
നിയമത്തിലൂടെ യുക്തിചിന്തയിലൂടെ ന്യായമാര്‍ഗത്തിലൂടെ തെളിവുകളിലൂടെ യഥാര്‍ത്ഥ സത്യം ചികഞ്ഞെടുത്തു നീതി ഉയര്‍ത്തിക്കാണിക്കുകയാണ് ന്യായാധിപന്‍.
നീതിയുടെ തുലാസ് ഒരു വശത്തേക്കും ചായാതെ സമനിലയില്‍ ഉയര്‍ത്തിപിടിച്ചു നില്‍ക്കുന്ന രൂപം കണ്ടിട്ടില്ലേ? അതിനു മൂടിക്കെട്ടിയ കണ്ണുകളാണുള്ളത്. നിഷ്പക്ഷമായി ന്യായം നിര്‍ണ്ണയിക്കുമ്പോള്‍ വിധികര്‍ത്താവ് മുഖം നോക്കുന്നില്ല എന്നതാണതിനര്‍ത്ഥം. എന്നാല്‍ അയാളുടെ കണ്ണുകള്‍ കാണാത്തവയല്ല; കാണരുതാത്തതു മാത്രം കാണാത്തവയാണ്. അവ വെളിച്ചമില്ലാത്തവയല്ല; തെളിഞ്ഞ വെളിച്ചം നിറഞ്ഞവയാണ്. പ്രത്യക്ഷത്തില്‍ ഒന്നും കാണില്ലെന്നു തോന്നിയേക്കാം. പക്ഷേ, ഉള്‍ക്കാഴ്ചയിലൂടെ എല്ലാം കാണാനാവും. നിയമത്തിലൂടെ, യുക്തിചിന്തയിലൂടെ, ന്യായമാര്‍ഗത്തിലൂടെ തെളിവുകളിലൂടെ യഥാര്‍ത്ഥ സത്യം ചികഞ്ഞെടുത്തു നീതി ഉയര്‍ത്തിക്കാണിക്കുകയാണ് ന്യായാധിപന്‍.
വിവിധ കാലങ്ങളില്‍, വിവിധ സംഭവങ്ങളില്‍ നടന്ന ഏതാനും കോടതിവിധികള്‍ പരിശോധിക്കാം. അത്തരം വിധികള്‍ നടത്തിയ ഓരോന്നിനെയും സത്യക്കോടതി, നീതിക്കോടതി, ന്യായക്കോടതി, യുക്തിക്കോടതി, സ്‌നേഹക്കോടതി, കരുണക്കോടതി എന്നിങ്ങനെ ചില പദങ്ങള്‍ കൊണ്ടും വിശേഷിപ്പിക്കാവുന്നതാണ്.
ഒന്ന്
ബൈബിളില്‍ ഒരു കഥയുണ്ട്, സോളമന്‍ രാജാവിന്റെ കഥ. ഒരിക്കല്‍ രാജാവ് ബലിയര്‍പ്പിക്കാന്‍ മുഖ്യപൂജാഗിരിയിലേക്കു പോയി. അവിടെ വച്ച് രാത്രി സമയത്തു കര്‍ത്താവ് സോളമന് സ്വപ്‌നത്തില്‍ പ്രത്യക്ഷനായി. ദൈവം അയാളോട് അരുളിച്ചെയ്തു: നിനക്കു എന്തുവേണമെന്നു പറഞ്ഞുകൊള്ളുക. അയാള്‍ പറഞ്ഞു: എന്റെ പിതാവും അങ്ങയുടെ ദാസനുമായ ദാവീദ് വിശ്വസ്തതയോടും നീതിബോധത്തോടും കൂടി അവിടുത്തെ മുമ്പില്‍ വ്യാപരിച്ചു. അതിയായ സ്‌നേഹം അങ്ങ് എപ്പോഴും കാണിച്ചുപോന്നു. എന്റെ ദൈവമായ കര്‍ത്താവേ, ഭരണപരിചയമില്ലാത്ത ഈ ദാസനെ അങ്ങ് എന്റെ പിതാവായ ദാവീദിന്റെ സ്ഥാനത്തു രാജാവാക്കിയിരിക്കുന്നു. സംഖ്യാതീതമായ ഒരു മഹാജനത്തിന്റെ നടുവിലാണ് അങ്ങയുടെ ദാസന്‍. ഈ മഹാജനത്തെ ഭരിക്കാന്‍ ആര്‍ക്കു കഴിയും? ആകയാല്‍ നന്മയും തിന്മയും വി വേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാന്‍ തക്ക വിവേകം ഈ ദാസന് നല്കിയാലും. സോളമന്റെ ഈ അപേക്ഷ കര്‍ത്താവിന് പ്രീതികരമായി. അവിടുന്നു അവനോട് അരുളിച്ചെയ്തു: നീ ദീര്‍ഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ആവശ്യപ്പെടാതെ, നീതിനിര്‍വഹണത്തിനുവേണ്ട വിവേകം മാത്രമാണ് ആവശ്യപ്പെട്ടത്. നിന്റെ അപേക്ഷ ഞാന്‍ സ്വീകരിച്ചിരിക്കുന്നു. ജ്ഞാനവും വിവേകവും ഞാന്‍ നിനക്കു തരുന്നു. ഇക്കാര്യത്തില്‍ നിനക്കു തുല്യനായി ആരും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം രണ്ടു സ്ത്രീകള്‍ രാജസന്നിധിയില്‍ വന്നു. ഒരുവള്‍ പറഞ്ഞു: യജമാനനേ, ഇവളും ഞാനും ഒരേ വീട്ടില്‍ താമസിക്കുന്നു. ഇവള്‍ വീട്ടിലുള്ളപ്പോള്‍ ഞാന്‍ ഒരു കുഞ്ഞിനെ പ്രസവിച്ചു. മൂന്നു ദിവസം കഴിഞ്ഞ് ഇവളും പ്രസവിച്ചു. ഈ വീട്ടില്‍ ഞങ്ങളെ കൂടാതെ വേറെ ആരുമുണ്ടായിരുന്നില്ല. രാത്രി ഉറക്കത്തില്‍ ഇവള്‍ ഇവളുടെ കുട്ടിയുടെമേല്‍ കിടക്കാനിടയായി. കുട്ടി മരിച്ചുപോയി. ഞാന്‍ നല്ല ഉറക്കമായിരുന്നു. ഇവള്‍ എന്റെ മകനെ എടുത്ത് ഇവളുടെ മാറിടത്തില്‍ കിടത്തി. മരിച്ച കുഞ്ഞിനെ എന്റെ മാറിടത്തിലും കിടത്തി. ഞാന്‍ രാവിലെ കുഞ്ഞിന് മുലകൊടുക്കാന്‍ എഴുന്നേറ്റപ്പോള്‍ കുട്ടി മരിച്ചിരിക്കുന്നതായി കണ്ടു. ഞാന്‍ ഞെട്ടിപ്പോയി. സൂക്ഷിച്ചു നോക്കിയപ്പോള്‍ എന്റെ കുഞ്ഞല്ല അതെന്നു മനസ്സിലായി. ഉടനെ മറ്റവള്‍ പറഞ്ഞു: അങ്ങനെയല്ല ജീവനുള്ള കുട്ടി എന്റേതാണ്. മരിച്ച കുട്ടിയാണ് നിന്റേത്. ആദ്യത്തെ സ്ത്രീ എതിര്‍ത്തു. അല്ല, മരിച്ച കുട്ടിയാണ് നിന്റേത്. എന്റെ കുട്ടിയാണ് ജീവിച്ചിരിക്കുന്നത്. അവര്‍ ഇങ്ങനെ രാജസന്നിധിയില്‍ അന്യോന്യം തര്‍ക്കിച്ചു. തര്‍ക്കം മൂത്തു.
രാജാവ് ധര്‍മ്മസങ്കടത്തിലായി. എങ്ങനെ ഉചിതമായ തീരുമാനം എടുക്കും? രണ്ടുപേരും ജീവനുള്ള കുഞ്ഞിനെ അവകാശപ്പെടുന്നു. അല്പനേരത്തെ ഗാഢമായ ആലോചനയ്ക്കുശേഷം രാജാവ് കല്പിച്ചു: ഒരു വാള്‍ കൊണ്ടു വരുക. സേവകന്‍ വേഗം വാള്‍ കൊണ്ടുവന്നു. രാജാവ് വീണ്ടും കല്പിച്ചു: ഈ തര്‍ക്കം പരിഹരിക്കാന്‍ ഒറ്റ മാര്‍ഗമേയുള്ളൂ. ജീവനുള്ള കുഞ്ഞിനെ രണ്ടായി പകുത്ത് ഇരുവര്‍ക്കും കൊടുക്കുക. അതിനായി കുഞ്ഞിനെ ഇങ്ങോട്ടു കൊണ്ടുവരുക. ഉടനെ ജീവനുള്ള ശിശുവിന്റെ അമ്മ പൊട്ടിക്കരഞ്ഞു കൊണ്ടുപറഞ്ഞു: അയ്യോ, യജമാനനേ കുഞ്ഞിനെ കൊല്ലരുതേ! അവനെ അവള്‍ക്കു ജീവനോടെ കൊടുത്തേക്കുക. എന്നാല്‍ മറ്റവള്‍ പറഞ്ഞു: കുട്ടിയെ എനിക്കും വേണ്ട. നിനക്കും വേണ്ട. അവനെ വിഭജിക്കുക.
അപ്പോള്‍ രാജാവ് കല്പിച്ചു: ജീവനുള്ള ശിശുവിനെ ആദ്യത്തെ സ്ത്രീക്കു കൊടുക്കുക. ശിശുവിനെ കൊല്ലേണ്ടതില്ല. അവളാണ് അതിന്റെ യഥാര്‍ത്ഥ അമ്മ. ദുഷ്ടയായ സ്ത്രീക്ക് രാജാവ് തക്കശിക്ഷ നല്കി.
ഇസ്രായേല്‍ ജനം സോളമന്‍ രാജാവിന്റെ വിധിനിര്‍ണ്ണയം അറിഞ്ഞ് ആശ്ചര്യപ്പെട്ടു. നീതി നടത്തുന്നതില്‍ ദൈവികജ്ഞാനം അദ്ദേഹത്തിനുണ്ടെന്നു അവര്‍ക്കു ബോധ്യമായി.
ഇതിനെ നമുക്കു 'നീതിക്കോടതി' എന്നു വിളിക്കാം.
(തുടരും)