ഹോര്‍മിസ് തരകന്‍ (മുന്‍ ഡി ജി പി)
'തന്റെ സുഹൃത്തിനുവേണ്ടി ജീവന്‍ അര്‍പ്പിക്കുക എന്നതില്‍ വലുതായ സ്‌നേഹം ഇല്ല' എന്ന ക്രിസ്തുവിന്റെ വചനം അന്വര്‍ത്ഥമാക്കിത്തീര്‍ത്ത കോള്‍ബേയെക്കുറിച്ച് കേള്‍ക്കാത്തവര്‍ സഭയില്‍ വിരളമായിരിക്കും. ഈ വിശുദ്ധന് കേരളവുമായി ഒരു നേരിയ ബന്ധം ഉണ്ട്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളില്‍ തൃശ്ശൂര്‍ ജില്ലയിലെ ഇടമുട്ടം ഗ്രാമത്തില്‍ നിന്നും തൊഴില്‍ തേടി സിലോണിലെത്തിയ വെത്തോടി കുമാരന്‍ എന്ന വ്യക്തിയാണ് ഈ ബന്ധത്തിന് ഹേതു. കുറെ നാള്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ എന്‍ജിനീയറിങ് കോറില്‍ ജോലി ചെയ്തതിനുശേഷം കുമാരന്‍ കൊളമ്പിലെ പേട്ടയില്‍ ഒരു റസ്റ്റോറന്റ് തുടങ്ങി. അധികം താമസിയാതെ, കൊളമ്പിലെ തന്നെ സ്ലേവ് ഐലന്റിലെ ഹോട്ടല്‍ നിപ്പോണ്‍ എന്ന സ്ഥാപനത്തില്‍ അദ്ദേഹം പങ്കാളിയായി. 1938 ജൂണ്‍ മാസത്തില്‍ ജപ്പാനില്‍ നിന്ന് തന്റെ നാടായ പോളണ്ടിലേക്ക് കപ്പല്‍മാര്‍ഗം മടങ്ങവേ, ഫാദര്‍ മാക്‌സിമില്യന്‍ കോള്‍ബേ കൊളമ്പില്‍ ഹോട്ടല്‍ നിപ്പോണില്‍ തങ്ങുകയും അടുത്തുള്ള ഹോളി റോസറി പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു. രണ്ടു സ്ഥാപനങ്ങളിലും തന്റെ കയ്യൊപ്പ് ഉള്ള സന്ദേശങ്ങള്‍ കുറിച്ചിട്ടാണ് അദ്ദേഹം മടങ്ങിയത്.
വിശുദ്ധന്‍ താമസിച്ച നിപ്പോണ്‍ ഹോട്ടലിന്റെ ചരിത്രം കൗതുകകരമാണ്. കൊളമ്പിലെ സ്ലേവ് ഐലന്റ് എന്ന നഗരപ്രദേശത്താണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത് എന്ന് നേരത്തെ പറഞ്ഞുവല്ലോ. പതിനാറാം നൂറ്റാണ്ടില്‍ ആഫ്രിക്കയില്‍ നിന്ന് പോര്‍ച്ചുഗീസുകാര്‍ കൊണ്ടുവന്ന അടിമകളെ പാര്‍പ്പിച്ചിരുന്ന ഇടമാണിത്. പൊതുവേ തിരക്കേറിയ ഈ ബിസിനസ് ഡിസ്ട്രിക്‌സിന്റെ തെരുവുകളില്‍ വ്യാഴാഴ്ച ദിവസം വല്ലാത്ത തിരക്കുമുട്ടലാണ്. എന്തെന്നാല്‍, അന്നാണ് നാനാജാതി മതസ്ഥരായ കൊളമ്പ് നിവാസികള്‍ ഉണ്ണീശോയുടെ നൊവേന കൂടാനായി ഹോട്ടലിന് തൊട്ടടുത്തുള്ള ഹോളി റോസറി പള്ളിയില്‍ പോകുന്നത്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളില്‍ തൃശ്ശൂര്‍ ജില്ലയിലെ ഇടമുട്ടം ഗ്രാമത്തില്‍ നിന്നും തൊഴില്‍ തേടി സിലോണിലെത്തിയ വെത്തോടി കുമാരന്‍ എന്ന വ്യക്തിയാണ് ഈ ബന്ധത്തിന് ഹേതു.
ജപ്പാനില്‍ നിന്ന് പോളണ്ടിലേക്കുള്ള യാത്ര മധ്യേ, പോളണ്ടുകാരനായ ഫാദര്‍ മാക്‌സിമില്യന്‍ കാള്‍ബേ, പോളണ്ടുകാരന്‍ തന്നെയായ റോസ്‌കോവ്‌സ്‌കിയുടെ ഹോട്ടലില്‍ തങ്ങാന്‍ തീരുമാനിച്ചതില്‍ അല്‍ഭുതമില്ലല്ലോ. കൂടാതെ, ഹോട്ടല്‍ ഉടമ റോസ്‌കോവിസ്‌കി അടുത്തുള്ള ഹോളി റോസറി പള്ളിയിലെ പുരോഹിതരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഒരാളുമായിരുന്നു. അങ്ങനെ ആയിരിക്കണം വിശുദ്ധന്‍ ഹോളി റോസറി പള്ളിയില്‍ ബലി അര്‍പ്പിക്കുവാന്‍ ഇടയായത്.
'നിപ്പോണ്‍' എന്നത് 'ഉദയസൂര്യന്റെ നാട്' എന്നര്‍ത്ഥമുള്ള ഒരു ജാപ്പനീസ് വാക്കാണ്. വെത്തേരി കുമാരന്‍ കുടുംബത്തിന്റെ കൊളമ്പിലെ ഹോട്ടലിന് ഈ പേര് എങ്ങനെ വന്നു? 1882-ലാണ് ആ കഥയുടെ തുടക്കം. ആ വര്‍ഷം, നിപ്പോണ്‍ ഹോട്ടല്‍ ഇപ്പോള്‍ നില്‍ക്കുന്നേടത്ത്, 'മാനിങ്ങ് മാന്‍ഷന്‍സ്' എന്ന പേരില്‍ 14 ബ്ലോക്കുകളുള്ള ഒരു സമുച്ചയം നിര്‍മ്മിക്കപ്പെട്ടു. ബ്രിട്ടീഷ് മിലിട്ടറി ഓഫീസര്‍മാര്‍ക്ക് താമസിക്കുവാനുള്ള വസതികളായിരുന്നു അവ. പിന്നെപ്പോഴോ അടുത്ത നൂറ്റാണ്ടില്‍ റോസ്‌കോവ്‌സ്‌കി എന്ന പോളണ്ടുകാരന്‍ ഈ സമുച്ചയം വാങ്ങി അത് 'ഹോട്ടല്‍ പോള്‍സ്‌കി' ആക്കി മാറ്റി. അനന്തരം അദ്ദേഹം ഒരു ജാപ്പനീസ് വനിതയെ വിവാഹം കഴിച്ചപ്പോഴാണ് സ്ഥാപനത്തിന് 'ഹോട്ടല്‍ നിപ്പോണ്‍' എന്ന പേര് നല്കിയത്.
ജൂനിയര്‍ റോസ്‌ക്‌വോസ്‌കിയുടെയും ഭാര്യയുടെയും ബിസിനസ് പങ്കാളിയായാണ് വെത്തോടി കുമാരന്‍ രംഗപ്രവേശം ചെയ്യുന്നത്. അധികം താമസിയാതെ ഹോട്ടലിന്റെ ചുമതല മുഴുവനായി അദ്ദേഹം ഏറ്റെടുത്തു. എന്നാല്‍ 1980 കളില്‍ ശ്രീലങ്കയില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നതോടെ ഹോട്ടല്‍ നിപ്പോണും പല ഭീഷണികള്‍ നേരിടേണ്ടി വന്നു. ശ്രീലങ്കന്‍ ആര്‍മിയുടെയും എയര്‍ഫോഴ്‌സിന്റെയും ആസ്ഥാനമന്ദിരങ്ങള്‍ക്കിടയിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത് എന്ന വസ്തുത പ്രശ്‌നം സങ്കീര്‍ണ്ണമാക്കി. 2008 ജനുവരി രണ്ടാം തീയതി ഒരു ആര്‍മി ബസ്സിനെതിരായി നിപ്പോണ്‍ ഹോട്ടലിന്റെ നേരെ മുമ്പില്‍വച്ച് നടന്ന ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 2009-ല്‍ ആഭ്യന്തര യുദ്ധം സമാപിച്ച ഉടന്‍ വെത്തോടി സഹോദരര്‍ (വെത്തോടി കുമാരന്റെ പുത്രന്മാരായ ചന്ദ്രസേനന്‍, വാസന്‍, വത്സന്‍, പ്രസന്നന്‍, പ്രദീപ്കുമാര്‍ എന്നിവര്‍) ഹോട്ടല്‍ സിലോണ്‍ ആധുനീകരിക്കുന്നതിന് തീരുമാനിച്ചു. അതിന്റെ ഫലമായി ഇന്നത്തെ കൊളമ്പ് എന്ന ആധുനിക നഗരിയില്‍ അതിവിശിഷ്ടമായ രീതിയില്‍ ഈ ഹോട്ടല്‍ പ്രവര്‍ത്തിച്ചു പോരുന്നു.
ഇടമുട്ടത്തുനിന്നും കൊളമ്പിലെത്തി ഒരു ബിസിനസ് സാമ്രാജ്യം അവിടെ പടുത്തുയര്‍ത്തിയ വെത്തോടി കുമാരന് ഒരു സ്മാരകമായി ഹോട്ടല്‍ നിപ്പോണ്‍ വിരാജിക്കുന്നു. ശ്രീലങ്കയിലെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ അവഗണിക്കാന്‍ വയ്യാത്ത സാന്നിധ്യം ഇന്ന് വെത്തോടി കുടുംബത്തിന്റേതായുണ്ട്. ഒരിക്കല്‍ നിപ്പോണ്‍ ഹോട്ടലില്‍ വസിച്ച പുണ്യാളന്റെ അനുഗ്രഹം എന്നും ഈ മലയാളി കുടുംബത്തിന്റെ മേല്‍ പ്രകാശിക്കുന്നുണ്ടാവും.