
നിയമത്തിലെ അഗാധമായ പാണ്ഡിത്യം തന്റെ മുന്നിലെത്തുന്ന കേസുകളില്‍ തീരുമാനമെടുക്കുന്നതില്‍ ഒരു ന്യായാധിപനെ സഹായിച്ചേക്കാം, പക്ഷേ ആ ചട്ടങ്ങളുടെ ചതുരത്തിന് പുറത്തേക്ക് നീതിയുടെ പ്രകാശമെത്തിക്കുക അത്ര സാധാരണമല്ല, അതാണ് ജസ്റ്റിസ് തോട്ടത്തിലിന്റെ മികവ്.
തെലങ്കാന, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഡ്, കൊല്‍ക്കത്ത ഹൈക്കോടതികളിലെ മുന്‍ ചീഫ് ജസ്റ്റിസും കേരള ഹൈക്കോടതി മുന്‍ ജഡ്ജിയുമായിരുന്ന ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ (64) അന്തരിച്ചു.
തെലങ്കാന ഹൈക്കോടതിയിലെ ആദ്യത്തെ ചീഫ് ജസ്റ്റിസായിരുന്നു അദ്ദേഹം. 12 വര്‍ഷം കേരള ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ച അദ്ദേഹം രണ്ടു തവണ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്നു. അഞ്ച് ഹൈക്കോടതികളില്‍ ചീഫ് ആകുക അത്യപൂര്‍വമാണ്.
1983-ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത ജസ്റ്റിസ് രാധാകൃഷ്ണന്‍ സിവില്‍, ഭരണഘടന, ഭരണപരമായ നിയമങ്ങള്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത നിയമ ശാഖകളില്‍ പ്രാക്ടീസ് ചെയ്തു. 2004 ഒക്‌ടോബര്‍ 14-ന് കേരള ഹൈക്കോടതി ജഡ്ജിയായി. കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. അഞ്ച് ദേശീയ നിയമ സര്‍വകലാശാലകളുടെ (NALSAR ഹൈദരാബാദ്; WBNUJS കൊല്‍ക്കത്ത; NUALS കൊച്ചി; HNLU റായ്പൂര്‍; DSNLU വിശാഖ പട്ടണം) ചാന്‍സലറായിരുന്നു അദ്ദേഹം.
ഇരുന്ന സ്ഥാനങ്ങള്‍ക്ക് എന്നും അഭിമാനമായി അദ്ദേഹം മാറി. കാരുണ്യപ്രവര്‍ത്തനങ്ങളില്‍ തടസ്സമാകാറുള്ള നിയമകുരുക്കുകള്‍ നിഷ്പ്രയാസം പ്രായോഗിക ബുദ്ധിയോടെ മറികടക്കുവാന്‍ അദ്ദേഹം തന്റെ അധികാരങ്ങളും അപാരമായ നിയമജ്ഞാനവും ബുദ്ധിശക്തിയും നീതിബോധവും കാര്യപ്രാപ്തിയും, ഇതൊക്കെ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുവാനുള്ള മിടുക്കും അദ്ദേഹത്തിന്റെ മുന്നിലെത്തുന്ന പാവങ്ങള്‍ക്കുവേണ്ടി സധൈര്യം പ്രയോഗിച്ചിട്ടുണ്ട്. കേരളത്തിലെ തെരുവുകളില്‍ അലഞ്ഞു നടക്കുന്ന മാനസികരോഗികളെ നിയമപരമായ മാര്‍ഗങ്ങളിലൂടെ നിയന്ത്രണത്തിലാക്കി സര്‍ക്കാര്‍ റെയില്‍വേ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി അവരെ സ്വദേശത്തേക്കും തുടര്‍ന്ന് വീട്ടിലേക്കും എത്തിക്കുവാന്‍ തോട്ടത്തില്‍ സാര്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ കാലാതിവര്‍ത്തികളാണ്. ഹൈക്കോടതി ജഡ്ജിയായിരിക്കെ റെയില്‍വേ സ്റ്റേഷനില്‍ ഈ രോഗികളെ ട്രെയിനില്‍ കയറ്റിവിടാന്‍ വന്നിട്ടുണ്ട്.
സംസ്ഥാനത്തെ മാനസികാരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിലും മുതിര്‍ന്ന പൗരന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങളിലും ദേവസ്വം കാര്യങ്ങളിലും നടത്തിയ ഇടപെടലുകളിലൂടെയാണ് ജസ്റ്റിസ് രാധാകൃഷ്ണന്‍ ശ്രദ്ധേയനായത്.
അടിയുറച്ച ഈശ്വരവിശ്വാസിയായിരുന്ന അദ്ദേഹം കൊച്ചി നഗരത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്കായുള്ള സൗജന്യ ഉച്ചഭക്ഷണ വിതരണം, മാനസികരോഗികള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍, തുടങ്ങി വിവിധ സേവന സഹായ പരിപാടി എന്നിവയില്‍ ഹൈക്കോടതി ജഡ്ജിയായിരിക്കെ പോലും ഇറങ്ങി പ്രവര്‍ത്തിച്ചിരുന്നു. മറഞ്ഞുപോയത് ഈ മണ്ണില്‍ സാധാരണക്കാര്‍ക്കായി ഇറങ്ങിവന്ന ഉജ്വല നീതി നക്ഷത്രമാണ്. ആദരാഞ്ജലികള്‍!