കേരള സഭയിൽ ഉണ്ടാകേണ്ട സംഭാഷണത്തിന്‍റെ സംസ്ക്കാരം

കേരള സഭയിൽ ഉണ്ടാകേണ്ട സംഭാഷണത്തിന്‍റെ സംസ്ക്കാരം

ഫാ. ബിനോയ് പിച്ചളക്കാട്ട് SJ
ഡയറക്ടര്‍, ലെയോള ഇന്‍സ്റ്റിറ്റ്യൂട്ട്

ലോകവ്യാപകമായി നോക്കുമ്പോള്‍ 1.28 ബില്യണ്‍ ജനങ്ങള്‍ കത്തോലിക്കാ സഭയില്‍ അംഗങ്ങളാണ്. ലത്തീന്‍ സഭയും 23 വ്യക്തിഗത സഭകളും ചേര്‍ന്നതാണിത്. ഇതില്‍ ലത്തീന്‍ സഭയില്‍ മാത്രം ഒരു ബില്യണ്‍ ജനങ്ങളുണ്ട്. കേരളത്തില്‍ സീറോ- മലബാര്‍ സഭയില്‍ 50 ലക്ഷവും ലത്തീന്‍ സഭയില്‍ 20 ലക്ഷവും സീറോ-മലങ്കര സഭയില്‍ 4.5 ലക്ഷവും അംഗങ്ങളാണുള്ളത്.

ഈ കണക്കുകളുടെ പശ്ചാത്തലത്തില്‍ രണ്ടു ചോദ്യങ്ങളാണ് ഞാന്‍ മുന്നോട്ടു വയ്ക്കുന്നത്. വിശ്വാസികള്‍ എന്ന നിലയില്‍ നാം സഭയെ എങ്ങനെ മനസ്സിലാക്കുന്നു എന്നതാണ് അതില്‍ ആദ്യത്തേത്. വിശ്വാസിയെ സംബന്ധിച്ചു വി. ഗ്രന്ഥത്തിലെന്ന പോലെ ക്രിസ്തുകേന്ദ്രീകൃതമാണ് സഭ. ക്രിസ്തുവിനാല്‍ സ്ഥാപിക്കപ്പെട്ടതാണത്. ക്രിസ്തുവിന്‍റെ ജനനവും പരസ്യജീവിതവും പീഡാനുഭവവും മരണവും ഉത്ഥാനവും ഉള്‍പ്പെടുന്ന അവിടുത്തെ ജീവിതമാണത്. ശിഷ്യന്മാരുടെ തിരഞ്ഞെടുപ്പും വി. കുര്‍ബാന സ്ഥാപനവുമെല്ലാം അതുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. അപ്പസ്തോലികവും ശ്ലൈഹികവും സാര്‍വത്രീകവുമാണ് സഭ എന്ന വിശ്വാസ പ്രഘോഷണം നാം നടത്താറുണ്ട്. ദൈവശാസ്ത്രത്തിലും തത്ത്വശാസ്ത്രത്തിലും ഊന്നിക്കൊണ്ട് സഭാപിതാക്കന്മാര്‍ ഉത്ബോധിപ്പിച്ചതും വിശദീകരിച്ചതുമായ കാര്യങ്ങള്‍ സഭാ ദര്‍ശന രൂപീകരണത്തില്‍ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. കാലാന്തരങ്ങളില്‍ പ്രഗത്ഭന്മാരായ മാര്‍പാപ്പമാര്‍ സഭയ്ക്ക് മികവുറ്റ മാര്‍ഗ്ഗദര്‍ശനം നല്‍കിയിട്ടുണ്ട്.

അഭിമാനപൂര്‍വം നമുക്കു പറയാവുന്നതാണ് സാമൂഹിക രംഗത്തെ സഭയുടെ സംഭാവനകള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ധര്‍മ്മസ്ഥാപനങ്ങള്‍, മിഷന്‍ ആശുപത്രികള്‍, സന്നദ്ധ സേവന സ്ഥാപനങ്ങള്‍…. ഈ പട്ടിക അവസാനിക്കുന്നില്ല. എന്നാല്‍ ഇതിനൊപ്പം സഭയുടെ ഉള്ളില്‍ത്തന്നെ വിശ്വാസിയുടെ ധര്‍മ്മസങ്കടത്തിന്‍റെ വശം കൂടിയുണ്ട്. അതു വളരെ നിരൂപണാത്മകമായി വിലയിരുത്തുമ്പോള്‍ തെളിഞ്ഞുവരുന്നത് സഭയുടെ മറുവശമാണ്. സഭ ഇങ്ങനെ പോയാല്‍ പോരാ എന്നു ചിന്തിക്കുന്നവരുണ്ട്. സഭാനേതാക്കന്മാരുടെ കാഴ്ചപ്പാടുകള്‍ മാറണം, വിശ്വാസികളുടെ പങ്കാളിത്തം വര്‍ദ്ധിക്കണം എന്നു പറയുന്നവരുണ്ട്. സ്ഥാപനവത്കരണം, അധികാര പ്രമത്തത, ശ്രേണീബദ്ധത, ധാര്‍ഷ്ട്യത്തിന്‍റെയും അഹങ്കാരത്തിന്‍റെയും മുഖങ്ങള്‍ തുടങ്ങിയവയൊക്കെ വിശ്വാസിയുടെ മനസ്സില്‍ വൈരുദ്ധ്യാത്മകമായ അനുഭവം കൊണ്ടുവരുന്നുണ്ട് എന്നതില്‍ സംശയമില്ല. ആ വിധത്തില്‍ അവര്‍ അഭിമുഖീകരിക്കുന്നത് ഒരു പ്രതിസന്ധി തന്നെയാണ്. ഈ പ്രതിസന്ധി സഭയുടെയും പ്രതിസന്ധിയാണ്.

രണ്ടാമത്തെ ചോദ്യം മറ്റുള്ളവര്‍, സഭയ്ക്കു പുറത്തുള്ളവര്‍ എങ്ങനെയാണ് സഭയെ നോക്കി കാണുന്നത് എന്നാണ്. ഇവിടെയും പലതരത്തിലുള്ള കാഴ്ചപ്പാടുകള്‍ ഉണ്ട്. തന്‍റെ മക്കളെ കത്തോലിക്കാ സ്ഥാപനത്തിലേ പഠിപ്പിക്കൂ എന്നു വാശി പിടിക്കുന്നവരുണ്ട്. ഗുണനിലവാരമുള്ള സേവനമാണ് അവരെ ആകര്‍ഷിക്കുന്നത്. മിഷന്‍ സ്ഥാപനങ്ങള്‍, മിതമായ നിരക്കില്‍ സേവനം നല്‍കുന്ന ആതുരാലയങ്ങള്‍ തുടങ്ങിയവ നടത്താന്‍ സഭ കാണിക്കുന്ന ധൈര്യവും വിശ്വസ്തതയും ഇന്ന് അംഗീകരിക്കപ്പെടുന്നുണ്ട്.

എന്നാല്‍ ഇതിന്‍റെ മറുവശം വിചിന്തനീയമാണ്. അധികാര മോഹവും അതിരുകടന്ന സമുദായ ബോധവും ചിലര്‍ക്കെങ്കിലുമുണ്ട്. നമ്മുടെ സ്ഥാപനങ്ങളിലെ പല നിയമനങ്ങളും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അഡ്മിഷനും നിയമനത്തിനും ഡൊണേഷന്‍ വാങ്ങുന്നത് അപരിചിതമായ കാര്യമല്ല. ഇവിടെയെല്ലാം, അകത്തുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും വൈരുധ്യാത്മകതയുടെ അനുഭവമാണു സഭ സമ്മാനിക്കുന്നത്. അത് സഭയുടെ പ്രതിസന്ധി തന്നെയാണ്.

ഈ പ്രതിസന്ധിയെ അഞ്ചായി തരംതിരിക്കാം. ഒന്നാമത്തേത് സ്വത്വപ്രതിസന്ധിയാണ്. സഭ ഇന്ന് ആയിരിക്കുന്നതും ആകേണ്ടതുമായതിനെക്കുറിച്ചുള്ള വിടവില്‍ നിന്നുണ്ടാകുന്ന പ്രതിസന്ധിയാണിത്. കപടതയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരുണ്ട്. നാം വിശുദ്ധിയിലൂടെ ചരിക്കുന്നുണ്ടോ എന്ന ഒരു ചോദ്യം ചോദിച്ചാല്‍ മാത്രം മതി പല പൊള്ളത്തരങ്ങളും വെളിച്ചത്താകും. നാം സ്ഥാപനവത്കൃതമാണോ, അതോ ക്രിസ്തു കേന്ദ്രീകൃതമോ? നാം ജനങ്ങള്‍ക്കൊപ്പമോ അതോ അധികാരകേന്ദ്രീകൃതമോ? ഈ ചോദ്യങ്ങള്‍ ഉന്നയിച്ചു നാം ആ ത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു.

രണ്ടാമത്തേത് ആധ്യാത്മികമായ പ്രതിസന്ധിയാണ്. ഭൗതികതയും ഉപഭോഗസംസ്ക്കാരവും സഭയുടെ പ്രയാണത്തെ ബാധിച്ചിട്ടുണ്ട്. നമ്മുടെ ആരാധനാലയങ്ങള്‍ ആഡംബര മന്ദിരങ്ങളാകുമ്പോള്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരുന്നില്ലേ? നിയമാനുഷ്ഠാനങ്ങളും ആചാരങ്ങളും നമുക്കു വേണം. എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള ആധ്യാത്മികത എന്താണെന്നു മനസ്സിലാക്കാതെ അനുഷ്ഠാനങ്ങളില്‍ കുടുങ്ങിപ്പോകുന്ന ഇടുങ്ങിയ മനോഗതിയായി ഇതു മാറരുത്. ധാരാളം ആരാധനാലയങ്ങളും ധ്യാനകേന്ദ്രങ്ങളും ഇവിടെ ഉണ്ടാകുന്നുണ്ട്. ബിഷപ്പുമാരെ വാഴിക്കുന്നു. വിശുദ്ധരും ഉണ്ടാകുന്നുണ്ട്. ആത്മീയ തീര്‍ത്ഥാടനങ്ങളും നൊവേനകളും വര്‍ദ്ധിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥമായ ആത്മീയത എവിടയെങ്കിലും നഷ്ടപ്പെടുന്നുണ്ടോ എന്ന ചോദ്യം ഉയരേണ്ടതാണ്. വിശ്വാസത്തിന്‍റെ പ്രതിസന്ധിയാണ് ഇന്നു സഭ അഭിമുഖീകരിക്കുന്ന വലിയ പ്രശ്നമായി നമുക്കു മുന്നിലുള്ളത്.

മൂന്നാമത്തേത് പ്രതിബദ്ധതയിലുള്ള പ്രതിസന്ധിയാണ്. വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്മായര്‍ക്കും ഇതു ബാധകമാണ്. പൗരോഹിത്യജീവിതത്തില്‍ പല തരത്തില്‍ വ്യക്തിത്വങ്ങളെ തരംതിരിക്കാനാകും. നല്ലവരായ ധാരാളം വൈദികര്‍ നമുക്കുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. വേറൊരു കൂട്ടര്‍ ബൗദ്ധിക തലത്തില്‍ മിടുക്കരാണെങ്കിലും പ്രായോഗികതയില്‍ മെച്ചപ്പെട്ടവരാകുന്നില്ല. മൂന്നാമത്തെ വിഭാഗത്തില്‍ അത്ര വിശുദ്ധമല്ലാത്ത ചിന്തകളില്‍ വ്യാപരിക്കുന്നവരാണ്. അധികാരം, പ ണം, പ്രശസ്തി എന്നിവയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണവര്‍. മറ്റൊരു വിഭാഗം വൈദിക മേല്‍ക്കോയ്മയിലും സുസ്ഥിതിയിലും അഭിരമിക്കുന്നവരാണ്. ഒരു പുരോഹിതന്‍ നല്ല അജപാലകനാകണമെന്നാണ് ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിപ്പിക്കുന്നത്. അജപാലന ധര്‍മ്മം നിര്‍വഹിക്കേണ്ടയാള്‍ ഭരണരംഗങ്ങളില്‍ മാത്രം പ്രശോഭിക്കുന്ന വ്യക്തിയാണെങ്കില്‍ ആധ്യാത്മികമായ ഇടിവ് സംഭവിക്കുമെന്നതില്‍ സംശയമില്ല. ഇക്കാര്യത്തില്‍ വിപ്ലവാത്മകമായ ഒരു മാറ്റം അനിവാര്യമാണ്.

അല്മായ പങ്കാളിത്തവുമായി ബന്ധപ്പെട്ട് അല്മായര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഇക്കാര്യത്തില്‍ അനുകരണീയമായ മാതൃകകളെ നാം തേടേണ്ടിയിരിക്കുന്നു. വിദേശരാജ്യങ്ങളില്‍ അല്മായ ഡീക്കന്മാരുടെ പങ്ക് വളരെ പ്രസക്തമാണ്. എത്രയോ നിര്‍ണായകമായ ഇടപെടലുകള്‍ അവര്‍ നടത്തുന്നു. അത്തരത്തില്‍ അല്മായര്‍ക്കു പരിശീലനം നല്‍കി അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു അവരെ പങ്കാളികളാക്കി മാറ്റേണ്ടതുണ്ട്. സ്ത്രീകളോടുള്ള കാഴ്ചപ്പാടില്‍ അത് ശുശ്രൂഷയില്‍ നിന്ന് അടിമത്വത്തിലേക്ക് പോകുന്നുണ്ടോ എന്നു ചോദിച്ചത് ഫ്രാന്‍സിസ് പാപ്പയാണ്.

നാലാമത്തേത് രാഷ്ട്രീയ പ്രതിസന്ധിയാണ്. കക്ഷിരാഷ്ട്രീയമല്ല ഇവിടെ വിവക്ഷ. അധികാരത്തിനു വേണ്ടിയുള്ള സഭയിലെ വടംവലികളാണ്. അധികാര ഭ്രാന്തുപിടിച്ച് അതിനുവേണ്ടിയുള്ള നീക്കുപോക്കുകള്‍ നടത്തുന്നവരുണ്ട്. ജാതിചിന്തയോടെയുള്ള ചില നീക്കങ്ങള്‍ ഇവിടെയും ഉണ്ട് എന്നു പറയാതിരിക്കാനാവില്ല. അധികാരം സേവനത്തിനും ശുശ്രൂഷയ്ക്കും എന്നു പറഞ്ഞ യേശുവില്‍ കേന്ദ്രീകൃതമായ സഭയാണോ നമ്മുടേത്?
പാരമ്പര്യവും ആധുനികതയും തമ്മിലുള്ള പ്രതിസന്ധിയാണ് അവസാനത്തേത്. ഇതു വളരെ ഗൗരവമേറിയതാണ്. സഭയുടെ ചരിത്രത്തില്‍ പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘര്‍ഷങ്ങളും സംവാദങ്ങളും ഉണ്ടായിട്ടുണ്ട്. സഭയുടെ രാഷ്ട്രീയത്തിലുള്ള ഇടപെടലുകളാകട്ടെ, ശാസ്ത്രത്തോടുള്ള സമീപനങ്ങളിലാകട്ടെ, പ്രബോധനങ്ങളിലാകട്ടെ പാരമ്പര്യവും ആധുനികതയും തമ്മിലുള്ള അനുപാതികസമുച്ചയം നടന്നേ മതിയാകൂ.

സെബാസ്റ്റ്യന്‍ കാപ്പന്‍ എന്ന വൈദികന്‍റെ ഒരാശയം ഞാനിവിടെ സൂചിപ്പിക്കട്ടെ. സഭയില്‍ അപനിര്‍മ്മാണവും പുനര്‍നിര്‍മ്മാണവും നടക്കണമെന്നാണ് അദ്ദേഹം പറയുന്നത്. സഭ അപനിര്‍മ്മാണത്തിനു തയ്യാറായേ മതിയാകൂ. സഭാചരിത്രത്തില്‍ ഇത്തരത്തിലുള്ള അപനിര്‍മ്മാണം നടന്നിട്ടുണ്ട്. ഗലീലിയോയുമായി തര്‍ക്കിച്ച സഭ നൂറ്റാണ്ടുകള്‍ക്കു ശേഷം അതില്‍ ഖേദം പ്രകടിപ്പിക്കുകയുണ്ടായി. കാപ്പനച്ചന്‍ പറയുന്നത്, ഒരു മരത്തടി ശില്‍പമാകുന്ന വേളയില്‍ മരച്ചീളുകള്‍ അതില്‍നിന്നു തെറ്റിപ്പോകുമ്പോള്‍ അവിടെ ഒരു അപനിര്‍മ്മിതിയുണ്ട് എന്നാണ്. ശില്പമായിത്തീരുന്നതിലൂടെ ഒരു പുനര്‍ നിര്‍മ്മിതിയും അവിടെ നടക്കുന്നു. ഈ അപനിര്‍മ്മാണത്തിനും പുനര്‍ നിര്‍മ്മാണത്തിനും നാം തയ്യാറാകണം.

ഇനി ഇന്നത്തെ സഭ എപ്രകാരമാണ് വ്യത്യസ്തമാകേണ്ടത് എന്നു ചിന്തിക്കാം. ഇവിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മാതൃകയാകുന്നത്. അദ്ദേഹം ഫ്രാന്‍സിസ് എന്ന പേരു സ്വീകരിച്ചതും ലളിത വസ്ത്രം ധരിച്ചതും സ്വര്‍ണ്ണമോതിരത്തിനു പകരം ഇരുമ്പ് മോതിരം അണിഞ്ഞതും ലോകം ദര്‍ശിച്ചു. സഭയുടെ മുഖം ഇത്തരത്തിലുള്ളതാകണം. നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം എന്നു പറ ഞ്ഞ് ജനസമുദ്രത്തിനു മുന്നില്‍ അദ്ദേഹം തലകുനിച്ചു. പോപ്പിന്‍റെ മുഖം കരുണയുടെയും സ്നേഹത്തിന്‍റെയും ലാളിത്യത്തിന്‍റെയും എളിമയുടെയും മുഖമാണ്. സമകാലീന സഭയ്ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് ഫ്രാന്‍സിസ് പാപ്പയെന്ന് എല്ലാവരും ഏറ്റുപറയുന്നു. 2013-ല്‍ ടൈം മാസിക അ ദ്ദേഹത്തെ പേഴ്സണ്‍ ഓഫ് ദ് ഇയര്‍ ആയി തിരഞ്ഞെടുത്തു. അദ്ദേഹം അപ്പോള്‍ സ്ഥാനമേറ്റ് ഏതാനും മാസങ്ങളേ ആയിരുന്നുള്ളൂ. നാന്‍സി ഗിപ്സ് എന്ന ടൈം മാസികയുടെ എഡിറ്റര്‍ ഇങ്ങനെയാണു കുറിച്ചത് "പാപ്പയുടെ സിംഹാസനത്തെ അദ്ദേഹം തെരുവിലേക്കു ഇറക്കി കൊണ്ടുവന്നു, കരുണ കലര്‍ന്ന വിധിതീര്‍പ്പുകള്‍ അദ്ദേഹം നടത്തി…."

ഇന്നു പ്രശ്നങ്ങള്‍ എന്നു നാം കരുതുന്ന അകത്തും പുറത്തുമുള്ള എല്ലാ കാര്യങ്ങള്‍ക്കും രീതി ശാസ്ത്രപരമായ ഒരു സമീപനം ഫ്രാന്‍സിസ് മാര്‍പാപ്പ അവതരിപ്പിക്കുന്നുണ്ട്. സങ്കീര്‍ണ പ്രശ്നങ്ങളില്‍ ഒന്ന് ഹയരാര്‍ക്കി തന്നെയാണ്. സഭയില്‍ പിരമിഡ് ഘടന സ്വീകാര്യമായ മാതൃകയല്ലെന്ന് അദ്ദേഹം പറയുന്നു. അത് ധാര്‍ഷ്ട്യത്തിന്‍റെയും അധികാരപ്രമത്തതയുടെയും ശ്രേണിബദ്ധതയുടെയും ഘടനയാണ്. സഭയ്ക്ക് ഇന്നാവശ്യം ഒരു സമതലഭൂമിയാണ്. പിരമിഡില്‍ നിന്നു സമതലത്തിലേക്കുള്ള വിപ്ളവാത്മകമായ ഗതിമാറ്റം ഉണ്ടായേ മതിയാകൂ. പ്രൊഫഷണലിസവും മത്സരബുദ്ധിയും സ്ഥാപനവത്കരണവുമല്ല സഭയുടെ മാനദണ്ഡമെന്ന് പോപ്പ് വ്യക്തമാക്കുന്നു. സഭയ്ക്ക് എന്തെല്ലാം ഉണ്ട് എന്നതല്ല, സഭ എന്താണ് എന്നതാണ് വിലയിരുത്തപ്പെടേണ്ടത്.

സഭ അതിരുകളിലേക്കിറങ്ങണം, ഇടയന്‍മാര്‍ ആടുകളിലേക്കു കടന്നു ചെല്ലണം, ആടിന്‍റെ ചൂരും ചൂടും അറിയുന്നവനാകണം ഇടയന്‍ എന്നിങ്ങനെ വ്യത്യസ്തവും ചിന്തോദ്ദീപകവുമായ ആശയങ്ങളാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കുന്നത്. ഇങ്ങനെ ഇറങ്ങുമ്പോള്‍ സഭ മുറിവേല്‍ക്കുന്നവളാകും. സഭാംഗങ്ങള്‍ മുറിവേല്‍ക്കുന്നവരാകും. നിങ്ങള്‍ ക്രിസ്തുകേന്ദ്രീകൃതരാണോ എന്ന ചോദ്യത്തിന്‍റെ ഉത്തരമാണിത്.

മതിലുകള്‍ പണിയാതെ പാലങ്ങള്‍ പണിയുന്നവരാകാന്‍ മാര്‍ പാപ്പ ആഹ്വാനം ചെയ്ത സാഹചര്യം നമുക്കറിയാം. അതു കേരളത്തിനു മാത്രമല്ല, ലോകത്തിനു മുഴുവന്‍ സ്വീകാര്യമായ ഒരു മാതൃകയാണ്. സഭയുടെ ഭാവി പാലം പണിയുന്നതിലാണ്. മതിലുകള്‍ നിര്‍മ്മിക്കുന്നതിലല്ല. ഇതിനു പിന്നിലെ ലോജിക് നമുക്ക് പരിശോധിക്കാം. ആധുനികതയിലായാലും പ്രത്യയശാസ്ത്രങ്ങളുടെ കാഴ്ചപ്പാടിലായാലും ലോകത്തെ നയിക്കുകയും ഭരിക്കുകയും ചെയ്തിരുന്നത് ദ്വന്ദ ചിന്തകളാണ്. എന്‍റേത് – നിന്‍റേത്, ഞാന്‍ – നീ എന്ന ചിന്ത. പരമ്പരാഗതമായ ചിന്തയാണിത്. അതിന്‍റെ സ്വാധീനം ഇന്നുമുണ്ട്. സഭാജീവിതത്തിലും കുടുംബജീവിതത്തിലും ഇതു നിലനില്‍ ക്കുന്നു. ഇവിടെയാണ് ഫസ്സി (FUZZY) ലോജിക് എന്ന മനോഹരമായ കണക്കിന്‍റെ ചിന്ത ഉടലെടുക്കുന്നത്. 2 എന്ന സംഖ്യയില്‍ 2 മാത്രമല്ല അതില്‍ പൂജ്യവും ഒന്നും ഉണ്ട്. മൂന്നും നാലും അതിന്‍റേതായ രീതിയില്‍ പങ്കുകാരാകുന്നു. ദ്വന്ദചിന്തയ്ക്ക് അപ്പുറമുള്ളതാണ് യാഥാര്‍ത്ഥ്യം എന്നാണിതു വ്യക്തമാക്കുന്നത്. ശരി- തെറ്റ്, വലുത്-ചെറുത് എന്നതല്ല യാഥാര്‍ത്ഥ്യം. ശരിക്കും തെറ്റിനും ഇടയിലുള്ള മറ്റൊരു തലം കൂടിയുണ്ട്. ശരിയും തെറ്റും അതിനിടയിലുള്ളവയും അതിനപ്പുറമുള്ളവയും ചേര്‍ന്നാല്‍ മാത്രമേ നമ്മുടെ ലോജിക് കൃത്യമാകൂ. 'കേരള സഭ' എന്നു പറയുമ്പോള്‍ അതു ദ്വന്ദ ചിന്തയാണ്. അതില്‍ നിന്നു ഫസ്സിയിലേക്ക് – സഭയുടെ ചില പോരായ്മകളിലേക്ക്, അപൂര്‍ണതകളിലേക്ക്, പാര്‍ശ്വവത്കരിക്കപ്പെട്ടവരിലേക്ക്, അങ്ങനെ കരുതുന്നവരിലേക്ക് – കണ്ണുകള്‍ തുറക്കേണ്ടതുണ്ട്. പങ്കാളിത്ത സഭ എന്നു പറയുമ്പോള്‍ ഈ ഗണിതശാസ്ത്രദര്‍ശനം നമ്മുടെ ചിന്തയു ടെ ഭാഗമാക്കണം.

അതിനാല്‍ ഇന്നത്തെ നമ്മുടെ സംസ്ക്കാരം സംഭാഷണത്തിന്‍റെ സംസ്ക്കാരമായേ മതിയാകൂ. എക്യുമെനിസം ഒരു ജീവിതശൈലിയാകണം. മതാന്തര സംഭാഷണം മനോഭാവമാകണം. അതിരുകള്‍ ഭേദിച്ച് ആളുകളെ ആശ്ലേഷിക്കുന്ന ഒരു സംവിധാനത്തിലേക്ക് സഭ വരണം. ജാതി മത വ്യത്യാസമില്ലാതെ, യാതൊരു വിവേചനവുമില്ലാതെ കാലുകഴുകുന്ന സഭ എന്ന അവസ്ഥയിലേക്കു നാം നീങ്ങണം. ഇത്തരത്തില്‍ ഹയരാര്‍ക്കിയില്‍നിന്നും കാല്‍പാദത്തിലേക്കുള്ള ഒരു 'വീഴ്ച' കാലഘട്ടത്തിന്‍റെ ആവശ്യമാണ്.

(കേരളത്തിലെ കത്തോലിക്കാ മാധ്യമങ്ങളുടെ എഡിറ്റര്‍മാര്‍ക്കായി സത്യദീപം സംഘടിപ്പിച്ച സിമ്പോസിയത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ നിന്ന്.
തയ്യാറാക്കിയത്: ഫ്രാങ്ക്ളിന്‍ എം.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org