കാവിയുടുക്കുന്ന ദേശീയത

കാവിയുടുക്കുന്ന ദേശീയത

മാര്‍ഷല്‍ ഫ്രാങ്ക്

"ജനാധിപത്യത്തിന്‍റെ എല്ലാ അന്തഃസത്തയും ഉള്‍ക്കൊണ്ടു കൊണ്ടും, പവിത്രമായ ആ വ്യവസ്ഥയെ ആദരിച്ചുകൊണ്ടും പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ഞങ്ങളുടേത്. സര്‍ക്കാരിന്‍റെ അനുദിന നയരൂപീകരണ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ ഒരിക്കലും ഇടപെടാറില്ല. ഉദാത്തവും ഉത്കൃഷ്ടവുമായ ഇന്ത്യയുടെ ഭരണഘടനയില്‍ ഞങ്ങള്‍ക്ക് പരിപൂര്‍ണ്ണവിശ്വാസമുണ്ട്. ഇസ്ലാം മതത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. ഇസ്ലാം മതത്തെ ഉള്‍ക്കൊള്ളാതെയും അംഗീകരിക്കാതെയും ഇന്ത്യയില്‍ ഹിന്ദുത്വത്തിന് മുന്നോട്ട് പോകാനാകില്ല."

ഒരിക്കല്‍ ക്രൈസ്തവസാന്നിദ്ധ്യം സജീവമായിരുന്ന ഈജിപ്ത്, ഇറാക്ക്, സിറിയ, ലബനോന്‍, ലിബിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങള്‍ ക്രമേണ ഇസ്ലാമിക ഭരണകൂടങ്ങളുടെ നിയന്ത്രണത്തിലായി. ജനാധിപത്യവ്യവസ്ഥകളെ തകിടം മറിക്കുകയും, അവിടങ്ങളില്‍ നിലനിന്നിരുന്ന മതേതരസങ്കല്പങ്ങളെ അട്ടിമറിക്കുകയും ചെയ്തുകൊണ്ട് ഇസ്ലാമികതീവ്രവാദികള്‍ ഭരണചക്രത്തിന്‍റെ ചുക്കാന്‍ കൈവശപ്പെടുത്തുകയാണ് ഉണ്ടായത്. അവരുടെ നിഘണ്ടുവില്‍നിന്നും മതസഹിഷ്ണുത എന്ന പദം നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. ഇവിടങ്ങളിലെ ക്രൈസ്തവരും പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ ഇസ്ലാമിക ഭൂരിപക്ഷരാജ്യങ്ങളിലുള്ള ഹൈന്ദവ, ബുദ്ധ മതന്യൂനപക്ഷങ്ങളും പീഡിപ്പിക്കപ്പെടുവാന്‍ തുടങ്ങി. സമാധാനപ്രിയരും, വിദ്യാസമ്പന്നരും, സാഹിത്യകലാ-സാംസ്കാരിക നായകരും, ജനാധിപത്യമതേതര വാദികളുമായ മുസ്ലീം ഭൂരിപക്ഷം ഇതിനെതിരെ രംഗത്തുവന്നു. അന്താരാഷ്ട്രരംഗത്ത് ഇതിനെ സംബന്ധിച്ച് ഒട്ടേറെ സംവാദങ്ങളും, അതുവഴി എതിര്‍പ്പുകളും ഉയര്‍ന്നുവന്നു. എന്നാല്‍ തുടക്കത്തില്‍ കേവലം അംഗുലീപരിമിതരായിരുന്ന തീവ്രവാദികള്‍ ഞൊടിയിടയില്‍ ആളിലും അര്‍ത്ഥത്തിലും അംഗബലത്തിലും ഒരു കുതിച്ചുകയറ്റം തന്നെ നടത്തി. സമാധാനകാംക്ഷികളെയും ജനാധിപത്യമിതവാദികളെയും വടിയും, വാളും കത്തിയും തോക്കും ബോംബും കൊണ്ടു നേരിട്ടു; നിഗ്രഹിച്ചു. ക്രൈസ്തവരുള്‍പ്പെടെയുള്ള നിരപരാധികളെ പരസ്യമായി കശാപ്പുമൃഗങ്ങളെപ്പോലെ നടത്തിക്കൊണ്ടുപോയി കഴുത്തറുത്ത് കൊല്ലുന്ന ഭീകരദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി സമൂഹത്തിന് ഒരു മുന്നറിയിപ്പെന്നോണം പ്രചരിപ്പിക്കപ്പെട്ടു. ലോകമാകമാനം ഭീതിയിലായി. ഇപ്പോഴും ഐ.എസ്., അല്‍ഖ്വയിദ, മുസ്ലീം ബ്രദര്‍ ഹുഡ് തുടങ്ങിയ തീവ്രവാദി സംഘങ്ങളുടെ മനുഷ്യത്വരഹിതമായ ഭീകരത ഒരു തുടര്‍ക്കഥയെന്നോണം ലോകത്തെമ്പാടും തുടര്‍ന്നു കൊണ്ടിരിക്കുന്നു.

കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യയില്‍ അങ്ങിങ്ങായി ചെറിയ തോതില്‍ തുടങ്ങി, തുടര്‍ന്ന് ക്രമേണ പടര്‍ന്നു കയറി കൊണ്ടിരിക്കു ന്ന മതതീവ്രവാദികളുടെ ചില ചെയ്തികളില്‍ ഒട്ടേറെ പേര്‍ അസ്വസ്ഥരാണ്. ഗൗരിലങ്കേഷ്, ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി, നരേന്ദ്ര ധബോല്‍ക്കര്‍ തുടങ്ങിയ സാംസ്കാരിക നായകരെ കായികമായി ഉന്മൂലനം ചെയ്ത കൊലയാളികളെ ഇനിയും കൃത്യമായി കണ്ടെത്തുന്നതില്‍ കേന്ദ്രസംസ്ഥാനഭരണകൂടങ്ങള്‍ കുറ്റകരമായ അനാസ്ഥ തുടരുന്നു. ഇതിന്മേല്‍ കടുത്ത നിരാശയും ആശങ്കയും പ്രകടിപ്പിച്ചുകൊണ്ട് ഒട്ടേറെ സുമനസ്സുകള്‍ രംഗത്തുവന്നു. ഉത്തരമദ്ധ്യ ഇന്ത്യയില്‍ മതന്യൂനപക്ഷ, ദലിത് പിന്നാക്കപീഡനം ഇന്ന് ഒരു സാധാരണ വാര്‍ത്തയായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. എന്തിനേറെ ദക്ഷിണേന്ത്യയിലെ കേരളത്തില്‍ പോലും ഈ വക താഢനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു. ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയുടെ നിലനില്പ് തന്നെ അപകടകരമായ ഒരു സ്ഥിതിയിലേക്കു കൂപ്പുകുത്തുന്നതിന്‍റെ ചെറുചലനങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. ഇതിന്‍റെ ഗൗരവം മനസ്സിലാക്കി ഒട്ടേറെ സാംസ്കാരിക, കലാസാംസ്കാരിക മാദ്ധ്യമപ്രവര്‍ത്തകര്‍ രംഗത്തുവന്നു. ഇവരുടെ വികാരം ഉള്‍ക്കൊണ്ടുകൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ ദേശീയപ്രസിഡന്‍റ് ശ്രീ രാഹുല്‍ഗാന്ധി തന്നെ പൊതുയോഗങ്ങളിലും ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ നവമാദ്ധ്യമങ്ങളില്‍ കൂടിയും തന്‍റെ ആശങ്കയും ഉത്കണ്ഠയും പങ്കുവയ്ക്കുവാന്‍ തുടങ്ങി.

ഈ അവസ്ഥയില്‍ സംഘപരിവാര്‍ സംഘടനകള്‍ ഇതൊക്കെ നിഷേധിച്ചുകൊണ്ട് രംഗത്തു വന്നു. പക്ഷേ, പൊതുസമൂഹം ഈ നിഷേധക്കുറിപ്പുകള്‍ ഉള്‍ക്കൊള്ളുവാന്‍ തയ്യാറായില്ല. തുടര്‍ന്നു രാഷ്ട്രീയ സ്വയം സേവകസംഘത്തിന്‍റെ പരമോന്നത അദ്ധ്യക്ഷന്‍ – സര്‍സംഘചാലക്- ആദരണീയനായ മോഹന്‍ ഭഗവത്ജി തന്നെ നിഷേധക്കുറിപ്പുമായി നേരിട്ടു രംഗത്തുവന്നു. ഇതിനായി ഒരു വിശദീകരണ പ്രസംഗപരമ്പര തന്നെ അദ്ദേഹം നടത്തുകയുണ്ടായി. 2018 സെപ്റ്റംബര്‍ 19-ന് ഡല്‍ഹി വിജ്ഞാന്‍ ഭവന്‍ ആഡിറ്റോറിയത്തില്‍ ഇന്ത്യയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരെയും, വിദ്യഭ്യാസവിചക്ഷണരെയും കലാസാഹിത്യ സാംസ്കാരിക നായകരെയും സാക്ഷി നിറുത്തി, സംഘപരിവാറിന്‍റെ നിലപാടുകള്‍ അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. പ്രസ്തുതപ്രസംഗത്തിലെ ഒരു ഭാഗമാണ് ഈ ലേഖനത്തിന്‍റെ തുടക്കത്തില്‍ കൊടുത്തിരിക്കുന്നത്. അദ്ദേഹം തുടര്‍ന്നു; "സംഘപരിവാര്‍ നാനാത്വത്തിലെ ഏകത്വത്തില്‍ വിശ്വസിക്കുന്നു. പട്ടികജാതി-പട്ടികവര്‍ഗ്ഗ, മതന്യൂനപക്ഷ, പിന്നാക്കവിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ജാതിസംവരണത്തെ അംഗീകരിക്കുന്നു." ഈ ശ്രേണിയിലും ഈണത്തിലും സമന്വയത്തിന്‍റെയും സഹിഷ്ണുതയുടെയും ഭാഷയിലും ശൈലിയിലും നീണ്ടുപോയി ഭഗവത്ജിയുടെ 3 ദിവസങ്ങളിലായി നടത്തപ്പെട്ട പ്രസംഗപരമ്പരയുടെ രത്നചുരുക്കം.

ഇതെല്ലാം കണ്ടും കേട്ടും വായിച്ചും അറിഞ്ഞുമിരിക്കുന്ന ഒരു സാധാരണ പൗരന്‍, ഇന്ത്യയില്‍ ഇന്നു നടമാടുന്ന ചുരുക്കം ചില സമകാലികസംഭവങ്ങളിലെ സമസ്യകളെ കമ്പോടു കമ്പ് പൂരിപ്പിക്കുവാന്‍ എളിയൊരു ശ്രമം നടത്തിയാല്‍, അയാളെ സംശയത്തിന്‍റെ മുള്‍മുനയില്‍ നിറുത്തരുതേ എന്ന് വിനീതമായി അഭ്യര്‍ത്ഥിച്ചുകൊണ്ട് ചിലതൊന്ന് കുറിക്കട്ടെ.

കേന്ദ്രമന്ത്രിസഭയിലെ തീപ്പൊരി നേതാവും, കാഷായ വസ്ത്രധാരിണിയുമായ സന്ന്യാസിനി സ്വാധി നിരഞ്ജന്‍ ജ്യോതി, കഴിഞ്ഞ ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പ് വേളയില്‍ ചെയ്ത പ്രസംഗത്തില്‍ ഇന്ത്യയിലെ ഇസ്ലാമിക ജനങ്ങളെ ജാരസന്തതികളായ പിതൃശൂന്യര്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 2021 ആകുമ്പോഴേയ്ക്കും ഇന്ത്യയില്‍നിന്ന് മുസ്ലീംങ്ങളെയും ക്രിസ്ത്യാനികളെയും പൂര്‍ണ്ണമായി നിഷ്കാസനം ചെയ്തിരിക്കും എന്നു പ്രസംഗിച്ചത് 'ധര്‍മ്മജാഗരണ്‍ മഞ്ചി'ന്‍റെ നേതാവ് രാജേശ്വര്‍ സിംഗായിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ചില സൗജന്യങ്ങള്‍ കല്പിച്ചു നല്കിയിരിക്കുന്നു. "മുസ്ലീംങ്ങള്‍ക്ക് ഇന്ത്യയില്‍ തുടര്‍ന്നും താമസിക്കുന്നതിന് ഒരു നിബന്ധനയുടെ അടിസ്ഥാനത്തില്‍ ആകാം. പക്ഷേ, അവര്‍ മാംസാഹാരം പരിപൂര്‍ണ്ണമായി വര്‍ജ്ജിക്കണ"മത്രേ! 2014-ല്‍ കേന്ദ്രത്തില്‍ സംഘപരിവാര്‍ നിയന്ത്രണമുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എണ്‍പതില്‍പരം ആക്രമണങ്ങള്‍ ഗോമാംസവുമായി ബന്ധപ്പെട്ട് അരങ്ങേറിയിട്ടുണ്ട്. ഒന്നോ രണ്ടോ തവണ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയും മറ്റു ബി.ജെ.പി.നേതാക്കളും ഈ അക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചിട്ടുണ്ടെങ്കിലും, തുടര്‍ന്നും സംഘപരിവാര്‍ നിയമം കൈയിലെടുത്ത് പശുവിഷയത്തില്‍ ഇസ്ലാം മതാനുയായികളെ ക്രൂരമായി വേട്ടയാടി വധിച്ചുക്കൊണ്ടിരിക്കുന്നു. ജാര്‍ഖണ്ഡ് സംസ്ഥാനത്ത് കാലികച്ച വടക്കാരനായ മുസ്ലീം യുവാവിനെ പട്ടാപകല്‍ പട്ടണമദ്ധ്യത്തില്‍ നടുറോഡിലിട്ട് നിഷ്ഠൂരമായി വധിച്ച പ്രതികള്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍, അവര്‍ക്ക് വീരയോദ്ധാക്കളുടെ പരിവേഷം നല്കി മാലയിട്ട് കൊട്ടും കുരവയുമായി സ്വീകരിക്കാന്‍ എത്തിയത് കേന്ദ്രമന്ത്രി ജയന്ത്സിന്‍ഹയായിരുന്നു. 2014-ല്‍ കേന്ദ്രത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍ ഒരു വര്‍ഷം തികഞ്ഞ വേളയില്‍ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാര്‍ രണ്ടുദിവസം നീണ്ടു നിന്ന ഒരു സമ്മേളനം നടത്തി. ഈ യോഗത്തില്‍ വച്ച് ഇതഃപര്യന്തമുള്ള കേന്ദ്രമന്ത്രിസഭയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് സംഘപരിവാര്‍ നേതാക്കളുടെ മുമ്പില്‍ കേന്ദ്രമന്തിമാര്‍ വിനീതവിധേയരായി സമര്‍പ്പിച്ച കാര്യം ഇന്നും നമ്മുടെ ഓര്‍മ്മയില്‍ പച്ചപിടിച്ചു നില്ക്കുന്നു. ഒപ്പം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സംഘപരിവാറിന്‍റെ കടുത്ത ശിക്ഷണം ലഭിച്ച സ്വയം സേവകരെ ഗവര്‍ണ്ണര്‍മാരായി നിയമിച്ച കാര്യവും സമൂഹത്തിന്‍റെ മുമ്പിലുണ്ട്. ഇന്ത്യയില്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട സ്വയം ഭരണസ്ഥാപനങ്ങളായ ഇന്ത്യന്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍, ബനാറസ് യൂണിവേഴ്സിറ്റി, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ച്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിസര്‍ച്ച്, സെന്‍ട്രല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡ്, പ്രസാര്‍ഭാരതി തുടങ്ങിയവകളുടെ ചുക്കാന്‍ കടുത്ത സംഘപരിവാര്‍ കേഡറുകളുടെ കരങ്ങളില്‍ അമര്‍ന്നിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ നിലനില്പിന് കാവലാളായി ഭവിക്കുന്ന ഇലക്ഷന്‍ കമ്മിഷന്‍ മുന്‍കാലങ്ങളില്‍ നിഷ്പക്ഷതയ്ക്ക് പേരെടുത്ത ഒരു സ്വയംഭരണ സ്ഥാപനമായിരുന്നു. എന്നാല്‍ ഇന്ന് ഇതിന്‍റെ യശസ്സിന് ഗ്ലാനി സംഭവിച്ചിരിക്കുന്നു. ഇത് ഒട്ടും ആശാസ്യമല്ലെന്നു ഉത്കണ്ഠ പ്രകടിപ്പിച്ച് കമ്മിഷന്‍ അംഗങ്ങളെ നേരില്‍ കണ്ട് പ്രതികരിച്ചത് മുന്‍കമ്മിഷണര്‍മാരായ എം.എസ്.ഗില്‍, ബിബി. ഠണ്ഡന്‍, എസ്.വൈ. ഖുറേഷി, വി.എസ്. സമ്പത്ത്, എച്ച്.എസ്. ബ്രഹ്മ, നസീം സെയ്ദ് തുടങ്ങിയവര്‍ ആണെന്നറിയുമ്പോഴാണ് വിഷയത്തിന്‍റെ ഗൗരവം ഗുരുതരമാകുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനതീയതി മനഃപൂര്‍വ്വമായി നീട്ടിക്കൊണ്ടുപോയി ഭരണകക്ഷിക്ക് ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിക്കുവാനും തറക്കല്ലിടുവാനും ബി.ജെ.പി.ക്ക് അവസരം നല്കിയതും, ഗുജറാത്ത് തെരഞ്ഞെടുപ്പു ദിവസം പ്രധാനമന്ത്രി മോദിക്ക് റോഡ് ഷോ നടത്താന്‍ അനുവാദം കൊടുത്തതും, ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ 20 എം.എല്‍.എ.മാരെ ഇരട്ടപ്പദവിയുടെ പേരില്‍ അയോഗ്യരാക്കിയതും ഇതില്‍ ചിലതു മാ ത്രം. 1949 നവംബര്‍ മുപ്പതിന് പുറത്തിറങ്ങിയ സംഘപരിവാര്‍ ആംഗലേയ മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന ഒരു ലേഖനത്തിന്‍റെ ഉള്ളടക്കവും ഇത്തരുണത്തില്‍ ഓര്‍ത്ത് എടുക്കേണ്ടതാണ്. ഇന്ത്യയുടെ ഭരണഘടന, കോണ്‍സ്റ്റിറ്റ്യൂവന്‍റ് അസ്ലംബി പാസ്സാക്കിയതിന്‍റെ മൂന്നാം നാളിലാണ് പ്രസ്തുതലേഖനം ഓര്‍ഗനൈസറില്‍ അച്ചടിച്ചു വന്നത്. ഇന്ത്യയുടെ ഭരണഘടനയെ അപ്പാടെ നിരാകരിച്ച് പകരം മനുസ്മൃതിയില്‍ അധിഷ്ഠിതമായ ഭരണമാണ് ഇന്ത്യയ്ക്ക് അഭികാമ്യമെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടമില്ലാത്തവിധം പ്രസ്തുത ലേഖനത്തില്‍ രേഖപ്പെടുത്തിയിരുന്നു. ഇതില്‍നിന്നും ആവേശം ഉള്‍ക്കൊണ്ടിട്ടാകണം 2017 ഡിസംബറില്‍ കര്‍ണ്ണാടകത്തിലെ കൊപ്പാല്‍ എന്ന സ്ഥലത്ത് പ്രസംഗിക്കവേ, കേന്ദ്രമന്ത്രി അനന്തകമാര്‍ ഹെഗ്ഡേ ഇന്ത്യന്‍ ഭരണഘടന ഒഴിവാക്കപ്പെടേണ്ടതാണെന്നും, തങ്ങളുടെ കാലഘട്ടത്തില്‍ ആയതു സംഭവിക്കുമെന്നും പ്രസ്താവിച്ചത്. ഇന്ത്യയിലെ രാഷ്ട്രീയ ചതുരംഗപലകയില്‍, ആനയും, കുതിരയും, കാലാളും, രാജാവും, മന്ത്രിയും, തേരും ആയി ഇതിനകം സംഘപരിവാര്‍ സഹയാത്രികര്‍ രൂപാന്തരം പ്രാപിച്ചു കഴിഞ്ഞിരിക്കുന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതര സങ്കല്പങ്ങള്‍ക്കും സഹിഷ്ണുതയ്ക്കും വില കല്പിക്കാതെ പ്രകോപനപരമായ പ്രസംഗങ്ങളും പ്രസ്താവനകളും അക്രമങ്ങളുടെ അകമ്പടിയുള്ള പ്രവര്‍ത്തനങ്ങളും അനുസ്യൂതം തുടര്‍ന്നുവരുന്ന സംഘപരിവാര്‍ കേഡറുകള്‍ക്ക് എതിരായി ഉത്തരവാദിത്വപ്പെട്ട ആരും തന്നെ നടപടിയെടുക്കുകയോ, സംസാരിക്കുകയോ ചെയ്യുന്നില്ല. ഇന്ത്യയുടെ ചരിത്രത്തില്‍ മുമ്പെങ്ങും ഉണ്ടാകാത്തവിധം, ഭീതിജനകമായ ഒരു അന്തരീക്ഷം രാജ്യത്താകമാനം വളര്‍ന്നു പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്നു. ആരൊക്കെതന്നെ നിഷേധിച്ചാലും, എന്തൊക്കെ പ്രസ്താവനയും പ്രസംഗങ്ങളും നടത്തിയാലും ഇതൊക്കെ പച്ചയായ പരമാര്‍ത്ഥങ്ങളാണ്. വര്‍ത്തമാനകാല ഇന്ത്യ ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുന്ന കാലഘട്ടത്തില്‍ ആദരണീയനായ മോഹന്‍ ഭഗവത്ജി, ലേഖനത്തിന്‍റെ തുടക്കത്തില്‍ രേഖപ്പെടുത്തിയതുമാതിരിയുള്ള ഒരു പ്രസ്താവന നടത്തുമ്പോള്‍, അതു യാഥാര്‍ത്ഥ്യവുമായി എന്തുമാത്രം പൊരുത്തപ്പെട്ടുപോകുന്നുവെന്ന് ഒരു സാധാരണ ഇന്ത്യക്കാരന്‍ സംശയം രേഖപ്പെടുത്തിയാല്‍, അയാളെ എങ്ങനെ കുറ്റപ്പെടുത്താനാകും? കടലും കടലാടിയും ശ്രവണമാത്രയില്‍ ഒരേ തൂവല്‍പക്ഷികളെ പോലെ വളരെ സാമ്യമുള്ള പദങ്ങളാണ്. എന്നാല്‍ കടലില്‍നിന്നും വളരെ അകലെ പര്‍വ്വതപ്രദേശത്ത് വളരുന്ന ഒരു ഔഷധച്ചെടിയാണ് കടലാടി. ഇവ തമ്മില്‍ യാതൊരു ബന്ധവുമില്ല, അതുവഴി സാമ്യവുമില്ല. മോഹന്‍ജിയുടെ പ്രസംഗവും സമകാലിക സംഭവവികാസങ്ങളും ഒരു തരത്തില്‍ കടലും കടലാടിയും പോലെയാണെന്ന് പറഞ്ഞാല്‍, ആരാധ്യനായ മോഹന്‍ ഭഗവത്ജി അങ്ങ് പരിഭവിക്കില്ലല്ലോ!

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org