നസ്രത്തിലെ ജോസഫ്‌

നസ്രത്തിലെ ജോസഫ്‌
ഓരോ തവണയും നാം കുര്‍ബാന അര്‍പ്പിക്കുകയോ, കുര്‍ബാനയില്‍ പങ്കെടുക്കുകയോ ചെയ്യുമ്പോള്‍, പുരോഹിതന്‍ അള്‍ത്താരയില്‍ കൂദാശ ചെയ്യപ്പെട്ട അപ്പമെടുത്ത് ആരാധനയ്ക്കായി ഉയര്‍ത്തുമ്പോള്‍ ആദ്യമായി യേശുവാകുന്ന ആ അപ്പത്തെ ഉയര്‍ത്തിയത് വിശുദ്ധ യൗസേപ്പിതാവാണെന്ന് നമുക്ക് ഓര്‍ക്കാം. യേശുവിനെ ഒരേ സമയം ആദരവോടും വാത്സല്യത്തോടും കൂടെ കൈകളില്‍ എടുത്ത് വളര്‍ത്തിയ ജോസഫ് ബലിപീഠത്തിലേക്ക് നീങ്ങുന്ന പുരോഹിതര്‍ക്ക് ഉത്തമ മാതൃകയാണ്.

മാര്‍ച്ച് മാസം വിശുദ്ധ യൗസേപ്പിതാവിനായി സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ ഈ മാസത്തിന് വളരെ പ്രത്യേകതയുണ്ട്. ഈ അവസരത്തില്‍, വിശുദ്ധ ജോസഫിന്റെ പിതൃത്വത്തെക്കുറിച്ച് നമുക്കു അല്പം ചിന്തിക്കാം.

സുവിശേഷങ്ങളില്‍ ജോസഫിന്റെ പേര് വളരെക്കുറച്ച് തവണ മാത്രമേ പരാമര്‍ശിച്ചിട്ടുള്ളൂവെന്ന് നമുക്ക് അറിയാം. അതിനാല്‍ രക്ഷയുടെ ചരിത്രത്തില്‍ അദ്ദേഹത്തിന് ഒരു പ്രധാന പങ്ക് ഇല്ലെന്ന് ചിലര്‍ നിഗമനം ചെയ്യുന്നു. എന്നാല്‍ സത്യം മറ്റൊന്നാണ്. ജോസഫിനെക്കുറിച്ച് വെളിപ്പെടുത്തിയ വിവരങ്ങള്‍ അപൂര്‍വമായതിനാല്‍, അത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. കാരണം അവ വജ്രങ്ങള്‍ പോലെയാണ്, അതിന്റെ സൗന്ദര്യവും തിളക്കവും കണ്ടെത്താന്‍ വളരെ ശ്രദ്ധയോടെയും വൈദഗ്ധ്യത്തോടെയും പ്രവര്‍ത്തിക്കേണ്ടതുണ്ട്. രക്ഷാകര ചരിത്രത്തില്‍ ജോസഫിന്റെ പങ്ക് അബ്രഹാത്തിന്റെയും മോശയുടെയും മേരിയുടേയും പോലെ തികച്ചും അതുല്യമാണ്.

ഫ്രാന്‍സിസ് പാപ്പയും അദ്ദേഹത്തിന്റെ മുന്‍ഗാമികളും വിശുദ്ധ യൗസേപ്പിതാവിനു രക്ഷയുടെ ചരിത്രത്തിലുള്ള പ്രധാന പങ്കിനെ പൂര്‍ണ്ണമായി വിലമതിക്കുന്നു. വാഴ്ത്തപ്പെട്ട പിയൂസ് ഒമ്പതാമന്‍ പാപ്പ അദ്ദേഹത്തെ 'സാര്‍വത്രിക സഭയുടെ സംരക്ഷക'നായി പ്രഖ്യാപിച്ചു, പയസ് പന്ത്രണ്ടാമന്‍ പാപ്പ അദ്ദേഹത്തെ 'തൊഴിലാളികളുടെ മധ്യസ്ഥ'നായി നിര്‍ദേശിച്ചു, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ അദ്ദേഹത്തെ 'രക്ഷകന്റെ കാവല്‍ക്കാര'നായി കണ്ട് 'റിഡംപ്‌ടോറിസ് കുസ്‌റ്റോസ്' എന്ന അപ്പോസ്‌തോലിക പ്രബോധനം എഴുതി, വിശുദ്ധ യൗസേപ്പ് സാര്‍വത്രികമായി നല്‍മരണത്തിന്റെ മധ്യസ്ഥനായി വിളിക്കപ്പെടുന്നു. രണ്ടു വര്‍ഷം മുമ്പ് 2020-ല്‍ ഫ്രാന്‍സിസ് പാപ്പ 'പാട്രിസ് കോര്‍ഡേ' എന്ന അപ്പസ്‌തോലിക ലേഖനം എഴുതുകയും വിശുദ്ധ യൗസേപ്പിതാവിന്റെ ഒരു വര്‍ഷം സഭയില്‍ പ്രഖ്യാപിക്കുകയും ചെയ്തു.

നിത്യപിതാവിനെപ്പോലെ, ഈ ഭൂമിയില്‍ യേശുവിന്റെ പിതാവായ ജോസഫ് നേരിട്ട് നമ്മോട് സംസാരിച്ചില്ല, മറിച്ച് 'പുത്രനിലൂടെ നമ്മോട് സംസാരിച്ചു' (Hb 1, 2). തീര്‍ച്ചയായും, സുവിശേഷങ്ങളില്‍ ജോസഫ് ഉച്ചരിച്ച ഒരു വാക്കുപോലും ഇല്ല. ജോസഫിന്റെ വാക്ചാതുര്യം സംസാരിക്കുന്നതിലല്ല, മറിച്ച് നസ്രത്തിലെ വീട്ടില്‍ തന്റെ മകനായ യേശുവിനെ അവന്റെ ഭാവി ദൗത്യത്തിനായി ഒരുക്കുന്നതിലാണ്. നമ്മള്‍ ഇംഗ്ലീഷില്‍ പറയുന്നതുപോലെ, ''പ്രവൃത്തികള്‍ വാക്കുകളേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നു.'' ജോസഫിന്റെ ജീവിതവും പ്രവൃത്തികളും വാക്കുകളേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നു.

യേശുവിനെ 'നസ്രത്തിലെ യേശു' എന്ന് വിളിക്കുമ്പോള്‍ ഭൂമിശാസ്ത്രപരമായ അവന്റെ ഉത്ഭവത്തെക്കുറിച്ച് മാത്രമല്ല അത് സൂചിപ്പിക്കുന്നത്. മറിച്ച് അവതാരമായ വചനത്തിന്റെ വിത്ത് ഏത് തരത്തിലുള്ള ഫലഭൂയിഷ്ഠമായ മണ്ണില്‍ വീണുവെന്നും അത് പഠിപ്പിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിന്റെ വെളിച്ചത്തില്‍, ഈ മണ്ണില്‍, വചനം ചവിട്ടിമെതിക്കപ്പെട്ടില്ല, സൂര്യന്റെ വെയിലില്‍ വാടിപ്പോയില്ല, മുള്‍ച്ചെടികള്‍ ഞെരുക്കി കളഞ്ഞില്ല; പകരം ജോസഫിന്റെയും മേരിയുടെയും മണ്ണില്‍ അത് വളര്‍ന്നു, ആദ്യം ഒരു ഇല, പിന്നെ കതിര്‍, പിന്നെ കതിരില്‍ ധാന്യ മണികള്‍ വിളഞ്ഞു, പിന്നീട് ആ ധാന്യം വളര്‍ന്ന് ലോകത്തിന് രക്ഷ നല്‍കുന്ന ജീവനുള്ള അപ്പമായി മാറി (Cf. Mark 4:26-34). തന്നെക്കുറിച്ച് സംസാരിക്കാതെ, സ്വയം പ്രകടിപ്പിക്കാതെ, എന്നാല്‍ ഒരു സാധാരണ ജീവിതം നയിക്കുകയും ആരും ശ്രദ്ധിക്കപ്പെടാതെ നീങ്ങുകയും ചെയ്യുന്ന വ്യക്തിയാണ് ജോസഫ്.

വിശുദ്ധ പൗലോസ് കൊറിന്ത്യക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ സ്‌നേഹത്തിന് മനോഹരമായ നിര്‍വചനം നല്‍കുന്നതുപോലെ, ജോസഫിനെക്കുറിച്ച് നമുക്കും പറയാം: ജോസഫ് അസൂയപ്പെടുന്നില്ല, പൊങ്ങച്ചക്കാരനല്ല, ഒരിക്കലും സ്വന്തം താല്‍പ്പര്യം അന്വേഷിക്കുന്നില്ല, അഹങ്കാരം നിറഞ്ഞവനല്ല... അവന്‍ സകലതും സഹിക്കുന്നു, സകലതും വിശ്വസിക്കുന്നു, സകലതും പ്രത്യാശിക്കുന്നു, സകലത്തേയും അതിജീവിക്കുന്നു' (cf. 1 കോറി. 13:4-7). ജോസഫിന്റെ ജീവിതം സ്‌നേഹത്തിന്റെ ജീവിതമാണ്, അവന്റെ ജീവിതം ലളിതമാണ്, വാക്കുകള്‍ പരിമിതങ്ങളാണ്, അവന്‍ ലോകത്തിന്റെ ദൃഷ്ടിയില്‍ നിസ്സാരമായ ജീവിതം നയിക്കുന്നു.

അന്തരിച്ച ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ 2009 മാര്‍ച്ച് മാസത്തില്‍ കാമറൂണ്‍ സന്ദര്‍ശിക്കുന്ന വേളയില്‍ വിശുദ്ധ ജോസഫിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ അതിമനോഹരങ്ങളാണ്. പാപ്പ പറഞ്ഞു: 'ആരെയും സ്വന്തമാക്കിവയ്ക്കാതെ സ്‌നേഹിക്കാന്‍ കഴിയുമെന്ന് ജോസഫ് നമുക്ക് കാണിച്ചുതരുന്നു.' വളരെ ലളിതമായ വാക്കുകള്‍, എന്നാല്‍ ആഴത്തിലുള്ള അര്‍ത്ഥം അതിലുണ്ട്. വിശുദ്ധ യൗസേപ്പ് തന്റെ ഭാര്യ മേരിയെ യും മകനായ യേശുവിനെയും സ്വന്തമാക്കി വയ്ക്കാതെ സ്‌നേഹിച്ചു എന്നത് വളരെ സത്യമാണ്. മേരി ജോസഫിന്റെ ഭാര്യയാണോ എന്ന ചോദ്യത്തിന് ഉത്തരം, തീര്‍ച്ചയായും അവള്‍ ഭാര്യ ആണ് എന്നാണ് കാരണം അവര്‍ യഹൂദ പാരമ്പര്യമനുസരിച്ച് വിവാഹിതരായി, പക്ഷേ അവള്‍ ഈ ലോകത്തിലെ മറ്റേതൊരു ഭാര്യയെയും പോലെ ആയിരുന്നില്ല. അവള്‍ക്ക് ഒരു പ്രത്യേക ദൗത്യം ഉണ്ടായിരുന്നു, ദൈവപുത്രനായ യേശുവിന്റെ അമ്മയാകാന്‍ അവള്‍ വിളിക്കപ്പെട്ടു. അവളുടെ ഭര്‍ത്താവായ ജോസഫ് തന്റെ ഭാര്യയായ മറിയത്തെ കൈവശമാക്കുന്നില്ല. ഭര്‍ത്താക്കന്മാര്‍ സാധാരണയായി പറയും: ഓ, ഇത് എന്റെ ഭാര്യയാണ്, അതിനാല്‍ അവള്‍ എന്റേതാണ്, മറ്റാരുടെയും സ്വന്തമല്ല. ഇവിടെ ജോസഫിന്റെ വിളി മേരിയെ സംരക്ഷിക്കുക, പരിപാലിക്കുക, എല്ലാറ്റിനുമുപരിയായി അവളെ ഭാര്യയായി സ്‌നേഹിക്കുക എന്നതാണ്. നസ്രത്തിലെ തിരുകുടുംബത്തിന്റെ അന്നദാതാവായിരുന്നു അദ്ദേഹം. മറിയത്തെ സംരക്ഷിക്കുകയും യേശുവിന്റെ അമ്മയാകാന്‍ അവളെ സഹായിക്കുകയും ചെയ്തുകൊണ്ട് ജോസഫ് തീര്‍ച്ചയായും സന്തോഷത്തോടെ ജീവിക്കുന്നു, അവന്‍ സ്‌നേഹവും അര്‍പ്പണബോധവുമുള്ള ഒരു അസാധാരണ ഭര്‍ത്താവായിരുന്നു. മേരിക്കുവേണ്ടി അവന്‍ എന്തും ചെയ്യും. യേശുവിന്റെ കാര്യത്തിലും ഇതുതന്നെ സംഭവിക്കുന്നു. യേശു അവന്റെ മകനാണ്, പക്ഷേ അവന്‍ അവന്റെ ജൈവിക പുത്രനല്ല, ജോസഫ് അവന് ജന്മം നല്‍കിയില്ല, പക്ഷേ അവന്‍ ഈ ഭൂമിയില്‍ യേശുവിന്റെ പിതാവാണ്, യേശു തച്ചനായ ജോസഫിന്റെ മകന്‍ എന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട്, ജോസഫ് അവരെ സ്വന്തമാക്കി വയ്ക്കാതെ ഉദാരമായി സ്‌നേഹിക്കുന്നു. ഇതുവഴി ജോസഫ് ത്യജിക്കുന്നത്, എല്ലാറ്റിനുമുപരിയായി, ഒരു കുഞ്ഞിനെ ജനിപ്പിക്കാനുള്ള അവന്റെ അവകാശവും, ജനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ സന്തോഷങ്ങളും ആണ്. അതിനാല്‍, അവന്‍ ദൈവത്തിന് അര്‍പ്പിക്കുന്നത് ഒരു പുരുഷന് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനമാണ്. പുരോഹിതര്‍ക്കും സന്യസ്തര്‍ക്കും അതുകൊണ്ടാണ് ജോസഫ് ഒരു ഉത്തമ മാതൃകയാകുന്നത്.

നമ്മുടെ ഇടവകകളിലും, മിഷനുകളിലും സ്ഥാപനങ്ങളിലും ആരെയും സ്വന്തമാക്കി വയ്ക്കാതെ സ്‌നേഹിക്കാന്‍ അവര്‍ വിളിക്കപ്പെട്ടിരിക്കുന്നു. ഇതെങ്ങനെ സാധ്യമാകും? ജോസഫില്‍ നിന്ന് ഔദാര്യത്തിന്റെയും ത്യാഗപരമായ സ്‌നേഹത്തിന്റെയും പാഠങ്ങള്‍ പഠിക്കാം.

പ്രസിദ്ധമായ ഒരു ലാറ്റിന്‍ വാക്കുണ്ട്: ite ad Joseph. അതായത് ജോസഫിലേക്ക് പോകുക. ഉല്പത്തി പുസ്തകത്തില്‍ നിന്നാണ് നമുക്ക് ഇത് ലഭിക്കുന്നത്. അവിടെ മറ്റൊരു ജോസഫിനെ നാം കാണുന്നുണ്ട്, ജേക്കബിന്റെ മകനായ ജോസഫ്. പഴയ നിയമത്തിലെ ജോസഫിനും പുതിയ നിയമത്തിലെ ജോസഫിനും പൊതുവായ ഒരുപാട് കാര്യങ്ങളുണ്ട്, അവര്‍ രണ്ടുപേരും സ്വപ്‌നങ്ങളിലൂടെ ദൈവവുമായി ആശയവിനിമയം നടത്തി. സാധാരണയായി ആളുകള്‍ രാത്രിയില്‍ സ്വപ്‌നങ്ങള്‍ കാണും, അവര്‍ എഴുന്നേല്‍ക്കുമ്പോള്‍ അത് അവസാനിക്കും. ഫ്രാന്‍സിസ് പാപ്പ പറയുന്നു: ജോസഫ് ഒരു സ്വപ്‌നജീവിയായിരുന്നില്ല. പലപ്പോഴും സ്വപ്‌നങ്ങള്‍ സ്വപ്‌നക്കാരന്റെ ഉപബോധമനസ്സ് സംസാരിക്കുന്നതാണെങ്കിലും, മറ്റു ചില സ്വപ്‌നങ്ങള്‍ ദൈവവുമായുള്ള ആശയവിനിമയത്തിനുള്ള ഒരു മാര്‍ഗമായി മാറുന്നു.

പഴയ നിയമത്തിലെ ജോസഫ് ജേക്കബിന്റെ പതിനൊന്നാമത്തെ പുത്രനായിരുന്നു. ഉല്പത്തി 37 ല്‍ നമുക്ക് കാണാം, അവനു 12 വയസ്സുള്ളപ്പോള്‍ അവനോടുള്ള പിതൃ പ്രീതി അവന്റെ സഹോദരന്മാരുടെ അസൂയയെ പ്രകോപിപ്പിച്ചു. ആദ്യം, അവര്‍ അവനെ കൊല്ലാന്‍ ആലോചിച്ചു, പക്ഷേ അവസാനം, അവനെ ഒരു കെണിയില്‍ വീഴ്ത്തി അവന്റെ വിധിക്ക് വിടാന്‍ അവര്‍ തീരുമാനിച്ചു. എന്നാല്‍ പിന്നീട് അവര്‍ കൂടുതല്‍ ചിന്തിക്കുകയും ഈജിപ്തിലേക്ക് പോകുന്ന വ്യാപാരികളുടെ ഒരു സംഘത്തിന് ഇരുപതു വെള്ളിക്കാശിന് വില്‍ക്കുകയും ഫറവോന്റെ കാവല്‍ക്കാരനായ പൊത്തിഫറിന് അടിമയായിത്തീരുകയും ചെയ്തു.

ജോസഫിനെ വശീകരിക്കുന്നതില്‍ പരാജയപ്പെട്ട പൊത്തിഫറിന്റെ ഭാര്യയുടെ ദുരുദ്ദേശം നിമിത്തം ജയില്‍വാസം അനുഭവിച്ചു (ഉല്പത്തി 39). ഫറവോന്റെ ദാസന്റെയും ജയിലില്‍ കിടന്നിരുന്ന അപ്പക്കാരന്റെയും സ്വപ്‌നങ്ങളെ ജോസഫ് വ്യാഖ്യാനിച്ചു, അത് പിന്നീട് യാഥാര്‍ത്ഥ്യമായി. ഇക്കാരണത്താല്‍, സ്വന്തം സ്വപ്‌നങ്ങളെ വ്യാഖ്യാനിക്കാന്‍ ഫറവോന്‍ അവനെ വിളിച്ചു. ജോസഫ് അവ വ്യാഖ്യാനിച്ചുകൊണ്ട് ഉല്പത്തി 41, 29 പറയുന്നു: 'ഏഴു വര്‍ഷം ഈജിപ്തിലുടനീളം വലിയ സമൃദ്ധി വരാന്‍ പോകുന്നു. എന്നാല്‍ പിന്നെയും ഏഴു വര്‍ഷം ക്ഷാമം വരും, ഈജിപ്തിലെ സമൃദ്ധി എല്ലാം മറക്കപ്പെടും, കാരണം ക്ഷാമം ദേശത്തെ നശിപ്പിക്കും. ആ ഏഴ് നല്ല വര്‍ഷങ്ങളില്‍ നിന്നുള്ള എല്ലാ ഭക്ഷണസാധനങ്ങളും ശേഖരിക്കാനും ധാന്യം സംഭരിക്കാനും സൂക്ഷിക്കാനും ജോസഫ് ഫറവോനെ നിര്‍ദ്ദേശിക്കുന്നു. ക്ഷേമത്തിന്റെ ഏഴു വര്‍ഷം വരുന്നതുവരെ ഇതു ഇതു ചെയ്തു. അവന്‍ പ്രവചിച്ചതുപോലെ എല്ലാം സംഭവിച്ചു. ജോസഫിന്റെ ഗുണങ്ങളും കഴിവുകളും അറിഞ്ഞ ഫറവോ അവനെ തന്റെ രണ്ടാമത്തെ കമാന്‍ഡറായി നിയമിച്ചു. ഉല്പത്തി 41,39: ഫറവോ ജോസഫിനോട് പറഞ്ഞു: ദൈവം ഇതെല്ലാം നിനക്കു വെളിപ്പെടുത്തിത്തന്നതിനാല്‍ നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ള മറ്റാരുമില്ല. നീ എന്റെ കൊട്ടാരത്തിന്റെ മേല്‍നോട്ടം വഹിക്കണം, എന്റെ ജനമെല്ലാം നിന്റെ കല്‍പ്പനകള്‍ക്ക് കീഴടങ്ങണം. ഈജിപ്ത് ദേശം മുഴുവന്‍ ഞാന്‍ നിന്നെ ചുമതലപ്പെടുത്തുന്നു.

ആളുകള്‍ ഭക്ഷണത്തിനായി ഫറവോയോട് നിലവിളിച്ചപ്പോള്‍ ഫറവോ അവരോട് പറഞ്ഞു: 'ജോസഫിന്റെ അടുക്കല്‍ പോകുക, അവന്‍ നിങ്ങളോട് പറയുന്നത് ചെയ്യുക.'

സിയേനയിലെ വിശുദ്ധ ബെര്‍ണാഡ് എഴുതുന്നു: 'പഴയ നിയമത്തിലെ ജോസഫ് ധാന്യം തനിക്കുവേണ്ടി സൂക്ഷിച്ചില്ല, മറിച്ച് എല്ലാ ആളുകള്‍ക്കും ഭക്ഷണം നല്‍കി,' പുതിയ നിയമത്തിലെ ജോസഫും നമ്മെ പോറ്റുന്നു, കാരണം അവന്‍ സ്വര്‍ഗത്തില്‍ നിന്ന് ജീവനുള്ള അപ്പം (യേശു) ലോകത്തിനുവേണ്ടി നല്‍കുന്നു. 'രണ്ട് ജോസഫുമാരുടെ'യും സാദൃശ്യത്തെ വിശുദ്ധ ബെര്‍ണാഡ് ഇങ്ങനെ സംഗ്രഹിക്കുന്നു: വിശുദ്ധ യൗസേഫ് ഈജിപ്തുകാര്‍ക്ക് ശാരീരിക ജീവിതത്തിന്റെ അപ്പം മാത്രമല്ല നല്‍കിയത്, സ്വര്‍ഗീയ ജീവന്‍ നിലനിര്‍ത്തുന്ന സ്വര്‍ഗത്തില്‍ നിന്നുള്ള അപ്പം തന്നെയാണ്.

പയസ് പന്ത്രണ്ടാമന്‍ പാപ്പ പറയുന്നു: 'നിത്യജീവന്റെ അപ്പമായി നാം ഭക്ഷിക്കേണ്ട യേശുവിനെ പിതാവ് എന്ന നിലയില്‍ പോഷിപ്പിക്കുകയും പഠിപ്പിക്കുകയും പരിചരിക്കുകയും ചെയ്തത് വിശുദ്ധ ജോസഫ് ആണ്.

ലൂക്കായുടെ സുവിശേഷമനുസരിച്ച് യേശുവിന്റെ ജീവിതത്തില്‍ രണ്ടു സന്ദര്‍ഭങ്ങളില്‍ ജോസഫ് വഹിച്ച പങ്ക് പ്രധാനമായി കണക്കിലെടുക്കുമ്പോള്‍, വിശുദ്ധ യൗസേപ്പ് കുര്‍ബാനയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും നമുക്ക് കാണാന്‍ കഴിയും; അതായത്, പരിച്ഛേദന സമയത്തും (Lc. 2, 21) ദൈവാലയത്തില്‍ യേശുവിനെ സമര്‍പ്പിക്കുന്ന വേളയിലും (Lc. 2, 22-27). അദ്ദേഹം ഒരു പുരോഹിതനല്ലെങ്കിലും, ഒരു പുരോഹിതന്റെ കടമകള്‍ നിര്‍വഹിച്ചു. അവിടെ ദേവാലയത്തില്‍ യേശുവിനെ എടുത്തു സമര്‍പ്പിച്ചു പിതാവിന്റെ കടമ നിര്‍വഹിച്ചു.

ഓരോ തവണയും നാം കുര്‍ബാന അര്‍പ്പിക്കുകയോ, കുര്‍ബാനയില്‍ പങ്കെടുക്കുകയോ ചെയ്യുമ്പോള്‍, പുരോഹിതന്‍ അള്‍ത്താരയില്‍ കൂദാശ ചെയ്യപ്പെട്ട അപ്പമെടുത്ത് ആരാധനയ്ക്കായി ഉയര്‍ത്തുമ്പോള്‍ ആദ്യമായി യേശുവാകുന്ന ആ അപ്പത്തെ ഉയര്‍ത്തിയത് വിശുദ്ധ യൗസേപ്പിതാവാണെന്ന് നമുക്ക് ഓര്‍ക്കാം. യേശുവിനെ ഒരേ സമയം ആദരവോടും വാത്സല്യത്തോടും കൂടെ കൈകളില്‍ എടുത്ത് വളര്‍ത്തിയ ജോസഫ് ബലിപീഠത്തിലേക്ക് നീങ്ങുന്ന പുരോഹിതര്‍ക്ക് ഉത്തമ മാതൃകയാണ്.

ഫ്രാന്‍സിസ് പാപ്പ തന്റെ ഒരു പ്രസംഗത്തില്‍, ഉറങ്ങുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ ശക്തമായ മദ്ധ്യസ്ഥതയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. കത്തോലിക്ക സഭയുടെ തലവന്‍ എന്ന നിലയില്‍ ഒരു പ്രശ്‌നം പരിഹരിക്കേണ്ടിവരുമ്പോള്‍, തന്റെ നിയോഗം ഒരു കടലാസില്‍ എഴുതി ഉറങ്ങുന്ന സെന്റ് ജോസഫിന്റെ പ്രതിമയ്ക്ക് കീഴില്‍ സൂക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സെന്റ് ജോസഫ് തന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് അദ്ദേഹത്തിന് വളരെ ആത്മവിശ്വാസമുണ്ട്. നിയോഗങ്ങള്‍ കൂടുകയും കടലാസു കഷണത്തിന്റെ അളവ് കൂടുകയും ചെയ്യുമ്പോള്‍ പ്രതിമ ഉയരും, പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമ്പോള്‍ അദ്ദേഹം കടലാസ് കഷണങ്ങള്‍ ഓരോന്നായി നീക്കം ചെയ്യും അങ്ങനെ പ്രതിമ താഴെക്കു വരും. നമ്മുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുമ്പോഴെല്ലാം ഈ നല്ല രീതി നമുക്ക് പരിശീലിക്കാം.

Ptaris Corde എന്ന തലക്കെട്ടോടെ വിശുദ്ധ ജോസഫിന്റെ വര്‍ഷം പരിചയപ്പെടുത്തിക്കൊണ്ട് ഫ്രാന്‍സിസ് പാപ്പ രണ്ടു വര്‍ഷം മുമ്പ് ഒരു പ്രബോധനം എഴുതി. ഒരു പിതാവിന്റെ ഹൃദയത്തോടെയാണ് ജോസഫ് യേശുവിനെ സ്‌നേഹിച്ചതെന്ന് നാം മനസ്സിലാക്കണമെന്ന് പാപ്പ ആഗ്രഹിക്കുന്നു. യഥാര്‍ത്ഥത്തില്‍, 2020 കൂടുതല്‍ അറിയാനും വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി സഭയില്‍ പ്രചരിപ്പിക്കാനുമുള്ള ഒരു പ്രത്യേക വര്‍ഷമായിരുന്നു.

ഈ അപ്പസ്‌തോലിക കത്തില്‍ ഫ്രാന്‍സിസ് പാപ്പ പറയുന്നു: ഒരു കുട്ടിയെ ലോകത്തിലേക്ക് കൊണ്ടുവന്നതുകൊണ്ടല്ല, മറിച്ച് ആ കുട്ടിയെ പരിപാലിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിലൂടെയാണ് ഒരു മനുഷ്യന്‍ പിതാവാകുന്നത്. 'ഒരാള്‍ മറ്റൊരാളുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോള്‍, ഒരു വിധത്തില്‍ അവന്‍ ആ വ്യക്തിക്ക് പിതാവായി മാറുന്നു.' അങ്ങനെ നമുക്കുവേണ്ട ആത്മീയ പിതൃത്വത്തെക്കുറിച്ച് പാപ്പ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. കൂടാതെ വിശുദ്ധ ജോസഫിന്റെ ഏഴ് സ്വഭാവ സവിശേഷതകള്‍ ഫ്രാന്‍സിസ് പാപ്പ അവതരിപ്പിക്കുന്നുണ്ട്

സ്‌നേഹമയിയായ പിതാവ്, ആര്‍ദ്ര ഹൃദയമുള്ള പിതാവ്, അനുസരണയുള്ള പിതാവ്, സ്വീകരിക്കുന്ന പിതാവ്, ക്രിയാത്മക ധൈര്യശാലിയായ പിതാവ്, അധ്വാനിക്കുന്ന പിതാവ്, നിഴലായി നില്‍ക്കുന്ന പിതാവ് എന്നിങ്ങനെയാണ് അവ.

തനിക്കു ലഭിച്ച യാതൊരു ഉത്തരവാദിത്തവും ദുരുപയോഗം ചെയ്യാതെ തീവ്രമായ സ്‌നേഹത്തിലും പരിത്യാഗത്തിലും ജീവിച്ച വി. ജോസഫ് നമുക്ക് മാതൃകയാകട്ടെ. ബൈബിളില്‍ മറഞ്ഞിരിക്കുന്ന ജോസഫ് യേശുവിന് വളരെ ദൃശ്യമാണ്. ദൈവിക വിളിക്കുമുമ്പ് ശാന്തതയോടും പൂര്‍ണ്ണ ആത്മവിശ്വാസത്തോടും കൂടി തന്റെ ജീവിതം സമര്‍പ്പിച്ച പിതാവായ ജോസഫ് നമുക്കായി മാധ്യസ്ഥം വഹിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org