഇടവം) പള്ളി പണിയുവാന്‍ തച്ചില്‍ മാത്തു തരകന്‍ വഴി ദിവാന്‍ജിയുടെ പക്കല്‍നിന്നും അനുവാദം വാങ്ങുകയും ചെയ്തു. തച്ചില്‍ മാത്തു തരകന്റെ നേതൃത്വത്തില്‍ നിര്‍ദിഷ്ട സ്ഥലത്ത് ഒരു മനോഹരമായ കപ്പേള സ്ഥാപിക്കുകയും, പള്ളി പണിയുന്നതിനുവേണ്ടി കൊല്ലം മെത്രാനായ അഭിവന്ദ്യ മിനേസ് പെന്റര്‍ ഗാസ്റ്റ് തിരുമേനിയില്‍നിന്ന് 1821-ല്‍ അനുവാദം വാങ്ങുകയും ചെയ്തു. 1823 തുലാം 18-ാം തീയതി ബഹു. പടയാറ്റച്ചന്‍ വി. യോഹന്നാന്‍ നെപുംസ്യാന്റെ നാമധേയത്തില്‍ കോന്തുരുത്തി പള്ളിക്ക് അടിസ്ഥാന ശില സ്ഥാപിക്കുകയും, ഏകദേശം ഒരു വര്‍ഷംകൊണ്ട് പള്ളി പണി പൂര്‍ത്തിയാക്കുകയും ചെയ്തു. പ്രഥമ വികാരിയായി തെക്കന്‍ പറവൂര്‍ മലമേല്‍ ബഹു. ഗീവര്‍ഗീസ് അച്ചന്‍ നിയമിക്കപ്പെട്ടു.
വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇടവക ജനങ്ങള്‍ക്ക് പള്ളിയില്‍ സ്ഥലംതികയാതെ വരുകയും ബഹു. വികാരിയച്ചന്‍ 1853 സെപ്റ്റംബര്‍ 7-ാം തീയതി ഇടവക വൈദികരായ ബഹു. തൈപ്പോടത്ത് യോഹന്നാനച്ചന്‍, ബഹു. കാനാട്ട് യാക്കോബച്ചന്‍, ബഹു. കോനാട്ട് മത്തായിയച്ചന്‍ എന്നിവരുടെയും ഇടവക പ്രധാനികളുടെയും യോഗം വിളിച്ചുകൂട്ടി. പള്ളി പുതുക്കി പണിയുവാന്‍ തീരുമാനിച്ചു. ദേവാലയ നിര്‍മ്മാണത്തിനുവേണ്ടി കെട്ടുതെങ്ങ്, പിടിയരി പിരിവ്, ഓരോ കൊയ്ത്തിനും നെല്ല് എന്നിങ്ങനെ സാമ്പത്തിക സമാഹരണം നടത്തി. 1865-ല്‍ ആരംഭിച്ച പള്ളി പണി 1876-ല്‍ പൂര്‍ത്തിയായി. ഇടവം 9-ാം തീയതി വരാപ്പുഴ മെത്രാപ്പോലീത്ത ബഹു. ലെയനാര്‍ദ്‌ദെ സാന്താ ളൂയീസ് പിതാവിന്റെ കോ-അജ്യുത്തോര്‍ അഭിവന്ദ്യ മാര്‍സലീനോസ് സാന്താ ത്രേസ്യ മെത്രാന്‍ പുതിയ ദേവാലയത്തിന്റെ കൂദാശകര്‍മ്മം സമംഗളം നിര്‍വഹിച്ചു. 116 വര്‍ഷങ്ങള്‍ക്കുശേഷം ഇടവക ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ ദിവ്യബലിയില്‍ പങ്കെടുക്കുന്നതിന് ജീര്‍ണ്ണാവസ്ഥയിലായ പഴയ പള്ളി പൊളിച്ച് പുതിയ പളളി പണിയുന്നതിന് തീരുമാനിക്കുകയും 1992 ഒക്‌ടോബര്‍ 25-ന് പുതിയ ദേവാലയത്തിന് എറണാകുളം അതിരൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്ത് ശിലാസ്ഥാപനം നടത്തുകയും ചെയ്തു. അന്നത്തെ വികാരിയായിരുന്ന റവ. ഫാ. തോമസ് മറ്റത്തിന്റെ അശ്രാന്ത പരിശ്രമവും ഇടവകാംഗങ്ങളുടെയും നാട്ടിലെ നാനാജാതി മതസ്ഥരുടെയും സഹായസഹകരണവുംകൊണ്ട് പുതിയ പള്ളിയുടെ പണി പൂര്‍ത്തിയാക്കി. 1996 ഫെബ്രുവരി 11-ാം തീയതി കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ ഇപ്പോഴത്തെ കോന്തുരുത്തി പള്ളിയുടെ കൂദാശകര്‍മ്മം നിര്‍വഹിച്ചു. മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍, മാര്‍ ജേക്കബ് മനത്തോടത്ത് എന്നീ മെത്രാന്മാര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു.
ദൈവാനുഗ്രഹത്താല്‍ 200 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഇടവക ദേവാലയത്തിലാണ് ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളി അച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്നത് എന്നതും അഭിമാനിക്കാന്‍ കഴിയുന്ന ഒന്നാണ്. ഇടവകയുടെ പ്രിയപുത്രനും, അതിരൂപതാ വൈദികനും, SD സന്യാസിനി സഭയുടെ സ്ഥാപകനുമായ പയ്യപ്പിള്ളി അച്ചന്‍ ഇടവകയുടെ ആത്മീയശക്തിയായി നിലകൊള്ളുന്നു. കോന്തുരുത്തി, തേവര പ്രദേശങ്ങളിലായി പതിനാറ് കുടുംബയൂണിറ്റുകളിലെ 740 കുടുംബങ്ങള്‍ ഈ ദേവാലയത്തിലൂടെ ആത്മീയ ആവശ്യങ്ങള്‍ നടത്തിവരുന്നു. 1823-ല്‍ കോന്തുരുത്തിയില്‍ പ്രഥമദേവാലയം സ്ഥാപിക്കുമ്പോള്‍ പരിസര പ്രദേശങ്ങളില്‍ മറ്റ് ദേവാലയങ്ങള്‍ ഉണ്ടായിരുന്നില്ല. കോന്തുരുത്തിയുടെ ഭാഗങ്ങളായിരുന്ന എളംകുളം ലിറ്റില്‍ ഫഌവര്‍ ചര്‍ച്ച്, കടവന്ത്ര സെന്റ് ജോസഫ് ചര്‍ച്ച്, പെരുമാനൂര്‍ ലൂര്‍ദ് മാതാ ചര്‍ച്ച്, നെട്ടൂര്‍ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് എന്നീ പള്ളികളെ പിന്നീട് മാതൃഇടവകയില്‍നിന്നും വേര്‍തിരിച്ച് സ്വതന്ത്ര ഇടവകകളാക്കി.
CMI (പഴയ TOCD) സഭയുടെ തേവര തിരുഹൃദയാശ്രമത്തിന്റെ സ്ഥാപനം 1878-ല്‍ നടന്നു. പിന്നീട് അവര്‍ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇടവക സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് താങ്ങും തണലുമായി നിലകൊള്ളുന്നു. ഇന്നും പരസ്പര സഹകരണത്തോടെ ആ കൂട്ടായ്മ നിലനില്‍ക്കുന്നു. SD കോണ്‍വെന്റ് (ബെത്‌സെയിദ) കോന്തുരുത്തി, ബെനഡിക്ടന്‍ (OSB) കോണ്‍വെന്റ് കോന്തുരുത്തി, FC കോണ്‍വെന്റ് തേവര എന്നീ സന്യാസിനീ ഭവനങ്ങളും ഇടവകയുടെ ആത്മീയ ശുശ്രൂഷയില്‍ പങ്കാളികളാകുന്നു. 1851-ല്‍ അന്നത്തെ വരാപ്പുഴ വികാരി അപ്പസ്‌തോലിക്കയായിരുന്ന ലുഡോവികോ മര്‍ത്തീനി മെത്രാപ്പോലീത്തയില്‍നിന്നും ലഭിച്ച കല്പനപ്രകാരം ഇടവകയില്‍ ആരംഭിച്ച ദര്‍ശനസമൂഹത്തിലെ, (അതിരൂപതയില്‍ ആരംഭിച്ച രണ്ടാമത്തെ ദര്‍ശനസമൂഹം) ഇരുന്നൂറോളം പേര്‍ ചേര്‍ന്നാണ് രണ്ടാം ശതാബ്ദി വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്നത് എന്നത് എടുത്തുപറയേണ്ടതാണ്. സെന്റ് വിന്‍സെന്റ് ഡി പോള്‍ സംഘടനയുടെ മൂന്ന് കോണ്‍ഫറന്‍സുകള്‍, മതബോധന വിഭാഗത്തിലെ രണ്ടു യൂണിറ്റുകള്‍, കെ സി വൈ എം, സി എം എല്‍, സി എല്‍ സി, വിമന്‍ വെല്‍ഫെയര്‍ സര്‍വീസസ്, ലീജിയന്‍ ഓഫ് മേരി, ജീസസ് യൂത്ത്, എ കെ സി സി, തിരുബാലസഖ്യം, അള്‍ത്താരബാലന്മാര്‍ എന്നീ സംഘടനകള്‍ ഇടവകയുടെ ചാലകശക്തിയാണ്.
രണ്ടാം ശതാബ്ദി ജൂബിലി വര്‍ഷ പരിപാടികള്‍ 2022 മെയ് 16-ന് അഭിവന്ദ്യ മാര്‍ ആന്റണി കരിയില്‍ പിതാവ് തിരി തെളിച്ച് ഉദ്ഘാടനം ചെയ്തു, ചാരിറ്റി & ജസ്റ്റിസ്, ലിറ്റര്‍ജി & റിന്യൂവല്‍, വിമന്‍ & യൂത്ത്, സുവനീര്‍ & ഡോക്യുമെന്റേഷന്‍, കണ്‍സ്ട്രക്ഷന്‍ & ഡെവലപ്പ്‌മെന്റ് എന്നിവ ഉള്‍പ്പെടെ പന്ത്രണ്ട് രണ്ടാം ശതാബ്ദി കമ്മിറ്റികളിലൂടെ നിരവധി പരിപാടികള്‍ നടത്തിവരുന്നു. വീട് ജീര്‍ണോദ്ധാരണം, ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം എന്നീ ഉപവി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി വരുന്നു. ഇടവകാംഗങ്ങളുടെ ഫോട്ടോ ഉള്‍പ്പെടുത്തി പുതിയ ഡയറക്ടറി, കോന്തുരുത്തി പള്ളിയിലെ ചരിത്രം ഉള്‍ക്കൊള്ളുന്ന സ്മരണിക, വിവിധ മേഖലകളില്‍ രാജ്യത്തിനും സമൂഹത്തിനും സേവനം ചെയ്യുന്നവരെ ഗ്രൂപ്പുകളായി തിരിച്ച് ആദരിക്കല്‍, സിമിത്തേരി പള്ളിയുടേയും കല്ലറകളുടേയും നവീകരണം, പള്ളിയുടെ പാര്‍ക്കിംഗ് വിപുലീകരണം, മതസാംസ്‌കാരികരാഷ്ട്രീയ നേതൃനിരയിലെ വ്യക്തികളെയും സംഘടനകളെയും ഉള്‍ക്കൊള്ളിച്ച് സെമിനാറുകള്‍, സമര്‍പ്പിതസംഗമം എന്നിങ്ങനെ വിവിധങ്ങളായ പരിപാടികള്‍ വികാരിയച്ചന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. മുന്‍കാലങ്ങളില്‍ ഇടവകയ്ക്ക് നേതൃത്വം നല്‍കിയ 89 മുന്‍ വകാരിയച്ചന്മാരെയും ഏറെ ആദരവോടെ ഈ ജൂബിലി വര്‍ഷത്തില്‍ ഓര്‍ക്കുന്നു.
ഇരുന്നൂറ് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ മഹാ ഇടവകയ്ക്ക് ഇതുവരെ തമ്പുരാന്‍ നല്കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുവാന്‍ ഈ ജൂബിലി തിരുനാള്‍ ദിനങ്ങള്‍ സഹായകരമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. മെയ് 7-ാം തീയതി തിരുനാള്‍ നൊവേന ആരംഭിച്ച് മെയ് 16-ന് പ്രധാന തിരുനാള്‍ ദിനം. 17-ന് വൈകുന്നേരം 5.00-ന് രണ്ടാം ശതാബ്ദി സമാപന പൊതുസമ്മേളനവും സ്‌നേഹവിരുന്നും. തുടര്‍ന്ന് ഇരുന്നൂറോളം കലാകാരന്മാര്‍ പങ്കെടുക്കുന്ന മെഗാഷോ.