
രാജിവയ്ക്കാനുണ്ടായ സാഹചര്യം വിശദീകരിച്ചുകൊണ്ട് ആര്‍ച്ചുബിഷപ് മാര്‍ ആന്റണി കരിയില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികള്‍ക്കും വൈദികര്‍ക്കും സന്യസ്തര്‍ക്കുമായി നല്കിയ കത്തിലെ പ്രസക്തഭാഗങ്ങള്‍....
ഭൂമിയിടപാടില്‍ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് നഷ്ടം വരുത്തിയവര്‍ക്കെതിരെ സിവില്‍ കോടതികളില്‍ അതിരൂപത നേരിട്ട് കേസ് കൊടുക്കണമെന്ന് നിയമോപദേശം ലഭിച്ചിട്ടും നിരവധി വൈദികരും അല്മായരും ഇക്കാര്യം ആവശ്യപ്പെട്ടിട്ടും വിഷയം സഭയ്ക്കുള്ളില്‍ തന്നെ പരിഹരിക്കാനാണ് താന്‍ പരിശ്രമിച്ചതെന്ന് അതിരൂപത മുന്‍ മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ്പ് ആന്റണി കരിയില്‍ പറഞ്ഞു. ഇതു സംബന്ധിച്ച് അതിരൂപത ഫിനാന്‍സ് കൗണ്‍സിലിലെയും ആലോചന സമിതിയിലെയും അംഗങ്ങള്‍ സഭയുടെ ഉന്നത കോടതികളില്‍ ഒന്നായ അപ്പസ്‌തോലിക് സിഞ്ഞത്തൂരയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നാണ് താന്‍ അറിയുന്നത്. കുര്‍ബാന രീതി സംബന്ധിച്ചും ഒരു അപ്പീല്‍ അപ്പസ്‌തോലിക് സിഞ്ഞത്തൂരയില്‍ നിലവിലുണ്ട്. ഈ അപേക്ഷകളിന്മേല്‍ ഇതുവരെ തീര്‍പ്പു കല്‍പ്പിച്ചിട്ടില്ല. ഈ പശ്ചാത്തലമിരിക്കെയാണ് മെത്രാപ്പോലീത്തന്‍ വികാരി സ്ഥാനം രാജിവെയ്ക്കണമെന്നും അതിരൂപതയ്ക്ക് പുറത്തുള്ള ഏതെങ്കിലും സിഎംഐ ആശ്രമത്തില്‍ താമസിക്കണം എന്നും തന്നോട് നിര്‍ദ്ദേശിച്ചതെന്ന് ആര്‍ച്ച്ബിഷപ് കരിയില്‍ സൂചിപ്പിക്കുന്നു. അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി സ്ഥാനം രാജി വയ്ക്കാനിടയായ സാഹചര്യം വിശദീകരിച്ചുകൊണ്ട് അതിരൂപതാംഗങ്ങള്‍ക്ക് എഴുതിയ തുറന്നകത്തില്‍, ഈ ചുമതല ഏറ്റെടുക്കാന്‍ താന്‍ വിസമ്മതം പ്രകടിപ്പിച്ചിരുന്നുവെന്നും ആര്‍ച്ചുബിഷപ് വെളിപ്പെടുത്തി. സിനഡ് പിതാക്കന്മാര്‍ എല്ലാവരും കൂടെയുണ്ടാകുമെന്ന് ഉറപ്പുതന്നത് കൊണ്ടാണ് ഈ ചുമതല ഏറ്റെടുക്കാന്‍ തയ്യാറായതെന്നും കത്തില്‍ ആര്‍ച്ച് ബിഷപ്പ് എഴുതി. കത്തിലെ പ്രസക്തഭാഗങ്ങള്‍:
''ഭൂമി വില്പന വിവാദം മൂലം അതിരൂപത ഏറെ വിഷമിച്ച സാഹചര്യത്തിലാണ് വിശുദ്ധ കുര്‍ബാന അര്‍പ്പണ രീതി സംബന്ധിച്ച തീരുമാനം സീറോ മലബാര്‍ സിനഡ് നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
2020 ആഗസ്റ്റ് മാസത്തില്‍ നടന്ന സീറോ മലബാര്‍ സിനഡില്‍ 1999-ലെ 50:50 ഫോര്‍മുല തീരുമാനം പുന:രുജീവിപ്പിച്ചതോടെ ആരാധനാക്രമ സംബന്ധമായ പുതിയൊരു പ്രതിസന്ധി സഭയില്‍ ഉടലെടുത്തു. ഈ തീരുമാനം 50 വര്‍ഷത്തിലധികമായി പൂര്‍ണമായും ജനാഭിമുഖ ബലിയര്‍പ്പണം നടത്തി പോരുന്ന അതിരൂപതയിലെ വൈദികര്‍ക്കും വിശ്വാസികള്‍ക്കും വലിയ ആത്മസംഘര്‍ഷത്തിനും തദ്വാര അപ്രതീക്ഷിത അജപാലന പ്രശ്‌നങ്ങള്‍ക്കും കാരണമായി. വിശ്വാസത്തെയും സന്മാര്‍ഗ്ഗത്തെ ബാധിക്കാത്തതും കുര്‍ബാനയിലെ ഒരു ആചാരത്തെ മാത്രം സംബന്ധിക്കുന്നതുമായ വിഷയമായതുകൊണ്ടും ഇപ്പോള്‍ തന്നെ കുര്‍ബാനയില്‍ വൈവിധ്യങ്ങള്‍ ഉള്ളതുകൊണ്ടും കുര്‍ബാനയുടെ ഒരു ഭാഗം അള്‍ത്താരാഭിമുഖമായി ചൊല്ലണമെന്ന സിനഡിന്റെ തീരുമാനം പുനഃ പരിശോധിക്കും എന്നാണ് പൊതുവേ കരുതിയിരുന്നത്. എന്നാല്‍ അത് സംഭവിക്കാതിരിക്കുകയും പ്രശ്‌നം രൂക്ഷമാകുകയും സഭയില്‍ നിലനിന്നിരുന്ന ശാന്തിയും ഐക്യവും നല്ലൊരു പരിധിവരെ ശിഥിലമാവുകയും ചെയ്തു.
ഈ വിഷയത്തില്‍ അതിരൂപതയുടെ നിലപാട് വ്യക്തമായി അറിയാവുന്ന ഞാനും ചില പിതാക്കന്മാരും കുര്‍ബാന അര്‍പ്പണ രീതി സംബന്ധിച്ച തീരുമാനം നടപ്പിലാക്കാന്‍ അനുയോജ്യമായ സമയം ഇതല്ലെന്നു സിനഡില്‍ ശക്തമായി പറഞ്ഞതാണ്. കൂടാതെ അതിരൂപതയിലെ ബഹുഭൂരിപക്ഷം വൈദികരും ഇക്കാര്യം രേഖാമൂലം സിനഡു പിതാക്കന്മാരെ അറിയിച്ചതും ആണ്. എന്നാല്‍ സിനഡിലെ ഭൂരിപക്ഷം പിതാക്കന്മാരും ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി ഇവിടെയും നടപ്പിലാക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. സിനഡ് തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറായിരുന്നില്ല. അതുകൊണ്ടാണ് കാനോന്‍ നിയമത്തിലെ 1538-ാം വകുപ്പു പ്രകാരം തീരുമാനത്തില്‍ നിന്ന് അതിരൂപതയില്‍ ഒഴിവ് നല്‍കാന്‍ ഞാന്‍ തീരുമാനിച്ചത്. മാര്‍പാപ്പയുടെയും ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ പ്രിഫെക്റ്റിന്റെയും അനുവാദത്തോടെയാണ് ഇപ്രകാരം ചെയ്തത്. എന്നാല്‍ ഒഴിവു കൊടുത്തതില്‍ ചില സാങ്കേതിക പോരായ്മകള്‍ ഉണ്ടെന്നു പറഞ്ഞ് എന്റെ തീരുമാനം അനുസരണക്കേടായും സിനഡാത്മകതയുടെ ലംഘനമായും വ്യാഖ്യാനിക്കപ്പെട്ടു. തീരുമാനത്തില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ പല ഭാഗത്തുനിന്നും ഉണ്ടായി. തീരുമാനത്തിന്റെ പേരില്‍ കുറ്റക്കാരനായി ചിത്രീകരിക്കപ്പെട്ടു. പല മുന്നറിയിപ്പുകളും ലഭിച്ചു. സ്വാഭാവികമായും എന്റെ മുമ്പില്‍ രണ്ടു വഴികളാണ് ഉണ്ടായിരുന്നത്. ഒന്നുകില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി നല്‍കിയ ഒഴിവില്‍ നിന്ന് പിന്മാറുക. അല്ലെങ്കില്‍ അതിരൂപതയുടെ നന്മയും അജപാലന ആഭി മുഖ്യങ്ങളും ദൈവജനത്തിന്റെ ആത്മരക്ഷയും മുന്‍നിര്‍ത്തി ഒഴിവ് താല്‍ക്കാലികമായി തുടരുക. രണ്ടാമത്തെ മാര്‍ഗം സ്വീകരിക്കാനാണ് ഞാന്‍ തീരുമാനിച്ചത്. അത് വ്യക്തിപരമായ നേട്ടത്തിനു വേണ്ടിയോ അധികാരികളോടുള്ള വിധേയത്വ കുറവ് കൊണ്ടോ മെത്രാന്‍ സംഘത്തിന്റെ കൂട്ടായ്മക്കെതിരെയോ ആയിരുന്നില്ല. എന്റെ മനസ്സാക്ഷിയും അജപാലകന്‍ എന്ന നിലയില്‍ ദൈവജനത്തിന്റെ ആത്മീയ നന്മയും പരിഗണിച്ചുകൊണ്ടായിരുന്നു.''
2020 ആഗസ്റ്റിലെ സിനഡ് ഏകീകൃതകുര്‍ബാനയര്‍പ്പണ രീതി നടപ്പിലാക്കാന്‍ തീരുമാനിച്ചപ്പോള്‍ പരിഗണിക്കാതെ പോയ നടപടിക്രമങ്ങളെപ്പറ്റിയും ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ നല്‍കിയ നിര്‍ദ്ദേശങ്ങളിലെ ചില അപാകതകളെ പറ്റിയും മാര്‍പാപ്പയുടെ 2021 ജൂലൈ മൂന്നിലെ കത്തിലെ വസ്തുതാപരമായ ഒരു തെറ്റിനെ കുറിച്ചും താന്‍ യഥാസമയം അധികാരികളെ അറിയിച്ചിട്ടുള്ളതാണെന്ന് ആര്‍ച്ചുബിഷപ് എഴുതുന്നു. ഇവ സംബന്ധിച്ച് ഒരു റീകോഴ്‌സ് 2022 ജൂലൈ നാലിന് അപ്പസ്‌തോലിക് സിഞ്ഞത്തൂരയിലെ കര്‍ദിനാള്‍ സംഘത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.
ഏകീകൃത ബലിയര്‍പ്പണ രീതി, ഭൂമി കച്ചവടത്തിലെ നഷ്ടപരിഹാരം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ ക്ഷണപ്രകാരം റോമില്‍ പോയത് സംബന്ധിച്ച് വിവരങ്ങളും കത്തില്‍ ആര്‍ച്ചുബിഷപ് പങ്കുവയ്ക്കുന്നുണ്ട്. ''2022 ഈസ്റ്റര്‍ ദിനത്തില്‍ കത്തീഡ്രല്‍ പള്ളിയില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍താനും കത്തീഡ്രല്‍ വികാരിയും സഹകാര്‍മികരായി ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി ഔദ്യോഗികമായി ആരംഭിക്കാം എന്നും അതിനുശേഷം വേണ്ടത്ര ഒരുക്കത്തോടെ 2022 ഡിസംബര്‍ 25-ാം തീയതി മുതല്‍ നടപ്പിലാക്കാമെന്നുള്ള അതിരൂപതയുടെ തീരുമാനത്തെ സിനഡ് തള്ളിക്കളഞ്ഞതും പകരം സമ്മര്‍ദ്ദം ചെലുത്തി തന്നെ കൊണ്ട് ജോയിന്റ് സര്‍ക്കുലറില്‍ ഒപ്പുവെപ്പിച്ചതും ഓശാന ഞായറാഴ്ച വന്‍ പോലീസ് സംരക്ഷണത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ് ബലിയര്‍പ്പിച്ചതും അതിരൂപതയിലെ വൈദികര്‍ക്കും വിശ്വാസികള്‍ക്കും വലിയ വേദനയുളവാക്കിയ പശ്ചാത്തലത്തില്‍ ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി അതിരൂപതയില്‍ നടപ്പിലാക്കുക പ്രയാസമായിരിക്കുമെന്ന്താന്‍ അറിയിച്ചു. നഷ്ടപരിഹാര വിഷയത്തില്‍ എത്രയും വേഗം നീതിപൂര്‍വമായ തീരുമാനം ഉണ്ടാകണമെന്നും ജനാഭിമുഖ കുര്‍ബാന ഒരു ലിറ്റര്‍ജി വേരിയന്റ് ആയി അതിരൂപതയില്‍ അംഗീകരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടു. ഒരു പൊന്തിഫിക്കല്‍ കമ്മീഷനെ നാട്ടിലേക്ക് അയച്ച് വിഷയങ്ങള്‍ വിശദമായി പഠിക്കണമെന്ന നിര്‍ദ്ദേശവും മുന്നോട്ടുവച്ചു. അതിരൂപതയുടെ നിലപാടിനെ സംബന്ധിച്ച് ഒട്ടേറെ തെറ്റായ ധാരണകള്‍ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന് ഉണ്ടായിരുന്നതായി ചര്‍ച്ചകളില്‍ അനുഭവപ്പെട്ടു. അവയെല്ലാം ദൂരീകരിക്കാനും ശ്രമിച്ചു. മാര്‍പാപ്പയെ നേരില്‍കണ്ട് അതിരൂപതയുടെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ അവസരം ഒരുക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറിയോടും ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ പ്രീഫെക്ടിനോടും അഭ്യര്‍ത്ഥിച്ചെങ്കിലും അത് സാധ്യമായില്ല.''
രാജിവെക്കാതിരുന്നാല്‍ ഉണ്ടായേക്കാവുന്ന തുടര്‍നടപടികള്‍ അതിരൂപതയെ കൂടുതല്‍ തളര്‍ത്തുന്നത് ആകുമോ എന്ന് ചിന്തയാണ് രാജിക്ക് സന്നദ്ധനാകാന്‍ തന്നെ പ്രേരിപ്പിച്ചതെന്നു ആര്‍ച്ചുബിഷപ് വിശദീകരിച്ചു. ''എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്ന ദൈവത്തിന് തന്റെ സഹനം അതിരൂപതയുടെ നന്മയ്ക്കായി മാറ്റാന്‍ സാധിക്കും എന്ന ഉറച്ച വിശ്വാസവും തനിക്ക് ഉണ്ടായിരുന്നു. സിനഡിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കല്പന പുറപ്പെടുവിച്ചുകൊണ്ട് വേണമെങ്കില്‍ എന്റെ സ്ഥാനം എനിക്ക് സുരക്ഷിതമാക്കാമായിരുന്നു. സത്യത്തിനും നീതിക്കും വേണ്ടിയുള്ള സഹനം ആത്മാവിന് ആനന്ദം പകരുന്ന അനുഭവമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. എന്റെ മനസ്സാക്ഷിയോടും എന്നെ ഏല്‍പ്പിച്ച ദൈവജനത്തോടും നീതി പുലര്‍ത്തി എന്ന അഭിമാനം എനിക്കുണ്ട്.''
എറണാകുളം-അങ്കമാലി അതിരൂപതയുടെ അതിര്‍ത്തിക്ക് പുറത്തുള്ള ചാലക്കുടി പരിയാരം സിഎംഐ ആശ്രമത്തില്‍ നിന്ന് എഴുതിയ കത്തില്‍, കോവിഡ്കാലത്ത് അതിരൂപത കാഴ്ചവച്ച സഹോദരസേവനത്തിന്റെ മാതൃകകളെ ആര്‍ച്ചുബിഷപ് കരിയില്‍ പ്രത്യേകം ശ്ലാഘിക്കുന്നു.