സ്വന്തം കുട്ടിയെ തേടി നടക്കുന്ന കാബൂളിവാലമാര്‍

സ്വന്തം കുട്ടിയെ തേടി നടക്കുന്ന കാബൂളിവാലമാര്‍
Published on
  • ഫാ. ഡോ. ബെന്നി പാലാട്ടി

    (അസിസ്റ്റന്റ് മാനേജര്‍, എറണാകുളം-അങ്കമാലി ആര്‍ച്ച്ഡയോസീസന്‍ കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി)

പത്രമാധ്യമങ്ങളില്‍ കുട്ടികള്‍ ഇടംപിടിക്കുന്ന ദിനങ്ങള്‍ വരുന്നു. കുട്ടിക്കരച്ചിലും പ്രവേശനോത്സവവും കുട്ടികളുടെ തലയെണ്ണലും ആവേശ മാകുന്ന ദിനങ്ങള്‍. വീടുകളെല്ലാം ഒരുങ്ങുകയാണ്, പുതിയ ബാഗും പുസ്തകങ്ങളുമായി...

നമ്മുടെ സമൂഹം കുട്ടികളെ എങ്ങനെയാണ് മനസ്സിലാക്കുന്ന തെന്നു ചിന്തിച്ച് ഈ അധ്യായന വര്‍ഷം നമുക്കും ആരംഭിക്കാം. കുട്ടികളെക്കുറിച്ച് സംസാരിക്കു മ്പോള്‍ കേരള സമൂഹം മുന്നോട്ടു വയ്ക്കുന്ന വാക്കുകള്‍ എന്തായിരിക്കും? എല്ലാവരും എപ്പോഴും മൊബൈലില്‍, മയക്കുമരുന്നിനടിപ്പെട്ട യുവത്വം, ചതിക്കുഴികളിലവസാനിക്കുന്നവര്‍, ബഹുമാനമില്ലായ്മ, emotional struggles, digital distractions, മത്സരം-വിജയം-പരീക്ഷ-ട്യൂഷന്‍ (competative pressure)... ഒത്തിരി ആകുലതകളായിരിക്കും ശ്രദ്ധിക്ക പ്പെടുക. കുറ്റാരോപിതരായ മക്കള്‍! അല്ലേ?

അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ കുട്ടികളോടൊപ്പം എങ്ങനെ യാത്ര ചെയ്യണം എന്നത് വ്യക്തമായി മനസ്സിലാക്കേണ്ട, തീരുമാനിക്കേണ്ട കാലമാണിന്ന്. അവസരങ്ങളി ലൂടെയും അനുഭവങ്ങളിലൂടെയും പഠിച്ചു വരുമ്പോഴേക്കും രക്ഷിതാ ക്കള്‍ (parenting ല്‍) വലിയ അബദ്ധങ്ങള്‍ കാട്ടിക്കൂട്ടിയിട്ടു ണ്ടാവും. ടാഗോറിന്റെ 'കാബൂളി വാല'യില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒരു അപ്പന് സ്വന്തം കുഞ്ഞിലേക്ക് എത്തിച്ചേരാനുള്ള യാത്രപടി നല്‍കിയാണ് കഥ അവസാനിക്കുക. കുട്ടികളോടുള്ള താല്‍പര്യം എല്ലാവര്‍ക്കുമുണ്ട്. അപരന്റെ കുഞ്ഞിന്റെ സൗന്ദര്യം കണ്ട് ആകൃഷ്ടനാകുന്നതിലുള്ള താല്‍പര്യം മതിയാകില്ല. സ്വന്തം കുഞ്ഞിനോടൊപ്പം യാത്ര ചെയ്യൂ എന്ന വെല്ലുവിളിയോടെയാണ് ഇവിടെ യാത്രപ്പടി നല്‍കുന്നത്. അധ്യായന വര്‍ഷാരംഭത്തില്‍ കുട്ടികളുടെ കൂടെ യാത്ര ചെയ്യാനും കുട്ടികളെ മനസ്സിലാക്കാനും മുതിര്‍ ന്നവരെ ഒരുക്കുന്ന മനസ്സും താല്‍പര്യവും പദ്ധതിയും തയ്യാറാക്കാം.

കുട്ടികളില്‍ രൂപപ്പെടുന്ന ആകുലത, സ്‌കൂള്‍ നിയന്ത്രണങ്ങളുടെ പേരില്‍ കുട്ടികള്‍ വളര്‍ത്തിയെടുക്കുന്ന പെരുമാറ്റശൈലി, മത്സരം-പരീക്ഷ -മാര്‍ക്ക്-ഒന്നാമനാകാ നുള്ള വ്യഗ്രത എന്നിവയ്ക്കായുള്ള നെട്ടോട്ടം എന്നിവയെ ക്കാള്‍ 'നല്ല മനുഷ്യരെ സൃഷ്ടിക്കുന്ന' വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം വളര്‍ത്തണം.

ഏറെ പ്രത്യേകത നിറഞ്ഞ കാലഘട്ടത്തിലാണ് ഇന്നത്തെ കുട്ടികള്‍ വളരുന്നത്. സാങ്കേതിക വിദ്യ നല്‍കുന്ന അദ്ഭുതലോകം, സത്യാനന്തരയുഗത്തിലെ മാധ്യമങ്ങളും വാര്‍ത്തയും, തീവ്രവാദം, യുദ്ധങ്ങള്‍ എന്നിവ കണ്ട് അനുഭവിച്ച് വളരുന്ന 'തിരക്കുപിടിച്ച തലമുറയുടെ ബാക്കിപത്രമാണ് ഇന്നത്തെ കുട്ടികള്‍.'

ഈ കുട്ടികളെ മനസ്സിലാക്കുന്നതില്‍, കുട്ടികളോടൊപ്പം യാത്ര ചെയ്യുന്നതില്‍ - കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പൊതുസമൂഹം എങ്ങനെ ഇടപെടുന്നു, ധാരണയും ശീലങ്ങളും രൂപപ്പെടുത്തുന്നു എന്നത് പ്രത്യേക ശ്രദ്ധ നല്‍കി പരിശോധിക്കണം.

  • സ്‌കൂള്‍ - ഒഴിച്ചുകൂടാനാകാത്ത ക്രമീകരണം

അധികമൊന്നും ചോദ്യം ചെയ്യാതെ മാതാപിതാക്കള്‍ ഏറ്റെടുക്കുന്ന - വിശ്വസിക്കുന്ന സ്ഥാപനമാണ് വിദ്യാലയം. Sapiens ല്‍ ഹരാരി Imagined Realities നെപ്പറ്റി പറയുന്നുണ്ട്. Complex network of stories ആണിവ. മനുഷ്യന്‍ നിര്‍മ്മിക്കുന്നവയാണിത് (inventions and not discoveries).

കൂട്ടുകാരുണ്ട് - പഠനമുണ്ട് - പരീക്ഷയുണ്ട് - മാര്‍ക്കും സര്‍ട്ടിഫിക്കറ്റും ലഭിക്കും - പ്രവേശന പരീക്ഷകളില്‍ ഉന്നത വിജയം കിട്ടും എന്നതിനാല്‍ വിദ്യാലയത്തിന്റെ രീതികളില്‍ വിശ്വാസമര്‍പ്പിച്ച് 'സ്‌കൂളില്‍ വിട്ടാല്‍ എല്ലാമായി' എന്ന ധാരണയിലാണ് കുറെയധികം മാതാപിതാക്കള്‍.

ബാല്യത്തെ വരിഞ്ഞു മുറുക്കുന്ന ഇടം തന്നെയാണ് വിദ്യാലയം. സ്‌കൂള്‍ നല്‍കുന്ന ഭാരം, അമിതഭാരം തന്നെയാണ്. കൂട്ടുകൂടാന്‍, കളിക്കാന്‍, മണ്ടത്തരങ്ങള്‍ കാട്ടിക്കൂട്ടാന്‍, പള്ളിയില്‍ പോകാന്‍, സ്വന്തം വേഗതയില്‍ കാര്യങ്ങള്‍ ഗ്രഹിക്കാനും ചെയ്യാനും, ചുറ്റിനടക്കാനുമൊന്നും സ്‌കൂള്‍ അനുവദിക്കില്ല. പരീക്ഷ ഒഴിഞ്ഞിട്ട് ഒന്നിനും സമയമില്ല. ട്യൂഷനും മത്സരങ്ങളും കുട്ടികളെ പിടിച്ചുകെട്ടുന്നു. ''കുട്ടികള്‍ സ്വാഭാവികമായും പഠിക്കുവാന്‍ ഇഷ്ടപ്പെടുന്നവരാണ്. പരമ്പരാഗത സ്‌കൂളുകള്‍ അവരുടെ സഹജമായ പഠിക്കുവാനുള്ള ആഗ്രഹത്തെയും തടയുന്നു,'' - ജോണ്‍ ഹോള്‍ട്ട്.

മാത്സര്യബുദ്ധി - എങ്ങനെയും വിജയിയാകാനുള്ള ത്വര, വ്യത്യസ്ത വിഭാഗങ്ങളോട് വെവ്വേറെ പരിഗണനകള്‍, അസാധാരണ ആകുലത, labeling, കുട്ടികളുടെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ അവഗണിക്കല്‍, ആകാംക്ഷയെ തളര്‍ത്തല്‍ എന്നിവയാല്‍ വിദ്യാലയം ബാല്യത്തിന്റെ വളര്‍ച്ചയുടെ സ്വാഭാവിക ഇടമല്ലാതാകുന്നു. വിദ്യാലയത്തില്‍ നല്‍കപ്പെടുന്നതാണ് ഏറ്റവും ശ്രേഷ്ഠം എന്നത് തെറ്റിദ്ധാരണയാണ്. സ്‌കൂള്‍ എന്ന സ്ഥാപനത്തിന്റെ താല്‍പര്യങ്ങളാണ് വിദ്യാലയത്തില്‍ പരിശീലിക്കപ്പെടുന്നത്.

സ്‌കൂളില്‍ തീരുന്ന വിദ്യാഭ്യാസം മാത്രം നല്‍കിയാല്‍ പോരാ. കുട്ടികളില്‍ രൂപപ്പെടുന്ന ആകുലത, സ്‌കൂള്‍ നിയന്ത്രണങ്ങളുടെ പേരില്‍ കുട്ടികള്‍ വളര്‍ത്തിയെടുക്കുന്ന പെരുമാറ്റശൈലി, മത്സരം-പരീക്ഷ -മാര്‍ക്ക്-ഒന്നാമനാകാനുള്ള വ്യഗ്രത എന്നിവയ്ക്കായുള്ള നെട്ടോട്ടം എന്നിവയെക്കാള്‍ 'നല്ല മനുഷ്യരെ സൃഷ്ടിക്കുന്ന' വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം വളര്‍ത്തണം.

പഠിച്ചവയെല്ലാം ശരിയല്ല unlearning എന്ന പ്രക്രിയ ഇന്ന് വ്യാപകമാണ്. പഠിച്ച അറിവും പെരുമാറ്റവും ധാരണകളും പരിശോധിച്ച് ബോധപൂര്‍വം ഇടപെടലുകള്‍ നടത്തി നവീകരിക്കുന്ന പ്രക്രിയയാണിത്.

  • ബാല്യം എവിടെ?

കുട്ടികള്‍ കുട്ടികളാണ്. ബാല്യത്തിന്റെ കളികളും കുസൃതിയും തോല്‍വിയും നൈസര്‍ഗിക പെരുമാറ്റങ്ങളും ആസ്വദിക്കേണ്ട കാലമാണ് ബാല്യം. ബാല്യം ആഘോഷമാകുമ്പോള്‍ വീടും നാടും സജീവമാകും. ബാല്യത്തിന്റെ നൈര്‍മ്മല്യവും സ്വാഭാവികതയും സജീവത്വവും ആകാംക്ഷയും മുഖംമൂടിയില്ലാത്ത വെളിപ്പെടുത്തലുകളും കുട്ടിയെ മനസ്സിലാക്കാനും, കുട്ടികള്‍ക്കു വേണ്ട വഴികള്‍ തെളിച്ചു കൊടുക്കാനും മാതാപിതാക്കളെ പ്രാപ്തരാക്കുന്നു. ''മുതിര്‍ന്നവര്‍ കുട്ടികളോട് സംവദിക്കുന്ന രീതിയിലായിരിക്കും കുട്ടികള്‍ തങ്ങളോടു തന്നെ സംവദിക്കുക,'' Peggy O’Mara. കുട്ടികള്‍ വളര്‍ച്ചയെത്തിയവരല്ല - വളരുന്നവരാണ്. തട്ടിയും മുട്ടിയും കൊണ്ടും കൊടുത്തും കളിച്ചും വീണുമാണ് അവര്‍ വളരേണ്ടത്. കൂട്ടുകാരോടൊപ്പം കളിച്ച്, ജീവിച്ച്, ആകാംക്ഷയുടെ ചോദ്യങ്ങളും അന്വേഷണവുമായി ബാല്യം ഓരോ വ്യക്തിയുടെയും വളര്‍ച്ചയ്ക്ക് ഒരുപാട് സംഭാവനകള്‍ നല്‍കുന്നുണ്ട്.

ബഹുമാനിക്കപ്പെടുക, സഹോദരങ്ങള്‍ ഉണ്ടാവുക, മനസ്സിലാക്കാനും കൂടെനില്‍ക്കാനും ആളുണ്ടാവുക, തങ്ങളുടെ ആകാംക്ഷകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നവരുണ്ടാവുക - ഇത്യാദി പ്രഥമവും പ്രധാനവുമായ ആവശ്യങ്ങള്‍ കുട്ടികള്‍ക്ക് സാധിച്ചു കൊടുക്കാന്‍ മാതാപിതാക്കള്‍ക്കാകണം.

എന്നാല്‍, ഇന്നത്തെ കുട്ടികള്‍ ബാല്യം മറന്നു പോകുന്നു. കുട്ടികള്‍ പെട്ടെന്ന് വളര്‍ന്നു പോകുന്നു. ഒരുപാട് അറിവുകളും മുതിര്‍ന്നവര്‍ക്കുമേല്‍ അധീശത്വവും നിയന്ത്രണവും കല്‍പ്പിക്കാന്‍ മാത്രം ശക്തിയും കുട്ടികള്‍ക്കുണ്ട്.

മുതിര്‍ന്നവരെ അതിശയിപ്പിക്കുന്ന - പരാജിതരാക്കുന്ന 'സര്‍ഗാത്മകത'യും കുട്ടികള്‍ നേടിയെടുത്തിട്ടുണ്ട്.

കുട്ടികളുമായി ഇടപെടാനുള്ള ആശയവിനിമയ സാധ്യതകള്‍ മുതിര്‍ന്നവര്‍ക്ക് അന്യമാകുന്നു. തലമുറകള്‍ തമ്മിലുള്ള വിടവ് അപാരമായ പരിവര്‍ത്തനങ്ങളിലൂടെ കടന്നു പോകുന്നു.

  • കുട്ടികള്‍ സ്വതന്ത്രരാണോ?

കുട്ടികളുടെ സ്വാതന്ത്ര്യം അപകടകരമായി മനസ്സിലാക്കപ്പെടുന്ന ഒന്നാണ്. കുട്ടികളുടെ സ്വാതന്ത്ര്യത്തിന്റെ പേരില്‍ 'വലിയ വായില്‍ കയര്‍ക്കുന്ന മാതാപിതാക്കളെ പ്രധാനാധ്യാപകരുടെ മുറിയില്‍ കാണാറുണ്ട്.' സ്വാതന്ത്ര്യം എന്നാല്‍ 'തോന്നിയതിനെല്ലാം അനുവാദവും സൗകര്യവും ഒരുക്കലാണ്' എന്ന ധാരണയുണ്ട്. കുട്ടികള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം അവര്‍ക്ക് അവരായി ജീവിക്കാന്‍ - പെരുമാറാന്‍ - കളിക്കാന്‍ - അന്വേഷകരാകാന്‍ - ചോദ്യം ചെയ്യാനുള്ള അവസരങ്ങളും പ്രചോദനവുമാണ്. പക്വതയിലേക്ക് കടന്നുവരുന്ന കുട്ടികള്‍ക്ക് അവസരങ്ങളും സാധ്യതകളും ക്രമീകരിക്കണം. ഭയപ്പെടുത്തലു കളും നിര്‍ബന്ധങ്ങളും അവസരങ്ങള്‍ നല്‍കാതിരിക്കുകയും ഇന്റര്‍നെറ്റിനും മൊബൈലിനും അടിമയാകലും, ഒരുപാട് സൗകര്യ ങ്ങള്‍ ഒരുക്കി നല്‍കലും എല്ലാം 'സ്വാതന്ത്ര്യത്തിലൂടെ തങ്ങളെ തന്നെ കണ്ടെത്തുന്നതിന് തങ്ങളുടെ ബാല്യം ആസ്വദിച്ചു ജീവിക്കുന്നതിന് കുട്ടികള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു.'

കുട്ടികളുടെ അവകാശങ്ങള്‍ - സ്വാതന്ത്ര്യം എന്നിവ നിഷേധിക്കപ്പെടുന്നിടത്ത് സമൂഹത്തിന്റെ, രാഷ്ട്രത്തിന്റെ, പ്രപഞ്ചത്തിന്റെ ഭാവി അനിശ്ചിതമാവുകയാണ്. ഇവിടെ പ്രതിസന്ധികള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള തലമുറയുടെ ശേഷി ശോഷിക്കുന്നു.

കുട്ടികളുടെ സ്വാതന്ത്ര്യം ക്രിയാത്മകമാണ്. ഓട്ടവും ചാട്ടവും കളികളും മാത്രമുള്ള വേദിയല്ലിത്. പ്രതികരണവും ഉത്തരങ്ങളും അന്വേഷണവും കൊണ്ട് സമ്പന്നമാകണം ഇത്. കുട്ടികളുടെ സ്വാതന്ത്ര്യം ഒരുവന്റെ തോന്നലു കള്‍ക്ക് പിറകെയുള്ള യാത്രയല്ല. സ്വാതന്ത്ര്യത്തിന്റെ പ്രയാണം, കുട്ടികള്‍ക്ക് അവകാശപ്പെട്ടവ ചെയ്യാനുള്ള പ്രചോദനാത്മകമായ അവസരമാണ്. ജോണ്‍പോള്‍ രണ്ടാമന്‍, ''Freedom consists not in doing what we like, but in having the right to do what we ought.''

മാതാപിതാക്കളുടെ വരിഞ്ഞു മുറുക്കുന്ന തീരുമാനങ്ങള്‍ക്കുള്ളി ലാണ് കുട്ടികള്‍. കുട്ടികള്‍ക്കു വേണ്ടി 'മാതാപിതാക്കള്‍ ചിന്തി ക്കുന്നു'; കുട്ടികളുടെ ചിന്തകളെ / ചോദ്യങ്ങളെ മുളയിലെ നുള്ളുന്നു. വീടുകളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞതോടെ എല്ലാ കാര്യവും മാതാപിതാക്കളുടെ ചൊല്‍പ്പടിയിലാണ്; കുട്ടികളുടെ മേലുള്ള ആധിപത്യം വര്‍ധിച്ചു.

അപകടം - സുരക്ഷാകാരണങ്ങള്‍, മൊബൈലിന് - social networks ന് അടിമയായവര്‍ എന്ന tag, മാര്‍ക്ക് - അഡ്മിഷന്‍ എന്ന പേടിപ്പിക്കല്‍ എന്നിവയുടെ പേരില്‍ കുട്ടികളെ വരിഞ്ഞു മുറുക്കുകയാണ് സമൂഹം. ബാല്യം ആസ്വദിക്കാനുള്ള സൗകര്യം, താല്‍പര്യം, പ്രചോദനം, അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നു / ഇല്ലാതാകുന്നു.

കുട്ടികള്‍ക്കുള്ള 'ഇടങ്ങള്‍' കുറവാണ്. വീട്ടിലും ചുറ്റു പാടും കുട്ടികളുടെ അന്വേഷണം, സമ്പര്‍ക്കം (exposure), കളി എന്നിവയ്ക്കു പറ്റിയ എത്ര ഇടങ്ങളുണ്ട് എന്ന് പരിശോധിക്കുക. ഒന്നിച്ചു കൂടാന്‍, കളിക്കാന്‍, ആകാംക്ഷയുടെ അന്വേഷകരാകാന്‍... കുട്ടികളിലെ തീ കെടാതെ സൂക്ഷിക്കേണ്ടതുണ്ട്.

നിയന്ത്രണങ്ങളും അധികാരപ്രയോഗങ്ങളും വര്‍ധിക്കുന്നതോടെ ഓണ്‍ലൈന്‍ സൗഹൃദങ്ങളുടെ മൊബൈല്‍ ലോകത്തിന്റെ വാതായനങ്ങള്‍ കുട്ടികള്‍ വിശാലമാക്കുന്നു. നിഷേധങ്ങളുടെ തല്ലുമാലയ്ക്ക് മറുപടിയായി 'നൂതന സാങ്കേതികവിദ്യയുടെ കൂട്ടുപിടിച്ച് പുതിയ ഭാഷയും തരപ്പെടുത്തി (Adolescence - Netflix series) പുതിയ ജീവിതരീതിയിലേക്ക് കുട്ടികള്‍ ചുവടുവച്ചു കഴിഞ്ഞു. മുതിര്‍ന്നവര്‍ക്ക് അപരിചിതമായ - രഹസ്യാത്മകമായ ലോകത്തിലാണ് ഇന്ന് ഇളം തലമുറ!

  • കുട്ടികളെ കണ്ടവരുണ്ടോ?

കുട്ടികളെ ഭാരമായിട്ടല്ല അനുഗ്രഹമായാണ് കാണേണ്ടത്. അവര്‍ ഒരു സമ്മാനമാണ്. നമ്മള്‍ അവരെ അങ്ങനെ തന്നെയാണ് പരിപാലിക്കേണ്ടതും (സങ്കീര്‍ത്തനം 127:3-5). കുട്ടികളോടൊപ്പം യാത്ര ചെയ്യാന്‍, കുട്ടികളുടെ ആശയങ്ങള്‍ - മൂല്യങ്ങള്‍ - പ്രതികരണങ്ങള്‍ - ചോദ്യങ്ങള്‍ എന്നിവയില്‍ വിധിയാളനാകാതെ കൂട്ടുകൂടി knowledgeable other (vygotsky) ആയി സഹായിക്കാന്‍ സാധിക്കുന്നവര്‍ക്കേ കുട്ടിയെ കാണാനാകൂ. ആനന്ദത്തോടെ ഈ യാത്ര സംതൃപ്തമായി ചെയ്യാനാകണം. യേശു കുട്ടികളെ ഇഷ്ടപ്പെട്ടു. 'അവര്‍ എന്റെ അരികില്‍ വരാന്‍ അനുവദിക്കുവിന്‍ - അവരെ തടയരുത്.'

അന്നും ഇന്നും അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവരുടെ ഗണത്തിലാണ് കുട്ടികള്‍. മിഠായി, കളിപ്പാട്ടം, അടിപൊളി സാമഗ്രികള്‍ എന്നിവയാണ് കുട്ടികളുടെ ആവശ്യങ്ങളെന്ന് മുതിര്‍ന്നവര്‍ തെറ്റിദ്ധരിക്കുന്നു. കുട്ടികള്‍ പറയുന്നതിനേക്കാള്‍ അവരുടെ അടിസ്ഥാനാവശ്യങ്ങള്‍ കണ്ടെത്തി - അവ നിറവേറ്റുന്നവരാകണം മാതാപിതാക്കള്‍. ബഹുമാനിക്കപ്പെടുക, സഹോദരങ്ങള്‍ ഉണ്ടാവുക, മനസ്സിലാക്കാനും കൂടെ നില്‍ക്കാനും ആളുണ്ടാവുക, തങ്ങളുടെ ആകാംക്ഷകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നവരുണ്ടാവുക - ഇത്യാദി പ്രഥമവും പ്രധാനവുമായ ആവശ്യങ്ങള്‍ കുട്ടികള്‍ക്ക് സാധിച്ചു കൊടുക്കാന്‍ മാതാപിതാക്കള്‍ക്കാകണം.

മിണ്ടരുത്, അനുസരിക്കുക, കുട്ടികള്‍ക്ക് ഇവിടെ എന്തുകാര്യം, ചോദ്യം ചെയ്യാന്‍ നീ ആര്?, വീടിന്റെ സ്റ്റാറ്റസ്, ഞാന്‍ അപ്പനാണ് തുടങ്ങിയ പറച്ചിലുകളില്‍ 'മറയുന്നത്', 'അദൃശ്യമാകുന്നത്' കുട്ടികളാണ്. കുട്ടികളുടെ മേലുള്ള അധികാരപ്രയോഗങ്ങളാണിവ. കുട്ടികളുടെ അവ്യക്തതയും അങ്കലാപ്പുകളും ചോദ്യങ്ങളും തിരിച്ചറിഞ്ഞ് സഹായിക്കാന്‍ മാതാപിതാക്കളുണ്ടാകണം. ശിഷ്യന്മാരുടെ മനസ്സു വായിച്ച് ചോദ്യങ്ങള്‍ക്കുത്തരം നല്‍കിയ യേശു നമുക്ക് മാതൃകയാണ് (ജോണ്‍ 16:16-24).

ഭയത്തില്‍ - അധികാരത്തില്‍ കുട്ടികളെ വരിഞ്ഞു മുറുക്കുമ്പോള്‍ കുട്ടികള്‍ പ്രതികരിക്കും. ഇന്ന് കാലം മാറി: കുട്ടികളുടെ ലോകം വിശാലമായി. മുറിക്കകത്തു നിന്ന് കുട്ടികള്‍ക്ക് പുറത്തിറങ്ങേണ്ട - അവര്‍ക്കവിടെ വിശാല സാധ്യതകളുണ്ട് - മൊബൈലില്‍ ദിവസങ്ങളോളം ചെലവഴിക്കാന്‍ കുട്ടികള്‍ എപ്പോഴെ തയ്യാര്‍!

കുട്ടികള്‍ പോലും തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളും താല്‍പര്യങ്ങളും മറക്കുന്നു. പുറത്തിറങ്ങി കളിക്കേണ്ട - ഓടിച്ചാടി നടക്കേണ്ട - ആകാംക്ഷയുടെ യാത്രയ്ക്ക് ഇന്റര്‍നെറ്റ് സഹായി മതി - മൊബൈല്‍ മതി - മുറിക്കകം മതി... ഇവിടെ എന്താണ് നടക്കുക? കുട്ടികളും അവരുടെ ബാല്യവും അന്യം നിന്നു പോകുന്നു.

കുട്ടികളെ ഉണര്‍ത്തി അവരോടൊപ്പം പ്രതിസന്ധികള്‍ക്ക് ഉത്തരം കണ്ടെത്തണം. പ്രസിദ്ധമായ 'The Anxious Generation' എന്ന ഗ്രന്ഥത്തില്‍ Jonathan Haidt പറയുന്നു, ''People dont get depressed when they face threats colletively; they get depressed when they feel isolated, lonely or useless.''

ഓരോ കുട്ടിയും വ്യത്യസ്തരാണ്. ഓരോരുത്തരെയും കണ്ടെത്താം - കുട്ടികളെ കണ്ടെത്താന്‍ നമുക്ക് സമയം കണ്ടെത്താം. കുട്ടികളോടൊപ്പം സന്തോഷിക്കുന്ന മനസ്സ് വളര്‍ത്തിയെടുക്കാം.

നല്ല അധ്യയന വര്‍ഷം നേരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org