ജോണ്‍ പോള്‍: ആര്‍ജ്ജവമുഖത്തിന്റെ പ്രത്യക്ഷം

ജോണ്‍ പോള്‍: ആര്‍ജ്ജവമുഖത്തിന്റെ പ്രത്യക്ഷം

ഞാനറിയുന്ന ജോണ്‍ പോള്‍ നൂറില്‍പരം സിനിമകളുടെ തിരക്കഥാ കൃത്ത്, പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്നതിനേക്കാള്‍ വിശ്വസിക്കാനാവുന്നതും വിശ്വസ്തനുമായ കൂട്ടുകാരനായിരുന്നു. അദ്ദേഹത്തിന്റെ അവസാന കാലത്തു ലിസ്സി ആശുപത്രിയില്‍ പല തവണകളില്‍ കണ്ടപ്പോള്‍ ചികിത്സാ ചെലവുകളെക്കുറിച്ച് അങ്കലാപ്പ് പ്രകടിപ്പിച്ചിരുന്നു. പല തവണകളില്‍ കണ്ടപ്പോഴും ആര്‍ജ്ജവമാര്‍ന്ന ആ മുഖത്തിന്റെ പ്രത്യക്ഷത്തിലൂടെ ദൈവികത മിന്നിമറയുന്നതു ഞാന്‍ കണ്ടപോലെ, എപ്പോഴും പ്രസന്നമായ ആ മുഖത്തിനു പിന്നില്‍ വലിയ സൗഹൃദത്തിന്റെ കാവലും കരുതലും ഞാന്‍ അനുഭവിച്ചിട്ടുണ്ട്. സൗഹൃദത്തില്‍ സമ്പന്നനായിരുന്നു. സ്വന്തം ആത്മകഥയില്‍ പറയുന്നതുപോലെ ''നിരാശയും നഷ്ടബോധവും കടുകിട പോലുമില്ല. ബാങ്കില്‍നിന്നു പോന്നെങ്കിലും ബാങ്കില്‍ ജോലി ചെയ്തിരുന്ന കാലത്തുള്ള എല്ലാവരുമായി എനിക്കു നല്ല ബന്ധവുമുണ്ട്. ബാങ്ക് സാമ്പത്തികമായി സുരക്ഷിതമായിരുന്നു. സിനിമയില്‍ ഞാന്‍ എഴുതിയതിന്റെ നാലിലൊന്നു എഴുതിയവര്‍ വലിയ സൗകര്യങ്ങളും പദവിയുമായി ജീവിക്കുന്നു. സാമ്പത്തികമല്ലായിരുന്നു ലക്ഷ്യമെന്നതു കൊണ്ട് അതു നേടാന്‍ കഴിയാതെ പോയതില്‍ ദുഃഖമില്ല.'' ജീവിതത്തില്‍ നിറഞ്ഞ വിശ്വാസവും അതിനപ്പുറം പ്രതീക്ഷയും കൈമുതലാക്കി നടന്നു. ജീവിതത്തിന്റെ ഊര്‍ജ്ജം മനുഷ്യബന്ധങ്ങളിലും മനുഷ്യബന്ധങ്ങളുടെ കഥകളിലുമായി വ്യാപരിച്ചു. ''ഒന്നിനുംവേണ്ടി ശ്രമിക്കാതെ ഈശ്വരന്റെ നിയോഗവും സാഹചര്യങ്ങളുെട അനുകൂല തരംഗവും സുമനസ്സുകളായ കുറെപേരുടെ കൈപിടിച്ചു നയിക്കലും കൊണ്ടല്ലേ ഞാന്‍ പലയിടത്തും എത്തിയത്. ആ യാത്ര തുടരുന്നു.'' ജീവിതത്തിന്റെ ലഹരി വറ്റിപ്പോകാത്ത ഉന്മേഷവും പ്രതീക്ഷയും എപ്പോഴും നിലനിര്‍ത്തി. ''എനിക്കു നീന്തണം, നീന്തിക്കൊണ്ടേയിരിക്കണം. അവസാനം വരെ നീന്താതെ വയ്യ. പുതിയ തീരങ്ങള്‍, കാഴ്ചകള്‍, പ്രഭാതങ്ങള്‍, കുതിപ്പുകള്‍ എല്ലാം അനുഭവിക്കണം. ആ വഴി പകര്‍ന്നു കിട്ടുന്ന ലഹരിയാണ് എന്നും ഊര്‍ജ്ജം.''

മനുഷ്യരേയും അവരുടെ ജീവിതത്തെയും വായിക്കാനറിയുന്ന ഒരു സുഹൃത്ത്. നല്ല ഓര്‍മ്മയുടെ ഖനിയില്‍നിന്ന് മുങ്ങിത്തപ്പി നല്ല ഗരിമയാര്‍ന്ന ഭാഷയില്‍ നിറഞ്ഞാടി സംസാരിക്കുമായിരുന്നു. ആരോടും പ്രത്യേകമായ തൊട്ടുകൂടായ്മ പുലര്‍ത്താതെ 72 വര്‍ഷങ്ങള്‍ നമ്മോടൊത്തു ജീവിച്ച ജോണ്‍ പോള്‍ ഒരു ഉത്തമ വിശ്വാസിയായിരുന്നു. പക്ഷെ, അതു ലെസ്സിംഗ് ''വിവേകിയായ നാഥ''ന്റെ കഥയില്‍ പറയുന്നതുപോലെ ''മനുഷ്യനായാല്‍ മതി'' എന്നതിന്റെ നാനാര്‍ത്ഥങ്ങള്‍ പേറി. അദ്ദേഹം എഴുതി: ''ആത്യന്തികമായി വിശ്വാസം എന്തിലാണെന്നു ചോദിച്ചാല്‍ അതു മനുഷ്യനിലാണ്. മനുഷ്യനെ തീര്‍ത്ത പ്രപഞ്ച സ്രഷ്ടാവിലാണ്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിലാണ്. ഏറ്റവും ലളിതമായി പ്പറഞ്ഞാല്‍ മാനവീകതയിലാണ്. അതാണ് മതം. അതാണ് രാഷ്ട്രീയം. അതിലധിഷ്ഠിതമാണ് എല്ലാ മൂല്യങ്ങളും അതുകൊണ്ടു തന്നെ ഞാനൊരു ക്രൈസ്തവനാണ് എന്നു പറയുന്നതോടൊപ്പം തന്നെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശം അടിയറവു വയ്ക്കാതെ ക്രൈസ്തവനാണെന്ന് പറയാനാണെന്നിക്കിഷ്ടം.''

എന്തുകൊണ്ടാണ് ജോണ്‍ പോള്‍ തന്റെ വിശ്വാസത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ ആദ്യം മനുഷ്യനില്‍ വിശ്വസിക്കുന്നതിനെക്കുറിച്ചു പറഞ്ഞത്? അവസാനമാണ് അദ്ദേഹത്തിനു ദൈവവിശ്വാസം. സാധാരണ പറയുന്നതു മറിച്ചാണ്. എന്തുകൊണ്ട് ഈ തലകീഴ് മറിച്ചില്‍? വിശ്വാസം തുടുങ്ങുന്നതു മനുഷ്യബന്ധത്തിലാണ് എന്നാണ് അദ്ദേഹം പറയുന്നത്. മറ്റൊരുവനെ കണ്ടുമുട്ടുമ്പോള്‍ ഒരു മുഖാമുഖമുണ്ട്. അപരന്റെ മുഖം ഒരു ശക്തിയല്ല, ഒരു സാന്നിദ്ധ്യമാണ്. ആ സാന്നിദ്ധ്യം ഒരു അധികാരത്തിന്റെയാണ്. അക്രമമില്ലാത്ത അധികാരം, അപരന്റെ മുഖത്തിന്റെ അധികാരം ഒരു വിളിയാണ്. അത് ഉണര്‍ത്തുന്നത് ഒരു ധര്‍മ്മബോധമാണ്. പക്ഷെ, അതില്‍ ഒരു ദൈവശാസ്ത്രവുമില്ല. ദൈവത്തെക്കുറിച്ച് ഒരറിവും അപരന്റെ മുഖം ഉണ്ടാക്കുന്നില്ല. അതു ധര്‍മ്മബോധം ഉണ്ടാക്കുന്നു. ആ മുഖം ഔന്നത്യത്തിന്റെ വിളിയായി നിലകൊള്ളുന്നു. അപരനെ നിഷേധിക്കാം. പക്ഷെ അത് ഏതോ മനസ്സാക്ഷി പ്രശ്‌നം ഉണ്ടാക്കുന്നു, സ്വയം വളരെ കൊച്ചാക്കുന്നതായി അറിയുന്നു. അപരനുമായുള്ള ബന്ധം പ്രത്യക്ഷത്തില്‍ നിരീശ്വരമാണ്. പക്ഷെ, അതു ധര്‍മ്മം ആവശ്യപ്പെടുന്നു. ഹൃദയം പൗരാണിക പിണ്ഡമാകാതെ അതില്‍ അനുകമ്പയുണ്ടാകുന്നത് എന്തുകൊണ്ട്? അപരനെ നിഷേധിച്ചാല്‍ അത് ഏതോ അധഃകൃതാവസ്ഥയിലേക്കു താഴുന്നതായി അറിയുന്നു. മറിച്ച് അപരന് ആതിഥ്യം നല്കുമ്പോള്‍, എന്റെ ആഹാരം അവനു കൊടുക്കുമ്പോള്‍ എനിക്ക് ഔന്നത്യമുണ്ടാകുന്നു. എന്നില്‍ ഞാന്‍ തിരിച്ചറിയുന്നത് ഒരു ആവശ്യമല്ല; അതു പൂര്‍ത്തീകരിക്കാനാവാത്ത ഒരു ആഗ്രഹമാണ്. നന്മക്കായുള്ള ആഗ്രഹം. അത് എന്നെ അതിക്രമിക്കാന്‍ പ്രേരിപ്പിക്കുന്നു. അപരനുവേണ്ടി എന്നെ മറക്കുമ്പോള്‍ ഞാന്‍ എന്റെ മരണം അതിലംഘിക്കുകയാണ്. എന്റെ ബലിയിലൂടെ ഞാന്‍ സമീപിക്കുന്നതു എന്നില്‍ ഉണര്‍ന്ന ദൈവികതയാണ്. ദൈവത്തിലേക്കുള്ള വഴി ദൈവത്തിന്റെ വഴിയാണ്. അപരനെ വിശ്വസിക്കുമ്പോള്‍ പ്രതിഫലേച്ഛയില്ലാത്ത സ്‌നേഹം സാധ്യമാണ്, അതു മൂല്യമാണ് എന്നാണ് വിശ്വസിക്കുന്നത്. അപരന്റെ വിളി സ്വീകരിക്കു മ്പോള്‍ ഞാന്‍ ധാര്‍മ്മികനാകുകയാണ്. ഈ ധര്‍മ്മബോധത്തില്‍ വീടു തുറക്കുന്നു; കൈകൊടുക്കുന്നു, വണങ്ങുന്നു, സംഭാഷിക്കുന്നു. ഏതു മനുഷ്യബന്ധത്തിലും ഈ ദൈവികതയുണ്ട്. കാരണം അപരന്റെ നഗ്നമായ മുഖത്തില്‍ സ്‌നേഹത്തിന്റെ വിളി ഞാന്‍ സ്വീകരിക്കുന്നു. ഈ പാരസ്പര്യത്തില്‍ അതിഭൗതികത സംഭവിക്കുന്നു. വിശ്വസിക്കുന്നവന്‍ സ്‌നേഹത്തില്‍ വിശ്വസിക്കുന്നു. വാക്കു കൊടുക്കുന്നു. വാക്കു സ്വീകരിക്കുന്നു. അപരന്റെ മുഖം വെളിവാകുന്നു, വിളിയില്‍ ഒരു ശക്തിയുമില്ല, പക്ഷെ, ഏതോ അധികാരമുണ്ട് - അവിടെ ഈശ്വരന്റെ മിന്നലാട്ടമുണ്ട്. മുഖമാണ് പ്രത്യക്ഷം. ആ പ്രത്യക്ഷത്തിലാണ് വിളി? അത് എവിടെ നിന്നോ വരുന്ന ഉത്തരവാണ്, ഉത്തരവാദിത്വം ആവശ്യപ്പെടുന്നു. മനുഷ്യബന്ധമാണ് ദൈവികം. മനുഷ്യത്വത്തിലാണ് വിശ്വസിക്കേണ്ടത്. അതില്ലാതെ ദൈവികത സംഭവിക്കില്ല. അപരനെ സമീപിക്കുമ്പോള്‍ മഹത്വമുണ്ടാകുന്നത് എവിടെ നിന്ന്്? അദൃശ്യമായ സാന്നിദ്ധ്യമാണ് ദൈവികത. മനുഷ്യമാംസത്തില്‍ ദൈവത്തിന്റെ എഴുത്തു വായിച്ച ഒരു മനുഷ്യന്‍. ഓരോരുത്തരും അദ്ദേഹത്തിനു പാഠപുസ്തകങ്ങളായിരുന്നു.

ജോണ്‍ പോള്‍ സൗഹൃദത്തിലാണ് വിശ്വസിച്ചത്. ദൈവികത ഈ സൗഹൃദത്തിന്റെ പാരസ്പര്യത്തില്‍ സംഭവിക്കുന്നതാണ്. അപരന്റെ മുഖത്തോടുള്ള പ്രതികരണത്തില്‍ ദൈവത്തിനു കൊടുക്കുന്ന മറുപടിയായി തോന്നുന്നു, ആത്മീയത ജനിക്കുന്നു. അത് ഒരു വികാരമല്ല, ഒരു ചലനമാണ്. മനുഷ്യത്വത്തിന്റെ സത്തയില്‍ ദൈവികത അറിഞ്ഞനുഭവിക്കുകയാണ്. അപരനെ എനിക്കേല്പിച്ച് എന്നില്‍ വിശ്വസിക്കുന്ന ഒരു ദൈവം. ദൈവം ഉണ്ടോ ഇല്ലയോ എന്നതല്ല ചോദ്യം. ദൈവശാസ്ത്രം സാര്‍വ്വത്രികമായ ധര്‍മ്മമായി സംഭവിക്കുകയാണ്. ഞാന്‍ എന്നില്‍ അടച്ചുപൂട്ടി കഴിയുന്നതാണ് നിരീശ്വരത്വം. ദൈവം ഒരു ചര്‍ച്ചാവിഷയമല്ല. മനുഷ്യബന്ധങ്ങളിലെ കാണാനാവാത്ത സാന്നിദ്ധ്യമാണ്. അതു മനുഷ്യബന്ധങ്ങളില്‍ അനുഭവിക്കുന്നു. ''കയ്‌പേറിയ ഒരുപാടൊരുപാട് അനുഭവങ്ങളുണ്ട്. എത്ര കൊണ്ടാലും പഠിക്കുന്നില്ല. പഠിക്കുക എന്നു പറഞ്ഞാലെന്താണ്? ആരെയും വിശ്വസിക്കാതിരിക്കുകയോ? അപ്പോള്‍ പിന്നെ എങ്ങനെയാണ് ജീവിക്കാന്‍ കഴിയുക? അപ്പന്‍ എല്ലായ്‌പോഴും എന്നോട് പറയാറുണ്ട്. ''സ്‌നേഹം എല്ലാവര്‍ക്കും പങ്കിട്ട് കൊടുത്തുകൊള്ളൂ. പക്ഷെ, വിശ്വാസം മാത്രം നമുക്കതീതമായ എന്തിലെങ്കിലും മതി. നമ്മോടൊപ്പമുള്ളവര്‍ക്കു പങ്കിട്ടു കൊടുത്താല്‍ ദുഃഖിക്കേണ്ടി വരും.'' ചില ജന്മങ്ങള്‍ ദുഃഖിക്കാന്‍ വേണ്ടി കൂടിയുള്ളതല്ലേ എന്നാണ് അതിനുള്ള മറുപടി.'' അപരനുവേണ്ടി സഹിക്കുന്നതിന്റെ മഹത്വമറിയുന്ന മനുഷ്യന്‍. സ്വയം മറക്കുന്ന വിഡ്ഢികളുടെ മറവിയിലാണ് നമ്മുടെ ജീവിതം കണ്ണുതുറക്കുന്നത് എന്നു തിരിച്ചറിഞ്ഞവനായിരുന്നു ജോണ്‍പോള്‍.

''ഞാന്‍ പരാജിതനായി നിന്നപ്പോള്‍ സമാശ്വസത്തിന്റെ വാക്കുകള്‍ മൃതസഞ്ചീവനി പോലെ അകതാരില്‍ ഓതി തന്നവരാണവര്‍. പൊക്കിള്‍ക്കൊടി മുറിച്ച് പാളക്കീറില്‍ കിടന്ന കണ്ണുകളിളക്കി ലോകത്തിന്റെ നേര്‍ക്ക് ആദ്യമായി കണ്ണുകളടച്ചപ്പോള്‍ എന്തായിരുന്നുവോ അവര്‍ക്ക് ഞാനും എനിക്ക് അവരും. അവസാന നിമിഷം വരെ അതായിരുന്നു.'' നന്ദിയുടെ ഹൃദയത്തോടെ അപരനോട് പുലര്‍ത്തുന്ന ധര്‍മ്മജീവിതമാണ് ആത്മീയത. അതു ജീവിക്കുന്നതു ഭൗതികമണ്ഡലത്തിലാണ്. അപരന്റെ രക്ഷയ്ക്കായി വിളിക്കപ്പെടുന്നു എന്ന വികാരമാണ് ദൈവികം.

കാണണമെന്നു ജോണ്‍ പോള്‍ എന്നെ നിര്‍ബന്ധിച്ച സിനിമ അദ്ദേഹത്തിന്റെ ഒരു സിനിമയുമായിരുന്നില്ല. പോളിഷ് ഫിലിം ഡയറക്ടറായ കീസ്‌ലോവിസ്‌ക്കിയുടെ ''കൊലയെക്കുറിച്ച് ഒരു ഹ്രസ്വസിനിമ'' (a short film on killing) എന്ന സിനിമ കണ്ടു ഞാന്‍ ഭയന്നു വിറച്ചുപോയി. കൊലപാതകക്കുറ്റത്തിനു പിടിക്കപ്പെട്ടവനെ സര്‍ക്കാര്‍ കൊല്ലുന്ന ഭീകരത നമ്മെ വേട്ടയാടുന്നു. സിനിമയുടെ ശക്തിയറിഞ്ഞ ഫിലിമാണത്. ആ സിനിമയാണ് പോളണ്ടില്‍ വധശിക്ഷ നിര്‍ത്തലാക്കിയത്. ഒരായുസ്സ് മുഴുവന്‍ കലയ്ക്കുവേണ്ടി, സിനിമയ്ക്കുവേണ്ടി ചെലവഴിച്ച മനുഷ്യനായിരുന്നു ജോണ്‍ പോള്‍.

മനുഷ്യന്റെ പെരുമാറ്റങ്ങള്‍, പാരസ്പര്യത്തിലെ ക്രൂരതകള്‍, അധര്‍മ്മങ്ങള്‍ ദൈവികതയുടെ സംഭവങ്ങള്‍, ധര്‍മ്മത്തിന്റെ നൈമിഷികതകള്‍ തുടങ്ങിയ ജീവിതം നോക്കി വായിച്ച് അവതരിപ്പിച്ച മനുഷ്യന്റെ കഥകള്‍ അതിന്റെ നന്മതിന്മകളുടെ വിസ്‌ഫോടനങ്ങളില്‍ മനുഷ്യനെ അവന്റെ മനുഷ്യത്വത്തിന്റെ രഹസ്യം വെളിവാകാന്‍ ശ്രമിച്ച കഥകളുടെ മനുഷ്യനാണ് അദ്ദേഹം. ജോണ്‍ പോള്‍ ഈ ലോകത്തില്‍ അവശേഷിപ്പിച്ചു പോയ കഥ ജീവിതത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ നമ്മെ പഠിപ്പിക്കുന്നതായിരുന്നു - ഒരു വിശ്വാസിയുടെ കഥയായിരുന്നു. മനുഷ്യനില്‍ അവന്റെ മഹത്വത്തില്‍ വിശ്വസിക്കുകയും ആ മഹത്വത്തിന്റെ അടിസ്ഥാനങ്ങള്‍ തൊട്ടറിയുകയും ചെയ്ത കഥാകാരന്‍.

1995 ഡിസംബര്‍ 27-നാണ് എമ്മാനുവേല്‍ ലെവിനാസ് എന്ന യഹൂദ ചിന്തകനുവേണ്ടി ഷാക് ദെരീദ ചരമപ്രസംഗം നടത്തിയത്. ഈ പ്രഭാഷണത്തിന്റെ പേര് Adieu എന്നായിരുന്നു. ഫ്രഞ്ച് ഭാഷയില്‍ ''വിട'' പറയുന്ന പദമാണത്. പക്ഷെ, ഈ പദത്തിന് ദൈവത്തിന് (to God) എന്ന വാച്യാര്‍ത്ഥമുണ്ട്. ഈ രണ്ടര്‍ത്ഥത്തിലുമാണ് ദരീദ അത് ഉപയോഗിച്ചത്. പല സാഹിത്യ സംരംഭങ്ങളിലും ഒന്നിച്ചു പ്രവര്‍ത്തിക്കാനും പ്രഭാഷണങ്ങള്‍ നടത്താനും കഴിഞ്ഞു എന്ന കൃതാര്‍ത്ഥതയോടെ അദ്ദേഹത്തിനു വിട പറയുന്നു. അദ്ദേഹത്തെ ദൈവത്തിനേല്പിക്കുന്നു. ദെരീദ ലെവിനാസിനെക്കുറിച്ച് ആവര്‍ത്തിച്ചുപയോഗിച്ചത് ''ആര്‍ജ്ജവമുഖം'' (uprightness of the face) എന്നായിരുന്നു. പല വര്‍ഷങ്ങള്‍ ജോണ്‍പോളുമായുണ്ടായിരുന്ന അടുത്തബന്ധത്തില്‍ എന്നെ വല്ലാതെ സ്പര്‍ശിച്ചത് ആ മുഖമായിരുന്നു. വല്ലാതെ സ്ഥൂലമായ ശരീരത്തിന്റെ ഭാരത്തില്‍ ക്ലേശിക്കുമ്പോഴും ആ മുഖത്തിന്റെ ആര്‍ജ്ജവം പ്രതിരോധമില്ലാതെ പ്രകാശിക്കുന്നതു കാണാമായിരുന്നു. അതൊരു പ്രത്യക്ഷമായിരുന്നു. അതുകൊണ്ടാണ് ജാബസ് എന്ന യഹൂദ കവി പറഞ്ഞത്. ''ദൈവത്തിനു മുഖമില്ല, എല്ലാ മുഖങ്ങളിലും ദൈവമുണ്ട്.'' ആ പ്രത്യക്ഷം ഇല്ലാതായി. അതു ഹൃദയത്തില്‍ നിന്നു മാച്ചുകളയാനാവില്ല; സ്‌നേഹനിലാവ് അസ്തമിച്ചാലും അതിന്റെ വെളിച്ചം എവിടെയോ അവശേഷിക്കുന്നു.

Related Stories

No stories found.