ജീസസ്സ് ഫ്രട്ടേണിറ്റി - തടവറയിലെ തണല്‍വൃക്ഷം

Be a love Bomb! Let it be exploded! Not to kill but heal the broken hearts
ജീസസ്സ് ഫ്രട്ടേണിറ്റി - തടവറയിലെ തണല്‍വൃക്ഷം
'പ്രതികള്‍' എന്നും 'ജയില്‍ പുള്ളികള്‍' എന്നും വിളിക്കപ്പെട്ടിരുന്നവരെ സഹോദരാ എന്ന് വിളിച്ച് മാറോട് ചേര്‍ക്കുന്ന ഒരു സമൂഹം തടവറയ്ക്കു പുറത്തു കാത്തിരിക്കുന്നുവെന്ന ചിന്ത കണ്ണീരുണങ്ങിയ കണ്ണുകള്‍ക്ക് പ്രതീക്ഷയുടെ നക്ഷത്രതിളക്കം നല്കി.

കോട്ടയം വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി യില്‍ വൈദികാര്‍ത്ഥികളായിരുന്ന വര്‍ഗ്ഗീസ് കരിപ്പേരി ബ്രദറും ഫ്രാന്‍സിസ് കൊടിയന്‍ ബ്രദറും പ്രാര്‍ത്ഥനാപൂര്‍വ്വം 1981 ഡിസംബര്‍ 8-ാം തീയതി പങ്കുവച്ച ഈ ആശയമാണ് ''എരിഞ്ഞടങ്ങാത്ത മുള്‍ച്ചെടിയായി'' ആത്മാവില്‍ വളര്‍ന്ന്, തടവറയിലെ ഇരുളറയില്‍ ''ലോകത്തിന്റെ പ്രകാശ മായവനെ'' തേടിയിറങ്ങാനുള്ള തീര്‍ത്ഥാടനത്തിന് പ്രചോദനമായത്. ഈ ആശയം പകര്‍ന്നു നല്കിയ വെളിച്ചമാണ് തടവറമക്കളെ ചേര്‍ത്തുപിടിക്കുന്ന ജീസസ്സ് ഫ്രട്ടേണിറ്റിക്ക് ജീവന്‍ നല്‍കിയത്. ഈ ആത്മീയ ചിന്ത നല്കിയ ദിശാബോധമാണ് അഴികള്‍ക്കുള്ളില്‍ അകപ്പെട്ടു പോയവന് അഭയമേകുന്ന സ്‌നേഹാശ്രമങ്ങള്‍ രൂപപ്പെടുത്തിയത്.

പരിശുദ്ധാത്മാവ് പകര്‍ന്നുനല്കിയ ഈ പ്രചോദനം സ്വീകരിച്ച് ഈ രണ്ടു സഹോദരന്മാരും റെക്ടറച്ചന്റെ അനുവാദത്തോടെ മറ്റു സഹോദരങ്ങളുമായി ഈ ആശയം പങ്കുവച്ചു. ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ച് ഒരുങ്ങി തടവറമക്കളെ ഹൃദയത്തിലേറ്റുന്ന നൂതന മായ ഒരു ജീവിതശൈലി തന്നെ അവര്‍ രൂപപ്പെടുത്തിയെടുത്തു. 16 മാസത്തെ ഒരുക്കത്തിനും പ്രാര്‍ത്ഥനയ്ക്കും ശേഷം സെമിനാരിക്കാരുടെ ഒരു കൊച്ചുടീം ആദ്യമായി കോട്ടയം സബ് ജയിലിലേക്ക് 1985 ജൂലൈ 18-ന് കടന്നുചെന്നു. തടവറമക്കളുടെ ജീവിതം 'ചെളിക്കുഴിയിലെ മാണിക്യ'മാണെന്ന് തിരിച്ചറിഞ്ഞ സെമിനാരിക്കാര്‍, കേരളത്തിലെ എല്ലാ ജയിലുകളും സന്ദര്‍ശിക്കുന്ന ഒരു മഹാതീര്‍ത്ഥാടനത്തിന് പ്രാര്‍ത്ഥിച്ചൊരുങ്ങി. 1986 മാര്‍ച്ച് 10 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ 'ആദ്യ അഖില കേരള തടവറതീര്‍ത്ഥാടനം' നടത്തപ്പെട്ടു. തടവറമക്കളുടെ കണ്ണീര്‍ കണങ്ങളില്‍ പുണ്യസ്‌നാനം ചെയ്ത സെമിനാരിക്കാര്‍ ആത്മാവിനാല്‍ നവീകരിക്കപ്പെട്ടു. ജീവന്റെ സമൃദ്ധിയുള്ള പച്ചയായ പുല്‍തകിടിയിലേക്ക് ചുവടുവക്കുവാന്‍ ഈ സന്ദര്‍ശനം തടവറമക്കളെ ശക്തിപ്പെടുത്തി. നിരാശയില്‍ നിപതിച്ചിരുന്നവര്‍ ആദ്യമായി പ്രത്യാശയുടെ പൊന്‍കിരണം ദര്‍ശിച്ചു. കുറ്റപ്പെടുത്ത ലുകളും ഒറ്റപ്പെടുത്തലുകളും മാത്രം അനുഭവിച്ചിരുന്നവരിലേക്ക് സെമിനാരിക്കാരുടെ വാക്കുകള്‍ ആശ്വാസത്തിന്റെ പുതു മഴയായി പെയ്തിറങ്ങി. 'പ്രതികള്‍' എന്നും 'ജയില്‍പുള്ളികള്‍' എന്നും വിളിക്കപ്പെട്ടിരുന്നവരെ സഹോദരാ എന്ന് വിളിച്ച് മാറോട് ചേര്‍ക്കുന്ന ഒരു സമൂഹം തടവറയ്ക്കുപുറത്തു കാത്തിരിക്കുന്നുവെന്ന ചിന്ത കണ്ണീരുണങ്ങിയ കണ്ണുകള്‍ ക്ക് പ്രതീക്ഷയുടെ നക്ഷത്ര തിളക്കം നല്കി. ഒത്തിരി വൈദികാര്‍ത്ഥികള്‍ ഈ പുതിയ പ്രാര്‍ത്ഥനാശൈലിയിലേക്ക് ആകൃഷ്ടരായി. തടവറമക്കളുടെ കണ്ണീരൊപ്പാന്‍ അവര്‍ തോളോട് തോള്‍ ചേര്‍ന്നു. തടവറ പ്രേഷിതത്വം ഇടവക സമൂഹങ്ങളിലേക്കും സന്യാസസമൂഹങ്ങളിലേക്കും മറ്റു സെമിനാരികളിലേക്കും പറിച്ചു നടപ്പെട്ടു.

തടവറപ്രേഷിത പ്രവര്‍ത്തനങ്ങളുടെ പ്രസക്തിയും ആവശ്യകതയും തിരിച്ചറിഞ്ഞ കേരള കത്തോലിക്കാ മെത്രാന്‍ സമിതി (KCBC) 1989 സെപ്തംബര്‍ 8-ന് ജീസസ്സ് ഫ്രട്ടേണിറ്റിയെ Justice, Peace and Development Commission ന്റെ കീഴില്‍ അംഗീകരിച്ച്, കോതമംഗലം രൂപതാംഗവും കോട്ടയം സെമിനാരിയിലെ പ്രൊഫസറുമായിരുന്ന ഫാ. ജോസഫ് മക്കോളിലിനെ ജീസസ്സ് ഫ്രട്ടേണിറ്റിയുടെ പ്രഥമ സംസ്ഥാന ഡയറക്ടറായി നിയമിച്ചു. 1990 ജൂണ്‍ 1 ന് പി.ഒ.സിയില്‍ ജീസസ്സ് ഫ്രട്ടേണിറ്റിക്കായി ഒരു ഓഫീസും അനുവദിച്ചു നല്കപ്പെട്ടു.

കുറ്റാരോപിതര്‍ കുറ്റവിമുക്തരായി പ്രഖ്യാപിക്കപ്പെട്ട് പുറത്തിറങ്ങുമ്പോഴും കുറ്റക്കാരായവര്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുമ്പോഴും അവരെ സമൂഹത്തിലേക്ക് പുനരാനയിക്കുവാന്‍ അവര്‍ക്ക് 'ഒരു കൈതാങ്ങ്' ആവശ്യമുണ്ട്. ചിലര്‍ക്ക് സ്വന്തം ഭവനത്തിലേക്ക് തിരികെ പോകുവാന്‍ സാധിക്കാത്ത അവസ്ഥയുണ്ട്; സ്വദേശത്തേക്ക് മടങ്ങിചെന്നാലും അംഗീകരിക്കപ്പെടാത്ത സാഹചര്യവും ഉണ്ട്; അവഗണനയുടെ വിങ്ങല്‍ പലരേയും വീണ്ടും കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് നയിച്ചിട്ടുണ്ട്. ഒരു ദുര്‍ബലനിമിഷത്തില്‍ ചെയ്തുപോയ തെറ്റിനെ പ്രതി ജീവിതം മുഴുവനും ഇരുട്ടിലാക്കപ്പെട്ടു പോകുന്നവരുടെ അവസ്ഥ ദയനീയമാണ്. ചേര്‍ത്തു പിടിക്കേണ്ടവര്‍തന്നെ ആട്ടിയോടിക്കുമ്പോള്‍; ആശ്വസിപ്പിക്കേണ്ടവര്‍ തന്നെ ആക്രോശിക്കുമ്പോള്‍ എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയാണ് ഒരുവന്‍ അനുഭവിക്കുന്നത്. വ്യാജകേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട് തടവറയിലേക്കു തന്നെ വീണ്ടും എത്തിപ്പെടുന്നവരുണ്ട്. ജീവിത സ്വപ്നങ്ങള്‍ക്ക് നിറംപകരാന്‍ ആരും കൂടെയില്ലാതെ വരുമ്പോള്‍ തടവറയുടെ ഇരുളിമ ആശ്വാസമായി കരുതുന്നവരുമുണ്ട്. ഇവരുടെ നിസ്സഹായമായ നിലവിളിക്ക് ദൈവം നല്കിയ പ്രത്യുത്തരമാണ് സ്‌നേഹാശ്രമങ്ങള്‍.

തടവറമക്കളുടെ പുനരധിവാസ കേന്ദ്രങ്ങളാണ് സ്‌നേഹാശ്രമങ്ങള്‍. ജീവിത സായാഹ്നങ്ങളില്‍ എത്തിപ്പെട്ടവര്‍ക്ക് സ്‌നേഹാശ്രമങ്ങള്‍ ഇന്നൊരു ആശ്വാസതീരമാണ്. വഞ്ചിക്കപ്പെട്ടവര്‍ക്ക് ഇതൊരു സ്‌നേഹകൂടാരമാണ്. അവഗണനയുടെ കയ്പ്പുനീര്‍ കാസ മട്ടു വരെയും കുടിച്ചുതീര്‍ത്തവര്‍ക്ക് സ്‌നേഹാശ്രമങ്ങള്‍ സമ്മാനിക്കുന്നത് പരിഗണനയുടെ അമൃതൂട്ടാണ്. ചതിക്കപ്പെട്ട് താളംതെറ്റിയ മനസ്സുകള്‍ക്ക് ശക്തമായ ചുവടോടെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരുവാനുള്ള കരുത്തു പകരുകയാണ് സ്‌നേഹാശ്രമങ്ങള്‍. തകര്‍ന്നുടഞ്ഞു പോയ സ്വപ്നങ്ങള്‍ക്ക് ചിറകുനല്കാന്‍ സ്‌നേഹാശ്രമങ്ങള്‍ അവരെ സഹായിക്കുന്നു.

പ്രിസണ്‍ മിനിസ്ട്രി, ഇന്ത്യ എന്ന പേരിലാണ് ജീസസ്സ് ഫ്രട്ടേണിറ്റി ഇന്ന് മറ്റു സംസ്ഥാനങ്ങളില്‍ അറിയപ്പെടുന്നത്. ഇന്ത്യയില്‍ മൊത്തം ഇരുപത് സ്‌നേഹാശ്രമങ്ങള്‍ ഇതിനകം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. അതില്‍ എട്ടെണ്ണം കേരളത്തിലാണ്. തൃശൂര്‍ ജില്ലയിലെ വെട്ടുകാട് എന്ന സ്ഥലത്താണ് 1991 ഒക്‌ടോബര്‍ 1-ാം തീയതി പുരുഷന്മാര്‍ക്കു വേണ്ടിയുള്ള ആദ്യ സ്‌നേഹാശ്രമം സ്ഥാപിതമായത്. 1992 ഒക്‌ടോബര്‍ 11 ന് തിരുവനന്തപുരം മണ്‍വിളയില്‍ സ്ത്രീകള്‍ക്കുവേണ്ടിയും 1994 ജൂലൈ 3 ന് കാഞ്ഞിര പ്പിള്ളിയിലെ ഇഞ്ചിയാനിയില്‍ കുട്ടികള്‍ക്കുവേണ്ടിയും സ്‌നേഹാശ്രമങ്ങള്‍ സ്ഥാപിക്കപ്പെട്ടു. പ്രാരംഭ പരിശീലനത്തിനു ശേഷം അവരെ രണ്ടാം ഘട്ടം ആശ്രമത്തിലേക്ക് പ്രവേശിപ്പിക്കുവാനാണ് നമ്മള്‍ പരിശ്രമിക്കുന്നത്. ഓരോരുത്തരുടെയും അഭിരുചിയും പഠനയോഗ്യതയും അനുസരിച്ച് അവരെ ജോലി കണ്ടെത്താന്‍ ഈ ഘട്ടത്തില്‍ നമ്മള്‍ സഹായിക്കുന്നു. ജീവിതത്തില്‍ ചിട്ടയായ പരിശീലനം നേടിയശേഷം ധാരാളംപേര്‍ ഇന്ന് സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരാലംബരായ സ്‌നേഹാശ്രമ മക്കളുടെ വിവാഹവും നമ്മള്‍ നടത്തി കൊടുക്കാറുണ്ട്. ഇങ്ങനെ സ്‌നേഹാശ്രമങ്ങളില്‍ നിന്നും കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചവര്‍ ഇന്ന് കേരളത്തിന്റെ പലഭാഗങ്ങളിലു മായി സന്തോഷത്തോടെ കുടുംബസമേതം കഴിയുന്നുണ്ട്. നമ്മുടെ സമൂഹത്തിലെ തന്നെ സുമനസ്സുകളാണ് ഇതിനുവേണ്ട സാമ്പത്തിക സഹായം നല്കിക്കൊണ്ടിരിക്കുന്നത്. അവരെയെല്ലാം ഈ അവസരത്തില്‍ ഏറ്റവും നന്ദിയോടെ ഓര്‍ക്കുന്നു.

മതംമാറ്റം നമ്മുടെ ലക്ഷ്യമല്ല. മനം മാറ്റവും ജീവിത നവീകരണവുമാണ് നമ്മള്‍ ലക്ഷ്യം വയ്ക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org