ഫാ. സിറിയക് കണിച്ചായി: തലമുറകളെ വഴി നടത്തിയ 'ജ്ഞാനപ്രകാശം'

ഫാ. സിറിയക് കണിച്ചായി: തലമുറകളെ വഴി നടത്തിയ 'ജ്ഞാനപ്രകാശം'
Published on
  • ഫാ. ബെന്നി നല്‍ക്കര, സിഎംഐ

    പ്രൊവിന്‍ഷ്യല്‍ എസ് എച്ച്, കളമശ്ശേരി

പ്രസിദ്ധ ഭാരതീയ ചിന്തകനും തത്വശാസ്ത്രാധ്യാപകനും ആത്മീയാചാര്യനും സന്യാസഗുരുവുമായ സിഎംഐ സഭാംഗം സിറിയക് കണിച്ചായിയച്ചന്‍ ഓര്‍മ്മയായി. 88 വര്‍ഷം കര്‍മ്മനിരതമായിരുന്ന ആ ജീവിതം അറിവിന്റെയും ആത്മീയതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും സാക്ഷ്യമായിരുന്നു. ചിന്തയിലൂടെ മനുഷ്യനെ സ്വതന്ത്രനാക്കിയ അധ്യാപകനും, വിശ്വാസത്തെ ബുദ്ധിയോട് സംവദിപ്പിച്ച ആത്മീയാചാര്യനും, ലാളിത്യത്തില്‍ മഹത്വം കണ്ടെത്തിയ സന്യാസഗുരുവുമായിരുന്നു അദ്ദേഹം. അറിവിനെ വിവരമായി ഒതുക്കാതെ, ബോധത്തിന്റെ ആഴങ്ങളിലേക്ക് നയിച്ച വിമര്‍ശനാത്മക ചിന്തയുടെ പ്രതീകമായിരുന്നു, കണിച്ചായിയച്ചന്‍

വിശ്വാസവും ബുദ്ധിയും പരസ്പരം പ്രകാശിപ്പിക്കുന്ന രണ്ട് വഴികളാണെന്ന ബോധ്യം അദ്ദേഹത്തിന്റെ അധ്യാപനത്തിന്റെയും ആത്മീയതയുടെയും ഹൃദയകേന്ദ്രമായിരുന്നു.

പാശ്ചാത്യവും പൗരസ്ത്യവുമായ തത്വചിന്തകളില്‍ ഒരുപോലെ പരിശീലനം നേടിയ കണിച്ചായിയച്ചന്‍, വൈദികാര്‍ത്ഥികള്‍ക്കും സന്യാസിനിമാര്‍ക്കും, സത്യത്തെ അന്വേഷിക്കുകയും യേശുവിനോടുള്ള ഭക്തിയോടെയും പ്രതിബദ്ധതയോടെയും ജീവിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കുമായി, കാലാനുസൃതമായ അധ്യാപനരീതികളും ദര്‍ശനങ്ങളും വികസിപ്പിച്ചു. ബെംഗളൂരുവിലെ ധര്‍മ്മാരാം കോളേജിലും (ധര്‍മ്മാരാം വിദ്യാക്ഷേത്രം) കേരളത്തിലെ ആലുവയിലെ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലുമുള്‍പ്പെടെ നിരവധി സ്ഥാപനങ്ങളില്‍ അദ്ദേഹം അധ്യാപകനായി നീണ്ട പതിറ്റാണ്ടുകള്‍ സേവനം അനുഷ്ഠിച്ചു. നോട്ടുകളില്ലാത്ത ക്ലാസുകള്‍, സംവാദാത്മക അധ്യാപനരീതി,—ഇവയൊക്കെയിലൂടെ അദ്ദേഹം വിദ്യാര്‍ത്ഥികളെ ചിന്തിക്കാന്‍ പഠിപ്പിച്ചു; ഉത്തരങ്ങള്‍ നല്‍കുന്നതിലുപരി ചോദ്യങ്ങള്‍ ഉണര്‍ത്തി. ബ്ലാക്ക്‌ബോര്‍ഡ് അദ്ദേഹത്തിന് ഒരു ചിന്താപടമായിരുന്നു; അവിടെ വരച്ച രേഖകളും വൃത്തങ്ങളും ആശയങ്ങളുടെ ചലനവും വികസനവും സൂചിപ്പിച്ചു. അറിവ് സ്ഥിരതയുള്ള ഒന്നല്ല, ചലനാത്മകമായ പ്രക്രിയയാണെന്ന സന്ദേശം അതിലൂടെ അദ്ദേഹം നല്‍കുകയായിരുന്നു.

തത്വശാസ്ത്രത്തിന്റെ വിവിധ മേഖലകളില്‍—തര്‍ക്കശാസ്ത്രം (ലോജിക്), ജ്ഞാനശാസ്ത്രം (എപ്പിസ്റ്റമോളജി), അസ്തിത്വചിന്ത— കണിച്ചായിയച്ചന്‍ നടത്തിയ അധ്യാപനം ക്ലാസ് മുറിയുടെ അതിരുകള്‍ കടന്ന അനുഭവമായിരുന്നു. അദ്ദേഹത്തിന്റെ അധ്യാപനരീതി വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ചോദ്യങ്ങളുടെ തീ കൊളുത്തി. ഹാസ്യവും വിമര്‍ശനവും ചേര്‍ന്ന വാക്കുകള്‍, ചിരിയോടൊപ്പം ചിന്തയെയും ഉണര്‍ത്തി. ക്ലാസ് മുറി അദ്ദേഹത്തിന് ഒരു ബൗദ്ധിക ശില്പശാലയായിരുന്നു; അവിടെ ആശയങ്ങള്‍ രൂപംകൊണ്ടു, പൊളിഞ്ഞു, വീണ്ടും പുനര്‍ജനിച്ചു. ഹൃദയവും നര്‍മ്മവും ആ അദ്ധ്യാപനശൈലിയുടെ ഊടും പാവുമായി. അദ്ദേഹം, ക്ലാസ് മുറിയെ ഒരു ധ്യാനവേദിയാക്കി മാറ്റി. ചിന്തിക്കാനും ചോദിക്കാനും ധൈര്യം നല്‍കിയ ഗുരുവായിരുന്നു സിറിയക് കണിച്ചായിയച്ചന്‍.

കണിച്ചായിയച്ചന്റെ പാണ്ഡിത്യം ഗ്രന്ഥപരമായ അറിവില്‍ ഒതുങ്ങിയിരുന്നില്ല. വായിച്ചതും പഠിപ്പിച്ചതും ജീവിതമായി ജീവിക്കാന്‍ അദ്ദേഹം ധൈര്യം കാണിച്ചു. മനുഷ്യനെ 'ലോകത്തിനുള്ളിലായും ലോകത്തിനപ്പുറത്തുമായുള്ള' സത്തയായി കാണുന്ന ചിന്തകള്‍ പങ്കുവെച്ചുകൊണ്ട്, ശാസ്ത്രവും തത്വചിന്തയും വിശ്വാസവും തമ്മിലുള്ള സംവാദത്തിന് അദ്ദേഹം വഴിതുറന്നു. വിശ്വാസവും ബുദ്ധിയും പരസ്പരം പ്രകാശിപ്പിക്കുന്ന രണ്ട് വഴികളാണെന്ന ബോധ്യം അദ്ദേഹത്തിന്റെ അധ്യാപനത്തിന്റെയും ആത്മീയതയുടെയും ഹൃദയകേന്ദ്രമായിരുന്നു.

മനുഷ്യനെ അദ്ദേഹം പ്രശ്‌നമായി കാണാതെ, ഒരു രഹസ്യമായി കണ്ടു; ആദരത്തോടെയും കരുണയോടെയും സമീപിച്ചു.

ബുദ്ധിയുടെ പരിശീലനം വിശ്വാസത്തോട് എതിര്‍പ്പല്ല; മറിച്ച് വിശ്വാസത്തിന്റെ ആഴത്തിലേക്കുള്ള വഴിയാണ്. ആധുനികതയും ഉത്തരാധുനികതയുമൊക്കെ ചിന്തയിലും വാക്കിലും ഉള്‍ച്ചേര്‍ത്ത അധ്യാപകനായിരുന്നു, കണിച്ചായച്ചന്‍. സമകാലിക സംഭവങ്ങളോട് സംവദിക്കാന്‍ കഴിഞ്ഞിരുന്നു അദ്ദേഹത്തിന്. സുവിശേഷത്തിലെ ക്രിസ്തുവും സഭ പഠിപ്പിച്ച ക്രിസ്തുവും തമ്മിലുള്ള അകലം കൂടുന്നതില്‍ വിഷമിച്ച ഒരു അധ്യാപകനായിരുന്നു, അദ്ദേഹം. നിരന്തരം മാറുന്ന ലോകത്തില്‍ ക്രിസ്തുവിന്റെ സന്ദേശം കാലോചിതമായി വ്യാഖ്യാനിക്കപ്പെടണമെന്ന് അദ്ദേഹം നിലപാടെടുത്തു. പ്രായോഗികതാവാദത്തിന്റെ ലോകത്തില്‍ ആധികാരിക സാക്ഷ്യം ഏറ്റവും പ്രധാനമെന്ന് കണിച്ചായിയച്ചന്‍ നിരന്തരം ഉദ്‌ബോധിപ്പിച്ചു.

അധ്യാപകനെന്ന നിലയില്‍ മാത്രമല്ല, സഹയാത്രികനായും മാര്‍ഗദര്‍ശകനായും കണിച്ചായിയച്ചന്‍ അനേകര്‍ക്ക് പ്രചോദനമായി. യുവാക്കളെ അദ്ദേഹം വിശ്വസിച്ചു; അവരുടെ ചോദ്യങ്ങളെ ഭയപ്പെട്ടില്ല. 'പുസ്തകങ്ങള്‍ ശേഖരിച്ച് ഭാരം ചുമക്കുന്നതിനേക്കാള്‍, അറിവ് ബോധത്തിനുള്ളില്‍ ജ്ഞാനമായി മാറണം' എന്ന അദ്ദേഹത്തിന്റെ നിലപാട്, വിദ്യാര്‍ത്ഥികളെയും സഹപ്രവര്‍ത്തകരെയും സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും പ്രേരിപ്പിച്ചു. സന്യാസജീവിതത്തില്‍ കണിച്ചായിയച്ചന്‍ ആധികാരികതയുടെ ശക്തമായ സാക്ഷ്യമായിരുന്നു. ലാളിത്യവും സ്വാതന്ത്ര്യവും ചേര്‍ന്ന അദ്ദേഹത്തിന്റെ ജീവിതശൈലി, വാക്കുകളില്ലാത്ത പ്രസംഗമായിത്തീര്‍ന്നു. അധികാരത്തോടും സ്ഥാനങ്ങളോടും സ്ഥാപനങ്ങളോടും പോലും അദ്ദേഹം വിമര്‍ശനാത്മക അകലം പാലിച്ചു; എന്നാല്‍ ആ വിമര്‍ശനം ഒരിക്കലും വൈരാഗ്യത്തില്‍ നിന്നല്ല, സത്യസന്ധമായ പരിഷ്‌കരണാഗ്രഹത്തില്‍ നിന്നായിരുന്നു. വ്യക്തികളോടുള്ള അദ്ദേഹത്തിന്റെ സമീപനം ആദരവും സ്‌നേഹവും നിറഞ്ഞതായിരുന്നു. പ്രസംഗത്തിലും പ്രയോഗത്തിലും ഒരുപോലെ തെളിഞ്ഞ ആ ജീവിതം, അനേകര്‍ക്ക് മാര്‍ഗദീപമായി. ഒരുപാടു സന്യാസ സമൂഹങ്ങള്‍ തങ്ങളുടെ നിയമാവലിയും സിദ്ധിദര്‍ശനവും രൂപപെടുത്താന്‍ കണിച്ചായിയച്ചന്റെ സഹായം തേടിയിട്ടുണ്ട്.

ബൈബിളിനെയും ഭാരതീയ തത്വചിന്തയെയും കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു ആത്മീയ ചിന്താധാര കണിച്ചായിയച്ചന്‍ വളര്‍ത്തിയെടുത്തു. ഇന്ത്യന്‍ ചിന്തയുടെ പ്രധാനധാരകളോട് സ്വരം ചേര്‍ത്ത് സുവിശേഷം പ്രസരിപ്പിച്ചു. ജ്ഞാനപ്രകാശമെന്ന തൂലികാനാമത്തില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു ഭാരതീയ സന്യാസ ആത്മീയതയെ സമ്പന്നമാക്കി. സിറിയക് കണിച്ചായിയച്ചന്‍ സന്യാസദര്‍ശനം ഒറ്റവാക്കില്‍ പറഞ്ഞാല്‍ ആധികാരികതയില്‍ വേരൂന്നിയ സ്വാതന്ത്ര്യം ആയിരുന്നു. സന്യാസം അദ്ദേഹത്തിനായി ലോകത്തില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല, മറിച്ച് ലോകത്തിനുള്ളില്‍ കൂടുതല്‍ സത്യസന്ധമായി നിലകൊള്ളാനുള്ള ധൈര്യമായിരുന്നു. അദ്ദേഹത്തിന്റെ ദര്‍ശനത്തില്‍ സന്യാസം ആദ്യം സത്യത്തോടുള്ള പ്രതിബദ്ധത ആയിരുന്നു. അനുസരണവും സ്വാതന്ത്ര്യവും തമ്മില്‍ വൈരോധ്യമല്ല, മറിച്ച് ആഴത്തിലുള്ള സംവാദമാണെന്ന ബോധ്യമാണ് അദ്ദേഹത്തിന്റെ സന്യാസജീവിതത്തെ നയിച്ചത്. സത്യസന്ധതയുടെയും 'ദൈവത്തിന്റെയും മനുഷ്യരുടെയും കരങ്ങളിലേക്കുള്ള സമ്യക്കായ ന്യാസമാണ് സന്യാസം' ഈ വാക്യം ഫാദര്‍ സിറിയക് കണിച്ചായച്ചന്റെ സന്യാസദര്‍ശനത്തിന്റെ ഹൃദയസാരമാണ്. കണിച്ചായിയച്ചന്റെ കാഴ്ചയില്‍ സന്യാസം ഒറ്റപ്പെടലല്ല—ബന്ധമാണ്, ത്യാഗമാത്രമല്ല—വിശ്വാസപൂര്‍ണ്ണമായ ഏല്പിക്കല്‍ ആണ്,

ലാളിത്യമാണ് സന്യാസത്തിന്റെ ഭാഷ എന്നായിരുന്നു കണിച്ചായിയച്ചന്റെ ജീവിതസാക്ഷ്യം. വസ്തുക്കളോടുള്ള അകലം, അധികാരത്തോടുള്ള വിരക്തി, പ്രശസ്തിയോടുള്ള അവഗണന—ഇവയൊക്കെയിലൂടെ ആന്തരിക ദാരിദ്ര്യത്തിന്റെ (poverty of spirit) ശക്തമായ വ്യാഖ്യാനമായി അദ്ദേഹം ജീവിതത്തെ മാറ്റി. അദ്ദേഹത്തിന്റെ സന്യാസദര്‍ശനത്തിന്റെ കേന്ദ്രത്തില്‍ ബോധത്തിന്റെ ജാഗ്രത നിലകൊണ്ടു. പ്രാര്‍ത്ഥന അദ്ദേഹത്തിനു വെറും അനുഷ്ഠാനമായിരുന്നില്ല; അത് ചിന്തയോടൊപ്പം നടക്കുന്ന ധ്യാനമായിരുന്നു. സിറിയക് കണിച്ചായിയച്ചന്റെ സന്യാസദര്‍ശനം ബന്ധങ്ങളോടുള്ള ഉത്തരവാദിത്തം കൂടിയായിരുന്നു. മനുഷ്യനെ അദ്ദേഹം പ്രശ്‌നമായി കാണാതെ, ഒരു രഹസ്യമായി കണ്ടു; ആദരത്തോടെയും കരുണയോടെയും സമീപിച്ചു. കണിച്ചായിയച്ചന്റെ സന്യാസം കര്‍മ്മനിരതമായ ധ്യാനം ആയിരുന്നു. ചിന്തിക്കുന്നതും പഠിപ്പിക്കുന്നതും ജീവിക്കുന്നതും ഒരേ ആത്മാവില്‍ നിന്ന് ഒഴുകിയ ജീവിതം. അതുകൊണ്ടുതന്നെ, അദ്ദേഹം പ്രസംഗിച്ച സന്യാസം അല്ല, ജീവിച്ചു കാണിച്ച സന്യാസം തന്നെയാണ് തലമുറകളെ വഴിനടത്തിയത്.

നിരന്തരമായി പഠിച്ചുകൊണ്ടിരുന്ന ഒരാളായിരുന്നു, കണിച്ചായിയച്ചന്‍; അതാണ് അദ്ദേഹത്തെ എന്നും വളര്‍ന്നുകൊണ്ടിരുന്ന ഒരു അധ്യാപകനാക്കി മാറ്റിയത്. അറിവിനോടുള്ള അദ്ദേഹത്തിന്റെ അണങ്ങാത്ത ദാഹവും ജ്ഞാനത്തിനായുള്ള ആവേശപൂര്‍ണ്ണമായ അന്വേഷണവും അദ്ദേഹത്തെ വ്യതിരിക്തനാക്കി. വായനയും വിജ്ഞാന സമ്പാദനവും അറിവിനെ ആനുകാലികമാക്കലും ഗണ്യമായി കുറഞ്ഞുപോകുന്ന കാലത്തു, ജ്ഞാനപ്രകാശം എന്ന കണിച്ചായി ഒരേ സമയം പ്രചോഠനവും വെല്ലുവിളിയുമാണ്. അനുകമ്പയും മനസ്സിലാക്കലും നിറഞ്ഞ ഹൃദയം കൊണ്ട് പഠിപ്പിക്കുന്നവര്‍ കുറയുമ്പോള്‍ ഞാന്‍ എന്റേതല്ല, നിന്റേതാണ് എന്ന 'നമസ്‌കാരം' പറഞ്ഞു പഠിപ്പിച്ച ഗുരു വ്യത്യസ്തനാവുകയാണ്.

വസ്തുക്കളോടുള്ള അകലം, അധികാരത്തോടുള്ള വിരക്തി, പ്രശസ്തിയോടുള്ള അവഗണന ഇവയൊക്കെയിലൂടെ ആന്തരിക ദാരിദ്ര്യത്തിന്റെ ശക്തമായ വ്യാഖ്യാനമായി കണിച്ചായിയച്ചൻ തന്റെ ജീവിതത്തെ മാറ്റി.

ഇന്ന് സിറിയക് കണിച്ചായിയച്ചന്‍ നിത്യവിശ്രമത്തിലേക്ക് പ്രവേശിച്ചിരിക്കുമ്പോള്‍, അദ്ദേഹം തെളിച്ച ജ്ഞാനപ്രകാശം അനേകം മനസ്സുകളില്‍ ഇപ്പോഴും ജ്വലിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിലൂടെ പഠിച്ച തലമുറകളുടെ ചോദ്യങ്ങളില്‍, വിമര്‍ശനബോധത്തില്‍, ആത്മീയ ആഴത്തില്‍—ആ പ്രകാശം തുടര്‍ന്നുകൊണ്ടിരിക്കുന്നു. കര്‍മ്മനിരതമായ ജീവിതത്തിലൂടെ ചിന്തയെയും വിശ്വാസത്തെയും മനുഷ്യസ്‌നേഹത്തെയും ഒന്നാക്കിയ സിറിയക് കണിച്ചായച്ചന്‍, കാലാതീതമായ ഒരു ഗുരുവായും ആത്മീയ മാര്‍ഗദീപമായും എന്നും സ്മരണയില്‍ നിലനില്‍ക്കും.

'പരനും അപരനും വേണ്ടിയുള്ള ഒരു നരന്‍' ആയി ദൈവ മനുഷ്യ സ്മൃതികളില്‍ മരിക്കാത്ത ഓര്‍മ്മയാകണം.'

'മതിജ്ഞാനം പോരാ ശ്രുതിജ്ഞാനം വേണം'

'വാക്കോതിയാല്‍ പോരാ പ്രവൃത്തിയാകണം'

'ലോജിക്കില്‍ തുടങ്ങി ലോഗോസാകണം'

'മാംസമാകണം, പിന്നെ

മനുഷ്യനു കൈക്കൊള്ളാന്‍ പറ്റും

കുര്‍ബ്ബാനയാകണം...'

'ഞാന്‍ എന്റേതല്ല, നിന്റേതാണ്

എന്ന 'നമസ്‌കാരം' പറയണം'

പ്രകാശമിങ്ങനെ പടരുന്നു......

പകര്‍പ്പുകളില്ലാത്ത ചിന്ത കൊണ്ടും

കലര്‍പ്പുകളില്ലാത്ത വാക്കു കൊണ്ടും

നേര്‍രേഖ പോലൊരു ജീവനം കൊണ്ടും

നേരിയ സ്വരത്തില്‍ പറഞ്ഞ നേരു കൊണ്ടും

തലമുറകള്‍ക്കായി തെളിഞ്ഞ ജ്ഞാനപ്രകാശമേ,

അണയുന്നില്ല നീ, ഭൂമിയുള്ള കാലത്തോളം!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org