കാലങ്ങള്‍ കടന്നെത്തിയ അക്ഷരങ്ങളുടെ അനശ്വരസഞ്ചയം

കാലങ്ങള്‍ കടന്നെത്തിയ അക്ഷരങ്ങളുടെ അനശ്വരസഞ്ചയം
Published on
  • ഷിജു ആച്ചാണ്ടി

സംക്ഷേപവേദാര്‍ത്ഥം എന്ന പുസ്തകത്തെ സണ്‍ഡേ സ്‌കൂളില്‍ പഠിച്ച സകലരും കേട്ടിട്ടുണ്ടാകും. കാറ്റിക്കിസം ക്വിസിലെ ഒരു സ്ഥിരം ചോദ്യോത്തരമാണ് സംക്ഷേപവേദാര്‍ത്ഥം. 1772-ല്‍ റോമില്‍ അച്ചടിക്കപ്പെട്ട മലയാളപുസ്തകം. വിദേശമിഷണറിയായ ക്ലെമന്റ് പാതിരി ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ മലയാളികള്‍ക്കു വിശദീകരിക്കാനായി ചോദ്യോത്തരരൂപത്തില്‍ എഴുതിയ ഗ്രന്ഥം. അച്ചടിക്കപ്പെടുന്ന പൂര്‍ണ്ണ പുസ്തകരൂപത്തിലുള്ള ആദ്യ മലയാളപുസ്തകം. പേരു കൃത്യമായി പറഞ്ഞാല്‍ 'നസ്രാണികള്‍ ഒക്കക്കും അറിയെണ്ടുന്ന സംക്ഷേപവേദാര്‍ത്ഥം.' 1774-ലാണ് അതിന്റെ പ്രതികള്‍ കേരളത്തിലെത്തുന്നത്. സംക്ഷേപവേദാര്‍ത്ഥമെന്ന പേര് നാം ധാരാളം കേട്ടിട്ടുണ്ട്, മുഖചിത്രത്തിന്റെ പടവും കണ്ടിട്ടുണ്ട്. പക്ഷേ ഉള്ളടക്കം വായിച്ചവര്‍ അപൂര്‍വമായിരുന്നു. കാരണം, നൂറ്റാണ്ടുകള്‍ പിന്നിട്ട് അവശേഷിക്കുന്ന പ്രതികള്‍ കുറവ്, അവ തന്നെ സാധാരണക്കാരെ സംബന്ധിച്ച് അപ്രാപ്യവും.

പക്ഷേ, ഇന്ന് സംക്ഷേപവേദാര്‍ത്ഥം ഇന്റര്‍നെറ്റില്‍ കാണാം, വായിക്കാം. അതിന് അവസരമൊരുക്കിയ വ്യക്തിയാണു ഷിജു അലക്‌സ്. ബാംഗ്ലൂര്‍ ധര്‍മ്മാരാം കോളേജ് ലൈബ്രറിയില്‍ സൂക്ഷിച്ചിരുന്ന കൃതിയാണ് ശാസ്ത്രീയമായി ഡിജിറ്റല്‍ രൂപത്തിലാക്കി, ഇന്ന് ലോകത്താര്‍ക്കും കാണാനും പഠിക്കാനും കഴിയുന്ന വിധത്തില്‍ ലഭ്യമാക്കിയിരിക്കുന്നത്.

സംക്ഷേപവേദാര്‍ത്ഥം മാത്രമല്ല, അതിപുരാതനങ്ങളും അപൂര്‍വങ്ങളും അതേസമയം അമൂല്യവുമായ ഒട്ടേറെ മലയാള ഗ്രന്ഥങ്ങളും രേഖകളും ഷിജു അലക്‌സിന്റെ ശ്രമഫലമായി ഇന്ന് അനശ്വരമായ ഡിജിറ്റല്‍ രൂപം കൈവരിക്കുകയും ആര്‍ക്കും വായിക്കാവുന്ന തരത്തില്‍ ഇന്റര്‍നെറ്റില്‍ ഗ്രന്ഥപ്പുര എന്ന സൈറ്റില്‍ (gpura.org) പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കൈയെഴുത്തുപ്രതികളും താളിയോലകളും ഉള്‍പ്പെടെയുള്ള പഴയ ഗ്രന്ഥങ്ങളും രേഖകളും ഡിജിറ്റല്‍ രൂപത്തിലാക്കി ഇന്റര്‍നെറ്റില്‍ ലഭ്യമാക്കുന്ന ദൗത്യം ഷിജുവിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ കാര്യക്ഷമമായി നടന്നു വരികയാണ്.

അതിപുരാതനങ്ങളും അപൂര്‍വങ്ങളും അതേസമയം അമൂല്യവുമായ ഒട്ടേറെ മലയാള ഗ്രന്ഥങ്ങളും രേഖകളും ഷിജു അലക്‌സിന്റെ ശ്രമഫലമായി ഇന്ന് അനശ്വരമായ ഡിജിറ്റല്‍ രൂപം കൈവരിക്കുകയും ആര്‍ക്കും വായിക്കാവുന്ന തരത്തില്‍ ഇന്റര്‍നെറ്റില്‍ ഗ്രന്ഥപ്പുര എന്ന സൈറ്റില്‍ (gpura.org) പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ഓരോ ദിവസവും ഇരുപത്തഞ്ചോളം പുസ്തകങ്ങള്‍ പുതുതായി ഇപ്രകാരം റിലീസ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. പുസ്തകങ്ങളും രേഖകളുമായി ആറായിരത്തഞ്ഞൂറോളം എണ്ണം സ്‌കാന്‍ ചെയ്തു ഡിജിറ്റലാക്കുകയും പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുകയും ചെയ്തു കഴിഞ്ഞു. ഏഴു ലക്ഷത്തോളം പേജുകള്‍ പൂര്‍ത്തിയായി. ദിവസം പ്രതി പുസ്തകങ്ങളുടെയും പേജുകളുടെയും എണ്ണം കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്നു.

ബംഗളുരുവിലും ചെന്നൈയിലും തിരുവനന്തപുരത്തും കോട്ടയത്തുമായി ഗ്രന്ഥപ്പുരയ്ക്കുവേണ്ടിയുള്ള സ്‌കാനിംഗും തുടര്‍പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്. ബംഗളൂരുവില്‍ ധര്‍മ്മാരാം കോളേജിലും ചെന്നൈ മദ്രാസ് യൂണിവേഴ്‌സിറ്റി ലൈബ്രറിയിലും തിരുവന്തപുരം പി ഗോവിന്ദപിള്ള ലൈബ്രറിയിലും കോട്ടയം പബ്ലിക് ലൈബ്രറിയിലുമാണ് പന്ത്രണ്ടോളം പൂര്‍ണ്ണസമയ പ്രവര്‍ത്തകര്‍ ഇതിനായി ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. 32 ലക്ഷത്തിലധികം രൂപ വിലയുള്ള അത്യാധുനികമായ സ്‌കാനറുകളാണ് ഉപയോഗിക്കുന്നത്. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാതെയാകണം പുരാതനപുസ്തകങ്ങളും രേഖകളും ഡിജിറ്റൈസ് ചെയ്യപ്പെടേണ്ടതെന്ന നിഷ്ഠ ഇവര്‍ പുലര്‍ത്തുന്നു. ഇപ്പോള്‍ ഇന്‍ഡിക് ഡിജിറ്റല്‍ ആര്‍ക്കൈവ് ഫൗണ്ടേഷന്‍ എന്ന സംവിധാനത്തിനു കീഴില്‍ വ്യവസ്ഥാപിതമായി നടക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ പക്ഷേ തുടങ്ങിയത് ഷിജു വ്യക്തിപരമായ നിലയിലാണ്. Shijualex.in എന്ന സ്വന്തം ബ്ലോഗിലാണ് ഷിജു സ്വന്തം പണം മുടക്കി, സ്‌കാന്‍ ചെയ്ത പുരാതന പുസ്തകങ്ങളും രേഖകളും ശേഖരിച്ചു പൊതുജനത്തിനു ലഭ്യമാക്കിക്കൊണ്ടിരുന്നത്. ഇത്രയും ബൃഹത്തായ ഒരു സംരംഭം ഒറ്റയ്ക്കു മുന്നോട്ടു കൊണ്ടുപോകാനാകില്ല എന്ന ഘട്ടമെത്തിയപ്പോള്‍ ഷിജു അതു നിര്‍ത്താം എന്ന ആലോചനയിലെക്കെത്താന്‍ നിര്‍ബന്ധിതനായി. പക്ഷേ സോഷ്യല്‍ മീഡിയയിലൂടെ ഈ ആലോചന അറിഞ്ഞ ഭാഷാസ്‌നേഹികള്‍ ഇടപെടുകയും അനേകരുടെ സഹായത്തോടെ ഈ നോണ്‍ പ്രോഫിറ്റ് ഫൗണ്ടേഷനു രൂപം നല്‍കുകയുമായിരുന്നു.

ഫിസിക്‌സില്‍ ബിരുദാനന്തരബിരുദം നേടി ബംഗളൂരുവില്‍ ഒരു എന്‍ജിനീയറിംഗ് കമ്പനിയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന പാലക്കാട്ടുകാരനായ ഷിജുവിനു പുരാതന പുസ്തകങ്ങളോടും പുരാരേഖകളോടുമുള്ള കമ്പം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. ലിപി പരിണാമം, അച്ചടിയുടെ ചരിത്രം എന്നിവയിലുള്ള താത്പര്യം ഭാഷാ കമ്പ്യൂട്ടിംഗിലേക്കു നയിച്ചു. ഭാഷാഗവേഷണത്തില്‍ ഗൗരവമായി ഇടപെടാന്‍ തുടങ്ങി. അതിനായി പഴയ പുസ്തകങ്ങളും രേഖകളും അന്വേഷിക്കുമ്പോള്‍ പലതും ലഭ്യമല്ലെന്നും പലതും കാലപ്പഴക്കത്താല്‍ നാശോന്മുഖമാണെന്നും അറിഞ്ഞു. പെട്ടെന്നു സ്‌കാന്‍ ചെയ്തു ഡിജിറ്റലാക്കിയില്ലെങ്കില്‍ നശിച്ചു പോകുന്നതിന്റെ വില ഷിജുവിനറിയാമായിരുന്നു. അങ്ങനെയാണ് ആ ദൗത്യം സ്വയമേറ്റെടുത്തത്. ലോകത്തില്‍ തന്നെ ഡിജിറ്റൈസേഷന്റെ പ്രാരംഭഘട്ടമായിരുന്നു അത്. നഷ്ടപ്പെട്ടുവെന്നു കരുതിയിരുന്നതും കണ്ടെത്തുക ദുഷ്‌കരമാണെന്നു വിചാരിച്ചിരുന്നതുമായ ഗ്രന്ഥങ്ങള്‍ ഓരോന്നായി ഷിജുവിന്റെ ബ്ലോഗില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഗവേഷകര്‍ക്ക് അതു വലിയ അനുഗ്രഹമായി. അവര്‍ അതു പ്രയോജനപ്പെടുത്തുകയും ഒപ്പം മറ്റു പുസ്തകങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും ചെയ്യാന്‍ തുടങ്ങി. അങ്ങനെയാണ് ഷിജു തുടങ്ങിയ സംരംഭം വലുതായതും ഇപ്പോള്‍ ഫൗണ്ടേഷന്റെ രൂപത്തിലേക്കെത്തിയതും.

കേരളത്തില്‍ ഭാഷാസേവനവും അച്ചടിയും പുസ്തകപ്രസാധനവുമായി ബന്ധപ്പെട്ട മേഖലയില്‍ ക്രൈസ്തവസഭകള്‍ അമൂല്യവും അനന്യവുമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പലതിന്റെയും പ്രാരംഭകര്‍ തന്നെ ക്രൈസ്തവമിഷണറിമാരാണ്. അതുകൊണ്ടു തന്നെ നൂറ്റാണ്ടുകളുടെ പഴക്കമുളള പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും രേഖകളും സഭകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലുണ്ട്. അവയെല്ലാം ഡിജിറ്റൈസ് ചെയ്തു പൊതുമണ്ഡലത്തില്‍ ലഭ്യമാക്കേണ്ടതാണെന്നു ഷിജു അലക്‌സ് പറഞ്ഞു. 'ഒന്നും രഹസ്യമാക്കി വയ്‌ക്കേണ്ടതല്ല. ചരിത്രത്തിന്റെ ഭാഗമായ എല്ലാ രേഖകളും ഡിജിറ്റലാകുകയും സുതാര്യമാകുകയും വേണം. അവയെല്ലാം ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രാപ്യമാകണം. ചരിത്രത്തെ പേടിക്കേണ്ടതില്ല. വത്തിക്കാന്‍ അതിന്റെ രഹസ്യരേഖാലയം പോലും ഗണ്യമായ വിധത്തില്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാക്കി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പുസ്തകങ്ങളുടെയും രേഖകളുടെയും ഡിജിറ്റൈസേഷനു സഭ സവിശേഷമായ ശ്രദ്ധ നല്‍കണം.' ഷിജു ആവശ്യപ്പെട്ടു.

1960-നു മുമ്പുള്ള പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും ഡിജിറ്റൈസ് ചെയ്യുവാന്‍ ഫൗണ്ടേഷന്റെ സേവനം ഉപയോഗപ്പെടുത്താവുന്നതാണെന്നു ഷിജു സൂചിപ്പിച്ചു. ഫൗണ്ടേഷന്‍ സ്‌കാന്‍ ചെയ്യുന്ന എല്ലാ രേഖകളും ഗ്രന്ഥപ്പുരയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും പൊതുമണ്ഡലത്തില്‍ സൗജന്യമായി ലഭ്യമാക്കുകയും ചെയ്യും എന്നതു മാത്രമാണ് പ്രധാനമായ വ്യവസ്ഥ.

സത്യദീപം വാരിക സ്ഥാപിതമായത് 1927-ലാണ്. സത്യദീപത്തിന്റെ ശതാബ്ദി അടുത്ത വര്‍ഷം ആരംഭിക്കുന്നു. 1927 മുതലുള്ള സത്യദീപത്തിന്റെ ഓരോ വര്‍ഷത്തെയും കോപ്പികള്‍ ബൈന്‍ഡ് ചെയ്ത പുസ്തകരൂപത്തില്‍ സത്യദീപം ലൈബ്രറിയില്‍ ലഭ്യമാണ്. ആദ്യകാലത്തെ കോപ്പികള്‍ ഇനിയും അച്ചടിച്ച രൂപത്തില്‍ മാത്രം സൂക്ഷിക്കുന്നത് അവയുടെ കാലപ്പഴക്കത്താലുള്ള വിനാശത്തിനു വഴി വച്ചേക്കും. അവയെല്ലാം സ്‌കാന്‍ ചെയ്തു വായനക്കാര്‍ക്കു വായിക്കാവുന്ന തരത്തില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഇന്‍ഡിക് ഫൗണ്ടേഷനുമായി നടന്നുവരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org