
ഇന്ത്യയിലെ 760 ജില്ലകളില്‍ ഏറ്റവും അവികസിതമായ ജില്ലകളിലൊന്നായ ഒഡിഷയിലെ കാന്ധമാല്‍ എന്ന വനപ്രദേശം ഇന്ന് ലോകമെങ്ങും വാര്‍ത്തയായിരിക്കുന്നു. എങ്ങനെ? ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിച്ചില്ലെങ്കില്‍ മരണം എന്ന ഭീഷണിയെ അവഗണിച്ചു രക്തസാക്ഷിത്വം പുല്‍കിയ പാവങ്ങളായ, എന്നാല്‍ ധീരരായ ക്രൈസ്തവര്‍ മൂലം.
ആദിമ ക്രൈസ്തവരെ പോലെ വീരോചിതവിശ്വാസജീവിതം നയിച്ച ഇവരുടെ രക്തം വീണു വിശുദ്ധീകരിക്കപ്പെട്ട ഇന്ത്യയുടെ ഈ വിശുദ്ധനാട് കഴിഞ്ഞ 15 വര്‍ഷങ്ങളായി ഈ ലേഖകന്‍ നിരന്തരം സന്ദര്‍ശിച്ചു പോരുന്നു. രക്തസാക്ഷികളുടെ കുടുംബാംഗങ്ങളുമായും രക്തസാക്ഷിത്വത്തെ അതിജീവിച്ചു കഴിയുന്ന മറ്റ് ആയിരങ്ങളുമായും നടത്തിക്കൊണ്ടിരുന്ന കൂടിക്കാഴ്ചകള്‍ എന്റെ ജീവിതത്തെയും മാറ്റിമറിച്ചു. ഇവരില്‍ 35 കത്തോലിക്കാ രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുവാന്‍ വത്തിക്കാന്‍ അനുമതി നല്‍കിയ വാര്‍ത്തയറിഞ്ഞ് എന്റെ മിഴികളിലും ആനന്ദക്കണ്ണീര്‍ നിറഞ്ഞു.
കാന്ധമാല്‍ ഉള്‍ക്കൊള്ളുന്ന കട്ടക്ക്-ഭുവനേശ്വര്‍ ആര്‍ച്ചുബിഷപ് ജോണ്‍ ബാര്‍വയ്ക്ക് ഇനി നാമകരണപ്രക്രിയയുമായി സധൈര്യം മുന്നേറാം. പ്രക്രിയ ഔപചാരികമായി ആരംഭിക്കുന്നതിനുള്ള തീയതി നിശ്ചയിക്കാന്‍ അതിരൂപത ആലോചനാസമിതി വിളിക്കുക എന്നതായിരിക്കും ആദ്യപടി. ചരിത്രത്തില്‍ അപൂര്‍വമായി മാത്രം നടക്കുന്ന ഒരു സംഭവമായതിനാല്‍ തന്നെ വലിയ തോതിലുള്ള ആസൂത്രണം അതിനാവശ്യമാണ്.
ആഗോളസഭയുടെ തന്നെ ചരിത്രത്തിലെ ഒരു നിര്‍ണ്ണായകസംഭവമെന്ന സ്ഥാനം കാന്ധമാലിനു ലഭിച്ചതെങ്ങനെയാണ്? ഭുവനേശ്വറിനു 250-300 കി മീ പടിഞ്ഞാറായി കിടക്കുന്ന കാന്ധമാലില്‍ 2008 ആഗസ്റ്റില്‍ അരങ്ങേറിയ ക്രൂരമായ ക്രിസ്ത്യന്‍ വിരുദ്ധകലാപം ആധുനിക ഇന്ത്യന്‍ ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. 81 കാരനായ സ്വാമി ലക്ഷ്മണാനന്ദ കാന്ധമാലിലെ തന്റെ ആശ്രമത്തില്‍ വച്ചു നിഗൂഢമായ വിധത്തില്‍ കൊല്ലപ്പെട്ടതാണ് ഈ സംഭവങ്ങളുടെ തുടക്കം.
ഈ കൊലപാതകം ഒരു 'ക്രിസ്ത്യന്‍ ഗൂഢാലോചന' ആണെന്നാരോപിച്ച്, സ്വാമിയുടെ മൃതദേഹവുമായി കാന്ധമാല്‍ ജില്ല മുഴുവനും ചുറ്റി, ക്രൈസ്തവര്‍ക്കെതിരെയുള്ള കൊലവിളികളുമായി രണ്ടു ദിവസത്തെ ഘോഷയാത്ര അരങ്ങേറി. ക്രിസ്തുമതത്തെ കാന്ധമാലിലുടനീളം സംഘപരിവാര്‍ സംഘടനകള്‍ നിരോധിതമായി പ്രഖ്യാപിച്ചു. ക്രിസ്ത്യാനികള്‍ അമ്പലങ്ങളില്‍ കൂട്ടമായെത്തി ക്രിസ്തുവിശ്വാസം തള്ളിപ്പറയണമെന്ന് ഭീഷണി ഉയര്‍ന്നു. ഓടുന്ന ബസുകളില്‍ നിന്നുപോലും ക്രിസ്ത്യാനികളെ വലിച്ചിറക്കി. ചെറുത്തുനിന്ന ക്രിസ്ത്യാനികളെ ജീവനോടെ കത്തിക്കുകയും ജീവനോടെ കുഴിച്ചുമൂടുകയും കഷണങ്ങളായി വെട്ടിനുറുക്കുകയും ചെയ്തു. നൂറോളം ക്രൈസ്തവര്‍ ഉടന്‍ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പള്ളികളും ആറായിരം വീടുകളും കൊള്ളയടിച്ചു തീവച്ചു. അറുപതിനായിരത്തോളം പേര്‍ പെരുവഴിയിലായി.
കാന്ധമാലിന്റെ സെന്റ് സ്റ്റീഫന്‍
യുവ പാസ്റ്ററായ രാജേഷ് ഡിഗാള്‍ ഹൈദരാബാദില്‍ ഒരു കണ്‍വെന്‍ഷന്‍ കഴിഞ്ഞ് നാട്ടിലേക്കു മടങ്ങിയെത്തിയപ്പോഴാണ് കാന്ധമാലില്‍ ക്രൈസ്തവവിരുദ്ധകലാപം പൊട്ടിപ്പുറപ്പെട്ടത്. ബെറാംപൂരില്‍ നിന്നു കാന്ധമാലിലേക്ക് അദ്ദേഹം കയറിയ ബസ് ഒരു അക്രമിസംഘം തടഞ്ഞു നിറുത്തുകയും അതില്‍ ക്രൈസ്തവരുണ്ടോ എന്നു പരിശോധിക്കുകയും ചെയ്തു. ''ക്രിസ്ത്യാനിയാണോ'' എന്ന് അവര്‍ രാജേഷിനെ ചോദ്യം ചെയ്തു. രാജേഷ് നേരിട്ടു മറുപടി പറയാതെ ഒഴിഞ്ഞെങ്കിലും അവര്‍ ബാഗ് പരിശോധിക്കുകയും അ തില്‍ ബൈബിള്‍ കാണുകയും ചെയ്തു.
''ക്രിസ്ത്യാനികള്‍ സ്വാമിയെ കൊന്നതുകൊണ്ട് കാന്ധമാലില്‍ ക്രിസ്തുമതം നിരോധിച്ചിരിക്കുകയാണ്. നിങ്ങള്‍ മതംമാറ്റച്ചടങ്ങില്‍ പങ്കെടുക്കുകയും ക്രൈസ്തവവിശ്വാസം ഉപേക്ഷിക്കുകയും ചെയ്യണം,'' അവര്‍ രാജേഷിനോടു കല്‍പിച്ചു.
''ഈ രാജ്യത്ത് ഒരു ക്രിസ്ത്യാനിയായി ജീവിക്കാനുള്ള മൗലികാവകാശം എനിക്കുണ്ട്. മതംമാറ്റച്ചടങ്ങിലേക്കു ഞാന്‍ വരുന്നില്ല,'' എന്നായിരുന്നു രാജേഷിന്റെ ദൃഢമായ മറുപടി.
കോപാകുലരായ ആള്‍ക്കൂട്ടം രാജേഷിനെ മര്‍ദിച്ചു. അടുത്തുള്ള ഒരു കുഴിയിലേക്കു അദ്ദേഹത്തെ വലിച്ചിഴച്ചു കൊണ്ടു പോയി, അതിനുള്ളില്‍ നിറുത്തി. കഴുത്തു വരെ മണ്ണിട്ടു മൂടി. വിശ്വാസം ഉപേക്ഷിക്കാനുള്ള അവസാനത്തെ ചാന്‍സ് നല്‍കപ്പെട്ടു. രാജേഷ് അ തും നിരസിച്ചതോടെ ഒരു വലിയ പാറക്കല്ലു കൊണ്ട് അടിച്ച് അദ്ദേഹത്തിന്റെ തല തകര്‍ത്തു കളഞ്ഞു.
വി. സ്റ്റീഫനെ പോലെ ക്രൈസ്തവവിശ്വാസത്തെ പ്രതി കല്ലെറിഞ്ഞു കൊല്ലപ്പെട്ട്, രക്തസാക്ഷിത്വം വരിക്കുകയായിരുന്നു രാജേഷ്. രാജേഷിനെ അനുഗമിക്കുകയായിരുന്ന തുംഗുരു മല്ലിക് എന്ന ഹിന്ദുയുവാവ് ഇതിനെല്ലാം ദൃക്‌സാക്ഷിയായി. അയാളാണ് രാജേഷിന്റെ ഭാര്യ അസ്മിതയോട് ഈ സംഭവങ്ങള്‍ പറഞ്ഞത്.
മാതാപിതാക്കളോടൊപ്പം ജീവന്‍ രക്ഷിക്കാന്‍ കാടുകളിലേക്ക് ഒളിച്ചോടിയവരും അതിക്രമങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ അഭയാര്‍ത്ഥിക്യാമ്പുകളില്‍ താമസിച്ചവരുമായ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഇന്ന് സന്യാസിനിമാരും വൈദികരും പാസ്റ്റര്‍മാരുമാണ്. തെര്‍തുല്യന്‍ പറഞ്ഞത് ശരിയാണെന്നു തെളിയിക്കുകയാണു കാന്ധമാല്‍!
''ആ സമയത്ത് വ്യാപകമായ അക്രമങ്ങള്‍ നടക്കുകയായിരുന്നതിനാല്‍ എനിക്ക് ആ പ്രദേശത്തേക്കു പോകാന്‍ കഴിഞ്ഞില്ല. മൂന്നു ദിവസങ്ങള്‍ക്കു ശേഷം ബന്ധുക്കള്‍ അവിടെ ചെന്നെങ്കിലും മൃതദേഹം അവിടെയില്ലായിരുന്നു. പൊലീസില്‍ പരാതിയുമായി ചെന്നെങ്കിലും മൃതദേഹമില്ലാത്തതിനാല്‍ കൊലപാതകത്തിനു കേസെടുക്കാനാവില്ലെന്നു പൊലീസ് പറഞ്ഞു,'' കരച്ചിലിനിടയില്‍ അസ്മിത പറഞ്ഞു.
ബാംഗ്ലൂരില്‍ വച്ച് ആദ്യമായി കണ്ടപ്പോഴാണ് അസ്മിത ഈ ദുരന്തകഥ പങ്കുവച്ചത്. കാന്ധമാലില്‍ നിന്നുള്ള ഒരു ഡസന്‍ വിധവകളുടെ സംഗമം ആ വര്‍ഷം ഡിസംബറില്‍ സാജന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഗ്ലോബല്‍ കൗ ണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍സ് അവിടെ സംഘടിപ്പിച്ചിരുന്നു. അതിനു മുമ്പു രണ്ടു തവണ കാന്ധമാല്‍ സന്ദര്‍ശിച്ചിരുന്നുവെങ്കിലും അസ്മിതയുമായുള്ള ഈ കൂടിക്കാഴ്ചയാണ് എന്നെ കാന്ധമാലെന്ന കടലിലേക്ക് എടുത്തെറിഞ്ഞത്. ഒഡിഷ സര്‍ക്കാര്‍ സുപ്രീം കോടതിക്കു നല്‍കിയ, കൊല്ലപ്പെട്ട 32 ക്രൈസ്തവരുടെ പട്ടികയില്‍ രാജേഷിന്റെ പേര് ഉണ്ടായിരുന്നില്ല. നിരവധി വിധവകള്‍ പങ്കുവച്ച കടുത്ത അനീതിയുടെ കഥകള്‍ ഹൃദയത്തെ സ്പര്‍ശിച്ചതോടെയാണ് ആ വര്‍ഷം ക്രിസ്മസിനു കാന്ധമാലിലേക്കു പോകാന്‍ ഞാന്‍ നിശ്ചയിച്ചത്.
ക്രൈസ്തവരുടെ അഭയാര്‍ത്ഥിക്യാമ്പിലെ ക്രിസ്മസ് ആഘോഷത്തിലേക്ക് ഡെപ്യൂട്ടി കളക്ടര്‍ ഡോ. വിനീല്‍ കൃഷ്ണ വന്നു. അവിടെ യാചകരെ പോലെയാണ് ക്രൈസ്തവരോട് ഇടപെട്ടിരുന്നത്. ''അഭയാര്‍ത്ഥികള്‍ക്കുവേണ്ടി സര്‍ക്കാര്‍ ക്രിസ്മസ് ആഘോഷിക്കുന്നതു കൊള്ളാം. എന്നാല്‍ ഗുരുതരമായ മറ്റൊരു പ്രശ്‌നം പറയാനുണ്ട്. കൊലപാതകക്കേസുകളില്‍ പോലും പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല,'' ഞാന്‍ ഡെപ്യൂട്ടി കളക്ടറോടു പറഞ്ഞു. കേക്കു മുറിച്ച് പോകാനൊരുങ്ങുകയായിരുന്നു അദ്ദേഹം.
''അതെല്ലാം ഉണ്ടാക്കി പറയുന്ന കഥകളാണ്,'' എടുത്തടിച്ച പോലെ ഡെപ്യുട്ടി കളക്ടര്‍ പറഞ്ഞു.
''അല്ല. ക്രൂരമായ ചില കൊലപാതകങ്ങളുടെ എല്ലാ വിവരങ്ങളും എനിക്കറിയാം. കേസ് രജിസ്റ്റര്‍ ചെയ്ത് ശരിയായ അന്വേഷണം നടത്തിക്കൂടേ?''
''ഞങ്ങള്‍ അന്വേഷിച്ചു, തെളിവുകളൊന്നും കിട്ടിയിട്ടില്ല,'' അയാള്‍ പിടിവാശിയോടെ പറഞ്ഞു. അതോടെയാണ് കാന്ധമാല്‍ രക്തച്ചൊരിച്ചിലിന് ഉത്തരവാദികളായവരെ രക്ഷപ്പെടുത്താനും വെള്ള പൂശാനുമുള്ള ശ്രമങ്ങളെ തുറന്നു കാണിക്കുന്നതിനുവേണ്ടി രംഗ ത്തിറങ്ങാന്‍ ഞാന്‍ തീരുമാനിച്ചത്.
കൊലക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നതിലൂടെ പൊലീസ്, കാന്ധമാലിലെ കശാപ്പുകാരെ നിയമനടപടികളില്‍ നിന്നു രക്ഷിക്കുക മാത്രമല്ല, ആശ്രിത കുടുംബങ്ങള്‍ക്ക് അവകാശപ്പെട്ട 5 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നിഷേധിക്കുകയുമാണു ചെയ്തിരുന്നത്. ഈ കടുത്ത അനീതിയെ കണ്ടില്ലെന്നു നടിക്കാന്‍ ആകുമായിരുന്നില്ല. അതുകൊണ്ട് കാന്ധമാലിലേക്ക് മൂന്നു സന്ദര്‍ശനങ്ങള്‍ കൂടി ഉടനടി നടത്തുകയും ഏഴാംമാസത്തില്‍ ഒരു അന്വേഷണാത്മക പുസ്തകം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ''കാന്ധമാല്‍ - ഇന്ത്യന്‍ മതേതരത്വത്തിനേറ്റ കളങ്കം'' എന്ന ഈ പുസ്തകം 2009 ഏപ്രിലില്‍ ദല്‍ഹിയില്‍ കുല്‍ദീപ് നയ്യാര്‍ പ്രകാശനം ചെയ്യുകയും പുസ്തകമുയര്‍ത്തുന്ന അസുഖകരമായ ചോദ്യങ്ങള്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്തു. മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ഒഡിഷ ഗവണ്‍മെന്റ് ആറു കൊലപാതകങ്ങള്‍ കൂടി സുപ്രീം കോടതിയില്‍ അംഗീകരിക്കുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. പാസ്റ്റര്‍ രാജേഷിന്റേത് ഉള്‍പ്പെടെ പുസ്തകത്തില്‍ വിവരിച്ചിരുന്ന കൊലപാതകങ്ങളായിരുന്നു ഇവ.
ഈ ലക്ഷ്യം നേടിയതോടെ കാന്ധമാല്‍ ദൗത്യം എനിക്കു അവസാനിപ്പിക്കാമായിരുന്നു. പക്ഷേ അതായിരുന്നില്ല ദൈവനിശ്ചയം എന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. രക്തസാക്ഷികളുടെ പ്രിയപ്പെട്ടവരുമായുള്ള മറക്കാനാകാത്ത കൂടിക്കാഴ്ചകളും കാന്ധമാലിലെ ആയിരകണക്കിനു ധീരക്രൈസ്തവരുടെ അചിന്തനീയമായ സഹനനാനുഭവങ്ങളും എന്നെ വേട്ടയാടാനും അവര്‍ക്കു വേണ്ടി സംസാരിക്കുന്നതിനായി പ്രചോദിപ്പിക്കാനും തുടങ്ങി. പതിനാറാം വര്‍ഷവും അതു തുടരുകയാണ്.
ആസൂത്രിതമായി അരങ്ങേറിയ ക്രൈസ്തവവിരുദ്ധ കലാപത്തിനു പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനകളിലേക്കു വെളിച്ചം വീശുന്നതാണ് 'സ്വാമി ലക്ഷ്മണാനന്ദയെ കൊന്നതാര്?' എന്ന പേരില്‍ ഞാന്‍ പ്രസിദ്ധീകരിച്ച അന്വേഷണാത്മകഗ്രന്ഥം. കാന്ധമാല്‍ സംഭവത്തിന്റെ പത്താം വാര്‍ഷികത്തില്‍, 'നിരപരാധികൾ തടവറയിൽ' എന്ന പേരില്‍ ഒരു ഡോക്യുമെന്ററിയും പുറത്തിറക്കി.
'രക്തസാക്ഷികളുടെ' വിവരശേഖരം തയ്യാറാക്കാന്‍ വത്തിക്കാനില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ഫാ. പുരുഷോത്തം നായക് കാന്ധമാലിലെ വിദൂരസ്ഥങ്ങളായ ഗ്രാമങ്ങളിലെ 105 രക്തസാക്ഷികളുടെ വീടുകള്‍ സന്ദര്‍ശിച്ചു. ഇവരില്‍ മൂന്നില്‍ രണ്ടും അകത്തോലിക്കരായിരുന്നു. (36 കത്തോലിക്കരില്‍ 35 പേരുടെ നാമകരണപ്രക്രിയക്കാണ് വത്തിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. ഇവരില്‍ പതിനാലു പേര്‍ അക്രമസ്ഥലത്തു വച്ചും മറ്റുള്ളവര്‍ പരിക്കുമൂലം പിന്നീടുമാണ് മരണമടഞ്ഞത്.) അതിരൂപത സമര്‍പ്പിച്ച രക്തസാക്ഷികളുടെ പട്ടിക ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സംഘം (സിസിബിഐ) 2023 ജനുവരിയില്‍ അംഗീകരിക്കുകയും വത്തിക്കാനിലേക്കു നല്‍കുകയും ചെയ്തു. വത്തിക്കാനില്‍ നിന്ന് നല്‍കിയ അനുമതിരേഖയില്‍ (നിഹില്‍ ഒബ്സ്റ്റാറ്റ്) ഒരാളുടെ മാത്രമേ പേരു പരാമര്‍ശിക്കുന്നുള്ളു - കാന്ദേശ്വര്‍ ഡിഗാള്‍. പിന്നെ അദ്ദേഹത്തിന്റെ 'സഹയാത്രികരും.'
സ്വാമിയുടെ കൊലപാതകത്തിന് ഒരാഴ്ച മുമ്പ്, പുനഃമതംമാറ്റത്തിനു വിധേയനാകാനും ബൈബിള്‍ കത്തിക്കാനും വിസമ്മതിച്ചിരുന്ന ആളായിരുന്നു ശങ്കരാകോലെയിലെ മതബോധകനായിരുന്ന കാന്ദേശ്വര്‍ ഡിഗാള്‍. സ്വാമിയുടെ കൊലപാതകവാര്‍ത്ത കേട്ടതോടെ അദ്ദേഹം അപകടം മണക്കുകയും ഭുവനേശ്വറിലേക്കു കടക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഭാര്യയും മകനും അവിടെ ഒരു ചേരിയിലാണു താമസിച്ചിരുന്നത്. പക്ഷേ കലാപകാരികള്‍ മരങ്ങള്‍ വെട്ടിയിട്ട് റോഡു തടയുകയും കാന്ദേശ്വറിനെ ബസില്‍ നിന്നു വലിച്ചിറക്കുകയും ചെയ്തു. ആഗസ്റ്റ് 26 നു വൈകുന്നേരം അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തി. ക്രിസ്ത്യന്‍ ദമ്പതികളായ മേഘ്‌നാഥ് ഡിഗാള്‍, ഭാര്യ പ്രിയതമ എന്നിവരും അക്കൂട്ടത്തില്‍ കൊല്ലപ്പെട്ടു. നഴ്‌സായിരുന്ന ഈ വനിതയെ കൂട്ടബലാത്സംഗത്തിനും വിധേയയാക്കി. അവരുടെ ശരീരങ്ങള്‍ കഷണങ്ങളായി മുറിച്ച് പുഴയിലെറിയുകയാണു ചെയ്തത്. പുഴയിലൊഴുകി നടക്കുന്ന ശരീരദൃശ്യങ്ങള്‍ ടിവിയില്‍ കണ്ടതിനെ തുടര്‍ന്ന് പിതാവിന്റെ മൃതദേഹം തിരിച്ചറിയാന്‍ അവിടേക്ക് എത്തിയതിനെ കുറിച്ച്, കാന്ദേശ്വറിന്റെ മകന്‍ എന്നോടു പറയുകയുണ്ടായി.
35 പേരുടെ പട്ടികയിലെ മറ്റൊരു രക്തസാക്ഷി ഫാ. ബെര്‍ണാഡ് ഡിഗാള്‍ ആണ്. കട്ടക്ക് ഭുവനേശ്വര്‍ അതിരൂപതാ പ്രൊക്കുറേറ്ററായിരുന്ന അദ്ദേഹം തന്റെ മാതൃഇടവകയിലെ പുതിയ ദേവാലയനിര്‍മ്മാണം വിലയിരുത്തുന്നതിനു കാന്ധമാലിലേക്കു പോകുകയായിരുന്നു. ആഗസ്റ്റ് 23 ന് രാത്രി, ഫാ. ചാണ്ടി എന്നറിയപ്പെടുന്ന മലയാളിയായ ഫാ. അലക്‌സാണ്ടര്‍ ചരളന്‍കുന്നേല്‍ എന്ന വയോധികനായ വൈദികനൊപ്പം കഴിയുമ്പോഴാണ് കാന്ധമാലില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. പള്ളി ആക്രമിക്കുകയും ഫാ. ഡിഗാള്‍ വന്ന വാഹനം കത്തിച്ചു കളയുകയും ചെയ്തപ്പോള്‍, ഫാ. ചാണ്ടിയെ കാന്ധമാലിനു പുറത്തേക്കെത്തിക്കുന്നതിന് ഒരു ബൈക് അന്വേഷിച്ചിറങ്ങിയ അദ്ദേഹം അക്രമികളുടെ കരങ്ങളില്‍ പെടുകയായിരുന്നു. അക്രമികളില്‍ നിന്ന് ഓടി രക്ഷപ്പെട്ട അദ്ദേഹം കത്തിനശിച്ച ഒരു പള്ളിക്കുള്ളില്‍ രാത്രി തങ്ങുമ്പോള്‍ അക്രമികള്‍ എത്തിച്ചേരുകയും അദ്ദേഹത്തെ വിവസ്ത്രനാക്കി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇരുമ്പുകമ്പി കൊണ്ട് തലയിലേറ്റ അടിയില്‍ പകുതി ബോധം പോയ അവസ്ഥയില്‍ അദ്ദേഹത്തെ അക്രമികള്‍ കാട്ടില്‍ ഉപേക്ഷിച്ചു കടന്നു.
''ചുറ്റും കുറുനരികളുടെ ഓലിയിടല്‍ കേള്‍ക്കാമായിരുന്നു. അവ വന്ന് എന്നെ തിന്നുമെന്നും ഒരു മൃതസംസ്‌കാരം പോലും എനിക്കു കിട്ടില്ലെന്നും ഞാന്‍ ഭയപ്പെട്ടു. കടുത്ത ദാഹം തോന്നിയ ഞാന്‍ സ്വന്തം മൂത്രം കുടിച്ചു,'' മുംബൈ ഹോളി സ്പിരിറ്റ് ഹോസ്പിറ്റലില്‍ വച്ച് ഈ രക്തസാക്ഷി നല്‍കിയ സാക്ഷ്യം പതിനാറാമത്തെ ഈ വര്‍ഷത്തിലും എന്റെ കാതുകളില്‍ മുഴങ്ങുന്നു.
ഇത്തരം അനേകം സാക്ഷ്യങ്ങള്‍ നേരിട്ടു കേട്ടതാണ് '21-#ാ#ം നൂറ്റാണ്ടിലെ ആദിമക്രൈസ്തവര്‍' എന്ന ഗ്രന്ഥരചനക്ക് എനിക്കു പ്രേരണയായത്. വേളാങ്കണ്ണിയില്‍ സിസിബിഐ രജതജൂബിലി സമ്മേളനത്തില്‍ വച്ച് വത്തിക്കാന്‍ സുവിശേഷവത്കരണ കാര്യാലയം അധ്യക്ഷന്‍ കാര്‍ഡിനല്‍ ഫെര്‍ണാണ്ടോ ഫിലോനിയാണ് ഇതു പ്രകാശനം ചെയ്തത്. മലയാളം, ഹിന്ദി, തമിഴ്, ഫ്രഞ്ച് ഭാഷകളിലും ഈ പുസ്തകം പ്രസിദ്ധീകൃതമായി.
'രക്തസാക്ഷികളുടെ ചുടുനിണം വീണു കുതിര്‍ന്ന മണ്ണില്‍ സഭാതരു തഴച്ചു വളരുന്നു' എന്ന സുപ്രസിദ്ധവാക്യം, റോമന്‍ സാമ്രാജ്യത്തില്‍ മര്‍ദ്ദനം നേരിടേണ്ടിവന്ന 'ആദിമക്രൈസ്തവരുടെ' ചരിത്രം രേഖപ്പെടുത്തിയ തെര്‍ത്തുല്യന്റേതാണല്ലോ. പിന്നീട് ക്രൈസ്തവികത അവിടെ തഴച്ചുവളര്‍ന്നു. കാന്ധമാലിലും അത് ആവര്‍ത്തിക്കുകയാണ്. 2022 ലെ നോമ്പുകാലത്ത് മധ്യേന്ത്യയില്‍ ഒരു വലിയ കത്തോലിക്കാസമ്മേളനത്തില്‍ പ്രസംഗിക്കാന്‍ എന്നെ ക്ഷണിച്ചിരുന്നു. പ്രസംഗം തീര്‍ന്നപ്പോള്‍, ഒരു സന്യാസിനീസമൂഹത്തിന്റെ ദേശീയ പരിശീലനഭവനത്തിന്റെ ചുമതല വഹിച്ചിരുന്ന മുതിര്‍ന്ന സന്യാസിനി വന്ന് എന്നോടാവശ്യപ്പെട്ടു, ''ഞങ്ങള്‍ക്കിപ്പോള്‍ കാന്ധമാലില്‍ നിന്നുള്ള നിരവധി അര്‍ത്ഥിനികളുണ്ട്. അവരോടു സംസാരിക്കാമോ?''
അവിടെ ചെന്നപ്പോള്‍ അത് ആവേശകരമായ മറ്റൊരു കാന്ധമാല്‍ വെളിപാടായി മാറി: 29 നോവിസുകളില്‍ 28 പേരും കാന്ധമാലില്‍ നിന്നുള്ള പെണ്‍കുട്ടികള്‍! മാതാപിതാക്കളോടൊപ്പം ജീവന്‍ രക്ഷിക്കാന്‍ കാടുകളിലേക്ക് ഒളിച്ചോടിയവരും അതിക്രമങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ അഭയാര്‍ത്ഥിക്യാമ്പുകളില്‍ താമസിച്ചവരുമായ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഇന്ന് വൈദികരും സന്യാസിനിമാരും പാസ്റ്റര്‍മാരുമാണ്. തെര്‍തുല്യന്‍ പറഞ്ഞത് ശരിയാണെന്നു തെളിയിക്കുകയാണു കാന്ധമാല്‍!
കാന്ധമാല്‍ കലാപത്തിന്റെ 15-ാം വാര്‍ഷികമായിരുന്ന 2023 ആഗസ്റ്റ് 23 ന് പുറത്തിറക്കിയ 'കാന്ധമാലിന്റെ സദ്വാര്‍ത്ത' എന്ന ഡോക്യുമെന്ററിയിൽ കാന്ധമാല്‍ ഒരു ദുരന്തമല്ലാതാകുകയും സദ്വാര്‍ത്തയായി മാറുകയും ചെയ്തിരിക്കുന്നതെങ്ങനെയെന്നു ഞാന്‍ വിശദീകരിക്കുന്നുണ്ട്. ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കാന്‍ ഒരു ക്രൈസ്തവവിശ്വാസിയെയും പ്രേരിപ്പിക്കാന്‍ ശക്തരായ ഹിന്ദുത്വ വര്‍ഗീയവാദികള്‍ക്കു കഴിഞ്ഞില്ല എന്നത് ലോകമാകെയുള്ള ക്രൈസ്തവര്‍ക്ക് ആഹ്ലാദം പകരുന്നതാണ്. മാത്രവുമല്ല, സംഘപരിവാര്‍ നേതാക്കള്‍ ഉള്‍പ്പെടെ നൂറു കണക്കിനു ഹൈന്ദവര്‍ അവിടെ ക്രൈസ്തവവിശ്വാസം ആശ്ലേഷിക്കുകയും ചെയ്തു, കാന്ധമാലില്‍ നിന്നു തങ്ങള്‍ തുടച്ചു നീക്കാന്‍ പരിശ്രമിച്ച അതേ വിശ്വാസം. 2013 ല്‍ വേളാങ്കണ്ണിയില്‍ കാര്‍ഡിനല്‍ ഫിലോനിയുമായുണ്ടായ ആവേശകരമായ കൂടിക്കാഴ്ചയ്ക്കു ശേഷം പരസ്യമായി വെളിപ്പെടുത്താനാകാത്ത ചില അപ്രതീക്ഷിത പരിണിതികള്‍ എന്റെ കാന്ധമാല്‍ പോരാട്ടത്തിനുണ്ടായി. എങ്കിലും വത്തിക്കാന്റെ ഈ ചരിത്രപരമായ തീരുമാനത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. വിശ്വാസത്തെ ഗൗരവമായെടുക്കുന്ന ഓരോ ക്രിസ്ത്യാനിക്കും ഇത് ഒരോര്‍മ്മപ്പെടുത്തലാണ്. വിശ്വാസമെന്നാല്‍ അതിന്റെ പദവിയും മഹത്വവും മാത്രമല്ല. കാന്ധമാല്‍ കാടുകളില്‍ 'ആദിമ ക്രൈസ്തവചരിത്രം ആവര്‍ത്തിക്കപ്പെടുകയാണ്.'
(33 വര്‍ഷമായി അന്താരാഷ്ട്ര മാധ്യമരംഗത്തു പ്രവര്‍ത്തിക്കുന്ന ലേഖകന്‍, കാന്ധമാല്‍ ക്രൈസ്തവരുടെ സ്ഥിതി പുറംലോകത്തെത്തിക്കുന്നതിന് വലിയ സംഭാവനകള്‍ നല്‍കി. അദ്ദേഹത്തിന്റെ അന്വേഷണാത്മകഗ്രന്ഥങ്ങളും സോഷ്യല്‍ മീഡിയ പ്രചാരണപരിപാടികളും കാന്ധമാല്‍ ക്രൈസ്തവര്‍ക്ക് നീതി ലഭ്യമാക്കുന്നതിലും അവരുടെ ജീവിതത്തിലേക്ക് ലോകശ്രദ്ധയാകര്‍ഷിക്കുന്നതിനും ഇടയാക്കി. ടൈറ്റസ് ബ്രാന്‍ഡ്‌സ്മ അവാര്‍ഡുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.)