ഞാനല്ല, യേശുവാണ് സഭയുടെ അമരത്ത്

ഞാനല്ല, യേശുവാണ് സഭയുടെ അമരത്ത്
ഇതല്ലേ കത്തോലിക്കാസഭയില്‍ നടന്ന ഏറ്റവും പ്രസാദാത്മകമായ വിടവാങ്ങല്‍? സ്വധര്‍മ്മം പൂര്‍ത്തിയായെന്നുള്ള ബോധ്യമുള്ളവനും, തനിക്കുശേഷം പ്രളയമാണെന്നുള്ള സ്വാര്‍ത്ഥചിന്തയെ അതിജീവിച്ചവനും മാത്രമേ, പ്രസാദാത്മകമായി വിടവാങ്ങാനാവൂ.

'ഞാനല്ല, ഞാനല്ല...' എന്നത് ഒരു ആത്മീയ മനോഭാവത്തിന്റെ ചുരുക്കരൂപമാണ്. ക്രിസ്തീയതയുടെ ഉറവിടങ്ങളില്‍ തന്നെ ഈ ആത്മീയധാര പ്രകടമാണ്. നീ ആരാണെന്ന പുരോഹിതരുടെ ചോദ്യത്തിന് സ്‌നാപകന്റെ മറുപടി, 'ഞാനല്ല... ഞാനല്ല' എന്നായിരുന്നു. 'അവന്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു: ഞാന്‍ ക്രിസ്തു വല്ല. എങ്കില്‍ പിന്നെ നീ ആരാണ് ഏലിയായോ? അല്ല എന്ന് അവന്‍ പ്രതിവചിച്ചു. അവര്‍ വീണ്ടും ചോദിച്ചു: എങ്കില്‍ നീ പ്രവാചകനാണോ? അല്ല എന്ന് അവന്‍ മറുപടി നല്‍കി' (യോഹ. 1:19-21).

ഈ ആത്മീയതയുടെ ആള്‍രൂപമായി മാറി 2013 ഫെബ്രുവരി 11ന് വത്തിക്കാന്‍ പാലസിലെ കൊഞ്ചിസ്റ്റോറോ ഹാളില്‍ പ്രത്യക്ഷപ്പെട്ട ബെനഡിക്ട് പാപ്പ. അന്ന് 'ആഗോള രോഗീ ദിനമായിരുന്നു' വത്തിക്കാനില്‍ അവധി ദിവസം. ഒത്രാന്തോയിലെ എണ്ണൂറ് രക്ത സാക്ഷികളുടെയും രണ്ട് ലത്തീന്‍ അമേരിക്കന്‍ കന്യാസ്ത്രീകളുടെയും നാമകരണ തീയതി പ്രഖ്യാപിക്കാനായിരുന്നു പാപ്പ കര്‍ദിനാള്‍ സംഘത്തെ വിളിച്ചുകൂട്ടിയത്. നാമകരണ പ്രഖ്യാപനത്തിന്റെ ഔദ്യോഗിക ചടങ്ങുകള്‍ കഴിഞ്ഞുവെന്ന് സകലരും കരുതിയ സമയത്ത് നേരത്തെ എഴുതി തയ്യാറാക്കിയ മറ്റൊരു കുറിപ്പ് പാപ്പ കൈയിലെടുത്തു: 'പ്രിയ സഹോദരരേ,' ക്ഷീണിതമായ സ്വരത്തില്‍ വികാരാധീനനായി ബെനഡിക്ട് പാപ്പ, കര്‍ദിനാള്‍ സംഘത്തോട് പറഞ്ഞു തുടങ്ങി: 'നാമകരണ പരിപാടിക്കുവേണ്ടി മാത്രമല്ല ഞാന്‍ നിങ്ങളെ ഇവിടെ വിളിച്ചു ചേര്‍ത്തിരിക്കുന്നത്.' അപ്രതീക്ഷിതമായതെന്തോ സംഭവിക്കാന്‍ പോകുന്നെന്ന് കര്‍ദിനാളന്മാരുടെ മനസ്സ് പറഞ്ഞു.

ബെനഡിക്ട് പാപ്പ തുടര്‍ന്നു: 'സഭയെ സംബന്ധിച്ച് ഏറ്റവും ഗൗരവമുള്ള ഒരു കാര്യം കൂടി എനിക്ക് നിങ്ങളെ അറിയിക്കാനുണ്ട്. ദൈവതിരുമുമ്പില്‍ പലവുരു ആവര്‍ത്തിച്ച് എന്റെ മനസ്സാക്ഷിയെ പരിശോധിച്ചശേഷം ഞാന്‍ എടുത്ത ഒരു തീരുമാനമുണ്ട്. പത്രോസിന്റെ ശ്ലൈഹിക ശുശ്രൂഷ തൃപ്തികരമായവിധം നിര്‍വഹിക്കാനുള്ള ശക്തി പ്രായാധിക്യം മൂലം എനിക്കിപ്പോള്‍ ഇല്ലാതായിരിക്കുന്നു. അതിനാല്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തിയുടെ ഗൗരവം പൂര്‍ണ്ണമായി മനസ്സിലാക്കികൊണ്ടും സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെയും, റോമിന്റെ മെത്രാനും പത്രോസിന്റെ പിന്‍ഗാമിയുമെന്ന എന്റെ സ്ഥാനം ഞാന്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഫെബ്രുവരി 28-ാം തീയതി വൈകുന്നേരം 8 മണി മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരുന്നതായിരിക്കും...'

തന്റെ സഹപ്രവര്‍ത്തകരായ കര്‍ദിനാളന്മാര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് അദ്ദേഹം സമാപിപ്പിച്ചു: 'നിങ്ങളുടെ ജീവിതവും അധ്വാനവും വഴി എനിക്കും എന്റെ ശുശ്രൂഷയ്ക്കും നിങ്ങള്‍ ഓരോരുത്തരും തന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും ആത്മാര്‍ത്ഥമായ നന്ദി.'

മെല്ലെ നിര്‍ത്തി എല്ലാവരെയും ഒന്നു നോക്കിയിട്ട് അദ്ദേഹം തുടര്‍ന്നു: 'എന്റെ എല്ലാ പോരായ്മകള്‍ക്കും വീഴ്ചകള്‍ക്കും ഞാന്‍ നിങ്ങളോട് മാപ്പു ചോദിക്കുന്നു.'

പലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. നൊമ്പരം തളം കെട്ടി നില്‍ക്കുന്ന അന്തരീക്ഷത്തില്‍ അക്ഷോഭ്യനായി മാര്‍പാപ്പ തന്റെ തുടര്‍ന്നുള്ള ശുശ്രൂഷയും സഭയ്ക്ക് വാഗ്ദാനം ചെയ്തു; പ്രാര്‍ത്ഥനയിലൂടെയുള്ള മൗനശുശ്രൂഷ.

രാജിപ്രഖ്യാപനം വായിച്ചു തീര്‍ന്നപ്പോള്‍ കര്‍ദിനാള്‍ സംഘത്തിന്റെ നേതാവ് സോദാനോ കര്‍ദിനാളന്മാരുടെ പ്രതിനിധിയെന്ന നിലയില്‍ പാപ്പയെ സ്‌നേഹാശ്ലേഷത്തോടെ അഭിവാദനം ചെയ്തു. തുടര്‍ന്ന് മ്ലാനവദനരായി നില്‍ക്കുന്ന കര്‍ദിനാളന്മാരുടെ നടുവിലൂടെ ദുര്‍ബലമായ ചുവടുവയ്പുകളോടെ ബെനഡിക്ട് പാപ്പ നടന്നു നീങ്ങി - തന്റെ പേപ്പല്‍ വസതിയിലേക്ക്. ഇനിയുള്ള പതിനേഴ് ദിവസത്തിന്റെ വാസത്തിനും ഏകാന്തതയ്ക്കുമായി.

'തമ്പുരാനോട് ഞാന്‍ ശാഠ്യം പിടിച്ചപേക്ഷിച്ചു,' ആരോഗ്യവും ശക്തിയും ചോര്‍ന്നുപോകുന്നതായി തോന്നിയപ്പോള്‍ ശരിയായ പ്രകാശത്തിനായി പ്രാര്‍ത്ഥിച്ചതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. 'ശരിയായ തീരുമാനത്തിനുള്ള വെളിച്ചം കിട്ടാന്‍ ഞാന്‍ തമ്പുരാനോട് നിര്‍ബന്ധപൂര്‍വം പ്രാര്‍ത്ഥിച്ചു. എന്റെ സന്തോഷത്തിനായുള്ള ശരിയായ തീരുമാനമല്ല, മറിച്ച് സഭയുടെ നന്മയ്ക്കായുള്ള ശരിയായ തീരുമാനമെടുക്കാന്‍.'

പിന്നീട് പതിനാറു ദിവസങ്ങള്‍ക്കു ശേഷം ഫെബ്രുവരി 27-ാം തീയതിയിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പാപ്പ പറഞ്ഞു: 'സഭ എന്റേതല്ല, കര്‍ത്താവിന്റേതാണ്. അതിനാല്‍ തന്നെ ഈ സഭാനൗക ആഴങ്ങളില്‍ മുങ്ങിത്താഴാന്‍ അവന്‍ അനുവദിക്കുകയില്ല. കാരണം, അവനാണ് വള്ളത്തിന്റെ അമരത്ത്. അവന്‍ തന്നെയാണ് ഇതിനെ നയിക്കുന്നതും നിയന്ത്രിക്കുന്നതും.'

ഗലീലിത്തടാകത്തിലെ വള്ളമായിരുന്നിരിക്കണം അപ്പോള്‍ പാപ്പയുടെ മനസ്സില്‍. വള്ളത്തില്‍ കയറാനും മറുകരയ്ക്കു പോകാനും ശിഷ്യരെ നിര്‍ബന്ധിക്കുന്നത് യേശു തന്നെയാണ് (മര്‍ക്കോ. 4:36). പാപ്പ തുടര്‍ന്നു: 'കൊടുങ്കാറ്റില്‍ അകപ്പെട്ട പത്രോസിന്റെ അനുഭവമായിരുന്നു എനിക്കും. മറ്റു ശിഷ്യന്മാരോടൊപ്പം പത്രോസും വള്ളത്തിലായിരുന്നു... ശാന്തമായ കടല്‍ സമ്മാനിച്ച സമാധാനത്തിന്റെയും സൗന്ദര്യത്തിന്റെയും സമയം ഉണ്ടായിരുന്നു... എന്നാല്‍ കൊടുങ്കാറ്റ് ഉയരുകയും തിരമാലകള്‍ വള്ളത്തിലേക്ക് ആഞ്ഞടിക്കുകയും ചെയ്ത അവസരങ്ങളും ഉണ്ടായിരുന്നു. കര്‍ത്താവ് അമരത്ത് ശാന്തമായി ഉറങ്ങിക്കൊണ്ടിരുന്ന സന്ദര്‍ഭങ്ങളും. എന്നാല്‍ എനിക്കെന്നും ഉറപ്പായിരുന്നു, കര്‍ത്താവ് എപ്പോഴും വള്ളത്തിലുണ്ടായിരുന്നെന്ന്. പോരാ, സഭ എന്റേതല്ല, അവന്റേതാണെന്ന്. അതിനാല്‍ തന്നെ ഈ വള്ളം മുങ്ങിത്താഴാന്‍ അവന്‍ അനുവദിക്കുകയില്ലെന്ന്.'

തൊട്ടടുത്ത ദിവസം, ഫെബ്രുവരി 28. വത്തിക്കാന്റെ സെന്റ് ഡമാസ്‌കോ മുറ്റം. പേപ്പല്‍ വസതിയോട് വിട പറയുന്ന പരിശുദ്ധ പിതാവിനെ യാത്രയാക്കാന്‍ ഒരുമിച്ചു കൂടിയ ചെറിയൊരു ഗണം. കര്‍ദിനാളന്മാരും കൂരിയാംഗങ്ങളും നിരനിരയായി വന്ന് പാപ്പയുടെ കൈമുത്തി അദ്ദേഹത്തോട് യാത്ര പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം വത്തിക്കാന്റെ ഔദ്യോഗിക കാറില്‍ ഹെലിപ്പാടിലേക്ക്. അവിടെയും ചെറിയൊരു ആള്‍ക്കൂട്ടം. ഹെലികോപ്റ്ററില്‍ മാര്‍പാപ്പയുടെ വേനല്‍ക്കാലവസതിയായ ഗൊണ്ടോള്‍ഫോ കൊട്ടാരത്തിലേക്ക്. അവിടെയും നല്ലൊരു ജനക്കൂട്ടം.

'ഞാനിനി മുതല്‍ കത്തോലിക്കാസഭയുടെ മാര്‍പാപ്പയല്ല,' കൊട്ടാരത്തിന്റെ ജനാലക്കല്‍ നിന്നു കൊണ്ട് ജനത്തിന്റെ ഹര്‍ഷാരവത്തിന്റെയും പേപ്പല്‍ ഫഌഗ് വീശലിന്റെയും ഇടയില്‍ അദ്ദേഹം തന്റെ അവസാന സംഭാഷണം പറഞ്ഞു തുടങ്ങി: 'ഇന്നു വൈകുന്നേരം എട്ടു മണി മുതല്‍ ഞാന്‍ മാര്‍ പാപ്പയല്ല. തന്റെ ഭൗമിക യാത്രയുടെ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന വെറുമൊരു തീര്‍ത്ഥാടകന്‍ മാത്രമാണ് ഞാന്‍.'

ഇത്രയും പറഞ്ഞിട്ട് അദ്ദേഹം ത്രിതൈ്വക ദൈവത്തിന്റെ നാമത്തില്‍ ജനങ്ങളെ ആശീര്‍വദിച്ചു. 'നന്ദി; നല്ല രാത്രി.' ജനത്തിന്റെ ആരവം നിലയ്ക്കുന്നില്ല. അതിനാല്‍ ഒരിക്കല്‍ക്കൂടെ അദ്ദേഹം ആവര്‍ത്തിച്ചു: 'നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ നന്ദി.' കൊട്ടാരത്തിന്റെ ജനാലയ്ക്കല്‍നിന്ന് സാവധാനം പാപ്പ പിന്‍വാങ്ങി. അവിടിപ്പോള്‍ പാറിപ്പറക്കുന്ന പേപ്പല്‍ പതാക മാത്രം!

ഇതല്ലേ കത്തോലിക്കാസഭയില്‍ നടന്ന ഏറ്റവും പ്രസാദാത്മകമായ വിടവാങ്ങല്‍? സ്വധര്‍മ്മം പൂര്‍ത്തിയായെന്നുള്ള ബോധ്യമുള്ളവനും, തനിക്കുശേഷം പ്രളയമാണെന്നുള്ള സ്വാര്‍ത്ഥചിന്തയെ അതിജീവിച്ചവനും മാത്രമേ, പ്രസാദാത്മകമായി വിടവാങ്ങാനാവൂ.

ഒരുപക്ഷേ പടിപടിയായി വളര്‍ന്നുവന്ന പ്രതിസന്ധികളുടെ കൊടുമുടിയായിരുന്നില്ലേ മാര്‍പാപ്പയുടെ രാജി? എന്നാല്‍, ആ ഒറ്റ തീരുമാനത്തോടെ ബെനഡിക്ട് പാപ്പ ചരിത്രപുരുഷനായി മാറി. മാര്‍പാപ്പ സ്ഥാനത്തിന്റെ സര്‍വ അതിഭാവുകതയും അതോടെ അപ്രത്യ ക്ഷമായി. സഭാദര്‍ശനത്തെയും സഭാ ശുശ്രൂഷകളെയും ഗുണപരമായി മാറ്റി മറിക്കാന്‍ ഒരൊറ്റ തീരുമാനം കൊണ്ട് അദ്ദേഹത്തിന് കഴിഞ്ഞുവെന്നതാണ് സത്യം.

എന്തുകൊണ്ടാണ് ബെനഡിക്ട് പാപ്പ രാജിവച്ചത്? ഇതായിരുന്നു പലയിടത്തും നിറഞ്ഞുനിന്ന പ്രധാന ചോദ്യം. സമാനമായൊരു രാജിചിന്ത പോള്‍ ആറാമന്‍ മാര്‍ പാപ്പയ്ക്കും ഉണ്ടായിരുന്നു. രോഗത്താലോ പ്രായാധിക്യത്താലോ ഔദ്യോഗിക കടമകള്‍ നിര്‍വഹിക്കാനാവാതെ വന്നാല്‍ കോണ്‍ക്ലേവ് വിളിച്ചുകൂട്ടാന്‍ കര്‍ദിനാളന്മാര്‍ക്ക് പോള്‍ ആറാമന്‍ പാപ്പ കൊടുത്ത കത്തിന്റെ കോപ്പി കര്‍ദിനാളായിരിക്കുമ്പോള്‍ തന്നെ ബെനഡിക്ട് പാപ്പ കണ്ടിരുന്നു. നിര്‍ഭാഗ്യവശാല്‍, അത്തരമൊരു സാഹചര്യത്തില്‍ കൂടെ കടന്നു പോയത് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയായിരുന്നു. എന്നാല്‍ സമാനമായൊരു സാഹചര്യം ബെനഡിക്ട് പാപ്പയുടെ കാര്യത്തില്‍ സംജാതമായിട്ടില്ലായിരുന്നുവെന്നതാണ് സത്യം (ഹൃദ്രോഗത്തിന്റെയും ആര്‍ത്രൈറ്റിസിന്റെയും ചെറിയ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നെങ്കില്‍ പോലും). ഗൗരവമായ രോഗങ്ങളൊന്നും അദ്ദേഹത്തിന് ഇല്ലായിരുന്നുവെന്ന് മാര്‍പാപ്പയുടെ സ്വകാര്യ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സമാനാഭിപ്രായം തന്നെയാണ് വത്തിക്കാന്‍ വക്താവ് ഫാ. ലൊംബാര്‍ദ്ദിയും പരസ്യമായി പ്രകടിപ്പിച്ചത്.

പിന്നെ എന്തുകൊണ്ടാണ് പാപ്പ രാജി വച്ചത്? ജോണ്‍ പോള്‍ രണ്ടാമനു ശേഷം മാര്‍പാപ്പയാകുക അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. ആ ദുഷ്‌കരദൗത്യമാണ് ബെനഡിക്ട് പാപ്പയ്ക്കു വന്നു ചേര്‍ന്നത്. അതോടൊപ്പമാണ് ഒന്നിനു പുറകെ മറ്റൊന്നായി മലവെള്ളപ്പാച്ചില്‍ പോലെ വന്നു ചേര്‍ന്ന പ്രതിസന്ധികളും.

മതാന്തരബന്ധങ്ങളിലെ പ്രതിസന്ധികളായിരുന്നു ആദ്യം. 2006-ലെ റേഗന്‍സ്ബുര്‍ഗ് പ്രസംഗമായിരുന്നു മുസ്‌ലീം സഹോദരങ്ങളുമായുള്ള ബന്ധം വഷളാകാനുള്ള പ്രധാന കാരണം. പതിനാലാം നൂറ്റാണ്ടിലെ ബൈസന്റൈന്‍ ചക്രവര്‍ത്തിയെ ഉദ്ധരിച്ചതായിരുന്നു പ്രശ്‌നം മുഴുവന്‍ സൃഷ്ടിച്ചത്.

യഹൂദരുമായുള്ള ബന്ധം താറുമാറാക്കിയത് ട്രിഡന്റൈന്‍ കുര്‍ബാനയിലെ യൂദവിരുദ്ധ പ്രാര്‍ത്ഥനയും, ലെഫേവ്‌റിന്റെ ഗണത്തിലെ മെത്രാന്മാരുടെ മഹറോന്‍ പിന്‍വലിച്ചതുമായിരുന്നു. അവരിലൊരു മെത്രാന്‍ ഹോളോക്കോസ്റ്റ് നിഷേധിയായിരുന്നു.

വൈദികരുടെ ബാലപീഡകള്‍ സൃഷ്ടിച്ച പ്രതിസന്ധിയായിരുന്നു ഏറ്റവും രൂക്ഷം. തന്റെ കഴിവിന്റെ പരമാവധി ചെയ്തിട്ടും തനിക്കൊരു പങ്കുമില്ലാതിരുന്ന ബാലപീഡാ വിവാദത്തിന്റെ പാപഭാരം മുഴുവന്‍ താങ്ങേണ്ടി വന്നത് നിര്‍ഭാഗ്യവാനായ ബെനഡിക്ട് പാപ്പയ്ക്കായിരുന്നു.

ഇതിനിടയിലായിരുന്നു കൂരിയായിലെ പ്രശ്‌നങ്ങള്‍. ദീര്‍ഘകാലം കൂരിയായില്‍ പ്രവര്‍ത്തിച്ച കര്‍ദിനാളെന്ന നിലയില്‍ കൂരിയായുടെ പ്രതിനിധിയായിട്ടായിരുന്നു അദ്ദേഹം മാര്‍പാപ്പാസ്ഥാനത്തേക്ക് കടന്നുവന്നത്. എന്നിട്ടും കൂരിയായുടെ പരിപൂര്‍ണ്ണ പിന്തുണയും സഹകരണവും അദ്ദേഹത്തിന് ഒരിക്കലും കിട്ടിയില്ല. അതിന്റെ പ്രത്യക്ഷ തെളിവായിരുന്നു വത്തീലീക്‌സെന്ന കുപ്രസിദ്ധമായ ഫയല്‍ ചോര്‍ച്ച.

ഒരുപക്ഷേ പടിപടിയായി വളര്‍ന്നുവന്ന പ്രതിസന്ധികളുടെ കൊടുമുടിയായിരുന്നില്ലേ മാര്‍ പാപ്പയുടെ രാജി? എന്നാല്‍, ആ ഒറ്റ തീരുമാനത്തോടെ ബെനഡിക്ട് പാപ്പ ചരിത്രപുരുഷനായി മാറി. മാര്‍പാപ്പ സ്ഥാനത്തിന്റെ സര്‍വ അതിഭാവുകതയും അതോടെ അപ്രത്യക്ഷമായി. സഭാദര്‍ശനത്തെയും സഭാശുശ്രൂഷകളെയും ഗുണപരമായി മാറ്റിമറിക്കാന്‍ ഒരൊറ്റ തീരുമാനം കൊണ്ട് അദ്ദേഹത്തിന് കഴിഞ്ഞുവെന്നതാണ് സത്യം.

പാപ്പാവരെയുള്ള സഭയിലെ എല്ലാ സ്ഥാനങ്ങളും ശുശ്രൂഷകള്‍ മാത്രമാണ്. അല്ലാതെ, ദൈവം ആര്‍ക്കും ആജീവനാന്തം ഔദാര്യമായി കൊടുക്കുന്ന പാരിതോഷികമൊന്നുമല്ല. എല്ലാം ശുശ്രൂഷകളാണെങ്കില്‍ ഓരോ ശുശ്രൂഷയും അതിന്റേതായ ചില കടമകളും അത് ഏറ്റെടുക്കുന്നവരില്‍ നിന്നും ആവശ്യപ്പെടുന്നുണ്ട്. അത് നിര്‍വഹിക്കാന്‍ വേണ്ട കഴിവ് ഇല്ലാതെ വരുന്ന സാഹചര്യത്തില്‍ ശുശ്രൂഷാസ്ഥാനം ഒഴിഞ്ഞുകൊടുക്കുന്നതും സഭാസേവനത്തിന്റെ ഭാഗം തന്നെയാണ്. സഭയിലെ സ്ഥാനമാനങ്ങള്‍ രാജിവയ്ക്കുന്നതും വലിയൊരു സഭാശുശ്രൂഷയായി മാറിയിരിക്കുന്നുവെന്ന് സാരം. സ്ഥാനത്യാഗം ചെയ്യുന്നത് ഒരു ഔദാര്യമല്ല, ചില സാഹചര്യങ്ങളില്‍ അത് കടമയുടെ ഭാഗമായി മാറുന്നു. ഇനി മുതല്‍ സഭാശുശ്രൂഷകരില്‍ ആര്‍ക്കും രാജിവയ്ക്കാനുള്ള സാധ്യത തുറന്നുവന്നിരിക്കുന്നു. ഇടവകയിലെ വികാരിയച്ചന്‍ മുതല്‍ മാര്‍പാപ്പാവരെയുള്ളവര്‍ക്ക് രാജിവയ്ക്കാം. സ്വന്തം ഉത്തരവാദിത്വങ്ങള്‍ ഫലപ്രദമായി നിര്‍വഹിക്കാന്‍ അശക്തരാകുമ്പോള്‍ സ്ഥാനത്യാഗമായിരിക്കില്ലേ അവരുടെ പ്രധാന കടമ? ബെനഡിക്ട് പാപ്പ പ്രാര്‍ത്ഥിച്ചതുപോലെ 'സ്വന്തം സന്തോഷത്തിനായുള്ള തീരുമാനമല്ല, മറിച്ച് സഭയുടെ നന്മക്കായുള്ള ശരിയായ തീരുമാനമെടുക്കാനുള്ള' പ്രകാശത്തിനായല്ലേ അവര്‍ പ്രാര്‍ത്ഥിക്കേണ്ടത്?

ഒന്നിനോടും സ്ഥായിയായി ഒട്ടിപ്പിടിക്കാത്ത അനാസക്തി ആര്‍ജിച്ചവന് മാത്രമേ ബെനഡിക്ട് പാപ്പയെപ്പോലെ സ്ഥാനത്യാഗം ചെയ്യാന്‍ സാധിക്കുള്ളൂ. നമുക്കിവിടെ ഒന്നും സ്ഥായിയായി സ്വന്തമാക്കാനാവില്ല. പണവും പറമ്പും പ്രശസ്തിയും സ്ഥാനമാനങ്ങളുമൊന്നും. ഈ തിരിച്ചറിവല്ലേ സത്യത്തില്‍ ഒരു ആത്മീയനേതാവിന് ഒന്നാമതായി ഉണ്ടായിരിക്കേണ്ടത്? ഈ അനാസക്തിയും നിര്‍മമതയും സ്വായത്തമാക്കിയവരല്ലേ സഭാശുശ്രൂഷയിലേക്കും സഭയുടെ നേതൃത്വശുശ്രൂഷയിലേക്കും ഉയര്‍ന്നുവരേണ്ടത്?

അവസാനിപ്പിക്കുന്നതിനു മുമ്പ് സ്‌നാപകനിലേക്ക് തന്നെ തിരിച്ചുവരാം. 'ഞാനല്ലെന്നു പറയുന്ന' യോഹന്നാനോട് അവര്‍ വീണ്ടും ചോദിക്കുമ്പോള്‍ അദ്ദേഹം പറയുന്നൊരു കാര്യമുണ്ട്: 'നിങ്ങള്‍ അറിയാത്ത ഒരുവന്‍ നിങ്ങളുടെ ഇടയിലുണ്ട്. അവന്‍ എന്നെക്കാള്‍ വലിയവനാണ്' (യോഹ. 1:26-27). ഇതല്ലേ ബെനഡിക്ട് പാപ്പയുടെ കാര്യത്തില്‍ സംഭവിച്ചത്? ഇത് തന്നെയായിരിക്കില്ലേ ഏതൊരു അനാസക്തമായ സ്ഥാന ത്യാഗത്തിലും സംഭവിക്കുക?

ഒരിക്കല്‍ ഒരു രാജ്യം വലിയൊരു ആഭ്യന്തര പ്രതിസന്ധിയിലായി. ക്രമസമാധാനം ആകെ താറുമാറായി. നീതിനിഷ്ഠനും ബുദ്ധിമാനുമായ ഒരു മന്ത്രിയുടെ അഭാവം രാജാവിന് ബോധ്യപ്പെട്ടു. പ്രഗത്ഭനായ ഒരുവനെ കണ്ടെത്താന്‍ രാജാവ് അന്വേഷണം തുടങ്ങി. ഒടുവില്‍ വനാന്തരത്തിലെ ദിവ്യനായ ഒരു സന്യാസിയില്‍ അന്വേഷണം ചെന്നുനിന്നു. രാജാവ് ദൂതന്മാരെ വിട്ടു. സന്യാസി അപേക്ഷ നിരസിച്ചു. അവസാനം രാജാവ് തന്നെ അപേക്ഷയുമായി സന്യാസിയുടെ അടുത്തെത്തി. ഏറെ നിര്‍ബന്ധത്തിനൊടുവില്‍ സന്യാസി ഒരു വ്യവസ്ഥയോടെ സമ്മതം മൂളി - രാജകൊട്ടാരത്തില്‍ അദ്ദേഹത്തിന് ഒരു സ്വകാര്യ മുറി വേണം; അതില്‍ മറ്റാരും ഒരിക്കലും കയറുവാനും പാടില്ല. രാജാവ് സമ്മതിച്ചു.

സന്യാസി മന്ത്രിയായി ഭരണം തുടങ്ങി. അങ്ങനെ രാജ്യം സമാധാനത്തിലേക്കും വളര്‍ച്ചയിലേക്കും തിരികെ വന്നു. അപ്പോഴേക്കും, കൊട്ടാരവിദൂഷകര്‍ പിറുപിറുക്കാന്‍ തുടങ്ങി സന്യാസിമന്ത്രിയെ സൂക്ഷിക്കണം; അയാള്‍ അയല്‍രാജ്യത്തിന്റെ ചാരനാണ്; അയാളുടെ മുറിയില്‍ അയാള്‍ രഹസ്യമായി ചെയ്യുന്നത് ചാരപ്പണിയല്ലേ? മുറി തുറന്ന് നോക്കണമെന്ന അപേക്ഷയുമായി അവര്‍ രാജാവിനെ സമീപിച്ചു. എന്നാല്‍ താന്‍ കൊടുത്ത വാഗ്ദാനം ലംഘിക്കാന്‍ രാജാവ് തയ്യാറായില്ല. എന്നാല്‍ അവസാനം രാജാവറിയാതെ അവര്‍ സന്യാസിയുടെ മുറി തുറന്ന് അകത്തു കയറിപ്പോള്‍ മുറിക്കുള്ളില്‍ ഒന്നും തന്നെയില്ല. ആകെയുള്ളത് തൂക്കിയിട്ടിരിക്കുന്ന ഒരു ജീര്‍ണ്ണവസ്ത്രവും, അതിനരികില്‍ കമിഴ്ത്തിവച്ചിരിക്കുന്ന ഒരു ഭിക്ഷാപാത്രവും.

സന്യാസി വിവരം അറിഞ്ഞു. അദ്ദേഹം പോകാനൊരുങ്ങി. രാജാവ് മാപ്പു പറഞ്ഞപേക്ഷിച്ചു. പക്ഷേ അദ്ദേഹത്തെ പിന്തിരിപ്പിക്കാനായില്ല. സന്യാസി പോകുമെന്നുറപ്പായപ്പോള്‍ ശൂന്യമായ മുറിയുടെ രഹസ്യമെങ്കിലും പോകുന്നതിനുമുമ്പ് വെളിപ്പെടുത്തണമെന്ന് രാജാവ് അപേക്ഷിച്ചു.

സന്യാസി പറഞ്ഞു: ''എല്ലാ പ്രധാന ആലോചനകള്‍ക്കും തീരുമാനങ്ങള്‍ക്കും മുമ്പ് ഞാന്‍ എന്റെ സ്വകാര്യമുറിയില്‍ കയറുമായിരുന്നു. എന്നിട്ട്, ആദ്യം ഞാന്‍ എന്റെ ഔദ്യോഗിക വസ്ത്രവും സ്ഥാനചിഹ്നങ്ങളും അഴിച്ചുമാറ്റും. അതിനുശേഷം ഞാന്‍ എന്റെ ജീര്‍ണ്ണവസ്ത്രം ധരിക്കും, ഭിക്ഷാപാത്രം കൈയിലെടുക്കും. എന്നിട്ട് എന്നോടുതന്നെ ഞാന്‍ പറയും, 'സത്യത്തില്‍ നീ ഇവിടൊരു ഭിക്ഷാംദേഹിയും വഴിപോക്കനുമാണ്. നിന്റേതാണെന്ന് ഇപ്പോള്‍ നിനക്ക് തോന്നുന്നതൊന്നും യഥാര്‍ത്ഥത്തില്‍ നിന്റേതല്ല, നിന്റെ ശരീരം പോലും.' അതിനു ശേഷമാണ് ഞാന്‍ എല്ലാ തീരുമാനങ്ങളും എടുത്തിരുന്നത്!''

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org